ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, February 13, 2011

നൌഷാദിന്റെ ബിരിയാണി

2 comments
ഈ ചക്രശ്വാസം വലിക്കുക ചക്രശ്വാസം വലിക്കുക എന്നു കേട്ടിട്ടുണ്ടോ...വേണ്ട നട്ടം തിരിയുക എന്നു കേട്ടിട്ടുണ്ടോ...അതുമല്ലെങ്കിൽ വാലിനു തീ പിടിച്ച പോലെ എന്ന്........
വളരെ കാലത്തിനു ശേഷം ഒന്നു കറങ്ങാനിറങ്ങിയതായിരുന്നു ഞാനും ഭാര്യയും...അങ്ങനെ കറങ്ങി കറങ്ങി അവസാനം വനിത - ഐസ് കൺസ്യൂമർ ഫെസ്റ്റിവലിൽ എത്തി. കയറുമ്പോഴേ എനിക്കറിയാം ഇത് പണിമുടക്കാണ്‌ ഒരു രണ്ടു രണ്ടര മണിക്കൂറെങ്കിലും കഴിയും പുറത്തിറങ്ങാൻ. ഓരോ സ്റ്റാളുകളിലായി കയറിയിറങ്ങി അവസാനം ഞങ്ങൾ അവസാന രംഗത്തെത്തി. ഒരു നിമിഷം! അത്ര നേരവും പുറത്തിറങ്ങാൻ ധൃതി പിടിച്ചു കൊണ്ടിരുന്ന എന്നെ പിടിച്ചു നിർത്തിക്കൊണ്ട് ഒരു സ്റ്റാൾ...നൌഷാദിന്റെ ബിരിയാണിക്കട!
(നൌഷാദിന്റെ ബിരിയാണി കഴിച്ചിട്ടുണ്ടോ....ഇല്ലെങ്കിൽ ആദ്യ അവസരത്തിൽ തന്നെ കഴിക്കണം കേട്ടോ....)
സലിം കുമാർ ഏതോ ഒരു സിനിമയിൽ പറയുന്ന പോലെ എനിക്ക് വെസ്പ്പിന്റെ അസുകോള്ള ആളാണേ...അതു കൊണ്ട് കട കണ്ട ഉനെ ഞാൻ ഭാര്യയെയും കൂട്ടി അതിനകത്തേക്ക് കേറി.
ആ കടയ്ക്കകത്തെ നെയ്യിന്റെയും മസാലക്കൂട്ടിന്റെയും അരിയുടെയും പിന്നെ ബിരിയാണിയുടെയും മണം എന്നെ കോരിത്തരിപ്പിച്ചു.
ഒട്ടും താമസിച്ചില്ല, നേരിട്ട് നൌഷാദിനു തന്നെ ഞാൻ ഓർഡർ നല്കി. ഒരു ചിക്കൻ ബിരിയാണി ഭാര്യയ്ക്ക്, മട്ടൻ ബിരിയാണി എനിക്ക്!
ബിരിയാണി വന്ന ഉടനെ ആർത്തിയോടെ നൌഷാദിനെ പോലും അതിശയിപ്പിച്ചു കൊണ്ട് നാലഞ്ചു കവിൾ ബിരിയാണി ഞാൻ അകത്താക്കി. കൂടെ രണ്ടു മൂന്നു കഷണവും കച്ചമ്പറും അച്ചാറും പപ്പടവും!
കവിളിൽ കുത്തി നിറച്ച രൂപത്തിൽ എന്നെ കണ്ടതും ഭാര്യ ചിരി തുടങ്ങി. അവളുടെ ചിരിയോടൊപ്പം എന്റെ ആർത്തിയെക്കുറിച്ചോർത്തതും എനിക്കും ചിരി പൊട്ടി. രണ്ടാളും ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ കുത്തി നിറച്ച കഷണങ്ങളിൽ ഒരെണ്ണം എന്റെ തൊണ്ടയിൽ കുടുങ്ങി.
ആസ്വാദനമെല്ലാം അവസാനിച്ചു. കുടുങ്ങിയ മട്ടൻ കഷണത്തിലെ എല്ല് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടിൽ നില്ക്കുകയാണ്‌. എന്റെ കണ്ണു തുറിച്ചു തുടങ്ങി. വാ തുറന്ന് ശർദിക്കുന്ന രീതിയിൽ രണ്ടുമൂന്നു തവണ ഞാൻ കാണിച്ചു നോക്കി. പിന്നെ കുറേ വെള്ളം കുടിച്ചു. നൊ രക്ഷ.
ബാക്കിയുള്ള ബിരിയാണി മൊത്തം എങ്ങനെയൊക്കെയോ ഞാൻ കഴിച്ചെന്നു വരുത്തി. എഴുനേറ്റു. ബിൽ പേ ചെയ്ത് പുറത്തേക്കിറങ്ങി.
വീട്ടിലെത്തിയിട്ടും എല്ല് പ്രശ്നമുണ്ടാക്കിക്കൊണ്ടേയിരുന്നു. വെള്ളം കുടിക്കാൻ പോലും പറ്റുന്നില്ല. ഞാൻ മിണ്ടാതെ ഒരിടത്ത് ഇരിപ്പായി.
എന്റെ ചിന്തകൾ കാടു കയറി. കഴിഞ്ഞ മാസമാണ്‌ എന്റെ ഓഫീസിലെ ഒരു സഹപ്രവർത്തകന്റെ തൊണ്ടയിൽ കുടുങ്ങിയ ഒരു ചിക്കൻ ബോണ്‍ സർജറി ചെയ്ത് എടുത്തതു. രണ്ടാഴ്ച സംസാരിക്കാൻ പോലും പറ്റാതെ കക്ഷി വീട്ടിലിരിപ്പായിരുന്നു. വേറൊരാൾക്ക് തൊണ്ടയും വയറും കുടലുമൊക്കെ ഭേദിച്ച് മലദ്വാരത്തിനടുത്തു നിന്നാണ്‌ എല്ല് പുറത്തെടുത്തത്. അതും സർജറി! കഷ്ടപ്പാടോർത്തപ്പോ എനിക്കാകെ സങ്കടമായി.
പ്രശ്നം രാത്രിയായപ്പോഴേക്കും സങ്കീണമായി. എല്ല് എന്റെ ശ്വാസോച്ച്വാസത്തെപ്പോലും ബാധിക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങി.
അപ്പോഴാണ്‌ മറ്റൊരു പ്രശ്നം തല പൊക്കിയത്. സംഭവം ശനിയാഴ്ചയാണ്‌. സമയം രാത്രിയായി. ഇനി ഏതു ഡോക്ടറെ കാണാൻ? രാവിലെയും പറ്റില്ല. ഞായറാഴ്ചയല്ലേ...എവിടെയെങ്കിലും ഒരു ഈ എൻ ടി സ്പെഷ്യലിസ്റ്റിനെ കിട്ടുമോ...പെട്ടെന്നു വിളിച്ചു വരുത്തേണ്ടി വരുമോ...വന്നാൽ തന്നെ അവർ സർജറി ചെയ്യാൻ തയ്യാറാകുമോ...ആകെകൂടി കിട്ടുന്ന ഒരു അവധി വേണ്ടെന്നു വെയ്ക്കാൻ അവർ തയ്യാറാകുമോ...ഇങ്ങനെ നൂറു കൂട്ടം ചിന്തകൾ എന്നെ ആക്രമിച്ചു.
എങ്ങനെയോ രാത്രി ഞാൻ തള്ളി നീക്കി. രാവിലെയായപ്പോഴേക്കും വാ തുറക്കാൻ പറ്റുന്നില്ല. ബ്രഷ് ചെയ്യാൻ പോലും പറ്റുന്നില്ല. ആകെ നീരു വെച്ച പോലെ. തൊണ്ടയ്ക്കു ചുറ്റും വലിയ ഒരു മഫ്ളർ ചുറ്റി വെച്ച പോലെ വീത്തിരിക്കുന്നു. മരണം ഉറപ്പായ ഞാൻ ഫിസിഷ്യനെങ്കിൽ ഫിസിഷ്യൻ പോയിക്കണ്ടേക്കാം എന്നു കരുതി തൊട്ടടുത്തുള്ള ഗവണ്മെന്റ് ആസ്പത്രിയിലേക്ക് പാഞ്ഞു.
ആസ്പത്രിയിലെ കാഷ്വാലിറ്റിയിൽ പതിവില്ലാതെ കണ്ട ക്യൂ വക വെയ്ക്കാതെ ഞാൻ അകത്തേക്ക് ഓടി. ആരെയോ വായ് തുറപ്പിച്ചും നാക്കു നീട്ടിച്ചും സ്റ്റെതസ്കോപ്പ് നെഞ്ചിൽ വെച്ചും ശ്വാസം ഉള്ളിലേക്കും പുറത്തേക്കും വലിപ്പിച്ചും പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറുടെ മുൻപിലേക്ക് ഒരു കസേര വലിച്ചിട്ട് അതിലിരുന്ന് ഒറ്റ ശ്വാസത്തിൽ ഞാൻ കാര്യം പറഞ്ഞു.
എന്നെ കുറച്ചു നേരം നോക്കിയിരുന്ന ഡോക്ടർക്ക് പ്രത്യേകിച്ചൊന്നും കാണാൻ സാധിച്ചില്ല. ഞാൻ അവകാശപ്പെടുന്ന പോലെ ഒരു നീര്‌ കഴുത്തിനുചുറ്റും ഉണ്ടായിരുന്നില്ല. വാ തുറക്കാനും അടയ്ക്കാനും പ്രത്യക്ഷത്തിൽ ഒരു ബുദ്ധിമുട്ടുമില്ല.
പുള്ളി ഒരു ടോർച്ച് എടുത്ത് വായിലേക്ക് അടിച്ചു നോക്കി. ഒന്നുമില്ല. ചുവന്നിട്ടുണ്ട്. ഡീറ്റയിൽസ് എന്നോടു ചോദിച്ചു മനസ്സിലാക്കി. പിന്നെ പറഞ്ഞു.
“അകത്തൊന്നുമില്ല.”
“ഏയ് അങ്ങനെയല്ല, എനിക്ക് അകത്ത് ഫീൽ ചെയ്യുന്നുണ്ട്.”
“അത് എല്ലല്ല. അത് കൊണ്ട് മുറിഞ്ഞത് സ്വെല്ലിങ്ങ് ആയതാണ്‌. പ്രശ്നമില്ല.”
“എന്നാലും ഇ എൻ ടിയെയോ മറ്റോ...”
“ആരെയും കാണെണ്ട ആവശ്യമില്ല. എല്ലെടുക്കാനാണെങ്കിൽ ഇനി ഹോസ്പിറ്റലിലും വരണമെന്നില്ല.”
“അപ്പോ എല്ലില്ല!”
“ഇല്ല.”
“വേദനയോ”
“ഉച്ചയ്ക്കു മുൻപ് മാറും”
അദ്ഭുതം. അപ്പോ തന്നെ വേദന പോയി. നീരും പോയി. വായും തുറക്കാൻ പറ്റി.
“ഡോക്ടർ..ഫീസ്...”
ഞാൻ ഡോക്ടർ എന്തു ചോദിച്ചാലും കൊടുക്കാൻ തയ്യാറായിരുന്നു.
“പോടോ...പോയി കുറച്ച് ഉപ്പുവെള്ളം വായില്കൊള്ള്. എല്ലാം ശരിയായിക്കൊള്ളും...”

