ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Wednesday, September 21, 2011

ഹിന്ദി ഹമാരി രാഷ്ട്രഭാഷ....

ഹിന്ദി ഇമ്മിണി ബെല്യ സംഭവം തന്നെയാണ്‌. പ്രത്യേകിച്ചും കാണാതെ പഠിച്ച്‌ ജയിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌. പക്ഷെ കാണാതെ പഠിച്ചാലും തരക്കേടില്ലാത്ത മാര്‍ക്ക്‌ വാങ്ങിയിരുന്നതിനാലാവണം സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന പട്ടത്തി രാധ ടീച്ചര്‍ക്കും ഓമനമ്മ ടീച്ചര്‍ക്കുമൊക്കെ എന്നെ വെല്യ കാര്യമായിരുന്നു. ക്ളാസില്‍ എന്താണോ പഠിപ്പിച്ചത്‌ അത്‌ അങ്ങനെ തന്നെ പേപ്പറില്‍ കാണും. കാണാതെ പഠിക്കുകയല്ലേ...ഉദാ: ബം ഫട്നേ കീ ആവാസ്‌ സുന്‍കര്‍ ലോഗ്‌ കാപ്‌ ഉഠേ.... ഗുരു ഗോവിന്ദ്‌ ദോവൂം ഖടേ കാകേ ലാഗും പായ്‌ ബലിഹാരി ഗുരു അപ്നേ ജിന്‍ ഗോവിന്ദ്‌ ദിയോ ബതായ്‌...
കാണാതെ പഠിച്ച്‌ ജയിച്ച പലരും ഇപ്പോ അഭിമാനം കൊള്ളുന്നുണ്ടാകും. വേണ്ട! പെരുമ്പാവൂര്‍ ഭാഗത്തേക്കൂടെ ഒരു റൌണ്ട്‌ കറങ്ങിയാല്‍ എല്ലാ അഭിമാനവും പമ്പ കടന്നോളും. ഇവിടെ ഒരു കൂട്ടം പുതിയ അവതാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. അന്യ സംസ്ഥാനതൊഴിലാളികള്‍!
പണ്ട്‌ തമിഴ്‌ നാട്ടുകാരായ തൊഴിലാളികള്‍ ധാരാളമായി നമ്മുടെ നാട്ടില്‍ വരികയും ജോലി ചെയ്യുകയും ചെയ്തിരുന്നു. അത്യാവശ്യം മലയാളവും തമിഴും തമ്മില്‍ ഒരു സാമ്യമുണ്ടായിരുന്നതു കൊണ്ട്‌ ഒരു വെടിയ്ക്കുള്ള തമിഴ്‌ നമ്മളും മലയാളം അവരും പഠിച്ചിരുന്നു. മിക്കവാറും എല്ലാ വാക്കുകളുടെയും കൂടെ "അത്‌" എന്നു ചേര്‍ത്തിരുന്ന പെരുമ്പാവൂരുകാര്‍ (ഉദാ: പറ്റില്ലത്‌...സാരല്ലത്‌...കൊഴപ്പല്ലത്‌) "പറവല്ലത്‌" എന്നും മറ്റും പറയാന്‍ പഠിച്ചിരുന്നു. പക്ഷെ... ഈ വക കളികളെല്ലാം അന്യ സംസ്ഥാന തൊഴിലാളികളുടെ മുന്‍പില്‍ ചീറ്റി പണ്ടാരമടങ്ങി. ഗഫൂര്‍ക്കാ ദോസ്ത്‌, മുഝേ മാലുംംം...എനിക്ക്‌ ഹിന്ദി അറിയാന്‍ മേലാന്ന്‌ ഈ മറുതായ്ക്ക്‌ പറഞ്ഞു കൊടുക്കെടാ എന്ന മട്ടിലായി കാര്യങ്ങള്‍....വാഴ നടാനായി തടമെടുക്കാന്‍ ഭായിമാരെ വിളിച്ച്‌ പറഞ്ഞു കൊടുക്കാന്‍ സാധിക്കാതെ നാട്ടുകാര്‍ നട്ടം തിരിഞ്ഞു. ആവോ ഭായി...യഹാം ഏക്‌ തോഡ്‌ ബനാവോ, ഏക്‌ കുഴി ബനാവോ...എന്നും മറ്റും പറയേണ്ടി വന്നു.
ഇങ്ങനെയിരിക്കുന്നതായ അവസരത്തിങ്കല്‍ ഒരു ദിവസം പാവം പത്രജീവനക്കാരനായ ഞാന്‍ രാത്രി ജോലി കഴിഞ്ഞ്‌ പെരുമ്പാവൂരില്‍ വന്നിറങ്ങാനിടയായി. 
പേ ആന്‍ഡ്‌ പാര്‍ക്കില്‍ വെച്ചിരിക്കുന്ന വാഹനത്തിന്റെ സമീപത്തേക്ക്‌ നടന്നു കൊണ്ടിരിക്കുന്ന എന്റെ പുറകേ ഒരു നിഴല്‍.....രാത്രിയല്ലേ...ആരെയും വിശ്വസിക്കാനാകാത്ത കാലം. പോരാത്തതിന്‌ പെരുമ്പാവൂരില്‍ നിറയെ മറുഭാഷക്കാരും. മോനേ പരിചയമില്ലാത്ത ആളുകളുമായൊന്നും മിണ്ടരുത്‌. ആരും തരുന്നതൊന്നും വാങ്ങിക്കഴിക്കരുത്‌...അമ്മയുടെ ഉപദേശവും.
ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി. അപ്പോഴതാ നിഴലും സ്പീഡു കൂട്ടുന്നു. ശൂ ശൂ...എന്നുള്ള വിളിയും കേള്‍ക്കുന്നുണ്ട്‌.
ഒന്നു രണ്ട്‌ ആളുകളെ കണ്ടതോടെ ഞാന്‍ നിന്നു. പുറകിലെ നിഴല്‍ പതുക്കെ അടുത്തെത്തി. വെളുത്ത ഒരു പയ്യന്‍. ഒരു മുഷിഞ്ഞ ബാഗും കൈയിലുണ്ട്‌. അടുത്തെത്തി അവന്‍ വിളിച്ചു.
"ഭായ്‌.... "
ഹിന്ദിക്കാരന്‍ തന്നെ. അവന്‍ തുടര്‍ന്നു.
"ഭായി...യേ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാണ്റ്റ്‌..." പിന്നെ കൈ കൊണ്ട്‌ എവിടെ എന്ന ആംഗ്യവും.
ഓമനമ്മ ടീച്ചറും പട്ടത്തി രാധ ടീച്ചറും പിന്നെ നേ കോ സേ കാ കേ കി മേം പര്‍ ഒക്കെ എന്റെ മനസ്സിലേക്കെത്തി.
ഞാന്‍ കൈ സ്റ്റാണ്റ്റിന്റെ സൈഡിലേക്ക്‌ ചൂണ്ടി. പറഞ്ഞു. "ഗോ"
ഉടനെ അവന്‍.. "കിത്നാ ദൂര്‍ ഹേ ഭായ്‌"
കൊഴഞ്ഞു. ഇനി ഈ മറുതായോട്‌ എന്തു പറയും....
"ഏക്‌ കിലോമീറ്റര്‍"
"സിര്‍ഫ്‌ ഏക്‌ കിലോമീറ്റര്‍?"
എന്താടാ ദൂരം കൂട്ടണോ എന്നാണു ചോദിക്കാന്‍ തോന്നിയതെങ്കിലും സംയമനം പാലിച്ച്‌ ഞാന്‍ പറഞ്ഞു. "ഹാം"
അടുത്തതായി എവിടെ പോകാനാ എന്നു ചോദിക്കണമെങ്കില്‍ തും ചേര്‍ക്കണ്ടേ...തും കര്‍ത്താവായി വരുമ്പോള്‍ ഹോ ചേര്‍ക്കണം. തും കഹാം ജാ രഹേ ഹോ? ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ആദ്യമായി കാണുന്നയാളായതുകൊണ്ടും പയ്യനായതു കൊണ്ടും രാത്രിയായതു കൊണ്ടും ആപ്‌ വേണ്ട. ആപ്‌ ആണെങ്കില്‍ ഹേ മതി. ഞാന്‍ മനസാ ഓമനമ്മ ടീച്ചര്‍ക്കു നന്ദി പറഞ്ഞു.
"ശുക്രിയാ സാബ്‌, കുഛ്‌ ലോഗ്‌ മുഝേ ഗലത്‌....ഗലത്‌....വഴി ബതായാ.... "
"വ....വഴിയോ.....തു മലയാളം ബോല്‍താ ഹേ? " ഞെട്ടലോടെ ഞാന്‍ ചോദിച്ചു.
"അതെ. ചേട്ടന്‍ മലയാളിയാണോ?"
ഭായിയതാ നല്ല കലക്കന്‍ മലയാളം പറയുന്നു.
"പന്ന !്‌*%++*(*)*+%* മോനേ ...." നട്ടപ്പാതിരായ്ക്ക്‌ കാണാതെ പഠിച്ച ഹിന്ദി ഓര്‍ത്തെടുത്ത്‌ പറയേണ്ടി വന്ന ദേഷ്യത്തോടെ ഞാന്‍ അലറി. "എന്നിട്ടാണോടാ മറുഭാഷേ ചോദിച്ചെ? "
പേടിച്ച്‌ ചുരുണ്ട മലയാളി ഭായി ഒരു പൊട്ടലോടെ കരച്ചിലാരംഭിച്ചു.
"ചേട്ടാ....എട്ടു മണിയ്ക്കു വന്നിറങ്ങിയതാ....കണ്ടവരും ചോദിച്ചവരുമൊക്കെ ഹിന്ദിക്കാരായിരുന്നു...പാലക്കാടു പോകാനാ....വഴി ചോദിച്ചപ്പോ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കാണിച്ചു. വെളിച്ചം കണ്ട വഴിയേ പോയി...അഞ്ചു പത്തു കിലോമീറ്റര്‍ നടന്നു. ഹിന്ദി അറിയാന്‍ മേലാ...പണ്ട്‌ എങ്ങനെയാണ്ട്‌ ജയിച്ചതാ.... "
എങ്ങനെയാണ്ട് ജയിച്ചതാ എന്ന വാക്ക് എന്റെ ഹൃദയത്തിലെവിടെയോ തറച്ചു കയറി.
"സാരമില്ല പോട്ടെ...നേരെ പോയാ മതി. സ്റ്റാന്‍ഡിലെത്തും.... "
ഹിന്ദി അറിയാന്‍ മേലാത്ത ഒരുത്തനോടു ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരോടാ ക്ഷമിക്കുക....

1 comments:

സുധി അറയ്ക്കൽ said...

ഹ ഹ ഹ .പിന്നേ പിന്നേ,ആരോടും ക്ഷമിക്കാൻ കഴിയത്തില്ല.

Post a Comment

 
Copyright © '