ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, January 30, 2011

ചില സെയില്‍സ് തന്ത്രങ്ങള്‍!

2 comments

പഴയ ഒരു കഥയാണ്.
എന്‍സൈക്ലോപീടിയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു കമ്പനി സെയില്‍സ് ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഒരുപാടു പേര്‍ അപേക്ഷിച്ചു. കമ്പനി ഇന്റര്‍വ്യൂ നടത്തി. കുറെ പേരെ സെലക്റ്റ് ചെയ്തു. അക്കൂട്ടത്തില്‍ സെലക്റ്റ് ചെയ്യാതിരുന്ന ഒരു ഉദ്യോഗാര്‍ഥി വീട്ടില്‍ പോകാന്‍ തയ്യാറായില്ല. അദ്ദേഹത്തിനു വിക്ക് ഉള്ളത് കൊണ്ടായിരുന്നു സെലക്റ്റ് ചെയ്യാതിരുന്നത്. പക്ഷെ തന്നെ സെലക്റ്റ് ചെയ്യണമെന്നും സെയില്‍സില്‍ നല്ല പരിചയമുണ്ട് എന്നും പറഞ്ഞു കക്ഷി കുത്തിയിരുപ്പ് തുടങ്ങി. ഒടുക്കം ശല്യം സഹിക്കാന്‍ വയ്യാതെ കക്ഷിയെ ജോലിയ്ക്ക് നിയമിച്ചു.
ആദ്യ ദിവസം സെയില്‍സിനായി പോയ ടീമില്‍ എല്ലാവരും രണ്ടോ മൂന്നോ പുസ്തകങ്ങള്‍ മാത്രം വിറ്റപ്പോള്‍ നമ്മുടെ വിക്കുള്ള സെയില്‍സ്മാന്‍ നാല് പുസ്തകം വിറ്റു.
പിറ്റേന്ന് എല്ലാവരും നാലെണ്ണം വിറ്റപ്പോള്‍ ഇദ്ദേഹം അഞ്ചെണ്ണം വിറ്റു.
അടുത്ത ദിവസം എല്ലാവരും അഞ്ചെണ്ണം വിറ്റപ്പോള്‍ കക്ഷി എട്ടെണ്ണം വിറ്റു.
കമ്പനി മാനേജര്‍ എല്ലാവരെയും വിളിച്ചു വരുത്തി. ചോദിച്ചു. ആര്‍ക്കും വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ സാധിച്ചില്ല. വിക്കുള്ള ചങ്ങാതിയോട്‌ ചോദിച്ചപ്പോള്‍ പുള്ളിയ്ക്കും കാരണം അറിയില്ല. സാധാരണ എല്ലാവരും വില്‍ക്കുന്ന പോലെയാണ് ഞാനും വില്‍ക്കുന്നത് എന്നായിരുന്നു മറുപടി.
അടുത്ത ദിവസവും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇദ്ദേഹം തന്നെ വിറ്റു.
മാനേജര്‍ കുപിതനായി. എങ്ങനെയെങ്കിലും ഇതിന്‍റെ ഗുട്ടന്‍സ് കണ്ടുപിടിക്കാനായി അദ്ദേഹം മറ്റു സെയില്‍സ്മാന്‍ മാരോട് ആവശ്യപ്പെട്ടു.
പിറ്റേന്ന് വിക്കുള്ള സെയില്‍സ്മാന്‍ സെയില്‍സിനായി പോയപ്പോള്‍ ഒരാള്‍ കൂടെ പോയി.
ഒരു വീട്ടില്‍ ചെന്നു . കോളിംഗ് ബെല്‍ അടിച്ചു. പുറത്ത് വന്ന വീട്ടുടമസ്ഥനോടു കക്ഷി പറഞ്ഞു. "ഹ..ഹ...ഹലോ...ഗ.ഗുഡ്...ഗുഡ് മോണിംഗ്...സ...സര്‍..."
"എന്ത് വേണം?..."
"എ....എ...എന്‍റെ പേര് ര...രവി...ഞാന്‍ എന്‍...എന്‍...എന്‍സൈ...ക...ക...ക്ളോ...പീടിയ വില്‍ക്കാന്‍ വന്നതാ..."
"ഇവിടെയൊന്നും വേണ്ട......"
"അ...അ...അങ്ങനെ പ...പ...പറയരുത് സാര്‍...വ...വ....വേണമെങ്കില്‍ ഞാന്‍ വ...വ....വായിച്ചു ക....ക...കേള്‍പ്പിക്കാം..."
"അയ്യോ....ഒരെണ്ണം തന്നിട്ട് പൊയ്ക്കോ...."

