ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, March 22, 2015

കാവിലമ്മേ...ശക്തി തരൂ...

1 comments


മോനു പനി വന്നതാ എല്ലാത്തിനും കാരണം.

ഹോമിയോ ക്ലിനിക്കില്  ഡോക്‌ടറിന്റെ മുൻപില്  ഇരിക്കുമ്പോഴാ മൂലയില്  ലവൻ ഒതുങ്ങിയിരിക്കുന്നതു കണ്ടത്. യെന്ത്? ഭാരം നോക്കണ മെഷീൻ......

വെറുതെ ഒരു ആഗ്രഹം തോന്നി. പതുക്കെ ഷൂ അഴിച്ചു വെച്ചു അതില്  കയറി. 80 കിലോ ഭാരം....ഭാഗ്യം ആരും കണ്ടില്ല എന്ന മട്ടില്  ഇറങ്ങി തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നു....ഒളിമ്പിക്‌സിനു ഭാരം പൊക്കാൻ കേറിയവന്റെ പ്രകടനം കാണാൻ നില് ക്കുന്നതു പോലെ ഒന്നു രണ്ടു പേർ ഇതു തന്നെ നോക്കി നിൽക്കുന്നു....

’എത്രയുണ്ട്?’ ഭാര്യയാണ്.

’ഒരു 70-------80 കിലോ ഒക്കെ വരും....അതില് ഷൂവും പിന്നെ ഉടുപ്പുമൊക്കെ കൂടി ഒരു പത്തു കിലോ കുറച്ചാ ഒരു 60 -------70 കിലോയേ ഉള്ളൂ...പിന്നെ ഇപ്പൊ ബ്രേക്‌ഫാസ്‌റ്റ് കഴിച്ചല്ലേയുള്ളൂ...’

’അല്ല....ഷൂ അഴിച്ചു വെച്ചിട്ടാണല്ലോ കയറിയത്...പിന്നെ ഇപ്പോ സമയം ഒന്നരയായില്ലേ...രാവിലെ എട്ടരയ്‌ക്കല്ലേ ബ്രേക്‌ഫാസ്‌റ്റ് കഴിച്ചത്? പിന്നേ ഉടുപ്പിടാതെയല്ലേ ആളുകൾ ഭാരം നോക്കണെ....60 ----70....
80 കിലോ ഞാൻ വ്യക്തമായി കണ്ടതാ...ഒരു അര കിലോ വേണമെങ്കില്  കുറച്ചോ..എന്നാലും 79 അര....’
പരിചയമുള്ള ഡോക്‌ടർക്കും താൻ ഇടപെടേണ്ട സമയമായി എന്നു തോന്നിക്കാണും.....ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ..പിന്നെ കരൾ, വൃക്ക, ഹൃദ്രോഗം, സ്‌റ്റ്രോക്ക്, കാൻസർ തുടങ്ങി മാരകമായ അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ ഭാരം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരും ഒരു ക്ലാസ് എടുത്തു.

ഒരു കൺക്ലൂഷൻ എന്ന നിലയ്‌ക്ക് ഒരു പരിഹാരവും ഡോക്‌ടർ തന്നെ നിർദേശിച്ചു. എക്‌സർസൈസ്! ദിവസവും അര മണിക്കൂർ മതി. കൂടുതല്  വേണ്ട...

(നല്ല കാര്യം..വണ്ണവും തൂക്കവും കുറയാൻ എക്‌സർസൈസ് ചെയ്താ മതി എന്ന കാര്യം നമുക്ക് അറിയാൻ മേലാരുന്നല്ലോ)

വെളുക്കെ ഒരു ചിരി ചിരിച്ച് എല്ലാ എക്‌സർസൈസുകളും ദിവസം അര മണിക്കൂർ (വേണമെങ്കിൽ ഒരു മണിക്കൂർ) ഓടുകയോ നടക്കുകയോ അങ്ങനെ എന്തു വേണമെങ്കിലും ചെയ്തേക്കാം എന്നു സമ്മതിച്ച് അവിടെ നിന്നു സ്‌കൂട്ടായി.

തിരികെ വണ്ടി ഓടിച്ചു വരുമ്പോൾ ഭാര്യയെ ഒന്നു പാളി നോക്കി...അവൾ ആകെ പേടിച്ച് ഇരിക്കുകയാണ്. വണ്ടി സാധാരണയെക്കാൾ വളഞ്ഞു പുളഞ്ഞാണോ പോകുന്നത്?? പിന്നെ ടയർ താഴെ ക്രമത്തിലധികം പതിഞ്ഞിരിക്കുകയാണോ? അതോ പഞ്ചറായോ.....

