ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Monday, September 24, 2012

ചില കോഴിക്കഥകള്‍

ന്‍റെ തൊട്ടടുത്ത വീട്ടിലെ ചേടത്തി കുറേ കോഴികളെ വളര്‍ത്തിയിരുന്നു.
അവരുടെ പ്രധാന വരുമാനം കോഴികള്‍ തന്നെ എന്നു പറയുന്നതാണ്‌ ശരി. പണ്ടത്തെ ഒരു ചൊല്ലു പറയുന്നതു പോലെ വെല്ലവന്‍റെയും പറമ്പു കണ്ട്‌ കോഴിയെ വളര്‍ത്തുകയായിരുന്നു ചേടത്തി! അവരുടെ കോഴികള്‍ ഞങ്ങളുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ചിരികള്‍ ഉണര്‍ത്തി ഇപ്പോഴും ഞങ്ങളുടെ പറമ്പിലൂടെ കൊത്തിയും ചിക്കിപ്പെറുക്കിയും നടക്കുന്നു.
രാവിലെ ഒരു ആറു മണിയാകുമ്പോള്‍ ചേടത്തി കോഴികളെ തുറന്നു വിടും.
വലിയ വലിയ കോഴികള്‍ തനിയെ ഞങ്ങളുടെ പറമ്പിലെത്തിക്കോളും. ചെറുതുകളെയും കുഞ്ഞുങ്ങളെയും മറ്റും ചേടത്തി പതിയെ പൊക്കി ഞങ്ങളുടെ മതിലിനു മുകളില്‍ വെക്കും. അവിടെ നിന്നും അവറ്റ പതിയെ പറമ്പിലേക്കിറങ്ങിക്കോളും.

ഞങ്ങള്‍ ചിരിച്ച കഥകള്‍ എല്ലാവരെയും ചിരിപ്പിക്കണമെന്നില്ല എങ്കിലും അവ ഇങ്ങനെ ആയിരുന്നു.

വളരെ ചെറുപ്പത്തിലെ കഥയാണ്‌.
പല പ്രാവശ്യം കോഴികളെ പറമ്പിലേക്കു വിടരുത്‌ എന്ന ഞങ്ങളുടെ നിവേദനം ചേടത്തി തൃണവല്‍ഗണിച്ചതു കൊണ്ട്‌ ഗത്യന്തരമില്ലാതെ, ചിലപ്പോള്‍ കോഴികളുടെ എണ്ണം കുറഞ്ഞാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന പ്രഖ്യാപനം അച്ഛന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ആ ധൈര്യത്തില്‍ ഒരിക്കല്‍ ഞാന്‍ ഒരു കല്ലേടുത്ത്‌ കോഴിക്കൂട്ടത്തിലേക്കെറിഞ്ഞു.
കീ കീ എന്ന ഒരു ശബ്ദം കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ കോഴികള്‍ രണ്ടു മൂന്നെണ്ണം ചിറകുകള്‍ പരസ്പരം തല്ലി ചോര തെറിപ്പിച്ച്‌ ഉയര്‍ന്നു പൊങ്ങി തൂവലുകള്‍ പറത്തി ഭീകര ദൃശ്യം തീര്‍ക്കുന്നു.
ഞാന്‍ ഭയങ്കര ധൈര്യവാനായതു കൊണ്ട്‌ ജീവനും കൊണ്ടോടി.
ഏകദേശം ഒന്നു രണ്ടു മണിക്കൂറ്‍ കഴിഞ്ഞ്‌ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ രണ്ടെണ്ണം അല്‍പ ജീവനായി അവിടെ കിടപ്പുണ്ട്‌.
ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന ഉറപ്പോടെ ഞാന്‍ ഒരു തെങ്ങിന്‍ കുഴിയിലെ അല്‍പം മണ്ണു മാറ്റി ഒരു കമ്പു കൊണ്ട്‌ കോഴികളെ കുത്തി കുഴിയിലാക്കി. അല്‍പം മണ്ണു മൂടി. ബാക്കി ഓലകളും മറ്റുമിട്ട്‌ മൂടി. പതുക്കെ വീട്ടിനകത്തു കേറി വാതിലടച്ചു.
കുറേ നേരം അതു തന്നെ ചിന്തിച്ചു കിടന്ന്‌ ഞാന്‍ ഉറങ്ങിപ്പോയി.

