ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, April 7, 2011

ബോംബ്‌ !

4 comments
ഞങ്ങളുടെ നാട്ടിലേക്ക് മരുമകനായെത്തിയ ഒരു ചേട്ടനുണ്ടായിരുന്നു. തയ്യലായിരുന്നു ഭൂലോകത്തില്‍ അദ്ദേഹ ത്തിനരിയാമായിരുന്ന ഏക പണി. പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഒട്ടനേകം പാരമ്പര്യ തയ്യല്‍ക്കാര്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് യാതൊരു സ്കോപ്പും ഉണ്ടായിരുന്നില്ല. അത് കൊണ്ട് അദ്ദേഹം വാചകമടിയില്‍ സ്പെഷ്യലൈസ് ചെയ്തു! വാചകത്തിന്റെ ഒരേയൊരു പ്രശ്നം ഇദ്ദേഹത്തിന്റെ ശബ്ദം ആയിരുന്നു. നല്ല കെ എസ് ചിത്ര ടോണിലായിരുന്നു സംസാരം. പണ്ടൊരു ബോബനും മോളിയിലെ ഉപ്പായിമാപ്ല പറയുന്ന പോലെ..ഇങ്ങനെ വെറുതെ കിടന്നുറങ്ങി ബോറടിയ്ക്കുമ്പോള്‍ ഞാന്‍ പോയി റെസ്റ്റ് എടുക്കും എന്ന മട്ടില്‍ ബാക്കിയുള്ള സമയം ഭാര്യവീട്ടില്‍ വെറുതെ ഇരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം.
അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ...
കുറച്ചു നാള്‍ ഇങ്ങനെ പോയപ്പോ ഇദ്ദേഹത്തിന്റെ ഭാര്യ അപകടം മണത്തു. അല്ലറ ചില്ലറ ചിട്ടികളും ലോണുകളും കടങ്ങളുമോക്കെയായി ഒരു പലചരക്ക് കട തട്ടിക്കൂട്ടി ഇങ്ങേരെ അവിടെ ഇരുത്തി.
അരി, പല വ്യഞ്ജനങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ കൂടാതെ ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റിനു വേണ്ട എല്ലാ സാധനങ്ങളും കടയില്‍ ഉണ്ടായിരുന്നു. ആകെ പ്രശ്നം ആളുകള്‍ വരുന്നില്ല എന്ന് മാത്രമായിരുന്നു.
വല്ലപ്പോഴും വരുന്ന ആളുകളാകട്ടെ ഇദ്ദേഹത്തിന്റെ കത്തി കേള്‍ക്കാന്‍ വേണ്ടി മാത്രം വരുന്നവരോ അല്ലെങ്കില്‍ അബദ്ധത്തിനു വഴി തെറ്റി വന്നവരോ ആയിരുന്നു.
വാചകമടിയുടെ ഗ്രേഡ് കൂടിയപ്പോള്‍ നാട്ടുകാര്‍ പുള്ളിയ്ക്കൊരു പേരുമിട്ടു. ബോംബ്‌!.
ഒരിക്കല്‍ ബോംബിന്റെ കടയില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ചെന്ന ഒരു വല്യമ്മ ബോംബിനോട് ചോദിച്ചു.
"ഒരു കിലോ പഞ്ചസാര "
ഉടനെ വന്നു മറുപടി.
"പഞ്ചസാര ഇല്ല. ടൌണില്‍ പോയി കൊണ്ട് വന്നിട്ട് വേണം. ഒരു ബക്കറ്റ് കൊണ്ടോക്കോ...ഇന്നലെ ടൌണില്‍ നിന്ന് കൊണ്ടു വന്നതാ..."
ബോംബിന്റെ ശബ്ദത്തെ ഞങ്ങളുടെ നാട്ടിലെ മിക്കയാളുകളും രഹസ്യമായും പരസ്യമായും കളിയാക്കാറുണ്ടായിരുന്നു.
ഒരിക്കല്‍ കടയില്‍ നിന്നും ഒരു സോഡാ കുടിച്ചതിനു ശേഷം ഒരുത്തന്‍ ആരോപിച്ചു.
"ഇതിനൊരു ഗ്യാസും ഇല്ലല്ലോ..."
ബോംബ്‌ പറഞ്ഞു.
"ശരിയാ..ഇപ്പഴത്തെ സോഡായൊക്കെ എന്നതാ...പണ്ടൊക്കെയായിരുന്നു സോഡാ...പൊട്ടിച്ചാ..ടിഷ്...ന്നു കേക്കും! "
കെ എസ് ചിത്ര ശബ്ദത്തിന്റെ മാധുര്യം കാരണം ടിഷ് എന്ന ശബ്ദത്തിന് ധാരാളം കൈയടി കിട്ടി!

