ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, July 12, 2011

മത്സരയോട്ടം!

ബസുകളുടെ മത്സരയോട്ടം പെരുമ്പാവൂരുകാര്‍ക്ക്‌ ഒട്ടും പുതിയ വാര്‍ത്തയല്ല. ഒട്ടുമിക്ക റോഡുകളിലും കുതിച്ചുപായുന്ന ബസുകളും ഓവര്‍ടേക്കിങ്ങും വട്ടം വെയ്ക്കലും വഴക്കും അടി ബഹളങ്ങളും സര്‍വസാധാരണമാണ്‌. അപകട മരണങ്ങളും ഒട്ടും കുറവല്ല.
അങ്ങനെ ഒരിക്കല്‍ പെരുമ്പാവൂരിനടുത്ത്‌ ഒരു വലിയ ബസപകടം ഉണ്ടായി. ബസുകാത്തു നിന്ന ഒരു അമ്മയും കുഞ്ഞും നിര്‍ത്തിയിട്ടിരുന്ന ഒരു ബസിനെ ഓവര്‍ടേക്ക്‌ ചെയ്തു വന്ന മറ്റൊരു ബസ്‌ നിയന്ത്രണം വിട്ടു വന്നിടിച്ച്‌ തല്‍ക്ഷണം മരിച്ചു. അതീവ ദാരുണമായ ഈ സംഭവത്തെ തുടര്‍ന്ന്‌ പത്രങ്ങളും സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ക്ളബുകളും അതിരൂക്ഷമായി പ്രതിഷേധിച്ചു. പക്ഷെ അവസാനം എല്ലാ സംഭവങ്ങളെയും പോലെ ഇതും വിസ്മൃതിയിലാണ്ടു പോയി.
വീണ്ടും ബസുകള്‍ മത്സരയോട്ടം തുടങ്ങി. പക്ഷെ ഇത്തവണ ചില നാട്ടുകാര്‍ രംഗത്തിറങ്ങി. ചില പ്രധാന ബസ്സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. അമിതവേഗതയില്‍ ഓടിച്ചു വരുന്ന ബസുകള്‍ കൈ കാണിച്ചു നിര്‍ത്തി നല്ല സ്നേഹത്തോടെ ചിരിച്ച്‌ ഡ്രൈവറെ ബസില്‍ നിന്ന്‌ വിളിച്ചിറക്കി സ്റ്റോപ്പിലെ ഒരു കടയില്‍ കൊണ്ടു ചെന്നിരുത്തും. കുശലപ്രശ്നങ്ങളോടെ തുടക്കം. പിന്നീട്‌ കടയില്‍ പ്രത്യേകം തയ്യാറാക്കുന്ന മധുരമിടാത്ത വെട്ടിത്തിളയ്ക്കുന്ന കട്ടന്‍ചായ വക്കില്ലാത്ത സ്റ്റീല്‍ ഗ്ളാസില്‍ നിറച്ചു കൊടുക്കും. കൂടെ ഒരുത്തരവും.
കുടിച്ചിട്ടു പോയാല്‍ മതി!
കുടിച്ചു കഴിയുമ്പോഴേക്കും പത്തു മിനിറ്റെങ്കിലും പോയിക്കാണും.
ഞങ്ങളുടെ ചെറുപ്പകാലത്ത്‌ ഈ സംഭവം വളരെ പ്രശസ്തിയാര്‍ജിച്ചിരുന്നു. ബസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ കട്ടന്‍ചായ കൊടുത്ത്‌ സ്നേഹത്തോടെ പ്രശ്നം പരിഹരിച്ച നാട്ടുകാരന്‍ ചേട്ടന്‍മാരെ രഹസ്യമായും പരസ്യമായും ഞങ്ങള്‍ ബഹുമാനിച്ചു. എന്നെങ്കിലും ഒരിക്കല്‍ അവരെപ്പോലെ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്ന്‌ ഞങ്ങളോരോരുത്തരും മനസ്സില്‍ കരുതുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ഒരു പ്രധാന വിവാഹം നടക്കുന്നതിണ്റ്റെ തലേദിവസം. ഞങ്ങള്‍ കുറച്ചു പേര്‍ ചീട്ടും കളിച്ച്‌ തേങ്ങയും ചിരകി കഷണം നുറുക്കി വെടിയും പറഞ്ഞ്‌ വട്ടം കൂടി ഇരിക്കുകയാണ്‌. ബഡ്ജറ്റും ലോകകപ്പും ഇലക്ഷനും വായനശാലയും ചായക്കടയും റോഡ്‌ ടാറിങ്ങും ഫുട്ബാള്‍ ഗ്രൌണ്ടും അങ്ങനെ സൂര്യനു താഴെയുള്ള പല സബ്ജക്ടുകള്‍ക്കുമൊപ്പം ലോ ഫ്ളോര്‍ ബസുകളും പരാമര്‍ശിക്കപ്പെട്ടു. കൊച്ചിക്കാരുടെ സ്വപ്നങ്ങള്‍ക്ക്‌ എ സിയുടെ കുളിര്‍മ പകര്‍ന്ന ലോ ഫ്ളോര്‍ ബസുകളെപ്പറ്റി പല അഭിപ്രായങ്ങളും പൊങ്ങി വന്നു.
ചാര്‍ജ്‌ കൂടുതലാണ്‌.
അതിനെന്താ പല ആള്‍ക്കാരും കാറു മാറ്റി ബസിലാക്കിയില്ലേ യാത്ര....
ലോഫ്ളോര്‍ സര്‍വീസും മെയിണ്റ്റനന്‍സും വോള്‍വോ നേരിട്ടാ..
നീളം കൂടുതലുള്ളതു കാരണം കൂടുതല്‍ യാത്രക്കാര്‍ കേറും.
പൈസ കൂടുതലായാലെന്താ പാട്ടും കേട്ട്‌ പോകാമല്ലോ...
ലോഫ്ളോര്‍ വന്നതു കാരണം ബസുകളുടെ മത്സരയോട്ടം കുറഞ്ഞിട്ടുണ്ട്‌.

