ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, August 4, 2011

പനാമയല്ലടാ... ബെര്‍ക്കിലി!

1 comments
ഞാന്‍ പഠിക്കുമ്പോ എസ്‌ എസ്‌ എല്‍ സി പരീക്ഷ ഇമ്മിണി വെല്യ സംഭവമായിരുന്നു. ജീവിതം തുടരണോ അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ പലരും ഒരു തീരുമാനമെടുത്തിരുന്നത്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷയുടെ റിസല്‍റ്റ്‌ വരുന്ന സമയത്തായിരുന്നു. അതു കൊണ്ടു തന്നെ വിദ്യാഭ്യാസകാലഘട്ടത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി എസ്‌ എസ്‌ എല്‍ സി കണക്കാക്കപ്പെട്ടിരുന്നു. കുട്ടികളുടെ ആദ്യത്തെ പൊതു പരീക്ഷയായതുകൊണ്ട്‌ പരീക്ഷയ്ക്കു തയ്യാറെടുക്കാന്‍ പല നിര്‍ദേശങ്ങളും പരീക്ഷ സമയത്ത്‌ പാലിക്കണ്ട നിയമങ്ങളും മറ്റും അധ്യാപകര്‍ തയ്യാറാക്കിയിരുന്നു.
ന്റെ ഓര്‍മയിലുള്ള ചില നിയമങ്ങള്‍ ഇപ്രകാരമായിരുന്നു.
1) ഹാളില്‍ വെള്ളം കുടിയ്ക്കാനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്‌.
2) മറ്റൊരു സ്കൂളിലെ അധ്യാപകന്‍ പരീക്ഷ വിലയിരുത്താന്‍ ഹാളില്‍ ഉണ്ടായിരിക്കുന്നതാണ്‌.
3) ഹാളില്‍ മര്യാദകള്‍ പാലിക്കണം. ഉറക്കെ സംസാരിക്കുക, കോപ്പിയടിയ്ക്കുക, മറ്റുള്ളവരുടെ എഴുത്തു തടസ്സപ്പെടുത്തുക, അധ്യാപകരോട്‌ അപമര്യാദയായി പെരുമാറുക, കടലാസ്‌ എറിയുക തുടങ്ങിയവ പാടുള്ളതല്ല
4) വന്നിരിക്കുന്ന അധ്യാപകരുടെ ദേഹത്തോ മറ്റു കുട്ടികളുടെ ദേഹത്തോ മഷി കുടയരുത്‌.
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഈവക നിയമങ്ങള്‍ സ്കൂളിലെ പരീക്ഷയ്ക്കു മുന്‍പുള്ള അവസാന അദ്ധ്യയന ദിവസമായിരുന്നു വിവരിച്ചു തന്നിരുന്നത്‌. മിക്കവാറും കിട്ടുന്ന സമയങ്ങളിലെല്ലാം ഓട്ടോഗ്രാഫ്‌ വാങ്ങലും കൊടുക്കലുമായതിനാല്‍ ഇതൊന്നും ആരും തന്നെ ശ്രദ്ധിക്കാറണ്ടായിരുന്നില്ല.
"വിട പറയുമ്പോള്‍ വട വാങ്ങിത്തന്നാല്‍ തിന്നാം...."
"നീ പടിച്ചു പടിച്ചു വെല്യ ഡോക്ടറാകുമ്പോള്‍ കുരച്ചു കുരച്ചു വരുന്ന എന്നെ പരിശോധിക്കാന്‍ മറക്കരുത്‌ സോദരാ......"
എന്നിങ്ങനെയുള്ള കിടിലന്‍ ഓട്ടോഗ്രാഫ്‌ ഡയലോഗുകള്‍ക്കിടയില്‍ ഒരു നിയമവും ചിലവാകുകയില്ല എന്നതാണ്‌ സത്യം.
അങ്ങനെ ഒരു അവസാന ദിവസം.
ഉച്ച വരെ ക്ളാസ്‌ എടുത്തു. നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. നിയമങ്ങള്‍ വിവരിച്ചു. ആശങ്കകളും പ്രവഹിച്ചു. ഊണിനു ശേഷം ക്ളാസില്‍ തിരിച്ചെത്തണമെന്ന നിര്‍ദേശത്തോടെ ക്ളാസ്ടീച്ചര്‍ രാമന്‍സാര്‍ പിരിഞ്ഞു.
ഓട്ടോഗ്രാഫുകളുമായി ഞങ്ങള്‍ മുന്നോട്ടു നീങ്ങി.
പില്‍ക്കാലത്ത്‌ ഓയായി റിട്ടയര്‍ ചെയ്ത്‌ സമീപകാലത്ത്‌ അന്തരിച്ച രാമന്‍സാര്‍ തടിച്ച്‌ ഇരുനിറത്തില്‍ ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. മുണ്ടുടുത്ത്‌ ക്ളാസില്‍ വരുന്ന അദ്ദേഹം പുറകില്‍ നിന്ന്‌ നോക്കിയാല്‍ ക്ളാസിലെ ഒരു കുട്ടി എന്നേ തോന്നുമായിരുന്നുള്ളൂ. ഇംഗ്ളീഷും സാമൂഹ്യപാഠവുമായിരുന്നു സാറിന്റെ വിഷയം.
ഞങ്ങള്‍ പഠിച്ച ഇംഗ്ളീഷ്‌ രണ്ടാം പാഠപുസ്തകമായിരുന്ന ചന്ദുമേനോന്റെ ഇന്ദുലേഖയിലെ നായികയെ പത്താം ക്ളാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുടെ മനസ്സില്‍ മലമ്പുഴ യക്ഷിയുടേതു പോലെ അവയവ പുഷ്ടിയുള്ള ഒരു സ്ത്രീയാക്കി അവതരിപ്പിച്ചതില്‍ സാറിനുള്ള പങ്ക്‌ ചില്ലറയല്ല.
ഒരിക്കല്‍ സാമൂഹ്യപാഠം പഠിപ്പിക്കുമ്പോള്‍ സാര്‍ ക്ളാസിനോടായി ചോദിച്ചു. ഈജിപ്തിനെയും സിറിയയെയും വേര്‍തിരിക്കുന്ന കടലിടുക്കേത്‌.
ചോദ്യം ക്ളാസിനോടാണെങ്കിലും ഉത്തരം സാര്‍ പ്രതീക്ഷിക്കുന്നത്‌ ഞാനടങ്ങുന്ന ഒന്നുരണ്ടു പേരില്‍ നിന്നാണ്‌.
ചോദ്യം തീരും മുന്‍പ്‌ സ്ഫോടനം പോലെ ന്റെ മറുപടി വന്നു.
"പനാമാാാാ...... "മണ്ടത്തരം തികഞ്ഞ കോണ്‍ഫിഡന്‍സോടെ പറയുന്ന കേട്ട്‌ വന്ന ദേഷ്യം കടിച്ചമര്‍ത്തി സാര്‍ മുരണ്ടു.
"പനാമയല്ലടാ... ബെര്‍ക്കിലി! " (അന്നത്തെ ഏറ്റവും പ്രശസ്തമായ സിഗരട്ടുകളായിരുന്നു ബെര്‍ക്കിലിയും പനാമയും!)
ഊണുസമയം കഴിഞ്ഞ്‌ ബെല്ലടിച്ചപ്പോള്‍ കുട്ടികള്‍ ക്ളാസിലെത്തി. രാമന്‍സാര്‍ ല്ലവര്‍ക്കും പരീക്ഷാ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ വിദ്യാഭ്യാസകാലം അവസാനിച്ചതായി ഔപചാരികമായി പ്രഖ്യാപിച്ചു. കുട്ടികള്‍ പരസ്പരം കൈകൊടുത്ത്‌ ആശംസകള്‍ നേരാനും നിര്‍ദേശിച്ചു. പല ഗ്രൂപ്പുകളായി ഞങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നെണീറ്റ്‌ ആശംസകള്‍ കൈമാറി.
ഇതിനിടെ ഊണുകഴിഞ്ഞ്‌ അതീവ രഹസ്യമായി സ്റ്റാഫ്‌ റൂമിനടുത്തു ചെന്ന്‌ ഉച്ചയ്ക്കു ശേഷം പത്താം ക്ളാസുകാര്‍ക്ക്‌ ക്ളാസില്ല എന്ന അരമനരഹസ്യം മനസ്സിലാക്കിയ ഒരു മിടുക്കന്‍ ക്ളാസിലേക്ക്‌ പാഞ്ഞുവന്നു.
ക്ളാസിന്റെ പ്രധാന വാതിലില്‍ നിന്നും രണ്ടു കൈയുകളും ഉയര്‍ത്തി ഉയര്‍ന്നു ചാടി ആദ്യം കണ്ട കൂട്ടുകാരന്റെ പുറത്ത്‌ ആഞ്ഞടിച്ച്‌ കക്ഷി അട്ടഹസിച്ചു.
"ഉച്ച കഴിഞ്ഞ്‌ ക്ളാസില്ലടാ...ക്ളാസ്‌ വിട്ടൂൂൂൂൂ......"
സമയം അപ്രതീക്ഷിതമായി തനിക്കു കിട്ടിയ സമ്മാനത്തില്‍ തെറിച്ചു വീണ രാമന്‍സാര്‍ രണ്ടു ഡസ്കുകള്‍ക്കിടയില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു.

