ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, September 12, 2013

ഗൂഗിള്‍................!

 സിബ്ബ്‌ കണ്ടു പിടിച്ചവന്റെ  പിറന്നാളിന്‌ സിബ്ബിന്റെ രൂപത്തിലും ആവിയന്ത്രം കണ്ടു പിടിച്ചവന്റെ പിറന്നാളിന് ആവിയന്ത്രത്തിന്റെ രൂപത്തിലും ഡൂഡിലുകള്‍ സൃഷ്ടിക്കുന്ന ഗൂഗിള്‍ കമ്പനിയുടെ ശ്രദ്ധയ്ക്ക്‌....
നിങ്ങളുടെ പേരില്‍ ഒരാള്‍ കേരളത്തിലുണ്ട്‌! ശ്രീമാന്‍ ഗൂഗിള്‍ രാമകൃഷ്ണപിള്ള!
അതെങ്ങനെ എന്നല്ലേ....
അറിയില്ല എന്നു പറയാന്‍ അറിയില്ല. അതു തന്നെ. ആരെന്തു ചോദിച്ചാലും കക്ഷി ഇരിക്കുകയാണെങ്കില്‍ ഇരിക്കുന്ന കസേരയില്‍ ഒന്നു കൂടി ചാരിയിരിക്കും. നില്‍ക്കുകയാണെങ്കില്‍ എവിടെയെങ്കിലും ഇരിക്കും എന്നിട്ട്‌ ഇരിക്കുന്നയിടത്തില്‍ ഒന്നു കൂടി ചാരിയിരിക്കും.സൈഡൊന്നു ചെരിയും. ഒരു കൈ കൊണ്ട്‌ കസേരയുടെ കൈയില്‍ തിരുമ്മിത്തുടങ്ങും. എന്നിട്ടു പറയും.
"അതായത്‌......

പിന്നെ അറിയാത്ത കാര്യങ്ങളുടെ അറിയാവുന്ന കഥകള്‍ അനര്‍ഗളനിര്‍ഗളം പ്രവഹിക്കും.
മറ്റൊരു സ്വഭാവം കൂടി ആളുടെ കുത്തകയായിട്ടുണ്ട്. ആരെന്തു പറഞ്ഞാലും ആദ്യത്തെ റെസ്പോണ്‍സ് 

" ഹാ. ‌...... "

