ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, February 1, 2011

ഇരുന്നൂറു രൂപ!

കിഴക്കേലെ സഞ്ജു ഒരു മിടുക്കനാണെന്നാ എല്ലാവരും പറയാറ്‌. വളരെ ചെറുപ്പത്തിലെ തന്നെ നല്ല പൊക്കവും നല്ല തടിയും ഒത്ത ശരീരവും ഉള്ളതു കൊണ്ടാണോ എന്നറിയില്ല എല്ലാവര്‍ക്കും അങ്ങനെ ഒരു അഭിപ്രായം രൂപപ്പെട്ടത്‌.
പക്ഷെ കൂടെ കളിച്ചു നടന്നിരുന്ന ഞങ്ങള്‍ക്കൊന്നും സഞ്ജു അത്ര മിടുക്കനായിരുന്നില്ല. അത്ര പൊക്കവും ശരീരവും ഒന്നും ഞങ്ങള്‍ക്ക്‌ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. കൂടെ കളിക്കാന്‍ സഞ്ജു ഉണ്ടെങ്കില്‍ മിക്കവാറും എല്ലാവരും കളി മതിയാക്കുമായിരുന്നു. കാരണം ക്രിക്കറ്റാണെങ്കില്‍ പന്ത്‌, കുട്ടിയും കോലുമാണെങ്കില്‍ കുട്ടി, ഏറുപന്താണെങ്കില്‍ ഏറ്‌, അരീസ്‌ കായയാണെങ്കില്‍ അടി, കബഡിയാണെങ്കില്‍ വലിച്ചിടല്‍, ഫുട്ബാളാണെങ്കില്‍ ഫൌള്‍! ഏതു രൂപത്തിലാണെങ്കിലും ദേഹോപദ്രവം ഷുവറായിരുന്നു. പക്ഷെ സത്യം പറയട്ടെ, പോത്തു പോലെ വളര്‍ന്നെങ്കിലും ഈ പറഞ്ഞ കളിയൊന്നും പുള്ളിക്കാരനു ശരിക്കും അറിയാമായിരുന്നില്ല.
സഞ്ജുവുമായുള്ള എല്ലാ എന്‍കൌണ്ടറുകളും എന്‍റെ പരാജയത്തിലായിരുന്നു കലാശിക്കാറ്‌. അതു കൊണ്ടു തന്നെ പറ്റാവുന്ന എല്ലാ അവസരത്തിലും ഞാന്‍ ഒറ്റയ്ക്കോ ഞങ്ങള്‍ ഗ്രൂപ്പായിട്ടോ കളിയാക്കി പകരം വീട്ടാറുണ്ടായിരുന്നു.
ചെറുപ്പത്തില്‍ മണപ്പുറത്തെ ശിവരാത്രി മഹോത്സവത്തിനു പോകാനായി ഞങ്ങള്‍ പ്ളാന്‍ ചെയ്തു കൊണ്ടുരിക്കുകയായിരുന്നു അന്ന്‌. സഞ്ജു ഓടി വന്നു ഒരു ചെറിയ പ്ളാസ്റ്റിക്‌ കവര്‍ തുറന്നു കാണിച്ചു. നൂറിന്‍റെ രണ്ടു പുത്തന്‍ നോട്ടുകള്‍. അതായത്‌, ഉത്സവം സഞ്ജു മാത്രം അടിച്ചുപൊളിക്കും. ഐസ്ക്രീം സഞ്ജു മാത്രം കഴിക്കും. മരണക്കിണര്‍ സഞ്ജു മാത്രം കയറി കാണും., കാബറേ സഞ്ജു മാത്രം ആസ്വദിക്കും, എയര്‍ഗണ്‍ സഞ്ജു മാത്രം ഉന്നം പിടിക്കും, കണ്ണട, പൊട്ടാസ്‌ പൊട്ടിക്കുന്ന തോക്ക്‌, ടിക്‌ ടിക്‌ എന്ന്‌ ശബ്ദമുണ്ടാക്കുന്ന തകിടു കൊണ്ടുള്ള കളിപ്പാട്ടം ഇവയൊക്കെ വാങ്ങും. സുന്ദരികളായ പെണ്‍കുട്ടികളുടെ മുന്‍പിലൂടെ വാടകയ്ക്കെടുത്ത സൈക്കിള്‍ ഓടിച്ച്‌ അഭ്യാസപ്രകടനങ്ങള്‍ നടത്തും.....ഞങ്ങളുടെ കൈയിലുള്ള ചില്ലറകൊണ്ടു വല്ല ചുക്കു കാപ്പിയൊക്കെ കിട്ടിയാലായി. അച്ഛനമ്മമാരോട്‌ കടുത്ത അമര്‍ഷം തോന്നുന്ന നിമിഷം.
അങ്ങനെ തുറന്നു കാണിച്ച നൂറു രൂപ നോട്ടുകള്‍ വിദഗ്ധമായി വീണ്ടും വിരിചു കാണിച്ച്‌ എല്ലാവരെയും ഒന്നുകൂടി നോക്കി ആരും ഇനി നോട്ടുകള്‍ കാണാനില്ലല്ലോ എന്ന മട്ടില്‍ സഞ്ജു വീണ്ടും കൂട്ടിനകത്താക്കി. ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക്‌ പോയി.