Saturday, January 29, 2011

ചേട്ടനെന്തിനാ തിരിഞ്ഞു നോക്കിയത്?

0 comments

എന്‍റെ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. നല്ല ഗ്യാരണ്ടി കളറും തല്ലു കൊള്ളും എന്ന ഗ്യാരണ്ടി നാക്കുമുള്ള ഒരുത്തന്‍! അഹങ്കാരമാണെങ്കില്‍അല്പവും കുറവില്ല. പക്ഷെ അതിന്‍റെ ഒരഹങ്കാരവുമില്ല
സാധാരണ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ബസ് സ്റ്റാണ്ടില്‍ ഞങ്ങള്‍ക്ക് പോകാനുള്ള ബസ് കിടപ്പുണ്ടാകും. പക്ഷെ കേറാന്‍ പറ്റില്ല. എസ് ടി പിള്ളേര്‍ക്ക് അവസാനമേ കേറാന്‍ പറ്റൂ. ബസ് ജീവനക്കാരുടെ ഈ കരിനിയമം ഏതാണ്ട് എല്ലാ വിദ്യാര്‍ഥി നേതാക്കളും അംഗീകരിച്ചിരുന്നത്കൊണ്ട് ഞങ്ങള്‍ക്ക് നിസ്സഹായരായി പുറത്ത് നില്‍ക്കേണ്ടി വന്നിരുന്നു.
പക്ഷെ ബസ് വിട്ടിട്ടും ആളുകള്‍ കുറവാണെങ്കില്‍ സീറ്റില്‍ ഇരിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. അത് കൊണ്ട് ബസ് വിടുന്ന സമയത്ത് ബസില്‍ കേറാന്‍ പിള്ളേരുടെ വലിയ തിരക്കായിരുന്നു.
ഒരിക്കല്‍ ഈ കൂട്ടുകാരന്‍ ബസ് വിട്ട സമയത്ത് ബസില്‍ അസാമാന്യ യുദ്ധം നടത്തി കയറി ഒരു സീറ്റ് പിടിച്ചു. നിര്‍ഭാഗ്യ വശാല്‍ അത് ഒരു വികലാംഗ സംവരണ സീറ്റായിരുന്നു. അടുത്ത സ്റ്റോപ്പില്‍ നിന്ന് തന്നെ ഒരു വികലാംഗന്‍ കയറുകയും ചെയ്തു. എഴുനെല്‍ക്കെന്ടതായി വന്ന ഇദ്ദേഹം കടുത്ത അമര്‍ഷത്തോടെ സൈഡില്‍ നില്‍പ്പായി. സീറ്റ് കിട്ടിയ വികലാംഗനാകട്ടെ വിജയശ്രീലാളിതനായി ഞെളിഞ്ഞിരുന്നു ഇവനെ നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു.
സാധാരണ കൈയോടെ പ്രതികരിക്കാറുള്ള കൂട്ടുകാരന്‍ ഒന്നും മിണ്ടിയില്ല.
കുറച്ചു സ്റ്റോപ്പുകള്‍ കഴിഞ്ഞു. വികലാംഗന്റെ സൈഡില്‍ ഇരുന്ന യാത്രക്കാരന്‍ ഇറങ്ങി. കൂട്ടുകാരന് വികലാംഗന്റെ അടുത്തായി സീറ്റ് കിട്ടി. വിന്‍ഡോ സൈഡില്‍ വികലാംഗന്‍, അടുത്ത് കൂട്ടുകാരന്‍.
അടുത്ത സ്റ്റോപ് എത്തി. പെട്ടെന്നു അപ്രതീക്ഷിതമായി കൂട്ടുകാരന്‍ വികലാംഗന്റെ മുന്‍പിലൂടെ കൈ പുറത്തേക്കിട്ടു കൈ വീശി പറഞ്ഞു. "ഹായ്"
വികലാംഗന്‍ ഒന്ന് ഞെട്ടി. പിന്നെ ആരോടാണ് ഇവന്‍ ഹായ് പറയുന്നതെന്നറിയാന്‍ പുറത്തേക്ക് വെട്ടിത്തിരിഞ്ഞ് നോക്കി. ആരെയും കാണുന്നില്ല. ഇളിഭ്യനായി ഇവനെ തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും സംഭവിക്കാത്തതു പോലെ ഇവന്‍ ഇരിപ്പുണ്ട്. മുഖത്ത് ഒരു ചെറിയ ചിരി.
അടുത്ത സ്റ്റോപ് എത്തി. പിന്നെയും ഇവന്‍ വികലാംഗന്റെ മുന്‍പിലൂടെ കൈ പുറത്തേക്കിട്ടു കൈ വീശി പറഞ്ഞു. "ഹായ്"
വീണ്ടും വികലാംഗന്‍ വെട്ടിത്തിരിഞ്ഞ് നോക്കി. ആരെയും കാണുന്നില്ല.
അതാ അടുത്ത സ്റ്റോപ്പില്‍ പിന്നെയും. ഇത്തവണ വികലാംഗന്‍ ബലം പിടിച്ചിരുന്നു. എങ്കിലും ആകാംക്ഷ അടക്കാനാകാതെ തിരിഞ്ഞു നോക്കി. ആരുമില്ല.
വീണ്ടും പല സ്റ്റോപ്പുകളില്‍ ഇത് ആവര്‍ത്തിച്ചു.
അവസാനം വികലാംഗന് ഇറങ്ങേണ്ട സ്റ്റോപ്പ് ആയി.
രണ്ടും കല്‍പ്പിച്ചു കക്ഷി കൂട്ടുകാരനോടു ചോദിച്ചു.
താനാരെയാ കൈ വീശി കാണിക്കുന്നത്?

