ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, February 1, 2011

പത്തിന്‍റെ പണി!

ഫുട്ബാള്‍ കളിയിലെ അവസാനവാക്ക് എന്ന് സ്വയം ബഹുമാനിച്ചു നടന്നിരുന്ന ഒരാളായിരുന്നു നാട്ടിലെ ഏറ്റവും തിരക്കുള്ള ആശാരി ലാലന്‍ ചേട്ടന്‍. അഞ്ചു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി യൂറോപ്യന്‍ ഫുട്ബാളര്‍ ഓഫ് കൂവപ്പടി എന്ന ബഹുമതി സ്വയം സമ്മാനിക്കുകയും അവസരത്തിലും അനവസരത്തിലും അത് വിളിച്ചു പറയുകയും ചെയ്യുക എന്നത് ലാലന്‍ ചേട്ടന്‍റെ ഹോബിയും അഭിമാനവും ഒക്കെയായിരുന്നു.
ഏതാണ്ട് അഞ്ചടി രണ്ടിഞ്ച് ഉയരവും റൊണാല്‍ഡീഞ്ഞോ പരുവത്തിലുള്ള പല്ലുകളും റോജര്‍ മില്ല കളറും എല്ലാം തന്നെ യൂറോപ്യന്‍ ഫുട്ബാളര്‍ ആകാനുള്ള യോഗ്യതകള്‍ ആയിരുന്നുവെങ്കിലും ഫുട്ബാള്‍ കളിക്കാന്‍ ആരും തന്നെ നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ കോംപറ്റീഷന് ഒരു സ്കോപ്പും ഇല്ലായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും മരപ്പണിയില്‍ അത്ര പ്രാവീണ്യം തനിക്കില്ല എന്ന് പുള്ളി തന്നെത്താന്‍ സമ്മതിക്കാറുണ്ട്. വീടുപണി മൊത്തം കരാര്‍ എടുത്തു നടത്താന്‍ ഉള്ള മിടുക്ക് ഇല്ലാത്തതിനാല്‍ പല കോണ്ട്രാക്ടര്‍മാരുടെയും കൂടെയാണ് ലാലന്‍ ചേട്ടന്‍ പണി ചെയ്യാറ്.
മറ്റൊരു കിടിലന്‍ സ്വഭാവം കൂടെ ലാലന്‍ചേട്ടനുണ്ട്.
ഗീര്‍വാണം!
ബസില്‍ ടിക്കറ്റ് എടുക്കാതിരുന്നതും, ഉറങ്ങി സ്റ്റോപ് മാറിപ്പോയിട്ടു ബസ് തിരിച്ചു വിട്ടതും, പോലെയുള്ള ചെറിയ പടക്കങ്ങള്‍ തുടങ്ങി ഹാട്രിക്ക് നേടി ടീമിനെ വിജയിപ്പിച്ചതും ആറു പേര്‍ വരെ ചുവപ്പ് കാര്‍ഡ് കണ്ടിട്ടും സ്വന്തം ടീമിനെ ജയിപ്പിച്ചതും ഒരു ഫുള്‍ ഒറ്റയ്ക്ക് തീര്‍ത്തതും വീട്ടില്‍ പുറകു വശത്തായി കൂട്ടിയിട്ടിരിക്കുന്ന മദ്യക്കുപ്പികളും പോലെയുള്ള ഗുണ്ടുകളും സ്ത്രീ വിഷയങ്ങള്‍ പോലെയുള്ള ബോംബുകളും ലാലന്‍ ചേട്ടന്‍ പൊട്ടിച്ചു രസിക്കാറുന്ടായിരുന്നു.
എല്ലാ ദിവസവും വൈകീട്ട് കവലയില്‍ തങ്കച്ചന്‍ ചേട്ടന്‍റെ കടയില്‍ ഓരോ പഴവും തിന്നു വെള്ളവും കുടിച്ച് അന്നന്ന് കിട്ടിയ വിക്കി ലീക്സ് പരസ്പരം പങ്കു വെച്ചിരുന്ന ഞങ്ങള്‍ക്ക് ലാലന്‍ ചേട്ടന്‍റെ ഗീര്‍വാണം വലിയ ഉപദ്രവമായിരുന്നു
അങ്ങനെയിരിക്കെ നാട്ടിലെ അറിയപ്പെടുന്ന ചട്ടമ്പിയായ ശശി ഒരു ദിവസം തങ്കച്ചന്‍ ചേട്ടന്‍റെ കട സന്ദര്‍ശിക്കാനിടയായി. എന്താടാ എന്ന ഗുണ്ടകളുടെ പതിവ് ആക്രോശ ത്തോടെ ഒന്ന് രണ്ടു പഴം ഇരിഞ്ഞെടുത്ത് കക്ഷി കൂടെ വന്ന കുഞ്ഞു ചട്ടമ്പികള്‍ക്ക്എറിഞ്ഞു കൊടുത്തു. പിന്നെ ഒരു കാല്‍ ബെഞ്ചില്‍ കേറ്റി വെച്ച് അലമാരയില്‍ നിന്നും ഒന്നുരണ്ടു പുഴുങ്ങിയ മുട്ട എടുത്ത് വായിലേക്കെറിഞ്ഞു. കുറച്ചു ഉപ്പു വാരി വായിലിട്ടു. പശു അയവെട്ടുന്ന പോലെ ചവച്ചു തുടങ്ങി . വെറുതെ ചായ കുടിക്കുകയല്ലാതെ ശ്വാസം പോലും ഞങ്ങള്‍ എടുക്കുന്നില്ല എന്ന മട്ടില്‍ ഞങ്ങള്‍ ബലം പിടിച്ചിരിക്കുകയാണ്. പക്ഷെ ഒന്നും സംഭവിചില്ല. എടുത്ത ഭക്ഷണത്തിന്‍റെ കാശു മേശയിലേക്കെറിഞ്ഞു കൊടുത്ത്‌ ശശി കടയില്‍ നിന്നും പോയി.