കട തുടങ്ങി കുറച്ച് ആയപ്പോഴേക്കും കത്തി കേള്‍ക്കുന്നവരുടെയും രാവിലെ പത്രം വായിച്ചു വെടി പറയുന്നവരുടെയും ഒരു ചെറിയ ടീം കടയില്‍ രൂപപ്പെട്ടു. നാടിലെ ഒട്ടുമിക്കവാറും എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഡിസ്കസ് ചെയ്ത ശേഷമാണ് നടപ്പാകുന്നത് എന്ന മട്ടിലായി ടീമിന്റെ മട്ടും മാതിരിയും.
ഒരു ദിവസത്തെ ഒരു ഡിസ്കഷന്‍ ഇങ്ങനെയായിരുന്നു.
"നമ്മുടെ അജി ഒരു പുതിയ കാര്‍ ഓടിച്ചു നടക്കുന്ന കണ്ടല്ലോ.."
"അതവന്റെ കൂട്ടുകാരന്റെയാ.. ക്രഷര്‍ നടത്തുന്ന പോളിന്റെ.."
"ആരടെയായാലെന്താ...ഉഗ്രന്‍ കാറാ..."
"ഓഡിയാ..."
"ഓഡിയോ...അതെന്നതാ..."
"അതൊരു ഫോറിന്‍ കാറാ...പുതിയതായി വന്നതാ ഇന്ത്യേല്."
ഇത്രയുമായപ്പോഴേക്കും ബോംബ്‌ ഇടപെട്ടു.
"ആര് പറഞ്ഞു ഓഡി പുതിയതായി വന്നതാണെന്ന്? കാറ് ചെലപ്പം പുതിയതായിരിക്കും പക്ഷെ കമ്പനി ആദ്യമേ ഇന്ത്യയിലുണ്ടായിരുന്നു."
"ആണോ? കാറല്ലാതെ പിന്നെ എന്താ ഇന്ത്യേലോണ്ടായിരുന്നെ?"
ഒന്ന് മുരടനക്കി കഴുത്തൊക്കെ രണ്ടു സൈഡിലേക്കും വെട്ടിച്ച് ആര്‍ക്കുമറിയാതിരുന്ന രഹസ്യം ബോംബ്‌ പുറത്ത് വിട്ടു.
"വള്ളം! ആറന്‍മൊളേലൊക്കെ വള്ളം കളിയ്ക്കെക്കണ ഓഡി വള്ളം പിന്നെ ആരെക്കിയതാന്നാ വിചാരം?"

Tuesday, April 5, 2011

ദൈവമേ...കര്‍ത്താവ് കാത്തു!