ആരെയുമില്ല! എനിക്ക് ഇങ്ങനെ ഒരു സ്വഭാവമുള്ളതാ.. ആട്ടെ, ചേട്ടനെന്തിനാ തിരിഞ്ഞു നോക്കിയത്?

വികലാംഗന്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!

Friday, January 28, 2011

ചില റിപ്പബ്ലിക് ചിത്രങ്ങള്‍!

0 comments
എല്ലാ വര്‍ഷവും റിപ്പബ്ലിക് ഡേ ഒരു ദേശഭക്തി കാണിക്കേണ്ട ദിവസം തന്നെ. പക്ഷെ അന്ന് ഒരു ദേശീയ ദിവസം എന്നതിനേക്കാള്‍ ദേശീയ അവധി ദിവസം എന്ന പേരില്‍ ഓര്‍ക്കാനായിരിക്കും മിക്കവര്‍ക്കും ഇഷ്ടം.
എനിക്കും അങ്ങനെ തന്നെ.
അത് കൊണ്ടാണ് അന്ന് ഒരു വിനോദ യാത്ര പോയേക്കാം എന്ന് വിചാരിച്ചത്. വാഗമണ്‍, കുട്ടിക്കാനം, പീരുമേട് എന്നീ പ്രദേശങ്ങള്‍ ആയിരുന്നു ലൊക്കേഷന്‍. സന്തോഷകരമായ ഒരു യാത്ര!
ചില ചിത്രങ്ങള്‍ കാണാം.

പൊന്നിന്‍ കുരിശു മുത്തപ്പാ പൊന്‍ മല കേറ്റം...

