ആ...........അമ്മേ......
റോയിയുടെ ഭീകര നിലവിളി സ്കൂളിനെ പ്രകമ്പനം കൊള്ളിച്ചു.
ടീച്ചറന്‍മാരും സാറന്‍മാരും പാഞ്ഞെത്തി. രംഗ നിരീക്ഷണം നടത്തി. ചോര കിനിഞ്ഞു നില്‍ക്കുന്ന തുടയുമായി കാല്‍ അമര്‍ത്തിപ്പിടിച്ച് റോയി നിലത്തിരിക്കുകയാണ്. കൈയില്‍ നിവര്‍ത്തിപ്പിടിച്ച ഒരു കോമ്പസ്സുമായി ജോസൂട്ടന്‍!
ആറാം ക്ലാസിലെ ഒരു സംഘട്ടന രംഗമാണ്.
രാവിലെ പത്രം വില്‍ക്കാന്‍ പോയും അയലത്തെ വീട്ടിലേക്ക് പച്ചക്കറി പലവ്യഞ്ജനം വാങ്ങിക്കൊടുത്ത കമ്മീഷന്‍ ഇനത്തിലും സ്വരൂപിച്ച ചെറിയ തുകകള്‍ കൂട്ടിവെച്ച് ജോസൂട്ടന്‍ വാങ്ങി ഉപയോഗിച്ചു വരുന്ന പെന്‍സില്‍ റോയി കുത്തിയൊടിച്ചു കളഞ്ഞിരിക്കുന്നു.
പെന്‍സില്‍ പോയതിനേക്കാള്‍ അസഹ്യമായത് ഒടിഞ്ഞ പെന്‍സില്‍ കൈയില്‍ വെച്ച് സങ്കടപ്പെട്ടിരിക്കുന്ന ജോസൂട്ടനെ റോയി കളിയാക്കിയപ്പോഴാണ്. ഒട്ടും താമസിച്ചില്ല. ആ പെന്‍സില്‍ ഘടിപ്പിക്കാനായി കൈയിലെടുത്ത കോമ്പസ്സ് പുള്ളി പ്രയോഗിച്ചു.റെസ്ളിങ്ങില്‍ സാധാരണ കേട്ടുവന്നിട്ടുള്ള യാതൊരു നിയമവും പാലിച്ചില്ല. അരയ്ക്കു താഴെ തുടയില്‍ തന്നെ ആഞ്ഞു കുത്തി.
കുറ്റം പറയരുതല്ലോ കോമ്പസ്സിന്‍റെ മുനയുള്ള ഭാഗം മുഴുവന്‍ കയറി.
അമ്പമ്പട യോഗ്യന്‍ (സ്കൂളിലെ ഡ്രില്‍സാറ്‍ [മലപ്പുറം ഹാജി മഹാനായ ജോജിയിലെ ജഗതിയുടെ കഥാപാത്രം പറയുന്ന പോലെ, "ഞാന്‍ ഡ്രില്യാര്‍ - ഈ സ്കൂളിലെ അലിമാഷാാ.."]) ഒരു മുരള്‍ച്ചയോടെ ഇടത്തേ കൈയില്‍ ജോസൂട്ടനെ തൂക്കിയെടുത്തു.വലത്തേ കൈയില്‍ ജോസൂട്ടന്‍റെ അത്ര തന്നെ നീളമുള്ള ഒരു ചൂരലും ഏടുത്തു. പിന്നെ ഒന്നു രണ്ടു തവണ അത് വായുവില്‍ ചുഴറ്റി.
റോയിയുടെ കരച്ചില്‍ നിന്നു.
ജോസൂട്ടന്‍റെ അലര്‍ച്ച തുടങ്ങി.
ഞങ്ങള്‍ ഇതെല്ലാം കണ്ടു നിന്നു.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു. ഒരു ദിവസം ഉച്ചയ്ക്ക് പൊതിച്ചോറും മറ്റും കഴിച്ച് ഗ്രൌണ്ടില്‍ പൊരിവെയിലത്ത് നാലഞ്ച് റൌണ്ട് ഓടിക്കളിച്ച് വിയറ്‍ത്തുകുളിച്ച് ക്ളാസിലേക്ക് കയറിവന്ന ഞാന്‍ ക്ളാസില്‍ വെറുതെ കുത്തിയിരിക്കുന്ന റോയിയെ കണ്ടു. പുള്ളി ചെറുതായി കുത്തേറ്റ കാല്‍ തടവുന്നുണ്ട്.
വേദനയുണ്ടോടാ...
ചെറുതായിട്ട്....
ജോസൂട്ടന്‍ വന്നിട്ടില്ലേ..
വന്നിട്ടുണ്ട്...
എന്തു പറഞ്ഞു നീ..
ഒന്നും പറഞ്ഞില്ല.
സംഭാഷണം ഇത്ര വരെയായപ്പോള്‍ എണ്റ്റെ ചിന്ത കാടുകയറി. ഒരുഗ്രന്‍ അവസരം എന്‍റെ മുന്‍പില്‍ തെളിഞ്ഞു. ഞാന്‍ മെല്ലെ ഒന്നു ചിരിച്ച് റോയിയോടു പറഞ്ഞു.
നീ പോയിസണ്‍ ഇഞ്ജക്ഷന്‍ എടുത്തോ?
ഇല്ല. എനിക്കു പേടിയാ....
ഏയ്..അതു പറ്റില്ല ഇഞ്ജക്ഷന്‍ എന്തായാലും എടുക്കണം.
സാരമില്ലാന്നാ അന്നു ഡോക്ടറെ കണ്ടപ്പോ പറഞ്ഞെ.
എന്നു നീ ജോസൂട്ടനോടു പറഞ്ഞോ?
ഇല്ല.
എന്നാ നീ ഇഞ്ജക്ഷന്‍ എടുക്കാനാ ഡോക്ടറ്‍ പറഞ്ഞത് എന്ന് ജോസൂട്ടനോടു പറയണം...
എന്തിനാ...
നീ പറ.. ഇഞ്ജക്ഷന്‍ എടുക്കാന്‍ പതിനഞ്ചു രൂപ വേണമെന്നും പറയണം. (ക്ഷമിക്കണം. പതിനഞ്ചു രൂപ അന്ന് ഇന്നത്തെ അഞ്ഞൂറു രൂപയുടെ വിലയുണ്ട്).
എന്നിട്ടോ?
അവന്‍ തരും. നമുക്ക് അടിച്ചു പൊളിക്കാടാ...
എന്‍റെ ഐഡിയ കൊള്ളാം എന്ന് റോയിക്ക് തോന്നി. അവന്‍ കൈയോടെ ജോസൂട്ടനെ കണ്ട് കാര്യം പറഞ്ഞു. പക്ഷെ ചെറിയ ഒരു പാളിച്ച പറ്റി.
കൈയിലിരിക്കുന്ന കാശ് കഷ്ടപ്പെട്ടുണ്ടാക്കിയതു കൊണ്ടാകണം ജോസൂട്ടന്‍റെ മറുപടി ഇങ്ങനെയായിരുന്നു. "ശരി. നീ വാ...ഏതാശുപത്രിയിലാ പോകണ്ടെ...ഇഞ്ജക്ഷന്‍ ഞാന്‍ എടുത്തു തരാം.... "
0 comments:
Post a Comment