1 comments
പെരിയ സ്വാമിയായി എന്ന അഹങ്കാരത്തോടെ ശബരിമലയ്ക്ക് ഒറ്റയ്ക്ക് പോകുന്ന പതിവുണ്ടായിരുന്നു എനിക്ക്. പല പ്രാവശ്യം പോയിട്ടുള്ളത് കൊണ്ടും പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളത് കൊണ്ടും ദര്‍ശനം എനിക്ക് വലിയ ബുദ്ധിമുട്ടാകാറില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം എന്‍റെ സഹ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് എന്‍റെ കൂടെ ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ഞാന്‍ പെരിയ സ്വാമിയായി എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വലിയ വിജയമൊന്നുമല്ലാത്ത ഞാന്‍ കെട്ടു നിറച്ചാല്‍ ശരിയായില്ലെങ്കിലോ എന്ന സംശയത്താല്‍ പുള്ളിക്കാരന്‍ നാട്ടിലെ ഒരു അമ്പലത്തിലെ ശാന്തിയെ സമീപിച്ചു.
പോകണ്ട ദിവസത്തിന്‍റെ തലേ ദിവസം എന്തോ അസൌകര്യം നിമിത്തം ശാന്തിയ്ക്ക് വരാന്‍ സാധിച്ചില്ല. ഒരിക്കല്‍ വേണ്ടാ എന്ന് പറഞ്ഞത് കൊണ്ടാകണം എന്നോടു പറയാന്‍ ഒരു ബുദ്ധിമുട്ട്. പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. അവസാനം പമ്പയില്‍ ചെന്ന ശേഷം സാധനങ്ങള്‍ കൊടുത്താല്‍ അവിടത്തെ ശാന്തി കെട്ടു നിറച്ചു തരും എന്ന് ആരോ പറഞ്ഞു. അത് പ്രകാരം മാര്‍ക്കറ്റില്‍ നിന്നും കെട്ടുനിറയ്ക്കാവശ്യമായ സാധനങ്ങളും വാങ്ങി പുള്ളി എന്‍റെ കൂടെ വന്നു.
മുകളിലെ നിലയില്‍ വാടകയ്ക്കാരായി ഒരു പാസ്റ്റര്‍ കുടുംബം താമസിക്കുന്നതിനാലും അവര്‍ക്ക് മുകളില്‍ കയറുവാന്‍ അകത്തു കൂടി മാത്രമേ വഴിയുള്ളൂ എന്നതിനാലും ഇദ്ദേഹത്തിന്‍റെ അമ്മയ്ക്ക് കക്ഷിയെ യാത്രയയക്കാന്‍ അമ്പലത്തില്‍ വരാന്‍ സാധിച്ചില്ല. അതുകൊണ്ടു വീട്ടില്‍ നിന്ന് തന്നെ ആവശ്യമായ ദക്ഷിണയും അനുഗ്രഹങ്ങളും ഒക്കെസംഘടിപ്പിക്കേണ്ടതായി വന്നു.
പമ്പയില്‍ ചെന്ന ശേഷം കുളിച്ച് ഗണപതി കോവിലില്‍ ചെന്ന് ഒരു ശാന്തിയെ സമീപിച്ചു. കെട്ടു നിറച്ചു തരാന്‍ ആവശ്യപ്പെട്ടു. ദക്ഷിണയും കൂടി വെച്ചതോടെ ഒരു പിശുക്കുമില്ലാതെ ഇവന്‍ കൊണ്ടു ചെന്ന സാധനങ്ങള്‍ എല്ലാം കൂടി നിറച്ച് അദ്ദേഹം ഒരു ഇരുമുടിക്കെട്ട് തയ്യാറാക്കി.
കെട്ടുനിറ ആദ്യമായി കണ്ടതിന്‍റെ കൌതുകം കെട്ടു തലയില്‍ വെച്ച നിമിഷം തന്നെ മാറി. ഒരു മൂന്നു നാല് പേര്‍ക്ക് നിറയ്ക്കാനുള്ള സാധനങ്ങള്‍ ഒറ്റ കെട്ടില്‍ നിറച്ച് കൊടുത്തിരിക്കുകയാണ്.
കണ്ണ് നിറഞ്ഞു കൈകള്‍ കൂപ്പി തല അനക്കാതെ കക്ഷി ഉറക്കെ വിളിച്ചു പോയി.
"സ്വാമിയേ ശരണമയ്യപ്പാ..."
സന്നിധാനത്ത് നല്ല തിരക്കായിരുന്നെങ്കിലും പലരുടെയും സഹായത്തോടെ ഞങ്ങള്‍ രണ്ടാളും ദര്‍ശനം തരപ്പെടുത്തി. കെട്ടു താഴെയിറക്കി. വഴിപാടുകള്‍ കഴിച്ചു. പ്രസാദം വാങ്ങി, സന്നിധാനത്തെ ബ്രൂ കോഫി സ്റ്റാളില്‍ നിന്നും ഓരോ കാപ്പിയും വാങ്ങി ഒരു മൂലയില്‍ ചെന്നിരുന്നു.
"ഡാ...നിന്‍റെ ഫോണ്‍ ഒന്ന് തന്നേ..ഞാന്‍ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ.."
ഞാന്‍ ഫോണ്‍ കൊടുത്തു.
"ഹലോ..അമ്മയല്ലേ..."
"ആരടെ..."
"എന്‍റെ..ഞാന്‍ അഭിയാ അമ്മേ..."
"ഡാ...നീയോ...നിങ്ങള്‍ എപ്പോ എത്തി? നന്നായി തൊഴുതോ...."
"നന്നായി തൊഴുതു അമ്മേ...വഴിപാടും കഴിച്ചു. ഇപ്പൊ ഓരോ കാപ്പി കുടിച്ചോന്ടിരിക്കുവാ.."
അത്ര നേരം ഒറ്റയ്ക്കിരിക്കന്ടല്ലോ എന്ന് കരുതി പാസ്റ്റര്‍ കുടുംബവുമായി കത്തി വെച്ചിരിക്കുകയായിരുന്ന അമ്മയ്ക്ക് സന്തോഷം സഹിക്കാനായില്ല...
"ദൈവമേ...കര്‍ത്താവ് കാത്തു!"