0 comments
പൊന്നിന്‍ കുരിശു മുത്തപ്പാ പൊന്‍ മല കേറ്റം...
കുറ്റം പറയുന്നവര്‍ എന്ത് തന്നെ പറഞ്ഞോട്ടെ.. ഞങ്ങള്‍ കുറച്ചു പേര്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. മലയാറ്റൂരാണോ? മഴ നനഞ്ഞു തന്നെ കേറണം!
ഉരുള്‍ പൊട്ടിയത് പോലെ മഴ പെയ്യുംപോഴാണ്‌ മലയാറ്റൂര്‍ മല കയറണം എന്നാ ആഗ്രഹം ഞങ്ങള്‍ക്കുന്ടായത്
രണ്ടു ബൈക്കുകളിലായി പുറപ്പെട്ടു.
കളമശ്ശേരിയില്‍ പ്രാതല്‍! ആലുവ, എയര്‍ പോര്‍ട്ട്‌, കാലടി വഴി മലയാറ്റൂര്‍.
അടിവാരത്തെത്തിയതെ മഴ തുടങ്ങി! കരുതിയിരുന്ന കുടയും ചൂടി ഞങ്ങള്‍ കയറാന്‍ ആരംഭിച്ചു.
നന്നായി നനഞ്ഞു, നനഞ്ഞു കിതച്ചു. കിതച്ചു വിയര്‍ത്തു, വിയര്‍ത്തു കുളിച്ചു. മുകളിലെത്തി.
ആഹാ... വി. തോമാസ്ലിഹാ മഴക്കാലത്താണ് മലയാറ്റൂര്‍ മലയില്‍ കാലു കുത്തിയതെങ്കില്‍ തിരിച്ചു പോകില്ലായിരുന്നു എന്ന് തോന്നിപ്പോയി മുകളില്‍ നിന്നുള്ള മഴ ദൃശ്യങ്ങള്‍
കോടമഞ്ഞും കിഴ്ക്കാം തൂക്കായ ഗര്‍ത്തങ്ങളും. ചിത്രങ്ങള്‍ എടുത്തു.കണ്ടതിനപ്പുറം പകര്‍ത്താന്‍ കഴിയുന്ന ക്യാമറകള്‍ ഇല്ലല്ലോ...
സ്വയംഭൂ ആയ പൊന്‍ കുരിശു കണ്ടു. വന്ദിച്ചു.
വലിയ പള്ളിയില്‍ കയറി കുറച്ചു നേരം ശാന്തമായി ഇരുന്നു പ്രാര്‍ഥിച്ചു.
തിരിച്ചിറങ്ങി.
മഴയുടെ കാഠിന്യം മനസ്സിലാക്കാന്‍ ഒരു വാക്ക് കൂടി.
ഞാന്‍ നന്നായി ഒന്ന് തെന്നി വീണു!
-------------------------
ഓര്‍മ വെച്ച നാള്‍ മുതല്‍ എല്ലാവര്‍ഷവും മുടക്കാത്ത ഒരു പരിപാടിയാണ് മലയാറ്റൂര്‍ യാത്ര. ഒരിക്കല്‍ ബൈക്കില്‍ പോകാനിരുന്ന ഞങ്ങളെ കൂട്ടത്തില്‍ ഒരുത്തന്‍റെ അമ്മാവന്‍ ഒരു ട്രാവലറില്‍ കൊണ്ടു പോകാം എന്നേറ്റു. ഒരു ഫ്രീ ചാന്‍സല്ലേ എന്ന് കരുതി ഞങ്ങള്‍ പുറപ്പെട്ടു.
നല്ല തിരക്കായതിനാല്‍ വണ്ടി താഴ്വാരത്ത് ചെറിയ പള്ളിയുടെ അടുത്ത് പാര്‍ക്ക് ചെയ്യേണ്ടി വന്നു. അവിടന്നു നടന്നു അടിവാരത്ത് ചെന്നപ്പോഴേ ടീമിലെ ഇരുപതു പേരും പല വഴിയ്ക്കായിരുന്നു. വളരെ കഷ്ടപ്പെട്ടാണ്‌ എല്ലാത്തിനെയും മുകളില്‍ ചെന്ന ഉടനെ തപ്പിയെടുത്തത്. അപ്പൊ തന്നെ വഴി തെറ്റുന്നവര്‍ താഴെ ഒന്നാം പോയന്‍റില്‍ കാത്തു നില്‍ക്കണം എന്ന് എല്ലാവരോടുമായി പറഞ്ഞു.
ധാരാളം സമയം ക്യൂ നിന്ന് നന്നായി തൊഴുതു. തിരിച്ചിറങ്ങി.
ഒന്നാം പോയന്‍റില്‍ എത്തിയ ആളുകളുടെ എണ്ണം എടുത്തു. 19!
ഒരാളെ കാണാനില്ല. അതും വണ്ടി റെഡിയാക്കി തന്ന കൂട്ടുകാരന്‍. അവനാണെങ്കില്‍ വഴിയും അറിയില്ല. വണ്ടി എവിടെ ഇട്ടെന്നും അറിയില്ല.
കുറച്ചു കൂടി കാത്തിരിക്കാം. ആരോ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞു. കക്ഷിയെ കാണുന്നില്ല.
രണ്ടു പേര്‍ വീണ്ടും മുകളില്‍ കയറാന്‍ സന്നദ്ധരായി. വീണ്ടും ഒരു മണിക്കൂര്‍ കഴിഞ്ഞു. കാണാനില്ല.
രണ്ടു പേര്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിളിച്ചു പറയിപ്പിക്കാനായി പോയി. ഒരു മണിക്കൂറോളം ക്യൂ നിന്ന് വിളിച്ചു പറഞ്ഞു. രക്ഷയില്ല.
പിന്നെ അവന്‍ കൊച്ചു പയ്യനൊന്നുമല്ലോ.. തിരിച്ചു വരും എന്ന് ആശ്വസിച്ചു ഞങ്ങള്‍ വണ്ടിയിലേക്ക് പോയി.
മൂന്നു മണിക്കൂര്‍ കാത്തിരുന്നു പൊടിയില്‍ കുളിച്ചു ക്ഷീണിച്ചുവണ്ടിയില്‍ എത്തിയ ഞങ്ങള്‍ അവരവരുടെ സീറ്റ് പിടിച്ചു. അപ്പോഴതാ പുറകില്‍ നിന്നൊരു ശബ്ദം!

