ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, September 27, 2011

റാന്തല്‍!

3 comments
ണ്ടുപോക്ക് നമ്മുടെ നാട്ടില്‍ പുതിയ സംഭവമല്ലല്ലോ...അറിഞ്ഞു കൊണ്ടു കട്ടു ചെയ്യുന്ന ണ്ടുപോക്ക് , നേരത്തെ അറിയിച്ചു കൊണ്ടു കട്ടു ചെയ്യുന്ന ണ്ടുപോക്ക് , ഓരോരോ ജോലികള്‍ക്കായി കട്ടു ചെയ്യുന്ന ണ്ടുപോക്ക് , മരക്കൊമ്പ്‌, തെങ്ങിന്‍ കൈ, തേങ്ങ അങ്ങനെ ഗുരുത്വാകര്‍ഷണ സ്വാധീനത്തില്‍ വീഴുന്ന സാധനങ്ങള്‍ മുഖേനയുള്ള ണ്ടുപോക്ക് , പിന്നെ മഴക്കാറു കണ്ടാല്‍ തനിയേ സംഭവിക്കുന്ന ണ്ടുപോക്ക് അങ്ങനെയങ്ങനെ....
പില്‍ക്കാലത്ത്‌ എമര്‍ജന്‍സി ലാമ്പ്‌, ചൈനീസ്‌ ലൈറ്റ്‌ എന്നിവ വ്യാപകമായതോടെപണ്ട്‌ വീടുകളില്‍ വെളിച്ചം വിതറിയിരുന്ന മൂട്ടവിളക്ക്‌, റാന്തല്‍, മണ്ണെണ്ണവിളക്ക്‌ തുടങ്ങിയ പല ഐറ്റംസും ഉപയോഗിക്കാതെ വീട്ടില്‍ വെച്ചിരുന്ന്‌ പലവട്ടം നന്നാക്കി കാശുകളഞ്ഞ്‌ ഇനി എന്തു ചെയ്യും എന്ന്‌ ടെന്‍ഷനടിച്ച്‌ അവസാനം ഇതിനൊരു വലിയ മാര്‍ക്കറ്റ്‌ ഉണ്ടെന്നു മനസ്സിലാക്കി സമീപകാലത്ത്‌ ചിലര്‍ ആന്റിക് കാറ്റഗറിയില്‍ പെടുത്തി വിറ്റു കാശാക്കി.
കടകളില്‍ കിട്ടാതായതോടെ പുതിയ തലമുറയിലെ പല വാഗ്ദാനങ്ങള്‍ക്കും പറഞ്ഞ സംഗതികള്‍ അറിയാന്‍ പോലും മേലാ എന്ന സ്ഥിതിയും വന്നു.
അപ്പോഴാണ്‌ കാഞ്ഞങ്ങാടുകാരനായ ന്റെ ഒരു ബന്ധുവിന്‌ ഒരു റാന്തല്‍ ആവശ്യമായി വന്നത്‌. ഒരു യാത്രാപ്രിയനായതു കൊണ്ട്‌ പുള്ളി കേരളത്തിലെ പല മുക്കിലും മൂലയിലും റാന്തല്‍ അന്വേഷിച്ചു നടന്നു. ഒടുക്കം ആരോ പറഞ്ഞ്‌ പെരുമ്പാവൂരില്‍ സംഗതി കിട്ടും എന്ന്‌ കക്ഷി അറിയാനിടയായി. ശബരിമലയ്ക്കുള്ള യാത്രാമധ്യേ പെരുമ്പാവൂരില്‍ ഇറങ്ങി നേരെ ഈപറഞ്ഞ കടയിലെത്തി..
"പാനീസ്‌ ഒന്നു വേണം"
കടക്കാരന്‍ ഒന്നു ഞെട്ടി.
"പാനീസോ? അതെന്താ സാധനം?"
"ഇവിടെ കിട്ടുമെന്നാണല്ലോ പറഞ്ഞത്‌"
"അതെ. പക്ഷെ സാധനം എന്നതാ?"
"മറ്റേ.. മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്ക്ന്ന തിരിയെല്ലാം നീട്ടി കത്തിക്ക്ന്ന സാധനം"
"മൂട്ടവെളക്കാണോ?"
"അതെന്താ സാധനം?"
"അതും മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുന്നതാ. തിരിയൊക്കെ നീട്ടാം. ടാ...ഒരു മൂട്ടവെളക്കെടുത്തേ..... "
മൂട്ടവെളക്ക്‌ പ്രത്യക്ഷപ്പെട്ടു.
"അയ്യേ...ഇതല്ല... എനക്ക്‌ വേണത്‌ പാനീസാ"
"പാനീസ്‌ ഇവിടെ ഇല്ല. "
"ഇവിടെ ഇണ്ടെന്നാന്നല്ലാ പറഞ്ഞത്‌... "
"ഉണ്ടാവും സുഹൃത്തേ.. പക്ഷെ സാധനം എന്താണെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലാവുന്നില്ലല്ലൊ?"
"അല്ല മാഷെ..ചെലര്‌ ഇതിന്‌ അരിക്കീസ്‌ വെളക്ക്ന്നും പറയും. "
"അരിക്കീസ്‌ വെളക്കോ...അരിക്ക്‌ലാമ്പാണോ? ടാ....അരിക്ക്‌ലാമ്പൊന്നെടുത്തേ.... "
അരിക്ക്‌ ലാമ്പ്‌ പ്രത്യക്ഷപ്പെട്ടു.
