ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Wednesday, November 27, 2013

കേക്ക്‌!

1 comments

ക്രിസ്തുമസ്‌ അവധിക്കാലവും പരീക്ഷയും മാത്രമായിരുന്നു കുട്ടിക്കാലത്ത്‌. ക്രിസ്തു അന്നാണു ജനിച്ചത്‌ എന്നും പുല്‍ക്കൂട്ടില്‍ ജനിച്ചു എന്നും ക്രിസ്ത്യാനികള്‍ നക്ഷത്രം തൂക്കും എന്നും പള്ളിയില്‍ പുല്‍ക്കൂടുണ്ടാക്കും എന്നും അറിയാമായിരുന്നു. പിന്നെയുള്ളതെല്ലാം ഊഹങ്ങളായിരുന്നു. ക്രിസ്തു കണ്ടാല്‍ കുടവയറും വെള്ളത്താടിയുമുള്ള ഒരു അപ്പൂപ്പനായിരുന്നു എന്നും അദ്ദേഹത്തിണ്റ്റെ മറ്റൊരു പേര്‌ സാന്താക്ളോസ്‌ എന്നാണെന്നും മറ്റും ഞാന്‍ ഊഹിച്ചു. ക്രിസ്തുമസ്സിനു ജനങ്ങളെ സന്ദര്‍ശിക്കാന്‍ തന്നെ കുരിശിലേറ്റിയവരോട്‌ ക്രിസ്തു പെര്‍മിഷന്‍ വാങ്ങി വെച്ചിരുന്നു എന്നും ഞാന്‍ വിചാരിച്ചു പോന്നു. (വാമനനോട്‌ ഓണത്തിനു പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി പെര്‍മിഷന്‍ വാങ്ങിച്ചു വെച്ചിരുന്ന കാര്യം അന്നേ എനിക്കറിയാമായിരുന്നു. )
ക്രിസ്തുമസ്സിണ്റ്റെ ഏറ്റവും രസകരമായ ആചാരങ്ങളിലൊന്നായ പോത്തിറച്ചി, കോഴി വരട്ടിയത്‌ എന്നിവയും കേക്കും തിന്നാന്‍ ക്രിസ്ത്യാനികള്‍ക്കു മാത്രമേ അധികാരമുള്ളൂ എന്നും ഞാന്‍ വിചാരിച്ചു.
അങ്ങനെയിരിക്കേ ഒരു പ്രാവശ്യം അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തക അവരുടെ കൂടെ ക്രിസ്തുമസ്‌ ആഘോഷിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു. ഒരു പുരാതന നായര്‍ കുടുംബമായ ഞങ്ങള്‍ മദ്യപിക്കുകയോ മാംസാഹാരം കഴിക്കുകയോ ചെയ്തു തുടങ്ങിയിട്ടില്ലാത്ത അക്കാലത്ത്‌ ചങ്ങാതി വിരുന്നിനു ക്ഷണിച്ചത്‌ വലിയ തെറ്റായിപ്പോയതു പോലെയായിരുന്നു എണ്റ്റെ കുടുംബത്തിലെ സദാചാര പൊലീസുകാരുടെ പെരുമാറ്റം. അതുകൊണ്ടു തന്നെ, പോകണ്ട എന്ന്‌ അവര്‍ വിളിച്ചപ്പോ തന്നെ അമ്മയും മറ്റുള്ളവരും തീരുമാനിച്ചിരുന്നു. നല്ല സുന്ദരിയായ കണ്ടാല്‍ ചോ ച്വീറ്റ്‌...എന്നു പറഞ്ഞ്‌ ഒരുമ്മ കൊടുക്കാന്‍ തക്ക തുടുത്ത മുഖമുള്ള ആണ്റ്റിയുടെ വീട്ടില്‍ പോകാനും അവരുടെ പിള്ളേരുടെ കൂടെ കളിക്കാനും കേക്കു തിന്നാനും പറ്റിയാല്‍ സാന്താക്ളോസ്‌ ക്രിസ്തുവിനെ ഒന്നു കാണാനും ഒക്കെ പ്ളാന്‍ ചെയ്തു വെച്ചിരുന്ന എണ്റ്റെ കംപ്ളീറ്റ്‌ കണ്‍ട്രോളും തകര്‍ക്കുന്ന തീരുമാനപ്പോയി അത്‌. തീരുമാനത്തെ എതിര്‍ത്ത്‌ ഞാനിറക്കിയ തുറുപ്പുഗുലാന്‍ വളരെ കടുത്തതായിരുന്നു. കരച്ചില്‍! രണ്ടു ദിവസം ഭക്ഷണം ഒഴിവാക്കിയുള്ള കരച്ചില്‍. അവസാനം നീ എവിടെ വേണമെങ്കിലും പൊയ്ക്കോ..ഭക്ഷണവും മറ്റും കഴിക്കാണ്ടിരുന്നാ മതി എന്ന അച്ഛമ്മയുടെ സമ്മതത്തോടെ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ അമ്മ തീരുമാനിച്ചു.
