ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, April 9, 2013

എന്നാലിനി ഒരു ചായയാവാം

2 comments
വായു സംബന്ധമായ ചിലപ്രശ്നങ്ങള്‍ കാരണം ശരീരത്തില്‍ നവദ്വാരങ്ങള്‍ തികയാതെ വന്നപ്പോഴാണ്‌ ഒരു ഡോക്ടറെ കണ്ടേക്കാം എന്നു വിചാരിച്ചത്‌. എന്നെ കണ്ടപ്പൊഴേ ഡോക്ടര്‍ ചോദിച്ചു.
"ഒരു ദിവസം എത്ര ചായ കുടിയ്ക്കും?"
"ഒരു പത്തു പതിനഞ്ചെണ്ണം..."
വളരെ നിഷ്കളങ്കമായി ഞാന്‍ ഉത്തരം നല്‍കി.
"മോശമില്ല. നല്ല എണ്ണം തന്നെ. അപ്പോ നല്ല ഹെല്‍ത്തിയായിട്ടാണ്‌ ജീവിതം. ആട്ടെ, ചായ ഉണ്ടാക്കാന്‍ അറിയാമല്ലോ അല്ലേ?"
"അറിയാം."
"പാല്‍ കുടിയ്ക്കുന്നത്‌ നല്ലതാണെന്നാണല്ലോ വയ്പ്‌. ഒരു ചായയുണ്ടാക്കാന്‍ എത്ര ഗ്ളാസ്‌ പാല്‍ ഉപയോഗിക്കും?"
"ഏകദേശം അര ഗ്ളാസ്‌ ഉപയോഗിക്കുമായിരിക്കും. "
"കൊള്ളം. അതായത്‌ 15 ഗ്ളാസ്‌ ചായ എന്നു പറഞ്ഞാല്‍ ഏഴര ഗ്ളാസ്‌ പാല്‍. അല്ലേ... "
"അയ്യോ.. "
"ഒരു സ്പൂണ്‍ പഞ്ചസാര വേണം ഒരു ചായയ്ക്ക്‌ അല്ലെ? "
"ദൈവമേ 15 സ്പൂണ്‍ പഞ്ചസാര!"
ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, ക്യാന്‍സര്‍, എയ്ഡ്സ്‌ തുടങ്ങി എല്ലാ അസുഖങ്ങളുടെയും തുടക്കമാണ്‌ ഈ വായുപ്രശ്നം എന്ന്‌ ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. അതുകൊണ്ട്‌ ചായകുടി ഒഴിവാക്കുക. കുറഞ്ഞ പക്ഷം കുറയ്ക്കുകയെങ്കിലും ചെയ്യൂ...
കുറച്ചു!
അല്ല, നിര്‍ത്തി!
വര്‍ഷങ്ങള്‍ക്കു ശേഷം (നേരത്തെ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ വന്നില്ല. പക്ഷെ വായു വിട്ടു പോയുമില്ല.) ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ  കാന്റീന്‍ കമ്മിറ്റിയുടെ ചുമതല എന്നില്‍ വന്നു ചേരുന്നു. ഏതാണ്ട്‌ എഴുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്കായി കാന്റീന്‍കാരന്‍ വിതരണം ചെയ്ത ചായയുടെ ക്വാളിറ്റി പോരാ എന്ന പരാതി ഉയര്‍ന്നു.
കാന്റീനില്‍ അപ്രതീക്ഷിത പരിശോധനയ്ക്കു പോകാന്‍ കമ്മിറ്റി തീരുമാനമെടുക്കുകയും ടീ ടേസ്റ്റര്‍ ആയി എന്നെ നിയോഗിക്കുകയും ചെയ്തു.
എന്തു വന്നാലും ഒരു ചായയില്‍ കൂടുതല്‍ കുടിയ്ക്കുകയില്ല എന്ന ദൃഢനിശ്ചയമെടുത്ത്‌ ഞാന്‍ കാന്റീനിലേക്ക്‌ മറ്റു മെംബര്‍മാരുടെ കൂടെ ചാടി വീണു.
അദ്ഭുതം! അപ്രതീക്ഷിതമായി കുറേപ്പേര്‍ റെയ്ഡിനായി കയറി വന്നിട്ടും ആരും ഞെട്ടുന്നില്ല. റെയ്ഡിന്റെ  വിവരം ചോര്‍ന്നോ? സംശയമായി. നിവൃത്തി വരുത്താന്‍ കാന്റീന്‍ കോണ്‍ട്രാക്ടറോട്‌ ചോദിച്ചു.
"എടേയ്‌, ഞങ്ങളു ചതിയാപ്പുറം കേറി വന്നിട്ട്‌ ഇയാളു ഞെട്ടാത്തതെന്ത്‌?"
ഞങ്ങളു റെയ്ഡിനു ചെന്നത്‌ ഇഷ്ടമായില്ലെങ്കിലും ചോദ്യം മര്യാദയുടെ ഭാഷയിലായിരുന്നതു കൊണ്ട്‌ കക്ഷി മറുപടി നല്‍കി. സാറേ, നിങ്ങളു റെയ്ഡു നടത്തിയാലും ഇല്ലെങ്കിലും ഒരു പാക്കറ്റ്‌ പാലു കൊണ്ട്‌  മുപ്പതു ചായയേ ഉണ്ടാക്കാന്‍ പറ്റൂ...
"ഹാ"
കുറ്റം കണ്ടു പിടിക്കാന്‍ വന്നവന്റെ  സന്തോഷം കണ്ടപ്പോള്‍ ഇത്തവണ കോണ്‍ട്രാക്ടര്‍ സത്യമായും ഞെട്ടി. അവനറിയില്ലല്ലോ ഒരു ദിവസം പതിനഞ്ചു  ചായ കുടിയ്ക്കുന്നവന്റെ  സന്തോഷം...