ഞാൻ പുറത്തേക്കിറങ്ങി.
നഷ്ടപ്പെടുത്തിയ
നൌഷാദിന്റെ ബിരിയാണിയെക്കുറിച്ചോർത്ത്...
നഷ്ടപ്പെടുത്തിയ
ഒരു രാത്രിയെക്കുറിച്ചോർത്ത്...
അടിച്ച ടെൻഷനോർത്ത്...

സങ്കടപ്പെട്ടിട്ടു കാര്യമില്ലല്ലോ....

ഹാപ്പി....വലന്റൈൻസ് ഡേ...

2 comments

കല്യാണം കഴിയുന്ന വരെയുള്ള രീതികളല്ല കല്യാണം കഴിഞ്ഞാൽ. അതു കലാണം കഴിച്ചവർക്കറിയാം. സാധാരണ ആഘോഷങ്ങളായ ഓണം, വിഷു, ഈസ്റ്റർ, പെസഹ, ക്രിസ്തുമസ്, റമസാൻ, ബക്രീദ്, പിന്നെ ലോക്കൽ അമ്പലത്തിലെയോ പള്ളിയിലെയോ പെരുന്നാളുകൾ എന്നിവ കൂടാതെ വിവാഹം കഴിച്ചവർക്ക് കൈയിലിരിക്കുന്ന കാശു ചെലവാക്കാനായി പുതിയ ആഘോഷങ്ങളായ പിറന്നാളുകൾ, ആനിവേഴ്സറികൾ പിന്നെ അക്ഷയതൃതീയ, വാലന്റൈൻസ് ഡേ...