യാത്രയിലുട നീളം അമ്മയുടെ വക ഉപദേശങ്ങളായിരുന്നു. നമ്മള്‍ ഹിന്ദുക്കളാണ്‌, മാംസാഹാരം കഴിക്കരുത്‌. വലിച്ചു വാരി തിന്നരുത്‌, ഡീസണ്റ്റായിരിക്കണം, അവിടത്തെ പിള്ളേരുടെ കൂടെ കളിക്കാന്‍ പോകരുത്‌, കേക്ക്‌ മുട്ട ചേര്‍ത്താണ്‌ ഉണ്ടാക്കുന്നത്‌. അപ്പോ നോണ്‍ വെജ്‌ ആണ്‌, നമുക്ക്‌ കഴിക്കാമ്പാടില്ല, വല്ല ജ്യൂസുകളോ മറ്റോ തന്നാ മാത്രമേ കഴിക്കാവൂ അങ്ങനെയങ്ങനെ......
അവരുടെ വീട്ടില്‍ കേറിയതേ ആണ്റ്റി വന്ന്‌ എണ്റ്റെ കൈ പിടിച്ച്‌ അമ്മയ്ക്ക്‌ തടുക്കാന്‍ സാധിക്കും മുന്‍പേ തന്നെ അകത്തേയ്ക്കു കൊണ്ടു പോയി. ഒരു പെട്ടി നിറയെ കളര്‍ പെന്‍സില്‍ തന്നു. ഞാന്‍ മേടിച്ചില്ല. തിരിഞ്ഞു നോക്കി. അമ്മ പുറകേ തന്നെയുണ്ട്‌. എന്നെ ഞെട്ടിച്ചത്‌ അതൊന്നുമല്ല, അമ്മയുടെ മുഖത്തതാ ഒരു ചിരി. ചിരിച്ചാ കുഴപ്പമില്ല എന്ന്‌ എനിക്കറിയാം. ഞാന്‍ കൈ നീട്ടി പെന്‍സില്‍ വാങ്ങി. വീണ്ടും തിരിഞ്ഞു നോക്കി. ചിരിയതാ മാഞ്ഞിരിക്കുന്നു. പകരം ഒരു ജാതി മിഴിച്ച കണ്ണുകള്‍! ഞാന്‍ പേടിച്ച്‌ പെന്‍സില്‍ തിരികെ നല്‍കി.
കൂടെ ജോലി ചെയ്യുന്ന ആളായതിനാലാകണം ആണ്റ്റിയ്ക്ക്‌ കാര്യം പെട്ടെന്നു പിടികിട്ടി. അവര്‍ പറഞ്ഞു
"സാരമില്ലെന്നേ മേടിച്ചോ, അമ്മയോടു ഞാന്‍ പറഞ്ഞോളാം...".
എണ്റ്റെ മനസ്സില്‍ വേറെ വിചാരമായിരുന്നു.
"ഹും നിങ്ങള്‍ക്കങ്ങനെയൊക്കെ പറയാം..തല്ലു ഞാന്‍ ഒറ്റയ്ക്കു തന്നെ കൊള്ളണം".
