കല്യാണം കഴിയുന്ന വരെയുള്ള രീതികളല്ല കല്യാണം കഴിഞ്ഞാൽ. അതു കലാണം കഴിച്ചവർക്കറിയാം. സാധാരണ ആഘോഷങ്ങളായ ഓണം, വിഷു, ഈസ്റ്റർ, പെസഹ, ക്രിസ്തുമസ്, റമസാൻ, ബക്രീദ്, പിന്നെ ലോക്കൽ അമ്പലത്തിലെയോ പള്ളിയിലെയോ പെരുന്നാളുകൾ എന്നിവ കൂടാതെ വിവാഹം കഴിച്ചവർക്ക് കൈയിലിരിക്കുന്ന കാശു ചെലവാക്കാനായി പുതിയ ആഘോഷങ്ങളായ പിറന്നാളുകൾ, ആനിവേഴ്സറികൾ പിന്നെ അക്ഷയതൃതീയ, വാലന്റൈൻസ് ഡേ...
അങ്ങനെയൊരു വാലന്റൈൻസ് ഡേ-യാണ് ഭാര്യയ്ക്ക് ഒരു സമ്മാനം കൊടുക്കാനായി ഞാൻ തെരഞ്ഞെടുത്തത്. എന്തു കൊടുക്കും എന്ന ചോദ്യത്തിന് ചില ജ്വല്ലറിക്കാർ ആഘോഷപൂർവം അനൌൺസ് ചെയ്തിട്ടുള്ള വാലന്റൈൻസ് കപ്പിൾ ജുവല്ലറി എന്തെങ്കിലും വാങ്ങാം എന്നും തീരുമാനിച്ചു. (അതാകുമ്പോൾ വലിയ ചിലവും വരികേല!).
എന്റെ ഐഡിയയ്ക്ക് ആദ്യത്തെ പ്രഹരം ബോസിൽ നിന്നായിരുന്നു. ഫെബ്രുവരി 14 ന് എത്ര ശ്രമിച്ചിട്ടും ലീവ് കിട്ടിയില്ല. മുഖത്ത് ഒരു വലിയ കടന്നൽക്കൂടുമായി നില്ക്കുന്ന ഭാര്യയുടെ പിണക്കം തീർക്കാൻ സസ്പെൻസായി നല്കാൻ വെച്ചിരുന്ന സമ്മാനത്തിന്റെ കാര്യം എനിക്കു പറയേണ്ടി വന്നു.
ഉച്ചയ്ക്ക് അല്പ സമയം നേരത്തെ ഇറങ്ങി ജ്വല്ലറിയിൽ ചെന്ന് സാധനം വാങ്ങി വരാം എന്നായി പിന്നത്തെ ചിന്ത. പണിയൊക്കെ തീർത്തു. ഉച്ചയൂണു കഴിഞ്ഞ് സീറ്റിൽ വന്ന് അയയ്ക്കേണ്ട മെയിലുകളൊക്കെ അയച്ചു. സിസ്റ്റം ഷട്ഡൌൺ ചെയ്തു. ബാഗ് എടുത്തു. ഇറങ്ങി.
അറ്റൻഡൻസ് സ്വൈപ് ചെയ്യുന്നതിനു തൊട്ടുമുൻപായി ദാ വരുണൂ ഒരു മാരണം...ബോസ്!
"ഓ..സോറി! ഇയാൾ എവിടെയോ പോണെന്ന് പറഞ്ഞിരുന്നല്ലൊ...ഇപ്പൊ വിട്ടേക്കാം...ഒരു ചെറിയ ഹെല്പ് ചെയ്തിട്ടു പോകാമോ..."
"യെസ് സർ..പിന്നെന്താ...ഞാൻ അതു കഴിഞ്ഞു പൊയ്ക്കോളാം.(മനസ്സിൽ ഒരു നൂറു പ്രാക്കുകളുമായി ഞാൻ മുഖത്ത് ഒരു നറു പുഞ്ചിരി വരുത്തി.)