Wednesday, July 27, 2011

പുകവലി നിരോധിച്ചിരിക്കുന്നു!

4 comments
പെരുമ്പാവൂരില്‍ ആദ്യകാലങ്ങളില്‍ മൂന്നു തീയറ്ററുകളായിരുന്നു ഉണ്ടായിരുന്നത്‌.
പുഷ്പ, ജ്യോതി, ലക്കി.
ജ്യോതിയായിരുന്നു ആദ്യത്തെ തീയറ്റര്‍. പണ്ടൊക്കെ ന്റെ ചെറുപ്പകാലത്ത്‌ തീയറ്ററിനകത്ത്‌ സിനിമയ്ക്കിടെ തന്നെ, കടല കടല കപ്പലണ്ടിക്കാരെയും മോരുംവെള്ള ക്കച്ചവടക്കാരെയും ധാരാളം കാണാമായിരുന്നു. സീറ്റുകളെല്ലാം തന്നെ ബെഞ്ചുകളായിരുന്നു. മുന്‍പില്‍ തറടിക്കറ്റും ഉണ്ടായിരുന്നു. തറ സിമന്റ് ചെയ്തിരുന്നില്ല. മണലായിരുന്നു വിരിച്ചിരുന്നത്‌.
പിന്നീട്‌ പുഷ്പ വന്നപ്പോള്‍ മത്സരമായി. തറ സിമന്റ് ചെയ്തു. കസേരകള്‍ കുഷ്യന്‍ ധരിച്ചു. തറടിക്കറ്റ്‌ ബെഞ്ചുകള്‍ക്ക്‌ വഴിമാറി. ഫാനുകള്‍ കറങ്ങിത്തുടങ്ങി. തീയറ്റര്‍ സി (ആസ്ബസ്റ്റോസ്‌ കണ്ടീഷന്‍) ആയിമാറി.
ആദ്യമായി ജ്യോതിയില്‍ റിലീസ്‌ ചെയ്ത സിനിമ ജീവിതനൌകയായിരുന്നു എന്ന്‌ ചില പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌.
അതുമായി ബന്ധപ്പെട്ട ഒരു രസകരമായ മുദ്രാവാക്യവും കഥയുമുണ്ട്‌.
"ജീവിതനൌക കാണണമെങ്കില്‍
കൊടടാ കൊടടാ നാലണ"
എന്നതായിരുന്നു മുദ്രാവാക്യം.
മുദ്രാവാക്യം സംസ്ഥാനവ്യാപകമായിരുന്നെങ്കില്‍ കഥ പെരുമ്പാവൂരുകാരുടെ മാത്രമായിരുന്നു.
നായകനായ തിക്കുറിശ്ശിയുമായി പിരിഞ്ഞു കഴിയുന്ന നായിക ബി എസ്‌ സരോജയെ വില്ലന്‍മാര്‍ പിന്തുടരുന്നു. സ്റ്റുഡിയോയിലെ പരിമിതസാഹചര്യങ്ങളില്‍ ഓടുന്ന നായികയ്ക്ക്‌ ഒളിക്കാന്‍ സ്ഥലമൊന്നും കിട്ടുന്നില്ല. നായികയുടെ കരളലിയിക്കുന്ന സാഹചര്യങ്ങളില്‍ മനം നൊന്ത്‌ കരഞ്ഞ്‌ തളര്‍ന്ന്‌ നായികയ്ക്കൊപ്പം ഇനി ജീവിക്കണമെങ്കില്‍ പൊരുതിയേ മതിയാകൂ
എന്ന
മാനസികാവസ്ഥയിലിരിക്കുന്ന കാണികളും ഒളിക്കാന്‍ സ്ഥലം തേടുകയാണ്‌.
അപ്പോഴതാ ഒരു വീതി കൂടിയ മരം. നായിക മരത്തിനു പുറകില്‍ ഒളിച്ചു. ചുറ്റുപാടും പരതുന്ന വില്ലന്‍മാര്‍. ഒരുവന്‍ അതാ നായികയ്ക്കു പിന്നിലെത്തി. ഇനി കാണാന്‍ താമസമില്ല. നായിക ഇതൊന്നും അറിയുന്നില്ല. മുന്‍പില്‍ കൂടിയുള്ള ഒരാക്രമണം മാത്രമേ നായിക പ്രതീക്ഷിയ്ക്കുന്നുള്ളൂ.പക്ഷെ നായികയുടെ കൂടെയുള്ള ആബാലവൃദ്ധം പെരുമ്പാവൂരുകാര്‍ക്കും വില്ലനെ കാണാം.
ഒരു വെല്യമ്മ ചാടി എണീറ്റു. സ്ക്രീനിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

ഓടിക്കോട്യേ... കത്തി കൈയിലൊള്ള ലവന്‍ പൊറകേണ്ട്‌.... !

