ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Monday, September 24, 2012

ചില കോഴിക്കഥകള്‍

6 comments
ന്‍റെ തൊട്ടടുത്ത വീട്ടിലെ ചേടത്തി കുറേ കോഴികളെ വളര്‍ത്തിയിരുന്നു.
അവരുടെ പ്രധാന വരുമാനം കോഴികള്‍ തന്നെ എന്നു പറയുന്നതാണ്‌ ശരി. പണ്ടത്തെ ഒരു ചൊല്ലു പറയുന്നതു പോലെ വെല്ലവന്‍റെയും പറമ്പു കണ്ട്‌ കോഴിയെ വളര്‍ത്തുകയായിരുന്നു ചേടത്തി! അവരുടെ കോഴികള്‍ ഞങ്ങളുടെ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും ചിരികള്‍ ഉണര്‍ത്തി ഇപ്പോഴും ഞങ്ങളുടെ പറമ്പിലൂടെ കൊത്തിയും ചിക്കിപ്പെറുക്കിയും നടക്കുന്നു.
രാവിലെ ഒരു ആറു മണിയാകുമ്പോള്‍ ചേടത്തി കോഴികളെ തുറന്നു വിടും.
വലിയ വലിയ കോഴികള്‍ തനിയെ ഞങ്ങളുടെ പറമ്പിലെത്തിക്കോളും. ചെറുതുകളെയും കുഞ്ഞുങ്ങളെയും മറ്റും ചേടത്തി പതിയെ പൊക്കി ഞങ്ങളുടെ മതിലിനു മുകളില്‍ വെക്കും. അവിടെ നിന്നും അവറ്റ പതിയെ പറമ്പിലേക്കിറങ്ങിക്കോളും.

ഞങ്ങള്‍ ചിരിച്ച കഥകള്‍ എല്ലാവരെയും ചിരിപ്പിക്കണമെന്നില്ല എങ്കിലും അവ ഇങ്ങനെ ആയിരുന്നു.

വളരെ ചെറുപ്പത്തിലെ കഥയാണ്‌.
പല പ്രാവശ്യം കോഴികളെ പറമ്പിലേക്കു വിടരുത്‌ എന്ന ഞങ്ങളുടെ നിവേദനം ചേടത്തി തൃണവല്‍ഗണിച്ചതു കൊണ്ട്‌ ഗത്യന്തരമില്ലാതെ, ചിലപ്പോള്‍ കോഴികളുടെ എണ്ണം കുറഞ്ഞാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന പ്രഖ്യാപനം അച്ഛന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ആ ധൈര്യത്തില്‍ ഒരിക്കല്‍ ഞാന്‍ ഒരു കല്ലേടുത്ത്‌ കോഴിക്കൂട്ടത്തിലേക്കെറിഞ്ഞു.
കീ കീ എന്ന ഒരു ശബ്ദം കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ കോഴികള്‍ രണ്ടു മൂന്നെണ്ണം ചിറകുകള്‍ പരസ്പരം തല്ലി ചോര തെറിപ്പിച്ച്‌ ഉയര്‍ന്നു പൊങ്ങി തൂവലുകള്‍ പറത്തി ഭീകര ദൃശ്യം തീര്‍ക്കുന്നു.
ഞാന്‍ ഭയങ്കര ധൈര്യവാനായതു കൊണ്ട്‌ ജീവനും കൊണ്ടോടി.
ഏകദേശം ഒന്നു രണ്ടു മണിക്കൂറ്‍ കഴിഞ്ഞ്‌ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ രണ്ടെണ്ണം അല്‍പ ജീവനായി അവിടെ കിടപ്പുണ്ട്‌.
ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന ഉറപ്പോടെ ഞാന്‍ ഒരു തെങ്ങിന്‍ കുഴിയിലെ അല്‍പം മണ്ണു മാറ്റി ഒരു കമ്പു കൊണ്ട്‌ കോഴികളെ കുത്തി കുഴിയിലാക്കി. അല്‍പം മണ്ണു മൂടി. ബാക്കി ഓലകളും മറ്റുമിട്ട്‌ മൂടി. പതുക്കെ വീട്ടിനകത്തു കേറി വാതിലടച്ചു.
കുറേ നേരം അതു തന്നെ ചിന്തിച്ചു കിടന്ന്‌ ഞാന്‍ ഉറങ്ങിപ്പോയി.

