ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന കഥയാണ്.
ഇദ്ദേഹത്തിന്റെ ബന്ധത്തിലാരോ ബാംഗ്ളൂരില്‍ നിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു കൊടുത്തു. കൂട്ടത്തില്‍ ഒരുപദേശവും. ചോലയില്ലാത്ത സ്ഥലത്തു നടണം. വെയിലേറു കിട്ടിയാലേ മുന്തിരി കായ്ക്കൂ. പിന്നെ, ചെറിയ വളം എന്തെങ്കിലും മതി. ഇടയ്ക്ക് ഇറച്ചിച്ചോര ഒഴിച്ചു കൊടുക്കണം. ഇറച്ചിക്കടകളില്‍ നിന്നുള്ള വെയിസ്റ്റ് ആയാലും മതി.
അപൂര്‍വ സാധനങ്ങള്‍ എന്ന കാറ്റഗറിയില്‍ പെടുത്തി കക്ഷി മുന്തിരിവള്ളിയെ നല്ല ഒരു ദിവസം നോക്കി വീടിന്റെ മുറ്റത്ത് പ്രധാന വാതിലിന്റെ സമീപത്തായി നട്ടു. (കുഴിച്ചിട്ടു!)ആരോടൊക്കെയോ ചോദിച്ചും പിടിച്ചും കക്ഷി വളരുന്ന മുന്തിരിവള്ളിയെ ഒരു കുഞ്ഞിനെയെന്നോണം പരിപാലിച്ചു. സമയാസമയങ്ങളില്‍ ഇല കോതിക്കളഞ്ഞു. നന്നായി നനച്ചു, മുന്‍വാതിലിന്റെ മുകളിലൂടെ ഒരു ചെറിയ കയര്‍ കെട്ടി മുന്തിരിവള്ളിയെ അതിലൂടെ റൂട്ട് ചെയ്തു.
പക്ഷേ....
സാധാരണ മുന്തിരി കുലയ്ക്കുന്ന കാലം കഴിഞ്ഞിട്ടും സംഗതി കുലയ്ക്കുന്ന യാതൊരു ലക്ഷണവും കാണാനില്ല. ഇലകളൊക്കെ പടര്‍ന്ന് മുന്‍വാതിലിനു മുകളില്‍ ഒരു ചെറിയ പന്തലിട്ട പോലെ, മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ ചെടികള്‍ പടര്‍ത്തിയ പോലെ നല്ല കലക്കനായി മുന്തിരിവള്ളി പടര്‍ന്നു നില്‍ക്കുന്നു. പക്ഷെ എന്നതാ..കുലച്ചിട്ടില്ല.
ഇതിനിടെ മറ്റൊരു സംഭവമുണ്ടായി. കക്ഷിയ്ക്ക് കല്യാണമാലോചിച്ചു തുടങ്ങി. എല്ലാ ദിവസവും ഓരോരോ മൂന്നാമന്‍മാര്‍ വീട്ടില്‍ കയറിയിറങ്ങി ചായയും കുടിച്ച് പോകുന്നതല്ലാതെ പറ്റിയ ഒരു ബന്ധവും ഒത്തു വന്നില്ല. ബന്ധുക്കള്‍ കൊണ്ടു വരുന്ന ബന്ധങ്ങളും വിചാരിച്ച പോലെ അങ്ങ് ഒത്തു വരുന്നില്ല.
അങ്ങനെയിരിക്കേ ഒരു ദിവസം വഴിയേ പോയ ഒരു കൈനോട്ടക്കാരന്‍ വീട്ടില്‍ കയറി വന്നു.
"അയ്യാ...കൈ നോക്കി ലക്ഷണം ശൊല്ലട്ടുമാ... "
സാധാരണ ഇത്തരം കക്ഷികളെ പറ്റിയാല്‍ തല്ലിയോടിക്കാന്‍ പോലും മടിയ്ക്കാത്ത സുഹൃത്തിന്റെ അച്ഛന്‍ ഈ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി കൈ നോട്ടക്കാരനെ വീട്ടിനുള്ളില്‍ വിളിച്ചു കേറ്റി.
കയറുമ്പോള്‍ തന്നെ അച്ഛന്റെ പോക്കറ്റില്‍ ഒരു അമ്പതു രൂപ നോട്ട് കിടക്കുന്നതു ശ്രദ്ധിച്ചതിനാലാകണം കക്ഷി ഇങ്ങനെ തുടങ്ങി.
"അയ്യാ...റൊമ്പ ഐസ്വര്യമാന കൈ. ഏതാവത് ദക്ഷിണ കൊടുങ്കളേ....ബാക്കി കണിശമാ ശൊല്ലിത്തറേന്‍.... "
ഇത്ര ഉറപ്പോടെ കൈനോട്ടക്കാരന്‍ പറയുന്ന കേട്ടതോടെ അച്ഛന്‍ പോക്കറ്റിലിരുന്ന അമ്പതു രൂപയുടെ ഉള്ളില്‍ നിന്നും ഒരു പത്തു രൂപയെടുത്തു കൊടുത്തു. മുഖം അല്‍പം മങ്ങിയെങ്കിലും ഇനിയും ദക്ഷിണ കിട്ടാനുള്ള സ്കോപ്പ് മുന്നില്‍ കണ്ടതിനാലാകണം കക്ഷി തുടര്‍ന്നു.