അങ്ങനെയൊരു വാലന്റൈൻസ് ഡേ-യാണ്‌ ഭാര്യയ്ക്ക് ഒരു സമ്മാനം കൊടുക്കാനായി ഞാൻ തെരഞ്ഞെടുത്തത്. എന്തു കൊടുക്കും എന്ന ചോദ്യത്തിന്‌ ചില ജ്വല്ലറിക്കാർ ആഘോഷപൂർവം അനൌൺസ് ചെയ്തിട്ടുള്ള വാലന്റൈൻസ് കപ്പിൾ ജുവല്ലറി എന്തെങ്കിലും വാങ്ങാം എന്നും തീരുമാനിച്ചു. (അതാകുമ്പോൾ വലിയ ചിലവും വരികേല!).
എന്റെ ഐഡിയയ്ക്ക് ആദ്യത്തെ പ്രഹരം ബോസിൽ നിന്നായിരുന്നു. ഫെബ്രുവരി 14 ന്‌ എത്ര ശ്രമിച്ചിട്ടും ലീവ് കിട്ടിയില്ല. മുഖത്ത് ഒരു വലിയ കടന്നൽക്കൂടുമായി നില്ക്കുന്ന ഭാര്യയുടെ പിണക്കം തീക്കാൻ സസ്പെൻസായി നല്കാൻ വെച്ചിരുന്ന സമ്മാനത്തിന്റെ കാര്യം എനിക്കു പറയേണ്ടി വന്നു.
ഉച്ചയ്ക്ക് അല്പ സമയം നേരത്തെ ഇറങ്ങി ജ്വല്ലറിയിൽ ചെന്ന് സാധനം വാങ്ങി വരാം എന്നായി പിന്നത്തെ ചിന്ത. പണിയൊക്കെ തീത്തു. ഉച്ചയൂണു കഴിഞ്ഞ് സീറ്റിൽ വന്ന് അയയ്ക്കേണ്ട മെയിലുകളൊക്കെ അയച്ചു. സിസ്റ്റം ഷട്ഡൌൺ ചെയ്തു. ബാഗ് എടുത്തു. ഇറങ്ങി.
അറ്റൻഡൻസ് സ്വൈപ് ചെയ്യുന്നതിനു തൊട്ടുമുൻപായി ദാ വരുണൂ ഒരു മാരണം...ബോസ്!
"ഓ..സോറി! ഇയാൾ എവിടെയോ പോണെന്ന് പറഞ്ഞിരുന്നല്ലൊ...ഇപ്പൊ വിട്ടേക്കാം...ഒരു ചെറിയ ഹെല്പ് ചെയ്തിട്ടു പോകാമോ..."
"യെസ് സർ..പിന്നെന്താ...ഞാൻ അതു കഴിഞ്ഞു പൊയ്ക്കോളാം.(മനസ്സിൽ ഒരു നൂറു പ്രാക്കുകളുമായി ഞാൻ മുഖത്ത് ഒരു നറു പുഞ്ചിരി വരുത്തി.)
"മാർക്കറ്റിങ്ങിലെ ഒരു സീനിയർ മാനേജർ വരും. അദ്ദേഹത്തിന്‌ എന്തോ പ്രിന്റ് എടുക്കാനുണ്ട്. ഒന്നു ഹെല്പ് ചെയ്യണം."
(ഭാഗ്യം! കുരിശു ഒരു പ്രിന്റിൽ തീരുമല്ലോ..). "ശരി സർ, ഞൻ പ്രിന്റ് എടുത്ത് കൊടുത്തോളാം."
ഓടിച്ചെന്ന് സിസ്റ്റം ഓണാക്കി, മെയിൽ ഓപ്പൺ ചെയ്തു. പ്രിന്റ് അയക്കാനുള്ള ഫയൽ തപ്പി. വന്നിട്ടില്ല. ഉടൻ മാനേജറെ വിളിച്ചു.
"സർ, എന്തോ മെയിൽ പ്രിന്റ് എടുക്കാനുണ്ടെന്നു പറഞ്ഞു..."
"..നോ...മെയിലല്ല, ഹാവ് സി ഡി വിത് മി. വിൽ കം ടു യൂ..."
"ഓകെ സർ. ആം ഇൻ മൈ സീറ്റ്."
അര മണിക്കൂർ കഴിഞ്ഞു.
ഒരു സി ഡി ബാഗുമായി മാനേജർ രംഗപ്രവേശം ചെയ്തു.
"ഡിയർ, ഒരബദ്ധം പറ്റി. ഹാവ് പുട്ട് ദ് സി ഡി ഇൻ ദിസ് ബാഗ്. നൌ അം അണേബിൾ ടു ഐഡന്റിഫൈ ഇറ്റ്. കാൻ യു പ്ലീസ്....."
ചതിച്ചോ ദൈവമേ...
വരുന്നേടത്ത് വെച്ചു കാണാം...എന്തായാലും ഏറ്റില്ലേ...
"ഹെയ്...എവിടെയോ പോകാനിറങ്ങിയതു പോലെയുണ്ടല്ലോ..."
ദുഷ്ടാ.....എന്റെ പ്ളാനുകളൊക്കെ തകർത്തിട്ട് ചോദിക്കുന്ന കണ്ടില്ലേ....
"നോ സർ, വാലന്റൈൻസ് ഡേ-യല്ലേ...വൈഫിനൊരു ഗിഫ്റ്റ് വാങ്ങാൻ...."
"...സോ യു ആർ ഗൂഡ് ഹസ്ബൻഡ്....ആട്ടെ എന്താ പ്ലാൻ..."
ഹും..ഇനി ഞാൻ വാങ്ങാൻ ഉദ്ദേശിച്ച സാധനം ഇയാളോടു പറഞ്ഞിട്ടു വേണം...
നോ സർ അങ്ങനെയൊന്നുമില്ല, ജ്വല്ലറിയിൽ നിന്നും വാലന്റൈൻ കപ്പിൾ ജുവലറി എന്തെങ്കിലും വാങ്ങണം...”
..ഗ്രേറ്റ്...ദെൻ വൈ കാണ്ട് യു ഗോ ആൻഡ് ബൈ എനി ഡയമണ്ട് ജുവല്ലറി?”
ഉവ്വ! ഇനി ഡയമണ്ട് വാങ്ങാത്ത കൊഴപ്പമേയുള്ളൂ...മാത്രമല്ല ഞാൻ കുത്തുപാളയെടുക്കുന്നതു കൂടി കണ്ടാലേ കടല്ക്കിഴവനു തൃപ്തിയാവുകയുള്ളൂ..
...അതൊക്കെ ഭയങ്കര കോസ്റ്റ്ലിയാകും സർ, എനിക്ക് അത്ര ബഡ്ജറ്റ് ഒന്നുമില്ല..”
നോ...നോ...ഇപ്പോ തുടങ്ങിയ പുതിയ ഡയമണ്ട് ജ്വല്ലറി ഷോപ്പ് ഇല്ലേ ത് എന്റെ ഒരു ഫ്രണ്ടിന്റെയാണ്‌.. കാൻ അറേഞ്ച് സംതിങ്ങ് ഇൻ ചീപ്..മാത്രമല്ല, കപ്പിൾ ജുവല്ലറി യു വിൽ ഗെറ്റ് ഫ്രം 5000 റുപ്പീസ്...”
5000 രൂപയോ...ഡയമണ്ടോ...കൊള്ളാമല്ലോ....ഇനി ഗിഫ്റ്റ് ഡയമണ്ടായാലോ...ഒന്നും ഇതുവരെ വാങ്ങിക്കൊടുക്കാത്തവൻ എന്ന ചീത്തപ്പേരു കഴുകിക്കളയാൻ ഒരടിപൊളി അവസരം. ഒരിക്കലും ഞാൻ ഒരു അടിപൊളി ഡയമണ്ട് ആഭരണം വാങ്ങിക്കൊണ്ടു വരും എന്ന് ആരും ചിന്തിക്കയില്ല...അതും വില പറയാതിരുന്നാൽ സൂപ്പർ ക്രെഡിറ്റായിരിക്കും...
എന്റെ മൌനം കണ്ട് പുള്ളി മുൻകൈയെടുത്തു. ഡയമണ്ട് ജ്വല്ലറിയുടെ എം ഡിയെ വിളിച്ചു.
ഹായ്....ബോസ്...എന്റെ ഒരു ഫ്രണ്ടിനെ അങ്ങോട്ട് പറഞ്ഞു വിട്ടാൽ ഒന്നു കൈകാര്യം ചെയ്തേക്കാമോ...പുള്ളിയ്ക്ക് ഒരു വാലന്റൈൻ ഗിഫ്റ്റ് വേണം...സ്പെഷ്യൽ ആയിരിക്കണം....ഓകെ..അപ്പോ പുള്ളി വന്നോളും...ശരി....“
ഞാൻ നിന്ന നില്പിൽ ഒരടി പൊങ്ങി. ഒന്നാമത് എംഡിയുമായി നേരിട്ട് ഇടപാട്. പിന്നെ ഒരു സീനിയർ മാനേജർ എന്നെ ഫ്രണ്ട് എന്നു വിളിച്ചിരിക്കുന്നു...
യെസ് ബോസ് അതു തന്നെ...” ഞാൻ ഓപ്പൺ ചെയ്ത പല സിഡികളിൽ നിന്നും പുള്ളി ഒരെണ്ണം കണ്ടെത്തി.
ഇനി അതിലെ രണ്ടു സിപ്പ് ഫയലുകളും എക്സ്ട്രാക്റ്റ് ചെയ്യണം...രണ്ടു ഫോൾഡറുകൾ വീതം ഉണ്ടാകും. അതിൽ എട്ടു എക്സൽ ഫയലുകൾ. ഒന്ന് എഡിറ്റ് ചെയ്ത ശേഷം പ്രിന്റ് വിടണം. വിട്ടിരുന്നാൽ മതി. വിൽ ടേക് ഇറ്റ് ടുമാറോ..”
കൂടിയ ഉയരം അപ്പോഴേ കുറഞ്ഞു. നാളത്തേക്കു മാത്രം ആവശ്യമുള്ള ഒരു പണ്ടാരമാണ്‌ എന്റെ നല്ല ഒരു ദിവസം നശിപ്പിക്കാൻ കൊണ്ടു വന്നിരിക്കുന്നത്.
ദെൻ...ഓകെ ബോസ്...അഡ്വാൻസ്ഡ് ഹാപ്പി വാലന്റൈസ് ഡേ....”
കടുത്ത പല്ലിറുമ്മലിനിടയിലും..നീട്ടിയ കൈയിൽ ഞാൻ ഹസ്തദാനം നടത്തി.
താങ്ക്യൂ സർ
നേരെ കടയിൽ പോയി എം ഡിയെ ചോദിച്ചാൽ മതി കെട്ടോ..ഇന്നയാൾ പറഞ്ഞു വിട്ടതാണെന്നു പറയണം...ഓകെ...”
ഓകെ