"ഡാ....." ഒരു വിളി.
അമ്മയാണ്‌.
"നീ ചേടത്തിയുടെ കോഴികളെ കല്ലെറിഞ്ഞു കൊന്നോ?"
"ഇല്‍.............. "
"നുണ പറയണ്ടാ.. "
ഇത്രയായപ്പോഴേയ്ക്കും എനിക്കുറപ്പായി. കോഴികളുടെ എണ്ണം കുറഞ്ഞപ്പോ ചേടത്തി പരാതി പറഞ്ഞിരിക്കുകയാണ്‌. രണ്ടെണ്ണം കുറഞ്ഞിട്ടുണ്ട്‌. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന ലോജിക്കില്‍ ഇറങ്ങിയിരിക്കുകയാണ്‌.
പക്ഷെ ഇത്തവണ പിടിക്കപ്പെടുകയില്ല. കാരണം കല്ലെറിയുന്നതും കൊല്ലുന്നതും കുഴിച്ചിടുന്നതുമൊന്നും ആരു ം കണ്ടിട്ടില്ല.
"ഏയ്‌..ഞാനല്ല. ഞാനാണെങ്കില്‍ സമ്മതിക്കാതിരിക്കേണ്ട കാര്യമെന്താ... "
"ഏയ്‌ അവനല്ല. അവനാണെങ്കില്‍ സമ്മതിക്കും."
ചേടത്തിയോട്‌ അമ്മ. പുത്രസ്നേഹം!
ചേടത്തി സമാധാനത്തോടെ പോയി. അവനല്ല. അവനാണെങ്കില്‍ പറഞ്ഞേനെ.
ഞാന്‍ ഓടി അകത്തു കേറി വാതിലടച്ചു. ദൈവം തമ്പുരാനു നന്ദി പറഞ്ഞു. അധിക സമയം കഴിഞ്ഞില്ല. വീണ്ടും അമ്മയുടെ വിളി.
"ഡാ... "
നല്ല കുട്ടിയായി പുറത്തെത്തിയ ഞാന്‍ സത്യമായും ഭൂമി പിളര്‍ന്ന്‌ അപ്രത്യക്ഷനാകാന്‍ ആഗ്രഹിച്ചു. എന്‍റെ കാലന്‍ തെങ്ങു കയറൂന്ന അയ്യപ്പന്‍ ചേട്ടന്‍റെ രൂപത്തില്‍ രണ്ടു കോഴികളുടെ ഡെഡ്ബോഡികളുമായി നില്‍ക്കുന്നു.
കൂടെ ഒരു ചോദ്യവും.

"ഞാന്‍ തെങ്ങിന്‍റെ മുകളിലിരുന്നു കണ്ടതാ... മോന്‍ കല്ലെറിഞ്ഞു കൊന്നു കുഴിച്ചിട്ട ഈ കോഴിക്കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ടുപൊയ്ക്കോട്ടെ...... "

മറ്റൊരിക്കല്‍ എന്തോ ചുറ്റിക്കളിയുമായി വീടിനു പുറത്തിറങ്ങിയ ഞാന്‍ കണ്ടത്‌ നിരനിരയായി നട്ടിരിക്കുന്ന ജാതി തൈകളുടെ കട ചിക്കിച്ചികഞ്ഞു നശിപ്പിക്കുന്ന മുട്ടക്കാട്ടന്‍ കോഴികളെയാണ്‌.
പതുക്കെ ഒരു കല്ലെടുത്ത്‌ ശബ്ദമുണ്ടാക്കാതെ ഞാന്‍ ഒരു കോഴിയുടെ റേഞ്ചിലെത്തി.
എറിയാനായി കൈ ഉയര്‍ത്തിയ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു കോഴിയുടെ ഭാഗത്തു നിന്നുമുണ്ടായത്‌.

"ഠെങ്ങ്‌!"
എന്ന ഒരു സ്ഫോടനാത്മകമായ ഭാവത്തോടെ കോഴി ഒന്നു വെട്ടിത്തിരിഞ്ഞു. പിന്നെ ക്രൌര്യം ഒളിപ്പിച്ച കണ്ണുകളുമായി ചിറകൊന്നു വിടര്‍ത്തി. പിന്നെ എന്‍റെ പുറകേ പാഞ്ഞെത്തി.
ജീവനും കൊണ്ടോടുന്ന ഓട്ടത്തിനിടയ്ക്ക്‌ ഞാന്‍ പുതിയ പല പാഠങ്ങളും പഠിച്ചു. എല്ലാ കോഴികളും ഒരേ പോലെ നിസ്സഹായരല്ല. ഗിരിരാജ എന്ന ഇനത്തിലും മറ്റുമുള്ള കോഴികള്‍ക്ക്‌ എന്നേക്കാള്‍ ശക്തിയും കരുത്തുമുണ്ട്‌.
പക്ഷേ ഇതൊന്നും രക്ഷപ്പെടാന്‍ പര്യാപ്തമല്ലല്ലോ...സോറി പറഞ്ഞിട്ടും കാര്യമില്ല.
പിന്നീട്‌ തോന്നിയ ഒരു ബുദ്ധി ഉറക്കെ കൂവുക എന്നതായിരുന്നു.
കൂവി.
ആരാണാവോ കൂവുന്നത്‌ എന്നറിയാന്‍ വാതില്‍ തുറന്ന അമ്മയെ തള്ളി മാറ്റി ഞാന്‍ അകത്തു കയറി വാതിലടച്ചു.