"അയ്യാ...ഉങ്കളുടെ പയ്യനുക്ക് ഇനിയും കല്യാണം ആയില്ല അല്ലേ.... "
"അയ്യോ...." അച്ഛന്റെ കണ്ണ് തുറിച്ചു മലര്‍ന്നു. എത്ര കൃത്യം! പുള്ളി മനസ്സിലോര്‍ത്തു. അച്ഛന്റെ ചിന്തകള്‍ക്കൊപ്പം തന്നെ കൈ നോട്ടക്കാരന്റെ കൈകളും ദക്ഷിണയ്ക്കായി മുന്നോട്ടു നീങ്ങി. അച്ഛന്‍ അറിയാതെ തന്നെ ഒരു പത്തു രൂപ കൂടി കൈ നോട്ടക്കാരന്റെ കൈകളിലെത്തി.
"അയ്യാ..ഉങ്കളുടെ പയ്യനു നല്ല സംബന്ധം വറും. നല്ല സമയം വരപ്പോവുത്."
ഇത്രയും പറഞ്ഞ ശേഷം കക്ഷി ചുറ്റും നോക്കി. അതാ നില്‍ക്കുന്നു ഒരു മുന്തിരിവള്ളി. നന്നായി നിറഞ്ഞ് വളര്‍ന്ന് ഒരു കുല പോലുമില്ലാതെ.
"അയ്യാ...ഇന്ത വള്ളി നല്ലാ പാത്തുക്കോ...ഇത് ഉടനേ നന്നായി കൊലച്ചിടും. അപ്പോത്താന്‍ ഉങ്കളുടെ പയ്യനുക്കു സംബന്ധം ആകപ്പോവുത്. "
അച്ഛന്‍ ഫ്ളാറ്റ്! കൈനോട്ടക്കാരന്‍ ഉന്നം വെച്ച അമ്പതു രൂപ കൂടി പോയിക്കിട്ടി.
പിന്നെ വീട്ടിലെല്ലാവര്‍ക്കും മുന്തിരിവള്ളിയോട് ഒരു പ്രത്യേക സ്നേഹമായിരുന്നു. എല്ലാവരും കിട്ടാവുന്നത്ര ഇറച്ചിച്ചോര കൊണ്ടു വന്ന് വള്ളിയ്ക്കൊഴിച്ചു കൊടുക്കും. ഇലകള്‍ കോതാന്‍ സഹായിക്കും, പന്തല്‍ പരിപാലിക്കും എന്നു വേണ്ട വിചാരിച്ച സമയം കൊണ്ട് വള്ളി കായ്ച്ചു.
നല്ല സുന്ദരന്‍ ഒരു കുല.
കുലയുടെ ആദ്യ രൂപം കണ്ട അന്നു തന്നെ ഒരു മൂന്നാന്‍ ഒരു ജാതകം കൊണ്ടു വന്നു. ഉത്തമ പൊരുത്തം - ജ്യോത്സ്യനും പറഞ്ഞു. എന്തിനേറെപ്പറയുന്നു, കല്യാണം ഒത്തു. ചെറുക്കനു പെണ്ണിനെയും പെണ്ണിനു ചെറുക്കനെയും ക്ഷ പിടിച്ചു. പക്ഷെ ഒരു പ്രശ്നം. കന്നി മാസത്തില്‍ കല്യാണം പാടില്ല. തുലാമാസത്തില്‍ മഴ, വൃശ്ചികമാസത്തില്‍ ശബരിമല വ്രതം, ധനു മാസത്തില്‍ ചെറുക്കന്റെ പിറന്നാള്‍-മകരത്തിലേ കല്യാണം നടത്താന്‍ പറ്റൂ. അഞ്ചു മാസം. ചെറുക്കനും പെണ്ണുമൊഴികേ എല്ലാവരും ഓക്കെ പറഞ്ഞു. കല്യാണം തീരുമാനിച്ചു.
കുല പതുക്കെ പതുക്കെ വലുതായിത്തുടങ്ങി. അതും വീട്ടു വാതില്‍ക്കല്‍ത്തന്നെ. ആദ്യമായി ഉണ്ടായ കുലയല്ലേ എല്ലാവരും കൌതുകത്തോടെ നോക്കി നില്‍ക്കും. പയ്യെപ്പയ്യെ കുല നിറം വെച്ചു തുടങ്ങി. വീട്ടിലെ എല്ലാവരും വീടിനു പുറത്തിറങ്ങുമ്പോഴും തിരിച്ചു കേറുമ്പോഴും കുല ഒന്നു നോക്കും. ചെറുതായി ഒന്നു തൊട്ടു നോക്കും. പതുക്കെ ഒന്നു ഞെക്കി നോക്കും.