"ഇതല്ല. പാനീസ്‌.... "
"... പാനീസ്‌ ഇവിടില്ലെന്നല്ലേ പറഞ്ഞത്‌?"
"ഉണ്ടാവും...ഞാന്‍ പറഞ്ഞിറ്റ്‌ ഇങ്ങക്ക്‌ തിരിയാഞ്ഞിറ്റാവും...മറ്റേ മണ്ണെണ്ണ ഒഴിച്ച്‌ തിരിയെല്ലാം നീട്ട്ന്ന ടൈപ്പ്‌ വെളക്ക്‌.... "
"നിങ്ങള്‍ക്ക്‌ വരച്ച്‌ കാണിക്കാമോ.... "
"പറ്റും..." കക്ഷിയ്ക്ക്‌ സന്തോഷമായി.ഒരു പേപ്പറെടുത്ത്‌ കക്ഷി വരച്ചു തുടങ്ങി.
ഒരു കാളവണ്ടി. പാടത്തിനു നടുവിലുള്ള ഒരു വഴിയിലൂടെ പോകുകയാണ്‌. സമയം രാത്രിയായി. അവിടവിടെ നക്ഷത്രങ്ങള്‍ കാണാം. കാളവണ്ടിക്കാരന്‍ ഒരു ചാട്ട വീശി കാളകളെ മുന്നോട്ട്‌ നയിക്കുന്നു. കാളവണ്ടിയുടെ അടിയിലായി ഒരു വട്ടം. വട്ടത്തിനകത്ത്‌ വീണ്ടും ഒരു വട്ടം. അതിനകത്ത്‌ വീണ്ടും ഒരു വട്ടം. അതിനകത്ത്‌ ഒരു ചെറിയ സാധനം.
" സാധനാന്ന്‌ പാനീസ്‌. "
കടക്കാരന്‍ ചിത്രത്തിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി.
റാന്തല്‍!
"ടാ....ഒരു സംബന്ധവെളക്കിങ്ങെടുത്തേ... *"
(*പണ്ടുകാലത്ത്‌ നമ്പൂതിരിമാര്‍ സംബന്ധത്തിനു പോകുമ്പോള്‍ ചൂട്ടിനു പകരം റാന്തല്‍ ഉപയോഗിച്ചിരുന്നത്രേ.റാന്തലിന്റെ വെളിച്ചം കാണുമ്പോളാണ്‌ സംബന്ധക്കാരന്‍ വരുന്നതായി അറിവു കിട്ടിയിരുന്നത്‌. അങ്ങനെ റാന്തല്‍ സംബന്ധവിളക്കായി)

Friday, September 23, 2011

മുന്തിരിങ്ങയല്ലേ ചെലപ്പം പുളിക്കും!

1 comments

ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന കഥയാണ്‌.
ഇദ്ദേഹത്തിന്റെ ബന്ധത്തിലാരോ ബാംഗ്ളൂരില്‍ നിന്ന്‌ ഒരു മുന്തിരിവള്ളി കൊണ്ടുവന്നു കൊടുത്തു. കൂട്ടത്തില്‍ ഒരുപദേശവും. ചോലയില്ലാത്ത സ്ഥലത്തു നടണം. വെയിലേറു കിട്ടിയാലേ മുന്തിരി കായ്ക്കൂ. പിന്നെ, ചെറിയ വളം എന്തെങ്കിലും മതി. ഇടയ്ക്ക്‌ ഇറച്ചിച്ചോര ഒഴിച്ചു കൊടുക്കണം. ഇറച്ചിക്കടകളില്‍ നിന്നുള്ള വെയിസ്റ്റ്‌ ആയാലും മതി.
അപൂര്‍വ സാധനങ്ങള്‍ എന്ന കാറ്റഗറിയില്‍ പെടുത്തി കക്ഷി മുന്തിരിവള്ളിയെ നല്ല ഒരു ദിവസം നോക്കി വീടിന്റെ മുറ്റത്ത്‌ പ്രധാന വാതിലിന്റെ സമീപത്തായി നട്ടു. (കുഴിച്ചിട്ടു!)ആരോടൊക്കെയോ ചോദിച്ചും പിടിച്ചും കക്ഷി വളരുന്ന മുന്തിരിവള്ളിയെ ഒരു കുഞ്ഞിനെയെന്നോണം പരിപാലിച്ചു. സമയാസമയങ്ങളില്‍ ഇല കോതിക്കളഞ്ഞു. നന്നായി നനച്ചു, മുന്‍വാതിലിന്റെ മുകളിലൂടെ ഒരു ചെറിയ കയര്‍ കെട്ടി മുന്തിരിവള്ളിയെ അതിലൂടെ റൂട്ട്‌ ചെയ്തു.
പക്ഷേ....
സാധാരണ മുന്തിരി കുലയ്ക്കുന്ന കാലം കഴിഞ്ഞിട്ടും സംഗതി കുലയ്ക്കുന്ന യാതൊരു ലക്ഷണവും കാണാനില്ല. ഇലകളൊക്കെ പടര്‍ന്ന്‌ മുന്‍വാതിലിനു മുകളില്‍ ഒരു ചെറിയ പന്തലിട്ട പോലെ, മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ ചെടികള്‍ പടര്‍ത്തിയ പോലെ നല്ല കലക്കനായി മുന്തിരിവള്ളി പടര്‍ന്നു നില്‍ക്കുന്നു. പക്ഷെ എന്നതാ..കുലച്ചിട്ടില്ല.
