ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Monday, September 24, 2012

ചൂടന്‍ പട്ടി!

മുന്‍പ്‌ ഞാന്‍ തലസ്ഥാനത്തുള്ള ഒരു പത്ര സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നപ്പോള്‍ പാതിരായ്ക്കു ശേഷവും തുറന്നിരിക്കുകയും അതീവ രുചികരമായ പുട്ടും മട്ടന്‍ കറി, മട്ടന്‍ ഫ്രൈ, കോഴി വറുത്തത്‌ തുടങ്ങിയവയും ബിരിയാണിച്ചായയും മിതമായ നിരക്കില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഹോട്ടല്‍ അട്ടക്കുളങ്ങരയില്‍ (കിഴക്കേകോട്ടയ്ക്കു സമീപം) ഉണ്ടായിരുന്നു.
രുചികരമായതു കൊണ്ടു മാത്രമല്ല, രാത്രിയില്‍ വല്ലവ
ന്‍റെയും ബൈക്കോടിച്ചോ അല്ലെങ്കില്‍ അഞ്ചു കിലോമീറ്ററോളം നടന്നോ തണുപ്പൊക്കെയടിച്ച്‌ അത്രടം വരെ പോയി എന്തെങ്കിലും കഴിക്കുന്നതിന്‍റെ  ഒരു സുഖവും ഉണ്ടായിരുന്നു ആ ഭക്ഷണത്തിന്‌. നിത്യേനയുള്ള കസ്റ്റമേഴ്സ്‌ ആയതു കൊണ്ട്‌ ഞങ്ങള്‍ വരുമ്പോഴേയ്ക്കും കൊള്ളാവുന്ന പീസുകളുമായി സ്ഥിരം വെയിറ്റര്‍മാര്‍ സമീപിക്കും. ഓരോരുത്തരുടെയും ടേസ്റ്റ്‌ അനുസരിച്ച്‌ കറി, റോസ്റ്റ്‌, ഫ്രൈ എന്നിങ്ങനെ തരം തിരിച്ച്‌ കൊണ്ടൂത്തരും. ഞങ്ങള്‍ ഭേഷാ കഴിക്കും, ഏമ്പക്കം വിടും, ബൈക്കോടിച്ചോ നടന്നോ റൂമിലെത്തും, വയറു വിലങ്ങി കിടന്നുറങ്ങും.
പല അവസരങ്ങളിലും കടയുടെ മുന്‍പില്‍ നല്ല ജമുനാപ്യാരി ഇനത്തിലും മറ്റുമുള്ള കൂറ്റന്‍ ആടുകളെ കെട്ടിയിട്ടിരിക്കുന്നതു കാണാം. വലിയ കൊമ്പൊക്കെ വളഞ്ഞ്‌ അകത്തേക്കു പിരിഞ്ഞൊക്കെയിരിക്കുന്ന അടുത്തു കൂടെ നടക്കാന്‍ പോലും പേടിയാകുന്നയിനം ഉരുപ്പടികള്‍. പറയപ്പെട്ടിരുന്നത്‌ വെട്ടാനുള്ള ഉരുക്കളായിരുന്നു അവ എന്നാണ്‌. ചില പ്രത്യേക സമയങ്ങളില്‍ അതായത്‌ എ
ന്‍റെ ഓര്‍മ ശരിയാണെങ്കില്‍ വൈകീട്ട്‌ 6 മുതല്‍ എട്ടര വരെയോ മറ്റോ മാത്രം അഞ്ചു രൂപാ നിരക്കില്‍ ആട്ടിന്‍ സൂപ്പും രാത്രിയില്‍ ഏതോ സമയത്ത്‌ ആട്ടിന്‍ തലച്ചോറും കഴിക്കാന്‍ സ്ഥിരം കക്ഷികള്‍ അവിടെ വരുമായിരുന്നു. സ്ഥിരം കസ്റ്റമേഴ്സ്‌ ആയിരുന്നിട്ടു കൂടി ഞങ്ങള്‍ക്ക്‌ ഈ വിശിഷ്ട ഐറ്റംസ്‌ ഒന്നും കിട്ടാറില്ലായിരുന്നു. കാരണം അവ തയ്യാറാക്കുന്ന ചില പ്രത്യേക സമയങ്ങളില്‍ ഞങ്ങള്‍ക്ക്‌ അവിടെ പോകാന്‍ സാധിച്ചിരുന്നില്ല. തലച്ചോറും മറ്റും ആടിന്‍റെ തലയില്‍ ഇരിക്കുമ്പോള്‍ തന്നെ ബുക്കിംഗ്‌ ആണെന്നായിരുന്നു ഞങ്ങളുടെ അറിവ്‌.