"മാർക്കറ്റിങ്ങിലെ ഒരു സീനിയർ മാനേജർ വരും. അദ്ദേഹത്തിന് എന്തോ പ്രിന്റ് എടുക്കാനുണ്ട്. ഒന്നു ഹെല്പ് ചെയ്യണം."
(ഭാഗ്യം! കുരിശു ഒരു പ്രിന്റിൽ തീരുമല്ലോ..). "ശരി സർ, ഞൻ പ്രിന്റ് എടുത്ത് കൊടുത്തോളാം."
ഓടിച്ചെന്ന് സിസ്റ്റം ഓണാക്കി, മെയിൽ ഓപ്പൺ ചെയ്തു. പ്രിന്റ് അയക്കാനുള്ള ഫയൽ തപ്പി. വന്നിട്ടില്ല. ഉടൻ മാനേജറെ വിളിച്ചു.
"സർ, എന്തോ മെയിൽ പ്രിന്റ് എടുക്കാനുണ്ടെന്നു പറഞ്ഞു..."
"ഓ..നോ...മെയിലല്ല, ഐ ഹാവ് എ സി ഡി വിത് മി. ഐ വിൽ കം ടു യൂ..."
"ഓകെ സർ. ഐ ആം ഇൻ മൈ സീറ്റ്."
അര മണിക്കൂർ കഴിഞ്ഞു.
ഒരു സി ഡി ബാഗുമായി മാനേജർ രംഗപ്രവേശം ചെയ്തു.
"ഡിയർ, ഒരബദ്ധം പറ്റി. ഐ ഹാവ് പുട്ട് ദ് സി ഡി ഇൻ ദിസ് ബാഗ്. നൌ ഐ അം അണേബിൾ ടു ഐഡന്റിഫൈ ഇറ്റ്. കാൻ യു പ്ലീസ്....."
ചതിച്ചോ ദൈവമേ...
വരുന്നേടത്ത് വെച്ചു കാണാം...എന്തായാലും ഏറ്റില്ലേ...
"ഹെയ്...എവിടെയോ പോകാനിറങ്ങിയതു പോലെയുണ്ടല്ലോ..."
ദുഷ്ടാ.....എന്റെ പ്ളാനുകളൊക്കെ തകർത്തിട്ട് ചോദിക്കുന്ന കണ്ടില്ലേ....
"നോ സർ, വാലന്റൈൻസ് ഡേ-യല്ലേ...വൈഫിനൊരു ഗിഫ്റ്റ് വാങ്ങാൻ...."
"ഓ...സോ യു ആർ ഏ ഗൂഡ് ഹസ്ബൻഡ്....ആട്ടെ എന്താ പ്ലാൻ..."
ഹും..ഇനി ഞാൻ വാങ്ങാൻ ഉദ്ദേശിച്ച സാധനം ഇയാളോടു പറഞ്ഞിട്ടു വേണം...
“നോ സർ അങ്ങനെയൊന്നുമില്ല, ജ്വല്ലറിയിൽ നിന്നും വാലന്റൈൻ കപ്പിൾ ജുവലറി എന്തെങ്കിലും വാങ്ങണം...”
“ഓ..ഗ്രേറ്റ്...ദെൻ വൈ കാണ്ട് യു ഗോ ആൻഡ് ബൈ എനി ഡയമണ്ട് ജുവല്ലറി?”
ഉവ്വ! ഇനി ഡയമണ്ട് വാങ്ങാത്ത കൊഴപ്പമേയുള്ളൂ...മാത്രമല്ല ഞാൻ കുത്തുപാളയെടുക്കുന്നതു കൂടി കണ്ടാലേ കടല്ക്കിഴവനു തൃപ്തിയാവുകയുള്ളൂ..