ഇതിനിടെ മറ്റൊരു സംഭവമുണ്ടായി. കക്ഷിയ്ക്ക്‌ കല്യാണമാലോചിച്ചു തുടങ്ങി. എല്ലാ ദിവസവും ഓരോരോ മൂന്നാമന്‍മാര്‍ വീട്ടില്‍ കയറിയിറങ്ങി ചായയും കുടിച്ച്‌ പോകുന്നതല്ലാതെ പറ്റിയ ഒരു ബന്ധവും ഒത്തു വന്നില്ല. ബന്ധുക്കള്‍ കൊണ്ടു വരുന്ന ബന്ധങ്ങളും വിചാരിച്ച പോലെ അങ്ങ്‌ ഒത്തു വരുന്നില്ല.
അങ്ങനെയിരിക്കേ ഒരു ദിവസം വഴിയേ പോയ ഒരു കൈനോട്ടക്കാരന്‍ വീട്ടില്‍ കയറി വന്നു.
"അയ്യാ...കൈ നോക്കി ലക്ഷണം ശൊല്ലട്ടുമാ... "
സാധാരണ ഇത്തരം കക്ഷികളെ പറ്റിയാല്‍ തല്ലിയോടിക്കാന്‍ പോലും മടിയ്ക്കാത്ത സുഹൃത്തിന്റെ അച്ഛന്‍ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി കൈ നോട്ടക്കാരനെ വീട്ടിനുള്ളില്‍ വിളിച്ചു കേറ്റി.
കയറുമ്പോള്‍ തന്നെ അച്ഛന്റെ പോക്കറ്റില്‍ ഒരു അമ്പതു രൂപ നോട്ട്‌ കിടക്കുന്നതു ശ്രദ്ധിച്ചതിനാലാകണം കക്ഷി ഇങ്ങനെ തുടങ്ങി.
"അയ്യാ...റൊമ്പ ഐസ്വര്യമാന കൈ. ഏതാവത്‌ ദക്ഷിണ കൊടുങ്കളേ....ബാക്കി കണിശമാ ശൊല്ലിത്തറേന്‍.... "
ഇത്ര ഉറപ്പോടെ കൈനോട്ടക്കാരന്‍ പറയുന്ന കേട്ടതോടെ അച്ഛന്‍ പോക്കറ്റിലിരുന്ന അമ്പതു രൂപയുടെ ഉള്ളില്‍ നിന്നും ഒരു പത്തു രൂപയെടുത്തു കൊടുത്തു. മുഖം അല്‍പം മങ്ങിയെങ്കിലും ഇനിയും ദക്ഷിണ കിട്ടാനുള്ള സ്കോപ്പ്‌ മുന്നില്‍ കണ്ടതിനാലാകണം കക്ഷി തുടര്‍ന്നു.
"അയ്യാ...ഉങ്കളുടെ പയ്യനുക്ക്‌ ഇനിയും കല്യാണം ആയില്ല അല്ലേ.... "
"അയ്യോ...." അച്ഛന്റെ കണ്ണ്‌ തുറിച്ചു മലര്‍ന്നു. എത്ര കൃത്യം! പുള്ളി മനസ്സിലോര്‍ത്തു. അച്ഛന്റെ ചിന്തകള്‍ക്കൊപ്പം തന്നെ കൈ നോട്ടക്കാരന്റെ കൈകളും ദക്ഷിണയ്ക്കായി മുന്നോട്ടു നീങ്ങി. അച്ഛന്‍ അറിയാതെ തന്നെ ഒരു പത്തു രൂപ കൂടി കൈ നോട്ടക്കാരന്റെ കൈകളിലെത്തി.
"അയ്യാ..ഉങ്കളുടെ പയ്യനു നല്ല സംബന്ധം വറും. നല്ല സമയം വരപ്പോവുത്‌."
ഇത്രയും പറഞ്ഞ ശേഷം കക്ഷി ചുറ്റും നോക്കി. അതാ നില്‍ക്കുന്നു ഒരു മുന്തിരിവള്ളി. നന്നായി നിറഞ്ഞ്‌ വളര്‍ന്ന്‌ ഒരു കുല പോലുമില്ലാതെ.
"അയ്യാ...ഇന്ത വള്ളി നല്ലാ പാത്തുക്കോ...ഇത്‌ ഉടനേ നന്നായി കൊലച്ചിടും. അപ്പോത്താന്‍ ഉങ്കളുടെ പയ്യനുക്കു സംബന്ധം ആകപ്പോവുത്‌. "
അച്ഛന്‍ ഫ്ളാറ്റ്‌! കൈനോട്ടക്കാരന്‍ ഉന്നം വെച്ച അമ്പതു രൂപ കൂടി പോയിക്കിട്ടി.
പിന്നെ വീട്ടിലെല്ലാവര്‍ക്കും മുന്തിരിവള്ളിയോട്‌ ഒരു പ്രത്യേക സ്നേഹമായിരുന്നു. എല്ലാവരും കിട്ടാവുന്നത്ര ഇറച്ചിച്ചോര കൊണ്ടു വന്ന്‌ വള്ളിയ്ക്കൊഴിച്ചു കൊടുക്കും. ഇലകള്‍ കോതാന്‍ സഹായിക്കും, പന്തല്‍ പരിപാലിക്കും എന്നു വേണ്ട വിചാരിച്ച സമയം കൊണ്ട്‌ വള്ളി കായ്ച്ചു.