ഒന്നാമത്തെ സിപ് ഫയൽ തുറന്നു. നാലു ഫോൾഡറുകൾ. ഓരോന്നും തുറന്നു. ചെറിയ എട്ടു എക്സൽ ഫയലുകൾ. ഒന്നും പ്രിന്റു ചെയ്യാവുന്ന കണ്ടീഷൻ അല്ല. എഡിറ്റിങ്ങ് തുടങ്ങി. സേവ് ചെയ്തു. പ്രിന്റ് വിട്ടു.
സമയം നാലു മണി.
മൊബൈൽ ബെല്ലടിച്ചു. പരിചയമില്ലാത്ത നമ്പർ..എടുത്തു. ഡയമണ്ട് ഷോപ്പിൽ നിന്നാണ്‌.
സർ, ഞാൻ ഞങ്ങളുടെ എം ഡി പറഞ്ഞിട്ടു വിളിക്കുകയാണ്‌. സർ എപ്പോ വരും?”
ആദ്യത്തെ സിപ് ഫയൽ നോക്കിയതനുസരിച്ചാണെങ്കിൽ ഒരു ഒരു മണിക്കൂറിനകം എല്ലാം തീരും..
ഒരു ഫൈവ് തേർട്ടി...”
ഓകെ
അടുത്ത സിപ് ഫയൽ തുറന്നു. ഫോൾഡറുകളും എക്സൽ ഫയലും തുറന്നു.
ബാലേട്ടൻ സിനിമയിലെ ജഗതിയണ്ണന്റെ സ്വന്തമായി എഴുതിയ കവിത പോലെ കടയും തലയുമില്ലാത്ത എട്ട് എക്സൽ ഫയലുകൾ...
നോ രക്ഷ...
ഞാൻ വെള്ളം കുടി തുടങ്ങി...മൊത്തം കൊളം...
ആറു മണിയോടെ ഒരെണ്ണം കഴിഞ്ഞു.
വീണ്ടും ഫോൺ...
സർ..എപ്പോ വരും...ജ്വല്ലറി എട്ടു മണിയ്ക്ക് ക്ലോസ് ചെയ്യും.”
ഓകെ...ഓകെ..അധികം താമസിക്കില്ല...ഉടനെ എത്തിയേക്കാം
ഓകെ..സർ..” ഫോൺ വെച്ചു.
എട്ടു മണിയായി. അഞ്ചു ഫയൽ കൂടി കഴിഞ്ഞു.
വീണ്ടും ഫോൺ...
സർ...ഒരു പാട് താമസിക്കുമോ...ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്‌..”
നോ...നോ...ഇപ്പോതന്നെ വരും...ക്ളോസ് ചെയ്തു.”
ഒരു മണിക്കൂർ കൂടി കഴിഞ്ഞു.
അതു വരെ ചെയ്തതൊക്കെ മതി എന്ന മട്ടിൽ ഞാൻ കിട്ടിയതൊക്കെ വച്ച് എഡിറ്റ് ചെയ്ത് എല്ലാ പ്രിന്റും എടുത്ത് പിൻ ചെയ്തു വെച്ച് സിസ്റ്റം ക്ളോസ് ചെയ്തു.
വീണ്ടും ഫോൺ
സർ, വരുന്നില്ലേ..വി ആർ വെയ്റ്റിങ്ങ്
വരുന്നു...വരുന്നു...ദേ എത്തി.”
ഒരു പത്തു മിനിട്ടിൽ ഷോപ്പിലെത്തി.
മുൻപിലെ ഒരു ഷട്ടർ ഒഴിച്ച് എല്ലാം അടച്ചിട്ടുണ്ട്. ഒന്നു രണ്ട് സെയിൽസ്മാൻമാർ മാത്രമേ ഷോപ്പിലുള്ളൂ.. ഒരു ക്യാബിനിൽ എം ഡി ഇരിപ്പുണ്ട്.ഞാൻ ചെന്ന അപ്പോ തന്നെ നേരത്തെ വിളിച്ചു പറഞ്ഞ പ്രകാരം എം ഡി നേരിട്ട് കുറേ ഡിസൈനുകൾ എന്നെ കാണിച്ചു തരാൻ തുടങ്ങി. എല്ലാം അതി മനോഹരം..വജ്രത്തിന്റെ മനോഹാരിത എന്നെ അതിശയിപ്പിച്ചു.
എനിക്കിഷ്ടപ്പെട്ട ഒന്നുരണ്ടു ഡിസൈൻ ഞാൻ തെരഞ്ഞെടുത്തു മാറ്റിവെച്ചു.
എന്താ ഇതിന്റെ പ്രൈസ്?”
ഈച് കോസ്റ്റ്സ് ടൂ ലാൿസ്
അയ്യോ...എന്നൊരു ശബ്ദം ഞാൻ പുറപ്പെടുവിച്ചത് എം ഡി കേട്ടോ എന്നെനിക്കറിയില്ല. പക്ഷെ എന്റെ മുഖത്തെ രക്തമയമില്ലായ്മ അദ്ദേഹം നോട്ട് ചെയ്തെന്നു തോന്നുന്നു.
യു നീഡ് ടു സീ മോർ ഡിസൈൻസ്?”
യെസ്..കുറച്ചു കൂടി വില കുറഞ്ഞത്..”
എം ഡി വീണ്ടും വീണ്ടും അവരുടെ കണ്ണിൽ വില കുറഞ്ഞ രണ്ട്, ഒന്നര, ഒരു ലക്ഷം തുടങ്ങിയ വിലകളുള്ള ആഭരണങ്ങൾ കാണിക്കാൻ തുടങ്ങി.
എന്റെ ശ്വാസം നിലച്ചു പോകും എന്ന നിലയായപ്പോൾ ഞാൻ കപ്പിൾ ജുവല്ലറി എന്ന ആശയം മനസ്സിൽ നിന്നും കളഞ്ഞു. എന്റെ പരുങ്ങൽ കണ്ടപ്പോൾ എം ഡിയ്ക്കും മറ്റുള്ളവർക്കും കാര്യം ഏതാണ്ട് പിടികിട്ടി.
സാറിന്റെ റെയിഞ്ച് പറഞ്ഞാൽ....”
അല്ല...നിങ്ങൾ കാണിച്ചാൽ എനിക്ക് ഇഷ്ടപ്പെട്ടത് ഞാൻ എടുത്തോളാം..”
എം ഡി ഒരുത്തനെ വിളിച്ച് എന്തോ പറഞ്ഞു. അവൻ അകത്തു പോയി ഒരു ചെറിയ ലോക്കറ്റ് എടുത്തിട്ടു വന്നു.
സർ ഇതാണ്‌ വലന്റൈൻസ് ഡേ സ്പെഷ്യൽ പെൻഡന്റ്! വെറും 15,000 രൂപയേയുള്ളൂ...”
തിരിച്ചും മറിച്ചും നോക്കി ഞാൻ ചോദിച്ചു.
ഇതിലും കുറഞ്ഞത്......”
5000 രൂപ വിലയുള്ള ഐറ്റംസ് പുറത്തെടുക്കടേ എന്ന ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നു എന്റെ ശബ്ദത്തിൽ...
സോറി സർ..ഇതാണ്‌ ഇവിടത്തെ ഏറ്റവും കുറഞ്ഞ ആഭരണം..ഇതു തന്നെ സെറ്റ് ആകുമ്പോൾ 25000 എങ്കിലും വരും...”
ഞാൻ നന്നായി വിയർത്തു. ടവൽ എടുക്കാനായി പോക്കറ്റിൽ കൈയിട്ടു. ടവൽ ഭദ്രമായി വീട്ടിൽ വെച്ചിട്ടു പോന്നിരിക്കുന്നു. പകരം ഒരു കവറുണ്ട്. പുറത്തെടുത്തു.
ദൈവമേ.....അറിയാതെ വിളിച്ചു പോയി.. സഹപ്രവർത്തകന്റെ ഒരു മെഡിക്കൽ ബിൽ പാസായതിന്റെ 8000 രൂപ എന്റെ കൈയിൽ ഇരിക്കുകയാണ്‌. കൂട്ടുകാരനോടു പറഞ്ഞു നില്ക്കാം. പക്ഷെ സീനിയർ മാനേജറുടെ അഭിമാനം, എം ഡി നേരിട്ട് എനിക്കു വേണ്ടി കാത്തിരുന്നതിന്റെ ബുദ്ധിമുട്ട്, ഭാര്യയ്ക്കു കൊടുത്ത വാക്ക്, വാലന്റൈൻസ് ഡേ...
ഞാൻ ചെറുതായി ഒരു മനക്കണക്കു കൂട്ടി. കൈയിൽ 5000, കൂട്ടുകാരന്റെ 8000 പിന്നെ ടി എം കാർഡിലുള്ള രണ്ടായിരം കൂടി ഇട്ടാൽ സംഭവം തല്ക്കാലം സാധിക്കാം...
ഇതു തന്നെ മതി
ഏതാണ്ട് എന്നെ ഉപേക്ഷിച്ച മട്ടിൽ നിന്ന എം ഡിയും മറ്റും ചെറുതായി ഒന്നു ഞെട്ടി എന്നു തോന്നുന്നു. എന്റെ അഭിപ്രായം മാറും മുൻപ് അവർ അത് ഒരു ചെറിയ ബോക്സിലാക്കി. ഒരു ലന്റൈൻ ഗിഫ്റ്റ് പാക്കും ചെയ്ത് കവറിലാക്കി. എനിക്ക് തന്നു.
പറഞ്ഞ പൈസ കൊടുത്ത് താങ്ക്സും പറഞ്ഞ് പുറത്തിറങ്ങി ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. പെട്രോൾ കണ്ടീഷൻ നോക്കി. ഭാഗ്യം! രാവിലെ ധനികനായിരുന്ന സമയത്ത് അടിച്ച പെട്രോൾ ബാക്കിയുണ്ട്. വീട്ടിലെത്താം....
വീട്ടിലെത്തുമ്പോൾ സമയം പന്ത്രണ്ടാകാൻ നാലു മിനിട്ട്! കോളിങ്ങ് ബെൽ അടിച്ചു. വാതിൽ തുറന്ന് തന്ന് എന്റെ ദേഹത്തേക്ക് ഉറങ്ങി വീണ ഭാര്യയെ പിടിച്ച് നേരെ നിർത്തി ഞാൻ സമ്മാനം നല്കി.പിന്നെ പതുക്കെ പറഞ്ഞു.
“ഹാപ്പി....വലന്റൈൻസ് ഡേ...”