ഒന്നു കൂടി പാളി തിരിഞ്ഞു നോക്കി. ഹെണ്റ്റമ്മേ... വീണ്ടും ചിരി! വരുന്നിടത്തു വെച്ചു കാണാം എന്ന വിചാരത്തോടെ ഞാന്‍ വീണ്ടും പെന്‍സില്‍ വാങ്ങി. തിരിഞ്ഞു നോക്കി. ഭാഗ്യം ചിരി മാഞ്ഞിട്ടില്ല.
അടുത്തതായി ആണ്റ്റിയുടെ മകന്‍ അകത്തു നിന്ന്‌ ഒരു പട്ടവുമായി പുറത്തു വന്നു. പട്ടം കണ്ടതേ എണ്റ്റെ കണ്‍ട്രോള്‍ പോയി. ഇത്ര ഇഷ്ടമുള്ള ഒരു സാധനം വേറെ അന്നുമില്ല ഇന്നുമില്ല. ഇവനൊക്കെ എല്ലാ ഐറ്റംസും മേടിച്ചു കൊടുത്തിരിക്കുകയാണല്ലോ ഭഗവാനേ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി. ചിരി! കുഴപ്പമില്ല. കൈയെത്തിച്ച്‌ പട്ടത്തേല്‍ കൈ വെച്ചു.
"വേണമെങ്കില്‍ മോന്‍ പോയി കളിച്ചോ" ആണ്റ്റിയുടെ വക.
തിരിഞ്ഞു നോക്കി. ഉണ്ടക്കണ്ണുകള്‍! കുപിതഭാവം! പ്രോബ്ളം!
"വേണ്ടാണ്റ്റീ...ഷര്‍ട്ട്‌ കേടാകും... "
"സാരമില്ലെടാ....കേടായാല്‍ വേറെ തരാം... "
തിരിഞ്ഞു നോക്കി. കുപിതഭാവവും ചിരിയും കൂടിക്കുഴഞ്ഞ ഒരു സമ്മിശ്ര ഭാവം...ഞാന്‍ നോക്കുമ്പോള്‍ കടുപ്പം. ആണ്റ്റി നോക്കുമ്പോള്‍ ചിരി.
ഇതിലേതു സ്വീകരിക്കും എന്നറിയാതെ നില്‍ക്കുമ്പോള്‍ ആണ്റ്റിയുടെ മകന്‍ എണ്റ്റെ കൈയില്‍ നിന്നും പട്ടം ഒറ്റ വലി. സത്യമായിട്ടും പട്ടം ചോറുവറ്റു കൊണ്ട്‌ ഒട്ടിച്ചുണ്ടാക്കുന്ന ഒരു സാധനമാണെന്ന്‌ എനിക്കറിയില്ലായിരുന്നു. ഒരു ഘോരശബ്ദത്തില്‍ ചെറുക്കന്‍ കരയുന്ന കണ്ടപ്പോഴാണ്‌ പട്ടം കീറിപ്പറിഞ്ഞെന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്‌.
തിരികെ വീട്ടിലെത്തിയ ശേഷം എനിക്കു ലഭിക്കാന്‍ സാധ്യതയുള്ള പൌര സ്വീകരണം ഓര്‍ത്തപ്പോള്‍ സത്യമായിട്ടും ഞാന്‍ ഒന്നു ഞെട്ടി.
അപ്പോഴെക്കും സുന്ദരി ആണ്റ്റി ഇടപെട്ടു. ചെറുക്കന്‌ ഒരടി.
"നീയെന്തിനാ ഇപ്പോ അതെടുത്തത്‌? നിനക്ക്‌ മഞ്ഞപ്പട്ടം ഒരെണ്ണം കൂടിയില്ലേ... "
ഹോ ആശ്വാസം! ഇഷ്ടം പോലെ പട്ടമുണ്ട്‌.
"സാരമില്ല അവന്‌ വേറെ പട്ടമുണ്ട്‌. മോന്‍ വാ..."