നല്ല സുന്ദരന്‍ ഒരു കുല.
കുലയുടെ ആദ്യ രൂപം കണ്ട അന്നു തന്നെ ഒരു മൂന്നാന്‍ ഒരു ജാതകം കൊണ്ടു വന്നു. ഉത്തമ പൊരുത്തം - ജ്യോത്സ്യനും പറഞ്ഞു. എന്തിനേറെപ്പറയുന്നു, കല്യാണം ഒത്തു. ചെറുക്കനു പെണ്ണിനെയും പെണ്ണിനു ചെറുക്കനെയും ക്ഷ പിടിച്ചു. പക്ഷെ ഒരു പ്രശ്നം. കന്നി മാസത്തില്‍ കല്യാണം പാടില്ല. തുലാമാസത്തില്‍ മഴ, വൃശ്ചികമാസത്തില്‍ ശബരിമല വ്രതം, ധനു മാസത്തില്‍ ചെറുക്കന്റെ പിറന്നാള്‍-മകരത്തിലേ കല്യാണം നടത്താന്‍ പറ്റൂ. അഞ്ചു മാസം. ചെറുക്കനും പെണ്ണുമൊഴികേ എല്ലാവരും ഓക്കെ പറഞ്ഞു. കല്യാണം തീരുമാനിച്ചു.
കുല പതുക്കെ പതുക്കെ വലുതായിത്തുടങ്ങി. അതും വീട്ടു വാതില്‍ക്കല്‍ത്തന്നെ. ആദ്യമായി ഉണ്ടായ കുലയല്ലേ എല്ലാവരും കൌതുകത്തോടെ നോക്കി നില്‍ക്കും. പയ്യെപ്പയ്യെ കുല നിറം വെച്ചു തുടങ്ങി. വീട്ടിലെ എല്ലാവരും വീടിനു പുറത്തിറങ്ങുമ്പോഴും തിരിച്ചു കേറുമ്പോഴും കുല ഒന്നു നോക്കും. ചെറുതായി ഒന്നു തൊട്ടു നോക്കും. പതുക്കെ ഒന്നു ഞെക്കി നോക്കും.
ഇല്ല പഴുത്തില്ല. കുറച്ചൂടെ കഴിയട്ടെ.
ചെറുക്കന്‍ എന്നും പെണ്ണിനെ വിളിയ്ക്കും. അവരുടെ സൊറ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മുന്തിരിക്കുല ഒരു പ്രധാന വസ്തുവായി മാറി. പെണ്ണിന്‌ എത്രയും വേഗം കല്യാണം കഴിഞ്ഞ്‌ എങ്ങനെയെങ്കിലും മുന്തിരിവള്ളിയുടെ അടുത്ത്‌ എത്തിയാല്‍ മതിയെന്നായി.
ഇതിനിടെ ഒരു ദിവസം, ചെറുക്കന്റെ ഭാഗത്തു നിന്നും കല്യാണത്തിനു പോകണ്ടവരുടെയും റിസപ്ഷനു പോകണ്ടവരുടെയും ലിസ്റ്റ്‌ ഉണ്ടാക്കാനും സ്വര്‍ണം, തുണി എന്നിവ എടുക്കാനുമായി വീട്ടില്‍ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ഒരു മീറ്റിംഗ്‌ വിളിച്ചു കൂട്ടി. വിസിറ്റേഴ്സ്‌ റൂമില്‍ വട്ടം കൂടി എല്ലാവരും വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ പുറത്തു നിന്നും കോളിംഗ്‌ ബെല്ലിനൊപ്പം ഒരു ശബ്ദം കേട്ടു.
"എനിക്കങ്ങോട്ടു വരാമല്ലോ അല്ലേ?"
ശബ്ദം കേട്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും ആളെ മനസ്സിലായി. വര്‍ഷങ്ങളോളം കുട്ടികളെ പഠിപ്പിച്ചും റിട്ടയര്‍ ചെയ്ത ശേഷം ട്യൂഷനെടുത്തും പാറപ്പുറത്ത്‌ ചെരട്ടയിട്ടൊരയ്ക്കുന്ന പോലെ ശബ്ദം മാറിപ്പോയ ന്റെ സുഹൃത്തിന്റെ ഭാവി അമ്മായിയപ്പനാണ്‌.
"വാ..വാ..കയറിവാ..ഞങ്ങള്‍ കല്യാണത്തിനെപ്പറ്റിത്തന്നെ സംസാരിച്ചോണ്ടിരിക്കുവായിരുന്നു." സുഹൃത്തിന്റെ അച്ഛന്‍. അതോടൊപ്പം തന്നെ ചായയെടുക്കാന്‍ അകത്തേക്ക്‌ ഒരു ഓര്‍ഡര്‍ കൊടുക്കുകയും ചെയ്തു.
"ചായ വേണ്ട!" അമ്മായിയച്ഛന്‍.
", അതെന്നാ വര്‍ത്താനമാ..വീട്ടില്‍ കേറി വന്നേച്ചും ചായ വേണ്ടാന്നൊക്കെ പറഞ്ഞാ.."അച്ഛന്‍.