നിങ്ങള്‍ ഇപ്പോഴാണോ വരുന്നത്? എന്‍റെ ഒരുറക്കം കഴിഞ്ഞല്ലോ!

Tuesday, January 25, 2011

റിപ്പബ്ളിക് ദിന ആശംസകള്‍!

0 comments

Monday, January 24, 2011

സാധാരണ പോലെ മതി!

0 comments
ഞാനും ഒരു വീടു പണിതു!

ഒരുപാടു സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും ആ വീടുപണിയ്ക്കു പുറകില്‍ ഉണ്ടായിരുന്നു. വേറൊരു കൂട്ടരും പ്രാര്‍ഥിച്ചു. ലോണ്‍ തന്ന ബാങ്ക്‌, കൈക്കൂലി നന്നായി വാങ്ങിയ ഉദ്യോഗസ്ഥര്‍, കള്ള മണല്‍ സംഘടിപ്പിച്ചു തന്ന ഏജണ്റ്റുമാര്‍, പണി താമസിപ്പിച്ച്‌ എന്നെ നന്നായി ചുറ്റിക്കുകയും പറ്റിക്കുകയും ചെയ്ത പണിക്കാര്‍, തടി ലേലം കൊള്ളാന്‍ എന്നെ നിര്‍ബന്ധിതനാക്കിയ തടിക്കച്ചവടക്കാര്‍, വളരെ വിലകൂടിയ സാധനങ്ങള്‍ എന്നെക്കൊണ്ട്‌ വാങ്ങിപ്പിച്ച മറ്റു കോണ്‍ ട്രാക്ടര്‍മാര്‍..അങ്ങനെ പലരും. പക്ഷെ എണ്റ്റെ വീട്ടിലെ എനിക്കിഷ്ടമുള്ള ഒന്നിലധികം സ്ഥലങ്ങളില്‍ ഒരു പണിയും ഇല്ലാതെ ചടഞ്ഞു കൂടി കിടക്കുമ്പോള്‍ ഇവരോടൊക്കെ എനിക്ക്‌ വളരെ സ്നേഹം തോന്നുന്നു!

മിക്കവാറും എല്ലാ പണിക്കാരും ഒന്നു പോലെയാണ്‌. എത്ര ശ്രമിച്ചാലും പണി സമയത്തിന്‌ തീര്‍ക്കാന്‍ പറ്റില്ല. പറഞ്ഞ സമയത്തിന്‌ എത്താന്‍ പറ്റില്ല, വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പറ്റില്ല, കൃത്യ സമയത്ത്‌ പറഞ്ഞ സാധനങ്ങള്‍ സൈറ്റില്‍ ഇല്ലെങ്കില്‍ പിണങ്ങാനും സാധ്യതയുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഫോണില്‍ വിളിച്ചാല്‍ കേള്‍ക്കുന്ന റിങ്ങ്ബാക്ക്‌ ടോണ്‍ എന്തായിരിക്കുമെന്നറിയാമോ... "ഒന്നു വിളിച്ചാല്‍ ഓടിയെണ്റ്റെയരികിലെത്തും...ഒന്നു സ്തുതിച്ചാല്‍............ "വിളിച്ച്‌ വിളിച്ച്‌ വട്ടായി ചെവിയില്‍ വെയ്ക്കേണ്ടി വന്ന ചെമ്പരത്തിപ്പൂക്കളുടെ എണ്ണമെടുത്താല്‍ തന്നെ എണ്റ്റെ ജന്‍മം സഫലമായി.

