കറണ്ടുപോക്ക് നമ്മുടെ നാട്ടില്‍ പുതിയ സംഭവമല്ലല്ലോ...അറിഞ്ഞു കൊണ്ടു കട്ടു ചെയ്യുന്ന കറണ്ടുപോക്ക് , നേരത്തെ അറിയിച്ചു കൊണ്ടു കട്ടു ചെയ്യുന്ന കറണ്ടുപോക്ക് , ഓരോരോ ജോലികള്‍ക്കായി കട്ടു ചെയ്യുന്ന കറണ്ടുപോക്ക് , മരക്കൊമ്പ്, തെങ്ങിന്‍ കൈ, തേങ്ങ അങ്ങനെ ഗുരുത്വാകര്‍ഷണ സ്വാധീനത്തില്‍ വീഴുന്ന സാധനങ്ങള്‍ മുഖേനയുള്ള കറണ്ടുപോക്ക് , പിന്നെ മഴക്കാറു കണ്ടാല്‍ തനിയേ സംഭവിക്കുന്ന കറണ്ടുപോക്ക് അങ്ങനെയങ്ങനെ....
പില്‍ക്കാലത്ത് എമര്‍ജന്‍സി ലാമ്പ്, ചൈനീസ് ലൈറ്റ് എന്നിവ വ്യാപകമായതോടെപണ്ട് വീടുകളില്‍ വെളിച്ചം വിതറിയിരുന്ന മൂട്ടവിളക്ക്, റാന്തല്‍, മണ്ണെണ്ണവിളക്ക് തുടങ്ങിയ പല ഐറ്റംസും ഉപയോഗിക്കാതെ വീട്ടില്‍ വെച്ചിരുന്ന് പലവട്ടം നന്നാക്കി കാശുകളഞ്ഞ് ഇനി എന്തു ചെയ്യും എന്ന് ടെന്‍ഷനടിച്ച് അവസാനം ഇതിനൊരു വലിയ മാര്‍ക്കറ്റ് ഉണ്ടെന്നു മനസ്സിലാക്കി സമീപകാലത്ത് ചിലര്‍ ആന്റിക് കാറ്റഗറിയില്‍ പെടുത്തി വിറ്റു കാശാക്കി.
കടകളില്‍ കിട്ടാതായതോടെ പുതിയ തലമുറയിലെ പല വാഗ്ദാനങ്ങള്‍ക്കും ഈ പറഞ്ഞ സംഗതികള്‍ അറിയാന്‍ പോലും മേലാ എന്ന സ്ഥിതിയും വന്നു.
അപ്പോഴാണ് കാഞ്ഞങ്ങാടുകാരനായ എന്റെ ഒരു ബന്ധുവിന് ഒരു റാന്തല്‍ ആവശ്യമായി വന്നത്. ഒരു യാത്രാപ്രിയനായതു കൊണ്ട് പുള്ളി കേരളത്തിലെ പല മുക്കിലും മൂലയിലും റാന്തല്‍ അന്വേഷിച്ചു നടന്നു. ഒടുക്കം ആരോ പറഞ്ഞ് പെരുമ്പാവൂരില്‍ ഈ സംഗതി കിട്ടും എന്ന് കക്ഷി അറിയാനിടയായി. ശബരിമലയ്ക്കുള്ള യാത്രാമധ്യേ പെരുമ്പാവൂരില്‍ ഇറങ്ങി നേരെ ഈപറഞ്ഞ കടയിലെത്തി..
"പാനീസ് ഒന്നു വേണം"
കടക്കാരന്‍ ഒന്നു ഞെട്ടി.
"പാനീസോ? അതെന്താ സാധനം?"
"ഇവിടെ കിട്ടുമെന്നാണല്ലോ പറഞ്ഞത്"
"അതെ. പക്ഷെ സാധനം എന്നതാ?"
"മറ്റേ.. മണ്ണെണ്ണ ഒഴിച്ച് കത്തിക്ക്ന്ന തിരിയെല്ലാം നീട്ടി കത്തിക്ക്ന്ന സാധനം"
"മൂട്ടവെളക്കാണോ?"
