ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, March 31, 2011

പായസം കിടയ്ക്കയിലാകരുതല്ലോ!

5 comments
സാമ്പാര്‍, അവിയല്‍, കാളന്‍, ഓലന്‍, തോരന്‍, പച്ചടി, കൂട്ടുകറി, കിച്ചടി, നെയ്യും പരിപ്പും, രസം, മോര് , പപ്പടം, നാല് കൂട്ടം ഉപ്പേരി, മാങ്ങാക്കറി, നാരങ്ങാക്കറി, ഇഞ്ചിക്കറി, പഴം, നാല് കൂട്ടം പായസം......
ഞാനിങ്ങനെ ഒരു വലിയ സദ്യയ്ക്ക് മുന്പിലിരിക്കുകയാണ്.....
വിശേഷം ഒന്നും അറിയില്ല....
ആവശ്യമുള്ള സാധനങ്ങളെല്ലാം ചോദിക്കുമ്പോഴേക്കും മുന്‍പില്‍ വരുന്നു.
ആദ്യം നെയ്യും പരിപ്പും കൂട്ടി ഒരല്പം ചോറുണ്ടു. മാങ്ങാക്കറി തൊട്ടുനക്കി.
പിന്നെ സാമ്പാര്‍...ഒരല്പം ഓലന്‍ തൊട്ടുകൂട്ടി. അവിയല്‍ എടുത്തു കഴിച്ചു. ഒരുരുള....
തോരന്‍, പച്ചടി, കിച്ചടി, അച്ചാറുകള്‍ എല്ലാം യഥാവിധി വയറിലെത്തി.
രണ്ടാമതും ചോറ് വരുത്തി. പകുതി കാളന്‍ ചേര്‍ത്ത് കുഴച്ചു..ഉരുട്ടി..കഴിച്ചു. ബാക്കി മാറ്റി വച്ചു.
ദാ വരുന്നു ഗോതമ്പ് പായസം. ചോറ് വശത്തേക്ക് മാറ്റി വച്ചു. ഇലയില്‍ വാങ്ങി. കഴിച്ചു. നാരങ്ങാ അച്ചാര്‍ തൊട്ടു നക്കി. അല്പം പരിപ്പ് പായസം കൂടി വാങ്ങി. പപ്പടം ചേര്‍ത്ത് പൊടിച്ചു. നന്നായി ഉരുട്ടി വയറ്റിലാക്കി..
രണ്ടു തരം കായ, ചേന, ശര്‍ക്കര വരട്ടി എല്ലാം ഓരോ പ്രാവശ്യം എടുത്തു കഴിച്ചു. പഴം പ്രഥമന്‍ വന്നത് ഇലയില്‍ വാങ്ങി പതുക്കെ കൈ കൊണ്ട് വടിച്ചു കഴിച്ചു. ഇതിനിടെ വന്ന പാല്‍പ്പായസം ഗ്ലാസില്‍ വാങ്ങിയത് ഒരല്പം കുടിച്ചു. ഇലയില്‍ കുടിക്കുന്ന സുഖം കിട്ടാഞ്ഞത് കൊണ്ട് ബാക്കിയുള്ള പായസം ഇലയില്‍ ഒഴിച്ചു. പഴം എടുത്ത് ചേര്‍ത്ത് കുഴച്ചു. കൈ കൊണ്ട് തന്നെ വടിച്ച് വടിച്ച് അതും അകത്താക്കി.
ബാക്കിയുള്ള ചോറ് ഇലയുടെ നടുക്കേക്ക് നീക്കി ഒരല്പം മോര് കൈയില്‍ വാങ്ങി കുടിച്ചു. കൈയില്‍ നിന്നും ഓവര്ഫ്ലോ ആയ മോര് കൂട്ടി ബാക്കിയുള്ള ചോറും കഴിച്ചു. ഒരല്പം രസം ഇതുപോലെ കൈയില്‍ വാങ്ങി കുടിച്ചു. സൂപ്പര്‍!
എല്ലാ വിഭവവും ഒന്ന് കൂടി ഓര്‍ത്തു. പാല്‍പായസം തന്നെ ഏറ്റവും അടിപൊളി. ആരാണാവോ പാചകം? എന്തായാലും കാറ്ററിംഗ് സംവിധാനങ്ങള്‍ ആണെങ്കില്‍ ഇങ്ങനെ നന്നാവാന്‍ തരമില്ല. പോട്ടെ. ആരായാലെന്താ...