ചായയെപ്പറ്റി പറയുമ്പോള്‍ പണ്ടു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില ചായക്കഥകള്‍ പറയാതെ വയ്യ.
മൂന്നു ഫ്ളോറുകളിലായി ഏകദേശം ഇരുന്നൂറോളം ജീവനക്കാര്‍ക്കു വേണ്ടി കാന്റീനില്‍ നിന്നും രണ്ടു ജീവനക്കാര്‍ ചായ കൊണ്ടു വരികയാണ്‌. ഒരാള്‍ താഴെയും മറ്റേയാള്‍ മുകളിലും ചായ കൊണ്ടു പോയി. പലര്‍ക്കും ചായ കൊടുക്കുന്ന കൂട്ടത്തില്‍ മധുരമിടാത്ത (വിത്തൌട്ട്‌) ഒരു ചായ ഒരു സീനിയര്‍ കക്ഷിയ്ക്കും കൊടുത്തു.
ചായ ഒരു കവിള്‍ കുടിച്ചതേ മാരിവില്‍ ചിതറിച്ചു കൊണ്ട്‌ കക്ഷി ഒരു തുപ്പ്‌. പിന്നെ കാബിനകത്തു നിന്ന്‌ കനത്ത തെറിവിളിയും.
കാന്റീന്‍ ജീവനക്കാരന്‍ കുനിഞ്ഞ മുഖവുമായി മധുരമുള്ള ചായ എടുക്കാന്‍ പോകുന്നതും കണ്ടു.
ഒരല്‍പം നടന്നു കാണും. അതാ കുനിഞ്ഞ മുഖവുമായി മുകളിലെ നിലയിലേക്കു പോയ കാന്റീന്‍കാരനും തിരിച്ചു വരുന്നു.
"എന്തു പറ്റിയെടാ.." ഒന്നാമന്‍.
"ഒരു സാറിന്‌ മധുരമിട്ട ചായ കൊടുത്തെടാ...അയാള്‍ തെറി പറഞ്ഞു. മധുരമില്ലാത്തെ ചായ എടുക്കാന്‍ പൊണതാ... "
ഒന്നാമന്റെ  മനസ്സില്‍ ലഡ്ഢു പൊട്ടി.
"സാരമില്ലെടാ മധുരമില്ലാത്ത ചായ കൊടുത്തതിന്‌ എനിക്കും കിട്ടി. ഇനി കാന്റീന്‍ വരെ പൊകണ്ട. നീ ഈ ചായ കൊണ്ടു പൊയ്ക്കൊ. നിന്റെ  കൈയിലൊള്ളത്‌ ഞാനും കൊണ്ടു പോയ്ക്കൊള്ളാം. "
സിംപിള്‍! രണ്ടു സീനിയേഴ്സിന്റെയും പ്രശ്നം തീര്‍ന്നു.