വീണ്ടും ആണ്റ്റി എന്നെ അകത്തേക്കു നയിച്ചു. ഡൈനിംഗ്‌ ഹാളില്‍ ഗ്ളാസില്‍ എടുത്തു വെച്ച ഒരു ഗ്ളാസ്‌ ഓറഞ്ച്‌ ജ്യൂസ്‌ എണ്റ്റെ കൈയില്‍ തന്നു. ഞാന്‍ തിരിഞ്ഞു നോക്കാന്‍ ഒന്നും പോയില്ല. ജ്യൂസു കുടിച്ചോളാന്‍ അനുവാദമുണ്ടല്ലോ...
ഇതിനിടെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട്‌ അമ്മയും ആണ്റ്റിയും അടുക്കളയിലേക്കു നീങ്ങി. ഞാനും കരഞ്ഞു തളര്‍ന്ന ചെറുക്കനും മാത്രം ഹാളിലിരിക്കുകയാണ്‌. ഞാന്‍ അവനെ നോക്കി ഒന്നു ചിരിച്ചു. "പോടാ"എന്നോ മറ്റോ അര്‍ഥം വരത്തക്ക വിധം അവന്‍ ഒരു ആംഗ്യം കാണിച്ചു. അതോടെ ഞാന്‍ വീണ്ടും തനിച്ചായി. ഇതിനിടെ ചെറുക്കന്‍ പോയി ടി വി ഓണ്‍ ചെയ്തു. കൃഷി ദര്‍ശന്‍ എന്നു പറഞ്ഞ ഒരു പരിപാടി വെച്ചു. വലിയ ശ്രദ്ധയില്‍ അതു കാണാന്‍ തുടങ്ങി. ഞാന്‍ ചെറുതായി ഉറക്കം തൂങ്ങാനും തുടങ്ങി.
ഇടയ്ക്കെപ്പോഴോ അമ്മയുടെ ശബ്ദം കേട്ടാണ്‌ ഞാന്‍ ഞെട്ടി ഉണര്‍ന്നത്‌. ചെറുക്കന്‍ ടി വി ഓഫ്‌ ചെയ്തിരിക്കുന്നു. ഞാന്‍ അവരുടെ സെറ്റിയില്‍ ചുരുണ്ട്‌ കിടക്കുകയാണ്‌. ആണ്റ്റിയും അമ്മയും കസേരകളില്‍ ഇരുന്ന്‌ വര്‍ത്തമാനം പറയുന്നുണ്ട്‌.
അവരുടെ മുന്‍പില്‍ ഒരു പ്ളേറ്റില്‍ അതാ ഇരിക്കുന്നു... "കേക്ക്‌!
നിറയെ അണ്ടിപ്പരിപ്പും മുന്തിരിയും തൂകി നന്നായി മൊരിച്ച്‌ അവര്‍ തന്നെ ഉണ്ടാക്കിയ കടും ബ്രൌണ്‍ നിറമുള്ള കേക്ക്‌, പീസുകളാക്കിയിരിക്കുകയാണ്‌. ഘുമുഘുമാ എന്നു മണവും വരുന്നുണ്ട്‌. കൊതി അതിണ്റ്റെ പാരമ്യതയിലെത്തി. പതിയെ ഞാന്‍ കേക്കിനരികത്തേക്കു നീങ്ങി.കൈയെത്തിച്ച്‌ ഒരു കഷണം എടുത്തു.
"ഡാ... "
അയ്യോ....എണ്റ്റെ കൈയില്‍ നിന്നും കേക്ക്‌ പീസ്‌ താഴെ വീണു. അമ്മയാണ്‌.
ഉപദേശം അപ്പോഴാണ്‌ എനിക്കോര്‍മ വന്നത്‌. മുട്ട. കേക്കിണ്റ്റെ ഏറ്റവും വലിയ അസംസ്‌കൃത വസ്തുവാണ്‌ മുട്ട. നോണ്‍ വെജിറ്റേറിയന്‍!
ഞാന്‍ തിരികെ സെറ്റിയിലെത്തി.