Monday, February 7, 2011

കിണറിന്‍റെ ഉദ്ഘാടനം.

3 comments

ഏതോ സമയദോഷത്തിന്‍റെ സമയത്താണെന്നു തോന്നുന്നു ഒരു കിണര്‍ കുഴിക്കാന്‍ തോന്നിയത്. ഒരു നല്ല പണിക്കാരനെയും കണ്ടെത്തി. എവിടെ കുഴിക്കും എന്നു ചോദിച്ച പണിക്കാരനോട് ദിവിടെ തന്നെ അങ്ങ്ട് കുഴിച്ചോളൂ എന്നു പറഞ്ഞ് ഒരു സ്ഥലവും കാണിച്ചു കൊടുത്തു.
അപ്പോഴാണ്‌ ഒരു പ്രശ്നം. സ്ഥാനം കാണാതെ കിണര്‍ കുഴിക്കാന്‍ പറ്റില്ല.
ദെന്താപ്പാ ഈ സ്ഥാനം..അപ്പൊ ഞാന്‍ കാട്ടിക്കൊടുത്തതോ?
അയ്..അതറിയില്ലേ....അതങ്ങനെ കുട്ടിക്കളിയൊന്ന്വല്ലാ...അതൊരു വെല്യ സംഭവാ....നിര്‍ബന്ധാച്ചാ...മ്പക്കും കാണാം. പക്ഷേ ന്താ...വെള്ളണ്ടാവില്യ...അത്രന്നെ...
എന്തെങ്കിലുമാവട്ടെ, ഒരു സ്ഥാനക്കാരനെയും വരുത്തി.
സേതുരാമയ്യര്‍ ഡെമ്മി ടു ഡെമ്മി 3.5 മീറ്റര്‍ എന്നൊക്കെ പറയണ പോലെ വീടിന്‍റെ ഒരു മൂലയില്‍ നിന്നും ഒരു ചരടും പിടിച്ച് വിദ്വാന്‍ നടപ്പു തുടങ്ങി. വടക്കു കിഴക്കേ മൂലയില്‍ ഒരു സ്ഥലത്തെത്തിയപ്പോ കക്ഷി നിന്നു ആകാശത്തേക്കു നോക്കി. വീടിനെയും നോക്കി. എന്നെയും നോക്കി. (പോക്കറ്റും നോക്കി). പിന്നെ എന്നോട്‌ ഒരു ഒരു മരത്തിന്‍റെ കമ്പു കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു.
കുടുങ്ങിയോ തമ്പുരാനേ...
ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ നില്‍ക്കുന്ന അച്ഛന്‍, ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ എന്ന ഭാവത്തോടെ നില്‍ക്കുന്ന അമ്മായിയച്ഛന്‍, ഹോ..കണ്ടില്ലേ...എന്താ ഒരു കഴിവ്‌...ആ കമ്പ്‌ വേഗം കൊണ്ടു കൊടുത്തോളൂ എന്ന മട്ടില്‍ നില്‍ക്കുന്ന പണിക്കാരന്‍.....
വേഗം വേണം... അന്ത്യശാസനം!
ഞാന്‍ ഓടി. ദെന്തു കമ്പാണപ്പാ വേണ്ടത്‌? വലുതോ ചെറുതോ...വണ്ണമുള്ളതോ കുറഞ്ഞതോ... കുറ്റിയടിക്കാനാണോ...അതോ വല്ല കയറും വലിച്ചു കെട്ടാനാണോ... ബലമുള്ളതു വേണോ...
രണ്ടും കല്‍പിച്ച്‌ അവിടെ നിന്ന ഒരു തേക്കിന്‍റെ ഒരു കമ്പു മുറിച്ചു. സ്വന്തം ആവശ്യത്തിനല്ലെങ്കില്‍ പിന്നെ പറമ്പില്‍ തേക്കെന്തിനാ...ഒട്ടും കുറച്ചില്ല. ഒരു നാലടി നീളത്തില്‍ തന്നെ മുറിച്ചു.
സ്ഥാനക്കാരന്‍ നോക്കുമ്പോഴുണ്ട്‌ ഒരുത്തന്‍ ജാവലിന്‍ എറിയാന്‍ പാകത്തിനുള്ള ഒരു കമ്പും കൊണ്ടു വരുന്നു. നാലുചുറ്റും അട്ടഹാസം. എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. പാടുപെട്ട്‌ നട്ടു വളര്‍ത്തിയ തേക്കിന്‍റെ ചുവട്ടില്‍ നനയ്ക്കാനായി മൂത്രമൊഴിക്കുക പോലും ചെയ്യാത്ത മകന്‍ വളരെ കൂളായി കമ്പു മുറിച്ചതിന്‍റെ കടുത്ത ഹൃദയവേദനയിലും ചിരി ഒഴിവാക്കാന്‍ അച്ഛനും പറ്റുന്നില്ല.
പിന്നെ രണ്ടും കല്‍പിച്ച്‌ ഞാന്‍ ചോദിച്ചു.
എന്താ എല്ലാവരും ചിരിക്കണെ...
എടാ മണ്ടാ.. കെണറിന്‌ സ്ഥാനം കാണുമ്പോ പാലൊള്ള മരത്തിന്‍റെ കമ്പല്ലേ വേണ്ടെ...അതും ഇത്ര നീളം എന്തിനാ...കൊണ്ടരണ കമ്പ്‌ മുഴുക്കന്‍ ഭൂമീല്‌ അടിച്ചു കേറ്റാനൊള്ളതാ...ഇതിപ്പോ ങ്ങന്യാ കേറ്റാ....
സാരമില്ല.....വേറെ ഒരു കമ്പ്‌ കൊണ്ടരട്ടെ..ഈ കണ്ട സ്ഥലം മാറ്റണന്നേ ഉള്ളൂ...സ്ഥാനക്കാരന്‍.
രണ്ടാമതും പോയി ഒരു പാലമരത്തിന്‍റെ കമ്പു കൊണ്ടു വന്നു. ഇത്തവണ ഒരു കോമ്പ്രമൈസും ഇല്ല. ഒരു ചെറുത്‌. വെറും ഒരടി നീളം.
വെള്ളം കണ്ടേക്കും എന്നുറപ്പു പറഞ്ഞ്‌ എന്നെക്കൊണ്ട്‌ ആ കമ്പ്‌ മുഴുവനും ഭൂമിയില്‍ അടിച്ചു കയറ്റിച്ചു. ഒരു തൂമ്പ കൊണ്ട്‌ ആദ്യത്തെ വെട്ട്‌ വെട്ടാനും എനിക്ക്‌ ഭാഗ്യമുണ്ടായി.
വെള്ളം കണ്ട ദിവസം വലിയ ആഘോഷമായിരുന്നു. കമ്പ്‌ പരിപാടി കൊളമായെങ്കിലും വെള്ളം കണ്ടത്‌ കണ്ടില്ലേടാ എന്ന മട്ടില്‍ ഞാന്‍ അറ്‍മാദിച്ചു. കിണറ്‍ കുഴിക്കാന്‍ സൌകര്യത്തിനായി കെട്ടിയിട്ടുള്ള കയറിലൂടെ ഒന്നുരണ്ടു പ്രാവശ്യം കിണറ്റിലിറങ്ങുകയും ചെയ്തു.
അതേയ്‌...കെണറ്റില്‌ മാത്രം വെള്ളം കണ്ടാ പോരാട്ടോ.... ഈ വെള്ളം ചേര്‍ത്ത് കഴിക്കാന്‍ എന്തെങ്കിലൂട്ടൊക്കെ വേണം...
അയ്‌..മ്പക്ക്‌ സംഘടിപ്പിക്കാന്നേ...
കെട്ടിയിരുന്ന കയറ്‍ വലിച്ചു കേറ്റി.
കടിച്ചും വലിച്ചും കുടിച്ചും കിടന്നും ഇഴഞ്ഞും വാളുവെച്ചും കുഴിച്ചവര്‍ കയിച്ചലാക്കി....
കിണറ്റില്‍ ഗുളുഗുളു ശബ്ദത്തോടെ വെള്ളം നിറയുന്നതും തണുതണുത്ത വെള്ളം മുഖത്ത്‌ കോരിയൊഴിക്കുന്നതും സ്വപ്നം കണ്ട്‌ ഞാനും ഉറങ്ങി.
സമയം രാത്രി ഒരു പത്ത്‌ പത്തരമണിയായി. എല്ലാവരും ഉറങ്ങാന്‍ കിടന്നു.
ബ്ളും! ഒരു വലിയ ശബ്ദം... കിണറ്റിന്‍ കരയില്‍ നിന്നാണ്‌...
വലിയ ശബ്ദം ചെറുതായി....
പൈ...പൈ....ഗ്ര്‍...പൈ പൈ.... പിന്നെ കുരയായി.....ഭൌ...ഭൌ....വീണ്ടും പൈ...പൈ....
ഒരു ടോര്‍ച്ചും കൈയിലെടുത്ത്‌ ഞാനും അച്ഛനും കൂടി കിണറ്റുകരയില്‍ ചെന്നു നോക്കി. ഒരു നായ്‌ കിണറ്റില്‍ വീണു കിടക്കുകയാണ്‌.
മ്പക്ക്‌ ഒരു കയറോ കമ്പോ എറക്കിക്കൊടുത്താലോ...
ന്നട്ട്‌ വേണം അത്‌ മ്പളെത്തന്നെ കടിക്കാന്‍. എറക്കിക്കൊടുത്ത്‌ അത്‌ കേറ്യാപ്പിന്നെ മ്പള്‌ കെണറ്റിലിയ്ക്ക്‌ ചാടണ്ടി വരും... നാളെയെങ്ങാന്‍ നോക്കാടാ...വാ കെടക്കാം...
രാത്രി മുഴുവന്‍ കിണറ്റില്‍ കിടക്കുന്ന പട്ടി എന്‍റെ ഉറക്കം കെടുത്തി.
പൈ...പൈ....ഭൌ...ഗ്ര്‍...പൈ....
അതിരാവിലെ തന്നെ ഞാന്‍ കിണറ്റിനരികെ ചെന്നു. പട്ടി അവശതയായി കിടപ്പാണ്‌. ഇടയ്ക്ക്‌ തലപൊക്കും. കിടക്കുന്ന കുഴിയില്‍ വെള്ളം പൊങ്ങുന്നതെങ്ങനെ എന്ന്‌ അതിന്‌ മനസ്സിലായിട്ടില്ല. നീന്താനും കൈകാലിട്ടടിക്കാനും ശ്രമിക്കുന്നുണ്ട്‌.
പലവട്ടം ഒരു കമ്പിറക്കികൊടുത്ത്‌ പട്ടി കേറി വരുമ്പോള്‍ കിണറ്റിലേക്ക്‌ ചാടാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. പിന്നെ പൊക്കിളിന്‌ ചുറ്റും പത്തു മുപ്പത്‌ കുത്തിവെപ്പ്‌ എടുക്കണ കാര്യം ആലോചിച്ചപ്പോ വേണ്ടെന്നു വെച്ചു.
ഡാ....പോയി ആ ജോസേട്ടനെ വിളിച്ചോണ്ടു വന്നേ...ആ പട്ടിയെ അങ്ങേരു കേറ്റിക്കോളും...നീ വേണ്ടാത്തതൊന്നും ചെയ്യണ്ടാട്ടാ... അമ്മ.
നാട്ടിലെ പ്രശസ്ത മരംവെട്ടുകാരനാണ്‌ ജോസേട്ടന്‍. ഒരു ഉപകാരി. അങ്ങേരാവുമ്പോള്‍ എന്തെങ്കിലും വഴികാണും.
ജോസേട്ടന്‍ വന്നപ്പോഴേയ്ക്കും കിണറ്റിനു ചുറ്റും വിദഗ്ധാഭിപ്രായക്കാരുടെ ഒരു വലിയ നിര തന്നെ രൂപപ്പെട്ടിരുന്നു. അവരില്‍ പലരുടെയും അഭിപ്രായങ്ങള്‍ ചേറ്‍ത്തു വെച്ചാല്‍ പത്തു പ്രാവശ്യം ചന്ദ്രനില്‍ വരെ പോയി വരാം...
ജോസേട്ടന്‍ ചുറ്റും നോക്കി. കിണറില്‍ ഇറങ്ങാന്‍ ഉപയോഗിച്ച കയറ്‍ കിണറ്റുകരയില്‍ ഇരിക്കുന്നു. പോയി എടുത്തു. ഒരു കുരുക്കുണ്ടാക്കി. കിണറ്റിലേക്കിട്ടു. ഒരു കച്ചിത്തുരുമ്പു കിട്ടിയ സന്തോഷത്തില്‍ അടുത്തെത്തിയ പട്ടിയുടെ കഴുത്തില്‍ കുരുക്കി. ഉയര്‍ത്തി അടുത്തുള്ള തെങ്ങില്‍കെട്ടി.
എല്ലാവരുടെയും ശ്വാസം നിലച്ചു.
അച്ഛന്‍ മാത്രം പറഞ്ഞു. ഏകലവ്യനിലെ വിജയരാഘവന്‍ പറയുന്ന പോലെ (നടേശാ... കൊല്ലണ്ട!)
ജോസേ...കൊല്ലണ്ടാട്ടാ....പാപം കിട്ടും...
രായുച്ചേട്ടാ....രായുച്ചേട്ടന്‍ കേറ്റിക്കോളാമോ....ഞാന്‍ പൊക്കോട്ടേ...
ഏയ്‌...ഞാന്‍ വെറ്‍തെ പറഞ്ഞതല്ലേ....നടക്കട്ടേ...
ആ...എന്നാ മിണ്ടാതിരി. മ്പക്ക്‌ ഇച്ചിരി കഴിഞ്ഞ്‌ വരാം...
കുറച്ചു നേരം കഴിഞ്ഞ്‌ ജോസേട്ടന്‍ കയറു പൊക്കി പട്ടിയുടെ ബോഡി പൊക്കിയെടുത്തു. പറമ്പില്‍ ഒരു കുഴിയെടുത്ത്‌ അതിലിട്ട്‌ മൂടി.
രായുച്ചേട്ടാ...ഒരു നൂറുറുപ്യ ഇങ്ങെടുത്തേ...കാപ്പിയ്ക്കാ....
നൂറു രൂപ വാങ്ങി. എന്‍റെ കിണറിന്‍റെ ഉദ്ഘാടകന്‍ ഷാപ്പിലേക്ക്‌ പോയി.