"അതു കൊണ്ടല്ലെന്നേ.. മുന്തിരിയ്ക്ക്‌ നല്ല പുളിയായിരുന്നു. ചായ മേളീക്കോടെ കഴിച്ചാ ചെലപ്പം പിരിയും"
"മു..മുന്തിരിയോ... "
"അതെ...ഇവിടെ വാതുക്കെത്തന്നെ കിളിച്ചതായതു കൊണ്ട്‌ കഴുകാനും മറ്റും നോക്കിയില്ല. അവിടെ വെച്ചുതന്നെ അഞ്ചാറെണ്ണം കഴിച്ചു. ബാക്കി പുളിയായ കൊണ്ട്‌ ഒരു വീക്കും വെച്ചു കൊടുത്തു! - മുന്തിരിങ്ങയല്ലേ ചെലപ്പം പുളിക്കും!"

Wednesday, September 21, 2011

അരങ്ങു തകര്‍ത്തില്ലേന്നൊരു സംശയം!

3 comments
സ്കൂളില്‍ പാട്ടുകാരായി അറിയപ്പെട്ടിരുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ സ്റ്റാര്‍ സിങ്ങറിനുള്ള സ്കോപ്പും ഉണ്ടായിരുന്നില്ല. വേണമെങ്കില്‍ ഒരു ബാത്‌ റൂം സിങ്ങര്‍ കോമ്പറ്റീഷന്‍ ആകാം എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍.
അങ്ങനെയിരിക്കെ, ബാലകലോത്സവം വന്നെത്തി. പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മത്സരവേദിയാണല്ലോ ബാലകലോത്സവം. ഒരാള്‍ക്കാണെങ്കില്‍ ആകെ മൂന്നു മത്സരങ്ങളിലേ പങ്കെടുക്കാന്‍ പറ്റൂ. അപ്പോള്‍ ഏതാണ്ട്‌ മത്സരിക്കുന്ന മൂന്നിലും ഒന്നാം സമ്മാനവും എ ഗ്രേഡും കിട്ടിയാല്‍ മാത്രമേ കലാപ്രതിഭയോ തിലകമോ ഒക്കെ ആകാന്‍ പറ്റൂ. കടുത്ത മത്സരമായിരിക്കും. അഥവാ ഒരെണ്ണം കിട്ടാതെ വരികയോ ഗ്രേഡ്‌ കുറഞ്ഞു പോകുകയോ മറ്റോ ചെയ്താല്‍ അപ്പീലായി, ബഹളമായി...(സാറേ...അവന്‍ ആകെ മൂന്നു വരിയല്ലേ പാടിയുള്ളൂ, എന്റെ പാട്ടു വന്നപ്പോ മൈക്ക്‌ താഴ്ത്തിയില്ല തുടങ്ങി കശപിശ തുടങ്ങും.) ദൈവം സഹായിച്ച്‌ ഞാനല്ലേ നന്നായി പാടിയത്‌ എന്ന്‌ ആരും ഇതുവരെ പരാതി പറഞ്ഞ്‌ ഞാന്‍ കേട്ടിട്ടില്ല. അങ്ങനെയൊരു സംഭവം ഇല്ലല്ലോ....
ഇതുപോലെ ഒരു ബാലകലോത്സവം വന്നെത്തി.
പദ്യം ചൊല്ലല്‍ മത്സരം നടക്കുകയാണ്‌. മുപ്പത്തിരണ്ട്‌ പേര്‍ മത്സര രംഗത്തുണ്ട്‌. കടുത്ത മത്സരം. മിക്കവാറും എല്ലാവരും തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്‌ വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയാണ്‌. അമ്മയുടെ ശകാരം കേട്ട്‌ സഹിക്കാനാകാതെ മാമ്പൂ എറിഞ്ഞുകളഞ്ഞ കുഞ്ഞിന്റെ വേര്‍പാട്‌ ആഴത്തില്‍ സ്പര്‍ശിച്ചതു കൊണ്ടൊന്നുമല്ല, എന്തായാലും പരീക്ഷയ്ക്കു കാണാതെ പഠിക്കണം, എന്നാപ്പിന്നെ ഒന്നു പാടി നോക്കിയാലെന്നാ കൊഴപ്പം...
എല്ലാവരും പാടി. പക്ഷെ പാട്ടിന്റെ സംഗതികളും ഷഡ്ജവും ഒക്കെ ഒരുമിച്ച്‌ കേട്ട്‌ കലിയിളകി അമ്മയും കുഞ്ഞും മാമ്പഴവും വൈലോപ്പിള്ളിയും ഒക്കെ ഒരുമിച്ച്‌ സ്റ്റേജിലെത്തി ഗായകരെ ഓരോരുത്തരെയായി ഇറക്കി വിട്ടു.
അപ്പോഴതാ ഒരു ഗാനം. 
"ഇനിയും മരിക്കാത്ത ഫൂമി നിന്നാസന സ്മ്രിതിയില്‍ നിനക്കാസ്മ ശാന്തി.
ഇനി നിന്റെ എന്റെ യും സ്മരണ ശിസ്രൂഷയ്ക്ക്‌ ഹൃദയത്തില്‍ നിന്നേ കൊളുത്തി ദീപം!"