ശശി പോയി അല്‍പ സമയം കഴിഞ്ഞപ്പോള്‍ പതിവുപോലെ കൈയില്‍ ഒരു ബിഗ്‌ ഷോപ്പറും അതില്‍ പലവിധം ഉളികളും കൊട്ടുവടിയും അറക്കവാളും പിന്നെ അല്‍പം പോലും എല്ലില്ലാത്ത നാക്കുമൊക്കെയായി ലാലന്‍ ചേട്ടന്‍ പ്രത്യക്ഷപ്പെട്ടു.
പുള്ളിയെ കണ്ടതേ ഞങ്ങളുടെ കൂട്ടത്തിലൊരുവന്‍ ശശി വന്നു പോയ കഥ പറഞ്ഞു.
പുഛരസത്തിലുള്ള ഒരു ചിരിയായിരുന്നു മറുപടി. ശശി വന്നതും കടയില്‍ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമൊക്കെ ചീളുകേസ്‌ എന്ന മട്ടിലായിരുന്നു ആ ചിരി. പിന്നെ കൂടെയുള്ള ഒരു സഹ പണിക്കാരനായ ബിജുവിനോടായി ഇങ്ങനെ പറഞ്ഞു.
പറഞ്ഞു കൊടെടാ...ഞാന്‍ കൊടുത്ത പത്തിന്‍റെ പണി ലവന്‍ മറക്കാറായി കാണില്ല.....
ബിജു ഒന്നു ചിരിച്ചതേയുള്ളൂ.
മറുപടിയൊന്നും കിട്ടിയില്ലെങ്കിലും ഒറ്റ നിമിഷം കൊണ്ട്‌ ലാലന്‍ ചേട്ടന്‍ ഞങ്ങളുടെ ഹീറോ ആയി മാറി. പിന്നെ ശശി ഞങ്ങളുടെ കവലയില്‍ വന്നിട്ടില്ലെങ്കിലും കുറേ നാളേയ്ക്ക്‌ നേരത്തെ പറഞ്ഞ ഡയലോഗ്‌ സ്ഥിരമായി ലാലന്‍ ചേട്ടന്‍ അടിയ്ക്കാറുണ്ടായിരുന്നു.
ഈ ഡയലോഗ്‌ എപ്പൊപ്പറഞ്ഞാലും ബിജു വെറൂതേ ചിരിക്കുന്നതല്ലാതെ ഒന്നും മറുപടി പറയുന്നില്ലായിരുന്നു. പിന്നെപ്പിന്നെ ഞങ്ങള്‍ക്ക്‌ സംശയമായി. ലാലന്‍ ചേട്ടന്‍റെ കൂടെ നടന്നില്ലെങ്കില്‍ ഉള്ള പണി കൂടെ പോയെങ്കിലോ എന്ന ചിന്തയാണ്‌ മറുപടി പറയാന്‍ ബിജുവിനെ തടയുന്നത്‌ എന്ന സത്യം ഇതിനകം ഞങ്ങള്‍ മനസ്സിലാക്കി. അതു കൊണ്ട്‌ ഒരു ദിവസം ശശിയ്ക്ക് ലാലന്‍ ചേട്ടന്‍ കൊടുത്ത പത്തിന്‍റെ പണി എന്താണെന്നറിയാന്‍ ഒരു ചെറുതുമായി ഞങ്ങള്‍ ബിജുവിനെ സമീപിച്ചു.

