ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, July 24, 2011

വളയിട്ട കൈകള്‍!

ഓഫീസുകളിലെ പൊളിറ്റിക്സ്‌ പുതുമയല്ല.
കമ്പനിയുടെ എം ഡി ലോകത്തിന്റെ ഏതു കോണിലായാലും മനസ്സില്‍ ചിന്തിക്കുന്ന കാര്യം തലച്ചോറു വഴി കറങ്ങിത്തിരിഞ്ഞ്‌ വായിലൂടെ പുറത്തു വരുന്നതിനു മുന്‍പ്‌ സംഭവം അറിയുകയോ നടപ്പാക്കുകയോ ചെയ്യുന്ന വില്ലന്‍മാര്‍ മിക്ക കമ്പനികളിലുമുണ്ടാകും. ഇട്ടെടുക്കുക എന്ന കലയില്‍ അവര്‍ അതീവ പ്രാവീണ്യമുള്ളവരായിരിക്കും.
ഉദാഹരണത്തിന്‌ വെറുതെ ഇരിക്കുന്ന ഒരുദ്യോഗസ്ഥന്റെ അടുത്തു ചെന്ന്‌ ഇക്കൂട്ടര്‍ ചോദിക്കും.
"അല്ല, നമ്മുടെ മധുര യൂണിറ്റിലെ തങ്കരാജ്‌ നമ്മുടെ ഫിനാന്‍സ്‌ മാനേജറായി മൂന്നാം തീയതി അല്ലെ ചാര്‍ജെടുക്കുന്നത്‌?"
അപ്പോ നമ്മുടെ ഉദ്യോഗസ്ഥന്‍ അറിയാതെ ചോദിച്ചു പോകും.
"തങ്കരാജോ?"
"അതെ.. "
"അല്ല, സെല്‍വരാജ്‌ അല്ലേ വരുന്നത്‌?"
"ആണോ..തങ്കരാജ്‌ എന്നാ ഞാന്‍ വിചാരിച്ചെ. "
"മധുര യൂണിറ്റീന്നല്ല...കോയമ്പത്തൂരീന്നല്ലേ... "
"ആണോ. മധുരേന്നാണെന്നാ ഞാന്‍ വിചാരിച്ചെ. "
"ഫിനാന്‍സ്‌ മാനേജറായിട്ടല്ല.. പര്‍ച്ചേസ്‌ മാനേജറായിട്ടാ വരുന്നത്‌.. "
"ആണോ...ഫിനാന്‍സ്‌ മാനേജറാണെന്നാ ഞാന്‍ വിചാരിച്ചെ. "
"മൂന്നാം തീയതിയല്ല വരുന്നത്‌. "
"പിന്നെ"
"അഞ്ചാം തീയതിയാ വരുന്നത്‌. "
"ഓഹോ..ഞാന്‍ കരുതി മൂന്നാം തീയതിയാണെന്ന്‌. "
"ചാര്‍ജെടുക്കുന്നില്ല. ഡെപ്യൂട്ടേഷനാ... "
"ആണോ.....ഞാന്‍ വിചാരിച്ചു..... " ഇട്ടെടുക്കല്‍ അങ്ങനെ തുടരും.
അങ്ങനെ ഇട്ടെടുക്കലിനിടയില്‍ ആര്‍ക്കോ വീണുകിട്ടിയ ഒരു ന്യൂസായിരുന്നു പുതിയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ വരുന്നു എന്നത്‌. വെറും വാര്‍ത്തയായിരുന്നില്ല അത്‌. ഇപ്പോഴത്തെ മാര്‍ക്കറ്റിംഗ്‌ മാനേജറെ സ്ഥലം മാറ്റി ഓഫീസിലെത്തന്നെ പുതിയൊരാള്‍ക്ക്‌ സ്ഥാനക്കയറ്റമോ മറ്റോരാള്‍ മാറി വരുന്നതോ ആകാമെന്നായിരുന്നു ന്യൂസ്‌.
വാര്‍ത്ത ഹോട്ടായതോടെ പലരും തല പുകച്ചു തുടങ്ങി. പല വഴിയ്ക്കും അന്വേഷണങ്ങളും പോയിത്തുടങ്ങി. പക്ഷെ ആര്‍ക്കും ഒരു ക്ളൂവും കിട്ടിയില്ല.
ഇതിനിടെ പഴയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ തന്റെ സീറ്റ്‌ പോകുന്ന വിഷമത്തിലായിരുന്നു.ചാരന്‍മാര്‍ പലവഴി നോക്കിയിട്ടും ആരാണെന്ന്‌ മനസ്സിലാകാത്തതു കാരണം പുള്ളി സ്വന്തം ബുദ്ധി തന്നെ ഉപയോഗിച്ചു തുടങ്ങി. ഒരു പ്യൂണിന്റെ സഹായത്തോടെ കക്ഷി ഒരു ജ്യോത്സ്യനെ പോയി കണ്ട്‌ കാര്യമന്വേഷിച്ചു.
