ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, September 12, 2013

ഗൂഗിള്‍................!

2 comments
 സിബ്ബ്‌ കണ്ടു പിടിച്ചവന്റെ  പിറന്നാളിന്‌ സിബ്ബിന്റെ രൂപത്തിലും ആവിയന്ത്രം കണ്ടു പിടിച്ചവന്റെ പിറന്നാളിന് ആവിയന്ത്രത്തിന്റെ രൂപത്തിലും ഡൂഡിലുകള്‍ സൃഷ്ടിക്കുന്ന ഗൂഗിള്‍ കമ്പനിയുടെ ശ്രദ്ധയ്ക്ക്‌....
നിങ്ങളുടെ പേരില്‍ ഒരാള്‍ കേരളത്തിലുണ്ട്‌! ശ്രീമാന്‍ ഗൂഗിള്‍ രാമകൃഷ്ണപിള്ള!
അതെങ്ങനെ എന്നല്ലേ....
അറിയില്ല എന്നു പറയാന്‍ അറിയില്ല. അതു തന്നെ. ആരെന്തു ചോദിച്ചാലും കക്ഷി ഇരിക്കുകയാണെങ്കില്‍ ഇരിക്കുന്ന കസേരയില്‍ ഒന്നു കൂടി ചാരിയിരിക്കും. നില്‍ക്കുകയാണെങ്കില്‍ എവിടെയെങ്കിലും ഇരിക്കും എന്നിട്ട്‌ ഇരിക്കുന്നയിടത്തില്‍ ഒന്നു കൂടി ചാരിയിരിക്കും.സൈഡൊന്നു ചെരിയും. ഒരു കൈ കൊണ്ട്‌ കസേരയുടെ കൈയില്‍ തിരുമ്മിത്തുടങ്ങും. എന്നിട്ടു പറയും.
"അതായത്‌......

പിന്നെ അറിയാത്ത കാര്യങ്ങളുടെ അറിയാവുന്ന കഥകള്‍ അനര്‍ഗളനിര്‍ഗളം പ്രവഹിക്കും.
മറ്റൊരു സ്വഭാവം കൂടി ആളുടെ കുത്തകയായിട്ടുണ്ട്. ആരെന്തു പറഞ്ഞാലും ആദ്യത്തെ റെസ്പോണ്‍സ് 

" ഹാ. ‌...... "

എന്നായിരിക്കും. അങ്ങനെയല്ല എന്നോ മറ്റോ ആണ് ആൾ ഉദ്ദേശിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തികഞ്ഞ സാംസ്കാരിക നായകനും പൊതുകാര്യ പ്രസക്തനുമൊക്കെയാണ്‌ ശ്രി പിള്ളേച്ചന്‍.ഒറ്റ ചടങ്ങുകളും വിടില്ല. പ്രമാണിക്കാവുന്ന ഒരവസരവും പാഴാക്കുകയുമില്ല.
ഒരിക്കല്‍ ഒരു ചടങ്ങില്‍ കൊണ്ടു പിടിച്ച തിരക്കുകള്‍ക്കിടയില്‍ ഒരു മാന്യദേഹം പിള്ളേച്ചനോട്‌ ഒരു സംശയം ചോദിച്ചു.
"അല്ല, നമ്മള്‍ എല്ലാ വര്‍ഷവും പിറന്നാളുകള്‍ക്ക്‌ അമ്പലത്തില്‍ വഴിപാടുകളും മറ്റും നടത്തുന്നുണ്ടല്ലോ. വീട്ടില്‍ ചടങ്ങുകളും മറ്റും നടത്തുകയും ചെയ്യും. പിന്നെ എന്തിനാ ചെലര്‌ പക്കപ്പിറന്നാളുകള്‍ക്ക്‌ വീട്ടില്‍ സ്പെഷ്യല്‍ ചടങ്ങുകളും വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും മറ്റും നടത്തുന്നത്‌?"
ഒരു കൊടും ചോദ്യം ചോദിച്ച മട്ടിലിരിക്കുന്ന മാന്യദേഹത്തെ ആകെ ഒന്നുഴിഞ്ഞു നോക്കി മനസ്സില്‍ ആയിരം പ്രാവശ്യം ഉരുവിട്ടു കൊണ്ടിരിക്കുന്ന അറിയില്ല എന്ന മന്ത്രത്തെ അടിച്ചമര്‍ത്തി പിള്ളേച്ചന്‍ അടുത്തു കണ്ട ഒരു കസേര വലിച്ച്‌ അതിലിരുന്നു.
"അതായത്‌..... കഴിഞ്ഞ ദിവസം... ഒരു പയ്യന്‍.... ബൈക്കിലിങ്ങനെ സ്പീഡില്‍ ഓടിച്ചു വരണു,"
മാന്യദേഹം മിഴിച്ചിരിക്കുകയാണ്‌. വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും പയ്യനും ബൈക്കും തമ്മിലെന്തു ബന്ധം? അതു ശ്രദ്ധിക്കാതെ കക്ഷി തുടര്‍ന്നു.
"അയാള്‌....എന്റെ അടുത്തെത്തിയപ്പോ ബൈക്കു നിര്‍ത്തി. ഹെല്‍മറ്റിന്റെ ഗ്ളാസു പൊക്കി എന്നോടു ചോദിച്ചു.  ഈ പോണേക്കരയ്ക്കു പോണ വഴിയേതാ... "
(അറിയില്ല.....അറിയില്ല.....അറിയില്ല..... പക്ഷേ മറുപടി പറയാതിരിക്കാന്‍ സാധിക്കില്ല!)
 "ഞാന്‍ നേരെ വലത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിച്ചു.
ഏതോ മരണാവശ്യത്തിനു പോണയാളാണെന്നു തോന്നുന്നു. ഒരു താങ്ക്സ്‌ പോലും പറയാതെ അവന്‍ ഞാന്‍ പറഞ്ഞ വഴിയേ പറപ്പിച്ചു പൊയ്ക്കളഞ്ഞു. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ എനിക്കു സംശയമായി. ശരിക്കും അതാണോ വഴി. ജ്യോഗ്രഫിക്കലി അതു തന്നെയാകാനാണു സാദ്ധ്യത. എങ്കിലും സംശയംതീര്‍ത്തേക്കാം എന്നു കരുതി ഞാന്‍ അടുത്തുള്ള ഒരു പെട്ടിക്കടക്കാരനോടു ചോദിച്ചു.
ഈ പോണേക്കരയ്ക്കുള്ള വഴിയേതാ...
അപ്പോ നേരെ ഓപ്പോസിറ്റുള്ള വഴിയിലേക്ക്‌ അയാള്‍ ചൂണ്ടിക്കാണിച്ചു. "
ഇത്രയുമായപ്പോഴേയ്ക്കും മാന്യദേഹം സഹികെട്ട്‌ ഇടപെട്ടു.
"അല്ല, നമ്മള്‍ പറഞ്ഞു വന്നത്‌ വിളിച്ചു ചൊല്ലിപ്രായശ്ചിത്തം..... "
"ഹാ...പറയട്ടെ... .....അങ്ങനെ ഞാന്‍ കാരണം ഒരാള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുണ്ടായില്ലേ....അതു മൂലം നമുക്ക്‌ ഒരു കുറ്റബോധം ഉണ്ടായില്ലേ...തെറ്റു പറ്റിയില്ലേ...ഇനി നമ്മള്‍ അയാളെ കാണുകയില്ലല്ലോ.... അങ്ങനെയുള്ള അവസരങ്ങളില്‍ നമുക്കു പറ്റിയ തെറ്റുകള്‍ ഏറ്റു പറയാനാണ്‌ എല്ലാ പക്കപ്പിറന്നാളുകളിലും വിളിച്ചു ചൊല്ലി പ്രായശ്ചിത്തം!"

