ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Wednesday, July 27, 2011

പുകവലി നിരോധിച്ചിരിക്കുന്നു!

4 comments
പെരുമ്പാവൂരില്‍ ആദ്യകാലങ്ങളില്‍ മൂന്നു തീയറ്ററുകളായിരുന്നു ഉണ്ടായിരുന്നത്‌.
പുഷ്പ, ജ്യോതി, ലക്കി.
ജ്യോതിയായിരുന്നു ആദ്യത്തെ തീയറ്റര്‍. പണ്ടൊക്കെ ന്റെ ചെറുപ്പകാലത്ത്‌ തീയറ്ററിനകത്ത്‌ സിനിമയ്ക്കിടെ തന്നെ, കടല കടല കപ്പലണ്ടിക്കാരെയും മോരുംവെള്ള ക്കച്ചവടക്കാരെയും ധാരാളം കാണാമായിരുന്നു. സീറ്റുകളെല്ലാം തന്നെ ബെഞ്ചുകളായിരുന്നു. മുന്‍പില്‍ തറടിക്കറ്റും ഉണ്ടായിരുന്നു. തറ സിമന്റ് ചെയ്തിരുന്നില്ല. മണലായിരുന്നു വിരിച്ചിരുന്നത്‌.
പിന്നീട്‌ പുഷ്പ വന്നപ്പോള്‍ മത്സരമായി. തറ സിമന്റ് ചെയ്തു. കസേരകള്‍ കുഷ്യന്‍ ധരിച്ചു. തറടിക്കറ്റ്‌ ബെഞ്ചുകള്‍ക്ക്‌ വഴിമാറി. ഫാനുകള്‍ കറങ്ങിത്തുടങ്ങി. തീയറ്റര്‍ സി (ആസ്ബസ്റ്റോസ്‌ കണ്ടീഷന്‍) ആയിമാറി.
ആദ്യമായി ജ്യോതിയില്‍ റിലീസ്‌ ചെയ്ത സിനിമ ജീവിതനൌകയായിരുന്നു എന്ന്‌ ചില പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌.
അതുമായി ബന്ധപ്പെട്ട ഒരു രസകരമായ മുദ്രാവാക്യവും കഥയുമുണ്ട്‌.
"ജീവിതനൌക കാണണമെങ്കില്‍
കൊടടാ കൊടടാ നാലണ"
എന്നതായിരുന്നു മുദ്രാവാക്യം.
മുദ്രാവാക്യം സംസ്ഥാനവ്യാപകമായിരുന്നെങ്കില്‍ കഥ പെരുമ്പാവൂരുകാരുടെ മാത്രമായിരുന്നു.
നായകനായ തിക്കുറിശ്ശിയുമായി പിരിഞ്ഞു കഴിയുന്ന നായിക ബി എസ്‌ സരോജയെ വില്ലന്‍മാര്‍ പിന്തുടരുന്നു. സ്റ്റുഡിയോയിലെ പരിമിതസാഹചര്യങ്ങളില്‍ ഓടുന്ന നായികയ്ക്ക്‌ ഒളിക്കാന്‍ സ്ഥലമൊന്നും കിട്ടുന്നില്ല. നായികയുടെ കരളലിയിക്കുന്ന സാഹചര്യങ്ങളില്‍ മനം നൊന്ത്‌ കരഞ്ഞ്‌ തളര്‍ന്ന്‌ നായികയ്ക്കൊപ്പം ഇനി ജീവിക്കണമെങ്കില്‍ പൊരുതിയേ മതിയാകൂ
എന്ന
മാനസികാവസ്ഥയിലിരിക്കുന്ന കാണികളും ഒളിക്കാന്‍ സ്ഥലം തേടുകയാണ്‌.
അപ്പോഴതാ ഒരു വീതി കൂടിയ മരം. നായിക മരത്തിനു പുറകില്‍ ഒളിച്ചു. ചുറ്റുപാടും പരതുന്ന വില്ലന്‍മാര്‍. ഒരുവന്‍ അതാ നായികയ്ക്കു പിന്നിലെത്തി. ഇനി കാണാന്‍ താമസമില്ല. നായിക ഇതൊന്നും അറിയുന്നില്ല. മുന്‍പില്‍ കൂടിയുള്ള ഒരാക്രമണം മാത്രമേ നായിക പ്രതീക്ഷിയ്ക്കുന്നുള്ളൂ.പക്ഷെ നായികയുടെ കൂടെയുള്ള ആബാലവൃദ്ധം പെരുമ്പാവൂരുകാര്‍ക്കും വില്ലനെ കാണാം.
ഒരു വെല്യമ്മ ചാടി എണീറ്റു. സ്ക്രീനിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