ഭാഗ്യം! നിക്കറിന്‍റെ കുറച്ചു ഭാഗവും ഷര്‍ട്ടിന്‍റെ പുറകുഭാഗവും കീറിയതൊഴികെ മറ്റൊന്നും പറ്റിയില്ല.

ചൂടന്‍ പട്ടി!

1 comments
മുന്‍പ്‌ ഞാന്‍ തലസ്ഥാനത്തുള്ള ഒരു പത്ര സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നപ്പോള്‍ പാതിരായ്ക്കു ശേഷവും തുറന്നിരിക്കുകയും അതീവ രുചികരമായ പുട്ടും മട്ടന്‍ കറി, മട്ടന്‍ ഫ്രൈ, കോഴി വറുത്തത്‌ തുടങ്ങിയവയും ബിരിയാണിച്ചായയും മിതമായ നിരക്കില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഹോട്ടല്‍ അട്ടക്കുളങ്ങരയില്‍ (കിഴക്കേകോട്ടയ്ക്കു സമീപം) ഉണ്ടായിരുന്നു.
രുചികരമായതു കൊണ്ടു മാത്രമല്ല, രാത്രിയില്‍ വല്ലവ
ന്‍റെയും ബൈക്കോടിച്ചോ അല്ലെങ്കില്‍ അഞ്ചു കിലോമീറ്ററോളം നടന്നോ തണുപ്പൊക്കെയടിച്ച്‌ അത്രടം വരെ പോയി എന്തെങ്കിലും കഴിക്കുന്നതിന്‍റെ  ഒരു സുഖവും ഉണ്ടായിരുന്നു ആ ഭക്ഷണത്തിന്‌. നിത്യേനയുള്ള കസ്റ്റമേഴ്സ്‌ ആയതു കൊണ്ട്‌ ഞങ്ങള്‍ വരുമ്പോഴേയ്ക്കും കൊള്ളാവുന്ന പീസുകളുമായി സ്ഥിരം വെയിറ്റര്‍മാര്‍ സമീപിക്കും. ഓരോരുത്തരുടെയും ടേസ്റ്റ്‌ അനുസരിച്ച്‌ കറി, റോസ്റ്റ്‌, ഫ്രൈ എന്നിങ്ങനെ തരം തിരിച്ച്‌ കൊണ്ടൂത്തരും. ഞങ്ങള്‍ ഭേഷാ കഴിക്കും, ഏമ്പക്കം വിടും, ബൈക്കോടിച്ചോ നടന്നോ റൂമിലെത്തും, വയറു വിലങ്ങി കിടന്നുറങ്ങും.
പല അവസരങ്ങളിലും കടയുടെ മുന്‍പില്‍ നല്ല ജമുനാപ്യാരി ഇനത്തിലും മറ്റുമുള്ള കൂറ്റന്‍ ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കാണാം. വലിയ കൊമ്പൊക്കെ വളഞ്ഞ്‌ അകത്തേക്കു പിരിഞ്ഞൊക്കെയിരിക്കുന്ന അടുത്തു കൂടെ നടക്കാന്‍ പോലും പേടിയാകുന്നയിനം ഉരുപ്പടികള്‍. പറയപ്പെട്ടിരുന്നത്‌ വെട്ടാനുള്ള ഉരുക്കളായിരുന്നു അവ എന്നാണ്‌. ചില പ്രത്യേക സമയങ്ങളില്‍ അതായത്‌ എ