Friday, September 6, 2013

അദ്ധ്യാപക ദിന ആശംസകള്‍....

3 comments

നേഴ്സറി.

ഫോര്‍ട്ട്‌ കൊച്ചി സംസ്‌കൃതി ഭവനിലെ പൂതലിച്ച മരക്കോവണിയിലൂടെ കരഞ്ഞു
കൊണ്ട്‌ അച്ഛനമ്മമാരുടെ കൈ പിടിച്ച്‌ നേഴ്സറിയില്‍ കയറിച്ചെന്ന എന്നെ (അവ്യക്തമായ
ഓര്‍മ മാത്രം) കൈയില്‍ പിടിച്ച്‌ അകത്തേക്കു കൊണ്ടു പോയി അവിനാശിണ്റ്റെയും
ദീപകിണ്റ്റെയും അടുത്ത്‌ കൊണ്ടു പോയിരുത്തി കരയണ്ടാ...ഇവരൊക്കെ നിണ്റ്റെ
കൂട്ടുകാരല്ലേ എന്നു പറഞ്ഞ്‌ എന്നെ സമാധാനിപ്പിച്ച ഗീതടീച്ചര്‍ ഇപ്പോള്‍
എവിടെയാണെന്ന്‌ എനിക്കറിയില്ല. പിന്നീട്‌ അവിടെ നിന്ന്‌ പിരിഞ്ഞ്‌ അച്ഛണ്റ്റെ നാടായ
കൂവപ്പടി ചേരാനല്ലൂറ്‍ ഗവ സ്കൂളില്‍ ചേരുന്നതു വരെയും ഗീതടീച്ചറുടെ
സ്നേഹത്തോടെയുള്ള തലോടലിലെ വാത്സല്യം ഞാന്‍ അനുഭവിച്ചിരുന്നു.

കുന്നുമ്മേല്‍ സ്കൂള്‍

കുന്നുമ്മേല്‍ സ്കൂളില്‍ (ചേരാനല്ലൂറ്‍ ഗവ. സ്കൂള്‍) മടക്കിക്കുത്തിയാല്‍
പോലും നിലത്തിഴയുന്ന പോളിസ്റ്റര്‍ ഡബിള്‍ മുണ്ടുടുത്ത സുരേന്ദ്രന്‍ സാര്‍,
പരുപരുത്ത ശബ്ദമുള്ള രാമചന്ദ്രന്‍ സാര്‍, വെളുത്ത സാരി മാത്രമുടുത്തിരുന്ന സുലോചന
ടീച്ചര്‍, നല്ല സുന്ദരിയായിരുന്ന സ്നേഹം മാത്രം തോന്നിയിരുന്ന ജഗദമ്മ ടീച്ചർ....

നാലിലെത്തിയപ്പോഴായിരുന്നു അയ്യപ്പന്‍ കുട്ടി സാറിണ്റ്റെ രംഗപ്രവേശം.
ഇംഗ്ളീഷും സാമൂഹ്യപാഠവുമായിരുന്നു അയ്യപ്പന്‍ കുട്ടി സാറിണ്റ്റെ വിഷയങ്ങള്‍. നാലാം
ക്ളാസിലായിരുന്നു അക്കാലത്ത്‌ ഇംഗ്ളീഷിണ്റ്റെ ഹരിശ്രീ.. വലിയ മീശ. മയമുള്ള ശരീരം. പുറകോട്ട്‌ എണ്ണ തേച്ച്‌ ചീകി വെച്ച മുടി.

ഉയരം കുറഞ്ഞ അയ്യപ്പന്‍ കുട്ടി സാറിനെ മൂന്നാം ക്ളാസില്‍ വെച്ചു തന്നെ പേടിയോടെയാണ്‌ കണ്ടിരുന്നത്‌. കാരണം അടിയും കണ്ണുരുട്ടും...
അയ്യപ്പന്‍ കുട്ടി സാറിനെ ആദ്യം കണ്ട ദിവസം മറ്റു കുട്ടികളോട്‌ പെരുമാറുന്നതില്‍ നിന്ന്‌ വ്യത്യസ്ഥമായി എന്നോട്‌ ഇച്ചിരി മയത്തില്‍ പെരുമാറുന്നതിണ്റ്റെ കാരണം പിന്നീടാണ്‌ എനിക്ക്‌ മനസ്സിലായത്‌. പണ്ടെപ്പോഴോ പുള്ളിയുടെ കാലില്‍ ഉണ്ടായ ഒരു വലിയ മുറിവ്‌ ഡ്രസ്‌ ചെയ്ത്‌ ആളുടെ വലിയ ഒരു പ്രശ്നം പരിഹരിച്ചത്‌ നഴ്സ്‌ ആയ എണ്റ്റെ അമ്മ ആയിരുന്നത്രേ..
നാലാം ക്ളാസില്‍ പഠിക്കുന്ന മറ്റു കുട്ടികള്‍ സ്കൌട്ടില്‍ ചേര്‍ന്നില്ലെങ്കിലും ഞാന്‍ ചേരണം എന്ന്‌ സ്കൌട്ട്‌ മാസ്റ്റര്‍ കൂടിയായ അയ്യപ്പന്‍ കുട്ടി സാര്‍ ആഗ്രഹിച്ചു. അതിന്‍ പ്രകാരം നാലു മണിയ്ക്ക്‌ ക്ളാസ്‌ കഴിഞ്ഞ ഞാന്‍ സ്കൂളില്‍ ലെഫ്റ്റ്‌ രൈറ്റ്‌ പരിശീലിക്കാനായി
വെയിറ്റു ചെയ്തു. പക്ഷെ സാര്‍ വിചാരിക്കാത്ത ഒരു പ്രശ്നം സംഭവിച്ചു. സ്കൌട്ടില്‍
ചേര്‍ന്ന്‌ ഞാന്‍ വെല്യ സംഭവമാകാന്‍ പോകുന്ന വിവരം വീട്ടില്‍ പറയാതിരുന്നതിനാല്‍
ആറു മണി വരെ എന്നെ നോക്കിയിരുന്ന അച്ഛനമ്മമാരും അന്നത്തെ കൂട്ടു കുടുംബത്തിലെ മറ്റു വെല്യച്ഛന്‍മാര്‍, വെല്ല്യമ്മമാര്‍, അമ്മാവന്‍മാര്‍, അമ്മയിമാര്‍, ചേട്ടന്‍മാര്‍
തുടങ്ങിയവര്‍ പല ഭാഗങ്ങളിലായി എന്നെ അന്വേഷിച്ച്‌ നടക്കേണ്ടതായി വന്നു.