"വളയിട്ട കൈകള്‍ കാണുന്നൂ.... " ജ്യോത്സ്യന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
മാര്‍ക്കറ്റിംഗ്‌ മാനേജറായി ഒരു സ്ത്രീ വരുന്നു. സന്തോഷത്തിനൊപ്പം ഒരു സംശയം മാനേജറുടെ മനസ്സിലുദിച്ചു. ഇനി സീനിയര്‍ എക്സിക്യൂട്ടീവുമാരായ ചേച്ചിമാരാരെങ്കിലുമാണോ കക്ഷി? രണ്ടു പേരുണ്ട്‌. ഒരാളാണെങ്കില്‍ ട്രാന്‍സ്ഫര്‍ ചോദിച്ചിരിക്കുകയാണ്‌. മറ്റേയാള്‍ കഴിഞ്ഞ എക്ഷിബിഷനില്‍ ബെസ്റ്റ്‌ പെര്‍ഫോര്‍മറായിരുന്നു. എല്ലാ മാസവും ഓവര്‍ ടാര്‍ഗറ്റ്‌! സംശയമില്ല ഇതവള്‍ തന്നെ!
തിരികെ സീറ്റില്‍ വന്നതു മുതല്‍ മാനേജര്‍ എക്സിക്യൂട്ടീവിനിട്ട്‌ എങ്ങനെ "പണി" കൊടുക്കാം എന്ന സബ്ജക്ടില്‍ റിസര്‍ച്ചാരംഭിച്ചു. ക്ലൈന്റ്സിനോട് അപവാദം പറയുക, കൂടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ ഏല്‍പിക്കുക, വൈകി മാത്രം ജോലി തീര്‍ക്കാന്‍ അനുവദിക്കുക എന്ന ചെറു പണികള്‍ മുതല്‍ കട്ടപ്പണികള്‍ വരെ നിര്‍ബാധം പ്രവഹിച്ചു.
ഇതിനിടെ മാനേജറുടെ കൂടെ ജ്യോത്സ്യനെ കാണാന്‍ പോയ പ്യൂണ്‍ വഴി വളയിട്ട കൈകളുടെ രഹസ്യം നാട്ടിലെങ്ങും പാട്ടായി. എല്ലാ ജോലിക്കാരും പുതിയ മാനേജര്‍ മാഡത്തിന്റെ വരവും കാത്തിരിപ്പുതുടങ്ങി. മാത്രമല്ല, മാനേജര്‍ക്കുണ്ടായ സംശയവും എല്ലാവര്‍ക്കും തോന്നി. അതോടെ എക്സിക്യൂട്ടീവിനു കിട്ടുന്ന പണി ഏതു വകുപ്പിലാണെന്നും എല്ലാവര്‍ക്കും മനസ്സിലായി.
ഇതിനിടെയാണ്‌ ഹെഡ്‌ ഓഫീസില്‍ നിന്നും ഇട്ടെടുക്കല്‍ രണ്ടാം ഘട്ടം ഓഫീസിലെത്തിയത്‌.
"ഗൌരി" എന്നാണ്‌ പുതിയ മാനേജറുടെ പേര്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഏതായാലും അതോടെ എക്സിക്യൂട്ടീവിനുള്ള പണി കൊടുക്കല്‍ നിന്നു.
രണ്ടു ദിവസത്തിനുള്ളില്‍ ഒരു ഫോര്‍ഡ്‌ ഫിയെസ്റ്റ ഓടിച്ച്‌ ഓഫീസിലേക്ക്‌ കയറിവന്ന സുമുഖനായ ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തി.
"ഗൌരി"ശങ്കര്‍ - പുതിയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍!
ബ്ളിംഗ്‌!!! എന്ന മട്ടില്‍ അമ്പരന്നു നിന്ന മുഴുവന്‍ ഓഫീസ്‌ സ്റ്റാഫും ഷെയ്ക്ക്‌ ഹാന്‍ഡിനായി നീട്ടിയ മാനേജറുടെ വലം കൈ കണ്ടപ്പോള്‍ വീണ്ടും ഞെട്ടി.
ഫുള്‍സ്ളീവിനിടയിലൂടെ അതാ ഒരു വള.

3 comments:

Smilu Varghese said...

Kollam monne... :)

Vrinda said...

hahaha

സുധി അറയ്ക്കൽ said...

ഹ ഹ ഹ.

Post a Comment

 
Copyright © '