ഞാന്‍ പഠിക്കുമ്പോ എസ് എസ് എല്‍ സി പരീക്ഷ ഇമ്മിണി വെല്യ സംഭവമായിരുന്നു. ജീവിതം തുടരണോ അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ പലരും ഒരു തീരുമാനമെടുത്തിരുന്നത് എസ് എസ് എല്‍ സി പരീക്ഷയുടെ റിസല്‍റ്റ് വരുന്ന സമയത്തായിരുന്നു. അതു കൊണ്ടു തന്നെ വിദ്യാഭ്യാസകാലഘട്ടത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി എസ് എസ് എല്‍ സി കണക്കാക്കപ്പെട്ടിരുന്നു. കുട്ടികളുടെ ആദ്യത്തെ പൊതു പരീക്ഷയായതുകൊണ്ട് പരീക്ഷയ്ക്കു തയ്യാറെടുക്കാന്‍ പല നിര്‍ദേശങ്ങളും പരീക്ഷ സമയത്ത് പാലിക്കണ്ട നിയമങ്ങളും മറ്റും അധ്യാപകര്‍ തയ്യാറാക്കിയിരുന്നു.
എന്റെ ഓര്‍മയിലുള്ള ചില നിയമങ്ങള്‍ ഇപ്രകാരമായിരുന്നു.
1) ഹാളില്‍ വെള്ളം കുടിയ്ക്കാനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്.
2) മറ്റൊരു സ്കൂളിലെ അധ്യാപകന്‍ പരീക്ഷ വിലയിരുത്താന്‍ ഹാളില്‍ ഉണ്ടായിരിക്കുന്നതാണ്.
3) ഹാളില്‍ മര്യാദകള്‍ പാലിക്കണം. ഉറക്കെ സംസാരിക്കുക, കോപ്പിയടിയ്ക്കുക, മറ്റുള്ളവരുടെ എഴുത്തു തടസ്സപ്പെടുത്തുക, അധ്യാപകരോട് അപമര്യാദയായി പെരുമാറുക, കടലാസ് എറിയുക തുടങ്ങിയവ പാടുള്ളതല്ല
4) വന്നിരിക്കുന്ന അധ്യാപകരുടെ ദേഹത്തോ മറ്റു കുട്ടികളുടെ ദേഹത്തോ മഷി കുടയരുത്.
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഈവക നിയമങ്ങള്‍ സ്കൂളിലെ പരീക്ഷയ്ക്കു മുന്‍പുള്ള അവസാന അദ്ധ്യയന ദിവസമായിരുന്നു വിവരിച്ചു തന്നിരുന്നത്. മിക്കവാറും കിട്ടുന്ന സമയങ്ങളിലെല്ലാം ഓട്ടോഗ്രാഫ് വാങ്ങലും കൊടുക്കലുമായതിനാല്‍ ഇതൊന്നും ആരും തന്നെ ശ്രദ്ധിക്കാറണ്ടായിരുന്നില്ല.
"വിട പറയുമ്പോള്‍ വട വാങ്ങിത്തന്നാല്‍ തിന്നാം...."
"നീ പടിച്ചു പടിച്ചു വെല്യ ഡോക്ടറാകുമ്പോള്‍ കുരച്ചു കുരച്ചു വരുന്ന എന്നെ പരിശോധിക്കാന്‍ മറക്കരുത് സോദരാ......"
എന്നിങ്ങനെയുള്ള കിടിലന്‍ ഓട്ടോഗ്രാഫ് ഡയലോഗുകള്‍ക്കിടയില്‍ ഒരു നിയമവും ചിലവാകുകയില്ല എന്നതാണ് സത്യം.
അങ്ങനെ ഒരു അവസാന ദിവസം.
ഉച്ച വരെ ക്ളാസ് എടുത്തു. നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. നിയമങ്ങള്‍ വിവരിച്ചു. ആശങ്കകളും പ്രവഹിച്ചു. ഊണിനു ശേഷം ക്ളാസില്‍ തിരിച്ചെത്തണമെന്ന നിര്‍ദേശത്തോടെ ക്ളാസ്ടീച്ചര്‍ രാമന്‍സാര്‍ പിരിഞ്ഞു.
ഓട്ടോഗ്രാഫുകളുമായി ഞങ്ങള്‍ മുന്നോട്ടു നീങ്ങി.