Monday, April 4, 2011

ചിക്കന്‍ തിന്നണ്ടത് അങ്ങനല്ല....

0 comments
© എനിക്കല്ലാത്ത ഒരു കഥയാണിത്.
അന്തരിച്ച എന്‍റെ ഒരു സുഹൃത്ത് പറഞ്ഞത്....ചിരിയ്ക്ക് മരണമില്ലാത്തതു കൊണ്ട് കഥ ഇന്നും ജീവിക്കുന്നു.
അദ്ദേഹത്തോടൊപ്പം ഒരു സുഹൃത്തും തിരുവനന്തപുരത്തെ അട്ടക്കുളങ്ങരയിലൂടെ തേരാപ്പാരാ നടക്കുകയാണ്. കൈയില്‍ നയാ പൈസയില്ല. വയറിനറിയില്ലല്ലോ പൈസയില്ലാത്ത വിവരം. അത് സമയാസമയത്തിനു സിഗ്നല് കൊടുക്കും. ആശ്വസിപ്പിക്കാണോ അവഗണിക്കാനോ പറ്റാത്തത് കൊണ്ട് ബുഹാരി ഹോട്ടലിനു മുന്‍പിലൂടെ പോയി മട്ടന്‍ വേവിച്ചതിന്‍റെ മണം കുറച്ചു വാങ്ങി വിശപ്പടക്കാം എന്നതാണ് ലക്‌ഷ്യം.
ഒരു നിമിഷം...
തിരുവനന്തപുരത്തെ ആദ്യ കാല ഹോട്ടലുകളില്‍ ഒന്നാണ് ബുഹാരി. 24 മണിക്കൂര്‍ തുറന്നിരിക്കും. മട്ടനാണ് പ്രധാന വിഭവം. ഉച്ചയ്ക്ക് ഊണും പല വിധ മീന്‍ വറുത്തതും ചിക്കന്‍ വറുത്തതും വിവിധ ബിരിയാണികളും സ്പെഷ്യലായി ബിരിയാണി ചായയും കിട്ടുമെങ്കിലും മട്ടനാണ് ഹൈലൈറ്റ്.
അങ്ങനെ വെറും മണത്തിനു വേണ്ടി നടക്കുന്നതിനിടയില്‍....ദാ....ഒരു പത്ത് രൂപ! നിലത്തു കിടക്കുകയാണ്. രണ്ടു പേരും ഒരുമിച്ചു ചാടി വീണു.
വഴിയില്‍ നിന്ന് കിട്ടിയത് വയറിലേക്ക്. രണ്ടാള്‍ക്കും അക്കാര്യത്തില്‍ എതിരഭിപ്രായമില്ല. പക്ഷെ പത്ത് രൂപയ്ക്ക് എന്ത് കിട്ടും?
തല്‍ക്കാലം രണ്ടു ചായ കുടിയ്ക്കാം. അത്രയെന്കിലുമാകുമല്ലോ....
രണ്ടാളും ബുഹാരിയിലേക്ക് നടന്നു.ചായ ആവശ്യപ്പെട്ടു.
ചുറ്റും മട്ടന്‍, ചിക്കന്‍ മസാലകളും, ഫ്രൈകളും, കറികളും ചാപ്സുകളും, റോസ്റ്റ്കളും, ബിരിയാണികളും പ്ലേറ്റ് പ്ലേറ്റ് കണക്കിന് വരികയും പോകുകയും ചെയ്യുന്നു.
രണ്ടാളും വായില്‍ നിറഞ്ഞ വിശപ്പുവെള്ളം കുടിച്ചു വറ്റിക്കുന്നതിനിടെ ചായ വന്നു.
വിശപ്പിന്‍റെ ആധിക്യം കാരണമാകണം, ഇദ്ദേഹം കിട്ടിയ ചായ ഒറ്റ വലിയ്ക്ക്‌ കുടിച്ചു. പക്ഷെ ചായ കുടിച്ചാല്‍ വിശപ്പ്‌ മാറില്ല എന്നറിയാവുന്ന കൂട്ടുകാരന്‍ പതുക്കെ സിപ്പ് ചെയ്തു സിപ്പ് ചെയ്തു ചായ കുടിയ്ക്കുകയാണ്.
പെട്ടെന്ന് ചെറിയ കുട്ടികള്‍ വാശി പിടിച്ചു കരയുന്നത് പോലെയൊരു ശബ്ദം.....
"ങ്ങീ....................... "
"എന്താടാ...." ചായ കുടിച്ചു കൊണ്ടിരുന്ന കൂട്ടുകാരന്‍ കഴിഞ്ഞവനോടു ചോദിച്ചു.
കടിച്ചു പറച്ച കോഴിക്കഷണങ്ങള്‍ മുഴുവന്‍ തിന്നാന്‍ പോലും മെനക്കെടാതെ പ്ലേറ്റിന്‍റെ സൈഡില്‍ വാരിക്കൂട്ടി വെക്കുന്ന ഒരുത്തനെ ചൂണ്ടിക്കാണിച്ചു കൊണ്ട് വീണ്ടും കൂട്ടുകാരന്‍റെ വക....
"ങ്ങീ.........ചിക്കന്‍ തിന്നണ്ടത് അങ്ങനല്ല.......ങ്ങീ..............."