ഓടിക്കോട്യേ... കത്തി കൈയിലൊള്ള ലവന്‍ പൊറകേണ്ട്‌.... !

ജ്യോതിയെയോ പുഷ്പയെയോ പോലെയൊന്നുമായിരുന്നില്ല ലക്കി തീയറ്റര്‍. ഒരു ചെറിയ ഷെഡ്‌. നല്ല പുകയും ശബ്ദവും വമിക്കുന്ന പ്രൊജക്ടര്‍. അവിടവിടെ ചോരുന്ന മേല്‍ക്കൂര. മിക്കവാറും പഴയ തമിഴ്‌, ഇംഗ്ളീഷ്‌ അടിപ്പടങ്ങളോ അക്കാലത്തെ കാനനചിത്രങ്ങളോ ആയിരുന്നു ലക്കിയിലെ റിലീസ്‌.
ഒരിക്കല്‍ കൂട്ടുകാരിലൊരുത്തന്‍ ഓടിവന്ന്‌ വലിയ സന്തോഷത്തോടെ പറഞ്ഞു.
"എടാ ലക്കി നന്നാവാന്‍ തീരുമാനിച്ചു. പുതിയ ഇംഗ്ളീഷുപടം വന്നു. ജാക്കിചാനും ജെറ്റ്‌ ലിയും അഭിനയിക്കുന്ന പടം. ഉഗ്രന്‍ അടിപ്പടമായിരിക്കും. "
"ആരാടാ പറഞ്ഞെ?"
"ദേ കവലേലെ ചായക്കടേടെ മുന്‍പില്‍ പോസ്റ്ററൊട്ടിച്ചിട്ടുണ്ട്‌. "
അമ്പരപ്പോടെ ഞങ്ങള്‍ ചെന്നു നോക്കി. ശരിയാണ്‌. പോസ്റ്ററൊട്ടിച്ചിട്ടുണ്ട്‌. പോസ്റ്ററിനു മുകളില്‍ എഴുതി വെച്ചിരിക്കുന്നു.
Jackychan and Jet-Li In..
പിന്നെ പടത്തിന്റെ പേരും!
താമസിച്ചില്ല. ഞങ്ങളഞ്ചാറുപേര്‌ ലക്കിയിലേക്കു വെച്ചു പിടിച്ചു. പടം തുടങ്ങി ഏറെ നേരമായിട്ടും ജാക്കി ചാനുമില്ല, ജെറ്റ്‌ ലിയുമില്ല. അവസാന രംഗത്തിലുണ്ടാകും എന്നു കരുതി. അവിടെയുമില്ല.
"നടക്കെടാ ചായക്കടയിലേക്ക്‌..ഇനി ആര്‍ക്കും അബദ്ധം പറ്റരുത്‌. പോസ്റ്റര്‍ ഇപ്പോ തന്നെ കീറിക്കളഞ്ഞേക്കാം. "
ഉടന്‍ ഇറങ്ങി ചായക്കടയിലെത്തി. പോസ്റ്റര്‍ കീറാനാരംഭിച്ചു.
"ദേ നോക്കടാ... "
നോക്കി. പോസ്റ്ററില്‍ അതാ എഴുതിയിരിക്കുന്നു.
Faster than................Jackychan and Jet-Li In.....................

Faster than മുകളിലേക്ക്‌ മടക്കിയൊട്ടിച്ചിരിക്കുകയാണ്‌.