മത്സരയോട്ടം!

ആ പേരു കേട്ടപ്പോഴേയ്ക്കും പലരുടെയും മനസ്സിലേക്ക്‌ സാമൂഹിക പ്രതിബദ്ധത കയറി വന്നു. മുരടനക്കി സംഭവം നേരിട്ടു കണ്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതു പോലെ അതിലൊരുത്തന്‍ തുടങ്ങി.
ഹോ..മത്സരയോട്ടത്തിണ്റ്റെ കാര്യം പറഞ്ഞപ്പോഴാ.. പണ്ട്‌ ഞങ്ങളുടെ നാട്ടില്‍ മത്സരയോട്ടം നടത്തി വന്ന ബസ്സുകളെ, ചില ചേട്ടന്‍മാര്‍ തടഞ്ഞ്‌, ഡ്രൈവറെ പിടിച്ചിറക്കി സ്റ്റോപ്പിലെ ഒരു ചായക്കടയില്‍ പിടിച്ചിരുത്തി ചൂടന്‍ കട്ടന്‍ചായ വക്കില്ലാത്ത ഗ്ളാസില്‍.......
കുടിച്ചിട്ടു പോയാ...... മതി!
ആ ഡ്രൈവറ പുള്ളിക്കാരണ്റ്റെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു.

സംസാരത്തിണ്റ്റെ ഗതി ഇത്രത്തോളമായപ്പോഴേയ്ക്കും കല്യാണം കഴിച്ച്‌ ഞങ്ങളുടെ നാട്ടിലേക്ക്‌ മരുമകനായെത്തിയ അത്യാവശ്യം പ്രശസ്തനായ ഒരു ചേട്ടന്‍ വിളറി വെളുത്ത മുഖവുമായി പതുക്കെ എണീറ്റു.
അട്ടഹാസങ്ങള്‍ക്കും അലറിച്ചിരികള്‍ക്കുമിടയില്‍ ഒരു ബ്രേക്ക്‌ പോലെ ഇങ്ങനെ പറഞ്ഞു.
അന്നു കാണാത്തവരുണ്ടെങ്കില്‍ ശരിക്കു കണ്ടോടാ.....
ഞാന്‍ തന്നെയാടാ ആ ഡ്രൈവര്‍!!!

0 comments:

Post a Comment

 
Copyright © '