ന്‍റെ ഓര്‍മ ശരിയാണെങ്കില്‍ വൈകീട്ട്‌ 6 മുതല്‍ എട്ടര വരെയോ മറ്റോ മാത്രം അഞ്ചു രൂപാ നിരക്കില്‍ ആട്ടിന്‍ സൂപ്പും രാത്രിയില്‍ ഏതോ സമയത്ത്‌ ആട്ടിന്‍ തലച്ചോറും കഴിക്കാന്‍ സ്ഥിരം കക്ഷികള്‍ അവിടെ വരുമായിരുന്നു. സ്ഥിരം കസ്റ്റമേഴ്സ്‌ ആയിരുന്നിട്ടു കൂടി ഞങ്ങള്‍ക്ക്‌ ഈ വിശിഷ്ട ഐറ്റംസ്‌ ഒന്നും കിട്ടാറില്ലായിരുന്നു. കാരണം അവ തയ്യാറാക്കുന്ന ചില പ്രത്യേക സമയങ്ങളില്‍ ഞങ്ങള്‍ക്ക്‌ അവിടെ പോകാന്‍ സാധിച്ചിരുന്നില്ല. തലച്ചോറും മറ്റും ആടിന്‍റെ തലയില്‍ ഇരിക്കുമ്പോള്‍ തന്നെ ബുക്കിംഗ്‌ ആണെന്നായിരുന്നു ഞങ്ങളുടെ അറിവ്‌.
സത്യം പറയണമല്ലോ.. മൂന്നു വര്‍ഷം അവിടെ നിന്നു കഴിച്ചിട്ടും വയറിനോ പോക്കറ്റിനോ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. സമീപ കാലത്ത്‌ സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രം കണ്ട്‌ കാണാനിരിക്കുന്ന നൂറായിരം സുഹൃത്തുക്കളെ വിളിച്ച്‌ "ഡാ...ആ സിനിമേടെ തൊടക്കത്തിലെ പാട്ടില്‍ കാണിക്കണ ആ കടയാ ഞാന്‍ എപ്പോഴും പറയാറുള്ള രാത്രി ഹോട്ടല്‌...മറ്റേ മട്ടനൊക്കെ കിട്ടണത്‌...." എന്നൊക്കെ പറഞ്ഞ്‌ പരിചയപ്പെടുത്തുകയും ചെയ്തു.
ഇത്രയും കേട്ട്‌ കൊതിയൂറുന്നവര്‍ക്കായി ഇത്രകൂടി.
കഴിഞ്ഞ ദിവസം അവിടെ നിന്ന്‌ പട്ടിയിറച്ചി പിടികൂടി.
നല്ല ഫുഡ്‌ കിട്ടുമെങ്കില്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും പോകാനും എന്നാ തേങ്ങാക്കൊല വേണേലും കഴിക്കാനും എനിക്ക്‌ പ്രചോദനമായ ആ ഹോട്ടലില്‍ നിന്ന്‌ വര്‍ഷങ്ങളോളം രുചികരമായ ഇറച്ചി ഞാന്‍ കഴിച്ചത്‌ പട്ടിയിറച്ചിയായിരുന്നെങ്കില്‍ ഞാന്‍ പറയുന്നു.
പട്ടിയിറച്ചി നല്ലതാണ്‌.
ശരീരത്തിന്‌ കേടുകളൊന്നും അത്‌ ഉണ്ടാക്കില്ല.
നമ്മുടെ ശരീരത്തി
ന്‍റെ ഭാരം അറുപതുകളില്‍ നിന്ന്‌ എണ്‍പതുകളിലേക്ക്‌ ഉയര്‍ത്താന്‍ അതിന്‌ കഴിവുകളുണ്ട്‌.
ഞങ്ങളുടെ നാട്ടിലൊക്കെ നാട്ടുമ്പൊറത്തുകാര്‍ കറുത്ത പൂച്ച, മലമ്പാമ്പ്‌, പെരുമ്പാമ്പ്‌, കീരി, പെരുച്ചാഴി, കാക്ക, കാട്ടുമാക്കാന്‍, ഉടുമ്പ്‌ തുടങ്ങിയ ജീവികളെയൊക്കെ തരത്തിനു കിട്ടിയാല്‍ തല്ലിക്കൊന്ന്‌ തിന്നിരുന്നതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷെ പട്ടിയിറച്ചി ആരും തിന്നതായി അറിവില്ല.
പഴയ ഒരു ചൊല്ല്‌ ഓര്‍മ വരുന്നു. പറഞ്ഞാല്‍ അമ്മായി ചീത്ത പറയും. പറഞ്ഞില്ലേല്‍ അമ്മാവന്‍ പട്ടിയിറച്ചി തിന്നും.