“ഓ...അതൊക്കെ ഭയങ്കര കോസ്റ്റ്ലിയാകും സർ, എനിക്ക് അത്ര ബഡ്ജറ്റ് ഒന്നുമില്ല..”
“നോ...നോ...ഇപ്പോ തുടങ്ങിയ ആ പുതിയ ഡയമണ്ട് ജ്വല്ലറി ഷോപ്പ് ഇല്ലേ അത് എന്റെ ഒരു ഫ്രണ്ടിന്റെയാണ്..ഐ കാൻ അറേഞ്ച് സംതിങ്ങ് ഇൻ ചീപ്..മാത്രമല്ല, കപ്പിൾ ജുവല്ലറി യു വിൽ ഗെറ്റ് ഫ്രം 5000 റുപ്പീസ്...”
5000 രൂപയോ...ഡയമണ്ടോ...കൊള്ളാമല്ലോ....ഇനി ഗിഫ്റ്റ് ഡയമണ്ടായാലോ...ഒന്നും ഇതുവരെ വാങ്ങിക്കൊടുക്കാത്തവൻ എന്ന ചീത്തപ്പേരു കഴുകിക്കളയാൻ ഒരടിപൊളി അവസരം. ഒരിക്കലും ഞാൻ ഒരു അടിപൊളി ഡയമണ്ട് ആഭരണം വാങ്ങിക്കൊണ്ടു വരും എന്ന് ആരും ചിന്തിക്കയില്ല...അതും വില പറയാതിരുന്നാൽ സൂപ്പർ ക്രെഡിറ്റായിരിക്കും...
എന്റെ മൌനം കണ്ട് പുള്ളി മുൻകൈയെടുത്തു. ഡയമണ്ട് ജ്വല്ലറിയുടെ എം ഡിയെ വിളിച്ചു.
“ഹായ്....ബോസ്...എന്റെ ഒരു ഫ്രണ്ടിനെ അങ്ങോട്ട് പറഞ്ഞു വിട്ടാൽ ഒന്നു കൈകാര്യം ചെയ്തേക്കാമോ...പുള്ളിയ്ക്ക് ഒരു വാലന്റൈൻ ഗിഫ്റ്റ് വേണം...സ്പെഷ്യൽ ആയിരിക്കണം....ഓകെ..അപ്പോ പുള്ളി വന്നോളും...ശരി....“
ഞാൻ നിന്ന നില്പിൽ ഒരടി പൊങ്ങി. ഒന്നാമത് എംഡിയുമായി നേരിട്ട് ഇടപാട്. പിന്നെ ഒരു സീനിയർ മാനേജർ എന്നെ ഫ്രണ്ട് എന്നു വിളിച്ചിരിക്കുന്നു...
“യെസ് ബോസ് അതു തന്നെ...” ഞാൻ ഓപ്പൺ ചെയ്ത പല സിഡികളിൽ നിന്നും പുള്ളി ഒരെണ്ണം കണ്ടെത്തി.
“ഇനി അതിലെ രണ്ടു സിപ്പ് ഫയലുകളും എക്സ്ട്രാക്റ്റ് ചെയ്യണം...രണ്ടു ഫോൾഡറുകൾ വീതം ഉണ്ടാകും. അതിൽ എട്ടു എക്സൽ ഫയലുകൾ. ഒന്ന് എഡിറ്റ് ചെയ്ത ശേഷം പ്രിന്റ് വിടണം. വിട്ടിരുന്നാൽ മതി. ഐ വിൽ ടേക് ഇറ്റ് ടുമാറോ..”
കൂടിയ ഉയരം അപ്പോഴേ കുറഞ്ഞു. നാളത്തേക്കു മാത്രം ആവശ്യമുള്ള ഒരു പണ്ടാരമാണ് എന്റെ നല്ല ഒരു ദിവസം നശിപ്പിക്കാൻ കൊണ്ടു വന്നിരിക്കുന്നത്.
“ദെൻ...ഓകെ ബോസ്...അഡ്വാൻസ്ഡ് ഹാപ്പി വാലന്റൈസ് ഡേ....”