മറ്റൊരിക്കല്‍, വൈകുന്നേരത്തെ ഡിപ്പാര്‍ട്മന്റ് ഹെഡ്‌ മീറ്റിംഗ്‌ നടക്കുകയാണ്‌. കണക്കുകള്‍ കൃത്യമല്ല എന്നാരോപിച്ച്‌ ബിസിനസ്‌ മാനേജര്‍ ഫിനാന്‍സ്‌ മാനേജറോട്‌ കയര്‍ക്കുകയാണ്‌. മറ്റെല്ലാവരും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു.
ഇതിനിടെ കാന്റീന്‍കാരന്‍ ഒരു ട്രേയില്‍ ചായ കൊണ്ടു വന്ന്‌ ഓരോരുത്തരുടെയും മുന്‍പില്‍ വെച്ചു.
ഞങ്ങള്‍ എല്ലാവരും വെറുതെ ഇരിക്കുന്നതു കൊണ്ട്‌ ഓരോ ചായ കൈയിലെടുത്തു.
കൃത്യം ഒരു ചായ കുറവ്‌!
 ബിസിനസ്‌ മാനേജറിന്റെ യും ഫിനാന്‍സ്‌ മാനേജറിന്റെ യും നടുക്കായി ചായ ഇരിക്കുകയാണ്‌. കസേരകളിയുടെ അവസാന ലാപ്പിന്റെ  ആവേശം പോലെ രണ്ടാളും....

ഒരു തെറി വിളിയ്ക്കും! പിന്നെ ഒരു സിപ്‌ ചായ കുടിയ്ക്കും!

പെട്ടെന്നു തന്നെ ചായ തീര്‍ന്നു!

കോട!