"ഡാ....." ഒരു വിളി.
അമ്മയാണ്‌.
"നീ ചേടത്തിയുടെ കോഴികളെ കല്ലെറിഞ്ഞു കൊന്നോ?"
"ഇല്‍.............. "
"നുണ പറയണ്ടാ.. "
ഇത്രയായപ്പോഴേയ്ക്കും എനിക്കുറപ്പായി. കോഴികളുടെ എണ്ണം കുറഞ്ഞപ്പോ ചേടത്തി പരാതി പറഞ്ഞിരിക്കുകയാണ്‌. രണ്ടെണ്ണം കുറഞ്ഞിട്ടുണ്ട്‌. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന ലോജിക്കില്‍ ഇറങ്ങിയിരിക്കുകയാണ്‌.
പക്ഷെ ഇത്തവണ പിടിക്കപ്പെടുകയില്ല. കാരണം കല്ലെറിയുന്നതും കൊല്ലുന്നതും കുഴിച്ചിടുന്നതുമൊന്നും ആരു ം കണ്ടിട്ടില്ല.
"ഏയ്‌..ഞാനല്ല. ഞാനാണെങ്കില്‍ സമ്മതിക്കാതിരിക്കേണ്ട കാര്യമെന്താ... "
"ഏയ്‌ അവനല്ല. അവനാണെങ്കില്‍ സമ്മതിക്കും."
ചേടത്തിയോട്‌ അമ്മ. പുത്രസ്നേഹം!
ചേടത്തി സമാധാനത്തോടെ പോയി. അവനല്ല. അവനാണെങ്കില്‍ പറഞ്ഞേനെ.
ഞാന്‍ ഓടി അകത്തു കേറി വാതിലടച്ചു. ദൈവം തമ്പുരാനു നന്ദി പറഞ്ഞു. അധിക സമയം കഴിഞ്ഞില്ല. വീണ്ടും അമ്മയുടെ വിളി.
"ഡാ... "
നല്ല കുട്ടിയായി പുറത്തെത്തിയ ഞാന്‍ സത്യമായും ഭൂമി പിളര്‍ന്ന്‌ അപ്രത്യക്ഷനാകാന്‍ ആഗ്രഹിച്ചു. എന്‍റെ കാലന്‍ തെങ്ങു കയറൂന്ന അയ്യപ്പന്‍ ചേട്ടന്‍റെ രൂപത്തില്‍ രണ്ടു കോഴികളുടെ ഡെഡ്ബോഡികളുമായി നില്‍ക്കുന്നു.
കൂടെ ഒരു ചോദ്യവും.

"ഞാന്‍ തെങ്ങിന്‍റെ മുകളിലിരുന്നു കണ്ടതാ... മോന്‍ കല്ലെറിഞ്ഞു കൊന്നു കുഴിച്ചിട്ട ഈ കോഴിക്കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ടുപൊയ്ക്കോട്ടെ...... "

മറ്റൊരിക്കല്‍ എന്തോ ചുറ്റിക്കളിയുമായി വീടിനു പുറത്തിറങ്ങിയ ഞാന്‍ കണ്ടത്‌ നിരനിരയായി നട്ടിരിക്കുന്ന ജാതി തൈകളുടെ കട ചിക്കിച്ചികഞ്ഞു നശിപ്പിക്കുന്ന മുട്ടക്കാട്ടന്‍ കോഴികളെയാണ്‌.
പതുക്കെ ഒരു കല്ലെടുത്ത്‌ ശബ്ദമുണ്ടാക്കാതെ ഞാന്‍ ഒരു കോഴിയുടെ റേഞ്ചിലെത്തി.
എറിയാനായി കൈ ഉയര്‍ത്തിയ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു കോഴിയുടെ ഭാഗത്തു നിന്നുമുണ്ടായത്‌.

"ഠെങ്ങ്‌!"
എന്ന ഒരു സ്ഫോടനാത്മകമായ ഭാവത്തോടെ കോഴി ഒന്നു വെട്ടിത്തിരിഞ്ഞു. പിന്നെ ക്രൌര്യം ഒളിപ്പിച്ച കണ്ണുകളുമായി ചിറകൊന്നു വിടര്‍ത്തി. പിന്നെ എന്‍റെ പുറകേ പാഞ്ഞെത്തി.
ജീവനും കൊണ്ടോടുന്ന ഓട്ടത്തിനിടയ്ക്ക്‌ ഞാന്‍ പുതിയ പല പാഠങ്ങളും പഠിച്ചു. എല്ലാ കോഴികളും ഒരേ പോലെ നിസ്സഹായരല്ല. ഗിരിരാജ എന്ന ഇനത്തിലും മറ്റുമുള്ള കോഴികള്‍ക്ക്‌ എന്നേക്കാള്‍ ശക്തിയും കരുത്തുമുണ്ട്‌.
പക്ഷേ ഇതൊന്നും രക്ഷപ്പെടാന്‍ പര്യാപ്തമല്ലല്ലോ...സോറി പറഞ്ഞിട്ടും കാര്യമില്ല.
പിന്നീട്‌ തോന്നിയ ഒരു ബുദ്ധി ഉറക്കെ കൂവുക എന്നതായിരുന്നു.
കൂവി.
ആരാണാവോ കൂവുന്നത്‌ എന്നറിയാന്‍ വാതില്‍ തുറന്ന അമ്മയെ തള്ളി മാറ്റി ഞാന്‍ അകത്തു കയറി വാതിലടച്ചു.

ഭാഗ്യം! നിക്കറിന്‍റെ കുറച്ചു ഭാഗവും ഷര്‍ട്ടിന്‍റെ പുറകുഭാഗവും കീറിയതൊഴികെ മറ്റൊന്നും പറ്റിയില്ല.

6 comments:

safeer said...

super

Tintumon said...

Kalakan!

Anonymous said...

hi Rajeev,

Expecting more from you... :)

Kichu

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ നിക്കറിന്റെ ഒരു ഭാഗം നനഞ്ഞു എന്നായിരുന്നു ആദ്യം ഞാൻ വായിച്ചു പോയത് സോറി :)

സുധി അറയ്ക്കൽ said...

ഹ ഹ ഹ .നന്നായി.

സുധി അറയ്ക്കൽ said...

ഹ ഹ ഹ .നന്നായി.

Post a Comment

 
Copyright © '