ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, April 5, 2011

ദൈവമേ...കര്‍ത്താവ് കാത്തു!

പെരിയ സ്വാമിയായി എന്ന അഹങ്കാരത്തോടെ ശബരിമലയ്ക്ക് ഒറ്റയ്ക്ക് പോകുന്ന പതിവുണ്ടായിരുന്നു എനിക്ക്. പല പ്രാവശ്യം പോയിട്ടുള്ളത് കൊണ്ടും പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളത് കൊണ്ടും ദര്‍ശനം എനിക്ക് വലിയ ബുദ്ധിമുട്ടാകാറില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം എന്‍റെ സഹ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് എന്‍റെ കൂടെ ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ഞാന്‍ പെരിയ സ്വാമിയായി എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വലിയ വിജയമൊന്നുമല്ലാത്ത ഞാന്‍ കെട്ടു നിറച്ചാല്‍ ശരിയായില്ലെങ്കിലോ എന്ന സംശയത്താല്‍ പുള്ളിക്കാരന്‍ നാട്ടിലെ ഒരു അമ്പലത്തിലെ ശാന്തിയെ സമീപിച്ചു.
പോകണ്ട ദിവസത്തിന്‍റെ തലേ ദിവസം എന്തോ അസൌകര്യം നിമിത്തം ശാന്തിയ്ക്ക് വരാന്‍ സാധിച്ചില്ല. ഒരിക്കല്‍ വേണ്ടാ എന്ന് പറഞ്ഞത് കൊണ്ടാകണം എന്നോടു പറയാന്‍ ഒരു ബുദ്ധിമുട്ട്. പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. അവസാനം പമ്പയില്‍ ചെന്ന ശേഷം സാധനങ്ങള്‍ കൊടുത്താല്‍ അവിടത്തെ ശാന്തി കെട്ടു നിറച്ചു തരും എന്ന് ആരോ പറഞ്ഞു. അത് പ്രകാരം മാര്‍ക്കറ്റില്‍ നിന്നും കെട്ടുനിറയ്ക്കാവശ്യമായ സാധനങ്ങളും വാങ്ങി പുള്ളി എന്‍റെ കൂടെ വന്നു.
മുകളിലെ നിലയില്‍ വാടകയ്ക്കാരായി ഒരു പാസ്റ്റര്‍ കുടുംബം താമസിക്കുന്നതിനാലും അവര്‍ക്ക് മുകളില്‍ കയറുവാന്‍ അകത്തു കൂടി മാത്രമേ വഴിയുള്ളൂ എന്നതിനാലും ഇദ്ദേഹത്തിന്‍റെ അമ്മയ്ക്ക് കക്ഷിയെ യാത്രയയക്കാന്‍ അമ്പലത്തില്‍ വരാന്‍ സാധിച്ചില്ല. അതുകൊണ്ടു വീട്ടില്‍ നിന്ന് തന്നെ ആവശ്യമായ ദക്ഷിണയും അനുഗ്രഹങ്ങളും ഒക്കെസംഘടിപ്പിക്കേണ്ടതായി വന്നു.
പമ്പയില്‍ ചെന്ന ശേഷം കുളിച്ച് ഗണപതി കോവിലില്‍ ചെന്ന് ഒരു ശാന്തിയെ സമീപിച്ചു. കെട്ടു നിറച്ചു തരാന്‍ ആവശ്യപ്പെട്ടു. ദക്ഷിണയും കൂടി വെച്ചതോടെ ഒരു പിശുക്കുമില്ലാതെ ഇവന്‍ കൊണ്ടു ചെന്ന സാധനങ്ങള്‍ എല്ലാം കൂടി നിറച്ച് അദ്ദേഹം ഒരു ഇരുമുടിക്കെട്ട് തയ്യാറാക്കി.
കെട്ടുനിറ ആദ്യമായി കണ്ടതിന്‍റെ കൌതുകം കെട്ടു തലയില്‍ വെച്ച നിമിഷം തന്നെ മാറി. ഒരു മൂന്നു നാല് പേര്‍ക്ക് നിറയ്ക്കാനുള്ള സാധനങ്ങള്‍ ഒറ്റ കെട്ടില്‍ നിറച്ച് കൊടുത്തിരിക്കുകയാണ്.
കണ്ണ് നിറഞ്ഞു കൈകള്‍ കൂപ്പി തല അനക്കാതെ കക്ഷി ഉറക്കെ വിളിച്ചു പോയി.
"സ്വാമിയേ ശരണമയ്യപ്പാ..."
സന്നിധാനത്ത് നല്ല തിരക്കായിരുന്നെങ്കിലും പലരുടെയും സഹായത്തോടെ ഞങ്ങള്‍ രണ്ടാളും ദര്‍ശനം തരപ്പെടുത്തി. കെട്ടു താഴെയിറക്കി. വഴിപാടുകള്‍ കഴിച്ചു. പ്രസാദം വാങ്ങി, സന്നിധാനത്തെ ബ്രൂ കോഫി സ്റ്റാളില്‍ നിന്നും ഓരോ കാപ്പിയും വാങ്ങി ഒരു മൂലയില്‍ ചെന്നിരുന്നു.
"ഡാ...നിന്‍റെ ഫോണ്‍ ഒന്ന് തന്നേ..ഞാന്‍ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ.."
ഞാന്‍ ഫോണ്‍ കൊടുത്തു.
"ഹലോ..അമ്മയല്ലേ..."
"ആരടെ..."
"എന്‍റെ..ഞാന്‍ അഭിയാ അമ്മേ..."
"ഡാ...നീയോ...നിങ്ങള്‍ എപ്പോ എത്തി? നന്നായി തൊഴുതോ...."
"നന്നായി തൊഴുതു അമ്മേ...വഴിപാടും കഴിച്ചു. ഇപ്പൊ ഓരോ കാപ്പി കുടിച്ചോന്ടിരിക്കുവാ.."
അത്ര നേരം ഒറ്റയ്ക്കിരിക്കന്ടല്ലോ എന്ന് കരുതി പാസ്റ്റര്‍ കുടുംബവുമായി കത്തി വെച്ചിരിക്കുകയായിരുന്ന അമ്മയ്ക്ക് സന്തോഷം സഹിക്കാനായില്ല...
"ദൈവമേ...കര്‍ത്താവ് കാത്തു!"

1 comments:

Orion said...

ഹാാാാാലേേേേേേേേേേേേേേേേേേേേേേേേേേല്‍............ ഉയ്യാാാാാാാാാാാാാാാാ !!!!!!!

Post a Comment

 
Copyright © '