ജ്യോതിയെയോ പുഷ്പയെയോ പോലെയൊന്നുമായിരുന്നില്ല ലക്കി തീയറ്റര്‍. ഒരു ചെറിയ ഷെഡ്‌. നല്ല പുകയും ശബ്ദവും വമിക്കുന്ന പ്രൊജക്ടര്‍. അവിടവിടെ ചോരുന്ന മേല്‍ക്കൂര. മിക്കവാറും പഴയ തമിഴ്‌, ഇംഗ്ളീഷ്‌ അടിപ്പടങ്ങളോ അക്കാലത്തെ കാനനചിത്രങ്ങളോ ആയിരുന്നു ലക്കിയിലെ റിലീസ്‌.
ഒരിക്കല്‍ കൂട്ടുകാരിലൊരുത്തന്‍ ഓടിവന്ന്‌ വലിയ സന്തോഷത്തോടെ പറഞ്ഞു.
"എടാ ലക്കി നന്നാവാന്‍ തീരുമാനിച്ചു. പുതിയ ഇംഗ്ളീഷുപടം വന്നു. ജാക്കിചാനും ജെറ്റ്‌ ലിയും അഭിനയിക്കുന്ന പടം. ഉഗ്രന്‍ അടിപ്പടമായിരിക്കും. "
"ആരാടാ പറഞ്ഞെ?"
"ദേ കവലേലെ ചായക്കടേടെ മുന്‍പില്‍ പോസ്റ്ററൊട്ടിച്ചിട്ടുണ്ട്‌. "
അമ്പരപ്പോടെ ഞങ്ങള്‍ ചെന്നു നോക്കി. ശരിയാണ്‌. പോസ്റ്ററൊട്ടിച്ചിട്ടുണ്ട്‌. പോസ്റ്ററിനു മുകളില്‍ എഴുതി വെച്ചിരിക്കുന്നു.
Jackychan and Jet-Li In..
പിന്നെ പടത്തിന്റെ പേരും!
താമസിച്ചില്ല. ഞങ്ങളഞ്ചാറുപേര്‌ ലക്കിയിലേക്കു വെച്ചു പിടിച്ചു. പടം തുടങ്ങി ഏറെ നേരമായിട്ടും ജാക്കി ചാനുമില്ല, ജെറ്റ്‌ ലിയുമില്ല. അവസാന രംഗത്തിലുണ്ടാകും എന്നു കരുതി. അവിടെയുമില്ല.
"നടക്കെടാ ചായക്കടയിലേക്ക്‌..ഇനി ആര്‍ക്കും അബദ്ധം പറ്റരുത്‌. പോസ്റ്റര്‍ ഇപ്പോ തന്നെ കീറിക്കളഞ്ഞേക്കാം. "
ഉടന്‍ ഇറങ്ങി ചായക്കടയിലെത്തി. പോസ്റ്റര്‍ കീറാനാരംഭിച്ചു.
"ദേ നോക്കടാ... "
നോക്കി. പോസ്റ്ററില്‍ അതാ എഴുതിയിരിക്കുന്നു.
Faster than................Jackychan and Jet-Li In.....................

Faster than മുകളിലേക്ക്‌ മടക്കിയൊട്ടിച്ചിരിക്കുകയാണ്‌.

പുഷ്പ തീയറ്ററിലെ തറ, ബെഞ്ച്‌ ടിക്കറ്റുകള്‍ എടുക്കാന്‍ ഒരു വലിയ ഇടനാഴിയിലൂടെ പോകണമായിരുന്നു. അകത്തു കടന്നു പോയാല്‍ ടിക്കറ്റെടുക്കാതെ പുറത്തിറങ്ങാന്‍ സാധിക്കില്ല.
ശ്വാസം കിട്ടാത്ത ഗുഹയ്ക്ക് പുറത്തായി നീളത്തിലായിരുന്നു തീയറ്ററിന്റെ മതില്‍. ഒരു പക്ഷെ പെരുമ്പാവൂരിലെ എല്ലാ കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും ആദ്യമായി വരുന്നവരും അങ്ങനെ എല്ലാ തരത്തിലും തുറയിലും പെട്ട ആളുകള്‍ രഹസ്യമായും പരസ്യമായും മൂത്രമൊഴിച്ചിരുന്ന ഒരു വന്‍ മതിലായിരുന്നു അത്.
മൂത്രത്തിന്റെ മണം ഒരു വലിയ പ്രശ്നമായപ്പോള്‍ അവിടെ ഒരു എഴുത്ത് പ്രത്യക്ഷപ്പെട്ടു.
"ദെയ്‌വ് ശേയ്ത് വിത്തിയില്‍ മിള്ളാതെ...."
വായിക്കാന്‍ പറ്റിയോ ഇല്ലയോ എന്നല്ല. മൂത്രമൊഴിക്കല്‍ ഗണ്യമായി കുറഞ്ഞു.

ടിക്കറ്റ് എടുക്കാന്‍ നീണ്ട ക്യൂ നില്‍ക്കേണ്ടി വന്നിരുന്ന അവസരങ്ങളില്‍ ബോറടി മാറ്റാന്‍ നാട്ടുകാര്‍ പല വഴികളും സ്വീകരിച്ചിരുന്നു. അങ്ങനെ ആരോ സ്വീകരിച്ച ഒരു മാര്‍ഗം ചെരണ്ടല്‍ ആയിരുന്നു. ചുവരില്‍ അവിടവിടെ എഴുതിവെച്ചിരുന്ന ബോര്‍ഡുകളില്‍ ഒന്നില്‍ കണ്ട മുന്നറിയിപ്പ് ഇതായിരുന്നു.

Sunday, July 24, 2011

വളയിട്ട കൈകള്‍!

