ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, April 9, 2013

എന്നാലിനി ഒരു ചായയാവാം

വായു സംബന്ധമായ ചിലപ്രശ്നങ്ങള്‍ കാരണം ശരീരത്തില്‍ നവദ്വാരങ്ങള്‍ തികയാതെ വന്നപ്പോഴാണ്‌ ഒരു ഡോക്ടറെ കണ്ടേക്കാം എന്നു വിചാരിച്ചത്‌. എന്നെ കണ്ടപ്പൊഴേ ഡോക്ടര്‍ ചോദിച്ചു.
"ഒരു ദിവസം എത്ര ചായ കുടിയ്ക്കും?"
"ഒരു പത്തു പതിനഞ്ചെണ്ണം..."
വളരെ നിഷ്കളങ്കമായി ഞാന്‍ ഉത്തരം നല്‍കി.
"മോശമില്ല. നല്ല എണ്ണം തന്നെ. അപ്പോ നല്ല ഹെല്‍ത്തിയായിട്ടാണ്‌ ജീവിതം. ആട്ടെ, ചായ ഉണ്ടാക്കാന്‍ അറിയാമല്ലോ അല്ലേ?"
"അറിയാം."
"പാല്‍ കുടിയ്ക്കുന്നത്‌ നല്ലതാണെന്നാണല്ലോ വയ്പ്‌. ഒരു ചായയുണ്ടാക്കാന്‍ എത്ര ഗ്ളാസ്‌ പാല്‍ ഉപയോഗിക്കും?"
"ഏകദേശം അര ഗ്ളാസ്‌ ഉപയോഗിക്കുമായിരിക്കും. "
"കൊള്ളം. അതായത്‌ 15 ഗ്ളാസ്‌ ചായ എന്നു പറഞ്ഞാല്‍ ഏഴര ഗ്ളാസ്‌ പാല്‍. അല്ലേ... "
"അയ്യോ.. "
"ഒരു സ്പൂണ്‍ പഞ്ചസാര വേണം ഒരു ചായയ്ക്ക്‌ അല്ലെ? "
"ദൈവമേ 15 സ്പൂണ്‍ പഞ്ചസാര!"
ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, ക്യാന്‍സര്‍, എയ്ഡ്സ്‌ തുടങ്ങി എല്ലാ അസുഖങ്ങളുടെയും തുടക്കമാണ്‌ ഈ വായുപ്രശ്നം എന്ന്‌ ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. അതുകൊണ്ട്‌ ചായകുടി ഒഴിവാക്കുക. കുറഞ്ഞ പക്ഷം കുറയ്ക്കുകയെങ്കിലും ചെയ്യൂ...
കുറച്ചു!
അല്ല, നിര്‍ത്തി!
വര്‍ഷങ്ങള്‍ക്കു ശേഷം (നേരത്തെ പറഞ്ഞ അസുഖങ്ങള്‍ ഒന്നും തന്നെ വന്നില്ല. പക്ഷെ വായു വിട്ടു പോയുമില്ല.) ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ  കാന്റീന്‍ കമ്മിറ്റിയുടെ ചുമതല എന്നില്‍ വന്നു ചേരുന്നു. ഏതാണ്ട്‌ എഴുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്കായി കാന്റീന്‍കാരന്‍ വിതരണം ചെയ്ത ചായയുടെ ക്വാളിറ്റി പോരാ എന്ന പരാതി ഉയര്‍ന്നു.
കാന്റീനില്‍ അപ്രതീക്ഷിത പരിശോധനയ്ക്കു പോകാന്‍ കമ്മിറ്റി തീരുമാനമെടുക്കുകയും ടീ ടേസ്റ്റര്‍ ആയി എന്നെ നിയോഗിക്കുകയും ചെയ്തു.
എന്തു വന്നാലും ഒരു ചായയില്‍ കൂടുതല്‍ കുടിയ്ക്കുകയില്ല എന്ന ദൃഢനിശ്ചയമെടുത്ത്‌ ഞാന്‍ കാന്റീനിലേക്ക്‌ മറ്റു മെംബര്‍മാരുടെ കൂടെ ചാടി വീണു.
അദ്ഭുതം! അപ്രതീക്ഷിതമായി കുറേപ്പേര്‍ റെയ്ഡിനായി കയറി വന്നിട്ടും ആരും ഞെട്ടുന്നില്ല. റെയ്ഡിന്റെ  വിവരം ചോര്‍ന്നോ? സംശയമായി. നിവൃത്തി വരുത്താന്‍ കാന്റീന്‍ കോണ്‍ട്രാക്ടറോട്‌ ചോദിച്ചു.
"എടേയ്‌, ഞങ്ങളു ചതിയാപ്പുറം കേറി വന്നിട്ട്‌ ഇയാളു ഞെട്ടാത്തതെന്ത്‌?"
ഞങ്ങളു റെയ്ഡിനു ചെന്നത്‌ ഇഷ്ടമായില്ലെങ്കിലും ചോദ്യം മര്യാദയുടെ ഭാഷയിലായിരുന്നതു കൊണ്ട്‌ കക്ഷി മറുപടി നല്‍കി. സാറേ, നിങ്ങളു റെയ്ഡു നടത്തിയാലും ഇല്ലെങ്കിലും ഒരു പാക്കറ്റ്‌ പാലു കൊണ്ട്‌  മുപ്പതു ചായയേ ഉണ്ടാക്കാന്‍ പറ്റൂ...
"ഹാ"
കുറ്റം കണ്ടു പിടിക്കാന്‍ വന്നവന്റെ  സന്തോഷം കണ്ടപ്പോള്‍ ഇത്തവണ കോണ്‍ട്രാക്ടര്‍ സത്യമായും ഞെട്ടി. അവനറിയില്ലല്ലോ ഒരു ദിവസം പതിനഞ്ചു  ചായ കുടിയ്ക്കുന്നവന്റെ  സന്തോഷം...

