ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, August 25, 2013

പെരുംതച്ചൻ

6 comments
നിനക്കൊക്കെ ഒരു ഉപകാരം ചെയ്യാൻ പോയ എന്നെ തല്ലിക്കൊല്ലണം എന്ന് ആരെങ്കിലും പറയുന്ന കേട്ടിട്ടുണ്ടോ?

ഞാൻ കേട്ടിട്ടുണ്ട്

പണ്ട് പഠിച്ചോണ്ടിരുന്നപ്പളത്തെ കഥയാണ്.

തലയിണ മന്ത്രം സിനിമയിലെ ശ്രീനിവാസൻ പറയുന്നതോർമയില്ലേ

ഞാൻ ഈ പോളി ടെക്നിക്കിലൊക്കെ പഠിച്ചതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊക്കെ എനിക്ക് നല്ല നിശ്ചയമാണെന്ന്. ശരിയാ. പോളി ടെക്നിക്കിൽ പഠിച്ചാൽ അങ്ങനെയൊക്കെയുള്ള ചില ഗുണങ്ങളൊക്കെയുണ്ടായിരുന്ന കാലത്ത് പോളി ടെക്നിക്കിൽ പഠിച്ചപ്പളത്തെ കഥ.

അന്നൊക്കെ വർക്ക്  ഷോപ്പ്‌ എന്ന ഒരു സബ്ജക്ട് പഠിക്കാൻ ഉണ്ടായിരുന്നു.

ഇരുമ്പു കൊണ്ടുള്ള മോൾഡുകൾ ഉണ്ടാക്കാൻ പഠിക്കുന്ന ഫൗണ്ട്രി, ചൂളയിൽ ഇരുമ്പു കാച്ചാൻ പഠിക്കുന്ന സ്മിത്തി, ഇരുമ്പു  കടയാൻ  പഠിക്കുന്ന ലെയ്ത്ത്, ഇരുമ്പ്/ അലൂമിനിയം  ഷീറ്റ് കട്ട് ചെയ്ത്  ഓരോന്നൊക്കെ ഉണ്ടാക്കാൻ പഠിക്കുന്ന ഷീറ്റ് മെറ്റൽ  തുടങ്ങിയവ കൂടാതെ വെൽഡിങ്ങ്, കാർപ്പെന്ട്രി  (ആശാരിപ്പണി)  എന്നിവയായിരുന്നു  വർക്ക്  ഷോപ്പിലെ പ്രധാന പരിപാടികൾ.

 ഇതിനൊക്കെ പരീക്ഷയും ഉണ്ടായിരുന്നു.

അങ്ങനെയൊരു പരീക്ഷ നടക്കുകയാണ്.

സാധാരണ പൊതു പരീക്ഷകളിലെപ്പോലെ സ്വന്തം  പോളി ടെക്നിക്കിലെ  ഒരു സാർ കൂടാതെ മറ്റൊരു  പോളി ടെക്നിക്കിലെ മറ്റൊരു സാറും പരീക്ഷയ്ക്ക് ഉണ്ടായിരുന്നു.

 ഞങ്ങൾ  കുറച്ചു പേർക്ക് ആശാരിപ്പണി കിട്ടിയിരിക്കുകയാണ്. എല്ലാവർക്കും   പരീക്ഷാവസ്തുവായ പാഴ്മരത്തിന്റെ തടി തന്നിട്ടുണ്ട്. മുറിയ്ക്കാനുള്ള അറക്കവാൾ, ചിന്തേരിടാനുള്ള ചിസൽ, ഉളികൾ, കൊട്ടുവടികൾ അങ്ങനെ കുറെ ടൂളുകളും തന്നിട്ടുണ്ട്.  ഇതൊന്നും പോരാതെ ഒരു ചിത്രവും.  മരം കൊണ്ടുള്ള ഒരു കുരിശിന്റെ ചിത്രം. പ്രാർഥിക്കാനല്ല.  ആ കുരിശാണ്  ഈ തടി കൊണ്ട് ഉണ്ടാക്കണ്ടത്.

ഞാൻ വൈദ്യൻ കല്പ്പിച്ചത് പോലെ എന്ന മട്ടിൽ   കൊട്ടുവടിയും ഉളിയും മറ്റും പിടിച്ച് നിൽക്കുകയാണ്. ദൈവാധീനത്താൽ എന്റെ വീടിനു ചുറ്റുമുള്ള ആശാരിമാരുടെ വീടുകളിൽ പല തരത്തിലുമുള്ള കുരിശുകൾ ഉണ്ടാക്കുന്നതു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നതു കൊണ്ട് ഈ കുരിശ് അത്ര വലിയ കുരിശായി എനിക്ക് തോന്നിയില്ല.

സംഗതി തുടങ്ങാനുള്ള മണിയടിച്ചതും ഞാൻ തടി പട പടേന്ന് ചിന്തേരിട്ട്  അളവൊപ്പിച്ച്  മുറിച്ച് പൊഴിയുണ്ടാക്കി കുരിശു  രൂപത്തിലാക്കി.

അര മണിക്കൂർ  കഴിഞ്ഞാലേ  ഹാളിന് പുറത്ത് കടക്കാവൂ എന്ന പൊതു തത്വം നിലവിലുള്ളതിനാൽ ഞാൻ കൊട്ടുവടിയും പിടിച്ച്  നിൽക്കുകയാണ്.

പുറമേ നിന്നും വന്ന സാർ ഇവൻ തരക്കേടില്ലല്ലോ  എന്ന മട്ടിലുള്ള ഒരു നോട്ടം അകമേയുള്ള സാർ കാണ്‍കവേ വിട്ടത് ഞാൻ കണ്ടില്ലെന്നും വെച്ചു.