അഞ്ചാം ക്ളാസില്‍ എത്തിയപ്പോളേയ്ക്കും ഹിന്ദി ആരംഭിച്ചു. പട്ടത്തി രാധ ടീച്ചറും. മനോഹരമായ ചുരുണ്ട മുടി. എല്ലാ കാര്യങ്ങള്‍ക്കും ശിവാജി ഗണേശണ്റ്റേതു പോലെയുള്ള ഓവര്‍ എക്സ്പ്രഷന്‍.പിന്നെ ഉറച്ച ശബ്ദത്തില്‍ ഹിന്ദിയില്‍ മാത്രമുള്ള സംസാരവും.

ഹിന്ദിയോടൊപ്പം നാലാം ക്ളാസുവരെ ഔദ്യോഗികമായല്ലാതെ ഞങ്ങള്‍ക്കു ലഭിച്ചിരുന്ന
ഒരാനുകൂല്യം പിരീഡായി രംഗ പ്രവേശം ചെയ്തു. ഡ്രില്‍! കൂടെ ഒരു ടെററും. ജോസഫ്‌ സാര്‍! ആറടി ഉയരം. നല്ല വണ്ണം. വെളുത്ത മീശ, മഞ്ഞ ബജാജ്‌ സ്കൂട്ടര്‍, മഞ്ഞ ഹെല്‍മറ്റ്‌, പിന്നെ സാറിണ്റ്റെ അത്ര തന്നെ നീളമുള്ള ചൂരലും. ഇരട്ടപ്പേരായിരുന്നു പ്രസിദ്ധം. അമ്പമ്പട......... അയ്യോ സോറി!
അഞ്ചാം ക്ളാസില്‍ മറ്റൊന്നു കൂടി തുടക്കം കുറിച്ചു. തയ്യല്‍!
തയ്യല്‍ തങ്കമ്മ സാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്‌ ഒരു ലക്ഷം വെട്ടു കഷണങ്ങള്‍ വീട്ടില്‍ കിട്ടുമായിരുന്നിട്ടും ഒരു ടവല്‍ വലുപ്പത്തിലുള്ള വെളുത്ത ചീട്ടിത്തുണിക്കഷണം ഞാന്‍ വില കൊടുത്തു വാങ്ങി. നൂലും സൂചിയും വാങ്ങി. ഇന്നും എനിക്ക്‌ പൊട്ടിപ്പോയ ഒരു ബട്ടണ്‍ മാറ്റണമെങ്കില്‍ പരസഹായം വേണമെങ്കില്‍ അതിനു കാരണം തയ്യല്‍ തങ്കമ്മ സാറിണ്റ്റെ പഠിപ്പിക്കലിണ്റ്റെ പ്രശ്നമല്ല. മറിച്ച്‌ സ്കൂളില്‍ പഠിപ്പിക്കുന്ന തയ്യല്‍ കൊണ്ട്‌ ഒരു കുന്തവും പഠിക്കാന്‍ പറ്റില്ല എന്നതു തന്നെ.
ആറാം ക്ളാസില്‍ ക്ളാസ്‌ ടീച്ചറായി എത്തിയ മാലതി ടീച്ചറും ഹിന്ദി ടീച്ചറായിരുന്നു. പാമ്പു കടിയേറ്റ്‌ ഒരാഴ്ച ക്ളാസില്‍ പോകാന്‍ കഴിയാതിരുന്ന എന്നെ ക്ളാസ്‌ മിസ്‌ ചെയ്തതിന്‌ ശകാരിച്ച ടീച്ചറോട്‌ പാമ്പു കടിയേറ്റ കഥ കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ക്കുണ്ടായ സംഭ്രമവും നല്ല ഓര്‍മ.
പ്രിയ സുഹൃത്ത്‌ സിജികുമാറിണ്റ്റെ അമ്മ തങ്കമണി ടീച്ചര്‍ (സ്കൂള്‍ കാലഘട്ടത്തില്‍ ഏറ്റവും ആരാധന ടീച്ചറോടായിരുന്നു. കാരണം ടീച്ചറെ ഭര്‍ത്താവ്‌ ബുള്ളറ്റില്‍ കൊണ്ടു വിടും എന്നതു തന്നെ.) സിജി കുമാറിനോട്‌ അക്കാലത്ത്‌ ഭയങ്കര കലിപ്പുമായിരുന്നു. കാരണം
ഇണ്റ്റര്‍വല്‍ സമയത്ത്‌ ടീച്ചര്‍മാര്‍ക്കുള്ള ചായയിലൊരെണ്ണം ഇവന്‍ സ്റ്റാഫ്‌ റൂമില്‍ പോയി കുടിയ്ക്കുമായിരുന്നു.
പില്‍ക്കാലത്ത്‌ ഹംസ എന്ന സുഹൃത്തിണ്റ്റെ തല ഒരു കുഞ്ഞു? കല്ലു കൊണ്ട്‌ എറിഞ്ഞ്‌ പൊട്ടിച്ച ശേഷം ഹംസയുമായുണ്ടാക്കിയ ധാരണ അനുസരിച്ച്‌ കല്ലില്‍ തട്ടി വീണ ഹംസയെ ഫസ്റ്റ്‌ എയ്ഡിനായി ഞാന്‍ ജോസഫ്‌ സാറിണ്റ്റെ മുന്‍പില്‍ കൊണ്ടു പോയി. എന്തൊരു നല്ല പയ്യന്‍! ഇവന്‍ നന്നായി വരും എന്ന മട്ടില്‍ കൂട്ടുകാരനെ രക്ഷിയ്ക്കാന്‍ മുന്‍ കൈ എടുത്ത എന്നെപ്പറ്റി സ്റ്റാഫ്‌ റൂമില്‍ അഭിപ്രായം പറഞ്ഞു കൊണ്ടിരുന്ന ജോസഫ്‌ സാറിണ്റ്റെ മുന്‍പിലേക്ക്‌ ലവന്‍ ലവണ്റ്റെ തലയിലേക്ക്‌ കല്ലു വലിച്ചെറിയുന്ന കണ്ടല്ലോ....എന്ന അറിവുമായി ചെന്ന തങ്കമണി ടീച്ചറോട്‌ ഇന്ന്‌ തെല്ലും പരിഭവമില്ല. അന്നുമില്ല.