പുഷ്പ തീയറ്ററിലെ തറ, ബെഞ്ച്‌ ടിക്കറ്റുകള്‍ എടുക്കാന്‍ ഒരു വലിയ ഇടനാഴിയിലൂടെ പോകണമായിരുന്നു. അകത്തു കടന്നു പോയാല്‍ ടിക്കറ്റെടുക്കാതെ പുറത്തിറങ്ങാന്‍ സാധിക്കില്ല.
ശ്വാസം കിട്ടാത്ത ഗുഹയ്ക്ക് പുറത്തായി നീളത്തിലായിരുന്നു തീയറ്ററിന്റെ മതില്‍. ഒരു പക്ഷെ പെരുമ്പാവൂരിലെ എല്ലാ കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും ആദ്യമായി വരുന്നവരും അങ്ങനെ എല്ലാ തരത്തിലും തുറയിലും പെട്ട ആളുകള്‍ രഹസ്യമായും പരസ്യമായും മൂത്രമൊഴിച്ചിരുന്ന ഒരു വന്‍ മതിലായിരുന്നു അത്.
മൂത്രത്തിന്റെ മണം ഒരു വലിയ പ്രശ്നമായപ്പോള്‍ അവിടെ ഒരു എഴുത്ത് പ്രത്യക്ഷപ്പെട്ടു.
"ദെയ്‌വ് ശേയ്ത് വിത്തിയില്‍ മിള്ളാതെ...."
വായിക്കാന്‍ പറ്റിയോ ഇല്ലയോ എന്നല്ല. മൂത്രമൊഴിക്കല്‍ ഗണ്യമായി കുറഞ്ഞു.

ടിക്കറ്റ് എടുക്കാന്‍ നീണ്ട ക്യൂ നില്‍ക്കേണ്ടി വന്നിരുന്ന അവസരങ്ങളില്‍ ബോറടി മാറ്റാന്‍ നാട്ടുകാര്‍ പല വഴികളും സ്വീകരിച്ചിരുന്നു. അങ്ങനെ ആരോ സ്വീകരിച്ച ഒരു മാര്‍ഗം ചെരണ്ടല്‍ ആയിരുന്നു. ചുവരില്‍ അവിടവിടെ എഴുതിവെച്ചിരുന്ന ബോര്‍ഡുകളില്‍ ഒന്നില്‍ കണ്ട മുന്നറിയിപ്പ് ഇതായിരുന്നു.

Sunday, July 24, 2011

വളയിട്ട കൈകള്‍!