കാണുന്ന എല്ലാവരോടും കടം വാങ്ങുന്ന സ്വഭാവമുള്ള ലാലന്‍ ചേട്ടന്‍ കൂടെ ജോലി ചെയ്യുന്ന സത്യന്‍റെ പക്കല്‍ നിന്നും തരക്കേടില്ലാത്ത ഒരു തുക കടം വാങ്ങിയിരുന്നു. പറഞ്ഞ അവധിയൊക്കെ തെറ്റി. ഒടുക്കം കാശു തിരിച്ചു പിടിക്കാനായി സത്യന്‍ തന്‍റെ ചേട്ടനായ ശശിയുടെ സഹായം തേടി.
കുറെയേറെ ദിവസം അന്വേഷിച്ചു നടന്നിട്ടും ലാലന്‍ ചേട്ടന്‍ ശശിയെ തപ്പിച്ചു നടന്നു. ഒടുക്കം ഒരു മുറുക്കാന്‍ കടയില്‍ സോഡാ കുടിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ശശി ലാലന്‍ ചേട്ടനെ പിടികൂടി. ശശി കാര്യം ചോദിച്ചപ്പോഴെയ്ക്കും ലാലന്‍ ചേട്ടന്‍ ഓടി. ശശി പുറകെ ചെന്നു. കരണക്കുറ്റിക്ക് ഒരു പച്ച കാര്‍ഡും നടുംപുറത്തിനിട്ടു ഒറ്റ ചുവപ്പ് കാര്‍ഡും വെച്ചു കൊടുത്തു. മുന്‍പോട്ട്‌ ആഞ്ഞുവീണ ലാലന്‍ ചേട്ടന്‍റെ കൈയിലിരുന്ന കുപ്പി അവിടെ എവിടെയോ കിടന്ന ഒരു കല്ലിലിടിച്ചു പൊട്ടി.
ലാലന്‍ ചേട്ടന്‍റെ കൈയില്‍ ഒരു പൊട്ടിയ കുപ്പി കണ്ട ശശി ഒന്നു പതറി. രണ്ടടി പുറകോട്ടു മാറി. അടുത്ത ഓട്ടത്തിനു തയ്യാറായ ലാലന്‍ ചേട്ടന്‍ ഒന്ന്‌ അനങ്ങി. കുപ്പി കുടല്‍മാല തുളയ്ക്കുന്നതു വിഷ്വലൈസ്‌ ചെയ്ത ശശി കിട്ടാനുള്ള തുക എഴുതിത്തള്ളാന്‍ മാനസികമായി തീരുമാനമെടുത്ത്‌ ജീവനും കൊണ്ടോടി.
മനസ്സിലായില്ലേ..ദതു തന്നെ ലാലന്‍ ചേട്ടന്‍റെ പത്തിന്‍റെ പണി!

2 comments:

Orion said...

ഇതാണളിയാ പത്തിണ്റ്റെ പണി... ഹീ ഹീ ഹീ...

നെല്‍സണ്‍ താന്നിക്കല്‍ said...

ദൈവമേ കയിലിരുന്നത് ബ്രാണ്ടിക്കുപ്പി ആകല്ലേ

Post a Comment

 
Copyright © '