ഒന്ന് കൂടി വാങ്ങി. ഇത്തവണ ഗ്ലാസില്‍ വാങ്ങാന്‍ നിന്നില്ല. ഇലയില്‍ത്തന്നെ വാങ്ങി. കൈ കൊണ്ട് വടിച്ചു തുടങ്ങി.
രുചി കൂടുതല്‍ കൊണ്ടാകാം കഴിക്കുന്തോറും പിന്നേം കഴിക്കാന്‍ തോന്നുന്നു.
പിന്നേം വാങ്ങി.
കൈ കൊണ്ട് കോരി കുടിക്കാന്‍ തുടങ്ങി....
വയര്‍ നിറഞ്ഞു പൊട്ടാറായി.....പായസം ഒട്ടും മടുപ്പിക്കുന്നില്ല....
വായില്‍ നിറഞ്ഞ പായസം രണ്ടു ചാലുകളായി പുറത്തേക്ക് വന്നു തുടങ്ങി....
കൈയില്‍ കോരിയ പായസം കൈപ്പത്തിയുടെ വശങ്ങളിലൂടെ ഒലിച്ചു തുടങ്ങി....
പറ്റാവുന്നത്ര നക്കിയെടുക്കാന്‍ ശ്രമിച്ചു. വയര്‍ നിറഞ്ഞത്‌ കാരണം നക്കാന്‍ തോന്നുന്നേയില്ല....
കൈയിലൂടെ ഒലിച്ച പായസം കൈമുട്ട് വരെ എത്താറായി....
ഷര്‍ട്ടിന്റെ കൈയില്‍ പായസം ആയാല്‍ അത് ബുദ്ധിമുട്ടാകും....ഒരു തരം ഒട്ടലാണ് പായസത്തിന്..തന്നെയുമല്ല, ഉറുമ്പ്‌ വരാനും സാധ്യതയുണ്ട്...
കഴുകാന്‍ പോകാം എന്ന് വച്ചാല്‍ സദ്യ കഴിയാതെ ഇനി എങ്ങനെ എഴുനേല്‍ക്കും....മാത്രമല്ല സദ്യ ആര് നടത്തിയതാണന്നോ എവിടെയാണ് കൈ കഴുകാന്‍ വെള്ളം വെച്ചിരിക്കുന്നതെന്നോ അറിയില്ല. ചോദിക്കാം എന്ന് വെച്ചാല്‍ പരിചയമുള്ള ആരെയും കാണാനുമില്ല.....വയറാണെങ്കില്‍ പൊട്ടാറായി...എണീക്കാന്‍ പരസഹായം വേണ്ടി വരുമെന്ന് തോന്നുന്നു....
വരുന്നത് വരട്ടെ...ഒരു വശത്ത് കിടക്കാം....അല്ല, ഒരു കട്ടില്‍ തന്നെ വെച്ചിട്ടുണ്ടല്ലോ...കൊള്ളാം...ഉണ്ട് വയ്യാതാവുന്നവര്‍ക്ക് കിടക്കാന്‍ കട്ടില്‍....
പതുക്കെ എണീറ്റ്‌ കട്ടിലില്‍ കിടന്നു. വയര്‍ നിറഞ്ഞിരിക്കുകയല്ലേ...മലര്‍ന്നു തന്നെ കിടന്നു. രണ്ടു കൈയും വിരിച്ചു തന്നെ കിടന്നു......
അല്ല, കൈയിലല്ലേ പായസം ഒലിച്ചിരിക്കുന്നത്? കിടയ്ക്ക വിരിയിലൊക്കെ പായസം ആവില്ലേ...മാത്രമല്ല, കൈ ച്ചിലായിരിക്കുകയല്ലേ....
വളരെ കഷ്ടപ്പെട്ട് എഴുന്നേറ്റ് കട്ടില്‍ ചുവരില്‍ നിന്ന്‍ ഒരല്പം വലിച്ചു നീക്കി. കൈ കട്ടിലിന്റെ പുറത്തേക്ക് തൂക്കിയിട്ടു കമിഴ്‌ന്നു കിടന്നു...