കടുത്ത പല്ലിറുമ്മലിനിടയിലും..നീട്ടിയ കൈയിൽ ഞാൻ ഹസ്തദാനം നടത്തി.
“താങ്ക്യൂ സർ”
“നേരെ കടയിൽ പോയി എം ഡിയെ ചോദിച്ചാൽ മതി കെട്ടോ..ഇന്നയാൾ പറഞ്ഞു വിട്ടതാണെന്നു പറയണം...ഓകെ...”
“ഓകെ”
ഒന്നാമത്തെ സിപ് ഫയൽ തുറന്നു. നാലു ഫോൾഡറുകൾ. ഓരോന്നും തുറന്നു. ചെറിയ എട്ടു എക്സൽ ഫയലുകൾ. ഒന്നും പ്രിന്റു ചെയ്യാവുന്ന കണ്ടീഷൻ അല്ല. എഡിറ്റിങ്ങ് തുടങ്ങി. സേവ് ചെയ്തു. പ്രിന്റ് വിട്ടു.
സമയം നാലു മണി.
മൊബൈൽ ബെല്ലടിച്ചു. പരിചയമില്ലാത്ത നമ്പർ..എടുത്തു. ഡയമണ്ട് ഷോപ്പിൽ നിന്നാണ്.
“സർ, ഞാൻ ഞങ്ങളുടെ എം ഡി പറഞ്ഞിട്ടു വിളിക്കുകയാണ്. സർ എപ്പോ വരും?”
ആദ്യത്തെ സിപ് ഫയൽ നോക്കിയതനുസരിച്ചാണെങ്കിൽ ഒരു ഒരു മണിക്കൂറിനകം എല്ലാം തീരും..
“ഒരു ഫൈവ് തേർട്ടി...”
“ഓകെ”
അടുത്ത സിപ് ഫയൽ തുറന്നു. ഫോൾഡറുകളും എക്സൽ ഫയലും തുറന്നു.
ബാലേട്ടൻ സിനിമയിലെ ജഗതിയണ്ണന്റെ സ്വന്തമായി എഴുതിയ കവിത പോലെ കടയും തലയുമില്ലാത്ത എട്ട് എക്സൽ ഫയലുകൾ...
നോ രക്ഷ...
ഞാൻ വെള്ളം കുടി തുടങ്ങി...മൊത്തം കൊളം...
ആറു മണിയോടെ ഒരെണ്ണം കഴിഞ്ഞു.
വീണ്ടും ഫോൺ...
“സർ..എപ്പോ വരും...ജ്വല്ലറി എട്ടു മണിയ്ക്ക് ക്ലോസ് ചെയ്യും.”
“ഓകെ...ഓകെ..അധികം താമസിക്കില്ല...ഉടനെ എത്തിയേക്കാം”
“ഓകെ..സർ..” ഫോൺ വെച്ചു.
എട്ടു മണിയായി. അഞ്ചു ഫയൽ കൂടി കഴിഞ്ഞു.
വീണ്ടും ഫോൺ...
“സർ...ഒരു പാട് താമസിക്കുമോ...ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്..”
“നോ...നോ...ഇപ്പോതന്നെ വരും...ക്ളോസ് ചെയ്തു.”
ഒരു മണിക്കൂർ കൂടി കഴിഞ്ഞു.
അതു വരെ ചെയ്തതൊക്കെ മതി എന്ന മട്ടിൽ ഞാൻ കിട്ടിയതൊക്കെ വച്ച് എഡിറ്റ് ചെയ്ത് എല്ലാ പ്രിന്റും എടുത്ത് പിൻ ചെയ്തു വെച്ച് സിസ്റ്റം ക്ളോസ് ചെയ്തു.
വീണ്ടും ഫോൺ
“സർ, വരുന്നില്ലേ..വി ആർ വെയ്റ്റിങ്ങ് ”
“വരുന്നു...വരുന്നു...ദേ എത്തി.”