Sunday, April 3, 2011

കരിനാക്ക്!

0 comments
അരി, ഗോതമ്പ്, മല്ലി, മുളക് തുടങ്ങിയവ പൊടിക്കുകയും കൊപ്ര ആട്ടുകയും ചെയ്യുന്ന ഒരു യന്ത്ര വല്‍കൃത മില്ലില്‍ നില്‍ക്കുകയായിരുന്നു ഞാന്‍...
"ഡാ....നീ ഇവിടെ നിക്കുവാണോ?"
ടോണിയാണ്. ഇന്ത്യ ജയിച്ചതിനു ശേഷം വിശേഷം പറയാന്‍ വന്നതാണ്.
"ഡാ...കളി നടക്കുമ്പോ പണ്ടാരക്കാലന്‍ സഞ്ജു അവിടെ വരല്ലെന്നു ഞാന്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചിരുന്നു ..രണ്ടു
പ്രാവശ്യം അവന്‍ അവിടെ വന്നു ...അപ്പത്തന്നെ സേവാഗും സച്ചിനും പോയി. ഞങ്ങളവനെ ഒരു വിധത്തില്‍ പറഞ്ഞുവിട്ടു. അതിനു ശേഷാ കളി ഒരു ജീവന്‍ വെച്ചത്."
"അവന്‍ അത്ര പ്രശ്നക്കാരനാണോ?"
"ആണോന്ന്? നാക്ക് വളച്ചാപ്പിന്നെ സൈഡ് നോക്കണ്ട. ..എവിടെക്കാ പോണെന്ന് അവന്‍ ചോദിച്ചാ പിന്നെ പോയിട്ട് കാര്യമില്ല. അന്ന തന്നെ ജെറി ബൈക്കില്‍ പോയപ്പോ എന്തൊരു പോക്കാണപ്പാ ഇത് എന്ന് പറഞ്ഞതിന്‍റെയാ അവന്‍ പത്ത് തുന്നിക്കെട്ടുമായി ആസ്പത്രിയില്‍ കിടക്കുന്നത്."
"അയ്യോ..."
"പിന്നെ പാപ്പച്ചന്‍റെ കെണറില് വെള്ളമില്ലാതിരുന്നപ്പോ അവന്‍ ചെന്ന്. ആകെ ഇച്ചിരി വെള്ളമുന്ടായിരുന്നത് നോക്കി അവന്‍ പറയുവാ നല്ല തെളിഞ്ഞ വെള്ളം എന്ന്. അപ്പൊ തന്നെ കെണറിന്‍റെ ഒരു സൈഡ് ഇടിഞ്ഞു അതില്‍ വീണു. അതേ പോലെ നമ്മുടെ ശിവന്‍ ചേട്ടന്‍റെ പറമ്പിലെ വാഴ കൊലച്ചപ്പോ ഇവന്‍ കൊല നോക്കി പറഞ്ഞു. നല്ല ഉഗ്രന്‍ കൊല! അന്ന് വൈകുന്നേരം ശിവന്‍ ചേട്ടന്‍ കൊല വെട്ടിയപ്പോ കുത്തനെ താഴേക്ക്‌ വീണു ഒറ്റ കായയില്ലാതെ ചതഞ്ഞു പോയി.ആടിന് കൊടുക്കാനേ പറ്റിയുള്ളൂ.."