ഉറക്കെയുറക്കെയുള്ള ചിരിയും അട്ടഹാസങ്ങളും കേട്ടാണ് പിന്നെ ഞാനെണീറ്റത്.....
ഹാളില്‍ വെച്ച ടി വിയില്‍ ഏതോ സിനിമ നടക്കുന്നു. നിറച്ചും കാണികള്‍...അച്ചനും അമ്മയും അനിയനും അച്ഛമ്മയും അയല്‍ പക്കക്കാരും എല്ലാവരും ഉണ്ട്. അവരുടെ നടുക്കേയ്ക്ക് നിലത്തിരുന്ന ഞാന്‍ ഉറക്കം തൂങ്ങി എഴുന്നേറ്റു കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കിക്കൊണ്ട് ചുമരിനോടു ചേര്‍ത്തിട്ടിരുന്ന ബെഞ്ച് വലിച്ചിട്ട് കമിഴ്‌ന്നു കിടക്കുകയാണ്. ഒരു കൈ തൂക്കിയിട്ടിട്ടുമുണ്ട് ....
പായസം കിടയ്ക്കയിലാകരുതല്ലോ.......

Wednesday, March 23, 2011

അന്ന....തൂ കബ്‌ ആയാ....

3 comments
ടൂറു പോകുക എന്നത്‌ വിദ്യാര്‍ഥികളുടെ ജന്‍മാവകാശമാണ്‌. ചിലര്‍ വീട്ടിലെ കശുവണ്ടി കട്ടു വിറ്റും റബര്‍ഷീറ്റ്‌ അടിച്ചുമാറ്റിയും മറ്റും അതിനുള്ള വഴി കാണുമ്പോള്‍ ചിലര്‍ വീട്ടില്‍ അന്തസ്സോടെ ചോദിച്ച്‌ വഴി കണ്ടെത്തും.
ഇനി മറ്റു ചിലരുണ്ട്‌. ഇനിയുള്ള പഠിത്തത്തിന്‌ ടൂര്‍ അവശ്യ ഘടകമാണെന്ന് വീട്ടില്‍ ഒരു റൂമര്‍ പരത്തും. ഇനി ഇവനെ ടൂര്‍ വിട്ടില്ലെങ്കില്‍ അതോടെ ഇവന്റെ പഠിത്തം കട്ടപ്പൊകയായെങ്കിലോ എന്നു കരുതി മാതാപിതാക്കള്‍ സമ്മതം മൂളും. ഏതാണ്ട്‌ നൂറു ശതമാനവും അവര്‍ക്കറിയാം ഇവന്‍ നുണ പറഞ്ഞതാണെന്ന്. എങ്കിലും പഠിത്തത്തില്‍ അല്‍പം പോലും കോമ്പ്രമൈസ് പാടില്ലല്ലോ...
പറഞ്ഞ പ്രശ്നങ്ങള്‍ ഒന്നും വീട്ടുകാര്‍ പറയാതിരിക്കാനായി ഞങ്ങള്‍ ഞങ്ങളുടെ ഒരു സാറിനെ സ്വാധീനിച്ച്‌ ഞങ്ങളുടെ ആനുവല്‍ ടൂര്‍ ഒരു സ്റ്റഡി ടൂറാണെന്ന് വീട്ടുകാരെ ധരിപ്പിച്ചു. ഏഴു ദിവസത്തെ ടൂര്‍! അതും ചില കമ്പനികളില്‍ നിന്നുള്ള ക്ഷണ പത്രങ്ങളും സെമിനാറുകളും മറ്റുമായി ആറു ദിവസവും ബോറടി മാറ്റാന്‍ ഒരു ദിവസം ബ്ലാക്ക് തണ്ടറില്‍ കറക്കവും.
പാവങ്ങള്‍!ആറു ദിവസം കമ്പനി വിസിറ്റ്‌ കഴിഞ്ഞു തളര്‍ന്ന് ബ്ലാക്ക് തണ്ടറില്‍ പോയി ആഘോഷിക്കാന്‍ ന്റെ മക്കള്‍ ബാക്കിയുണ്ടാവുമോ ആവോ എന്ന മനോഭാവത്തോടെ മാതാപിതാക്കള്‍ സമ്മതം മൂളി.