1 comments
ബസിലോ ട്രെയിനിലോ കയറിയാല്‍ ഉറങ്ങുന്ന ശീലം എനിക്ക്‌ പണ്ടേയുണ്ട്‌....... ഇറങ്ങണ്ട സ്റ്റോപ്പ്‌ മിസ്സാകുന്ന ശീലവും ഒപ്പമുണ്ട്. അങ്ങനെ പല അവസരങ്ങളിലും സ്റ്റോപ്പ്‌ മിസ്സായി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നിട്ടുമുണ്ട്‌.. ഒരിക്കല്‍ കണ്ണൂരില്‍ നിന്നും രാത്രിവണ്ടിയ്ക്ക്‌ യാത്ര തിരിച്ച ഞാന്‍ ആലുവയില്‍ ഇറങ്ങുന്നതിനു പകരം ഉറങ്ങിയെഴുന്നേറ്റത്‌ എറണാകുളം ജംക്ഷനിലാകുന്നിടത്താണ്‌ കഥ തുടങ്ങുന്നത്‌..
അങ്ങനെ വശപ്പിശകായ സമയത്ത്‌ എറണാകുളം ജംക്ഷനില്‍ ഇറങ്ങിയ ഞാന്‍ എങ്ങനെ പെരുമ്പാവൂര്‍ക്ക്‌ പോകും എന്നാലോചിച്ച്‌ സ്റ്റേഷനു പുറത്ത്‌ നില്‍ക്കുകയാണ്‌.. സാധാരണ കിഴക്കന്‍ മേഖലയിലേക്ക്‌ പോകണ്ട ബസുകള്‍ സ്റ്റേഷനു പുറത്ത്‌ നിര്‍ത്തിയിട്ടിരിക്കും. അന്നാകട്ടെ ട്രെയിന്‍ അല്‍പ സമയം വൈകിയതിനാല്‍ ഒരു ബസ്‌ പോകുകയും ചെയ്തു. സാധാരണ ഒരു രാത്രിയൊക്കെ റെയില്‍വേ സ്റ്റേഷനില്‍ കഴിച്ചു കൂട്ടുക എന്നത്‌ വലിയ സംഭവമൊന്നുമല്ല. പക്ഷെ സ്ഥലം എറണാകുളം ആയതു കൊണ്ടും ഒരു സെക്കന്‍ഡില്‍ ഒരായിരം കൊതുകിനെ കൊന്ന പാപം നമുക്കേല്‍ക്കേണ്ടിവരും എന്നുള്ളതുകൊണ്ടും ഞാനാകെ ചിന്താവിഷ്ടനായി.
അപ്പോഴതാ ഒരു ദൈവദൂതനെപ്പോലെ ശ്രീമാന്‍ സഹപ്രവര്‍ത്തകന്‍!. ദൈവദൂതന്‍ ഒരു ആള്‍ട്ടോ കാറിലാണ്‌. "
"എന്താടാ കൊരങ്ങുചത്ത കാക്കാലനെപ്പോലെ വായും പൊളിച്ചു നിക്കണേ?" ചോദ്യം. "ഒന്നൂല്ലെടാ..ഉറങ്ങിപ്പോയി. ബസ്സും പോയി. ഇനി പെരുമ്പാവൂര്‍ക്കെങ്ങനെ എത്തും എന്നാലോചിച്ചു നില്‍ക്കുവാ...."
"എന്നാ വാ...നമുക്ക്‌ എണ്റ്റെ ഫ്ളാറ്റിലേക്ക്‌ പോകാം. രാവിലെ എണീറ്റ്‌ വീട്ടിലേക്കു പോയാ മതി."
രണ്ടു വട്ടം ആലോചിക്കാനൊന്നും നിന്നില്ല. ബാഗ്‌ തൂക്കി വണ്ടിയിലിട്ടു. കേറി. കാര്യങ്ങള്‍ക്കൊരു തീരുമാനമായി.
കളമശ്ശേരിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ഹൌസിംഗ്‌ കോളനിയിലെ ഒരു ഫ്ളാറ്റിന്റെ അഞ്ചാം നിലയിലാണ്‌ കക്ഷി താമസം. അധികം കാലമായില്ല ഫ്ളാറ്റ്‌ വാങ്ങിയിട്ട്‌.. ഫാമിലി മാന്‍. . രണ്ടു കുട്ടികള്‍.. സ്വസ്ഥം. അയല്‍പക്കക്കാരുമായൊക്കെ നല്ല ബന്ധം.
ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ സഹധര്‍മിണി ഒരു മുറി എനിക്കായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.ഒരു വിശാലമായ ബാല്‍ക്കണിയോടുകൂടെയുള്ള നല്ല വലുപ്പമുള്ള മുറി.
ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക്‌ നന്നായി ഉറങ്ങാന്‍ സാധിച്ചില്ല. രാവിലെ ആദ്യവണ്ടിയ്ക്ക്‌ തന്നെ വീട്ടിലേക്ക്‌ തിരിക്കണം എന്ന ചിന്ത എന്റെ ഉറക്കം വല്ലാതെ നശിപ്പിച്ചു. ഒരുവിധത്തില്‍ ഒരു ആറുമണി വരെയൊക്കെ ഞാന്‍ ഉറങ്ങി. പിന്നെ എണീറ്റു. പതുക്കെ ബാഗ്‌ തുറന്ന്‌ ടവലും കഴുത്തിലിട്ട്‌ ബാല്‍ക്കണി തുറന്ന്‌ പുറത്തേക്കിറങ്ങി.