ചായയെപ്പറ്റി പറയുമ്പോള്‍ പണ്ടു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില ചായക്കഥകള്‍ പറയാതെ വയ്യ.
മൂന്നു ഫ്ളോറുകളിലായി ഏകദേശം ഇരുന്നൂറോളം ജീവനക്കാര്‍ക്കു വേണ്ടി കാന്റീനില്‍ നിന്നും രണ്ടു ജീവനക്കാര്‍ ചായ കൊണ്ടു വരികയാണ്‌. ഒരാള്‍ താഴെയും മറ്റേയാള്‍ മുകളിലും ചായ കൊണ്ടു പോയി. പലര്‍ക്കും ചായ കൊടുക്കുന്ന കൂട്ടത്തില്‍ മധുരമിടാത്ത (വിത്തൌട്ട്‌) ഒരു ചായ ഒരു സീനിയര്‍ കക്ഷിയ്ക്കും കൊടുത്തു.
ചായ ഒരു കവിള്‍ കുടിച്ചതേ മാരിവില്‍ ചിതറിച്ചു കൊണ്ട്‌ കക്ഷി ഒരു തുപ്പ്‌. പിന്നെ കാബിനകത്തു നിന്ന്‌ കനത്ത തെറിവിളിയും.
കാന്റീന്‍ ജീവനക്കാരന്‍ കുനിഞ്ഞ മുഖവുമായി മധുരമുള്ള ചായ എടുക്കാന്‍ പോകുന്നതും കണ്ടു.
ഒരല്‍പം നടന്നു കാണും. അതാ കുനിഞ്ഞ മുഖവുമായി മുകളിലെ നിലയിലേക്കു പോയ കാന്റീന്‍കാരനും തിരിച്ചു വരുന്നു.
"എന്തു പറ്റിയെടാ.." ഒന്നാമന്‍.
"ഒരു സാറിന്‌ മധുരമിട്ട ചായ കൊടുത്തെടാ...അയാള്‍ തെറി പറഞ്ഞു. മധുരമില്ലാത്തെ ചായ എടുക്കാന്‍ പൊണതാ... "
ഒന്നാമന്റെ  മനസ്സില്‍ ലഡ്ഢു പൊട്ടി.
"സാരമില്ലെടാ മധുരമില്ലാത്ത ചായ കൊടുത്തതിന്‌ എനിക്കും കിട്ടി. ഇനി കാന്റീന്‍ വരെ പൊകണ്ട. നീ ഈ ചായ കൊണ്ടു പൊയ്ക്കൊ. നിന്റെ  കൈയിലൊള്ളത്‌ ഞാനും കൊണ്ടു പോയ്ക്കൊള്ളാം. "
സിംപിള്‍! രണ്ടു സീനിയേഴ്സിന്റെയും പ്രശ്നം തീര്‍ന്നു.

മറ്റൊരിക്കല്‍, വൈകുന്നേരത്തെ ഡിപ്പാര്‍ട്മന്റ് ഹെഡ്‌ മീറ്റിംഗ്‌ നടക്കുകയാണ്‌. കണക്കുകള്‍ കൃത്യമല്ല എന്നാരോപിച്ച്‌ ബിസിനസ്‌ മാനേജര്‍ ഫിനാന്‍സ്‌ മാനേജറോട്‌ കയര്‍ക്കുകയാണ്‌. മറ്റെല്ലാവരും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നു.
ഇതിനിടെ കാന്റീന്‍കാരന്‍ ഒരു ട്രേയില്‍ ചായ കൊണ്ടു വന്ന്‌ ഓരോരുത്തരുടെയും മുന്‍പില്‍ വെച്ചു.
ഞങ്ങള്‍ എല്ലാവരും വെറുതെ ഇരിക്കുന്നതു കൊണ്ട്‌ ഓരോ ചായ കൈയിലെടുത്തു.
കൃത്യം ഒരു ചായ കുറവ്‌!
 ബിസിനസ്‌ മാനേജറിന്റെ യും ഫിനാന്‍സ്‌ മാനേജറിന്റെ യും നടുക്കായി ചായ ഇരിക്കുകയാണ്‌. കസേരകളിയുടെ അവസാന ലാപ്പിന്റെ  ആവേശം പോലെ രണ്ടാളും....

ഒരു തെറി വിളിയ്ക്കും! പിന്നെ ഒരു സിപ്‌ ചായ കുടിയ്ക്കും!

പെട്ടെന്നു തന്നെ ചായ തീര്‍ന്നു!

2 comments:

Gini Gangadharan said...

Ha ha ha ha :)

Sudheesh Arackal said...

ഃഅ ഹ ഹ

Post a Comment

 
Copyright © '