സുധീര്‍ എന്ന സുഹൃത്തിനെ ഓര്‍മ വരുന്നു. ടീച്ചറില്ലാത്ത ഒരു പിരീഡില്‍ ക്ളാസില്‍ ഭയങ്കര കോലാഹലം നടക്കേ അപ്പുറത്തെ ക്ളാസില്‍ നിന്നും ഓടിയെത്തി ആരാടാ ഒച്ചയുണ്ടാക്കുന്നേ എന്നു ചോദിച്ച രാധാമണി ടീച്ചര്‍. ആരാടാ ഈ പിരീഡ്‌ എന്ന ടീച്ചറിണ്റ്റെ രണ്ടാമത്തെ ചോദ്യത്തിന്‌ സുധീറിണ്റ്റെ ഉത്തരം പെട്ടെന്നായിരുന്നു. "സുലോചന!"
"ഓഹോ.....നീ ഇവിടെ വാ..." രാധാമണി ടീച്ചര്‍ സുധീറിണ്റ്റെ ചെവിയ്ക്കു പിടിച്ച്‌ "സുലോചന ടീച്ചറാണല്ലേ...ഞാന്‍ കരുതി നിണ്റ്റെ മകളായിരിക്കുമെന്ന്‌..."" എന്ന ആക്രോശത്തോടെ എയറില്‍ ടീച്ചര്‍ വരച്ച ജ്യാമിതീയ രൂപങ്ങള്‍ ഇന്നും ചിരിയുണര്‍ത്തുന്നു.
കര്‍ത്താവു സാര്‍ സാമൂഹ്യ പാഠം പഠിപ്പിച്ചത്‌ ഏഴിലായിരുന്നു.
സാറിനെ ഓര്‍ക്കാന്‍ ഒരു പ്രത്യേക കാര്യം കൂടിയുണ്ട്‌. അക്കാലത്ത്‌ പ്രസംഗ മത്സരത്തിനോ പദ്യം ചൊല്ലലിനോ മറ്റോ (രണ്ടും പിന്നീടു ചെയ്തിട്ടില്ലാത്തതു കൊണ്ട്‌ ഓര്‍മയില്ല) സ്കൂളില്‍ സമ്മാനം കിട്ടിയ എന്നെ ഉപജില്ലാ മത്സരത്തിന്‌ കര്‍ത്താവു സാര്‍ കൊണ്ടു പോകുകയാണ്‌. എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്നെ ഞാന്‍ നിരാശപ്പെടുത്തിയില്ല. ഒരു സമ്മാനവും വാങ്ങാതെ തിരിച്ചു വന്നു. അങ്ങനെ വരുന്ന വഴി വഴിയില്‍ കിടന്ന്‌ എനിക്ക്‌ ഒരു അമ്പതു പൈസ തുട്ട്‌ കിട്ടി. (അന്ന്‌ അത്‌ ഒരു സ്കൂള്‍ കുട്ടിയ്ക്ക്‌ വലിയ തുകയാണ്‌). സാര്‍ കൂടെയുള്ളതു കൊണ്ട്‌ എടുക്കാന്‍ വയ്യ. എന്നാല്‍ അന്‍പതു പൈസ കളയാനും വയ്യ. വഴിയില്‍ കിട്ടിയ പൈസ എടുക്കരുതെന്നാണ്‌ അന്ന്‌ അദ്ധ്യാപകര്‍ പരക്കെ പഠിപ്പിച്ചിരിക്കുന്നത്‌. അഥവാ കിട്ടിയാല്‍ ഉടമസ്ഥനെ കണ്ടു പിടിച്ച്‌ തിരിച്ചേല്‍പിക്കണം.
ഒറ്റയ്ക്കായിരുന്നെങ്കില്‍ ഒരിക്കലും ഉടമസ്ഥനെ കാണാതിരിക്കാനുള്ള വിദ്യയൊക്കെ അന്നേ
എനിക്കറിയാമായിരുന്നു. പക്ഷെ കര്‍ത്താവു സാര്‍ എന്നെ അമ്പരപ്പിച്ചു. തല കൊണ്ട്‌
"മ്‌.... എടുത്തോ" എന്ന മട്ടില്‍ ഒരു ആക്ഷന്‍ കാണിച്ചു.
സ്കൂളില്‍ നിന്ന്‌ പുറത്തിറങ്ങിയ ഞാന്‍ ഒരു സേമിയ ഐസും തേന്‍ നിലാവും വാങ്ങി തിന്നു എന്നാണോര്‍മ.
ഡ്രോയിംഗ്‌ എന്ന സംഭവവും വര്‍ക്ക്‌ എക്സ്പീരിയന്‍സ്‌ എന്ന സംഭവവും ഏഴാം ക്ളാസിലാണ്‌ തുടങ്ങി വെച്ചതെന്നാണോര്‍മ. വര്‍ക്ക്‌ എക്സ്പീരിയന്‍സിണ്റ്റെ ഭാഗമായി ഒരു പാനല്‍ ബോര്‍ഡും പേപ്പര്‍ കൊണ്ടുള്ള കലാസൃഷ്ടികളും മറ്റും ഞങ്ങളെ പഠിപ്പിച്ച അരോഗ
ദൃഢഗാത്രനായ ആ ഗൌരവക്കാരനായ സാറിണ്റ്റെ പേരു മാത്രം ഓര്‍മ കിട്ടുന്നില്ല.

ഡ്രോയിംഗ്‌ പഠിപ്പിക്കാന്‍ അന്നും ഇന്നും ഒരു സാറേയുള്ളൂ....മണി സാര്‍.
പിന്നീടുള്ള എണ്റ്റെ ജീവിതത്തില്‍ കൂടിയും ഇത്ര സ്വാധീനം ചെലുത്തിയ അദ്ധ്യാപകര്‍
വളരെ അപൂര്‍വമായേ ലഭിക്കൂ....
പിന്നേടങ്ങോട്ട്‌ എല്ലാ ക്ളാസുകളിലും സാര്‍ ഇല്ലാത്ത പിരീഡാണെങ്കില്‍ മണിസാര്‍ കയറി വരും. കണക്കും സോഷ്യലും സയന്‍സും ഇംഗ്ളീഷും മലയാളവും എല്ലാം പഠിപ്പിക്കും. ഡ്രോയിങ്ങിണ്റ്റെ പിരീഡില്‍ ഡ്രോയിങ്ങും.
സാറിണ്റ്റെ വര..

ആഹാ.... ദൈവമേ...സാറിന്‌ എണ്റ്റെ കണ്ണു കിട്ടരുതേ.....

ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ എന്നെ അതി മനോഹരമായി കണക്കു പഠിപ്പിച്ച മേരിടീച്ചർമാരെ ഓർക്കാതിരിക്കാൻ വയ്യ. പഴയ പാകിസ്താൻ ക്രിക്കറ്റർ അബ്ദുൽ ഖാദിർ ബൌൾ ചെയ്യാൻ വരുന്നത് പോലെ ചെറിയ ഡിസ്ക്കോ ആക്ഷനുകൾ കാണിച്ചിരുന്ന മേരിടീച്ചരും പിന്നെ കർക്കശക്കാരിയായ മറ്റൊരു മേരി ടീച്ചറും.....അന്നൊക്കെ മുഴുവൻ മാര്ക്കും കണക്കിനു കിട്ടിയുരുന്നു എന്നതാണ് അതിശയം.

എട്ടാം ക്ളാസില്‍ ഹൈസ്കൂളിലായതിണ്റ്റെ അഹങ്കാരം എന്നെ വല്ലാതെ പിടികൂടിയിരുന്നു. കുറേ സുഹൃത്തുക്കള്‍ തൊട്ടടുത്തുള്ള ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക്‌ പോയി. വേറെ ചിലര്‍ മറ്റു സ്കൂളുകളില്‍ നിന്നും ടി സി വാങ്ങി വന്നു. യശശരീരനായ നാരായണ പിള്ള സാര്‍ ആയിരുന്നു ഹെഡ്‌ മാസ്റ്റര്‍.. എന്നും പാണ്റ്റ്‌ ഇട്ടു വന്നിരുന്ന പിള്ള സാര്‍ കൈ രണ്ടും
പാണ്റ്റിണ്റ്റെ പോക്കറ്റില്‍ കയറ്റി വെച്ചായിരുന്നു അസംബ്ളിയെ അഭിമുഖീകരിച്ചിരുന്നത്‌.. ഒരിക്കല്‍ എന്തോ ഒരു വിശേഷത്തിന്‌ വെള്ളമുണ്ട്‌ ഉടുത്തു വന്ന പിള്ള സാര്‍ കൈ രണ്ടും അറിയാതെ പോക്കറ്റില്‍ ഇടാന്‍ ശ്രമിച്ചത്‌ അസംബ്ളിയില്‍ ചിരി പടര്‍ത്തുകയും സാറിണ്റ്റെ മുഖത്തേക്ക്‌ ആ ചിരി പകര്‍ത്തുകയും ചെയ്തത്‌ എണ്റ്റെ മുഖത്ത്‌ ഇപ്പോഴും ചിരി വിടര്‍ത്തുന്നു.
ഒരു സമരത്തിന്‌ അന്നത്തെ ഒരു കുട്ടി നേതാവ്‌ പിള്ളസാറിനെ തല്ലാന്‍ കൈ ഓങ്ങിയത്‌ അന്ന്‌ വിവരക്കേടു കാരണം ചിരിയുണര്‍ത്തിയതിന്‌ സാറിനോട്‌ മാപ്പു ചോദിക്കുന്നു. അതു കണ്ട്‌ പട്ടത്തി രാധ ടീച്ചര്‍ തല കറങ്ങി വീണത്‌ എന്തിനാണെന്ന്‌ മനസ്സിലാക്കാനുള്ള വിവരം ഇല്ലാതിരുന്നതിനും മാപ്പു ചോദിക്കുന്നു.

