ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Monday, February 7, 2011

കിണറിന്‍റെ ഉദ്ഘാടനം.

ഏതോ സമയദോഷത്തിന്‍റെ സമയത്താണെന്നു തോന്നുന്നു ഒരു കിണര്‍ കുഴിക്കാന്‍ തോന്നിയത്. ഒരു നല്ല പണിക്കാരനെയും കണ്ടെത്തി. എവിടെ കുഴിക്കും എന്നു ചോദിച്ച പണിക്കാരനോട് ദിവിടെ തന്നെ അങ്ങ്ട് കുഴിച്ചോളൂ എന്നു പറഞ്ഞ് ഒരു സ്ഥലവും കാണിച്ചു കൊടുത്തു.
അപ്പോഴാണ്‌ ഒരു പ്രശ്നം. സ്ഥാനം കാണാതെ കിണര്‍ കുഴിക്കാന്‍ പറ്റില്ല.
ദെന്താപ്പാ ഈ സ്ഥാനം..അപ്പൊ ഞാന്‍ കാട്ടിക്കൊടുത്തതോ?
അയ്..അതറിയില്ലേ....അതങ്ങനെ കുട്ടിക്കളിയൊന്ന്വല്ലാ...അതൊരു വെല്യ സംഭവാ....നിര്‍ബന്ധാച്ചാ...മ്പക്കും കാണാം. പക്ഷേ ന്താ...വെള്ളണ്ടാവില്യ...അത്രന്നെ...
എന്തെങ്കിലുമാവട്ടെ, ഒരു സ്ഥാനക്കാരനെയും വരുത്തി.
സേതുരാമയ്യര്‍ ഡെമ്മി ടു ഡെമ്മി 3.5 മീറ്റര്‍ എന്നൊക്കെ പറയണ പോലെ വീടിന്‍റെ ഒരു മൂലയില്‍ നിന്നും ഒരു ചരടും പിടിച്ച് വിദ്വാന്‍ നടപ്പു തുടങ്ങി. വടക്കു കിഴക്കേ മൂലയില്‍ ഒരു സ്ഥലത്തെത്തിയപ്പോ കക്ഷി നിന്നു ആകാശത്തേക്കു നോക്കി. വീടിനെയും നോക്കി. എന്നെയും നോക്കി. (പോക്കറ്റും നോക്കി). പിന്നെ എന്നോട്‌ ഒരു ഒരു മരത്തിന്‍റെ കമ്പു കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു.
കുടുങ്ങിയോ തമ്പുരാനേ...
ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ നില്‍ക്കുന്ന അച്ഛന്‍, ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ എന്ന ഭാവത്തോടെ നില്‍ക്കുന്ന അമ്മായിയച്ഛന്‍, ഹോ..കണ്ടില്ലേ...എന്താ ഒരു കഴിവ്‌...ആ കമ്പ്‌ വേഗം കൊണ്ടു കൊടുത്തോളൂ എന്ന മട്ടില്‍ നില്‍ക്കുന്ന പണിക്കാരന്‍.....
വേഗം വേണം... അന്ത്യശാസനം!
ഞാന്‍ ഓടി. ദെന്തു കമ്പാണപ്പാ വേണ്ടത്‌? വലുതോ ചെറുതോ...വണ്ണമുള്ളതോ കുറഞ്ഞതോ... കുറ്റിയടിക്കാനാണോ...അതോ വല്ല കയറും വലിച്ചു കെട്ടാനാണോ... ബലമുള്ളതു വേണോ...
രണ്ടും കല്‍പിച്ച്‌ അവിടെ നിന്ന ഒരു തേക്കിന്‍റെ ഒരു കമ്പു മുറിച്ചു. സ്വന്തം ആവശ്യത്തിനല്ലെങ്കില്‍ പിന്നെ പറമ്പില്‍ തേക്കെന്തിനാ...ഒട്ടും കുറച്ചില്ല. ഒരു നാലടി നീളത്തില്‍ തന്നെ മുറിച്ചു.
സ്ഥാനക്കാരന്‍ നോക്കുമ്പോഴുണ്ട്‌ ഒരുത്തന്‍ ജാവലിന്‍ എറിയാന്‍ പാകത്തിനുള്ള ഒരു കമ്പും കൊണ്ടു വരുന്നു. നാലുചുറ്റും അട്ടഹാസം. എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. പാടുപെട്ട്‌ നട്ടു വളര്‍ത്തിയ തേക്കിന്‍റെ ചുവട്ടില്‍ നനയ്ക്കാനായി മൂത്രമൊഴിക്കുക പോലും ചെയ്യാത്ത മകന്‍ വളരെ കൂളായി കമ്പു മുറിച്ചതിന്‍റെ കടുത്ത ഹൃദയവേദനയിലും ചിരി ഒഴിവാക്കാന്‍ അച്ഛനും പറ്റുന്നില്ല.