ഒരു പത്തു മിനിട്ടിൽ ഷോപ്പിലെത്തി.
മുൻപിലെ ഒരു ഷട്ടർ ഒഴിച്ച് എല്ലാം അടച്ചിട്ടുണ്ട്. ഒന്നു രണ്ട് സെയിൽസ്മാൻമാർ മാത്രമേ ഷോപ്പിലുള്ളൂ.. ഒരു ക്യാബിനിൽ എം ഡി ഇരിപ്പുണ്ട്.ഞാൻ ചെന്ന അപ്പോ തന്നെ നേരത്തെ വിളിച്ചു പറഞ്ഞ പ്രകാരം എം ഡി നേരിട്ട് കുറേ ഡിസൈനുകൾ എന്നെ കാണിച്ചു തരാൻ തുടങ്ങി. എല്ലാം അതി മനോഹരം..വജ്രത്തിന്റെ മനോഹാരിത എന്നെ അതിശയിപ്പിച്ചു.
എനിക്കിഷ്ടപ്പെട്ട ഒന്നുരണ്ടു ഡിസൈൻ ഞാൻ തെരഞ്ഞെടുത്തു മാറ്റിവെച്ചു.
“എന്താ ഇതിന്റെ പ്രൈസ്?”
“ഈച് കോസ്റ്റ്സ് ടൂ ലാൿസ്”
അയ്യോ...എന്നൊരു ശബ്ദം ഞാൻ പുറപ്പെടുവിച്ചത് എം ഡി കേട്ടോ എന്നെനിക്കറിയില്ല. പക്ഷെ എന്റെ മുഖത്തെ രക്തമയമില്ലായ്മ അദ്ദേഹം നോട്ട് ചെയ്തെന്നു തോന്നുന്നു.
“യു നീഡ് ടു സീ മോർ ഡിസൈൻസ്?”
“യെസ്..കുറച്ചു കൂടി വില കുറഞ്ഞത്..”
എം ഡി വീണ്ടും വീണ്ടും അവരുടെ കണ്ണിൽ വില കുറഞ്ഞ രണ്ട്, ഒന്നര, ഒരു ലക്ഷം തുടങ്ങിയ വിലകളുള്ള ആഭരണങ്ങൾ കാണിക്കാൻ തുടങ്ങി.
എന്റെ ശ്വാസം നിലച്ചു പോകും എന്ന നിലയായപ്പോൾ ഞാൻ കപ്പിൾ ജുവല്ലറി എന്ന ആശയം മനസ്സിൽ നിന്നും കളഞ്ഞു. എന്റെ പരുങ്ങൽ കണ്ടപ്പോൾ എം ഡിയ്ക്കും മറ്റുള്ളവർക്കും കാര്യം ഏതാണ്ട് പിടികിട്ടി.
“സാറിന്റെ റെയിഞ്ച് പറഞ്ഞാൽ....”
“അല്ല...നിങ്ങൾ കാണിച്ചാൽ എനിക്ക് ഇഷ്ടപ്പെട്ടത് ഞാൻ എടുത്തോളാം..”
എം ഡി ഒരുത്തനെ വിളിച്ച് എന്തോ പറഞ്ഞു. അവൻ അകത്തു പോയി ഒരു ചെറിയ ലോക്കറ്റ് എടുത്തിട്ടു വന്നു.
“സർ ഇതാണ് വലന്റൈൻസ് ഡേ സ്പെഷ്യൽ പെൻഡന്റ്! വെറും 15,000 രൂപയേയുള്ളൂ...”
തിരിച്ചും മറിച്ചും നോക്കി ഞാൻ ചോദിച്ചു.
“ഇതിലും കുറഞ്ഞത്......”
5000 രൂപ വിലയുള്ള ഐറ്റംസ് പുറത്തെടുക്കടേ എന്ന ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നു എന്റെ ശബ്ദത്തിൽ...
