ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Wednesday, September 21, 2011

അരങ്ങു തകര്‍ത്തില്ലേന്നൊരു സംശയം!

സ്കൂളില്‍ പാട്ടുകാരായി അറിയപ്പെട്ടിരുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ സ്റ്റാര്‍ സിങ്ങറിനുള്ള സ്കോപ്പും ഉണ്ടായിരുന്നില്ല. വേണമെങ്കില്‍ ഒരു ബാത്‌ റൂം സിങ്ങര്‍ കോമ്പറ്റീഷന്‍ ആകാം എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍.
അങ്ങനെയിരിക്കെ, ബാലകലോത്സവം വന്നെത്തി. പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മത്സരവേദിയാണല്ലോ ബാലകലോത്സവം. ഒരാള്‍ക്കാണെങ്കില്‍ ആകെ മൂന്നു മത്സരങ്ങളിലേ പങ്കെടുക്കാന്‍ പറ്റൂ. അപ്പോള്‍ ഏതാണ്ട്‌ മത്സരിക്കുന്ന മൂന്നിലും ഒന്നാം സമ്മാനവും എ ഗ്രേഡും കിട്ടിയാല്‍ മാത്രമേ കലാപ്രതിഭയോ തിലകമോ ഒക്കെ ആകാന്‍ പറ്റൂ. കടുത്ത മത്സരമായിരിക്കും. അഥവാ ഒരെണ്ണം കിട്ടാതെ വരികയോ ഗ്രേഡ്‌ കുറഞ്ഞു പോകുകയോ മറ്റോ ചെയ്താല്‍ അപ്പീലായി, ബഹളമായി...(സാറേ...അവന്‍ ആകെ മൂന്നു വരിയല്ലേ പാടിയുള്ളൂ, എന്റെ പാട്ടു വന്നപ്പോ മൈക്ക്‌ താഴ്ത്തിയില്ല തുടങ്ങി കശപിശ തുടങ്ങും.) ദൈവം സഹായിച്ച്‌ ഞാനല്ലേ നന്നായി പാടിയത്‌ എന്ന്‌ ആരും ഇതുവരെ പരാതി പറഞ്ഞ്‌ ഞാന്‍ കേട്ടിട്ടില്ല. അങ്ങനെയൊരു സംഭവം ഇല്ലല്ലോ....
ഇതുപോലെ ഒരു ബാലകലോത്സവം വന്നെത്തി.
പദ്യം ചൊല്ലല്‍ മത്സരം നടക്കുകയാണ്‌. മുപ്പത്തിരണ്ട്‌ പേര്‍ മത്സര രംഗത്തുണ്ട്‌. കടുത്ത മത്സരം. മിക്കവാറും എല്ലാവരും തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്‌ വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയാണ്‌. അമ്മയുടെ ശകാരം കേട്ട്‌ സഹിക്കാനാകാതെ മാമ്പൂ എറിഞ്ഞുകളഞ്ഞ കുഞ്ഞിന്റെ വേര്‍പാട്‌ ആഴത്തില്‍ സ്പര്‍ശിച്ചതു കൊണ്ടൊന്നുമല്ല, എന്തായാലും പരീക്ഷയ്ക്കു കാണാതെ പഠിക്കണം, എന്നാപ്പിന്നെ ഒന്നു പാടി നോക്കിയാലെന്നാ കൊഴപ്പം...
എല്ലാവരും പാടി. പക്ഷെ പാട്ടിന്റെ സംഗതികളും ഷഡ്ജവും ഒക്കെ ഒരുമിച്ച്‌ കേട്ട്‌ കലിയിളകി അമ്മയും കുഞ്ഞും മാമ്പഴവും വൈലോപ്പിള്ളിയും ഒക്കെ ഒരുമിച്ച്‌ സ്റ്റേജിലെത്തി ഗായകരെ ഓരോരുത്തരെയായി ഇറക്കി വിട്ടു.
അപ്പോഴതാ ഒരു ഗാനം. 
"ഇനിയും മരിക്കാത്ത ഫൂമി നിന്നാസന സ്മ്രിതിയില്‍ നിനക്കാസ്മ ശാന്തി.
ഇനി നിന്റെ എന്റെ യും സ്മരണ ശിസ്രൂഷയ്ക്ക്‌ ഹൃദയത്തില്‍ നിന്നേ കൊളുത്തി ദീപം!"
നാലാം ക്ളാസിന്റെ അഭിമാനഭാജനമായ മഞ്ജുവായിരുന്നു മാമ്പഴത്തില്‍ നിന്നു ഒന്നു മാറ്റിപ്പിടിക്കാം എന്നു വിചാരിച്ചത്‌. ആദ്യത്തെ രണ്ടു വരി കഴിഞ്ഞപ്പോള്‍ത്തന്നെ പാട്ടു നിര്‍ത്തി കക്ഷി സദസ്യരെയും ഗുരുജനങ്ങളെയും ആഗതരായ വിശിഷ്ട വ്യക്തികളെയും ജഡ്ജസിനെയും പിന്നെ പാട്ടു കേള്‍ക്കാനായി സ്വന്തം വീട്ടില്‍ നിന്നു കൊണ്ടു വന്നിരിക്കുന്ന ബന്ധുജനങ്ങളെയും നോക്കി വിശാലമായി ചിരിച്ചു. പിന്നെ വീണ്ടും പാട്ടിലേക്കു തന്നെ തിരിഞ്ഞു. ഗാനം കര്‍ണകഠോരമെങ്കിലും മാമ്പഴത്തില്‍ നിന്നുള്ള മാറ്റത്തെ മനസാ അഭിനന്ദിച്ച ജഡ്ജസ്‌ സമ്മാനം ഇവള്‍ക്കു തന്നെ എന്നു മനസ്സില്‍ കരുതുകയും ചെയ്തു.
മഞ്ജുവിനു ശേഷം മൂന്നു നാലു പേരുകള്‍ അനൌണ്‍സു ചെയ്തെങ്കിലും ആരും പാടാനായി കയറിയില്ല.
അടുത്ത ഊഴം മഞ്ജുവിന്റെ ക്ളാസിലെ തന്നെ ചാണ്ടിയുടേതായിരുന്നു. പില്‍ക്കാലത്ത്‌ ഷാന്റി എന്നും ഗ്ഗ്ളാമര്‍ കുറഞ്ഞു പോയെന്ന തോന്നലിനാല്‍ ചാര്‍ലി എന്നും ഗസറ്റില്‍ പബ്ബ്ളീഷു ചെയ്തു പേരു മാറ്റിയ ചാണ്ടി സ്ഥലത്തെ പ്രധാന മീന്‍ വില്‍പനക്കാരനായ മാതാ ഓട്ടോ തോമസിന്റെ മകനായിരുന്നു.
കഷ്ടകാലമെന്നു പറയട്ടെ ചാണ്ടിയുടെ ഗാനവും മാമ്പഴം തന്നെയായിരുന്നു. പക്ഷെ കുറ്റം പറയരുതല്ലോ പാട്ട്‌ മറ്റുള്ളവരേക്കാള്‍ അല്‍പം ഭേദമായിരുന്നു.
"അങ്കണ തെയ്മാവില്‍ നീ..... നാദ്യത്തെപ്പഴം വീകെ
അമ്മതന്‍ നേത്രത്തീനീ...നുതിന്നൂ ചുടുകണ്ണീ......... ര്‍
(വീണ്ടും) അങ്കണ തെയ്മാവില്‍ നീ..... നാദ്യത്തെപ്പഴം വീകെ
അമ്മതന്‍ നേത്രത്തീനീ...നുതിന്നൂ ചുടുകണ്ണീ......... ര്‍"
രണ്ടാമതു പാടിയത്‌ ഗാനമാധുരിയുടെ ഭാഗമായിരുന്നു എന്നു കരുതിയവരെ അമ്പരപ്പിച്ചു കൊണ്ട്‌ ചാണ്ടി അല്‍പ നേരം നിര്‍ത്തി. കുറച്ചു നേരം ആലോചിച്ചു. പിന്നെ പിറുപിറുത്തു.
"ശ്ശെ...ഞാന്‍ കാണാപ്പാഠം പഠിച്ചതാണല്ലോ..തെറ്റാന്‍ വഴിയില്ലല്ലൊ....സാരമില്ല ഒന്നൂടെ പാടി നോക്കാം... " മൈക്ക്‌ ചെറിയ ശബ്ദങ്ങളെ വലുതാക്കി കേള്‍പ്പിക്കുന്ന ഉപകരണമാണെന്ന കാര്യം ചാണ്ടി അല്‍പ നേരത്തേക്കു മറന്നു പോയി. അലറിച്ചിരിക്കുന്ന ജനാവലിയെ സാക്ഷി നിര്‍ത്തി ചാണ്ടി പിന്നെയും പാടി.
"അങ്കണ തെയ്മാവില്‍ നീ..... നാദ്യത്തെപ്പഴം വീകെ
അമ്മതന്‍ നേത്രത്തീനീ...നുതിന്നൂ ചുടുകണ്ണീ......... ര്‍"