പിന്നെ രണ്ടും കല്‍പിച്ച്‌ ഞാന്‍ ചോദിച്ചു.
എന്താ എല്ലാവരും ചിരിക്കണെ...
എടാ മണ്ടാ.. കെണറിന്‌ സ്ഥാനം കാണുമ്പോ പാലൊള്ള മരത്തിന്‍റെ കമ്പല്ലേ വേണ്ടെ...അതും ഇത്ര നീളം എന്തിനാ...കൊണ്ടരണ കമ്പ്‌ മുഴുക്കന്‍ ഭൂമീല്‌ അടിച്ചു കേറ്റാനൊള്ളതാ...ഇതിപ്പോ ങ്ങന്യാ കേറ്റാ....
സാരമില്ല.....വേറെ ഒരു കമ്പ്‌ കൊണ്ടരട്ടെ..ഈ കണ്ട സ്ഥലം മാറ്റണന്നേ ഉള്ളൂ...സ്ഥാനക്കാരന്‍.
രണ്ടാമതും പോയി ഒരു പാലമരത്തിന്‍റെ കമ്പു കൊണ്ടു വന്നു. ഇത്തവണ ഒരു കോമ്പ്രമൈസും ഇല്ല. ഒരു ചെറുത്‌. വെറും ഒരടി നീളം.
വെള്ളം കണ്ടേക്കും എന്നുറപ്പു പറഞ്ഞ്‌ എന്നെക്കൊണ്ട്‌ ആ കമ്പ്‌ മുഴുവനും ഭൂമിയില്‍ അടിച്ചു കയറ്റിച്ചു. ഒരു തൂമ്പ കൊണ്ട്‌ ആദ്യത്തെ വെട്ട്‌ വെട്ടാനും എനിക്ക്‌ ഭാഗ്യമുണ്ടായി.
വെള്ളം കണ്ട ദിവസം വലിയ ആഘോഷമായിരുന്നു. കമ്പ്‌ പരിപാടി കൊളമായെങ്കിലും വെള്ളം കണ്ടത്‌ കണ്ടില്ലേടാ എന്ന മട്ടില്‍ ഞാന്‍ അറ്‍മാദിച്ചു. കിണറ്‍ കുഴിക്കാന്‍ സൌകര്യത്തിനായി കെട്ടിയിട്ടുള്ള കയറിലൂടെ ഒന്നുരണ്ടു പ്രാവശ്യം കിണറ്റിലിറങ്ങുകയും ചെയ്തു.
അതേയ്‌...കെണറ്റില്‌ മാത്രം വെള്ളം കണ്ടാ പോരാട്ടോ.... ഈ വെള്ളം ചേര്‍ത്ത് കഴിക്കാന്‍ എന്തെങ്കിലൂട്ടൊക്കെ വേണം...
അയ്‌..മ്പക്ക്‌ സംഘടിപ്പിക്കാന്നേ...
കെട്ടിയിരുന്ന കയറ്‍ വലിച്ചു കേറ്റി.
കടിച്ചും വലിച്ചും കുടിച്ചും കിടന്നും ഇഴഞ്ഞും വാളുവെച്ചും കുഴിച്ചവര്‍ കയിച്ചലാക്കി....
കിണറ്റില്‍ ഗുളുഗുളു ശബ്ദത്തോടെ വെള്ളം നിറയുന്നതും തണുതണുത്ത വെള്ളം മുഖത്ത്‌ കോരിയൊഴിക്കുന്നതും സ്വപ്നം കണ്ട്‌ ഞാനും ഉറങ്ങി.
സമയം രാത്രി ഒരു പത്ത്‌ പത്തരമണിയായി. എല്ലാവരും ഉറങ്ങാന്‍ കിടന്നു.
ബ്ളും! ഒരു വലിയ ശബ്ദം... കിണറ്റിന്‍ കരയില്‍ നിന്നാണ്‌...
വലിയ ശബ്ദം ചെറുതായി....
പൈ...പൈ....ഗ്ര്‍...പൈ പൈ.... പിന്നെ കുരയായി.....ഭൌ...ഭൌ....വീണ്ടും പൈ...പൈ....
ഒരു ടോര്‍ച്ചും കൈയിലെടുത്ത്‌ ഞാനും അച്ഛനും കൂടി കിണറ്റുകരയില്‍ ചെന്നു നോക്കി. ഒരു നായ്‌ കിണറ്റില്‍ വീണു കിടക്കുകയാണ്‌.
മ്പക്ക്‌ ഒരു കയറോ കമ്പോ എറക്കിക്കൊടുത്താലോ...
ന്നട്ട്‌ വേണം അത്‌ മ്പളെത്തന്നെ കടിക്കാന്‍. എറക്കിക്കൊടുത്ത്‌ അത്‌ കേറ്യാപ്പിന്നെ മ്പള്‌ കെണറ്റിലിയ്ക്ക്‌ ചാടണ്ടി വരും... നാളെയെങ്ങാന്‍ നോക്കാടാ...വാ കെടക്കാം...
രാത്രി മുഴുവന്‍ കിണറ്റില്‍ കിടക്കുന്ന പട്ടി എന്‍റെ ഉറക്കം കെടുത്തി.