"....കൊള്ളാമല്ലോ ഇവന്‍..."
"അതല്ലെടാ...എനിക്കീ വിവരം അറിയാന്‍ മേലായിരുന്നു. ഒരു ദിവസം ഞാന്‍ ബൈക്കില് വരുമ്പോള്‍ ഇവനുന്ട് വഴിയില്‍ നിക്കുന്നു. നാട്ടുകാരനല്ലേ കൂട്ടുകാരനല്ലേ എന്ന് കരുതി ഞാന്‍ ഇവനെ ബൈക്കില്‍ കേറ്റി. കൊറച്ച് ചെന്നപ്പോ ഇവന്‍ പറയുവാ ബൈക്കിന്‍റെ പുറകിലത്തെ ടയറിനു കാറ്റ് കൂടുതലാ... തെറിക്കുന്നു എന്ന്. അഞ്ചു മിനിട്ട് കഴിഞ്ഞില്ല, ടയര്‍ പഞ്ചര്‍!"
"എന്നിട്ടോ..."
"എന്നിട്ടെന്താ അവന്‍ അടുത്ത ബസില്‍ കേറി പോയി, ഞാന്‍ വണ്ടി തള്ളി അടുത്തുള്ള ഒരു വീട്ടില്‍ കേറ്റി വെച്ച് പഞ്ചര്‍ ഒട്ടിക്കുന്നവനെ അന്വേഷിച്ചു പോയി."
"......നിനക്കതു തന്നെ വേണം."
"അല്ല, നീയെന്താ ഇവിടെ?"
"ഞാന്‍ കുറച്ച് അരി പൊടിയ്ക്കാന്‍ കൊണ്ടു വന്നതാ..."
"വീട്ടില് മിക്സി ഇല്ലേ?"
"അല്ല, കുറച്ച് കൂടുതല്‍ ഉണ്ടായിരുന്നു."
"എന്നിട്ട് പൊടിച്ചോ?"
"ഇല്ല, ഇവിടെ മഞ്ഞള്‍ പൊടിചോണ്ടിരിക്കുവാ.. ഇനി അത് കഴിഞ്ഞു അതിന്‍റെ ബെല്‍റ്റ്‌ എടുത്ത് മിഷ്യനില്‍ പിടിപ്പിച്ചിട്ട് വേണം പൊടിക്കാന്‍.."
"അപ്പൊ രണ്ടു മിഷ്യനും ഒരേ അളവാണോ ബെല്‍റ്റ്‌ മാറ്റിയിടാന്‍?"
"അതേ."
"ഹോ എന്തൊരു സ്പീഡിലാ ബെല്‍റ്റ്‌ കറങ്ങണേ....."
ട്ടും കിര്‍ക്ക് പടക്ക് ടിഷ് ക്രാക്ക് പടാര്‍....
പൊടിച്ചു കഴിഞ്ഞത്രയും മഞ്ഞളും പൊടിയ്ക്കാന്‍ വെച്ച അരിയും തട്ടിത്തെറിപ്പിച്ച് ഭീകര ശബ്ദത്തോടെ ബെല്റ്റിതാ കിത്തെറിച്ചിരിക്കുന്നു!