സമ്മതം കിട്ടേണ്ട താമസം, ടൂര്‍ ഡെസ്റ്റിനേഷന്‍സ്‌ എല്ലാം മാറി. ഗോവ, മൈസൂര്‍, ബാംഗ്ളൂര്‍, ഊട്ടി, കൊഡൈക്കനാല്‍ തുടങ്ങിയ പുണ്യപ്രദേശങ്ങളിലേക്കായി ടൂര്‍! ഗോവ - രണ്ടു ദിവസം, ബാക്കി എല്ലായിടത്തും ഒരു ദിവസം!
സ്റ്റഡി ടൂറായതു കൊണ്ടാകണം കാശിനൊന്നും വലിയ ബുദ്ധിമുട്ടുണ്ടായില്ല. തികയാത്തത്‌ റബര്‍ ഷീറ്റും കശുവണ്ടിയും നികത്തുകയും ചെയ്തു. പിന്നെയുണ്ടായിരുന്ന ഒരു പ്രശ്നം ഗോവയിലേക്കും മറ്റും പെണ്‍കഥാപാത്രങ്ങളെ എങ്ങനെ കൊണ്ടു പോകും എന്നതായിരുന്നു. (ഇന്നാണെങ്കില്‍ എങ്ങനെയെങ്കിലും കൊണ്ടു പോയേനെ.) അഥവാ ഒരുത്തിയെങ്കിലും വന്നാല്‍ പിന്നെ ഗോവയ്ക്കു പകരം വേളാങ്കണ്ണിയ്ക്കു പോകേണ്ടി വരും. രണ്ടും ബീച്ചു തന്നെയാണല്ലോ...വായില്‍ നോട്ടം, ഉളിഞ്ഞു നോട്ടം, ബൈനോക്കുലറിലെ നോട്ടം, ക്യാമറക്കണ്ണുകളുടെ നോട്ടം എന്നിങ്ങനെ എല്ലാ നോട്ടവും കാന്‍സല്‍ ചെയ്ത്‌ നേരെ നോട്ടം മാത്രം ശീലിക്കേണ്ടതായും വരും.
ടൂര്‍ ലൊക്കേഷന്‍ മാറ്റാനുള്ള ഐഡിയ പറഞ്ഞ ബുദ്ധിമാന്‍ തന്നെ അതിനുമുള്ള വഴി കണ്ടെത്തി. ആകെയുള്ള അഞ്ചു പെണ്‍കുട്ടികളുടെ വീട്ടിലും വിളിച്ച്‌ ടൂറിന്റെ വിവരം പറഞ്ഞതോടൊപ്പം ഭയപ്പെടാനൊന്നുമില്ലെന്നും ഏഴു ദിവസം വീട്ടില്‍ നിന്നകന്നു നില്‍ക്കുകയാണെന്ന തോന്നല്‍ ഇല്ലാത്ത വിധം ഞങ്ങള്‍ "കൂടെയുണ്ടെന്നും" വീട്ടുകാര്‍ക്ക്‌ ഉറപ്പു നല്‍കി. അതോടെ പെണ്‍കുട്ടികള്‍ കൂടെയുണ്ടെന്ന പ്രശ്നവും അവസാനിച്ചു. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ എന്തു ചെയ്യും എന്ന്‌ പരസ്യ പ്രസ്താവന നടത്തി ഞങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു.
പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ ധാരാളം കേട്ടിട്ടുള്ളതിനാല്‍ ഗോവ ഒരു വലിയ സംഭവമായിരുന്നു ഞങ്ങള്‍ക്ക്‌.
അഞ്ജൂനാ, ബാഗാ, കോള്‍വാ, ഡോണാ പോളാ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉള്ള ബീച്ചുകളില്‍ വെള്ളിയാഴ്ച രാത്രിന്ത്രണ്ടര മണിയ്ക്കു ശേഷം കാണിയ്ക്കുന്ന പാതിരാപ്പടങ്ങളില്‍ മാത്രം കണ്ടിട്ടുള്ള തരം നൂലുകനമുള്ള ടൂ പീസ്‌ വസ്ത്രങ്ങള്‍ ധരിച്ച മദാമ്മമാരെ വെറും ഒരു മീറ്റര്‍ മാത്രം അകലത്തില്‍ നേരിട്ടു കാണാന്‍ സാധിച്ച ഞങ്ങള്‍ പറുദീസയെ തൊട്ടടുത്ത്‌ അനുഭവിച്ചറിയുകയായിരുന്നു.