നാലാം ക്ളാസിന്റെ അഭിമാനഭാജനമായ മഞ്ജുവായിരുന്നു മാമ്പഴത്തില്‍ നിന്നു ഒന്നു മാറ്റിപ്പിടിക്കാം എന്നു വിചാരിച്ചത്‌. ആദ്യത്തെ രണ്ടു വരി കഴിഞ്ഞപ്പോള്‍ത്തന്നെ പാട്ടു നിര്‍ത്തി കക്ഷി സദസ്യരെയും ഗുരുജനങ്ങളെയും ആഗതരായ വിശിഷ്ട വ്യക്തികളെയും ജഡ്ജസിനെയും പിന്നെ പാട്ടു കേള്‍ക്കാനായി സ്വന്തം വീട്ടില്‍ നിന്നു കൊണ്ടു വന്നിരിക്കുന്ന ബന്ധുജനങ്ങളെയും നോക്കി വിശാലമായി ചിരിച്ചു. പിന്നെ വീണ്ടും പാട്ടിലേക്കു തന്നെ തിരിഞ്ഞു. ഗാനം കര്‍ണകഠോരമെങ്കിലും മാമ്പഴത്തില്‍ നിന്നുള്ള മാറ്റത്തെ മനസാ അഭിനന്ദിച്ച ജഡ്ജസ്‌ സമ്മാനം ഇവള്‍ക്കു തന്നെ എന്നു മനസ്സില്‍ കരുതുകയും ചെയ്തു.
മഞ്ജുവിനു ശേഷം മൂന്നു നാലു പേരുകള്‍ അനൌണ്‍സു ചെയ്തെങ്കിലും ആരും പാടാനായി കയറിയില്ല.
അടുത്ത ഊഴം മഞ്ജുവിന്റെ ക്ളാസിലെ തന്നെ ചാണ്ടിയുടേതായിരുന്നു. പില്‍ക്കാലത്ത്‌ ഷാന്റി എന്നും ഗ്ഗ്ളാമര്‍ കുറഞ്ഞു പോയെന്ന തോന്നലിനാല്‍ ചാര്‍ലി എന്നും ഗസറ്റില്‍ പബ്ബ്ളീഷു ചെയ്തു പേരു മാറ്റിയ ചാണ്ടി സ്ഥലത്തെ പ്രധാന മീന്‍ വില്‍പനക്കാരനായ മാതാ ഓട്ടോ തോമസിന്റെ മകനായിരുന്നു.
കഷ്ടകാലമെന്നു പറയട്ടെ ചാണ്ടിയുടെ ഗാനവും മാമ്പഴം തന്നെയായിരുന്നു. പക്ഷെ കുറ്റം പറയരുതല്ലോ പാട്ട്‌ മറ്റുള്ളവരേക്കാള്‍ അല്‍പം ഭേദമായിരുന്നു.
"അങ്കണ തെയ്മാവില്‍ നീ..... നാദ്യത്തെപ്പഴം വീകെ
അമ്മതന്‍ നേത്രത്തീനീ...നുതിന്നൂ ചുടുകണ്ണീ......... ര്‍
(വീണ്ടും) അങ്കണ തെയ്മാവില്‍ നീ..... നാദ്യത്തെപ്പഴം വീകെ
അമ്മതന്‍ നേത്രത്തീനീ...നുതിന്നൂ ചുടുകണ്ണീ......... ര്‍"
രണ്ടാമതു പാടിയത്‌ ഗാനമാധുരിയുടെ ഭാഗമായിരുന്നു എന്നു കരുതിയവരെ അമ്പരപ്പിച്ചു കൊണ്ട്‌ ചാണ്ടി അല്‍പ നേരം നിര്‍ത്തി. കുറച്ചു നേരം ആലോചിച്ചു. പിന്നെ പിറുപിറുത്തു.
"ശ്ശെ...ഞാന്‍ കാണാപ്പാഠം പഠിച്ചതാണല്ലോ..തെറ്റാന്‍ വഴിയില്ലല്ലൊ....സാരമില്ല ഒന്നൂടെ പാടി നോക്കാം... " മൈക്ക്‌ ചെറിയ ശബ്ദങ്ങളെ വലുതാക്കി കേള്‍പ്പിക്കുന്ന ഉപകരണമാണെന്ന കാര്യം ചാണ്ടി അല്‍പ നേരത്തേക്കു മറന്നു പോയി. അലറിച്ചിരിക്കുന്ന ജനാവലിയെ സാക്ഷി നിര്‍ത്തി ചാണ്ടി പിന്നെയും പാടി.
"അങ്കണ തെയ്മാവില്‍ നീ..... നാദ്യത്തെപ്പഴം വീകെ
അമ്മതന്‍ നേത്രത്തീനീ...നുതിന്നൂ ചുടുകണ്ണീ......... ര്‍"

പിന്നെ അല്‍പം നിര്‍ത്തി വീണ്ടും ആലോചിച്ച്‌ വീണ്ടും പിറുപിറുത്തു. "ശ്ശെ...കിട്ടണില്ലല്ലോ...ഹ...കള...അല്ലപിന്നെ.... "
പിന്നെ നെഞ്ചു വിരിച്ച്‌ ഇറങ്ങിയങ്ങു പോയി.
സംഭവം എന്തു തന്നെയായാലും റിസല്‍റ്റ്‌ വന്നപ്പോള്‍ ഒന്നാം സമ്മാനം മഞ്ജുവിനും രണ്ടാം സമ്മാനം ചാണ്ടിയ്ക്കും തന്നെയായിരുന്നു. ഒന്നുരണ്ടു പേരെയെങ്കിലും സബ്ജില്ലയില്‍ കൊണ്ടു പോകണം എന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ രണ്ടാള്‍ക്കും എ ഗ്രേഡും ലഭിച്ചു.