വീണ്ടും ആണ്റ്റി. "സാരമില്ലെന്നെ...ഒരു മുട്ടയേ ചേര്‍ത്തിട്ടുള്ളൂ...അവനിഷ്ടമാണെങ്കില്‍ കഴിച്ചോട്ടെ... "
വീണ്ടും ഞാന്‍ കേക്കിനരികിലെത്തി. പ്രതീക്ഷയോടെ കേക്കിലേക്കു നോക്കി. അമ്മയുടെ മുഖത്തേക്കും...വീണ്ടും പഴയ രീതി തന്നെ. ഞാന്‍ നോക്കുമ്പോള്‍ കടുപ്പം...ആണ്റ്റി നോക്കുമ്പോള്‍ ചിരി...
ഇതിനിടെ ഫോണ്‍ ബെല്ലടിച്ചു. ആണ്റ്റി പോയി ഫോണെടുത്തു.
"നിനക്കാ..." അമ്മയോട്‌.
അമ്മ പോയി ഫോണ്‍ വാങ്ങി. "അയ്യോ....അങ്ങനെയാണോ....ഞങ്ങള്‍ ഉടനെ വരാം... " ഫോണ്‍ വെച്ചു. എന്നിട്ട്‌ ആണ്റ്റിയോടായി പറഞ്ഞു.
"ഹസ്ബന്‍ഡിണ്റ്റെ അമ്മയാ...തല ചുറ്റലാണെന്ന്‌...ഉടനെ ചെല്ലണമെന്നു...".
പിന്നെ എന്നോടായി പറഞ്ഞു.
"വാടാ..."
പിന്നെ എണ്റ്റെ കൈ പിടിച്ച്‌ ആണ്റ്റിയുടെ വീട്ടില്‍ നിന്ന്‌ ഇറങ്ങി.
നിസ്സഹായനായി കേക്കു വെച്ച പാത്രത്തിലേക്കും ആണ്റ്റിയുടെ മുഖത്തേക്കും ഹാപ്പിയായി നില്‍ക്കുന്ന ചെറുക്കണ്റ്റെ മുഖത്തേക്കും ഞാന്‍ മാറി മാറി നോക്കി. പിന്നെ കൈയെത്തിച്ച്‌ ടേബിളില്‍ നിന്നും പെന്‍സില്‍ ബോക്സുമെടുത്ത്‌ ഞാനും ഇറങ്ങി.
വീട്ടിലെത്തിയ ഉടനെ അച്ഛമ്മയുടെ അടുത്തേക്കു ചെന്ന ഞങ്ങള്‍ കണ്ടത്‌ പയറു പോലെ ഇരിക്കുന്ന പുള്ളിക്കാരിയെയാണ്‌.
"കഴിക്കണേനു മുന്‍പ്‌ കോളു വന്നില്ലേ?" കക്ഷി ചോദിക്കുകയാണ്‌.
"വന്നു. അല്‍പം വൈകിയെങ്കില്‍ ആകെ കുളമായേനെ....ഇവന്‍ ചെലപ്പോ അതൊക്കെ വാരി വലിച്ച്‌ കഴിച്ചേനെ.." അമ്മ.
ചതി! കൊടും ചതി!
പതിയെ മുഖം താഴ്ത്തി അവിടെ നിന്നും പുറകോട്ടു നടക്കുന്ന എണ്റ്റെ മനസ്സില്‍ പതിയെ ഒരു ചിരി രൂപപ്പെട്ടു... ഞാനാരാ മോന്‍....അമ്മ ഫോണെടുക്കാന്‍ പോയപ്പോള്‍ പതിയെ പെന്‍സില്‍ ബോക്സിനകത്ത്‌ ഒളിപ്പിച്ച കേക്കിണ്റ്റെ കഷണം ഇനി പതുക്കെ തിന്നണം. ആദ്യം ഒഴിഞ്ഞ ഒരു മൂല കണ്ടെത്തട്ടെ....


Tuesday, November 26, 2013

അമ്മായിവല്യമ്മ

1 comments

അമ്മായിവല്യമ്മ ഞങ്ങളുടെ നാട്ടിലെ ഒരു അദ്ഭുതപ്രതിഭാസമാണ്‌.