Tuesday, February 1, 2011

പത്തിന്‍റെ പണി!

2 comments

ഫുട്ബാള്‍ കളിയിലെ അവസാനവാക്ക് എന്ന് സ്വയം ബഹുമാനിച്ചു നടന്നിരുന്ന ഒരാളായിരുന്നു നാട്ടിലെ ഏറ്റവും തിരക്കുള്ള ആശാരി ലാലന്‍ ചേട്ടന്‍. അഞ്ചു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് കൂവപ്പടി എന്ന ബഹുമതി സ്വയം സമ്മാനിക്കുകയും അവസരത്തിലും അനവസരത്തിലും അത് വിളിച്ചു പറയുകയും ചെയ്യുക എന്നത് ലാലന്‍ ചേട്ടന്‍റെ ഹോബിയും അഭിമാനവും ഒക്കെയായിരുന്നു.
ഏതാണ്ട് അഞ്ചടി രണ്ടിഞ്ച് ഉയരവും റൊണാല്‍ഡീഞ്ഞോ പരുവത്തിലുള്ള പല്ലുകളും റോജര്‍ മില്ല കളറും എല്ലാം തന്നെ യൂറോപ്യന്‍ ഫുട്ബാളര്‍ ആകാനുള്ള യോഗ്യതകള്‍ ആയിരുന്നുവെങ്കിലും ഫുട്ബാള്‍ കളിക്കാന്‍ ആരും തന്നെ നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ കോംപറ്റീഷന് ഒരു സ്കോപ്പും ഇല്ലായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും മരപ്പണിയില്‍ അത്ര പ്രാവീണ്യം തനിക്കില്ല എന്ന് പുള്ളി തന്നെത്താന്‍ സമ്മതിക്കാറുണ്ട്. വീടുപണി മൊത്തം കരാര്‍ എടുത്തു നടത്താന്‍ ഉള്ള മിടുക്ക് ഇല്ലാത്തതിനാല്‍ പല കോണ്ട്രാക്ടര്‍മാരുടെയും കൂടെയാണ് ലാലന്‍ ചേട്ടന്‍ പണി ചെയ്യാറ്.
മറ്റൊരു കിടിലന്‍ സ്വഭാവം കൂടെ ലാലന്‍ചേട്ടനുണ്ട്.
ഗീര്‍വാണം!
ബസില്‍ ടിക്കറ്റ് എടുക്കാതിരുന്നതും, ഉറങ്ങി സ്റ്റോപ് മാറിപ്പോയിട്ടു ബസ് തിരിച്ചു വിട്ടതും, പോലെയുള്ള ചെറിയ പടക്കങ്ങള്‍ തുടങ്ങി ഹാട്രിക്ക് നേടി ടീമിനെ വിജയിപ്പിച്ചതും ആറു പേര്‍ വരെ ചുവപ്പ് കാര്‍ഡ് കണ്ടിട്ടും സ്വന്തം ടീമിനെ ജയിപ്പിച്ചതും ഒരു ഫുള്‍ ഒറ്റയ്ക്ക് തീര്‍ത്തതും വീട്ടില്‍ പുറകു വശത്തായി കൂട്ടിയിട്ടിരിക്കുന്ന മദ്യക്കുപ്പികളും പോലെയുള്ള ഗുണ്ടുകളും സ്ത്രീ വിഷയങ്ങള്‍ പോലെയുള്ള ബോംബുകളും ലാലന്‍ ചേട്ടന്‍ പൊട്ടിച്ചു രസിക്കാറുന്ടായിരുന്നു.
എല്ലാ ദിവസവും വൈകീട്ട് കവലയില്‍ തങ്കച്ചന്‍ ചേട്ടന്‍റെ കടയില്‍ ഓരോ പഴവും തിന്നു വെള്ളവും കുടിച്ച് അന്നന്ന് കിട്ടിയ വിക്കി ലീക്സ് പരസ്പരം പങ്കു വെച്ചിരുന്ന ഞങ്ങള്‍ക്ക് ലാലന്‍ ചേട്ടന്‍റെ ഗീര്‍വാണം വലിയ ഉപദ്രവമായിരുന്നു
അങ്ങനെയിരിക്കെ നാട്ടിലെ അറിയപ്പെടുന്ന ചട്ടമ്പിയായ ശശി ഒരു ദിവസം തങ്കച്ചന്‍ ചേട്ടന്‍റെ കട സന്ദര്‍ശിക്കാനിടയായി. എന്താടാ എന്ന ഗുണ്ടകളുടെ പതിവ് ആക്രോശ ത്തോടെ ഒന്ന് രണ്ടു പഴം ഇരിഞ്ഞെടുത്ത് കക്ഷി കൂടെ വന്ന കുഞ്ഞു ചട്ടമ്പികള്‍ക്ക്എറിഞ്ഞു കൊടുത്തു. പിന്നെ ഒരു കാല്‍ ബെഞ്ചില്‍ കേറ്റി വെച്ച് അലമാരയില്‍ നിന്നും ഒന്നുരണ്ടു പുഴുങ്ങിയ മുട്ട എടുത്ത് വായിലേക്കെറിഞ്ഞു. കുറച്ചു ഉപ്പു വാരി വായിലിട്ടു. പശു അയവെട്ടുന്ന പോലെ ചവച്ചു തുടങ്ങി . വെറുതെ ചായ കുടിക്കുകയല്ലാതെ ശ്വാസം പോലും ഞങ്ങള്‍ എടുക്കുന്നില്ല എന്ന മട്ടില്‍ ഞങ്ങള്‍ ബലം പിടിച്ചിരിക്കുകയാണ്. പക്ഷെ ഒന്നും സംഭവിചില്ല. എടുത്ത ഭക്ഷണത്തിന്‍റെ കാശു മേശയിലേക്കെറിഞ്ഞു കൊടുത്ത്‌ ശശി കടയില്‍ നിന്നും പോയി.