അഭിനന്ദനങ്ങള്‍..........ടീം ഇന്ത്യ!

0 comments
അഭിനന്ദനങ്ങള്‍..........ടീം ഇന്ത്യ!

Friday, April 1, 2011

ഇതങ്ങു കൊണ്ടു വെക്ക് മോളെ..

2 comments
സിനിമ പോലെ റീ ടേക്കുകള്‍ നാടകത്തില്‍ പറ്റാത്തത് കൊണ്ട് നാടകത്തിനിടയില്‍ അബദ്ധങ്ങള്‍ സംഭവിക്കുക സാധാരണമാണ്.
എന്‍റെ ചെറുപ്പത്തില്‍ ചില നാടക അബദ്ധ കഥകള്‍ കേട്ട് ഞാന്‍ തല തല്ലി ചിരിച്ചിട്ടുണ്ട്. .
പണ്ടൊക്കെ നാടകത്തില്‍ അഭിനയിക്കുന്ന നടീ നടന്മാരുടെ പുറകില്‍ കര്‍ട്ടനു പിറകില്‍ നിന്ന് അടുത്ത ഡയലോഗുകള്‍ പറഞ്ഞു കൊടുക്കുന്ന പതിവുണ്ടായിരുന്നു. പ്രോമ്റ്റിങ്ങ്‌ എന്നായിരുന്നു ആ പതിവിന്‍റെ പേര്. അഥവാ നാടന്‍ യലോഗ് മറന്നു പോയാലും ഇങ്ങനെ പറഞ്ഞു കൊടുക്കുമ്പോള്‍ ഓര്‍മ വരും. അഭിനയിച്ചാല്‍ മാത്രം മതി.
ഒരിക്കല്‍ ഏതോ ഒരു നാടകത്തില്‍ ഒരു വൃദ്ധന്‍ കഥാപാത്രത്തിന്‍റെ പുറകില്‍ നിന്ന് പ്രോംറ്റ്‌ ചെയ്യുന്ന കക്ഷി അടുത്ത യലോഗ് പ്രോംറ്റ്‌ ചെയ്തു.
"മാറാത്ത രോഗവുമായി ഞാന്‍ നിന്ന് കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ...."
നടന്‍ അഭിനയത്തില്‍ അല്പം പോലും പിശുക്ക് കാണിച്ചില്ല. നടു വളച്ച് വടി കുത്തിപ്പിടിച്ച് കഴുത്തൊക്കെ ഒരു വശത്തേക്ക് ചെരിച്ച് മറ്റേ കൈ കൊണ്ടു നെഞ്ചിലുഴിഞ്ഞ് യലോഗ് പറഞ്ഞു.
"മാറത്തെ രോമവുമായി ഞാന്‍ നിന്ന് കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ...."