ഇതിനിടെ അകമേയുള്ള സാറിന്റെയും പുറമേ നിന്ന് വന്ന സാറിന്റെയും ശ്രദ്ധ മറ്റൊരുത്തന്റെ നേർക്കായി. 

അവനാകട്ടെ, തടി കൈയിലിരിക്കുന്ന ചിന്തേരുളി ഉപയോഗിച്ച് തള്ളി തള്ളി നശിപ്പിക്കുകയായിരുന്നു. 

ഒറ്റ നോട്ടത്തിൽ തന്നെ ഇവൻ കുരിശിനു പകരം തടിയിൽ ചന്ദ്രക്കലയോ ഓമോ ഉണ്ടാക്കും എന്ന് അകമേയുള്ള സാറിനു തീർച്ചയായി.

അദ്ദേഹം ഒരു മിഴുങ്ങസ്യാ എന്നാ മട്ടിലുള്ള നില്പ്പ് നിൽക്കുന്നതിനിടെ  സാറൻ മാർക്കുള്ള ചായ എത്തി.

"എന്നാ ഒരു ചായ കുടിയ്ക്കാം. അല്ലേ സാറേ..." 

ചോദ്യം  പുറമേ നിന്നും  വന്ന സാറിന്റേതാണ്.

ഒരു ഞെട്ടലോടെ വിനീത ശിഷ്യന്റെ പെർഫോർമൻസ് കണ്ടു നിന്ന സാറിന്റെ മനസ്സില് രണ്ടു ലഡ്ഡു പൊട്ടി.

"ഇല്ല സാറേ ഞാൻ കുടിയ്ക്കുന്നില്ല." 

"എന്നാ ഞാൻ ഒരു ചായ കുടിച്ചേച്ചും വരാം." 

"സാറ് പോയിട്ടു വാ..." 

മറ്റേ സാറ് ചായ കുടിയ്ക്കാൻ പോയതും ഇങ്ങേ സാർ  പറന്നു ചെന്ന് ഇവന്റെ കൈയീന്ന് തടിക്കഷണം കൈക്കലാക്കി.
 
ഒറ്റ നോട്ടത്തിൽ തന്നെ ഇനി പെരുംതച്ചൻ വിചാരിച്ചാലും ഈ തടിക്കഷണത്തിന്റെ കാര്യത്തിൽ  തീരുമാനമായി എന്ന് സാറിനു മനസ്സിലായി.
 
പുള്ളി ഉടനെ ഈ തടി വിദഗ്ധമായി ഒളിപ്പിച്ചു കൊണ്ട് വേറൊരെണ്ണം എടുത്ത് ഓടി എന്റെ സമീപത്തെത്തി.
 
"വേഗം  ചെയ്യടാ...അവൻ വിചാരിച്ചാ ഇനി രക്ഷയില്ല."
 
ഞാൻ  പടം നോക്കി .
 
എന്റെ കുരിശു തന്നെ.
 
ഞാൻ ഉടനെ തന്നെ കുരിശു തട്ടിക്കൂട്ടി. (അത്ര  നന്നാക്കിയില്ല. എനിക്ക് കൂടുതൽ മാർക്ക് കിട്ടണമല്ലോ).
 
സാറിനെ ഏല്പിച്ചു.
 
സാർ വേഗം ശിഷ്യനെ ഏല്പിച്ചു.
 
പിന്നെ പുറമേ നിന്ന് വന്ന സാറിനെ വെയിറ്റു ചെയ്ത് ഡീസന്റായി നിന്നു.
 
ചായയോടൊപ്പം രണ്ടു പഴമ്പൊരിയൊക്കെ തിന്ന് ഏമ്പക്കം വിട്ടു കൊണ്ടു  വന്ന സാർ നോക്കിയപ്പോൾ ദേ കിടക്കുന്നു നല്ല കലക്കൻ രണ്ടു കുരിശുകൾ.
 
കൂടെ ചാരിതാർഥ്യത്തോടെ നില്ക്കുന്ന ഞാനും പിന്നെ നമ്മുടെ പെരുംതച്ചൻ കൂട്ടുകാരനും.
 
സാർ നമ്മുടെ സാറിനെ ഒന്ന് നോക്കി. എനിക്ക് മാർക്കിട്ടു. പത്തിൽ ഒന്പത്.
 
പിന്നെ മറ്റേ കുരിശു കൈയിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. സാറിനെയും നോക്കി.
 
ഒരു നിമിഷം  ചിന്തേരു തള്ളി അലമ്പാക്കിയ ആ തടിക്കഷണം കക്ഷിയ്ക്ക് ഓർമ വന്നു കാണണം.
പിന്നെ കേട്ടത് ഒരലർച്ചയാണ്‍.
 
"ആരാടാ ഇത് ചെയ്തു തന്നത്?"
 
ഒന്പത് മാർക്ക്  പൂജ്യം മാർക്കാവുന്നതും ഞാൻ തോല്ക്കുന്നതും  വീട്ടുകാരുടെ മുൻപിലേക്ക് ചെല്ലുന്നതും  വിഷ്വലൈസ് ചെയ്ത് ഞാൻ വശപ്പെശകായി നിൽക്കുകയാണ്‍.
 
പെരുംതച്ചൻ കൈ ചൂണ്ടി.
 
"ഈ സാറാ ചെയ്തു തന്നത്!"

നിനക്കൊക്കെ ഒരു ഉപകാരം ചെയ്യാൻ പോയ എന്നെ തല്ലിക്കൊല്ലണം എന്ന് പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്ന് ഇറങ്ങി വന്ന ശേഷം ഈ സാർ ആണ്‍ ആദ്യമായി പറഞ്ഞത്.
 
Copyright © '