ഇത്രയും
പറഞ്ഞത്‌ അറിയാതെ കഴിച്ച പട്ടിയിറച്ചിയുടെ കഥയാണെങ്കില്‍ അറിഞ്ഞു കൊണ്ടു കഴിച്ച പട്ടിയിറച്ചിയുടെ കഥയാണിനി.

എറണാകുളത്ത്‌
ജോലി ചെയ്യുമ്പോഴാണ്‌ സംഭവം.
ജോലി കഴിഞ്ഞ്‌ രാത്രി വീട്ടിലേക്കുള്ള വണ്ടി കാത്ത്‌ ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അതീവഹൃദ്യമായ ഒരു മണം വരുന്നു. വെന്തു കാഞ്ഞ ചീനച്ചട്ടിയില്‍ വെള്ളം തെറിപ്പിക്കുന്ന ശബ്ദവും വരുന്നു.
ബസ്‌ വരാന്‍ ഇനിയും സമയമുണ്ട്‌. ശബ്ദവും ഗന്ധവും വഴി കാണിച്ചു. പാലാരിവട്ടത്തെ ഒരു വലിയ ഹോട്ടല്‍ കം ബേക്കറിയുടെ (ഇന്നില്ല) മുന്നിലെത്തിച്ചു. ഹോട്ടലിണ്റ്റെ മുന്‍പില്‍ താല്‍ക്കാലികമായി ഒരു കാറ്ററേഴ്സ്‌ പന്തല്‍ കെട്ടിയൊരുക്കിയിരിക്കുകയാണ്‌. തൊപ്പിയൊക്കെ വെച്ച കക്ഷികള്‍ അതുമിതുമൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ന്‍ ജനക്കൂട്ടം എന്തോ വെറുതേ കൊടുക്കുന്നുണ്ടെന്നു കേട്ട പോലെ തിക്കും തിരക്കും ഉണ്ടാക്കുന്നു.
ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു കൌണ്ടറിനു മുന്‍പിലേ തിരക്കുള്ളൂ. ഭീകര തിരക്ക്‌.
എന്താണാവോ ഐറ്റം എന്നു ശ്രദ്ധിച്ച ഞാന്‍ കിടുങ്ങിപ്പോയി.

ഹോട്ട്‌ ഡോഗ്‌!
ചൂടന്‍ പട്ടി!
ഒരു വലിയ ഓക്കാന ശബ്ദം എ
ന്‍റെ വായില്‍ നിന്നും പുറത്തു ചാടി. എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാന്‍ എന്‍റെ മനസ്സു പറഞ്ഞു.
ബട്ട്‌, വൈ ദിസ്‌ കൊലവെറി?
എന്തായിരിക്കും ആളുകള്‍ ഇങ്ങനെ തിരക്കുണ്ടാക്കുന്നത്‌?
എങ്ങനെയാണ്‌ ഇതുണ്ടാക്കുന്നത്‌?
ചിന്താക്കുഴപ്പം എന്നെ പിടികൂടി.
പക്ഷെ ഭക്ഷണത്തോടുള്ള എ
ന്‍റെ ആസക്തി എന്നെ മുന്നോട്ടു നയിക്കുകയാണ്‌. അറിയാതെ ഞാന്‍ ആ ക്യൂവില്‍ കേറി. പലവിധ ചിന്തകള്‍ എന്‍റെ മനസ്സിലുണ്ടായി. പട്ടിയിറച്ചി തിന്നാനായിരിക്കുമോ ഇത്ര ആളുകള്‍ തിക്കിത്തിരക്കുന്നത്‌? ഇങ്ങനെ ആളുകള്‍ തിരക്കുണ്ടാക്കണമെങ്കില്‍ ഈ സംഗതി അടിപൊളിയായിരിക്കണമല്ലോ.. കഴിക്കരുതാത്തതാണെങ്കില്‍ പിന്നെ ഇങ്ങനെ തിരക്കുണ്ടാക്കണോ?

എന്തിനേറെപ്പറയുന്നു, അടുത്തെത്തുമ്പോഴേക്കും മാനസികമായിത്തന്നെ പട്ടിയിറച്ചി തിന്നാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു.
വലിയ താമസമില്ലാതെ എ
ന്‍റെ കൈയിലും ഒരു പ്ളേറ്റില്‍ പട്ടിയിറച്ചി ഒരു ബണ്ണിലും മറ്റും പൊതിഞ്ഞ്‌ ആവിപറക്കുന്ന രീതിയില്‍ എത്തി.
പറഞ്ഞ തുക കൊടുത്തു. ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കി, കൈയിലിരുന്ന ടൌവല്‍ തല വഴി മൂടി ഞാന്‍ ആര്‍ത്തിയോടെ ആ പട്ടിയിറച്ചി അകത്താക്കി.
ഗാന്ധിജി ആട്ടിറച്ചി അകത്താക്കിയ ശേഷം രാത്രി മുഴുവന്‍ ആടി
ന്‍റെ കരച്ചില്‍ വയറ്റില്‍ നിന്നു കേട്ടതായി കഥകള്‍ വായിച്ചിട്ടുണ്ട്‌. എന്‍റെ വയറില്‍ പട്ടി കുരച്ചില്ലെന്നു മാത്രമല്ല, ഞാന്‍ സുഖമായുറങ്ങുകയും ചെയ്തു.
പക്ഷെ ഈ ചരിത്രസംഭവം എവിടെയും രേഖപ്പെടുത്താതെ പോകരുത്‌ എന്ന്‌ എ
ന്‍റെ മനസ്സ്‌ പറഞ്ഞു.
പിറ്റേന്ന്‌ ആരോടും പറയരുത്‌ എന്ന ആമുഖത്തോടെ ലജ്ജാവദനനായി ഞാന്‍ ഒരു സഹപ്രവര്‍ത്തകനോട്‌ പട്ടിയിറച്ചി തിന്ന കഥ പറഞ്ഞു.
ഒരു വല്യ കാര്യം ചെയ്തതു പോലെ ഇരിക്കുന്ന എന്നെ നോക്കി എന്നേക്കാള്‍ സാമൂഹിക പരിജ്ഞാനമുള്ള ആ സുഹൃത്ത്‌ നെഞ്ചു പൊട്ടിപ്പോകും പോലെ ചിരിച്ചു. പിന്നെ പറഞ്ഞു.
എടാ മണ്ടാ... ഹോട്ട്‌ ഡോഗ്‌ ചൂടന്‍ പട്ടിയല്ല. ചിക്കനാ... പട്ടിയിറച്ചി ആരെങ്കിലും കഴിക്കുമോ?