ആഹാ... എന്താ ഒരു കാഴ്ച!
ചുറ്റുമുള്ള ഒരു ദൃശ്യവും കാണാത്ത രൂപത്തില്‍ കോടമഞ്ഞു മൂടി നില്‍ക്കുന്നു. പതുക്കെ ആ മഞ്ഞ്‌ നീങ്ങുകയാണ്.
മേഘപാളികളെ തൊടാനാവും എന്നു തോന്നും പോലെയുള്ള മഞ്ഞ്‌.. കഥകളിലും മറ്റും മാത്രം പരിചയിച്ച കോടമഞ്ഞ്‌.. വാക്കുകള്‍ കിട്ടുന്നില്ല. ഇത്ര മനോഹര ദൃശ്യം മൂന്നാറിലോ കുട്ടിക്കാനത്തോ മാത്രമേ കാണാന്‍ സാധിക്കൂ....അല്ല, കുടജാദ്രിയിലും കണ്ടിട്ടുണ്ട്‌..
ഏതായാലും എറണാകുളത്ത്‌ ഇത്ര മനോഹരദൃശ്യം കാണാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ഞാന്‍ പറന്നു ചെന്ന്‌ ബാഗ്‌ തുറന്ന്‌ ക്യാമറ കൈയിലെടുത്തു. പത്തിരുപത്തഞ്ച്‌ സ്നാപ്സ്‌ എടുത്തു. ഭാര്യയെ കാണിക്കണം. കോടമഞ്ഞ്‌ എക്സ്പീരിയന്‍സ്‌ ചെയ്ത കഥ പറയണം. എന്നൊക്കെ വിചാരിക്കുകയും ചെയ്തു. പിന്നെ വീട്ടില്‍ പോകാനുള്ള ധൃതിയില്‍ പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞ്‌ റൂമില്‍ നിന്നും പുറത്തിറങ്ങി.
ഡൈനിംഗ്‌ റൂമിലെത്തിയ എന്നെ കാത്ത്‌ നല്ല സൂപ്പര്‍ ഇഡ്ഡലിയും ചട്നിയുമെല്ലാം സുഹൃത്തിന്റെ ഭാര്യ എനിക്കായി ഒരുക്കി വെച്ചിരിക്കുകയാണ്‌.. ഒരു ജഗ്ഗില്‍ ചായയും പകര്‍ന്നു വെച്ചിരിക്കുന്നു.
ഭേഷാ കഴിച്ചു.
നല്ല അഭിപ്രായവും പറഞ്ഞു. പിന്നെ ചോദിച്ചു.
"ഈ കോട എപ്പോഴും കാണാന്‍ പറ്റുമോ?"
സുഹൃത്തിന്റെ ഭാര്യ അമ്പരന്നു.
"കോടയോ? എവിടെ?"
"ഇവിടെ, ബാല്‍ക്കണിയില്‍, രാവിലെ കണ്ടല്ലോ..."
"ബാല്‍ക്കണിയിലോ..നോക്കട്ടെ..."
കക്ഷി ചെന്നു നോക്കി. കോടയും കീടയുമൊന്നുമില്ല. "ഏയ് ‌...ഇദ്ദേഹത്തിനു വെറുതേ തോന്നിയതായിരിക്കും. അവിടെ കോടയൊന്നുമില്ല."
"അല്ലെന്നെ...ഞാന്‍ ശരിക്കു കണ്ടതാ...വേണമെങ്കില്‍ നോക്കിക്കോ..."
(ഹും! എന്നോടാ കളി? ഞാന്‍ ക്യാമറ ചുമന്നോണ്ടു നടക്കുന്നത്‌ പിന്നെ ചുമ്മാതാണോ???)
നേരത്തെ എടുത്ത ചിത്രങ്ങള്‍ തെളിവിനായി ഞാന്‍ കാണിച്ചു കൊടുത്തു.
പിന്നെ കേട്ടത്‌ ഒരു അലറിച്ചിരിയായിരുന്നു.
ഭര്‍ത്താവിന്റെ കൂട്ടുകാരനാണ്‌, അതിഥിയാണ്‌ എന്ന ബഹുമാനമെല്ലാം എടുത്ത്‌ വലിച്ചെറിഞ്ഞ്‌ കൂവിക്കളിയാക്കി ഒരു ചിരി.
കുളിമുറിയില്‍ പകുതിയില്‍ നിന്നിരുന്ന കൂട്ടുകാരന്‍ പോലും പാഞ്ഞു പുറത്തെത്തി. അവനെയും ഞാന്‍ കോട ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. ഭാര്യയുടെ ചിരിയില്‍ പങ്കുചേര്‍ന്ന അവന്‍ ചിരിക്കിടയില്‍ എന്നോടു പറഞ്ഞു.
"എടാ...അതു കോടയും കീടയുമൊന്നുമല്ല....അപ്പറത്ത്‌ അഞ്ചാറ്‌ കമ്പനികളൊണ്ട്‌. അതിന്റെ വെഷപ്പൊകയാ.... ഞങ്ങളതു കൊണ്ട്‌ ആ സൈഡിലെ ജനലും ബാല്‍ക്കണീമൊന്നും തൊറക്കാറില്ല!"
മനസ്സിലൊരു താങ്ക്സും പറഞ്ഞ്‌ ഇഡ്ഡലീം തിന്ന്‌ ബാഗും കോടയുടെ ചിത്രങ്ങളുമെടുത്ത്‌ മറ്റേതു പോയ മറ്റതിന്റെ പോലെ ഞാന്‍ പയ്യെ വീട്ടിലേക്കു പോന്നു.
 
Copyright © '