പ്രഹ്ലാദ ചരിതം നാടകം നടക്കുന്ന സമയം...
മുഴുവന്‍ സമയം പ്രാര്‍ത്ഥനയുമായി പ്രഹ്ലാദന്‍ നില്‍ക്കുന്നു.
പ്രഹ്ലാദനെ മുന്നില്‍ നിര്‍ത്തി ഹിരണ്യ കശിപു ആക്രോശിക്കുകയാണ്. ...
"എവിടെടാ നിന്‍റെ മഹാവിഷ്ണു?"
"തൂണിലും തുരുമ്പിലും മഹാവിഷ്ണു കുടികൊള്ളുന്നു...."
"ഓഹോ..അങ്ങനെയെങ്കില്‍ ഈ തൂണിലും മഹാവിഷ്ണു ഉണ്ടായിരിക്കണമല്ലോ...എവിടെ...പുറത്ത് വരട്ടെ...ഹ...ഹ...ഹ..."
അട്ടഹാസത്തിനൊപ്പം ഹിരണ്യ കശിപു തൂണില്‍ ആഞ്ഞു വെട്ടി...
"എവിടെടാ നിന്‍റെ മഹാ വിഷ്ണു?"
വീണ്ടും വെട്ടി...
സദസ്സ് മുഴുവന്‍ ആശ്ചര്യ പരതന്ത്രരായി നില്‍ക്കുകയാണ്. ചില വല്യമ്മമാര്‍ നാരായണ ജപം തുടങ്ങി... ചിലര്‍ പ്രഹ്ലാദന്‍റെ അവസ്ഥ കണ്ടു സങ്കടപ്പെടുന്നു.
ഇതിനിടെ ഹിരണ്യ കശിപു വെട്ടുന്ന തൂണിന്‍റെ കുറച്ചു മാറി സ്ക്രിപ്റ്റില്‍ സംവിധായകന്‍ നിര്‍ദേശിച്ചിട്ടുള്ള തൂണിന്‍റെ പുറകില്‍ സര്‍വാഭരണ വിഭൂഷിതനായി മുടി അഴിച്ചിട്ടു കൈയില്‍ നഖങ്ങളുമായി ചാടി വീണു ഹിരണ്യ കശിപുവിനെ കൊല്ലാന്‍ തയ്യാറായി നില്‍ക്കുന്ന നരസിംഹം ആകെ വറീടായി...
"ശ്........ശ്.......പൂയ്......"
നരസിംഹം വിളിച്ചു നോക്കി.
"തൂണ് മാറിപ്പോയി....ഇവിടെ...ഇവിടെ..."
എവിടെ കേള്‍ക്കാന്‍.... ഹിരണ്യ കശിപു ആവേശത്തില്‍ തന്നെ....
"എവിടെടാ നിന്‍റെ മഹാവിഷ്ണു?"
വീണ്ടും വെട്ടി....
ക്ഷമ നശിച്ച നരസിംഹം ആദ്യം ആയമെടുത്ത് ഹിരണ്യ കശിപു വെട്ടിക്കൊണ്ടിരിക്കുന്ന തൂണിനു പുറകിലേക്ക് ചാടി...പിന്നെ സ്റ്റെജിലേക്ക് ചാടി ഹിരണ്യ കശിപുവിന്‍റെ കഥ കഴിച്ചു നാടിനെയും പ്രഹ്ലാദനെയും രക്ഷിച്ചു!

സമയം സായം സന്ധ്യ....
അഭിജ്ഞാന ശാകുന്തളം നാടകത്തിലെ ആശ്രമ പരിസരം. നിശ്ശബ്ദമായ അന്തരീക്ഷം.
ആശ്രമ മുറ്റത്ത് കണ്വ മഹര്‍ഷി ഉലാത്തുകയാണ്. കൈയില്‍ യോഗ ദണ്ട്. മറ്റേ കൈ കൊണ്ടു താടി ഉഴിയുന്നു.
കണ്വന്‍ ആശ്രമത്തിനകത്തെക്ക് നോക്കി ഉറക്കെ വിളിച്ചു.
"മകളെ ശകുന്തളേ...."
ആരും വിളി കേള്‍ക്കുന്നില്ല.
വീണ്ടും വിളിച്ചു.
"മകളെ ശകുന്തളേ...."
ആരും വിളി കേള്‍ക്കുന്നില്ല.
വീണ്ടും വിളിച്ചു.
"മകളെ ശകുന്തളേ...." വിളി മൂന്നാം തവണയായ പ്പോഴേക്കും അതി ശക്തമായി തടവിയതിന്‍റെ ഫലമായി താടി ഇളകി.
"പറഞ്ഞാലും താതാ..." വിളി കേട്ട് ഓടി വരുന്ന ശകുന്തള....
ഏതായാലും ഇളകി. ഇനി കൂവല്‍ കേള്‍ക്കുന്നതിനു മുന്‍പ് ഒരു വഴി മാത്രം...

"ഇതങ്ങു കൊണ്ടു വെക്ക് മോളെ.."
 
Copyright © '