3 comments
ഓഫീസുകളിലെ പൊളിറ്റിക്സ്‌ പുതുമയല്ല.
കമ്പനിയുടെ എം ഡി ലോകത്തിന്റെ ഏതു കോണിലായാലും മനസ്സില്‍ ചിന്തിക്കുന്ന കാര്യം തലച്ചോറു വഴി കറങ്ങിത്തിരിഞ്ഞ്‌ വായിലൂടെ പുറത്തു വരുന്നതിനു മുന്‍പ്‌ സംഭവം അറിയുകയോ നടപ്പാക്കുകയോ ചെയ്യുന്ന വില്ലന്‍മാര്‍ മിക്ക കമ്പനികളിലുമുണ്ടാകും. ഇട്ടെടുക്കുക എന്ന കലയില്‍ അവര്‍ അതീവ പ്രാവീണ്യമുള്ളവരായിരിക്കും.
ഉദാഹരണത്തിന്‌ വെറുതെ ഇരിക്കുന്ന ഒരുദ്യോഗസ്ഥന്റെ അടുത്തു ചെന്ന്‌ ഇക്കൂട്ടര്‍ ചോദിക്കും.
"അല്ല, നമ്മുടെ മധുര യൂണിറ്റിലെ തങ്കരാജ്‌ നമ്മുടെ ഫിനാന്‍സ്‌ മാനേജറായി മൂന്നാം തീയതി അല്ലെ ചാര്‍ജെടുക്കുന്നത്‌?"
അപ്പോ നമ്മുടെ ഉദ്യോഗസ്ഥന്‍ അറിയാതെ ചോദിച്ചു പോകും.
"തങ്കരാജോ?"
"അതെ.. "
"അല്ല, സെല്‍വരാജ്‌ അല്ലേ വരുന്നത്‌?"
"ആണോ..തങ്കരാജ്‌ എന്നാ ഞാന്‍ വിചാരിച്ചെ. "
"മധുര യൂണിറ്റീന്നല്ല...കോയമ്പത്തൂരീന്നല്ലേ... "
"ആണോ. മധുരേന്നാണെന്നാ ഞാന്‍ വിചാരിച്ചെ. "
"ഫിനാന്‍സ്‌ മാനേജറായിട്ടല്ല.. പര്‍ച്ചേസ്‌ മാനേജറായിട്ടാ വരുന്നത്‌.. "
"ആണോ...ഫിനാന്‍സ്‌ മാനേജറാണെന്നാ ഞാന്‍ വിചാരിച്ചെ. "
"മൂന്നാം തീയതിയല്ല വരുന്നത്‌. "
"പിന്നെ"
"അഞ്ചാം തീയതിയാ വരുന്നത്‌. "
"ഓഹോ..ഞാന്‍ കരുതി മൂന്നാം തീയതിയാണെന്ന്‌. "
"ചാര്‍ജെടുക്കുന്നില്ല. ഡെപ്യൂട്ടേഷനാ... "
"ആണോ.....ഞാന്‍ വിചാരിച്ചു..... " ഇട്ടെടുക്കല്‍ അങ്ങനെ തുടരും.
അങ്ങനെ ഇട്ടെടുക്കലിനിടയില്‍ ആര്‍ക്കോ വീണുകിട്ടിയ ഒരു ന്യൂസായിരുന്നു പുതിയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ വരുന്നു എന്നത്‌. വെറും വാര്‍ത്തയായിരുന്നില്ല അത്‌. ഇപ്പോഴത്തെ മാര്‍ക്കറ്റിംഗ്‌ മാനേജറെ സ്ഥലം മാറ്റി ഓഫീസിലെത്തന്നെ പുതിയൊരാള്‍ക്ക്‌ സ്ഥാനക്കയറ്റമോ മറ്റോരാള്‍ മാറി വരുന്നതോ ആകാമെന്നായിരുന്നു ന്യൂസ്‌.
വാര്‍ത്ത ഹോട്ടായതോടെ പലരും തല പുകച്ചു തുടങ്ങി. പല വഴിയ്ക്കും അന്വേഷണങ്ങളും പോയിത്തുടങ്ങി. പക്ഷെ ആര്‍ക്കും ഒരു ക്ളൂവും കിട്ടിയില്ല.
ഇതിനിടെ പഴയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ തന്റെ സീറ്റ്‌ പോകുന്ന വിഷമത്തിലായിരുന്നു.ചാരന്‍മാര്‍ പലവഴി നോക്കിയിട്ടും ആരാണെന്ന്‌ മനസ്സിലാകാത്തതു കാരണം പുള്ളി സ്വന്തം ബുദ്ധി തന്നെ ഉപയോഗിച്ചു തുടങ്ങി. ഒരു പ്യൂണിന്റെ സഹായത്തോടെ കക്ഷി ഒരു ജ്യോത്സ്യനെ പോയി കണ്ട്‌ കാര്യമന്വേഷിച്ചു.
