സിനിമ പോലെ റീ ടേക്കുകള്‍ നാടകത്തില്‍ പറ്റാത്തത് കൊണ്ട് നാടകത്തിനിടയില് അബദ്ധങ്ങള്‍ സംഭവിക്കുക സാധാരണമാണ്.
എന്റെ ചെറുപ്പത്തില്‍ ചില നാടക അബദ്ധ കഥകള്‍ കേട്ട് ഞാന്‍ തല തല്ലി ചിരിച്ചിട്ടുണ്ട്. .
പണ്ടൊക്കെ നാടകത്തില്‍ അഭിനയിക്കുന്ന നടീ നടന്മാരുടെ പുറകില്‍ കര്‍ട്ടനു പിറകില്‍ നിന്ന് അടുത്ത ഡയലോഗുകള്‍ പറഞ്ഞു കൊടുക്കുന്ന പതിവുണ്ടായിരുന്നു. പ്രോമ്റ്റിങ്ങ് എന്നായിരുന്നു ആ പതിവിന്റെ പേര്. അഥവാ നാടന്‍ ഡയലോഗ് മറന്നു പോയാലും ഇങ്ങനെ പറഞ്ഞു കൊടുക്കുമ്പോള്‍ ഓര്മ വരും. അഭിനയിച്ചാല്‍ മാത്രം മതി.
ഒരിക്കല്‍ ഏതോ ഒരു നാടകത്തില്‍ ഒരു വൃദ്ധന് കഥാപാത്രത്തിന്റെ പുറകില്‍ നിന്ന് പ്രോംറ്റ് ചെയ്യുന്ന കക്ഷി അടുത്ത ഡയലോഗ് പ്രോംറ്റ് ചെയ്തു.
"മാറാത്ത രോഗവുമായി ഞാന്‍ നിന്ന് കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ...."
നടന് അഭിനയത്തില്‍ അല്പം പോലും പിശുക്ക് കാണിച്ചില്ല. നടു വളച്ച് വടി കുത്തിപ്പിടിച്ച് കഴുത്തൊക്കെ ഒരു വശത്തേക്ക് ചെരിച്ച് മറ്റേ കൈ കൊണ്ടു നെഞ്ചിലുഴിഞ്ഞ് ഡയലോഗ് പറഞ്ഞു.
"മാറത്തെ രോമവുമായി ഞാന്‍ നിന്ന് കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ...."
പ്രഹ്ലാദ ചരിതം നാടകം നടക്കുന്ന സമയം...
മുഴുവന്‍ സമയം പ്രാര്‍ത്ഥനയുമായി പ്രഹ്ലാദന് നില്ക്കുന്നു.
പ്രഹ്ലാദനെ മുന്നില്‍ നിര്‍ത്തി ഹിരണ്യ കശിപു ആക്രോശിക്കുകയാണ്. ...
"എവിടെടാ നിന്റെ മഹാവിഷ്ണു?"
"തൂണിലും തുരുമ്പിലും മഹാവിഷ്ണു കുടികൊള്ളുന്നു...."
"ഓഹോ..അങ്ങനെയെങ്കില്‍ ഈ തൂണിലും മഹാവിഷ്ണു ഉണ്ടായിരിക്കണമല്ലോ...എവിടെ...പുറത്ത് വരട്ടെ...ഹ...ഹ...ഹ..."
അട്ടഹാസത്തിനൊപ്പം ഹിരണ്യ കശിപു തൂണില്‍ ആഞ്ഞു വെട്ടി...
"എവിടെടാ നിന്റെ മഹാ വിഷ്ണു?"
വീണ്ടും വെട്ടി...
സദസ്സ് മുഴുവന്‍ ആശ്ചര്യ പരതന്ത്രരായി നില്‍ക്കുകയാണ്. ചില വല്യമ്മമാര് നാരായണ ജപം തുടങ്ങി... ചിലര്‍ പ്രഹ്ലാദന്റെ അവസ്ഥ കണ്ടു സങ്കടപ്പെടുന്നു.