“സോറി സർ..ഇതാണ് ഇവിടത്തെ ഏറ്റവും കുറഞ്ഞ ആഭരണം..ഇതു തന്നെ സെറ്റ് ആകുമ്പോൾ 25000 എങ്കിലും വരും...”
ഞാൻ നന്നായി വിയർത്തു. ടവൽ എടുക്കാനായി പോക്കറ്റിൽ കൈയിട്ടു. ടവൽ ഭദ്രമായി വീട്ടിൽ വെച്ചിട്ടു പോന്നിരിക്കുന്നു. പകരം ഒരു കവറുണ്ട്. പുറത്തെടുത്തു.
ദൈവമേ.....അറിയാതെ വിളിച്ചു പോയി.. സഹപ്രവർത്തകന്റെ ഒരു മെഡിക്കൽ ബിൽ പാസായതിന്റെ 8000 രൂപ എന്റെ കൈയിൽ ഇരിക്കുകയാണ്. കൂട്ടുകാരനോടു പറഞ്ഞു നില്ക്കാം. പക്ഷെ സീനിയർ മാനേജറുടെ അഭിമാനം, എം ഡി നേരിട്ട് എനിക്കു വേണ്ടി കാത്തിരുന്നതിന്റെ ബുദ്ധിമുട്ട്, ഭാര്യയ്ക്കു കൊടുത്ത വാക്ക്, വാലന്റൈൻസ് ഡേ...
ഞാൻ ചെറുതായി ഒരു മനക്കണക്കു കൂട്ടി. കൈയിൽ 5000, കൂട്ടുകാരന്റെ 8000 പിന്നെ ഏ ടി എം കാർഡിലുള്ള രണ്ടായിരം കൂടി ഇട്ടാൽ സംഭവം തല്ക്കാലം സാധിക്കാം...
“ഇതു തന്നെ മതി“
ഏതാണ്ട് എന്നെ ഉപേക്ഷിച്ച മട്ടിൽ നിന്ന എം ഡിയും മറ്റും ചെറുതായി ഒന്നു ഞെട്ടി എന്നു തോന്നുന്നു. എന്റെ അഭിപ്രായം മാറും മുൻപ് അവർ അത് ഒരു ചെറിയ ബോക്സിലാക്കി. ഒരു വലന്റൈൻ ഗിഫ്റ്റ് പാക്കും ചെയ്ത് കവറിലാക്കി. എനിക്ക് തന്നു.
പറഞ്ഞ പൈസ കൊടുത്ത് താങ്ക്സും പറഞ്ഞ് പുറത്തിറങ്ങി ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. പെട്രോൾ കണ്ടീഷൻ നോക്കി. ഭാഗ്യം! രാവിലെ ധനികനായിരുന്ന സമയത്ത് അടിച്ച പെട്രോൾ ബാക്കിയുണ്ട്. വീട്ടിലെത്താം....
വീട്ടിലെത്തുമ്പോൾ സമയം പന്ത്രണ്ടാകാൻ നാലു മിനിട്ട്! കോളിങ്ങ് ബെൽ അടിച്ചു. വാതിൽ തുറന്ന് തന്ന് എന്റെ ദേഹത്തേക്ക് ഉറങ്ങി വീണ ഭാര്യയെ പിടിച്ച് നേരെ നിർത്തി ഞാൻ സമ്മാനം നല്കി.പിന്നെ പതുക്കെ പറഞ്ഞു.
“ഹാപ്പി....വലന്റൈൻസ് ഡേ...”
2 comments:
അയ്യോ പാവം... ചേട്ടായിക്ക് ഇങ്ങനെ ഒരു പണി കിട്ടിയിട്ടുണ്ടെന്നു നിരീച്ചില്യ... എന്തായാലും ഹാപ്പി വാലണ്റ്റൈന്‍സ് ഡേ....
hentamoo... athu kalakki....
Post a Comment