ഞാൻ പതിയെ ഗിയറിലിരുന്ന എന്റെ കൈ എടുത്ത് അവളുടെ കൈയില്  പിടിച്ചു...(ഒരു സമാധാനമായിക്കോട്ടെ)

ഒരൊറ്റയേറാ...ഒരലർച്ചയും...

നാളെ മുതല്  മരിയാദയ്‌ക്ക് എക്‌സർസൈസ് ചെയ്തേക്കണം...പറഞ്ഞേക്കാം....ഇവിടെ എന്നാത്തിന്റെ കുറവാ...സൈക്കിളു മേടിച്ചിട്ടില്ലേ......ടമ്മി ട്രിമ്മർ വാങ്ങിയിട്ടില്ലേ...പോരെങ്കി നമുക്കൊരു ട്രെഡ്‌മില്  വാങ്ങാം..

എനിക്കു ചിരിയടക്കാൻ സാധിച്ചില്ല... (ഉവ്വ....ജെട്ടി ഉണക്കാനിട്ടിരിക്കുവാ അതുമ്മെ..)

അവൾ മുഖമൊന്നു കോട്ടി....എന്താ ഒരു ചിരി....പണ്ടായിരുന്നെങ്കില്  ഇതൊന്നും വാങ്ങാൻ സാധിക്കില്ല എന്നു പറയാം...ഇപ്പൊ സൗകര്യമുള്ളപ്പോ ഒരെണ്ണം വാങ്ങിയാ എന്നാ കൊഴപ്പം?

വീണ്ടും എന്തൊക്കെയാ അവൾ കാറിലിരുന്നു പറഞ്ഞു കൊണ്ടിരുന്നു....പക്ഷെ ഞാനതൊന്നും കേട്ടില്ല...കാരണം മറ്റൊരു കഥയാണ്....

പണ്ട്....അതായത് ഞാൻ സ്‌കൂളില്  പഠിക്കുന്ന സമയം....ടി വി വ്യാപകമായിട്ടില്ല...വായിക്കാൻ കിട്ടിയിരുന്ന വാരികകൾ കുറവ്..പിന്നെ പുസ്തകം പൊതിയാൻ കിട്ടിയിരുന്ന പുസ്തകങ്ങൾ മിഷ, സോവിയറ്റ് യൂണിയൻ...

മിക്കവാറും എല്ലാ പുസ്തകങ്ങളിലും കണ്ടിരുന്ന ഒരു പരസ്യം ഉണ്ടായിരുന്നു. രണ്ടു കൈകൾ കൊണ്ടും ഇരുവശത്തേക്കും സ്‌പ്രിങ്ങു കൊണ്ടുള്ള ഒരു ഉപകരണം വലിച്ചു പിടിച്ചിരിക്കുന്ന ഒരു ജിമ്മൻ....അവന്റെ രണ്ടു കൈകളുടെ മസിലുകൾക്കും എന്റെ വണ്ണമുണ്ട്. പരസ്യം പറയുന്നത് അവന്റെ ഈ മസിലിന്റെ രഹസ്യം ഈ ഉപകരണമാണെന്നാണ്. ബുൾവൾക്കർ എന്നായിരുന്നു അതിന്റെ പേര്.

കുട്ടിയായിരുന്ന ഞാൻ ഈ സംഗതി കണ്ട് അത്യുത്സാഹകുതൂഹലചകിതനായി ഇത് എവിടെ കിട്ടും എന്നു നോക്കി. അതിന്റെ കൂടെയുള്ള ബിസിനസ് റിപ്ലൈ കാർഡ് പൂരിപ്പിച്ച് അയക്കണം...നമ്മുടെ അഡ്രസ്സും തിരിച്ചയക്കാനുള്ള സ്‌റ്റാമ്പും പിന്നെ വി പി പി ആയി അയക്കാനുള്ള വിവരങ്ങളും അയക്കണം....