3 comments
ഓഫീസുകളിലെ പൊളിറ്റിക്സ്‌ പുതുമയല്ല.
കമ്പനിയുടെ എം ഡി ലോകത്തിന്റെ ഏതു കോണിലായാലും മനസ്സില്‍ ചിന്തിക്കുന്ന കാര്യം തലച്ചോറു വഴി കറങ്ങിത്തിരിഞ്ഞ്‌ വായിലൂടെ പുറത്തു വരുന്നതിനു മുന്‍പ്‌ സംഭവം അറിയുകയോ നടപ്പാക്കുകയോ ചെയ്യുന്ന വില്ലന്‍മാര്‍ മിക്ക കമ്പനികളിലുമുണ്ടാകും. ഇട്ടെടുക്കുക എന്ന കലയില്‍ അവര്‍ അതീവ പ്രാവീണ്യമുള്ളവരായിരിക്കും.
ഉദാഹരണത്തിന്‌ വെറുതെ ഇരിക്കുന്ന ഒരുദ്യോഗസ്ഥന്റെ അടുത്തു ചെന്ന്‌ ഇക്കൂട്ടര്‍ ചോദിക്കും.
"അല്ല, നമ്മുടെ മധുര യൂണിറ്റിലെ തങ്കരാജ്‌ നമ്മുടെ ഫിനാന്‍സ്‌ മാനേജറായി മൂന്നാം തീയതി അല്ലെ ചാര്‍ജെടുക്കുന്നത്‌?"
അപ്പോ നമ്മുടെ ഉദ്യോഗസ്ഥന്‍ അറിയാതെ ചോദിച്ചു പോകും.
"തങ്കരാജോ?"
"അതെ.. "
"അല്ല, സെല്‍വരാജ്‌ അല്ലേ വരുന്നത്‌?"
"ആണോ..തങ്കരാജ്‌ എന്നാ ഞാന്‍ വിചാരിച്ചെ. "
"മധുര യൂണിറ്റീന്നല്ല...കോയമ്പത്തൂരീന്നല്ലേ... "
"ആണോ. മധുരേന്നാണെന്നാ ഞാന്‍ വിചാരിച്ചെ. "
"ഫിനാന്‍സ്‌ മാനേജറായിട്ടല്ല.. പര്‍ച്ചേസ്‌ മാനേജറായിട്ടാ വരുന്നത്‌.. "
"ആണോ...ഫിനാന്‍സ്‌ മാനേജറാണെന്നാ ഞാന്‍ വിചാരിച്ചെ. "
"മൂന്നാം തീയതിയല്ല വരുന്നത്‌. "
"പിന്നെ"
"അഞ്ചാം തീയതിയാ വരുന്നത്‌. "
"ഓഹോ..ഞാന്‍ കരുതി മൂന്നാം തീയതിയാണെന്ന്‌. "
"ചാര്‍ജെടുക്കുന്നില്ല. ഡെപ്യൂട്ടേഷനാ... "
"ആണോ.....ഞാന്‍ വിചാരിച്ചു..... " ഇട്ടെടുക്കല്‍ അങ്ങനെ തുടരും.
അങ്ങനെ ഇട്ടെടുക്കലിനിടയില്‍ ആര്‍ക്കോ വീണുകിട്ടിയ ഒരു ന്യൂസായിരുന്നു പുതിയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ വരുന്നു എന്നത്‌. വെറും വാര്‍ത്തയായിരുന്നില്ല അത്‌. ഇപ്പോഴത്തെ മാര്‍ക്കറ്റിംഗ്‌ മാനേജറെ സ്ഥലം മാറ്റി ഓഫീസിലെത്തന്നെ പുതിയൊരാള്‍ക്ക്‌ സ്ഥാനക്കയറ്റമോ മറ്റോരാള്‍ മാറി വരുന്നതോ ആകാമെന്നായിരുന്നു ന്യൂസ്‌.
വാര്‍ത്ത ഹോട്ടായതോടെ പലരും തല പുകച്ചു തുടങ്ങി. പല വഴിയ്ക്കും അന്വേഷണങ്ങളും പോയിത്തുടങ്ങി. പക്ഷെ ആര്‍ക്കും ഒരു ക്ളൂവും കിട്ടിയില്ല.
ഇതിനിടെ പഴയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ തന്റെ സീറ്റ്‌ പോകുന്ന വിഷമത്തിലായിരുന്നു.ചാരന്‍മാര്‍ പലവഴി നോക്കിയിട്ടും ആരാണെന്ന്‌ മനസ്സിലാകാത്തതു കാരണം പുള്ളി സ്വന്തം ബുദ്ധി തന്നെ ഉപയോഗിച്ചു തുടങ്ങി. ഒരു പ്യൂണിന്റെ സഹായത്തോടെ കക്ഷി ഒരു ജ്യോത്സ്യനെ പോയി കണ്ട്‌ കാര്യമന്വേഷിച്ചു.
"വളയിട്ട കൈകള്‍ കാണുന്നൂ.... " ജ്യോത്സ്യന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
മാര്‍ക്കറ്റിംഗ്‌ മാനേജറായി ഒരു സ്ത്രീ വരുന്നു. സന്തോഷത്തിനൊപ്പം ഒരു സംശയം മാനേജറുടെ മനസ്സിലുദിച്ചു. ഇനി സീനിയര്‍ എക്സിക്യൂട്ടീവുമാരായ ചേച്ചിമാരാരെങ്കിലുമാണോ കക്ഷി? രണ്ടു പേരുണ്ട്‌. ഒരാളാണെങ്കില്‍ ട്രാന്‍സ്ഫര്‍ ചോദിച്ചിരിക്കുകയാണ്‌. മറ്റേയാള്‍ കഴിഞ്ഞ എക്ഷിബിഷനില്‍ ബെസ്റ്റ്‌ പെര്‍ഫോര്‍മറായിരുന്നു. എല്ലാ മാസവും ഓവര്‍ ടാര്‍ഗറ്റ്‌! സംശയമില്ല ഇതവള്‍ തന്നെ!
തിരികെ സീറ്റില്‍ വന്നതു മുതല്‍ മാനേജര്‍ എക്സിക്യൂട്ടീവിനിട്ട്‌ എങ്ങനെ "പണി" കൊടുക്കാം എന്ന സബ്ജക്ടില്‍ റിസര്‍ച്ചാരംഭിച്ചു. ക്ലൈന്റ്സിനോട് അപവാദം പറയുക, കൂടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ ഏല്‍പിക്കുക, വൈകി മാത്രം ജോലി തീര്‍ക്കാന്‍ അനുവദിക്കുക എന്ന ചെറു പണികള്‍ മുതല്‍ കട്ടപ്പണികള്‍ വരെ നിര്‍ബാധം പ്രവഹിച്ചു.
ഇതിനിടെ മാനേജറുടെ കൂടെ ജ്യോത്സ്യനെ കാണാന്‍ പോയ പ്യൂണ്‍ വഴി വളയിട്ട കൈകളുടെ രഹസ്യം നാട്ടിലെങ്ങും പാട്ടായി. എല്ലാ ജോലിക്കാരും പുതിയ മാനേജര്‍ മാഡത്തിന്റെ വരവും കാത്തിരിപ്പുതുടങ്ങി. മാത്രമല്ല, മാനേജര്‍ക്കുണ്ടായ സംശയവും എല്ലാവര്‍ക്കും തോന്നി. അതോടെ എക്സിക്യൂട്ടീവിനു കിട്ടുന്ന പണി ഏതു വകുപ്പിലാണെന്നും എല്ലാവര്‍ക്കും മനസ്സിലായി.
ഇതിനിടെയാണ്‌ ഹെഡ്‌ ഓഫീസില്‍ നിന്നും ഇട്ടെടുക്കല്‍ രണ്ടാം ഘട്ടം ഓഫീസിലെത്തിയത്‌.
"ഗൌരി" എന്നാണ്‌ പുതിയ മാനേജറുടെ പേര്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഏതായാലും അതോടെ എക്സിക്യൂട്ടീവിനുള്ള പണി കൊടുക്കല്‍ നിന്നു.
രണ്ടു ദിവസത്തിനുള്ളില്‍ ഒരു ഫോര്‍ഡ്‌ ഫിയെസ്റ്റ ഓടിച്ച്‌ ഓഫീസിലേക്ക്‌ കയറിവന്ന സുമുഖനായ ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തി.
"ഗൌരി"ശങ്കര്‍ - പുതിയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍!
ബ്ളിംഗ്‌!!! എന്ന മട്ടില്‍ അമ്പരന്നു നിന്ന മുഴുവന്‍ ഓഫീസ്‌ സ്റ്റാഫും ഷെയ്ക്ക്‌ ഹാന്‍ഡിനായി നീട്ടിയ മാനേജറുടെ വലം കൈ കണ്ടപ്പോള്‍ വീണ്ടും ഞെട്ടി.
ഫുള്‍സ്ളീവിനിടയിലൂടെ അതാ ഒരു വള.