ഞങ്ങള്‍ പത്തിരുപതു പേര്‍ ഏതോ സിനിമയില്‍ ഇന്നസെന്റ് പറയുന്ന പോലെ ആര്‍മാദിച്ചര്‍മ്മാദിച്ചിങ്ങനെ നടക്കുന്ന നേരത്ത്‌ ഞങ്ങളുടെ കൂട്ടത്തില്‍ ഒരുത്തന്‍.....
ഒരു മദാമ്മയെ വളച്ചു!
ഞങ്ങളെല്ലാവരും വെറുതെ വായില്‍ നോക്കി തെക്കുവടക്ക്‌ പൊരിവെയിലത്ത്‌ ബീച്ചിലൂടെ നടക്കുമ്പോള്‍ തനിക്ക്‌ കേട്ടു പരിചയം പോലുമില്ലാത്ത "ഇംഗ്ളീഷ്‌" എന്ന ഭാഷയില്‍ ഇവന്‍ മദാമ്മയോടു സംസാരിക്കുകയായിരുന്നു.
ഒരു മുഴുവന്‍ ദിവസം ഞങ്ങള്‍ വെയില്‍ കൊണ്ട ശേഷം റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഇവന്‍ കണ്ടെത്തിയ ആ രഹസ്യം ഞങ്ങളോടു പറഞ്ഞു.
"അന്ന എന്നാണ്‌ അവളുടെ പേര്‌"
"ജര്‍മനിയാണ്‌ നാട്‌"
"നീ എങ്ങനെയാടാ അവളോടു സംസാരിക്കുന്നത്‌?"
"ഇംഗ്ളീഷില്‍!"
ഞങ്ങള്‍ ഞെട്ടി!
ഗോവയിലെ ഞങ്ങളുടെ ടൂര്‍ തീരാറായി. നിയന്ത്രണങ്ങള്‍ വളരെ കുറവുള്ള വാസ്കോ ബീച്ചിലും കൂടെ കറങ്ങി തിരിച്ചു പോകാം എന്ന് ഞങ്ങള്‍ തീരുമാനിക്കുമ്പോള്‍ നിറകണ്ണുകളോടെ അന്നയോടു യാത്ര പറയുകയായിരുന്നു ലവന്‍.....
വാസ്കോ ബീച്ചിലെ സായാഹ്നം തകര്‍പ്പനായിരുന്നു.
നേരത്തെ കണ്ടത്‌ വെറും കാതു കുത്തായിരുന്നെങ്കില്‍ കടുക്കനിടല്‍ ചടങ്ങായിരുന്നു വാസ്കോയില്‍. കടലിലെ ഓരോ നിമിഷവും വിദേശികളുടെയും സ്വദേശി-വിദേശികളുടെയും നടുവില്‍ തനി മലയാളികളായി ഞങ്ങള്‍ ചിലവഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടെ കടലില്‍ ഒന്നു മുങ്ങാം കുഴിയിട്ടു പൊങ്ങിയ നമ്മുടെ പ്രേമകുട്ടപ്പന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആര്‍ത്തുല്ലസിച്ച്‌ വെള്ളത്തില്‍ തിമിര്‍ക്കുന്ന വിദേശിക്കൂട്ടങ്ങള്‍ക്കിടയില്‍ ദാ നില്‍ക്കുന്നു.... അന്ന!
ഇവനെ കണ്ടതും അന്ന നടന്ന്‌ അരികിലെത്തി.
ആദ്യത്തെ ഞെട്ടലില്‍ നിന്ന്‌ മോചിതനായതോടെ ശുദ്ധമായ "ഇംഗ്ളീഷില്‍" കക്ഷി ചോദിച്ചു.
"അന്ന....തൂ കബ്‌ ആയാ.... "

Tuesday, March 15, 2011

ഇന്‍ജക്ഷന്‍!

0 comments

ആ...........അമ്മേ......
റോയിയുടെ ഭീകര നിലവിളി സ്കൂളിനെ പ്രകമ്പനം കൊള്ളിച്ചു.