പില്‍ക്കാലത്ത് എ ഇ ഓയായി റിട്ടയര്‍ ചെയ്ത് സമീപകാലത്ത് അന്തരിച്ച രാമന്‍സാര്‍ തടിച്ച് ഇരുനിറത്തില്‍ ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. മുണ്ടുടുത്ത് ക്ളാസില്‍ വരുന്ന അദ്ദേഹം പുറകില്‍ നിന്ന് നോക്കിയാല്‍ ക്ളാസിലെ ഒരു കുട്ടി എന്നേ തോന്നുമായിരുന്നുള്ളൂ. ഇംഗ്ളീഷും സാമൂഹ്യപാഠവുമായിരുന്നു സാറിന്റെ വിഷയം.
ഞങ്ങള്‍ പഠിച്ച ഇംഗ്ളീഷ് രണ്ടാം പാഠപുസ്തകമായിരുന്ന ചന്ദുമേനോന്റെ ഇന്ദുലേഖയിലെ നായികയെ പത്താം ക്ളാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെ മനസ്സില്‍ മലമ്പുഴ യക്ഷിയുടേതു പോലെ അവയവ പുഷ്ടിയുള്ള ഒരു സ്ത്രീയാക്കി അവതരിപ്പിച്ചതില്‍ സാറിനുള്ള പങ്ക് ചില്ലറയല്ല.
ഒരിക്കല്‍ സാമൂഹ്യപാഠം പഠിപ്പിക്കുമ്പോള്‍ സാര്‍ ക്ളാസിനോടായി ചോദിച്ചു. ഈജിപ്തിനെയും സിറിയയെയും വേര്‍തിരിക്കുന്ന കടലിടുക്കേത്.
ചോദ്യം ക്ളാസിനോടാണെങ്കിലും ഉത്തരം സാര്‍ പ്രതീക്ഷിക്കുന്നത് ഞാനടങ്ങുന്ന ഒന്നുരണ്ടു പേരില്‍ നിന്നാണ്.
ചോദ്യം തീരും മുന്‍പ് സ്ഫോടനം പോലെ എന്റെ മറുപടി വന്നു.
"പനാമാാാാ...... "മണ്ടത്തരം തികഞ്ഞ കോണ്‍ഫിഡന്‍സോടെ പറയുന്ന കേട്ട് വന്ന ദേഷ്യം കടിച്ചമര്‍ത്തി സാര്‍ മുരണ്ടു.
"പനാമയല്ലടാ... ബെര്‍ക്കിലി! " (അന്നത്തെ ഏറ്റവും പ്രശസ്തമായ സിഗരട്ടുകളായിരുന്നു ബെര്‍ക്കിലിയും പനാമയും!)
ഊണുസമയം കഴിഞ്ഞ് ബെല്ലടിച്ചപ്പോള്‍ കുട്ടികള്‍ ക്ളാസിലെത്തി. രാമന്‍സാര്‍ എല്ലവര്‍ക്കും പരീക്ഷാ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ വിദ്യാഭ്യാസകാലം അവസാനിച്ചതായി ഔപചാരികമായി പ്രഖ്യാപിച്ചു. കുട്ടികള്‍ പരസ്പരം കൈകൊടുത്ത് ആശംസകള്‍ നേരാനും നിര്‍ദേശിച്ചു. പല ഗ്രൂപ്പുകളായി ഞങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നെണീറ്റ് ആശംസകള്‍ കൈമാറി.
ഇതിനിടെ ഊണുകഴിഞ്ഞ് അതീവ രഹസ്യമായി സ്റ്റാഫ് റൂമിനടുത്തു ചെന്ന് ഉച്ചയ്ക്കു ശേഷം പത്താം ക്ളാസുകാര്‍ക്ക് ക്ളാസില്ല എന്ന അരമനരഹസ്യം മനസ്സിലാക്കിയ ഒരു മിടുക്കന്‍ ക്ളാസിലേക്ക് പാഞ്ഞുവന്നു.
ക്ളാസിന്റെ പ്രധാന വാതിലില്‍ നിന്നും രണ്ടു കൈയുകളും ഉയര്‍ത്തി ഉയര്‍ന്നു ചാടി ആദ്യം കണ്ട കൂട്ടുകാരന്റെ പുറത്ത് ആഞ്ഞടിച്ച് കക്ഷി അട്ടഹസിച്ചു.
"ഉച്ച കഴിഞ്ഞ് ക്ളാസില്ലടാ...ക്ളാസ് വിട്ടൂൂൂൂൂ......"
ഈ സമയം അപ്രതീക്ഷിതമായി തനിക്കു കിട്ടിയ സമ്മാനത്തില്‍ തെറിച്ചു വീണ രാമന്‍സാര്‍ രണ്ടു ഡസ്കുകള്‍ക്കിടയില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു.
Thursday, August 4, 2011
Subscribe to:
Post Comments (Atom)
1 comments:
ha ha ha .raaman sar..
Post a Comment