സത്യം പറയണമല്ലോ.. മൂന്നു വര്‍ഷം അവിടെ നിന്നു കഴിച്ചിട്ടും വയറിനോ പോക്കറ്റിനോ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. സമീപ കാലത്ത്‌ സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രം കണ്ട്‌ കാണാനിരിക്കുന്ന നൂറായിരം സുഹൃത്തുക്കളെ വിളിച്ച്‌ "ഡാ...ആ സിനിമേടെ തൊടക്കത്തിലെ പാട്ടില്‍ കാണിക്കണ ആ കടയാ ഞാന്‍ എപ്പോഴും പറയാറുള്ള രാത്രി ഹോട്ടല്‌...മറ്റേ മട്ടനൊക്കെ കിട്ടണത്‌...." എന്നൊക്കെ പറഞ്ഞ്‌ പരിചയപ്പെടുത്തുകയും ചെയ്തു.
ഇത്രയും കേട്ട്‌ കൊതിയൂറുന്നവര്‍ക്കായി ഇത്രകൂടി.
കഴിഞ്ഞ ദിവസം അവിടെ നിന്ന്‌ പട്ടിയിറച്ചി പിടികൂടി.
നല്ല ഫുഡ്‌ കിട്ടുമെങ്കില്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും പോകാനും എന്നാ തേങ്ങാക്കൊല വേണേലും കഴിക്കാനും എനിക്ക്‌ പ്രചോദനമായ ആ ഹോട്ടലില്‍ നിന്ന്‌ വര്‍ഷങ്ങളോളം രുചികരമായ ഇറച്ചി ഞാന്‍ കഴിച്ചത്‌ പട്ടിയിറച്ചിയായിരുന്നെങ്കില്‍ ഞാന്‍ പറയുന്നു.
പട്ടിയിറച്ചി നല്ലതാണ്‌.
ശരീരത്തിന്‌ കേടുകളൊന്നും അത്‌ ഉണ്ടാക്കില്ല.
നമ്മുടെ ശരീരത്തി
ന്‍റെ ഭാരം അറുപതുകളില്‍ നിന്ന്‌ എണ്‍പതുകളിലേക്ക്‌ ഉയര്‍ത്താന്‍ അതിന്‌ കഴിവുകളുണ്ട്‌.
ഞങ്ങളുടെ നാട്ടിലൊക്കെ നാട്ടുമ്പൊറത്തുകാര്‍ കറുത്ത പൂച്ച, മലമ്പാമ്പ്‌, പെരുമ്പാമ്പ്‌, കീരി, പെരുച്ചാഴി, കാക്ക, കാട്ടുമാക്കാന്‍, ഉടുമ്പ്‌ തുടങ്ങിയ ജീവികളെയൊക്കെ തരത്തിനു കിട്ടിയാല്‍ തല്ലിക്കൊന്ന്‌ തിന്നിരുന്നതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷെ പട്ടിയിറച്ചി ആരും തിന്നതായി അറിവില്ല.
പഴയ ഒരു ചൊല്ല്‌ ഓര്‍മ വരുന്നു. പറഞ്ഞാല്‍ അമ്മായി ചീത്ത പറയും. പറഞ്ഞില്ലേല്‍ അമ്മാവന്‍ പട്ടിയിറച്ചി തിന്നും.