വി പി പിയ്‌ക്ക് എവിടെ പോകും? ആരും അറിയാതെ വരുത്താം എന്നു വെച്ചാൽ നമ്മൾ ഇല്ലാത്ത സമയത്താണ് പോസ്‌റ്റുമാൻ ഈ സംഗതി കൊണ്ടു തരുന്നതെങ്കിലോ...വീട്ടിലുള്ളവർ അറിഞ്ഞാൽ എന്തു സംഭവിക്കും.....പിന്നെ തല്ലു കൊണ്ട് മസിലൊക്കെ വലുതായതു തന്നെ...

പക്ഷെ ആഗ്രഹം അടക്കാൻ പറ്റുന്നില്ല...ഒടുക്കം ഒരു വഴി കണ്ടെത്തി.

അക്കാലങ്ങളിൽ ഹെർക്കുലീസ് സൈക്കിൾ വളരെ വ്യാപകമായിരുന്നു. സൈക്കിൾ കടകളും നാട്ടിൻ പുറങ്ങളിൽ ധാരാളമുണ്ടായിരുന്നു. സ്‌കൂളിൽ നിന്നു വരും വഴി സൈക്കിൾ ബെയറിങ്ങുകളിലെ ബാൾസ് പെറുക്കിയെടുത്ത് മണ്ണെണ്ണയിൽ കഴുകി ചെപ്പിൽ ഇട്ടു വയ്‌ക്കാനായി കടകളിൽ കുട്ടികൾ കയറിയിറങ്ങാറുമുണ്ടായിരുന്നു.

അങ്ങനെയുള്ള ഒരു സൈക്കിൾകടയിലെ ചേട്ടനെ സ്വാധീനിച്ച് സൈക്കിൾ സ്‌റ്റാൻഡിന്റെ രണ്ടു സ്‌പ്രിംഗ് സംഘടിപ്പിച്ചു. ബ്രേക്ക് കേബിൾ ഒരെണ്ണവും സംഘടിപ്പിച്ചു. എല്ലാം മണ്ണെണ്ണയിൽ കഴുകി വൃത്തിയാക്കി. പിന്നെ, കേബിൾ ഒരു മരത്തടിയിൽ വെച്ച് വെട്ടുകത്തി കൊണ്ട് വെട്ടി രണ്ടാക്കി മുറിച്ചു. സൈക്കിൾ സ്‌പ്രിംഗ് രണ്ടെണ്ണവും പാരലലായി വരത്തക്ക വിധം കേബിൾ ഇരുവശത്തും ഒരു ഹാൻഡിൽ പോലെ കെട്ടി ഉറപ്പിച്ചു.
അങ്ങനെ വിജയകരമായി ബുൾവൾക്കർ ഞാൻ വീട്ടിൽ തന്നെ ഉണ്ടാക്കി.

അച്‌ഛനമ്മമാർ ഉദ്യോഗസ്‌ഥർ ആയതിനാൽ വീട്ടിൽ ആരുമില്ലാത്ത സാഹചര്യം ധാരാളം ഉണ്ടായിരുന്നു. അങ്ങനെയൊരു ദിവസം ഞാൻ ബുൾവൾക്കറുമായി വീടിനു പുറകിലുള്ള മാവിൻ ചുവട്ടിലേക്കു നീങ്ങി.

പരസ്യത്തില്  കണ്ട ജിമ്മനെ മനസ്സില്  ധ്യാനിച്ച് കേബിൾ ഹാൻഡിൽ രണ്ടു കൈകൾ കൊണ്ടും പിടിച്ച് പരസ്യത്തിലേതു പോലെ രണ്ടു വശത്തേക്കും വലിച്ചു.

ഇല്ല വലിയുന്നില്ല...

നന്നായി ഒന്നു കൂടി ശ്രമിച്ചു....അൽപം വലിഞ്ഞ പോലെ....

സർവശക്തിയുമെടുത്ത് ഒന്നു കൂടി വലിച്ചു...കാവിലമ്മേ...ശക്തി തരൂ...

ടക്....

പൊട്ടി!

സ്‌പ്രിങ്ങല്ല...കേബിളുമല്ല....അകത്ത്...നെഞ്ചിലിരുന്ന്...എന്തോ....

ബുൾവൾക്കർ ഞാൻ താഴെയിട്ടതാണോ അതോ തന്നെ വീണതാണോ എന്ന് എനിക്ക് ഓർമയില്ല....

എന്തോ... ജിമ്മന്മാരെ അന്നും ഇന്നും എനിക്കിഷ്‌ടമല്ല....ഛേയ്....

എക്‌സർസൈസ്...ഥൂൂ.....
 
Copyright © '