മുറപ്രകാരം മുറപ്പെണ്ണിനെ കല്യാണം നടന്ന *(മുറച്ചെറുക്കന്‍ മുറപ്പെണ്ണിനെ കല്യാണം ചെയ്ത) ഒരു കുടുംബത്തിലെ അച്ഛനമ്മമാരുടെ സഹോദരിയായതിനാലാണ്‌ അമ്മായിവല്യമ്മ എന്നു പേരു വന്നത്‌. ഒരു പഞ്ചായത്ത്‌ യോഗമാവട്ടെ, ജനനമാവട്ടെ, കൃഷിഭവന്‍ മീറ്റിങ്ങാവട്ടെ, മരണമാവട്ടെ, വീടുമാറ്റമാവട്ടെ, പുതിയ വാടകക്കാരാവട്ടെ, അപകടമാവട്ടെ.....എന്തു സംഭവമായാലും അമ്മായിവല്യമ്മ വഴിയാണ്‌ ഞങ്ങള്‍ കാര്യമറിയുന്നത്‌. പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉറക്കെയുറക്കെ പറയുന്നതുകാരണം ചീത്ത പറയുകയാണെന്ന സംശയം വല്യമ്മയോടു സംസാരിച്ചാല്‍ എപ്പോഴുമുണ്ടാകും.
അതു പോലെ തന്നെ പാചകം, കൃഷി, യാത്ര, സ്നേഹം ഇതിലൊന്നും അമ്മായിവല്യമ്മയെ തോല്‍പ്പിക്കാന്‍ നാട്ടിലാരും തന്നെയില്ല എന്നും പറയേണ്ടിയിരിക്കുന്നു.
ഇടയ്ക്ക്‌ ഒരല്‍പം ഭക്തിമാര്‍ഗം തലയ്ക്കു പിടിച്ചില്ലേ എന്നും സംശയമുണ്ട്‌. പിന്നെ അവരെപ്പറ്റി ഒരു കാര്യവും ആര്‍ക്കും അറിഞ്ഞു കൂടാ....
അങ്ങനെയിരിക്കേ ഒരു ദിവസം, ഞാന്‍ ടൌണിലേക്കു പോകാന്‍ കാറില്‍ ജംക്ഷനിലെത്തിയിരിക്കുകയാണ്‌.
വളരെ അപൂര്‍വമായ കാര്‍ യാത്ര ഡീസലിനു വില കൂട്ടിയ ശേഷം അപൂര്‍വങ്ങളില്‍ അത്യപൂര്‍വം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു.
അപ്പോഴതാ....വഴിയില്‍ ബസ്‌ കാത്തു നില്‍ക്കുന്നു...... അമ്മായിവല്യമ്മ! ഞാന്‍ പതിയെ ഡോര്‍ തുറന്നു കൊടുത്തു. വല്യമ്മയെ അകത്തു കേറ്റി... യാത്ര തുടര്‍ന്നു.
കാറില്‍ കേറി സി യുടെ കുളിര്‍മ്മയില്‍ മനസ്സും ശരീരവും കുളിര്‍ത്ത അമ്മായി വെയിലിനെയും കാലാവസ്ഥയെയും ഗ്ളോബല്‍ വാമിങ്ങിനെയും പറ്റി ഉറക്കെ പറഞ്ഞു തുടങ്ങി. നല്ല ശ്രോതാവായ ഞാന്‍ കേട്ടും തുടങ്ങി. ഇതിനിടെ റിയര്‍ വ്യൂ മിററിലൂടെ പുറകിലേക്കു നോക്കിയ എന്നെ ഞെട്ടിക്കും വിധം രണ്ടു ബൈക്കുകള്‍ ചീറിപ്പാഞ്ഞു വരികയാണ്‌. ബൈക്കില്‍ ചെയ്യാവുന്ന എല്ലാ പണികളും ചെയ്ത്‌ വിമാനത്തിണ്റ്റെ ശബ്ദമാക്കിയ രണ്ടു ബൈക്കുകള്‍...
ഒരുത്തന്‍ ഇടത്തു കൂടെയും മറ്റവന്‍ വലത്തു കൂടെയും ഓവര്‍ ടേക്ക്‌ ചെയ്യും എന്ന്‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ നടുഭാഗം കീപ്പ്‌ ചെയ്യാനും ധൈര്യം വരുന്നില്ല...