പിന്നെ അല്‍പം നിര്‍ത്തി വീണ്ടും ആലോചിച്ച്‌ വീണ്ടും പിറുപിറുത്തു. "ശ്ശെ...കിട്ടണില്ലല്ലോ...ഹ...കള...അല്ലപിന്നെ.... "
പിന്നെ നെഞ്ചു വിരിച്ച്‌ ഇറങ്ങിയങ്ങു പോയി.
സംഭവം എന്തു തന്നെയായാലും റിസല്‍റ്റ്‌ വന്നപ്പോള്‍ ഒന്നാം സമ്മാനം മഞ്ജുവിനും രണ്ടാം സമ്മാനം ചാണ്ടിയ്ക്കും തന്നെയായിരുന്നു. ഒന്നുരണ്ടു പേരെയെങ്കിലും സബ്ജില്ലയില്‍ കൊണ്ടു പോകണം എന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ രണ്ടാള്‍ക്കും എ ഗ്രേഡും ലഭിച്ചു.

3 comments:

kARNOr(കാര്‍ന്നോര്) said...

ഗൊള്ളാം ഗലക്കീ !

Typist | എഴുത്തുകാരി said...

ആർക്കെങ്കിലും കൊടുക്കണ്ടേ എന്നു കരുതിയിട്ടാവും!

സുധി അറയ്ക്കൽ said...

ഹ ഹ ഹ .ചിരിക്കാൻ വയ്യേ.

Post a Comment

 
Copyright © '