ഫിസിക്സ്‌ എന്ന കീറാമുട്ടി വിഷയം പഠിപ്പിക്കാന്‍ കാലം തെരഞ്ഞെടുത്തത്‌ അസാമാന്യ പ്രതിഭയായിരുന്ന ഗോപിനാഥന്‍ സാറിനെയായിരുന്നു. ഒരു കൈ പോളിയോ ബാധിച്ച്‌ തളര്‍ന്ന അദ്ദേഹം ആ കൈ കൂടി ഉപയോഗിച്ച്‌ അംബാസഡര്‍ കാര്‍ ഓടിച്ച്‌ സ്കൂളില്‍ വന്നിരുന്നത്‌ മറക്കാന്‍ കഴിയുന്നില്ല. ഞങ്ങളില്‍ ഇലക്ട്രോണിക്സ്‌, ഫിസിക്സ്‌ കൌതുകങ്ങള്‍ നിറച്ച്‌ വിവിധ പരീക്ഷണങ്ങള്‍ നടത്താനും യുറേക്ക, ശാസ്ത്രമേള തുടങ്ങിയ പരിപാടികളില്‍ സ്കൂളിനെ പ്രതിനിധീകരിക്കാന്‍ എന്നെ തെരഞ്ഞെടുത്തേക്കാം എന്ന റിസ്ക്‌ എടുക്കാനും മറ്റും സാര്‍ തയ്യാറായി.
എട്ടിലെ ജ്യോഗ്രഫി പഠിപ്പിച്ച തങ്കപ്പന്‍ സാറിനെ എങ്ങനെ മറക്കാന്‍. ആറടി ഉയരത്തില്‍ ആ ആജാനുബാഹു വലത്തെ കൈ ഉയര്‍ത്തി വായുവില്‍ ചുഴറ്റി ഘന ഗംഭീരമായ ശബ്ദത്തില്‍ "പണ്ട്‌ ഗ്രീസില്‌....." എന്നു പറഞ്ഞ്‌ തുടങ്ങിയിരുന്ന ക്ളാസുകള്‍ ഈയിടെ വീണ്ടും ഓര്‍ക്കാനിടയായി. രൂപയുടെ മൂല്യം ഇങ്ങനെ കുറഞ്ഞാല്‍ ദൈവം തന്നെ നേരിട്ട്‌ ഇടപെട്ട്‌ പണ്ട്‌ ജ്യോഗ്രഫിയില്‍ പറഞ്ഞ പോലെ ഒരു ഫലകങ്ങളുടെ ഡിസ്പ്ളേസ്മണ്റ്റ്‌ ഉണ്ടാക്കി ഇന്‍ഡ്യയെ ചിതറിച്ചുകളയും എന്നു പറഞ്ഞപ്പോഴായിരുന്നു അത്‌..
എട്ടിലായപ്പോഴേയ്ക്കും ഹിന്ദി പഠിപ്പിക്കാന്‍ ഓമനമ്മ ടീച്ചര്‍ എത്തി. വാത്സല്യത്തിണ്റ്റെ ആള്‍രൂപം എന്നു വേണം ആയമ്മയെ വിശേഷിപ്പിക്കാന്‍..വാത്സല്യത്തോടെയുള്ള ചീത്തവിളി അവരാണ്‌ ആദ്യമായി എന്നെ കാണിച്ചു തന്നത്‌. നെ കോ സെ കാ കേ കി മേം പര്‍ എന്ന സൂത്രവാക്യം ഹിന്ദി ക്ളാസുകളിലൂടെ എനിക്ക്‌ ഓമനമ്മ ടീച്ചര്‍ കാണിച്ചു തന്ന അതേ സമയത്ത്‌ ചില വാക്കുകളുടെ ദീര്‍ഘം ഇടത്തും വലത്തും മാറിപ്പോയതിന്‌ നന്നായി ശകാരിക്കുകയും ചെയ്തു. (പില്‍ക്കാലത്ത്‌ എണ്റ്റെ അനിയന്‍ ഇതേ തെറ്റ്‌ ആവര്‍ത്തിച്ചപ്പോള്‍ ചെട്ടണ്റ്റെ അനിയന്‍ കോന്തുക്കുറുപ്പ്‌ എന്നു പറഞ്ഞ്‌ വാത്സല്യത്തോടെ തോളില്‍ തല്ലിയത്‌ അവന്‍ പറഞ്ഞ്‌ എനിക്കറിയാം).
കണക്ക്‌ പഠിപ്പിച്ചത്‌ എട്ടു മുതല്‍ ഒൻപതാം ക്ളാസിണ്റ്റെ ആദ്യ മാസങ്ങള്‍ വരെ ക്ളാസ്‌
ടീച്ചര്‍ ആയിരുന്ന വത്സല ടീച്ചര്‍ ആയിരുന്നു. ഇന്നും കണക്കിന്‌ മണ്ടന്‍ എന്നു തന്നെ
പറയാവുന്ന എന്നെ പത്താം ക്ളാസില്‍ ഏതാണ്‌ മുഴുവന്‍ മാര്‍ക്കും വാങ്ങി പാസാവാന്‍
സഹായിച്ചത്‌ വത്സല ടീച്ചറിണ്റ്റെ അസാമാന്യ പാടവം തന്നെയായിരുന്നു.
ടീച്ചര്‍ എനിക്കു വെച്ച ഒരു പാര ഇത്തരുണത്തില്‍ ഓര്‍ക്കാതെ വയ്യ. അന്നൊക്കെ ലൈബ്രറി എന്നൊരു മുറി സ്കൂളിലുണ്ടായിരുന്നു. അവിടെ നിന്ന്‌ ഒരു ദിവസം ക്ളാസ്‌ ടീച്ചര്‍ ആയ വത്സല ടീച്ചര്‍ ഒരു മുപ്പതു പുസ്തകങ്ങള്‍ കൊണ്ടു വന്നു. എല്ലാവര്‍ക്കും ഓരോ പുസ്തകം കൊടുത്തു. പല പല കഥകള്‍. എന്നിട്ട്‌ വായിച്ചവര്‍ മറ്റുള്ളവരോട്‌ ഷെയര്‍ ചെയ്ത്‌ വായിക്കനം എന്ന്‌ ഒരു ഉപദേശവും. വര്‍ഷാവസാനം പുസ്തകം തിരികെ കൊടുക്കാന്‍ നേരം എല്ലാവരും എല്ലാ പുസ്തകവും വായിച്ചു കഴിഞ്ഞിരുന്നു. ഞാനൊഴികെ. കാരണമെന്താ....എനിക്കു കിട്ടിയ പുസ്തകം! "കണക്കിലെ സൂത്രവാക്യങ്ങള്‍!" ടീച്ചര്‍ നല്ല സ്റ്റുഡണ്റ്റായ എനിക്കു പ്രത്യേകം കരുതി വെച്ചതായിരുന്നു അത്‌..
ഒന്‍പതിലെ മലയാളം പഠിപ്പിച്ച ഒരാള്‍ പ്രത്യേകം ഓര്‍മയിലേക്കു കയറി വരുന്നു. വെളുത്ത വേലപ്പന്‍ സാര്‍ (കറുത്ത ഒരു വേലപ്പന്‍ സാര്‍ ഉണ്ടായിരുന്നിരിക്കണം. എണ്റ്റെ ഓര്‍മയിലില്ല. ) ആയിരുന്നു അത്‌. ഒരു ദിവസം സാര്‍ ക്ളാസില്‍ കയറി വന്നപ്പോള്‍ ആരോ ഉറക്കെ ഒരു കൂവു കൂവി. അന്ന്‌ ആ പിരീഡ്‌ മുഴുവന്‍ ഓരോരുത്തരെയായി വിളിച്ച്‌ സാര്‍ സ്വകാര്യമായി "ആരാണ്‌ ഇന്ന്‌ ഞാന്‍ ക്ളാസില്‍ കയറി വന്നപ്പോ കുറുക്കന്‍ കൂവീത്‌?" എന്നു ചോദിച്ച്‌ ആളെ കണ്ടു പിടിക്കാന്‍ ശ്രമിച്ചു.
ഒൻപതാം ക്ലാസിലെ ക്ലാസ് ടീച്ചർ ലില്ലി ടീച്ചർ ഒരു ഗൌരവക്കാരിയായിരുന്നു. നല്ല സൗന്ദര്യമുണ്ടായിരുന്ന ടീച്ചർ നന്നായി പഠിപ്പിക്കുകയും ചെയ്തിരുന്നു.(അന്നത്തെ ഒരു ഒന്പതാം ക്ലാസുകാരന് എന്താണെന്നു പോലും മനസ്സിലാകാത്ത ഒരു ഇരട്ടപ്പേരും ടീച്ചർക്കുണ്ടായിരുന്നു.)

പത്തിലെ ക്ളാസ്‌ ടീച്ചറായിരുന്ന പിന്നീട്‌ എ ഇ ഓ ആയി റിട്ടയര്‍ ചെയ്ത യശശരീരനായ രാമന്‍ സാര്‍, വെളുത്ത വസ്ത്രം മാത്രം ധരിച്ചെത്തുന്ന ഇന്ദിര ടീച്ചര്‍, സയന്‍സ്‌ പഠിപ്പിച്ച പ്രസന്ന ടീച്ചര്‍, ആനിടീച്ചർ, ബന്ധുവായ ലളിത ടീച്ചര്‍, അമ്മായി കൂടിയായ പില്‍ക്കാല ഹെഡ്‌ മിസ്ട്രസ്‌ അംബിക ടീച്ചര്‍, ഹൈസ്കൂളിലെ ഡ്രില്‍ സാര്‍ യാക്കോബ്‌ സാര്‍, അന്നത്തെ ഹെഡ്‌ മിസ്ട്രസ്‌ ആയിരുന്ന ജാനകിയമ്മ ടീച്ചര്‍, യശശരീരനായ കുരിയാക്കോസ്‌ സാര്‍

ദൈവമേ...ആരെയും വിട്ടു പോയിട്ടില്ലല്ലോ അല്ലേ....

സ്കൂള്‍ ആനുവല്‍ സ്പോര്‍ട്സ്‌ ദിനം മൈക്കിലൂടെ എന്നും വിളിച്ചു പറയുന്നത്‌
കുരിയാക്കോസ്‌ സാര്‍ ആയിരുന്നു.
സാറിണ്റ്റെ "അപ്‌..അപ്‌ " എന്ന പ്രോത്സാഹനം ഇപ്പോഴും കാതില്‍ മുഴങ്ങുന്നില്ലേ... ജീവിതയാത്രയില്‍ എപ്പോഴും പുറകിലൂടെ....

"ഓടടാ...അപ്‌...അപ്‌...അപ്‌...."