ഇതിനിടെ എണ്റ്റെ മുഖത്തെ ആശങ്ക തിരിച്ചറിഞ്ഞാണോ ഗ്ളോബല്‍ വാമിംഗ്‌ ചര്‍ച്ച മുറിഞ്ഞതു കൊണ്ടാണോ അതോ പുറകില്‍ നിന്നുള്ള ശബ്ദം കേട്ടാണോ എന്നറിയില്ല, വല്യമ്മ തിരിഞ്ഞു നോക്കി.
ഘോര ശബ്ദത്തോടെയുള്ള രണ്ടു ബൈക്കുകളുടെ വരവുണ്ടാക്കിയ ഭയം ആദ്യം ഒരു ഏമ്പക്കമായും പിന്നെ എണ്റ്റെ കൃഷ്ണാ എന്ന ഒരു ആര്‍ത്തനാദമായും പുറത്തു വന്നു.
കൃഷ്ണന്‍ സഹായിച്ചു. തലങ്ങും വിലങ്ങും വണ്ടി ഒതുക്കി ബൈക്കുകാരെ ഞാന്‍ ഇടിച്ചു തെറിപ്പിക്കാതെ അവിടുന്ന്‌ കാത്തു. രണ്ടു ബൈക്കുകാരും രണ്ടു വശത്തുകൂടെയും ഓവര്‍ടേക്ക്‌ ചെയ്ത്‌ ചീറിപ്പാഞ്ഞു പോയി...
തണ്റ്റെ പ്രാര്‍ഥന ദൈവം കേട്ട സന്തോഷത്തോടെ അമ്മായിവല്യമ്മ തുടര്‍ന്നു.
"ഇനി അധിക കാലം ഇതൊന്നും കാണേണ്ടി വരില്ല. "
പാവം പ്രായമായതിണ്റ്റെ ചിന്ത കയറിത്തുടങ്ങി എന്ന ചിന്തയോടെ ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു.
"പ്രായമായാല്‍ പിന്നെ എല്ലാവര്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടാല്‍ പേടിയായിരിക്കും. " ഞാന്‍ ഒരു പൊതുകാര്യം പറഞ്ഞു.
"അതല്ലെടാ...കല്‍പത്തിണ്റ്റെ അവസാനമാകാറായി...ലോകം ഉടനെ അവസാനിച്ചോളും... "
കൊള്ളാം...എല്ലാരെയും ഉദ്ദേശിച്ച്‌ കക്ഷി ജനറലായിട്ടു പറഞ്ഞതാ...ഒന്നു ഞെട്ടിയെങ്കിലും ഞാന്‍ പറഞ്ഞു...
"കരിനാക്ക്‌ വളയ്ക്കല്ലെ വല്യമ്മെ... "
'കരിനാക്കല്ലെടാ...ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം....ഇങ്ങനെ എല്ലാ കല്‍പത്തിണ്റ്റെ അവസാനവും ലോകം അവസാനിച്ച്‌ പുതിയത്‌ തൊടങ്ങും.... "
"അപ്പോ പണിയണ മെട്രോ റയിലൊക്കെയോ... വെറുതെയാവില്ലേ?"
"ഇല്ലെഡാ...ആളുകള്‍ക്കു മാത്രമേ അവസാനമുള്ളൂ...അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളൊന്നും നശിക്കില്ല. "
ഭാഗ്യം. കംപ്ളീറ്റ്‌ ഡിസ്ട്രക്ഷന്‍ വല്യമ്മ ഉദ്ദേശിച്ചിട്ടില്ല.
"എന്നാലും വല്യമ്മേ... എന്നതാ കല്‍പം?"
"...കല്‍പംന്നു വെച്ചാല്‍ അയ്യായിരം വര്‍ഷം...ബ്രഹ്മാവിണ്റ്റെ ഒരു പകല്‍ന്നു വെച്ചാല്‍ 2500 വര്‍ഷം. അത്ര തന്നെ രാത്രിയും...അങ്ങനെ 5000 വര്‍ഷം. 5000 വര്‍ഷം കഴിഞ്ഞ്‌ ബ്രഹ്മാവ്‌ ഉറക്കമെഴുനേറ്റു കഴിയുമ്പോള്‍ ഇപ്പോഴുള്ള ആരെയും കാണരുത്‌. എല്ലാം ക്ളീന്‍ ആയിരിക്കണം. അപ്പോ വീണ്ടും സൃഷ്ടി തുടങ്ങാം. "
"എങ്ങനെ അവസാനിപ്പിക്കാനാ കല്‍പത്തിണ്റ്റെ പരിപാടി?"