ശശി പോയി അല്‍പ സമയം കഴിഞ്ഞപ്പോള്‍ പതിവുപോലെ കൈയില്‍ ഒരു ബിഗ്‌ ഷോപ്പറും അതില്‍ പലവിധം ഉളികളും കൊട്ടുവടിയും അറക്കവാളും പിന്നെ അല്‍പം പോലും എല്ലില്ലാത്ത നാക്കുമൊക്കെയായി ലാലന്‍ ചേട്ടന്‍ പ്രത്യക്ഷപ്പെട്ടു.
പുള്ളിയെ കണ്ടതേ ഞങ്ങളുടെ കൂട്ടത്തിലൊരുവന്‍ ശശി വന്നു പോയ കഥ പറഞ്ഞു.
പുഛരസത്തിലുള്ള ഒരു ചിരിയായിരുന്നു മറുപടി. ശശി വന്നതും കടയില്‍ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമൊക്കെ ചീളുകേസ്‌ എന്ന മട്ടിലായിരുന്നു ആ ചിരി. പിന്നെ കൂടെയുള്ള ഒരു സഹ പണിക്കാരനായ ബിജുവിനോടായി ഇങ്ങനെ പറഞ്ഞു.
പറഞ്ഞു കൊടെടാ...ഞാന്‍ കൊടുത്ത പത്തിന്‍റെ പണി ലവന്‍ മറക്കാറായി കാണില്ല.....
ബിജു ഒന്നു ചിരിച്ചതേയുള്ളൂ.
മറുപടിയൊന്നും കിട്ടിയില്ലെങ്കിലും ഒറ്റ നിമിഷം കൊണ്ട്‌ ലാലന്‍ ചേട്ടന്‍ ഞങ്ങളുടെ ഹീറോ ആയി മാറി. പിന്നെ ശശി ഞങ്ങളുടെ കവലയില്‍ വന്നിട്ടില്ലെങ്കിലും കുറേ നാളേയ്ക്ക്‌ നേരത്തെ പറഞ്ഞ ഡയലോഗ്‌ സ്ഥിരമായി ലാലന്‍ ചേട്ടന്‍ അടിയ്ക്കാറുണ്ടായിരുന്നു.
ഈ ഡയലോഗ്‌ എപ്പൊപ്പറഞ്ഞാലും ബിജു വെറൂതേ ചിരിക്കുന്നതല്ലാതെ ഒന്നും മറുപടി പറയുന്നില്ലായിരുന്നു. പിന്നെപ്പിന്നെ ഞങ്ങള്‍ക്ക്‌ സംശയമായി. ലാലന്‍ ചേട്ടന്‍റെ കൂടെ നടന്നില്ലെങ്കില്‍ ഉള്ള പണി കൂടെ പോയെങ്കിലോ എന്ന ചിന്തയാണ്‌ മറുപടി പറയാന്‍ ബിജുവിനെ തടയുന്നത്‌ എന്ന സത്യം ഇതിനകം ഞങ്ങള്‍ മനസ്സിലാക്കി. അതു കൊണ്ട്‌ ഒരു ദിവസം ശശിയ്ക്ക് ലാലന്‍ ചേട്ടന്‍ കൊടുത്ത പത്തിന്‍റെ പണി എന്താണെന്നറിയാന്‍ ഒരു ചെറുതുമായി ഞങ്ങള്‍ ബിജുവിനെ സമീപിച്ചു.

കാണുന്ന എല്ലാവരോടും കടം വാങ്ങുന്ന സ്വഭാവമുള്ള ലാലന്‍ ചേട്ടന്‍ കൂടെ ജോലി ചെയ്യുന്ന സത്യന്‍റെ പക്കല്‍ നിന്നും തരക്കേടില്ലാത്ത ഒരു തുക കടം വാങ്ങിയിരുന്നു. പറഞ്ഞ അവധിയൊക്കെ തെറ്റി. ഒടുക്കം കാശു തിരിച്ചു പിടിക്കാനായി സത്യന്‍ തന്‍റെ ചേട്ടനായ ശശിയുടെ സഹായം തേടി.
കുറെയേറെ ദിവസം അന്വേഷിച്ചു നടന്നിട്ടും ലാലന്‍ ചേട്ടന്‍ ശശിയെ തപ്പിച്ചു നടന്നു. ഒടുക്കം ഒരു മുറുക്കാന്‍ കടയില്‍ സോഡാ കുടിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ശശി ലാലന്‍ ചേട്ടനെ പിടികൂടി. ശശി കാര്യം ചോദിച്ചപ്പോഴെയ്ക്കും ലാലന്‍ ചേട്ടന്‍ ഓടി. ശശി പുറകെ ചെന്നു. കരണക്കുറ്റിക്ക് ഒരു പച്ച കാര്‍ഡും നടുംപുറത്തിനിട്ടു ഒറ്റ ചുവപ്പ് കാര്‍ഡും വെച്ചു കൊടുത്തു. മുന്‍പോട്ട്‌ ആഞ്ഞുവീണ ലാലന്‍ ചേട്ടന്‍റെ കൈയിലിരുന്ന കുപ്പി അവിടെ എവിടെയോ കിടന്ന ഒരു കല്ലിലിടിച്ചു പൊട്ടി.
ലാലന്‍ ചേട്ടന്‍റെ കൈയില്‍ ഒരു പൊട്ടിയ കുപ്പി കണ്ട ശശി ഒന്നു പതറി. രണ്ടടി പുറകോട്ടു മാറി. അടുത്ത ഓട്ടത്തിനു തയ്യാറായ ലാലന്‍ ചേട്ടന്‍ ഒന്ന്‌ അനങ്ങി. കുപ്പി കുടല്‍മാല തുളയ്ക്കുന്നതു വിഷ്വലൈസ്‌ ചെയ്ത ശശി കിട്ടാനുള്ള തുക എഴുതിത്തള്ളാന്‍ മാനസികമായി തീരുമാനമെടുത്ത്‌ ജീവനും കൊണ്ടോടി.
മനസ്സിലായില്ലേ..ദതു തന്നെ ലാലന്‍ ചേട്ടന്‍റെ പത്തിന്‍റെ പണി!

ഷര്‍ട്ട് കുഞ്ഞിപ്പൈലോടെയാ......

3 comments
ഒരു ബന്ധുവിന്‍റെ കുട്ടിയുടെ പേരിടല്‍ ചടങ്ങ്‌ നടക്കുന്നു. ധാരാളം ജനം ഒത്തു കൂടിയിട്ടുണ്ട്‌. പേരിടല്‍ ചടങ്ങിന്‍റെ മുഹൂര്‍ത്തം കഴിഞ്ഞ്‌ ധാരാളം സമയം കഴിഞ്ഞാണ്‌ സദ്യ.
വിളമ്പല്‍ ഒക്കെ നടക്കുന്നു. വിളമ്പിയിട്ടേ നിങ്ങളെ അകത്തു കേറ്റൂ എന്ന വാശിയില്‍ ചിലര്‍. ഭാര്യവീട്ടുകാരുടെ വീട്ടിലെ ചടങ്ങല്ലേ നമുക്ക്‌ വലിയ റോളില്ല എന്നു കരുതി മാറിയിരിക്കുന്ന ചിലര്‍. തങ്ങളുടെ സ്വന്തം ചടങ്ങാണെങ്കിലും ഷര്‍ട്ട്‌ ചുളുങ്ങാതെയിരിക്കാന്‍ താല്‍പര്യപ്പെടുന്ന ചിലര്‍, അങ്ങനെ പൊതുജനം പലവിധം എന്ന രീതിയ്ക്കാണ്‌ കാര്യങ്ങള്‍ നടക്കുന്നത്‌.
ഇതിനിടെ കുഞ്ഞിന്‍റെ കൈയില്‍ ചിലര്‍ സ്വര്‍ണവളകള്‍, കാലില്‍ തളകള്‍, കഴുത്തില്‍ മാലകള്‍, ചെവിയില്‍ കമ്മല്‍, മൂക്കുത്തി, അരഞ്ഞാണം എന്നിങ്ങനെ ബലമായി കുത്തിക്കയറ്റുന്നുണ്ട്‌.
ഈ തിരക്കിനിടയില്‍ ഏതോ ഒരു വല്യമ്മ തുടക്കമിട്ടു.
ഹോ... കൊച്ചിന്‌ അച്ഛന്‍റെ അതേ ഛായ!
ഉടനെ വന്നു മറ്റൊരാളുടെ വക.
പക്ഷേ കണ്ണ്‌ അവളുടെ അമ്മയുടെ അതേ പോലെയാ...
ഉടനെ വേറൊരാള്‍
തല അവന്‍റെ അമ്മാവന്‍റെ പോലെയാ..
ചെവി കാര്‍ന്നോരടെയാ...
മൂക്ക്‌ അമ്മൂമ്മയുടെയാ...
കൈ ചത്തുപോയ അവള്‍ടെ അപ്പൂപ്പന്‍റെ കൈ പോലെ തന്നെ!....
കേട്ടു നിന്ന എനിക്ക്‌ പഴയ ഒരു കഥ ഓര്‍മ വന്നു.
ബോബനും മോളിയും കൂടെ ഒരു അവധിക്കാലത്ത്‌ അപ്പാപ്പനെയും അമ്മാമ്മയെയും കാണാന്‍ പോയി. രണ്ടാളും വീട്ടില്‍ വന്നു കയറിയ ഉടനെ തന്നെ അപ്പാപ്പനും അമ്മാമ്മയും ചാടി വീണു. ബോബനെ പിടി കൂടി.
ഹോ....എന്‍റെ മക്കളങ്ങു ക്ഷീണിച്ചു പോയല്ലൊ.... അമ്മാമ്മ!
ക്ഷീണിച്ചെങ്കിലെന്താ...എന്‍റെ നെറം അവനു കിട്ടിയത്‌ ഒട്ടും പോയിട്ടില്ല. അപ്പാപ്പന്‍!
നെറം മാത്രമെ നിങ്ങളുടെയുള്ളൂ. കാണാന്‍ എന്‍റെ പോലെയാ... അമ്മാമ്മ!
അങ്ങനെ പറയണ്ട...മൂക്കൊക്കെ അവന്‍റെ അപ്പന്‍റെയാ.... അപ്പാപ്പന്‍!
കണ്ണ്‌ അവന്‍റെമ്മേടെയാ...
ചെവി എന്‍റെയാ...
ചുണ്ട്‌ എന്‍റെയങ്ങളേടെയാ...
ചിരി അവന്‍റെ കൊച്ചപ്പന്‍റെയാ...
തല നിങ്ങടെയാ.....
"ഷര്‍ട്ട് കുഞ്ഞിപ്പൈലോടെയാ......" മോളി!

ഇരുന്നൂറു രൂപ!