Tuesday, July 12, 2011

മത്സരയോട്ടം!

0 comments
ബസുകളുടെ മത്സരയോട്ടം പെരുമ്പാവൂരുകാര്‍ക്ക്‌ ഒട്ടും പുതിയ വാര്‍ത്തയല്ല. ഒട്ടുമിക്ക റോഡുകളിലും കുതിച്ചുപായുന്ന ബസുകളും ഓവര്‍ടേക്കിങ്ങും വട്ടം വെയ്ക്കലും വഴക്കും അടി ബഹളങ്ങളും സര്‍വസാധാരണമാണ്‌. അപകട മരണങ്ങളും ഒട്ടും കുറവല്ല.
അങ്ങനെ ഒരിക്കല്‍ പെരുമ്പാവൂരിനടുത്ത്‌ ഒരു വലിയ ബസപകടം ഉണ്ടായി. ബസുകാത്തു നിന്ന ഒരു അമ്മയും കുഞ്ഞും നിര്‍ത്തിയിട്ടിരുന്ന ഒരു ബസിനെ ഓവര്‍ടേക്ക്‌ ചെയ്തു വന്ന മറ്റൊരു ബസ്‌ നിയന്ത്രണം വിട്ടു വന്നിടിച്ച്‌ തല്‍ക്ഷണം മരിച്ചു. അതീവ ദാരുണമായ ഈ സംഭവത്തെ തുടര്‍ന്ന്‌ പത്രങ്ങളും സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ക്ളബുകളും അതിരൂക്ഷമായി പ്രതിഷേധിച്ചു. പക്ഷെ അവസാനം എല്ലാ സംഭവങ്ങളെയും പോലെ ഇതും വിസ്മൃതിയിലാണ്ടു പോയി.
വീണ്ടും ബസുകള്‍ മത്സരയോട്ടം തുടങ്ങി. പക്ഷെ ഇത്തവണ ചില നാട്ടുകാര്‍ രംഗത്തിറങ്ങി. ചില പ്രധാന ബസ്സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. അമിതവേഗതയില്‍ ഓടിച്ചു വരുന്ന ബസുകള്‍ കൈ കാണിച്ചു നിര്‍ത്തി നല്ല സ്നേഹത്തോടെ ചിരിച്ച്‌ ഡ്രൈവറെ ബസില്‍ നിന്ന്‌ വിളിച്ചിറക്കി സ്റ്റോപ്പിലെ ഒരു കടയില്‍ കൊണ്ടു ചെന്നിരുത്തും. കുശലപ്രശ്നങ്ങളോടെ തുടക്കം. പിന്നീട്‌ കടയില്‍ പ്രത്യേകം തയ്യാറാക്കുന്ന മധുരമിടാത്ത വെട്ടിത്തിളയ്ക്കുന്ന കട്ടന്‍ചായ വക്കില്ലാത്ത സ്റ്റീല്‍ ഗ്ളാസില്‍ നിറച്ചു കൊടുക്കും. കൂടെ ഒരുത്തരവും.
കുടിച്ചിട്ടു പോയാല്‍ മതി!
കുടിച്ചു കഴിയുമ്പോഴേക്കും പത്തു മിനിറ്റെങ്കിലും പോയിക്കാണും.
ഞങ്ങളുടെ ചെറുപ്പകാലത്ത്‌ ഈ സംഭവം വളരെ പ്രശസ്തിയാര്‍ജിച്ചിരുന്നു. ബസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ കട്ടന്‍ചായ കൊടുത്ത്‌ സ്നേഹത്തോടെ പ്രശ്നം പരിഹരിച്ച നാട്ടുകാരന്‍ ചേട്ടന്‍മാരെ രഹസ്യമായും പരസ്യമായും ഞങ്ങള്‍ ബഹുമാനിച്ചു. എന്നെങ്കിലും ഒരിക്കല്‍ അവരെപ്പോലെ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്ന്‌ ഞങ്ങളോരോരുത്തരും മനസ്സില്‍ കരുതുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ഒരു പ്രധാന വിവാഹം നടക്കുന്നതിണ്റ്റെ തലേദിവസം. ഞങ്ങള്‍ കുറച്ചു പേര്‍ ചീട്ടും കളിച്ച്‌ തേങ്ങയും ചിരകി കഷണം നുറുക്കി വെടിയും പറഞ്ഞ്‌ വട്ടം കൂടി ഇരിക്കുകയാണ്‌. ബഡ്ജറ്റും ലോകകപ്പും ഇലക്ഷനും വായനശാലയും ചായക്കടയും റോഡ്‌ ടാറിങ്ങും ഫുട്ബാള്‍ ഗ്രൌണ്ടും അങ്ങനെ സൂര്യനു താഴെയുള്ള പല സബ്ജക്ടുകള്‍ക്കുമൊപ്പം ലോ ഫ്ളോര്‍ ബസുകളും പരാമര്‍ശിക്കപ്പെട്ടു. കൊച്ചിക്കാരുടെ സ്വപ്നങ്ങള്‍ക്ക്‌ എ സിയുടെ കുളിര്‍മ പകര്‍ന്ന ലോ ഫ്ളോര്‍ ബസുകളെപ്പറ്റി പല അഭിപ്രായങ്ങളും പൊങ്ങി വന്നു.
ചാര്‍ജ്‌ കൂടുതലാണ്‌.
അതിനെന്താ പല ആള്‍ക്കാരും കാറു മാറ്റി ബസിലാക്കിയില്ലേ യാത്ര....
ലോഫ്ളോര്‍ സര്‍വീസും മെയിണ്റ്റനന്‍സും വോള്‍വോ നേരിട്ടാ..
നീളം കൂടുതലുള്ളതു കാരണം കൂടുതല്‍ യാത്രക്കാര്‍ കേറും.
പൈസ കൂടുതലായാലെന്താ പാട്ടും കേട്ട്‌ പോകാമല്ലോ...
ലോഫ്ളോര്‍ വന്നതു കാരണം ബസുകളുടെ മത്സരയോട്ടം കുറഞ്ഞിട്ടുണ്ട്‌.