ഇന്നാണെങ്കില്‍
പറയാമായിരുന്നു. പിന്നേ...പട്ടിയിറച്ചി കഴിക്കുന്നവരുണ്ട്‌....ചെലപ്പോ നീയും കഴിച്ചിട്ടുണ്ടാകും...

അനുബന്ധം
: ഹോട്ട്‌ ഡോഗ്‌ എന്ന പേരില്‍ അമേരിക്കയില്‍ പട്ടിയിറച്ചി വിളമ്പുന്ന രീതിയ്ക്ക്‌ പ്രിയമേറുന്നു. (കേരളത്തിലെ ഒരു പ്രമുഖ പത്രം)

"ടൈഗര്‍" ഇസ്‌ ജമ്പിംഗ്‌!

1 comments
വല്ലതും നാലക്ഷരം പഠിപ്പിച്ച്‌ എന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അദ്ധ്യാപകരെ കളിയാക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ പോസ്റ്റ്‌. മറിച്ച്‌ ഉരുളയ്ക്കുപ്പേരി എന്ന കലയില്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത ചില അദ്ധ്യാപകര്‍ക്കുള്ള പ്രണാമമാണ്‌.
കാലടി ശ്രീ ശങ്കരാ കോളേജില്‍ ഞാന്‍ പഠിക്കുമ്പോഴുള്ള ഒരു കഥയാണ്‌.
രവീന്ദ്രന്‍ സാര്‍ തകര്‍ത്ത്‌ ക്ളാസ്‌ എടുത്തുകൊണ്ടിരിക്കുകയാണ്‌. വില്ല്യം വേര്‍ഡ്സ്‌വര്‍ത്തിന്‍റെ  ഡാഫോഡിത്സ്‌ ആണു പദ്യഭാഗം. ക്ളാസ്‌ അതീവ രസകരമായതു കൊണ്ടാകണം എവിടെ നിന്നോ ഒരു ബസ്സിംഗ്‌ സൌണ്ട്‌ ഉദ്ഭവിച്ചു. ആരോ തകര്‍ത്ത്‌ മൂളുകയാണ്‌. ഒരു തരം കടന്നല്‍ കൂട്‌ ഇളകിയിരിക്കുന്ന പോലെയുള്ള ശബ്ദം. ആരാണെന്നു വ്യക്തമല്ല.
സാര്‍ പഠിപ്പിക്കല്‍ നിര്‍ത്താനൊന്നും പോയില്ല. അതിനിടെ തന്നെ ക്ളാസിനിടയിലൂടെ ചെവി വട്ടം പിടിച്ച്‌ നടന്നു. ഒടുക്കം കടന്നലിനെ കണ്ടെത്തി. മുന്‍നിരയില്‍ത്തന്നെയുണ്ട്‌.
കണ്ടെത്തിയ ശേഷം സാറിന്‍റെ  പഠിപ്പിക്കല്‍ ഇങ്ങനെയായിരുന്നു.
"(ഉറക്കെ) ഐ വാണ്ടേര്‍ഡ്‌ ലോണ്‍ലി ആസ്‌ എ ക്ളൌഡ്‌ ....
(പതുക്കെ. മൂളുന്നവനു മാത്രം കേള്‍ക്കാന്‍ പാകത്തില്‍ )
നിന്‍റെ  അപ്പനാ മുന്‍പില്‍ എന്നു വിചാരിച്ചോടാ മരമാക്രീ...
(വീണ്ടും ഉറക്കെ) ഓവര്‍ ദ ഹിത്സ്‌ ആന്‍ഡ്‌ വേത്സ്‌...