ഇനിയും പല കാര്യങ്ങളും പറയാനുണ്ടെങ്കിലും തല്‍ക്കാലം കല്‍പ്പണി ചെയ്യാന്‍ വന്ന ഒരു മേസ്തിരിയെപ്പറ്റി പറയാം.

ഒരു സൈറ്റില്‍ പണി തീര്‍ക്കണ്ട ദിവസം ആകാറായി. തേപ്പ്‌ തകൃതിയായി പുരോഗമിക്കുകയാണ്‌. ഒരു ദിവസം മേസ്തിരിയുടെ മികച്ച പണിക്കാരില്‍ ഒരാള്‍ എന്തോ കാരണത്തിന്‌ ലീവ്‌ എടുത്തു. പണി മുടക്കാനും സാധ്യമല്ല. മേസ്തിരി കുഴങ്ങി. അവസാനം വേറെ പണിയൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ഒരുത്തനെ സഹായത്തിനായി വിളിച്ചു. ഒരു ദിവസത്തെ കൂലി കൊടുക്കാം എന്നും പറഞ്ഞു. തികച്ചും നിശ്ശബ്ദമായി എനിക്ക്‌ പണിയൊന്നുമറിയില്ലല്ലോ എന്ന ആത്മഗതത്തിന്‌ നീ എന്തെങ്കിലുമൊക്കെ ചെയ്ത്‌ നിന്നാ മതി, ഞങ്ങള്‍ ചെയ്തേക്കാം എന്ന്‌ മേസ്തിരി മറുപടി നല്‍കി. എന്നാ ശരി, പോയേക്കാം എന്ന്‌ അവനും കരുതി.
പണി മുറുകി വന്നപ്പോഴാണ് മുതലാളി വീടുപണി പരിശോധിക്കാനായി വന്നത്.
നമ്മുടെ പണിക്കാരന്‍ തേയ്ക്കാനുപയോഗിക്കുന്ന കൊലശേര്‍ ഉപയോഗിച്ച് സിമന്‍റ് എറിഞ്ഞു പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എറിഞ്ഞു പിടിപ്പിയ്ക്കാന്‍ പോയിട്ട് സിമന്‍റ് കോരിയെടുത്ത് ചുമരില്‍ പിടിപ്പിക്കാന്‍ പോലും കക്ഷിയ്ക്ക് സാധിയ്ക്കുന്നില്ല. മുതലാളിയ്ക്ക് സംശയമായി. അദ്ദേഹം കുറച്ചധികം നേരം പണി നോക്കി നിന്നു.
മേസ്തിരി ഈ ഹൃദയ ഭേദകമായ കാഴ്ച കണ്ടു. തന്നെ കൈയോടെ പിടിയ്ക്കുന്നതും പണി മതിയാക്കി പോകാന്‍ പറയുന്നതുമൊക്കെ അദ്ദേഹം മനസ്സില്‍ കണ്ടു.
ഓടിച്ചെന്നു.
എന്നിട്ട് നമ്മുടെ പണിക്കാരനോടു പറഞ്ഞു.
എടാ... ഡിസൈന്‍ ഒന്നും വേണ്ട കേട്ടോ... സാധാരണ പോലെ മതി!

Thursday, January 20, 2011

ആ മരുന്ന് ഈ ഋതുവിനു പറ്റിയതല്ല!

3 comments
എന്‍റെ നാട്ടിലെ ഏറ്റവും നല്ല ആയുര്‍വേദ ഡോക്ടര്‍ക്ക്‌ എപ്പോഴും തിരക്കാണ്‌. തന്‍റെ പ്രാക്ടീസിനൊപ്പം തന്നെ പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങളും പുതിയ ചികിത്സാ ക്രമങ്ങളും ഡോക്ടര്‍ കണ്ടുപിടിക്കുമായിരുന്നു. മറ്റു ചികിത്സാ വിഭാഗങ്ങളോട്‌ ഒരു പുച്ഛവും ഡോക്ടര്‍ക്ക്‌ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ക്ളിനിക്കില്‍ എപ്പോഴും രോഗികളും തരക്കേടില്ലാത്ത ഫീസും ഉണ്ടായിരുന്നു.
നടുവേദന സ്പെഷ്യലൈസേഷനാക്കി ധാരാളം പഠനങ്ങള്‍ ഡോക്ടര്‍ നടത്തുമായിരുന്നു.വളരെ പഴയ നടുവേദന പോലും അദ്ദേഹം മാറ്റിക്കൊടുത്തിരുന്നു. പ്രത്യേകിച്ചും വളരെ ബലം പിടിച്ചുള്ള തിരുമ്മോ കഠിനങ്ങളായ പഥ്യങ്ങളോ ഒന്നും തന്നെ ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്‍റെ ചികിത്സ. ഒരുതരം എണ്ണ ചൂടാക്കി കൈ കൊണ്ട്‌ നടുവേദന ഉള്ള സ്ഥലത്ത്‌ തിരുമ്മി, തടവി തടവി പതുക്കെ ആ വേദന അലിയിച്ചു കളയുന്ന പോലെ.