ഇത്രയും
പറഞ്ഞത്‌ അറിയാതെ കഴിച്ച പട്ടിയിറച്ചിയുടെ കഥയാണെങ്കില്‍ അറിഞ്ഞു കൊണ്ടു കഴിച്ച പട്ടിയിറച്ചിയുടെ കഥയാണിനി.

എറണാകുളത്ത്‌
ജോലി ചെയ്യുമ്പോഴാണ്‌ സംഭവം.
ജോലി കഴിഞ്ഞ്‌ രാത്രി വീട്ടിലേക്കുള്ള വണ്ടി കാത്ത്‌ ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ അതീവഹൃദ്യമായ ഒരു മണം വരുന്നു. വെന്തു കാഞ്ഞ ചീനച്ചട്ടിയില്‍ വെള്ളം തെറിപ്പിക്കുന്ന ശബ്ദവും വരുന്നു.
ബസ്‌ വരാന്‍ ഇനിയും സമയമുണ്ട്‌. ശബ്ദവും ഗന്ധവും വഴി കാണിച്ചു. പാലാരിവട്ടത്തെ ഒരു വലിയ ഹോട്ടല്‍ കം ബേക്കറിയുടെ (ഇന്നില്ല) മുന്നിലെത്തിച്ചു. ഹോട്ടലിണ്റ്റെ മുന്‍പില്‍ താല്‍ക്കാലികമായി ഒരു കാറ്ററേഴ്സ്‌ പന്തല്‍ കെട്ടിയൊരുക്കിയിരിക്കുകയാണ്‌. തൊപ്പിയൊക്കെ വെച്ച കക്ഷികള്‍ അതുമിതുമൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ന്‍ ജനക്കൂട്ടം എന്തോ വെറുതേ കൊടുക്കുന്നുണ്ടെന്നു കേട്ട പോലെ തിക്കും തിരക്കും ഉണ്ടാക്കുന്നു.
ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു കൌണ്ടറിനു മുന്‍പിലേ തിരക്കുള്ളൂ. ഭീകര തിരക്ക്‌.
എന്താണാവോ ഐറ്റം എന്നു ശ്രദ്ധിച്ച ഞാന്‍ കിടുങ്ങിപ്പോയി.

ഹോട്ട്‌ ഡോഗ്‌!
ചൂടന്‍ പട്ടി!
ഒരു വലിയ ഓക്കാന ശബ്ദം എ
ന്‍റെ വായില്‍ നിന്നും പുറത്തു ചാടി. എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടാന്‍ എന്‍റെ മനസ്സു പറഞ്ഞു.
ബട്ട്‌, വൈ ദിസ്‌ കൊലവെറി?
എന്തായിരിക്കും ആളുകള്‍ ഇങ്ങനെ തിരക്കുണ്ടാക്കുന്നത്‌?
എങ്ങനെയാണ്‌ ഇതുണ്ടാക്കുന്നത്‌?
ചിന്താക്കുഴപ്പം എന്നെ പിടികൂടി.
പക്ഷെ ഭക്ഷണത്തോടുള്ള എ
ന്‍റെ ആസക്തി എന്നെ മുന്നോട്ടു നയിക്കുകയാണ്‌. അറിയാതെ ഞാന്‍ ആ ക്യൂവില്‍ കേറി. പലവിധ ചിന്തകള്‍ എന്‍റെ മനസ്സിലുണ്ടായി. പട്ടിയിറച്ചി തിന്നാനായിരിക്കുമോ ഇത്ര ആളുകള്‍ തിക്കിത്തിരക്കുന്നത്‌? ഇങ്ങനെ ആളുകള്‍ തിരക്കുണ്ടാക്കണമെങ്കില്‍ ഈ സംഗതി അടിപൊളിയായിരിക്കണമല്ലോ.. കഴിക്കരുതാത്തതാണെങ്കില്‍ പിന്നെ ഇങ്ങനെ തിരക്കുണ്ടാക്കണോ?