മത്സരയോട്ടം!

ആ പേരു കേട്ടപ്പോഴേയ്ക്കും പലരുടെയും മനസ്സിലേക്ക്‌ സാമൂഹിക പ്രതിബദ്ധത കയറി വന്നു. മുരടനക്കി സംഭവം നേരിട്ടു കണ്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതു പോലെ അതിലൊരുത്തന്‍ തുടങ്ങി.
ഹോ..മത്സരയോട്ടത്തിണ്റ്റെ കാര്യം പറഞ്ഞപ്പോഴാ.. പണ്ട്‌ ഞങ്ങളുടെ നാട്ടില്‍ മത്സരയോട്ടം നടത്തി വന്ന ബസ്സുകളെ, ചില ചേട്ടന്‍മാര്‍ തടഞ്ഞ്‌, ഡ്രൈവറെ പിടിച്ചിറക്കി സ്റ്റോപ്പിലെ ഒരു ചായക്കടയില്‍ പിടിച്ചിരുത്തി ചൂടന്‍ കട്ടന്‍ചായ വക്കില്ലാത്ത ഗ്ളാസില്‍.......
കുടിച്ചിട്ടു പോയാ...... മതി!
ആ ഡ്രൈവറ പുള്ളിക്കാരണ്റ്റെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു.

സംസാരത്തിണ്റ്റെ ഗതി ഇത്രത്തോളമായപ്പോഴേയ്ക്കും കല്യാണം കഴിച്ച്‌ ഞങ്ങളുടെ നാട്ടിലേക്ക്‌ മരുമകനായെത്തിയ അത്യാവശ്യം പ്രശസ്തനായ ഒരു ചേട്ടന്‍ വിളറി വെളുത്ത മുഖവുമായി പതുക്കെ എണീറ്റു.
അട്ടഹാസങ്ങള്‍ക്കും അലറിച്ചിരികള്‍ക്കുമിടയില്‍ ഒരു ബ്രേക്ക്‌ പോലെ ഇങ്ങനെ പറഞ്ഞു.
അന്നു കാണാത്തവരുണ്ടെങ്കില്‍ ശരിക്കു കണ്ടോടാ.....
ഞാന്‍ തന്നെയാടാ ആ ഡ്രൈവര്‍!!!

Thursday, April 7, 2011

ബോംബ്‌ !

4 comments
ഞങ്ങളുടെ നാട്ടിലേക്ക് മരുമകനായെത്തിയ ഒരു ചേട്ടനുണ്ടായിരുന്നു. തയ്യലായിരുന്നു ഭൂലോകത്തില്‍ അദ്ദേഹ ത്തിനരിയാമായിരുന്ന ഏക പണി. പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഒട്ടനേകം പാരമ്പര്യ തയ്യല്‍ക്കാര്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് യാതൊരു സ്കോപ്പും ഉണ്ടായിരുന്നില്ല. അത് കൊണ്ട് അദ്ദേഹം വാചകമടിയില്‍ സ്പെഷ്യലൈസ് ചെയ്തു! വാചകത്തിന്റെ ഒരേയൊരു പ്രശ്നം ഇദ്ദേഹത്തിന്റെ ശബ്ദം ആയിരുന്നു. നല്ല കെ എസ് ചിത്ര ടോണിലായിരുന്നു സംസാരം. പണ്ടൊരു ബോബനും മോളിയിലെ ഉപ്പായിമാപ്ല പറയുന്ന പോലെ..ഇങ്ങനെ വെറുതെ കിടന്നുറങ്ങി ബോറടിയ്ക്കുമ്പോള്‍ ഞാന്‍ പോയി റെസ്റ്റ് എടുക്കും എന്ന മട്ടില്‍ ബാക്കിയുള്ള സമയം ഭാര്യവീട്ടില്‍ വെറുതെ ഇരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം.
അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ...
കുറച്ചു നാള്‍ ഇങ്ങനെ പോയപ്പോ ഇദ്ദേഹത്തിന്റെ ഭാര്യ അപകടം മണത്തു. അല്ലറ ചില്ലറ ചിട്ടികളും ലോണുകളും കടങ്ങളുമോക്കെയായി ഒരു പലചരക്ക് കട തട്ടിക്കൂട്ടി ഇങ്ങേരെ അവിടെ ഇരുത്തി.
അരി, പല വ്യഞ്ജനങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ കൂടാതെ ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റിനു വേണ്ട എല്ലാ സാധനങ്ങളും കടയില്‍ ഉണ്ടായിരുന്നു. ആകെ പ്രശ്നം ആളുകള്‍ വരുന്നില്ല എന്ന് മാത്രമായിരുന്നു.
വല്ലപ്പോഴും വരുന്ന ആളുകളാകട്ടെ ഇദ്ദേഹത്തിന്റെ കത്തി കേള്‍ക്കാന്‍ വേണ്ടി മാത്രം വരുന്നവരോ അല്ലെങ്കില്‍ അബദ്ധത്തിനു വഴി തെറ്റി വന്നവരോ ആയിരുന്നു.
വാചകമടിയുടെ ഗ്രേഡ് കൂടിയപ്പോള്‍ നാട്ടുകാര്‍ പുള്ളിയ്ക്കൊരു പേരുമിട്ടു. ബോംബ്‌!.
ഒരിക്കല്‍ ബോംബിന്റെ കടയില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ചെന്ന ഒരു വല്യമ്മ ബോംബിനോട് ചോദിച്ചു.
"ഒരു കിലോ പഞ്ചസാര "
ഉടനെ വന്നു മറുപടി.
"പഞ്ചസാര ഇല്ല. ടൌണില്‍ പോയി കൊണ്ട് വന്നിട്ട് വേണം. ഒരു ബക്കറ്റ് കൊണ്ടോക്കോ...ഇന്നലെ ടൌണില്‍ നിന്ന് കൊണ്ടു വന്നതാ..."
ബോംബിന്റെ ശബ്ദത്തെ ഞങ്ങളുടെ നാട്ടിലെ മിക്കയാളുകളും രഹസ്യമായും പരസ്യമായും കളിയാക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ കടയില്‍ നിന്നും ഒരു സോഡാ കുടിച്ചതിനു ശേഷം ഒരുത്തന്‍ ആരോപിച്ചു.
"ഇതിനൊരു ഗ്യാസും ഇല്ലല്ലോ..."
ബോംബ്‌ പറഞ്ഞു.
"ശരിയാ..ഇപ്പഴത്തെ സോഡായൊക്കെ എന്നതാ...പണ്ടൊക്കെയായിരുന്നു സോഡാ...പൊട്ടിച്ചാ..ടിഷ്...ന്നു കേക്കും! "
കെ എസ് ചിത്ര ശബ്ദത്തിന്റെ മാധുര്യം കാരണം ടിഷ് എന്ന ശബ്ദത്തിന് ധാരാളം കൈയടി കിട്ടി!