അസിസ്റ്റന്റ്റ്കള്‍ ഒരുപാടുണ്ടെങ്കിലും തിരുമ്മല്‍ മിക്കവാറും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. സാധാരണ മസ്സാജര്‍മാരുടെ കടുത്ത പ്രയോഗങ്ങളൊന്നും ഡോക്ടര്‍ സമ്മതിച്ചിരുന്നില്ല.
കടുത്ത പ്രയോഗം എന്നു പറയുമ്പോള്‍ പണ്ട്‌ ഞാന്‍ തിരുവനന്തപുരത്തായിരുന്നപ്പോഴുള്ള ഒരു സംഭവം ഓര്‍മ വരുന്നു. കടുത്ത പുറം വേദന. ബൈക്ക്‌ തുടര്‍ച്ചയായി ഉപയോഗിച്ച്‌ കിട്ടിയതാണെന്ന്‌ മറ്റുള്ളവര്‍ പറയുന്നു. ഒരു കൂട്ടുകാരന്‍ പറഞ്ഞു, നെടുമങ്ങാട്‌ പൂഴിക്കുന്ന്‌ എന്ന്‌ പേരു വിളിക്കുന്ന ഒരു മര്‍മ്മ ചികിത്സാ വിദഗ്ധന്‍ വരുന്നുണ്ട്‌. ചില മര്‍മങ്ങളില്‍ പുള്ളി ഒന്നു തൊട്ടാല്‍ തന്നെ എല്ലാ അസുഖങ്ങളും മാറും!
ഉടനെ പോയി.
വൈദ്യന്‍റെ വീട്ടില്‍ നല്ല ജനത്തിരക്ക്‌. എല്ലാവരും നടുവേദനക്കാരാണെന്നു തോന്നുന്നു. എന്തെങ്കിലുമാകട്ടെ വേദന ഒന്നു മാറിയാല്‍ മതി എന്ന ചിന്തയോടെ ഞാനും ക്യൂവില്‍ നിന്നു. ഒരു പത്തു പതിനാലു പേരുണ്ട്‌. അകത്തു നടക്കുന്നതൊന്നും ഒരു തുണിയിട്ടിരിക്കുന്നതിനാല്‍ കാണാന്‍ സാധിക്കുന്നില്ല. അടുത്തടുത്തെത്തുമ്പോഴേക്കും ചെറുതായി അകത്തെ കാഴ്ചകള്‍ കണ്ടു തുടങ്ങി. ഏതാണ്ട്‌ ഞാന്‍ അടുത്തതായി കേറണം എന്ന ഘട്ടം വന്നപ്പോഴേക്കും ഒരു അത്യാസന്ന നിലക്കാരന്‍ ആരെയോ വണ്ടി ഇടിച്ച്‌ കാലൊക്കെ പിരിഞ്ഞു വളഞ്ഞു നാലഞ്ചു പേര്‍ ചേര്‍ന്ന്‌ എടുത്ത്‌ അവിടെയെത്തി.
സ്വാഭാവികമായും എന്‍റെ ചാന്‍സ്‌ നഷ്ടപ്പെട്ടു. അയാളെ അകത്തു കേറ്റി. വൈദ്യന്‍ കക്ഷിയെ നല്ല വണ്ണം ഒന്നു നോക്കി. പിന്നെ കട്ടിലില്‍ കമിഴ്ത്തിക്കിടത്തി. എന്നിട്ട്‌ മുകളില്‍ കെട്ടി ഞാത്തിയിട്ടിരിക്കുന്ന ഒരു കയറില്‍ പിടിച്ച്‌ കട്ടിലില്‍ വണ്ടി ഇടിച്ചവന്‍റെ രണ്ടു സൈഡിലുമായി എഴുനേറ്റു നിന്നു തന്‍റെ കാലിന്‍റെ പെരുവിരലും നടുവിരലും ചേരുന്ന സ്ഥലം ഉപയോഗിച്ച്‌ വണ്ടി ഇടിച്ചവന്‍റെ കാലില്‍ പിരിഞ്ഞ സ്ഥലത്തിനു മുകളിലായി ചവിട്ടി ഒന്നാഞ്ഞു തിരുമ്മി. അയ്യോ.....എന്ന ആര്‍ത്തനാദം തുടങ്ങിയതേപുറം വേദനയൊക്കെ നെടുമങ്ങാടു തന്നെ ഉപേക്ഷിച്ച്‌ ഞാന്‍ എത്തേണ്ടിടത്തെത്തി.