ശ്രീ ശങ്കര കോളേജ്‌

എണ്റ്റെ മനസ്സിലേക്ക്‌ എഴുപത്‌ കുട്ടികളുടെ ഇടയില്‍ നിന്ന്‌ പ്ളാറ്റ്ഫോമിലേക്ക്‌ കയറി നില്‍ക്കുന്ന ഉയരം കുറഞ്ഞ പ്രേം നസീറിനെ പ്പോലെ മുടിയും മറ്റും ചീകിയ, അതേ പോലെ തന്നെ സംസാരിക്കുന്ന ഇംഗ്ളീഷ്‌ പഠിപ്പിക്കുന്ന കൃഷ്ണമൂര്‍ത്തി സാര്‍ ആണ്‌ ആദ്യമായി കയറി വരുന്നത്‌. അതോടൊപ്പം കണക്ക്‌ പഠിപ്പിക്കാന്‍ ട്യൂഷന്‌ പോയ അടികള്‍ സാറും. അച്ചടി ഭാഷയായിരുന്നു കൃഷ്ണ മൂര്‍ത്തി സാറിന്‌ എങ്കില്‍ മുറുക്കി ചുവപ്പിച്ച
കണക്കായിരുന്നു അടികള്‍ സാറിന്‌..

ഇംഗ്ളീഷ്‌ ക്ളാസില്‍ പ്രോസ്‌, പോയട്രി, ഡ്രാമ എന്നിങ്ങനെ വിവിധ തരം പുസ്തകങ്ങള്‍ മാറി മറഞ്ഞു. പട്ടിമറ്റത്തു നിന്നു വന്ന മസിലിണ്റ്റെ ആധിക്യം കാരണം ശരീരമാകെ വലിഞ്ഞു മുറുകി നില്‍ക്കുന്ന ബേബി സാര്‍ ഒരു വര്‍ഷം മുഴുവന്‍ "ഡസ്റ്റ്‌ ഓഫ്‌ ദ റോഡ്‌ മൈ ഡിയര്‍...ഡസ്റ്റ്‌ ഓഫ്‌ ദ്‌ റോഡ്‌" എന്ന ഡ്രാമ പുസ്തകത്തിലെ ആദ്യ പാഠത്തിണ്റ്റെ ഒരു വരി മാത്രം വളരെ പരുക്കനായ ശബ്ദത്തില്‍ പഠിപ്പിച്ചു. പക്ഷെ പോയട്രിയുടെ മാധുര്യം മുഴുവന്‍ മനസ്സിലാവാഹിച്ച്‌ പഠിപ്പിച്ച (സത്യം! ഞാന്‍ ആ ടീച്ചറിണ്റ്റെ പേര്‌ മറന്നു പോയി. പക്ഷെ ഒരു രൂപരേഖാ വിദഗ്ധനെപ്പോലെ അവരെ ഞാന്‍ വരച്ചു കാട്ടിത്തരാം...ഇല്ല. ഓര്‍മ വന്നു. ഉഷാദേവി ടീച്ചര്‍)ആ നല്ല ടീച്ചര്‍ "ലാ ബെല്‍ ഡേം സാന്‍സ്‌ മേഴ്സി" എന്ന ഒരു പോയം പഠിപ്പിച്ചത്‌ എങ്ങനെ മറക്കാന്‍...
ബോട്ടണി പഠിപ്പിച്ച (ക്ളിയോം...പിന്നേറ്റ്‌ലി കോമ്പൌണ്ട്‌ ലീഫ്, ഹൈബിസ്കസ്‌, തുടങ്ങി വായില്‍ക്കൊള്ളാത്ത ഒരു പാടു പേരുകള്‍ പഠിപ്പിച്ച) ശാന്താദേവി ടീച്ചറിനെയും മറക്കാനാവില്ല.
ഒരു റാഗിങ്ങിനു വിധേയനാവുന്നതു പോലെ ഓര്‍ഗാനിക്‌ കെമിസ്ട്രിയുടെയും (ചാക്കോ ജോര്‍ജ്‌ സാര്‍) ഫിസിക്കല്‍ കെമിസ്ട്രിയുടെയും (മോഹന ബാബു സാര്‍) ക്ളാസുകളും ആ വിഷയത്തോടുള്ള വെറുപ്പില്ലാതെ ഞാന്‍ ആസ്വദിച്ചു.
ഒരു ട്യൂഷന്‍ സെണ്റ്ററിലെ സാറന്‍മാര്‍ ഇരുന്നു കത്തി വയ്ക്കുന്ന പോലെയുള്ള ഒരു സ്ഥലമായിരുന്നു ഹിന്ദി ഡിപ്പാര്‍ട്മണ്റ്റ്‌. ഭാര്യാ ഭര്‍ത്താക്കന്‍മാരായ ഗോപാലകൃഷ്ണന്‍ സാറും അദ്ദേഹത്തിണ്റ്റെ ഭാര്യയും അടങ്ങുന്ന കുടുംബ കാര്യമായിരുന്നു ഹിന്ദി!.
സുവോളജി പഠിപ്പിച്ച കെ എന്‍ ഗോപാലകൃഷ്ണന്‍ സാറിണ്റ്റെ ചില കമണ്റ്റ്സ്‌ സുവോളജി പഠിക്കാന്‍ അതീവ ഗുണകരമായിരുന്നു എങ്കിലും അങ്ങനെ പറത്തു പറയാന്‍ കൊള്ളാവുന്നവയല്ലാത്തതിനാല്‍ പറയുന്നില്ല. എനിക്ക്‌ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം.
രണ്ടാം വര്‍ഷം ഇംഗ്ളീഷ്‌ പഠിപ്പിച്ച രവീന്ദ്രന്‍ സാര്‍, സുജേഷ്‌ സാര്‍ (ഇന്നത്തെ സ്റ്റേജ്‌ കലാകാരന്‍മാര്‍ സാധാരണ ധരിച്ച്‌ കാണാറുള്ള ഒരുതരം ജുബ്ബയായിരുന്നു കക്ഷിയുടെ അന്നത്തെ ഡ്രസ്‌), ഫിസിക്സിലെ വി എച്‌ നാരായണ സ്വാമി സാര്‍, പിന്നെ എക്കാലത്തെയും പ്രിയങ്കരനായ പില്‍ക്കാല പ്രിന്‍സിപ്പാള്‍ പി എസ്‌ രാമചന്ദ്രന്‍ സാര്‍...(സാര്‍ ഈ ചെറു കുറിപ്പില്‍ ഒതുങ്ങാനുള്ളയാളല്ല)..
അക്കാലത്ത്‌ അഡീഷനല്‍ മാത്സ്‌ എന്ന ഒരു അലമ്പ്‌ പരിപാടി ഏറ്റെടുത്ത്‌ വിജയിപ്പിച്ച എനിയ്ക്ക്‌ ആദ്യ വര്‍ഷം കാലിടറി. പക്ഷെ അത്‌ എന്നെ കണക്ക്‌ പഠിപ്പിച്ച്‌ നന്നാക്കാന്‍ വളരെയധികം കിണഞ്ഞ്‌ പരിശ്രമിച്ച ജി. നാരായണ അയ്യര്‍ എന്ന അതുല്യ പ്രതിഭയുടെ തകരാറായിരുന്നില്ല. ലോകത്ത്‌ കണക്ക്‌ എന്ന വിഷയത്തില്‍ ഒരു പുസ്തകം ഇറങ്ങിയാല്‍ ആദ്യത്തെ നൂറെണ്ണത്തിലൊന്നെങ്കിലും അയച്ചു കിട്ടിയിരുന്ന അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.