കടുവാ എന്നു പ്രശസ്തനായ ഒരു അദ്ധ്യാപകനുണ്ടായിരുന്നു കോളേജില്‍.
ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും ആ പേര്‌ തികച്ചും അനുയോജ്യവുമായിരുന്നു. വിഷയം ഇംഗ്ളീഷ്‌.
ഒരു ദിവസം സാര്‍ ക്ളാസ്‌ എടുക്കുകയാണ്‌. പെട്ടെന്ന്‌ ക്ളാസില്‍ ഒരു ഗിറ്റാറിന്‍റെ  കമ്പി വലിച്ചു വിട്ട പോലെയുള്ള ശബ്ദം. ഒരിക്കലല്ല, പല പ്രാവശ്യം. അന്നൊക്കെ സുലഭമായി കിട്ടിയിരുന്ന അശോക്‌ ബ്ളേഡിന്‍റെ  പൊട്ടുകഷണങ്ങള്‍ മരം കൊണ്ടുള്ള ഡസ്കിന്‍റെ  വിടവുകളില്‍ കുത്തി നിര്‍ത്തി കൈകൊണ്ട്‌ മീട്ടിയാല്‍ കേള്‍ക്കുന്ന അതേ ശബ്ദം.
ക്രമത്തിലധികം ദേഷ്യം വന്ന കടുവാ ഗര്‍ജിച്ചു.
"ആരെടാ അത്‌?"
(പിന്നേ...ചോദിച്ച ഉടനെ കുറ്റവാളി എഴുനേറ്റു നില്‍ക്കുകയല്ലേ...)
ആരും എണീറ്റില്ല. ദേഷ്യം കടിച്ചമര്‍ത്തി കടുവാ സംശയാസ്പദമായി ഇരുന്ന ഒരുത്തനെ എണീപ്പിച്ചു. എന്നിട്ടു ചോദിച്ചു.
"നിനക്കൊക്കെ ഒരു വാചകം തെറ്റാതെ ഇംഗ്ളീഷില്‍ പറയാനറിയാമോടാ...ഒച്ചയുണ്ടാക്കാന്‍ നടക്കുന്നു. പറയെടാ ഒരു വാചകം. "
കുറ്റവാളി മുരടനക്കി. ഘനഗംഭീരമായി പറഞ്ഞു.

"ടൈഗര്‍" ഇസ്‌ ജമ്പിംഗ്‌!

കൊരട്ടി പോളിടെക്നിക്കിലെ ഞങ്ങളുടെ അദ്ധ്യാപകരെല്ലാം തന്നെ ഗസ്റ്റുകളായിരുന്നു. ആരും ഒന്നര രണ്ടു മാസത്തിലധികം നില്‍ക്കില്ല.
അങ്ങനെയിരിക്കേ ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ നന്നായി പഠിപ്പിക്കുന്ന ഒരു സാര്‍ ക്ളാസെടുക്കാനെത്തി.
രാജേഷ്‌ എന്നായിരുന്നു കക്ഷിയുടെ പേര്‌. ചിരിയും ചിന്തകളും വിഷയങ്ങളും എല്ലാം അനുസ്യൂതം പ്രവഹിച്ച ആ മാന്യദേഹത്തിന്‍റെ  ക്ളാസില്‍ കവിതകള്‍ക്കും തമാശകള്‍ക്കും മിക്കവാറും എല്ലാ കുട്ടികള്‍ക്കും എന്തിന്‌ സാറിനു തന്നെയും കളിപ്പേരുകള്‍ക്കും സ്ഥാനമുണ്ടായി.
ഏറ്റവും വലിയ തമാശ, പഠിപ്പിക്കാനുള്ള എല്ലാ വിഷയങ്ങളും താന്‍ പഠിച്ചിട്ടില്ലാത്തവയായതിനാല്‍ വളരെ അധ്വാനിച്ച്‌ രാത്രി ഇരുന്നു പഠിച്ചായിരുന്നു പിറ്റേന്ന്‌ ഞങ്ങളെ പഠിപ്പിക്കാന്‍ കക്ഷി വന്നിരുന്നതെന്നതായിരുന്നു.
അങ്ങനെ ഒരു ദിവസം,ക്ളാസ്‌ തകര്‍ത്തു നടക്കുകയാണ്‌.
ഇന്‍സ്റ്റ്രുമെന്‍റെഷനും പവര്‍ ഇലക്ട്രോണിക്സും മറ്റും പറഞ്ഞ്‌ കത്തിക്കേറിയിരുന്ന സാര്‍ നോക്കിയപ്പോള്‍ പുറകു ബെഞ്ചിലിരുന്ന്‌ ഒരുത്തന്‍ വര്‍ത്തമാനം പറഞ്ഞു ചിരിക്കുന്നു.
അവന്‍റെ  ചിരി കണ്ട്‌ ചിരിപൊട്ടിയ സാര്‍ ചോദിച്ചു.

"എന്താടാ ഒരു ചിരി?"

സാറിന്‍റെ  ചിരികണ്ട്‌ ഉള്ളു തണുത്ത അവന്‍ മറുപടി പറഞ്ഞു.

"വെറുതെ"

ഉടന്‍ വന്നു സാറിന്‍റെ  അടുത്ത ചോദ്യം.

"നീ വെറുതെ ചിരിക്കാറുള്ള വിവരം വീട്ടിലൊക്കെ അറിയാമോ?"