"അതു നമുക്കു പറയാന്‍ പറ്റില്ല. ചിലപ്പോ അഗ്നി പ്രളയം, ചിലപ്പോ ജല പ്രളയം, ചിലപ്പോ വായു പ്രളയം...ചിലപ്പോ പരസ്പരം ഏറ്റു മുട്ടല്‍... "
ഇത്രയുമൊക്കെ ആയപ്പോഴേയ്ക്കും എനിക്ക്‌ അത്യാവശ്യം പേടി തോന്നിത്തുടങ്ങി. ലോജിക്കലി അങ്ങനെ വല്ലതുമാണെങ്കിലോ സത്യം? പുള്ളിക്കാരിയ്ക്ക്‌ വല്ല കരിനാക്കോ മറ്റോ ഉണ്ടെങ്കിലോ? നാട്ടിലാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടലും മറ്റും നടക്കുന്നുമുണ്ട്‌. പെരുമ്പാവൂറ്‍ ഭാഗത്ത്‌ ഒന്നു രണ്ടു കടകള്‍ ഈയിടെ കത്തി നശിക്കുകയും ചെയ്തു. കാറിലിടിയ്ക്കാന്‍ പാകത്തിന്‌ രണ്ടു ബൈക്കുകള്‍ വരികയും ചെയ്തു...
"പക്ഷെ എല്ലാ ലോകാവസാനത്തിനു മുന്‍പും ഒരു അവതാരം പിറവിയെടുക്കും." വല്യമ്മ തുടരുകയാണ്‌.
"അതെങ്ങനെ അറിയും?"
"അറിയാനൊന്നും പറ്റില്ല. സാഹചര്യങ്ങള്‍ കാണിച്ചു തരും. "
"ഇപ്പൊ അങ്ങനെ വല്ല സാഹചര്യവും??"
"ഇത്തവണ ഒരു വ്യത്യാസമുണ്ട്‌. "
"അതെന്താ?" "ഇത്തവണ ഗര്‍ഭത്തിലൂടെ പിറന്നുള്ള അവതാരമല്ല വരാനിരിക്കുന്നത്‌. "
"പിന്നെ?"
'ഇത്തവണ ഒരു മദ്ധ്യവയസ്കണ്റ്റെ ശരീരത്തിലായിരിക്കും അവതാരം. '
അപ്പോ ലാറ്ററല്‍ എന്‍ട്രിയാണ്‌ അവതാരത്തിണ്റ്റെ പരിപാടി.
"എവിടെയായിരിക്കും അവതാരം"
"അതൊന്നും എല്ലാവര്‍ക്കും പറയാന്‍ പറ്റില്ല. പക്ഷെ ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഭഗവാനേ....... "
"ആരാ?"
"നീയായിട്ടാരോടും പറയണ്ട"
"ഇല്ല. "
"മോഡി!"
"ഹ്‌... ഹാര്‌???????"
"നരേന്ദ്രമോഡി
 ഇത്തവണ ജയിച്ചാ മതിയായിരുന്നു!"
മോട്ടോര്‍ വാഹന വകുപ്പിനെയും ഋഷിരാജ്‌ സിങ്ങിനെയും ഹൈക്കോടതി നിയമത്തെയും മറ്റും കാറ്റില്‍ പറത്തി ഞാന്‍ നൂറു കിലോമീറ്ററിനു മുകളില്‍ സ്പീഡോടെ വല്യമ്മയെ പെരുമ്പാവൂരെത്തിച്ച്‌ ഇറക്കിവിട്ടു.
എന്നിട്ടൊരു ദീര്‍ഘനിശ്വാസവും വിട്ടു.


 
Copyright © '