"വളയിട്ട കൈകള്‍ കാണുന്നൂ.... " ജ്യോത്സ്യന്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
മാര്‍ക്കറ്റിംഗ്‌ മാനേജറായി ഒരു സ്ത്രീ വരുന്നു. സന്തോഷത്തിനൊപ്പം ഒരു സംശയം മാനേജറുടെ മനസ്സിലുദിച്ചു. ഇനി സീനിയര്‍ എക്സിക്യൂട്ടീവുമാരായ ചേച്ചിമാരാരെങ്കിലുമാണോ കക്ഷി? രണ്ടു പേരുണ്ട്‌. ഒരാളാണെങ്കില്‍ ട്രാന്‍സ്ഫര്‍ ചോദിച്ചിരിക്കുകയാണ്‌. മറ്റേയാള്‍ കഴിഞ്ഞ എക്ഷിബിഷനില്‍ ബെസ്റ്റ്‌ പെര്‍ഫോര്‍മറായിരുന്നു. എല്ലാ മാസവും ഓവര്‍ ടാര്‍ഗറ്റ്‌! സംശയമില്ല ഇതവള്‍ തന്നെ!
തിരികെ സീറ്റില്‍ വന്നതു മുതല്‍ മാനേജര്‍ എക്സിക്യൂട്ടീവിനിട്ട്‌ എങ്ങനെ "പണി" കൊടുക്കാം എന്ന സബ്ജക്ടില്‍ റിസര്‍ച്ചാരംഭിച്ചു. ക്ലൈന്റ്സിനോട് അപവാദം പറയുക, കൂടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ ഏല്‍പിക്കുക, വൈകി മാത്രം ജോലി തീര്‍ക്കാന്‍ അനുവദിക്കുക എന്ന ചെറു പണികള്‍ മുതല്‍ കട്ടപ്പണികള്‍ വരെ നിര്‍ബാധം പ്രവഹിച്ചു.
ഇതിനിടെ മാനേജറുടെ കൂടെ ജ്യോത്സ്യനെ കാണാന്‍ പോയ പ്യൂണ്‍ വഴി വളയിട്ട കൈകളുടെ രഹസ്യം നാട്ടിലെങ്ങും പാട്ടായി. എല്ലാ ജോലിക്കാരും പുതിയ മാനേജര്‍ മാഡത്തിന്റെ വരവും കാത്തിരിപ്പുതുടങ്ങി. മാത്രമല്ല, മാനേജര്‍ക്കുണ്ടായ സംശയവും എല്ലാവര്‍ക്കും തോന്നി. അതോടെ എക്സിക്യൂട്ടീവിനു കിട്ടുന്ന പണി ഏതു വകുപ്പിലാണെന്നും എല്ലാവര്‍ക്കും മനസ്സിലായി.
ഇതിനിടെയാണ്‌ ഹെഡ്‌ ഓഫീസില്‍ നിന്നും ഇട്ടെടുക്കല്‍ രണ്ടാം ഘട്ടം ഓഫീസിലെത്തിയത്‌.
"ഗൌരി" എന്നാണ്‌ പുതിയ മാനേജറുടെ പേര്‌. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഏതായാലും അതോടെ എക്സിക്യൂട്ടീവിനുള്ള പണി കൊടുക്കല്‍ നിന്നു.
രണ്ടു ദിവസത്തിനുള്ളില്‍ ഒരു ഫോര്‍ഡ്‌ ഫിയെസ്റ്റ ഓടിച്ച്‌ ഓഫീസിലേക്ക്‌ കയറിവന്ന സുമുഖനായ ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തി.
"ഗൌരി"ശങ്കര്‍ - പുതിയ മാര്‍ക്കറ്റിംഗ്‌ മാനേജര്‍!
ബ്ളിംഗ്‌!!! എന്ന മട്ടില്‍ അമ്പരന്നു നിന്ന മുഴുവന്‍ ഓഫീസ്‌ സ്റ്റാഫും ഷെയ്ക്ക്‌ ഹാന്‍ഡിനായി നീട്ടിയ മാനേജറുടെ വലം കൈ കണ്ടപ്പോള്‍ വീണ്ടും ഞെട്ടി.
ഫുള്‍സ്ളീവിനിടയിലൂടെ അതാ ഒരു വള.