പക്ഷെ നമ്മുടെ ഡോക്ടര്‍ അത്ര ക്രൂരതയൊന്നും കാണിക്കില്ല. നന്നായി നോക്കും, ആവശ്യമെങ്കില്‍ തിരുമ്മും, മരുന്നു കൊടുക്കും, ആവി കൊള്ളിക്കും, വിയര്‍പ്പിക്കും, നസ്യം ചെയ്യും, പക്ഷെ ഉപദ്രവിക്കില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ചെറിയ ഉഡായിപ്പൊക്കെ ഡോക്ടറുടെ കൈയിലുമുണ്ടെന്നു മനസ്സിലായ ഒരു സംഭവം പറയാം.
ഒരിക്കല്‍ ഒരു മാന്യന്‍ നടുവേദന സഹിക്കാനാവാതെ ഡോക്ടറെ സമീപിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ്‌ ഡോക്ടര്‍ ചികിത്സ നിശ്ചയിച്ചു. മരുന്നു കൊടുത്തു. ഒന്നു തടവി, ആവി കൊള്ളിച്ചു, കടി വസ്തി എന്ന ചികിത്സയും ചെയ്തു. അടുത്തയാഴ്ച വരാനും പറഞ്ഞു.
രോഗി പോയ ശേഷം ഡോക്ടര്‍ തന്‍റെ പ്രിസ്ക്രിപ്ഷന്‍ ഒന്നു കൂടി നോക്കി. മരുന്ന് മാറിയിരിക്കുന്നു. വിളിക്കാനാണെങ്കില്‍ രോഗിയുടെ നമ്പറും കൈയിലില്ല. ഡോക്ടര്‍ക്ക് ടെന്‍ഷനായി. പക്ഷെ ആയുര്‍വേദ മരുന്നല്ലേ..സൈഡ്‌ എഫക്ടൊന്നുമുണ്ടാവില്ലായിരിക്കും. ഡോക്ടര്‍ ആശ്വസിച്ചു.
അടുത്തയാഴ്ച ഡോക്ടര്‍ പറഞ്ഞ പോലെ രോഗി വന്നു. ഭാഗ്യം! വേദന കുറഞ്ഞിരിക്കുന്നു. ആശ്വാസത്തോടെ ഡോക്ടര്‍ പഴയ കുറിപ്പ്‌ എടുത്തു നോക്കി. മാറിപ്പോയ മരുന്നിനു പകരം ശരിയ്ക്കുള്ള മരുന്ന് എഴുതി.
കുറിപ്പ്‌ കിട്ടിയ ഉടനെ രോഗി നോക്കി. മരുന്ന് മാറ്റി എഴുതിയിരിക്കുന്നു. മറ്റേ മരുന്ന് നല്ല വ്യത്യാസമുണ്ടാക്കിയിരുന്നതു കൊണ്ട്‌ മരുന്ന് മാറ്റാന്‍ കക്ഷിയ്ക്ക്‌ തീരെ താല്‍പര്യമില്ല. ഡോക്ടറോട്‌ ചോദിച്ചു.
"എന്തു പറ്റി സറ്‍, മരുന്ന് മാറ്റി എഴുതിയത്‌?"
ഉടനെ വന്നു ഡോക്ടറുടെ മറുപടി

"ആ മരുന്ന് ഈ ഋതുവിനു പറ്റിയതല്ല!"
 
Copyright © '