കട തുടങ്ങി കുറച്ച് ആയപ്പോഴേക്കും കത്തി കേള്‍ക്കുന്നവരുടെയും രാവിലെ പത്രം വായിച്ചു വെടി പറയുന്നവരുടെയും ഒരു ചെറിയ ടീം കടയില്‍ രൂപപ്പെട്ടു. നാടിലെ ഒട്ടുമിക്കവാറും എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഡിസ്കസ് ചെയ്ത ശേഷമാണ് നടപ്പാകുന്നത് എന്ന മട്ടിലായി ടീമിന്റെ മട്ടും മാതിരിയും.
ഒരു ദിവസത്തെ ഒരു ഡിസ്കഷന്‍ ഇങ്ങനെയായിരുന്നു.
"നമ്മുടെ അജി ഒരു പുതിയ കാര്‍ ഓടിച്ചു നടക്കുന്ന കണ്ടല്ലോ.."
"അതവന്റെ കൂട്ടുകാരന്റെയാ.. ക്രഷര്‍ നടത്തുന്ന പോളിന്റെ.."
"ആരടെയായാലെന്താ...ഉഗ്രന്‍ കാറാ..."
"ഓഡിയാ..."
"ഓഡിയോ...അതെന്നതാ..."
"അതൊരു ഫോറിന്‍ കാറാ...പുതിയതായി വന്നതാ ഇന്ത്യേല്."
ഇത്രയുമായപ്പോഴേക്കും ബോംബ്‌ ഇടപെട്ടു.
"ആര് പറഞ്ഞു ഓഡി പുതിയതായി വന്നതാണെന്ന്? കാറ് ചെലപ്പം പുതിയതായിരിക്കും പക്ഷെ കമ്പനി ആദ്യമേ ഇന്ത്യയിലുണ്ടായിരുന്നു."
"ആണോ? കാറല്ലാതെ പിന്നെ എന്താ ഇന്ത്യേലോണ്ടായിരുന്നെ?"
ഒന്ന് മുരടനക്കി കഴുത്തൊക്കെ രണ്ടു സൈഡിലേക്കും വെട്ടിച്ച് ആര്‍ക്കുമറിയാതിരുന്ന രഹസ്യം ബോംബ്‌ പുറത്ത് വിട്ടു.
"വള്ളം! ആറന്‍മൊളേലൊക്കെ വള്ളം കളിയ്ക്കെക്കണ ഓഡി വള്ളം പിന്നെ ആരെക്കിയതാന്നാ വിചാരം?"

Tuesday, April 5, 2011

ദൈവമേ...കര്‍ത്താവ് കാത്തു!

1 comments
പെരിയ സ്വാമിയായി എന്ന അഹങ്കാരത്തോടെ ശബരിമലയ്ക്ക് ഒറ്റയ്ക്ക് പോകുന്ന പതിവുണ്ടായിരുന്നു എനിക്ക്. പല പ്രാവശ്യം പോയിട്ടുള്ളത് കൊണ്ടും പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളത് കൊണ്ടും ദര്‍ശനം എനിക്ക് വലിയ ബുദ്ധിമുട്ടാകാറില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം എന്‍റെ സഹ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് എന്‍റെ കൂടെ ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ഞാന്‍ പെരിയ സ്വാമിയായി എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വലിയ വിജയമൊന്നുമല്ലാത്ത ഞാന്‍ കെട്ടു നിറച്ചാല്‍ ശരിയായില്ലെങ്കിലോ എന്ന സംശയത്താല്‍ പുള്ളിക്കാരന്‍ നാട്ടിലെ ഒരു അമ്പലത്തിലെ ശാന്തിയെ സമീപിച്ചു.
പോകണ്ട ദിവസത്തിന്‍റെ തലേ ദിവസം എന്തോ അസൌകര്യം നിമിത്തം ശാന്തിയ്ക്ക് വരാന്‍ സാധിച്ചില്ല. ഒരിക്കല്‍ വേണ്ടാ എന്ന് പറഞ്ഞത് കൊണ്ടാകണം എന്നോടു പറയാന്‍ ഒരു ബുദ്ധിമുട്ട്. പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. അവസാനം പമ്പയില്‍ ചെന്ന ശേഷം സാധനങ്ങള്‍ കൊടുത്താല്‍ അവിടത്തെ ശാന്തി കെട്ടു നിറച്ചു തരും എന്ന് ആരോ പറഞ്ഞു. അത് പ്രകാരം മാര്‍ക്കറ്റില്‍ നിന്നും കെട്ടുനിറയ്ക്കാവശ്യമായ സാധനങ്ങളും വാങ്ങി പുള്ളി എന്‍റെ കൂടെ വന്നു.
മുകളിലെ നിലയില്‍ വാടകയ്ക്കാരായി ഒരു പാസ്റ്റര്‍ കുടുംബം താമസിക്കുന്നതിനാലും അവര്‍ക്ക് മുകളില്‍ കയറുവാന്‍ അകത്തു കൂടി മാത്രമേ വഴിയുള്ളൂ എന്നതിനാലും ഇദ്ദേഹത്തിന്‍റെ അമ്മയ്ക്ക് കക്ഷിയെ യാത്രയയക്കാന്‍ അമ്പലത്തില്‍ വരാന്‍ സാധിച്ചില്ല. അതുകൊണ്ടു വീട്ടില്‍ നിന്ന് തന്നെ ആവശ്യമായ ദക്ഷിണയും അനുഗ്രഹങ്ങളും ഒക്കെസംഘടിപ്പിക്കേണ്ടതായി വന്നു.
പമ്പയില്‍ ചെന്ന ശേഷം കുളിച്ച് ഗണപതി കോവിലില്‍ ചെന്ന് ഒരു ശാന്തിയെ സമീപിച്ചു. കെട്ടു നിറച്ചു തരാന്‍ ആവശ്യപ്പെട്ടു. ദക്ഷിണയും കൂടി വെച്ചതോടെ ഒരു പിശുക്കുമില്ലാതെ ഇവന്‍ കൊണ്ടു ചെന്ന സാധനങ്ങള്‍ എല്ലാം കൂടി നിറച്ച് അദ്ദേഹം ഒരു ഇരുമുടിക്കെട്ട് തയ്യാറാക്കി.
കെട്ടുനിറ ആദ്യമായി കണ്ടതിന്‍റെ കൌതുകം കെട്ടു തലയില്‍ വെച്ച നിമിഷം തന്നെ മാറി. ഒരു മൂന്നു നാല് പേര്‍ക്ക് നിറയ്ക്കാനുള്ള സാധനങ്ങള്‍ ഒറ്റ കെട്ടില്‍ നിറച്ച് കൊടുത്തിരിക്കുകയാണ്.
കണ്ണ് നിറഞ്ഞു കൈകള്‍ കൂപ്പി തല അനക്കാതെ കക്ഷി ഉറക്കെ വിളിച്ചു പോയി.
"സ്വാമിയേ ശരണമയ്യപ്പാ..."
സന്നിധാനത്ത് നല്ല തിരക്കായിരുന്നെങ്കിലും പലരുടെയും സഹായത്തോടെ ഞങ്ങള്‍ രണ്ടാളും ദര്‍ശനം തരപ്പെടുത്തി. കെട്ടു താഴെയിറക്കി. വഴിപാടുകള്‍ കഴിച്ചു. പ്രസാദം വാങ്ങി, സന്നിധാനത്തെ ബ്രൂ കോഫി സ്റ്റാളില്‍ നിന്നും ഓരോ കാപ്പിയും വാങ്ങി ഒരു മൂലയില്‍ ചെന്നിരുന്നു.
"ഡാ...നിന്‍റെ ഫോണ്‍ ഒന്ന് തന്നേ..ഞാന്‍ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ.."
ഞാന്‍ ഫോണ്‍ കൊടുത്തു.
"ഹലോ..അമ്മയല്ലേ..."
"ആരടെ..."
"എന്‍റെ..ഞാന്‍ അഭിയാ അമ്മേ..."
"ഡാ...നീയോ...നിങ്ങള്‍ എപ്പോ എത്തി? നന്നായി തൊഴുതോ...."
"നന്നായി തൊഴുതു അമ്മേ...വഴിപാടും കഴിച്ചു. ഇപ്പൊ ഓരോ കാപ്പി കുടിച്ചോന്ടിരിക്കുവാ.."
അത്ര നേരം ഒറ്റയ്ക്കിരിക്കന്ടല്ലോ എന്ന് കരുതി പാസ്റ്റര്‍ കുടുംബവുമായി കത്തി വെച്ചിരിക്കുകയായിരുന്ന അമ്മയ്ക്ക് സന്തോഷം സഹിക്കാനായില്ല...
"ദൈവമേ...കര്‍ത്താവ് കാത്തു!"