എന്നായിരിക്കും. അങ്ങനെയല്ല എന്നോ മറ്റോ ആണ് ആൾ ഉദ്ദേശിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തികഞ്ഞ സാംസ്കാരിക നായകനും പൊതുകാര്യ പ്രസക്തനുമൊക്കെയാണ്‌ ശ്രി പിള്ളേച്ചന്‍.ഒറ്റ ചടങ്ങുകളും വിടില്ല. പ്രമാണിക്കാവുന്ന ഒരവസരവും പാഴാക്കുകയുമില്ല.
ഒരിക്കല്‍ ഒരു ചടങ്ങില്‍ കൊണ്ടു പിടിച്ച തിരക്കുകള്‍ക്കിടയില്‍ ഒരു മാന്യദേഹം പിള്ളേച്ചനോട്‌ ഒരു സംശയം ചോദിച്ചു.
"അല്ല, നമ്മള്‍ എല്ലാ വര്‍ഷവും പിറന്നാളുകള്‍ക്ക്‌ അമ്പലത്തില്‍ വഴിപാടുകളും മറ്റും നടത്തുന്നുണ്ടല്ലോ. വീട്ടില്‍ ചടങ്ങുകളും മറ്റും നടത്തുകയും ചെയ്യും. പിന്നെ എന്തിനാ ചെലര്‌ പക്കപ്പിറന്നാളുകള്‍ക്ക്‌ വീട്ടില്‍ സ്പെഷ്യല്‍ ചടങ്ങുകളും വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും മറ്റും നടത്തുന്നത്‌?"
ഒരു കൊടും ചോദ്യം ചോദിച്ച മട്ടിലിരിക്കുന്ന മാന്യദേഹത്തെ ആകെ ഒന്നുഴിഞ്ഞു നോക്കി മനസ്സില്‍ ആയിരം പ്രാവശ്യം ഉരുവിട്ടു കൊണ്ടിരിക്കുന്ന അറിയില്ല എന്ന മന്ത്രത്തെ അടിച്ചമര്‍ത്തി പിള്ളേച്ചന്‍ അടുത്തു കണ്ട ഒരു കസേര വലിച്ച്‌ അതിലിരുന്നു.
"അതായത്‌..... കഴിഞ്ഞ ദിവസം... ഒരു പയ്യന്‍.... ബൈക്കിലിങ്ങനെ സ്പീഡില്‍ ഓടിച്ചു വരണു,"
മാന്യദേഹം മിഴിച്ചിരിക്കുകയാണ്‌. വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും പയ്യനും ബൈക്കും തമ്മിലെന്തു ബന്ധം? അതു ശ്രദ്ധിക്കാതെ കക്ഷി തുടര്‍ന്നു.
"അയാള്‌....എന്റെ അടുത്തെത്തിയപ്പോ ബൈക്കു നിര്‍ത്തി. ഹെല്‍മറ്റിന്റെ ഗ്ളാസു പൊക്കി എന്നോടു ചോദിച്ചു.  ഈ പോണേക്കരയ്ക്കു പോണ വഴിയേതാ... "
(അറിയില്ല.....അറിയില്ല.....അറിയില്ല..... പക്ഷേ മറുപടി പറയാതിരിക്കാന്‍ സാധിക്കില്ല!)
 "ഞാന്‍ നേരെ വലത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിച്ചു.
ഏതോ മരണാവശ്യത്തിനു പോണയാളാണെന്നു തോന്നുന്നു. ഒരു താങ്ക്സ്‌ പോലും പറയാതെ അവന്‍ ഞാന്‍ പറഞ്ഞ വഴിയേ പറപ്പിച്ചു പൊയ്ക്കളഞ്ഞു. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ എനിക്കു സംശയമായി. ശരിക്കും അതാണോ വഴി. ജ്യോഗ്രഫിക്കലി അതു തന്നെയാകാനാണു സാദ്ധ്യത. എങ്കിലും സംശയംതീര്‍ത്തേക്കാം എന്നു കരുതി ഞാന്‍ അടുത്തുള്ള ഒരു പെട്ടിക്കടക്കാരനോടു ചോദിച്ചു.
ഈ പോണേക്കരയ്ക്കുള്ള വഴിയേതാ...
അപ്പോ നേരെ ഓപ്പോസിറ്റുള്ള വഴിയിലേക്ക്‌ അയാള്‍ ചൂണ്ടിക്കാണിച്ചു. "
ഇത്രയുമായപ്പോഴേയ്ക്കും മാന്യദേഹം സഹികെട്ട്‌ ഇടപെട്ടു.
"അല്ല, നമ്മള്‍ പറഞ്ഞു വന്നത്‌ വിളിച്ചു ചൊല്ലിപ്രായശ്ചിത്തം..... "
"ഹാ...പറയട്ടെ... .....അങ്ങനെ ഞാന്‍ കാരണം ഒരാള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുണ്ടായില്ലേ....അതു മൂലം നമുക്ക്‌ ഒരു കുറ്റബോധം ഉണ്ടായില്ലേ...തെറ്റു പറ്റിയില്ലേ...ഇനി നമ്മള്‍ അയാളെ കാണുകയില്ലല്ലോ.... അങ്ങനെയുള്ള അവസരങ്ങളില്‍ നമുക്കു പറ്റിയ തെറ്റുകള്‍ ഏറ്റു പറയാനാണ്‌ എല്ലാ പക്കപ്പിറന്നാളുകളിലും വിളിച്ചു ചൊല്ലി പ്രായശ്ചിത്തം!"

2 comments:

Gini said...

ha haha... kalakki..... Google-team kelkkanda... nere CEO aakkum :D

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ അപ്പൊ എല്ലാ മാസവും ഓരോരൊ പൊല്ലാപ്പ് ഉണ്ടാക്കി വയ്ക്കുമായിരിക്കും അല്ലെ?

 എല്ലാ പക്കപ്പൊറന്നാളിനും വിഷയം വേണ്ടെ?

പക്ഷെ ശരിക്കും ഇത്തരക്കാർ ഉണ്ട് കേട്ടൊ അറിയാത്ത കാര്യങ്ങൾ 'വിടു'ന്നവർ 

Post a Comment

 
Copyright © '