ഇല്ല പഴുത്തില്ല. കുറച്ചൂടെ കഴിയട്ടെ.
ചെറുക്കന്‍ എന്നും പെണ്ണിനെ വിളിയ്ക്കും. അവരുടെ സൊറ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മുന്തിരിക്കുല ഒരു പ്രധാന വസ്തുവായി മാറി. പെണ്ണിന് എത്രയും വേഗം കല്യാണം കഴിഞ്ഞ് എങ്ങനെയെങ്കിലും മുന്തിരിവള്ളിയുടെ അടുത്ത് എത്തിയാല്‍ മതിയെന്നായി.
ഇതിനിടെ ഒരു ദിവസം, ചെറുക്കന്റെ ഭാഗത്തു നിന്നും കല്യാണത്തിനു പോകണ്ടവരുടെയും റിസപ്ഷനു പോകണ്ടവരുടെയും ലിസ്റ്റ് ഉണ്ടാക്കാനും സ്വര്‍ണം, തുണി എന്നിവ എടുക്കാനുമായി വീട്ടില്‍ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. വിസിറ്റേഴ്സ് റൂമില്‍ വട്ടം കൂടി എല്ലാവരും വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ പുറത്തു നിന്നും കോളിംഗ് ബെല്ലിനൊപ്പം ഒരു ശബ്ദം കേട്ടു.
"എനിക്കങ്ങോട്ടു വരാമല്ലോ അല്ലേ?"
ശബ്ദം കേട്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും ആളെ മനസ്സിലായി. വര്‍ഷങ്ങളോളം കുട്ടികളെ പഠിപ്പിച്ചും റിട്ടയര്‍ ചെയ്ത ശേഷം ട്യൂഷനെടുത്തും പാറപ്പുറത്ത് ചെരട്ടയിട്ടൊരയ്ക്കുന്ന പോലെ ശബ്ദം മാറിപ്പോയ എന്റെ സുഹൃത്തിന്റെ ഭാവി അമ്മായിയപ്പനാണ്.
"വാ..വാ..കയറിവാ..ഞങ്ങള്‍ കല്യാണത്തിനെപ്പറ്റിത്തന്നെ സംസാരിച്ചോണ്ടിരിക്കുവായിരുന്നു." സുഹൃത്തിന്റെ അച്ഛന്‍. അതോടൊപ്പം തന്നെ ചായയെടുക്കാന്‍ അകത്തേക്ക് ഒരു ഓര്‍ഡര്‍ കൊടുക്കുകയും ചെയ്തു.
"ചായ വേണ്ട!" അമ്മായിയച്ഛന്‍.
"ഹ, അതെന്നാ വര്‍ത്താനമാ..വീട്ടില്‍ കേറി വന്നേച്ചും ചായ വേണ്ടാന്നൊക്കെ പറഞ്ഞാ.."അച്ഛന്‍.
"അതു കൊണ്ടല്ലെന്നേ..ആ മുന്തിരിയ്ക്ക് നല്ല പുളിയായിരുന്നു. ചായ മേളീക്കോടെ കഴിച്ചാ ചെലപ്പം പിരിയും"
"മു..മുന്തിരിയോ... "
"അതെ...ഇവിടെ വാതുക്കെത്തന്നെ കിളിച്ചതായതു കൊണ്ട് കഴുകാനും മറ്റും നോക്കിയില്ല. അവിടെ വെച്ചുതന്നെ അഞ്ചാറെണ്ണം കഴിച്ചു. ബാക്കി പുളിയായ കൊണ്ട് ഒരു വീക്കും വെച്ചു കൊടുത്തു! - മുന്തിരിങ്ങയല്ലേ ചെലപ്പം പുളിക്കും!"
1 comments:
കന്നി മാസത്തില്‍ കല്യാണം പാടില്ല. തുലാമാസത്തില്‍ മഴ, വൃശ്ചികമാസത്തില്‍ ശബരിമല വ്രതം, ധനു മാസത്തില്‍ ചെറുക്കന്റെ പിറന്നാള്‍-മകരത്തിലേ കല്യാണം നടത്താന്‍ പറ്റൂ. അഞ്ചു മാസം. ചെറുക്കനും പെണ്ണുമൊഴികേ എല്ലാവരും ഓക്കെ പറഞ്ഞു. കല്യാണം തീരുമാനിച്ചു.ഽ/////////പെണ്ണിന് എത്രയും വേഗം കല്യാണം കഴിഞ്ഞ് എങ്ങനെയെങ്കിലും മുന്തിരിവള്ളിയുടെ അടുത്ത് എത്തിയാല്‍ മതിയെന്നായി////////
ഹ ഹ ഹ .അയ്യോ.കൊല്ലെന്നെ.
Post a Comment