എന്തിനേറെപ്പറയുന്നു, അടുത്തെത്തുമ്പോഴേക്കും മാനസികമായിത്തന്നെ പട്ടിയിറച്ചി തിന്നാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു.
വലിയ താമസമില്ലാതെ എ
ന്‍റെ കൈയിലും ഒരു പ്ളേറ്റില്‍ പട്ടിയിറച്ചി ഒരു ബണ്ണിലും മറ്റും പൊതിഞ്ഞ്‌ ആവിപറക്കുന്ന രീതിയില്‍ എത്തി.
പറഞ്ഞ തുക കൊടുത്തു. ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കി, കൈയിലിരുന്ന ടൌവല്‍ തല വഴി മൂടി ഞാന്‍ ആര്‍ത്തിയോടെ ആ പട്ടിയിറച്ചി അകത്താക്കി.
ഗാന്ധിജി ആട്ടിറച്ചി അകത്താക്കിയ ശേഷം രാത്രി മുഴുവന്‍ ആടി
ന്‍റെ കരച്ചില്‍ വയറ്റില്‍ നിന്നു കേട്ടതായി കഥകള്‍ വായിച്ചിട്ടുണ്ട്‌. എന്‍റെ വയറില്‍ പട്ടി കുരച്ചില്ലെന്നു മാത്രമല്ല, ഞാന്‍ സുഖമായുറങ്ങുകയും ചെയ്തു.
പക്ഷെ ഈ ചരിത്രസംഭവം എവിടെയും രേഖപ്പെടുത്താതെ പോകരുത്‌ എന്ന്‌ എ
ന്‍റെ മനസ്സ്‌ പറഞ്ഞു.
പിറ്റേന്ന്‌ ആരോടും പറയരുത്‌ എന്ന ആമുഖത്തോടെ ലജ്ജാവദനനായി ഞാന്‍ ഒരു സഹപ്രവര്‍ത്തകനോട്‌ പട്ടിയിറച്ചി തിന്ന കഥ പറഞ്ഞു.
ഒരു വല്യ കാര്യം ചെയ്തതു പോലെ ഇരിക്കുന്ന എന്നെ നോക്കി എന്നേക്കാള്‍ സാമൂഹിക പരിജ്ഞാനമുള്ള ആ സുഹൃത്ത്‌ നെഞ്ചു പൊട്ടിപ്പോകും പോലെ ചിരിച്ചു. പിന്നെ പറഞ്ഞു.
എടാ മണ്ടാ... ഹോട്ട്‌ ഡോഗ്‌ ചൂടന്‍ പട്ടിയല്ല. ചിക്കനാ... പട്ടിയിറച്ചി ആരെങ്കിലും കഴിക്കുമോ?

ഇന്നാണെങ്കില്‍
പറയാമായിരുന്നു. പിന്നേ...പട്ടിയിറച്ചി കഴിക്കുന്നവരുണ്ട്‌....ചെലപ്പോ നീയും കഴിച്ചിട്ടുണ്ടാകും...

അനുബന്ധം
: ഹോട്ട്‌ ഡോഗ്‌ എന്ന പേരില്‍ അമേരിക്കയില്‍ പട്ടിയിറച്ചി വിളമ്പുന്ന രീതിയ്ക്ക്‌ പ്രിയമേറുന്നു. (കേരളത്തിലെ ഒരു പ്രമുഖ പത്രം)

1 comments:

Sudheesh Arackal said...

ദേശാഭിമാനി പത്രം പ്രമുഖ പത്രമായെന്ന് ശത്രുക്കൾ പോയിട്ട്‌ പാർട്ടിക്കാർ പോലും പറയത്തില്ലല്ലോ...

Post a Comment

 
Copyright © '