ആര്‍ക്കും ഒരു മനസമാധാനവും ഇല്ല. എല്ലാവരുടെയും മനസ്സില്‍ ഇരുന്നൂറു രൂപ മാത്രം. എന്തു പണി കൊടുക്കും എന്നറിയാതെ എല്ലാവരും വല്ലാതെ സങ്കടപ്പെട്ടു. പിന്നെ നിരാശരായി അവന്‍റെ തലയില്‍ വരച്ചതു എന്‍റെ ചന്തിയിലെങ്കിലും വരച്ചില്ലല്ലോ ഭഗവാനേ എന്നു വിളിച്ച്‌ ദുഖിതരായി മണപ്പുറത്തേക്ക്‌ നീങ്ങി.
വരുന്നിടത്തു വെച്ചു കാണാം എന്ന ചിന്തയില്‍ ഏതായാലും ഞങ്ങള്‍ ധാരാളമായി പെണ്‍കുട്ടികള്‍ ഇരിക്കുന്ന സ്ഥലത്തിനടുത്ത്‌ ഒരു ആല്‍ത്തറയിലായി ഇരിപ്പുറപ്പിച്ചു. കാശു കൈയിലില്ലെങ്കിലെന്താ...കാശില്ലാത്തവരെയെന്താ പെണ്‍കുട്ടികള്‍ നോക്കില്ലേ എന്നൊക്കെയുള്ള ചിന്തകള്‍ ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞു.
പലവിധ ചിന്തകളിലായിരുന്നെങ്കിലും പുറകില്‍ കേട്ട സൈക്കിള്‍ മണി ശബ്ദം സഞ്ജു വാടകയ്ക്കെടുത്ത സൈക്കിളായിരിക്കും എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടിയിരുന്നില്ല. പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല. സൈക്കിള്‍ കൊണ്ടു വന്ന്‌ ഞങ്ങളുടെ മുന്‍പിലായി നിര്‍ത്തിയ സഞ്ജു ആദ്യം കൈ വിട്ടു. സൈക്കിള്‍ മറയും എന്നായപ്പോള്‍ കൈ ഹാന്‍ഡിലില്‍ പിടിച്ച്‌ എണീറ്റു നിന്നു, പിന്നെ രണ്ടു കാലും ഒരു സൈഡിലാക്കി പെഡലില്‍ ഒരു കാല്‍ മാത്രം ചവിട്ടി നിന്നു. അതു കഴിഞ്ഞു കാരിയറില്‍ ഒരു കാല്‍ വെച്ചു മറ്റേ കാല്‍ പൊക്കി. അതിനു ശേഷം ഇടക്കാലിട്ടു സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.
ഒരു വിധം പെണ്‍കുട്ടികളുടെ കൈയടി നേടാറായി എന്നു മാത്രമല്ല, ഞങ്ങളുടെ ഗ്യാസ്‌ പോകുകയും ചെയ്തു എന്നുറപ്പു വരുത്തിയ ശേഷം കക്ഷി പതിയെ സൈക്കിളില്‍ നിന്നും ഇറങ്ങി. വിജയശ്രീലാളിതനായി ചുറ്റും നോക്കി. പിന്നെ അമ്പലത്തില്‍ പോകാനായി വാങ്ങിയ പുത്തന്‍ സില്‍ക്‌ മുണ്ട്‌ കൈ കൊണ്ട്‌ വകഞ്ഞ്‌ ഒരു കോന്തല വലത്തേ കൈ കൊണ്ട്‌ പിടിച്ച്‌ ഒന്നു ചുറ്റി മടക്കിക്കുത്തി. ഷര്‍ട്ട് അഴിച്ച്‌ ഇടത്തേ കൈയിലായി ഇട്ടു. അമ്പലത്തിലേക്ക്‌ നടന്നു.
എന്തോ ഒരു തടസ്സം. വിചാരിച്ചത്ര സ്പീഡ്‌ കിട്ടുന്നില്ല. നടത്തത്തിന്‌ ഒരു വശപ്പെശക്‌! ഞങ്ങളുടെ എല്ലാ സങ്കടവും കണ്ട്‌ മനസ്സലിഞ്ഞ്‌ ഭഗവാന്‍ തന്ന ഒരവസരം പോലെ ഞങ്ങള്‍ ആര്‍ത്തു കൂവുന്നതിനിടയില്‍ താഴേക്ക്‌ നോക്കിയ സഞ്ജു ഞെട്ടിപ്പോയി!
അടിയിലതാ കസവുമുണ്ടിന്‍റെ താഴെ ഒരു കൈലിമുണ്ട്‌!

1 comments:

കല്യാണിക്കുട്ടി said...

paavam sanju.............
:-)

Post a Comment

 
Copyright © '