ഹിന്ദി ഹമാരി രാഷ്ട്രഭാഷ....

1 comments
ഹിന്ദി ഇമ്മിണി ബെല്യ സംഭവം തന്നെയാണ്‌. പ്രത്യേകിച്ചും കാണാതെ പഠിച്ച്‌ ജയിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌. പക്ഷെ കാണാതെ പഠിച്ചാലും തരക്കേടില്ലാത്ത മാര്‍ക്ക്‌ വാങ്ങിയിരുന്നതിനാലാവണം സ്കൂളില്‍ ഹിന്ദി പഠിപ്പിച്ചിരുന്ന പട്ടത്തി രാധ ടീച്ചര്‍ക്കും ഓമനമ്മ ടീച്ചര്‍ക്കുമൊക്കെ എന്നെ വെല്യ കാര്യമായിരുന്നു. ക്ളാസില്‍ എന്താണോ പഠിപ്പിച്ചത്‌ അത്‌ അങ്ങനെ തന്നെ പേപ്പറില്‍ കാണും. കാണാതെ പഠിക്കുകയല്ലേ...ഉദാ: ബം ഫട്നേ കീ ആവാസ്‌ സുന്‍കര്‍ ലോഗ്‌ കാപ്‌ ഉഠേ.... ഗുരു ഗോവിന്ദ്‌ ദോവൂം ഖടേ കാകേ ലാഗും പായ്‌ ബലിഹാരി ഗുരു അപ്നേ ജിന്‍ ഗോവിന്ദ്‌ ദിയോ ബതായ്‌...
കാണാതെ പഠിച്ച്‌ ജയിച്ച പലരും ഇപ്പോ അഭിമാനം കൊള്ളുന്നുണ്ടാകും. വേണ്ട! പെരുമ്പാവൂര്‍ ഭാഗത്തേക്കൂടെ ഒരു റൌണ്ട്‌ കറങ്ങിയാല്‍ എല്ലാ അഭിമാനവും പമ്പ കടന്നോളും. ഇവിടെ ഒരു കൂട്ടം പുതിയ അവതാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. അന്യ സംസ്ഥാനതൊഴിലാളികള്‍!
പണ്ട്‌ തമിഴ്‌ നാട്ടുകാരായ തൊഴിലാളികള്‍ ധാരാളമായി നമ്മുടെ നാട്ടില്‍ വരികയും ജോലി ചെയ്യുകയും ചെയ്തിരുന്നു. അത്യാവശ്യം മലയാളവും തമിഴും തമ്മില്‍ ഒരു സാമ്യമുണ്ടായിരുന്നതു കൊണ്ട്‌ ഒരു വെടിയ്ക്കുള്ള തമിഴ്‌ നമ്മളും മലയാളം അവരും പഠിച്ചിരുന്നു. മിക്കവാറും എല്ലാ വാക്കുകളുടെയും കൂടെ "അത്‌" എന്നു ചേര്‍ത്തിരുന്ന പെരുമ്പാവൂരുകാര്‍ (ഉദാ: പറ്റില്ലത്‌...സാരല്ലത്‌...കൊഴപ്പല്ലത്‌) "പറവല്ലത്‌" എന്നും മറ്റും പറയാന്‍ പഠിച്ചിരുന്നു. പക്ഷെ... ഈ വക കളികളെല്ലാം അന്യ സംസ്ഥാന തൊഴിലാളികളുടെ മുന്‍പില്‍ ചീറ്റി പണ്ടാരമടങ്ങി. ഗഫൂര്‍ക്കാ ദോസ്ത്‌, മുഝേ മാലുംംം...എനിക്ക്‌ ഹിന്ദി അറിയാന്‍ മേലാന്ന്‌ ഈ മറുതായ്ക്ക്‌ പറഞ്ഞു കൊടുക്കെടാ എന്ന മട്ടിലായി കാര്യങ്ങള്‍....വാഴ നടാനായി തടമെടുക്കാന്‍ ഭായിമാരെ വിളിച്ച്‌ പറഞ്ഞു കൊടുക്കാന്‍ സാധിക്കാതെ നാട്ടുകാര്‍ നട്ടം തിരിഞ്ഞു. ആവോ ഭായി...യഹാം ഏക്‌ തോഡ്‌ ബനാവോ, ഏക്‌ കുഴി ബനാവോ...എന്നും മറ്റും പറയേണ്ടി വന്നു.
ഇങ്ങനെയിരിക്കുന്നതായ അവസരത്തിങ്കല്‍ ഒരു ദിവസം പാവം പത്രജീവനക്കാരനായ ഞാന്‍ രാത്രി ജോലി കഴിഞ്ഞ്‌ പെരുമ്പാവൂരില്‍ വന്നിറങ്ങാനിടയായി. 
പേ ആന്‍ഡ്‌ പാര്‍ക്കില്‍ വെച്ചിരിക്കുന്ന വാഹനത്തിന്റെ സമീപത്തേക്ക്‌ നടന്നു കൊണ്ടിരിക്കുന്ന എന്റെ പുറകേ ഒരു നിഴല്‍.....രാത്രിയല്ലേ...ആരെയും വിശ്വസിക്കാനാകാത്ത കാലം. പോരാത്തതിന്‌ പെരുമ്പാവൂരില്‍ നിറയെ മറുഭാഷക്കാരും. മോനേ പരിചയമില്ലാത്ത ആളുകളുമായൊന്നും മിണ്ടരുത്‌. ആരും തരുന്നതൊന്നും വാങ്ങിക്കഴിക്കരുത്‌...അമ്മയുടെ ഉപദേശവും.
ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി. അപ്പോഴതാ നിഴലും സ്പീഡു കൂട്ടുന്നു. ശൂ ശൂ...എന്നുള്ള വിളിയും കേള്‍ക്കുന്നുണ്ട്‌.
ഒന്നു രണ്ട്‌ ആളുകളെ കണ്ടതോടെ ഞാന്‍ നിന്നു. പുറകിലെ നിഴല്‍ പതുക്കെ അടുത്തെത്തി. വെളുത്ത ഒരു പയ്യന്‍. ഒരു മുഷിഞ്ഞ ബാഗും കൈയിലുണ്ട്‌. അടുത്തെത്തി അവന്‍ വിളിച്ചു.
"ഭായ്‌.... "
ഹിന്ദിക്കാരന്‍ തന്നെ. അവന്‍ തുടര്‍ന്നു.
"ഭായി...യേ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാണ്റ്റ്‌..." പിന്നെ കൈ കൊണ്ട്‌ എവിടെ എന്ന ആംഗ്യവും.
ഓമനമ്മ ടീച്ചറും പട്ടത്തി രാധ ടീച്ചറും പിന്നെ നേ കോ സേ കാ കേ കി മേം പര്‍ ഒക്കെ എന്റെ മനസ്സിലേക്കെത്തി.
ഞാന്‍ കൈ സ്റ്റാണ്റ്റിന്റെ സൈഡിലേക്ക്‌ ചൂണ്ടി. പറഞ്ഞു. "ഗോ"
ഉടനെ അവന്‍.. "കിത്നാ ദൂര്‍ ഹേ ഭായ്‌"
കൊഴഞ്ഞു. ഇനി ഈ മറുതായോട്‌ എന്തു പറയും....
"ഏക്‌ കിലോമീറ്റര്‍"
"സിര്‍ഫ്‌ ഏക്‌ കിലോമീറ്റര്‍?"
എന്താടാ ദൂരം കൂട്ടണോ എന്നാണു ചോദിക്കാന്‍ തോന്നിയതെങ്കിലും സംയമനം പാലിച്ച്‌ ഞാന്‍ പറഞ്ഞു. "ഹാം"
അടുത്തതായി എവിടെ പോകാനാ എന്നു ചോദിക്കണമെങ്കില്‍ തും ചേര്‍ക്കണ്ടേ...തും കര്‍ത്താവായി വരുമ്പോള്‍ ഹോ ചേര്‍ക്കണം. തും കഹാം ജാ രഹേ ഹോ? ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. ആദ്യമായി കാണുന്നയാളായതുകൊണ്ടും പയ്യനായതു കൊണ്ടും രാത്രിയായതു കൊണ്ടും ആപ്‌ വേണ്ട. ആപ്‌ ആണെങ്കില്‍ ഹേ മതി. ഞാന്‍ മനസാ ഓമനമ്മ ടീച്ചര്‍ക്കു നന്ദി പറഞ്ഞു.
"ശുക്രിയാ സാബ്‌, കുഛ്‌ ലോഗ്‌ മുഝേ ഗലത്‌....ഗലത്‌....വഴി ബതായാ.... "
"വ....വഴിയോ.....തു മലയാളം ബോല്‍താ ഹേ? " ഞെട്ടലോടെ ഞാന്‍ ചോദിച്ചു.
"അതെ. ചേട്ടന്‍ മലയാളിയാണോ?"
ഭായിയതാ നല്ല കലക്കന്‍ മലയാളം പറയുന്നു.
"പന്ന !്‌*%++*(*)*+%* മോനേ ...." നട്ടപ്പാതിരായ്ക്ക്‌ കാണാതെ പഠിച്ച ഹിന്ദി ഓര്‍ത്തെടുത്ത്‌ പറയേണ്ടി വന്ന ദേഷ്യത്തോടെ ഞാന്‍ അലറി. "എന്നിട്ടാണോടാ മറുഭാഷേ ചോദിച്ചെ? "
പേടിച്ച്‌ ചുരുണ്ട മലയാളി ഭായി ഒരു പൊട്ടലോടെ കരച്ചിലാരംഭിച്ചു.
"ചേട്ടാ....എട്ടു മണിയ്ക്കു വന്നിറങ്ങിയതാ....കണ്ടവരും ചോദിച്ചവരുമൊക്കെ ഹിന്ദിക്കാരായിരുന്നു...പാലക്കാടു പോകാനാ....വഴി ചോദിച്ചപ്പോ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കാണിച്ചു. വെളിച്ചം കണ്ട വഴിയേ പോയി...അഞ്ചു പത്തു കിലോമീറ്റര്‍ നടന്നു. ഹിന്ദി അറിയാന്‍ മേലാ...പണ്ട്‌ എങ്ങനെയാണ്ട്‌ ജയിച്ചതാ.... "
എങ്ങനെയാണ്ട് ജയിച്ചതാ എന്ന വാക്ക് എന്റെ ഹൃദയത്തിലെവിടെയോ തറച്ചു കയറി.
"സാരമില്ല പോട്ടെ...നേരെ പോയാ മതി. സ്റ്റാന്‍ഡിലെത്തും.... "
ഹിന്ദി അറിയാന്‍ മേലാത്ത ഒരുത്തനോടു ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരോടാ ക്ഷമിക്കുക....
 
Copyright © '