"അതെന്താ സാധനം?"
"അതും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതാ. തിരിയൊക്കെ നീട്ടാം. ടാ...ഒരു മൂട്ടവെളക്കെടുത്തേ..... "
മൂട്ടവെളക്ക് പ്രത്യക്ഷപ്പെട്ടു.
"അയ്യേ...ഇതല്ല... എനക്ക് വേണത് പാനീസാ"
"പാനീസ് ഇവിടെ ഇല്ല. "
"ഇവിടെ ഇണ്ടെന്നാന്നല്ലാ പറഞ്ഞത്... "
"ഉണ്ടാവും സുഹൃത്തേ.. പക്ഷെ സാധനം എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ലല്ലൊ?"
"അല്ല മാഷെ..ചെലര് ഇതിന് അരിക്കീസ് വെളക്ക്ന്നും പറയും. "
"അരിക്കീസ് വെളക്കോ...അരിക്ക്‌ലാമ്പാണോ? ടാ....അരിക്ക്‌ലാമ്പൊന്നെടുത്തേ.... "
അരിക്ക് ലാമ്പ് പ്രത്യക്ഷപ്പെട്ടു.
"ഇതല്ല. പാനീസ്.... "
"ഹ... പാനീസ് ഇവിടില്ലെന്നല്ലേ പറഞ്ഞത്?"
"ഉണ്ടാവും...ഞാന്‍ പറഞ്ഞിറ്റ് ഇങ്ങക്ക് തിരിയാഞ്ഞിറ്റാവും...മറ്റേ മണ്ണെണ്ണ ഒഴിച്ച് തിരിയെല്ലാം നീട്ട്ന്ന ടൈപ്പ് വെളക്ക്.... "
"നിങ്ങള്‍ക്ക് വരച്ച് കാണിക്കാമോ.... "
"പറ്റും..." കക്ഷിയ്ക്ക് സന്തോഷമായി.ഒരു പേപ്പറെടുത്ത് കക്ഷി വരച്ചു തുടങ്ങി.
ഒരു കാളവണ്ടി. പാടത്തിനു നടുവിലുള്ള ഒരു വഴിയിലൂടെ പോകുകയാണ്. സമയം രാത്രിയായി. അവിടവിടെ നക്ഷത്രങ്ങള്‍ കാണാം. കാളവണ്ടിക്കാരന്‍ ഒരു ചാട്ട വീശി കാളകളെ മുന്നോട്ട് നയിക്കുന്നു. കാളവണ്ടിയുടെ അടിയിലായി ഒരു വട്ടം. വട്ടത്തിനകത്ത് വീണ്ടും ഒരു വട്ടം. അതിനകത്ത് വീണ്ടും ഒരു വട്ടം. അതിനകത്ത് ഒരു ചെറിയ സാധനം.
"ഈ സാധനാന്ന് പാനീസ്. "
കടക്കാരന്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
റാന്തല്‍!
"ടാ....ഒരു സംബന്ധവെളക്കിങ്ങെടുത്തേ... *"
(*പണ്ടുകാലത്ത് നമ്പൂതിരിമാര്‍ സംബന്ധത്തിനു പോകുമ്പോള്‍ ചൂട്ടിനു പകരം റാന്തല്‍ ഉപയോഗിച്ചിരുന്നത്രേ.റാന്തലിന്റെ വെളിച്ചം കാണുമ്പോളാണ് സംബന്ധക്കാരന്‍ വരുന്നതായി അറിവു കിട്ടിയിരുന്നത്. അങ്ങനെ റാന്തല്‍ സംബന്ധവിളക്കായി)
Subscribe to:
Post Comments (Atom)
4 comments:
Best in the Lot.......I liked it very Much!!!!
ഹ ഹ ഹ ഇങ്ങനെയും ഇതിൻ പേരുകൾ ഉണ്ടായിരുന്നൊ
പറഞ്ഞു തന്നതിന് നന്ദി
ഹ ഹ ഹ .സമ്മതിച്ചിരിക്കുന്നു.
ഇങ്ങനെയും പേരുണ്ടല്ലെ?
Post a Comment