ടീച്ചറന്‍മാരും സാറന്‍മാരും പാഞ്ഞെത്തി. രംഗ നിരീക്ഷണം നടത്തി. ചോര കിനിഞ്ഞു നില്‍ക്കുന്ന തുടയുമായി കാല്‍ അമര്‍ത്തിപ്പിടിച്ച്‌ റോയി നിലത്തിരിക്കുകയാണ്‌. കൈയില്‍ നിവര്‍ത്തിപ്പിടിച്ച ഒരു കോമ്പസ്സുമായി ജോസൂട്ടന്‍!
ആറാം ക്ലാസിലെ ഒരു സംഘട്ടന രംഗമാണ്‌.
രാവിലെ പത്രം വില്‍ക്കാന്‍ പോയും അയലത്തെ വീട്ടിലേക്ക്‌ പച്ചക്കറി പലവ്യഞ്ജനം വാങ്ങിക്കൊടുത്ത കമ്മീഷന്‍ ഇനത്തിലും സ്വരൂപിച്ച ചെറിയ തുകകള്‍ കൂട്ടിവെച്ച്‌ ജോസൂട്ടന്‍ വാങ്ങി ഉപയോഗിച്ചു വരുന്ന പെന്‍സില്‍ റോയി കുത്തിയൊടിച്ചു കളഞ്ഞിരിക്കുന്നു.
പെന്‍സില്‍ പോയതിനേക്കാള്‍ അസഹ്യമായത്‌ ഒടിഞ്ഞ പെന്‍സില്‍ കൈയില്‍ വെച്ച്‌ സങ്കടപ്പെട്ടിരിക്കുന്ന ജോസൂട്ടനെ റോയി കളിയാക്കിയപ്പോഴാണ്‌. ഒട്ടും താമസിച്ചില്ല. ആ പെന്‍സില്‍ ഘടിപ്പിക്കാനായി കൈയിലെടുത്ത കോമ്പസ്സ്‌ പുള്ളി പ്രയോഗിച്ചു.റെസ്ളിങ്ങില്‍ സാധാരണ കേട്ടുവന്നിട്ടുള്ള യാതൊരു നിയമവും പാലിച്ചില്ല. അരയ്ക്കു താഴെ തുടയില്‍ തന്നെ ആഞ്ഞു കുത്തി.
കുറ്റം പറയരുതല്ലോ കോമ്പസ്സിന്‍റെ മുനയുള്ള ഭാഗം മുഴുവന്‍ കയറി.
അമ്പമ്പട യോഗ്യന്‍ (സ്കൂളിലെ ഡ്രില്‍സാറ്‍ [മലപ്പുറം ഹാജി മഹാനായ ജോജിയിലെ ജഗതിയുടെ കഥാപാത്രം പറയുന്ന പോലെ, "ഞാന്‍ ഡ്രില്യാര്‍ - ഈ സ്കൂളിലെ അലിമാഷാാ.."]) ഒരു മുരള്‍ച്ചയോടെ ഇടത്തേ കൈയില്‍ ജോസൂട്ടനെ തൂക്കിയെടുത്തു.വലത്തേ കൈയില്‍ ജോസൂട്ടന്‍റെ അത്ര തന്നെ നീളമുള്ള ഒരു ചൂരലും ഏടുത്തു. പിന്നെ ഒന്നു രണ്ടു തവണ അത്‌ വായുവില്‍ ചുഴറ്റി.
റോയിയുടെ കരച്ചില്‍ നിന്നു.
ജോസൂട്ടന്‍റെ അലര്‍ച്ച തുടങ്ങി.
ഞങ്ങള്‍ ഇതെല്ലാം കണ്ടു നിന്നു.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു. ഒരു ദിവസം ഉച്ചയ്ക്ക്‌ പൊതിച്ചോറും മറ്റും കഴിച്ച്‌ ഗ്രൌണ്ടില്‍ പൊരിവെയിലത്ത്‌ നാലഞ്ച്‌ റൌണ്ട്‌ ഓടിക്കളിച്ച്‌ വിയറ്‍ത്തുകുളിച്ച്‌ ക്ളാസിലേക്ക്‌ കയറിവന്ന ഞാന്‍ ക്ളാസില്‍ വെറുതെ കുത്തിയിരിക്കുന്ന റോയിയെ കണ്ടു. പുള്ളി ചെറുതായി കുത്തേറ്റ കാല്‍ തടവുന്നുണ്ട്‌.