Tuesday, July 12, 2011

മത്സരയോട്ടം!

0 comments
ബസുകളുടെ മത്സരയോട്ടം പെരുമ്പാവൂരുകാര്‍ക്ക്‌ ഒട്ടും പുതിയ വാര്‍ത്തയല്ല. ഒട്ടുമിക്ക റോഡുകളിലും കുതിച്ചുപായുന്ന ബസുകളും ഓവര്‍ടേക്കിങ്ങും വട്ടം വെയ്ക്കലും വഴക്കും അടി ബഹളങ്ങളും സര്‍വസാധാരണമാണ്‌. അപകട മരണങ്ങളും ഒട്ടും കുറവല്ല.
അങ്ങനെ ഒരിക്കല്‍ പെരുമ്പാവൂരിനടുത്ത്‌ ഒരു വലിയ ബസപകടം ഉണ്ടായി. ബസുകാത്തു നിന്ന ഒരു അമ്മയും കുഞ്ഞും നിര്‍ത്തിയിട്ടിരുന്ന ഒരു ബസിനെ ഓവര്‍ടേക്ക്‌ ചെയ്തു വന്ന മറ്റൊരു ബസ്‌ നിയന്ത്രണം വിട്ടു വന്നിടിച്ച്‌ തല്‍ക്ഷണം മരിച്ചു. അതീവ ദാരുണമായ ഈ സംഭവത്തെ തുടര്‍ന്ന്‌ പത്രങ്ങളും സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ക്ളബുകളും അതിരൂക്ഷമായി പ്രതിഷേധിച്ചു. പക്ഷെ അവസാനം എല്ലാ സംഭവങ്ങളെയും പോലെ ഇതും വിസ്മൃതിയിലാണ്ടു പോയി.
വീണ്ടും ബസുകള്‍ മത്സരയോട്ടം തുടങ്ങി. പക്ഷെ ഇത്തവണ ചില നാട്ടുകാര്‍ രംഗത്തിറങ്ങി. ചില പ്രധാന ബസ്സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. അമിതവേഗതയില്‍ ഓടിച്ചു വരുന്ന ബസുകള്‍ കൈ കാണിച്ചു നിര്‍ത്തി നല്ല സ്നേഹത്തോടെ ചിരിച്ച്‌ ഡ്രൈവറെ ബസില്‍ നിന്ന്‌ വിളിച്ചിറക്കി സ്റ്റോപ്പിലെ ഒരു കടയില്‍ കൊണ്ടു ചെന്നിരുത്തും. കുശലപ്രശ്നങ്ങളോടെ തുടക്കം. പിന്നീട്‌ കടയില്‍ പ്രത്യേകം തയ്യാറാക്കുന്ന മധുരമിടാത്ത വെട്ടിത്തിളയ്ക്കുന്ന കട്ടന്‍ചായ വക്കില്ലാത്ത സ്റ്റീല്‍ ഗ്ളാസില്‍ നിറച്ചു കൊടുക്കും. കൂടെ ഒരുത്തരവും.
കുടിച്ചിട്ടു പോയാല്‍ മതി!
കുടിച്ചു കഴിയുമ്പോഴേക്കും പത്തു മിനിറ്റെങ്കിലും പോയിക്കാണും.
ഞങ്ങളുടെ ചെറുപ്പകാലത്ത്‌ ഈ സംഭവം വളരെ പ്രശസ്തിയാര്‍ജിച്ചിരുന്നു. ബസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ കട്ടന്‍ചായ കൊടുത്ത്‌ സ്നേഹത്തോടെ പ്രശ്നം പരിഹരിച്ച നാട്ടുകാരന്‍ ചേട്ടന്‍മാരെ രഹസ്യമായും പരസ്യമായും ഞങ്ങള്‍ ബഹുമാനിച്ചു. എന്നെങ്കിലും ഒരിക്കല്‍ അവരെപ്പോലെ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്ന്‌ ഞങ്ങളോരോരുത്തരും മനസ്സില്‍ കരുതുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ഒരു പ്രധാന വിവാഹം നടക്കുന്നതിണ്റ്റെ തലേദിവസം. ഞങ്ങള്‍ കുറച്ചു പേര്‍ ചീട്ടും കളിച്ച്‌ തേങ്ങയും ചിരകി കഷണം നുറുക്കി വെടിയും പറഞ്ഞ്‌ വട്ടം കൂടി ഇരിക്കുകയാണ്‌. ബഡ്ജറ്റും ലോകകപ്പും ഇലക്ഷനും വായനശാലയും ചായക്കടയും റോഡ്‌ ടാറിങ്ങും ഫുട്ബാള്‍ ഗ്രൌണ്ടും അങ്ങനെ സൂര്യനു താഴെയുള്ള പല സബ്ജക്ടുകള്‍ക്കുമൊപ്പം ലോ ഫ്ളോര്‍ ബസുകളും പരാമര്‍ശിക്കപ്പെട്ടു. കൊച്ചിക്കാരുടെ സ്വപ്നങ്ങള്‍ക്ക്‌ എ സിയുടെ കുളിര്‍മ പകര്‍ന്ന ലോ ഫ്ളോര്‍ ബസുകളെപ്പറ്റി പല അഭിപ്രായങ്ങളും പൊങ്ങി വന്നു.
ചാര്‍ജ്‌ കൂടുതലാണ്‌.
അതിനെന്താ പല ആള്‍ക്കാരും കാറു മാറ്റി ബസിലാക്കിയില്ലേ യാത്ര....
ലോഫ്ളോര്‍ സര്‍വീസും മെയിണ്റ്റനന്‍സും വോള്‍വോ നേരിട്ടാ..
നീളം കൂടുതലുള്ളതു കാരണം കൂടുതല്‍ യാത്രക്കാര്‍ കേറും.
പൈസ കൂടുതലായാലെന്താ പാട്ടും കേട്ട്‌ പോകാമല്ലോ...
ലോഫ്ളോര്‍ വന്നതു കാരണം ബസുകളുടെ മത്സരയോട്ടം കുറഞ്ഞിട്ടുണ്ട്‌.