എന്തോ... ഞാന്‍ അത്‌ അത്ര മനസ്സിലാക്കിയില്ല.

ഒരു പ്രണാമം മാത്രം അര്‍പ്പിക്കട്ടെ. കൂടെ മാപ്പും.

ഗവ: പോളിടെക്നിക്‌ കൊരട്ടി

ഇംഗ്ളീഷ്‌ പഠിക്കാനായി ഡിപ്ളോമയ്ക്ക്‌ ഒരു പേപ്പര്‍ ഉണ്ടായിരുന്നു. അതു
പഠിപ്പിക്കാന്‍ സ്വയമേവ തയ്യാറായ കുരിയാക്കോസ്‌ സാര്‍ ആയിരുന്നു ഒന്നാം വര്‍ഷ പോളി
ടെക്നിക്കിലെ ഞങ്ങളുടെ ഹീറോ....
പിന്നെ പി വി സി പൈപ്പ്‌ ഇറക്കിയ പോലെ പാണ്റ്റ്‌ ഇട്ട തങ്കപ്പന്‍ സാര്‍. ഞങ്ങള്‍ കളിയാക്കി 11 എന്നു വിളിയ്ക്കുമായിരുന്നു. എഞ്ചിനീയറിംഗ്‌ ഡ്രോയിംഗ്‌ പഠിപ്പിച്ച ഗോപാലകൃഷ്ണന്‍ സാര്‍....., പ്രിന്‍സിപ്പാള്‍ ആയിരുന്ന യശശരീരനായ ബാല സുബ്രമണിയന്‍ സാര്‍....
രണ്ടാം വര്‍ഷം തുടക്കത്തില്‍ സാറന്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. പുതിയതായി തുടങ്ങിയ പോളീ ടെക്നിക്കില്‍ പുതിയ സബ്ജക്ടുകള്‍ പഠിപ്പിക്കാന്‍ ആളെ കിട്ടാനില്ല എന്നതു തന്നെ കാരണം. പിന്നെ ഒരാള്‍ വന്നു. രാജേഷ്‌ സാര്‍. മുന്‍പ്‌ പല ബ്ളോഗുകളിലും എണ്റ്റെ കഥാപാത്രമായതു കൊണ്ട്‌ ഞാന്‍ അധികം പറയുന്നില്ല.

ഒന്നു മാത്രം. സാര്‍... യു വാസ്‌ സിമ്പ്‌ളി ഗ്രേറ്റ്‌!


മൂന്നു വര്‍ഷവും ഞങ്ങളെ ഒരു ദൃഢനിശ്ചയം പോലെ ഇലക്ട്രിക്കല്‍ പഠിപ്പിച്ച സോമന്‍
സാര്‍, ലാബ്‌ നിയന്ത്രിച്ച മൂര്‍ത്തി സാര്‍, താര ടീച്ചര്‍, വന്ദന ടീച്ചര്‍, രഞ്ജിത്‌ സാര്‍, ഗോപകുമാര്‍ സാര്‍... പലരും സാറുമാരായിരുന്നില്ല. കൂട്ടുകാരായിരുന്നു. എല്ലാവരും എണ്റ്റെ കഥാപാത്രങ്ങളുമായിരുന്നു.....

പക്ഷെ മാപ്പു ചോദിക്കണ്ട ഒരാളുണ്ട്‌. ലിസ്സി മാര്‍ഗരറ്റ്‌ ടീച്ചര്‍....

വഴിയില്‍ ന്യൂ ഇയറിണ്റ്റെ ഭാഗമായെന്നോണം പടക്കങ്ങളും ഗുണ്ടുകളും ധാരാളമായി പൊട്ടിച്ചത്‌ തൊട്ടടുത്ത വീട്ടില്‍ ലിസ്സി മാഡം ഉറങ്ങണ്ട എന്നു വിചാരിച്ചു തന്നെയായിരൂന്നു...
അന്നത്തെ കുശുമ്പുകള്‍....

മാപ്പു തരാമെങ്കില്‍.... പ്ളീസ്‌....

ഇന്ന്‌ അദ്ധ്യാപക ദിനത്തില്‍ എനിക്ക്‌ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ പ്രിയങ്കരനായ മുരളിമാമന്‍ (ടി. വി മുരളീധരന്‍, നുസ്രത്തുല്‍ ഇസ്ളാം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മാറമ്പള്ളി) സംസ്ഥാനത്തെ മികച്ച മാതൃകാ അദ്ധ്യാപകനുള്ള അവാര്‍ഡ്‌ ഏറ്റുവാങ്ങിയപ്പോള്‍.... ഞാന്‍ മനസ്സു കൊണ്ട്‌ അദ്ദേഹത്തിനും....എണ്റ്റെ ജീവിതത്തെ മാറ്റി മറിച്ച നല്ലവരായ എണ്റ്റെ എല്ലാ അദ്ധ്യാപകര്‍ക്കും(പേരു പറഞ്ഞവരും
അല്ലാത്തവരും പഠിപ്പിച്ചവരും അല്ലാത്തവരുമായ എല്ലാ അദ്ധ്യാപകര്‍ക്കും)...സ്നേഹം
നിറഞ്ഞ അദ്ധ്യാപക ദിനം ആശംസിക്കുന്നു.

കബീര്‍ തണ്റ്റെ ദോഹയില്‍ പറഞ്ഞതു പോലെ....

ഗുരു ഗോവിന്ദ്‌ ദോവൂം ഖഡേ കാകേ ലഗൂം പായ്‌
ബലിഹാരി ഗുരു അപ്നെ ജിന്‌ ഗോവിന്ദ്‌ ദിയോ ബതായ്‌....

ഗുരുവും ദൈവവും തണ്റ്റെ മുന്‍പില്‍ വന്നു നില്‍ക്കുകയാണെന്നു കരുതുക...എങ്കില്‍ ഞാന്‍ ഗുരുവിനെ നമിക്കും. കാരണം ഗുരു തന്നെയാണ്‌ എനിക്ക്‌ ദൈവത്തിനെ കാണിച്ചു തന്നത്‌.


അദ്ധ്യാപക ദിന ആശംസകള്‍....
 
Copyright © '