വേദനയുണ്ടോടാ...
ചെറുതായിട്ട്‌....
ജോസൂട്ടന്‍ വന്നിട്ടില്ലേ..
വന്നിട്ടുണ്ട്‌...
എന്തു പറഞ്ഞു നീ..
ഒന്നും പറഞ്ഞില്ല.
സംഭാഷണം ഇത്ര വരെയായപ്പോള്‍ എണ്റ്റെ ചിന്ത കാടുകയറി. ഒരുഗ്രന്‍ അവസരം എന്‍റെ മുന്‍പില്‍ തെളിഞ്ഞു. ഞാന്‍ മെല്ലെ ഒന്നു ചിരിച്ച്‌ റോയിയോടു പറഞ്ഞു.
നീ പോയിസണ്‍ ഇഞ്ജക്ഷന്‍ എടുത്തോ?
ഇല്ല. എനിക്കു പേടിയാ....
ഏയ്‌..അതു പറ്റില്ല ഇഞ്ജക്ഷന്‍ എന്തായാലും എടുക്കണം.
സാരമില്ലാന്നാ അന്നു ഡോക്ടറെ കണ്ടപ്പോ പറഞ്ഞെ.
എന്നു നീ ജോസൂട്ടനോടു പറഞ്ഞോ?
ഇല്ല.
എന്നാ നീ ഇഞ്ജക്ഷന്‍ എടുക്കാനാ ഡോക്ടറ്‍ പറഞ്ഞത്‌ എന്ന് ജോസൂട്ടനോടു പറയണം...
എന്തിനാ...
നീ പറ.. ഇഞ്ജക്ഷന്‍ എടുക്കാന്‍ പതിനഞ്ചു രൂപ വേണമെന്നും പറയണം. (ക്ഷമിക്കണം. പതിനഞ്ചു രൂപ അന്ന് ഇന്നത്തെ അഞ്ഞൂറു രൂപയുടെ വിലയുണ്ട്‌).
എന്നിട്ടോ?

അവന്‍ തരും. നമുക്ക്‌ അടിച്ചു പൊളിക്കാടാ...
എന്‍റെ ഐഡിയ കൊള്ളാം എന്ന് റോയിക്ക്‌ തോന്നി. അവന്‍ കൈയോടെ ജോസൂട്ടനെ കണ്ട്‌ കാര്യം പറഞ്ഞു. പക്ഷെ ചെറിയ ഒരു പാളിച്ച പറ്റി.
കൈയിലിരിക്കുന്ന കാശ്‌ കഷ്ടപ്പെട്ടുണ്ടാക്കിയതു കൊണ്ടാകണം ജോസൂട്ടന്‍റെ മറുപടി ഇങ്ങനെയായിരുന്നു. "ശരി. നീ വാ...ഏതാശുപത്രിയിലാ പോകണ്ടെ...ഇഞ്ജക്ഷന്‍ ഞാന്‍ എടുത്തു തരാം.... "

Friday, March 4, 2011

ഫ്രെഷ്ഷു വരുമ്പ...പ്പറയാട്ടാ....