1 comments
കിഴക്കേലെ സഞ്ജു ഒരു മിടുക്കനാണെന്നാ എല്ലാവരും പറയാറ്‌. വളരെ ചെറുപ്പത്തിലെ തന്നെ നല്ല പൊക്കവും നല്ല തടിയും ഒത്ത ശരീരവും ഉള്ളതു കൊണ്ടാണോ എന്നറിയില്ല എല്ലാവര്‍ക്കും അങ്ങനെ ഒരു അഭിപ്രായം രൂപപ്പെട്ടത്‌.
പക്ഷെ കൂടെ കളിച്ചു നടന്നിരുന്ന ഞങ്ങള്‍ക്കൊന്നും സഞ്ജു അത്ര മിടുക്കനായിരുന്നില്ല. അത്ര പൊക്കവും ശരീരവും ഒന്നും ഞങ്ങള്‍ക്ക്‌ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. കൂടെ കളിക്കാന്‍ സഞ്ജു ഉണ്ടെങ്കില്‍ മിക്കവാറും എല്ലാവരും കളി മതിയാക്കുമായിരുന്നു. കാരണം ക്രിക്കറ്റാണെങ്കില്‍ പന്ത്‌, കുട്ടിയും കോലുമാണെങ്കില്‍ കുട്ടി, ഏറുപന്താണെങ്കില്‍ ഏറ്‌, അരീസ്‌ കായയാണെങ്കില്‍ അടി, കബഡിയാണെങ്കില്‍ വലിച്ചിടല്‍, ഫുട്ബാളാണെങ്കില്‍ ഫൌള്‍! ഏതു രൂപത്തിലാണെങ്കിലും ദേഹോപദ്രവം ഷുവറായിരുന്നു. പക്ഷെ സത്യം പറയട്ടെ, പോത്തു പോലെ വളര്‍ന്നെങ്കിലും ഈ പറഞ്ഞ കളിയൊന്നും പുള്ളിക്കാരനു ശരിക്കും അറിയാമായിരുന്നില്ല.
സഞ്ജുവുമായുള്ള എല്ലാ എന്‍കൌണ്ടറുകളും എന്‍റെ പരാജയത്തിലായിരുന്നു കലാശിക്കാറ്‌. അതു കൊണ്ടു തന്നെ പറ്റാവുന്ന എല്ലാ അവസരത്തിലും ഞാന്‍ ഒറ്റയ്ക്കോ ഞങ്ങള്‍ ഗ്രൂപ്പായിട്ടോ കളിയാക്കി പകരം വീട്ടാറുണ്ടായിരുന്നു.
ചെറുപ്പത്തില്‍ മണപ്പുറത്തെ ശിവരാത്രി മഹോത്സവത്തിനു പോകാനായി ഞങ്ങള്‍ പ്ളാന്‍ ചെയ്തു കൊണ്ടുരിക്കുകയായിരുന്നു അന്ന്‌. സഞ്ജു ഓടി വന്നു ഒരു ചെറിയ പ്ളാസ്റ്റിക്‌ കവര്‍ തുറന്നു കാണിച്ചു. നൂറിന്‍റെ രണ്ടു പുത്തന്‍ നോട്ടുകള്‍. അതായത്‌, ഉത്സവം സഞ്ജു മാത്രം അടിച്ചുപൊളിക്കും. ഐസ്ക്രീം സഞ്ജു മാത്രം കഴിക്കും. മരണക്കിണര്‍ സഞ്ജു മാത്രം കയറി കാണും., കാബറേ സഞ്ജു മാത്രം ആസ്വദിക്കും, എയര്‍ഗണ്‍ സഞ്ജു മാത്രം ഉന്നം പിടിക്കും, കണ്ണട, പൊട്ടാസ്‌ പൊട്ടിക്കുന്ന തോക്ക്‌, ടിക്‌ ടിക്‌ എന്ന്‌ ശബ്ദമുണ്ടാക്കുന്ന തകിടു കൊണ്ടുള്ള കളിപ്പാട്ടം ഇവയൊക്കെ വാങ്ങും. സുന്ദരികളായ പെണ്‍കുട്ടികളുടെ മുന്‍പിലൂടെ വാടകയ്ക്കെടുത്ത സൈക്കിള്‍ ഓടിച്ച്‌ അഭ്യാസപ്രകടനങ്ങള്‍ നടത്തും.....ഞങ്ങളുടെ കൈയിലുള്ള ചില്ലറകൊണ്ടു വല്ല ചുക്കു കാപ്പിയൊക്കെ കിട്ടിയാലായി. അച്ഛനമ്മമാരോട്‌ കടുത്ത അമര്‍ഷം തോന്നുന്ന നിമിഷം.
അങ്ങനെ തുറന്നു കാണിച്ച നൂറു രൂപ നോട്ടുകള്‍ വിദഗ്ധമായി വീണ്ടും വിരിചു കാണിച്ച്‌ എല്ലാവരെയും ഒന്നുകൂടി നോക്കി ആരും ഇനി നോട്ടുകള്‍ കാണാനില്ലല്ലോ എന്ന മട്ടില്‍ സഞ്ജു വീണ്ടും കൂട്ടിനകത്താക്കി. ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക്‌ പോയി.
ആര്‍ക്കും ഒരു മനസമാധാനവും ഇല്ല. എല്ലാവരുടെയും മനസ്സില്‍ ഇരുന്നൂറു രൂപ മാത്രം. എന്തു പണി കൊടുക്കും എന്നറിയാതെ എല്ലാവരും വല്ലാതെ സങ്കടപ്പെട്ടു. പിന്നെ നിരാശരായി അവന്‍റെ തലയില്‍ വരച്ചതു എന്‍റെ ചന്തിയിലെങ്കിലും വരച്ചില്ലല്ലോ ഭഗവാനേ എന്നു വിളിച്ച്‌ ദുഖിതരായി മണപ്പുറത്തേക്ക്‌ നീങ്ങി.
വരുന്നിടത്തു വെച്ചു കാണാം എന്ന ചിന്തയില്‍ ഏതായാലും ഞങ്ങള്‍ ധാരാളമായി പെണ്‍കുട്ടികള്‍ ഇരിക്കുന്ന സ്ഥലത്തിനടുത്ത്‌ ഒരു ആല്‍ത്തറയിലായി ഇരിപ്പുറപ്പിച്ചു. കാശു കൈയിലില്ലെങ്കിലെന്താ...കാശില്ലാത്തവരെയെന്താ പെണ്‍കുട്ടികള്‍ നോക്കില്ലേ എന്നൊക്കെയുള്ള ചിന്തകള്‍ ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞു.
പലവിധ ചിന്തകളിലായിരുന്നെങ്കിലും പുറകില്‍ കേട്ട സൈക്കിള്‍ മണി ശബ്ദം സഞ്ജു വാടകയ്ക്കെടുത്ത സൈക്കിളായിരിക്കും എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടിയിരുന്നില്ല. പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല. സൈക്കിള്‍ കൊണ്ടു വന്ന്‌ ഞങ്ങളുടെ മുന്‍പിലായി നിര്‍ത്തിയ സഞ്ജു ആദ്യം കൈ വിട്ടു. സൈക്കിള്‍ മറയും എന്നായപ്പോള്‍ കൈ ഹാന്‍ഡിലില്‍ പിടിച്ച്‌ എണീറ്റു നിന്നു, പിന്നെ രണ്ടു കാലും ഒരു സൈഡിലാക്കി പെഡലില്‍ ഒരു കാല്‍ മാത്രം ചവിട്ടി നിന്നു. അതു കഴിഞ്ഞു കാരിയറില്‍ ഒരു കാല്‍ വെച്ചു മറ്റേ കാല്‍ പൊക്കി. അതിനു ശേഷം ഇടക്കാലിട്ടു സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.
ഒരു വിധം പെണ്‍കുട്ടികളുടെ കൈയടി നേടാറായി എന്നു മാത്രമല്ല, ഞങ്ങളുടെ ഗ്യാസ്‌ പോകുകയും ചെയ്തു എന്നുറപ്പു വരുത്തിയ ശേഷം കക്ഷി പതിയെ സൈക്കിളില്‍ നിന്നും ഇറങ്ങി. വിജയശ്രീലാളിതനായി ചുറ്റും നോക്കി. പിന്നെ അമ്പലത്തില്‍ പോകാനായി വാങ്ങിയ പുത്തന്‍ സില്‍ക്‌ മുണ്ട്‌ കൈ കൊണ്ട്‌ വകഞ്ഞ്‌ ഒരു കോന്തല വലത്തേ കൈ കൊണ്ട്‌ പിടിച്ച്‌ ഒന്നു ചുറ്റി മടക്കിക്കുത്തി. ഷര്‍ട്ട് അഴിച്ച്‌ ഇടത്തേ കൈയിലായി ഇട്ടു. അമ്പലത്തിലേക്ക്‌ നടന്നു.
എന്തോ ഒരു തടസ്സം. വിചാരിച്ചത്ര സ്പീഡ്‌ കിട്ടുന്നില്ല. നടത്തത്തിന്‌ ഒരു വശപ്പെശക്‌! ഞങ്ങളുടെ എല്ലാ സങ്കടവും കണ്ട്‌ മനസ്സലിഞ്ഞ്‌ ഭഗവാന്‍ തന്ന ഒരവസരം പോലെ ഞങ്ങള്‍ ആര്‍ത്തു കൂവുന്നതിനിടയില്‍ താഴേക്ക്‌ നോക്കിയ സഞ്ജു ഞെട്ടിപ്പോയി!
അടിയിലതാ കസവുമുണ്ടിന്‍റെ താഴെ ഒരു കൈലിമുണ്ട്‌!
 
Copyright © '