മത്സരയോട്ടം!

ആ പേരു കേട്ടപ്പോഴേയ്ക്കും പലരുടെയും മനസ്സിലേക്ക്‌ സാമൂഹിക പ്രതിബദ്ധത കയറി വന്നു. മുരടനക്കി സംഭവം നേരിട്ടു കണ്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതു പോലെ അതിലൊരുത്തന്‍ തുടങ്ങി.
ഹോ..മത്സരയോട്ടത്തിണ്റ്റെ കാര്യം പറഞ്ഞപ്പോഴാ.. പണ്ട്‌ ഞങ്ങളുടെ നാട്ടില്‍ മത്സരയോട്ടം നടത്തി വന്ന ബസ്സുകളെ, ചില ചേട്ടന്‍മാര്‍ തടഞ്ഞ്‌, ഡ്രൈവറെ പിടിച്ചിറക്കി സ്റ്റോപ്പിലെ ഒരു ചായക്കടയില്‍ പിടിച്ചിരുത്തി ചൂടന്‍ കട്ടന്‍ചായ വക്കില്ലാത്ത ഗ്ളാസില്‍.......
കുടിച്ചിട്ടു പോയാ...... മതി!
ആ ഡ്രൈവറ പുള്ളിക്കാരണ്റ്റെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു.

സംസാരത്തിണ്റ്റെ ഗതി ഇത്രത്തോളമായപ്പോഴേയ്ക്കും കല്യാണം കഴിച്ച്‌ ഞങ്ങളുടെ നാട്ടിലേക്ക്‌ മരുമകനായെത്തിയ അത്യാവശ്യം പ്രശസ്തനായ ഒരു ചേട്ടന്‍ വിളറി വെളുത്ത മുഖവുമായി പതുക്കെ എണീറ്റു.
അട്ടഹാസങ്ങള്‍ക്കും അലറിച്ചിരികള്‍ക്കുമിടയില്‍ ഒരു ബ്രേക്ക്‌ പോലെ ഇങ്ങനെ പറഞ്ഞു.
അന്നു കാണാത്തവരുണ്ടെങ്കില്‍ ശരിക്കു കണ്ടോടാ.....
ഞാന്‍ തന്നെയാടാ ആ ഡ്രൈവര്‍!!!
 
Copyright © '