Monday, April 4, 2011

ചിക്കന്‍ തിന്നണ്ടത് അങ്ങനല്ല....

0 comments
© എനിക്കല്ലാത്ത ഒരു കഥയാണിത്.
അന്തരിച്ച എന്‍റെ ഒരു സുഹൃത്ത് പറഞ്ഞത്....ചിരിയ്ക്ക് മരണമില്ലാത്തതു കൊണ്ട് കഥ ഇന്നും ജീവിക്കുന്നു.
അദ്ദേഹത്തോടൊപ്പം ഒരു സുഹൃത്തും തിരുവനന്തപുരത്തെ അട്ടക്കുളങ്ങരയിലൂടെ തേരാപ്പാരാ നടക്കുകയാണ്. കൈയില്‍ നയാ പൈസയില്ല. വയറിനറിയില്ലല്ലോ പൈസയില്ലാത്ത വിവരം. അത് സമയാസമയത്തിനു സിഗ്നല് കൊടുക്കും. ആശ്വസിപ്പിക്കാണോ അവഗണിക്കാനോ പറ്റാത്തത് കൊണ്ട് ബുഹാരി ഹോട്ടലിനു മുന്‍പിലൂടെ പോയി മട്ടന്‍ വേവിച്ചതിന്‍റെ മണം കുറച്ചു വാങ്ങി വിശപ്പടക്കാം എന്നതാണ് ലക്‌ഷ്യം.
ഒരു നിമിഷം...
തിരുവനന്തപുരത്തെ ആദ്യ കാല ഹോട്ടലുകളില്‍ ഒന്നാണ് ബുഹാരി. 24 മണിക്കൂര്‍ തുറന്നിരിക്കും. മട്ടനാണ് പ്രധാന വിഭവം. ഉച്ചയ്ക്ക് ഊണും പല വിധ മീന്‍ വറുത്തതും ചിക്കന്‍ വറുത്തതും വിവിധ ബിരിയാണികളും സ്പെഷ്യലായി ബിരിയാണി ചായയും കിട്ടുമെങ്കിലും മട്ടനാണ് ഹൈലൈറ്റ്.
അങ്ങനെ വെറും മണത്തിനു വേണ്ടി നടക്കുന്നതിനിടയില്‍....ദാ....ഒരു പത്ത് രൂപ! നിലത്തു കിടക്കുകയാണ്. രണ്ടു പേരും ഒരുമിച്ചു ചാടി വീണു.
വഴിയില്‍ നിന്ന് കിട്ടിയത് വയറിലേക്ക്. രണ്ടാള്‍ക്കും അക്കാര്യത്തില്‍ എതിരഭിപ്രായമില്ല. പക്ഷെ പത്ത് രൂപയ്ക്ക് എന്ത് കിട്ടും?
തല്‍ക്കാലം രണ്ടു ചായ കുടിയ്ക്കാം. അത്രയെന്കിലുമാകുമല്ലോ....
രണ്ടാളും ബുഹാരിയിലേക്ക് നടന്നു.ചായ ആവശ്യപ്പെട്ടു.
ചുറ്റും മട്ടന്‍, ചിക്കന്‍ മസാലകളും, ഫ്രൈകളും, കറികളും ചാപ്സുകളും, റോസ്റ്റ്കളും, ബിരിയാണികളും പ്ലേറ്റ് പ്ലേറ്റ് കണക്കിന് വരികയും പോകുകയും ചെയ്യുന്നു.
രണ്ടാളും വായില്‍ നിറഞ്ഞ വിശപ്പുവെള്ളം കുടിച്ചു വറ്റിക്കുന്നതിനിടെ ചായ വന്നു.
വിശപ്പിന്‍റെ ആധിക്യം കാരണമാകണം, ഇദ്ദേഹം കിട്ടിയ ചായ ഒറ്റ വലിയ്ക്ക്‌ കുടിച്ചു. പക്ഷെ ചായ കുടിച്ചാല്‍ വിശപ്പ്‌ മാറില്ല എന്നറിയാവുന്ന കൂട്ടുകാരന്‍ പതുക്കെ സിപ്പ് ചെയ്തു സിപ്പ് ചെയ്തു ചായ കുടിയ്ക്കുകയാണ്.
പെട്ടെന്ന് ചെറിയ കുട്ടികള്‍ വാശി പിടിച്ചു കരയുന്നത് പോലെയൊരു ശബ്ദം.....
"ങ്ങീ....................... "
"എന്താടാ...." ചായ കുടിച്ചു കൊണ്ടിരുന്ന കൂട്ടുകാരന്‍ കഴിഞ്ഞവനോടു ചോദിച്ചു.
കടിച്ചു പറച്ച കോഴിക്കഷണങ്ങള്‍ മുഴുവന്‍ തിന്നാന്‍ പോലും മെനക്കെടാതെ പ്ലേറ്റിന്‍റെ സൈഡില്‍ വാരിക്കൂട്ടി വെക്കുന്ന ഒരുത്തനെ ചൂണ്ടിക്കാണിച്ചു കൊണ്ട് വീണ്ടും കൂട്ടുകാരന്‍റെ വക....
"ങ്ങീ.........ചിക്കന്‍ തിന്നണ്ടത് അങ്ങനല്ല.......ങ്ങീ..............."
 
Copyright © '