Friday, August 10, 2012

കടല ഫ്രൈ

0 comments
ബീഫ്‌ ഫ്രൈ കഴിച്ചിട്ടുള്ളവര്‍ക്ക്‌ ഈ ലോകത്തെ ഏറ്റവും പ്രിയങ്കരമായ രുചി
മറ്റൊന്നായിരിക്കില്ല. പക്ഷെ ചില അപവാദങ്ങളുമുണ്ട്‌.
എറണാകുളം-തൃശൂറ്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ചില ഗെഡികള്‍ വെച്ചുണ്ടാക്കുന്ന പോര്‍ക്ക്‌ ഫ്രൈ കഴിച്ചാല്‍ ചിലപ്പോ അഭിപ്രായം മാറും.
അങ്ങനെ പോര്‍ക്കും ബീഫും കഴിച്ചു കഴിച്ച്‌ ഒരു കണ്ടീഷനായിരിക്കാലെ ഒരു ഗെഡി ശബരിമലയ്ക്കു പോകാന്‍ മാലയിട്ടു.
ഠപ്പ്‌! നോ നോണ്‍-വെജ്‌. ബീഫും പോര്‍ക്കും ഒക്കെ ഓര്‍മയായി.
അപ്പോ പുള്ളിയ്ക്കു തോന്നി, ഹയ്‌, ദെന്താപ്പോ വെജിറ്റേറിയന്‍സ്‌ അപ്പോ എങ്ങന്യാ കഴിച്ചു കൂട്ടണേ...ഈ അടിപൊളി രുചികളൊക്കെ കഴിക്ക്യാണ്ടെ... ഉടനെ ഒരു ഐഡിയ വന്നു. രുചികളൊക്കെ മസാലയുടെ ചില
പൊടിക്കൈകളാണല്ലോ....എന്നാ ഒരു പരീക്ഷണം നടത്തി നോക്കാം.
കക്ഷി രണ്ടും കല്‍പ്പിച്ച്‌ ഒരു ഉരുളി അടുപ്പത്തു വെച്ചു.
കുറച്ച്‌ വെളിച്ചെണ്ണ ഒഴിച്ചു.
ചൂടായപ്പോ കറിവേപ്പില കുറച്ച്‌ ഇട്ടു.
ഒരു രണ്ട്‌ സവാള കരുകുരൂന്ന്‌ അരിഞ്ഞിട്ടു.
ഏഴെട്ടു ചൊള വെളുത്തുള്ളി നന്നായി ചതച്ച്‌ ഇട്ടു.
പിന്നെ നന്നായി ഇളക്കി.
ഈ സവാളയൊക്കെ നന്നായി ചൊമന്നു കഴിഞ്ഞപ്പോ പയ്യെ പുള്ളി കൊറച്ച്‌ മൊളകുപൊടി, മല്ലിപ്പൊടി, അല്‍പം മഞ്ഞപ്പൊടി, പിന്നെ ഒരു ടേസ്റ്റിന്‌ ഇച്ചിരി കുരുമുളകു പൊടി ചേര്‍ത്തു.
കച കച കചാന്നു നന്നായി ഇളക്കി.
ഒരു എട്ടു പത്ത്‌ തേങ്ങാക്കൊത്തുകളും ചേര്‍ത്ത്‌ പിന്നേം ഇളക്കി.
പിന്നെ അടുക്കളയിലൊക്കെ നോക്കിയപ്പോ ദേ ഇരിക്കണു ബീഫ്‌ മസാല.
ഇച്ചിരി അവനെയും ചേറ്‍ത്തു.
ഇളക്കി.
സവാളയിമ്മെ മസാലയൊക്കെ നന്നായി പിടിച്ചപ്പോ പയ്യെ നേരത്തെ കുക്കറില്‍ നന്നായി വേവിച്ച കടല കോരി അതിലേക്ക്‌ അങ്ങനെ ഇട്ടു.
ഓരോ കടലമണിയുമ്മെയും മസാല പിടിക്കണ വരെ തിരിച്ചും മറിച്ചും ഇളക്കി. ഒരു കടും ബ്രൌണ്‍ നിറമാവണ വരെ ഇളക്കി.
എന്നിട്ട്‌ അങ്ങനെ ഇളക്കി ഇളക്കി ഇളക്കിക്കൊണ്ടിരിക്കണ കൈയിലുമ്മെ പറ്റിയിരിക്കണ മസാല ഇച്ചിരിയെടുത്ത്‌ പയ്യെ നാക്കത്ത്‌ അങ്ങനെ വെച്ചു
നോക്കി.
ഹയ്‌......ആരാ പറഞ്ഞെ ബീഫാണേറ്റവും ടേസ്റ്റെന്ന്...
ഈ കടല   ഫ്രൈ  ഒന്നു കഴിച്ചു നോക്കിയേ.......
 
Copyright © '