പൈ...പൈ....ഭൌ...ഗ്ര്‍...പൈ....
അതിരാവിലെ തന്നെ ഞാന്‍ കിണറ്റിനരികെ ചെന്നു. പട്ടി അവശതയായി കിടപ്പാണ്‌. ഇടയ്ക്ക്‌ തലപൊക്കും. കിടക്കുന്ന കുഴിയില്‍ വെള്ളം പൊങ്ങുന്നതെങ്ങനെ എന്ന്‌ അതിന്‌ മനസ്സിലായിട്ടില്ല. നീന്താനും കൈകാലിട്ടടിക്കാനും ശ്രമിക്കുന്നുണ്ട്‌.
പലവട്ടം ഒരു കമ്പിറക്കികൊടുത്ത്‌ പട്ടി കേറി വരുമ്പോള്‍ കിണറ്റിലേക്ക്‌ ചാടാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. പിന്നെ പൊക്കിളിന്‌ ചുറ്റും പത്തു മുപ്പത്‌ കുത്തിവെപ്പ്‌ എടുക്കണ കാര്യം ആലോചിച്ചപ്പോ വേണ്ടെന്നു വെച്ചു.
ഡാ....പോയി ആ ജോസേട്ടനെ വിളിച്ചോണ്ടു വന്നേ...ആ പട്ടിയെ അങ്ങേരു കേറ്റിക്കോളും...നീ വേണ്ടാത്തതൊന്നും ചെയ്യണ്ടാട്ടാ... അമ്മ.
നാട്ടിലെ പ്രശസ്ത മരംവെട്ടുകാരനാണ്‌ ജോസേട്ടന്‍. ഒരു ഉപകാരി. അങ്ങേരാവുമ്പോള്‍ എന്തെങ്കിലും വഴികാണും.
ജോസേട്ടന്‍ വന്നപ്പോഴേയ്ക്കും കിണറ്റിനു ചുറ്റും വിദഗ്ധാഭിപ്രായക്കാരുടെ ഒരു വലിയ നിര തന്നെ രൂപപ്പെട്ടിരുന്നു. അവരില്‍ പലരുടെയും അഭിപ്രായങ്ങള്‍ ചേറ്‍ത്തു വെച്ചാല്‍ പത്തു പ്രാവശ്യം ചന്ദ്രനില്‍ വരെ പോയി വരാം...
ജോസേട്ടന്‍ ചുറ്റും നോക്കി. കിണറില്‍ ഇറങ്ങാന്‍ ഉപയോഗിച്ച കയറ്‍ കിണറ്റുകരയില്‍ ഇരിക്കുന്നു. പോയി എടുത്തു. ഒരു കുരുക്കുണ്ടാക്കി. കിണറ്റിലേക്കിട്ടു. ഒരു കച്ചിത്തുരുമ്പു കിട്ടിയ സന്തോഷത്തില്‍ അടുത്തെത്തിയ പട്ടിയുടെ കഴുത്തില്‍ കുരുക്കി. ഉയര്‍ത്തി അടുത്തുള്ള തെങ്ങില്‍കെട്ടി.
എല്ലാവരുടെയും ശ്വാസം നിലച്ചു.
അച്ഛന്‍ മാത്രം പറഞ്ഞു. ഏകലവ്യനിലെ വിജയരാഘവന്‍ പറയുന്ന പോലെ (നടേശാ... കൊല്ലണ്ട!)
ജോസേ...കൊല്ലണ്ടാട്ടാ....പാപം കിട്ടും...
രായുച്ചേട്ടാ....രായുച്ചേട്ടന്‍ കേറ്റിക്കോളാമോ....ഞാന്‍ പൊക്കോട്ടേ...
ഏയ്‌...ഞാന്‍ വെറ്‍തെ പറഞ്ഞതല്ലേ....നടക്കട്ടേ...
ആ...എന്നാ മിണ്ടാതിരി. മ്പക്ക്‌ ഇച്ചിരി കഴിഞ്ഞ്‌ വരാം...
കുറച്ചു നേരം കഴിഞ്ഞ്‌ ജോസേട്ടന്‍ കയറു പൊക്കി പട്ടിയുടെ ബോഡി പൊക്കിയെടുത്തു. പറമ്പില്‍ ഒരു കുഴിയെടുത്ത്‌ അതിലിട്ട്‌ മൂടി.
രായുച്ചേട്ടാ...ഒരു നൂറുറുപ്യ ഇങ്ങെടുത്തേ...കാപ്പിയ്ക്കാ....
നൂറു രൂപ വാങ്ങി. എന്‍റെ കിണറിന്‍റെ ഉദ്ഘാടകന്‍ ഷാപ്പിലേക്ക്‌ പോയി.

3 comments:

Anonymous said...

good post. keep it up!

Raja said...

Vellam kudichu marikkan yogamundaya pattiyude smarankku...

കൂതറHashimܓ said...

നന്നായി എഴുതി
എന്നാലും കെട്ടിത്തൂക്കി കൊന്നെന്ന് വായിച്ചപ്പോ...

Post a Comment

 
Copyright © '