0 comments
ഓഫീസിനു തൊട്ടടുത്ത ചായക്കടയിലെ ചേട്ടനാണ്‌ കഥാപാത്രം. എല്ലാ കാര്യങ്ങളിലും കണ്‍ഫ്യൂഷന്‍ എന്നതാണെന്നു തോന്നുന്നു പുള്ളിക്കാരന്‍റെ സ്റ്റൈല്‍. പെടപ്പാണെങ്കില്‍ പറയുകയും വേണ്ട. അഞ്ചാറു പേര്‍ ഒരുമിച്ച്‌ ചായ കുടിക്കാന്‍ വന്നാല്‍ അപ്പോ തുടങ്ങും പരവേശം. ഒരു മധുരം കുറച്ചു ചായ, ഒരു വെള്ളം കുറച്ചു ചായ, ഒരു വിത്തൌട്ട്‌, ഒരെണ്ണം ചൂടു കുറച്ച്‌, ഒരെണ്ണം കടുപ്പത്തില്‍...ചേട്ടന്‍റെ കാറ്റു പോകും. അകത്തു പോയി ചായ അടിക്കുന്നവനോട്‌ പറയും. അഞ്ചു ചായ!ഇനി ആരെങ്കിലും സുഖിയന്‍ ചോദിച്ചാല്‍ കൂട്ടിയിട്ടിരിക്കുന്ന സുഖിയനുകളുടെ മുകളില്‍ നിന്നും ഒരെണ്ണം കൈ കൊണ്ടെടുക്കും. മറ്റേ കൈയിലിരിക്കുന്ന ഹാന്‍ഡ്‌ പിക്കറില്‍ പിടിപ്പിക്കും. എന്നിട്ട്‌ സ്പൂണില്‍ നാരങ്ങ വെച്ച്‌ ഓട്ടമത്സരം പോലെ ചോദിച്ചയാളുടെ അടുത്തെത്തും! ആള്‍ കഴിച്ചു തുടങ്ങി എന്നുറപ്പു വരുത്തിയ ശേഷം ഒരു ആത്മഗതം പറയും....."പേരൊക്കെ കൊള്ളാം... ഒരു കല്ലെങ്ങാനുമുണ്ടെങ്കില്‍ തീര്‍ന്നു സുഖം!"
ഒരിക്കല്‍ ഞങ്ങള്‍ കുറച്ചു പേര്‍ ചായ കുടിക്കാന്‍ കക്ഷിയുടെ കടയിലെത്തി. ഓരോ ചായ ഓര്‍ര്‍ ചെയ്തു.
അഞ്ചു ചായ എന്നു കേട്ടപ്പോഴേ ചേട്ടൻ തല മാന്തിപ്പറിച്ച് തുടങ്ങി.
"സാധാ ചായയല്ലേ..."
ചോദ്യം കേട്ടതേ സംഗതി പിടികിട്ടിയ ഓരോരുത്തരും അവരവരുടെ നമ്പറുകൾ ഇറക്കിത്തുടങ്ങി.
"എനിക്ക് വെള്ളം കുറച്ച് മതി."
"എനിക്ക് കടുപ്പത്തിൽ."
"എനിക്ക് ചൂട് കുറച്ച്....."
"ശരി...ശരി....ഇപ്പോ കൊണ്ടു വരാം..."
ഇതിനിടെ ചേട്ടൻ അകത്തു പോയപ്പോൾ ഒരുത്തൻ ഒരു സമൂസ എടുത്തു. ഒരുത്തൻ ഒരു പഴംപൊരിയും.
തിരിച്ചു വന്ന ചേട്ടൻ നോക്കിയപ്പോൾ ഓരോരുത്തരും കൈയിൽ കടികളുമായി ഇരിക്കുന്നു. എന്തൊക്കെ എടുത്തു എന്ന കാല്ക്കുലേഷൻ ഉണ്ടാക്കുമ്പോഴേക്കും ഒരുത്തൻ ഒരു പഴംപൊരി കൂടെ ആവശ്യപ്പെട്ടു.
ചേട്ടൻ കണ്ണാടിപ്പെട്ടിയിൽ നിന്നും പഴംപൊരി എടുത്തു തിരിഞ്ഞു നോക്കുമ്പോഴുണ്ട് ഒരുത്തൻ കൈ എത്തിച്ച് ഒരു പത്തിരി എടുക്കുന്നു.
ആകെ വട്ടായി നില്ക്കുന്ന ചേട്ടനോട് അവന്റെ വക ഒരു ചോദ്യം-തികച്ചും തൃശൂർ ഭാഷയിൽ....
"അയ്...ഇത്.... ഫ്രെഷ്ഷാണാ.....ചേട്ടാ...."
ആകെ കലി കയറിയ ചേട്ടൻ ടോം ആൻഡ് ജെറി കാർട്ടൂണിൽ ജെറിയുടെ കൈയിൽ നിന്നും ഐറ്റംസ് ടോം തട്ടിപ്പറിക്കുന്ന സ്റ്റൈലിൽ പത്തിരി റാഞ്ചിയെടുത്തു. എന്നിട്ട് തനി കൊച്ചി സ്റ്റൈലിൽ മറുപടി കൊടുത്തു.
ഫ്രെഷ്ഷു വരുമ്പ...പ്പറയാട്ടാ....”
 
Copyright © '