ഇതിനിടെ ഹിരണ്യ കശിപു വെട്ടുന്ന തൂണിന്റെ കുറച്ചു മാറി സ്ക്രിപ്റ്റില്‍ സംവിധായകന് നിര്‍ദേശിച്ചിട്ടുള്ള തൂണിന്റെ പുറകില്‍ സര്‍വാഭരണ വിഭൂഷിതനായി മുടി അഴിച്ചിട്ടു കൈയില്‍ നഖങ്ങളുമായി ചാടി വീണു ഹിരണ്യ കശിപുവിനെ കൊല്ലാന്‍ തയ്യാറായി നില്ക്കുന്ന നരസിംഹം ആകെ വറീടായി...
"ശ്........ശ്.......പൂയ്......"
നരസിംഹം വിളിച്ചു നോക്കി.
"തൂണ് മാറിപ്പോയി....ഇവിടെ...ഇവിടെ..."
എവിടെ കേള്‍ക്കാന്‍.... ഹിരണ്യ കശിപു ആവേശത്തില്‍ തന്നെ....
"എവിടെടാ നിന്റെ മഹാവിഷ്ണു?"
വീണ്ടും വെട്ടി....
ക്ഷമ നശിച്ച നരസിംഹം ആദ്യം ആയമെടുത്ത് ഹിരണ്യ കശിപു വെട്ടിക്കൊണ്ടിരിക്കുന്ന തൂണിനു പുറകിലേക്ക് ചാടി...പിന്നെ സ്റ്റെജിലേക്ക് ചാടി ഹിരണ്യ കശിപുവിന്റെ കഥ കഴിച്ചു നാടിനെയും പ്രഹ്ലാദനെയും രക്ഷിച്ചു!
സമയം സായം സന്ധ്യ....
അഭിജ്ഞാന ശാകുന്തളം നാടകത്തിലെ ആശ്രമ പരിസരം. നിശ്ശബ്ദമായ അന്തരീക്ഷം.
ആശ്രമ മുറ്റത്ത് കണ്വ മഹര്‍ഷി ഉലാത്തുകയാണ്. കൈയില്‍ യോഗ ദണ്ട്. മറ്റേ കൈ കൊണ്ടു താടി ഉഴിയുന്നു.
കണ്വന് ആശ്രമത്തിനകത്തെക്ക് നോക്കി ഉറക്കെ വിളിച്ചു.
"മകളെ ശകുന്തളേ...."
ആരും വിളി കേള്‍ക്കുന്നില്ല.
വീണ്ടും വിളിച്ചു.
"മകളെ ശകുന്തളേ...."
ആരും വിളി കേള്‍ക്കുന്നില്ല.
വീണ്ടും വിളിച്ചു.
"മകളെ ശകുന്തളേ...." വിളി മൂന്നാം തവണയായ പ്പോഴേക്കും അതി ശക്തമായി തടവിയതിന്റെ ഫലമായി താടി ഇളകി.
"പറഞ്ഞാലും താതാ..." വിളി കേട്ട് ഓടി വരുന്ന ശകുന്തള....
ഏതായാലും ഇളകി. ഇനി കൂവല്‍ കേള്‍ക്കുന്നതിനു മുന്‍പ് ഒരു വഴി മാത്രം...
"ഇതങ്ങു കൊണ്ടു വെക്ക് മോളെ.."
Friday, April 1, 2011
Subscribe to:
Post Comments (Atom)
2 comments:
മൂന്നും കലക്കിയിട്ടുണ്ടു കേട്ടോ... പണ്ടെവിടെയോ കുരിശില്‍ കിടക്കുന്ന ക്രിസ്തു കണ്ണട ഊരാന്‍ മറന്നുപോയതും പെട്ടെന്ന് ഓര്‍മ്മ വന്നു...
കലക്കി :)
Post a Comment