പുഷ്പ, ജ്യോതി, ലക്കി.
ജ്യോതിയായിരുന്നു ആദ്യത്തെ തീയറ്റര്‍. പണ്ടൊക്കെ എന്റെ ചെറുപ്പകാലത്ത് തീയറ്ററിനകത്ത് സിനിമയ്ക്കിടെ തന്നെ, കടല കടല കപ്പലണ്ടിക്കാരെയും മോരുംവെള്ള ക്കച്ചവടക്കാരെയും ധാരാളം കാണാമായിരുന്നു. സീറ്റുകളെല്ലാം തന്നെ ബെഞ്ചുകളായിരുന്നു. മുന്‍പില്‍ തറടിക്കറ്റും ഉണ്ടായിരുന്നു. തറ സിമന്റ് ചെയ്തിരുന്നില്ല. മണലായിരുന്നു വിരിച്ചിരുന്നത്.
പിന്നീട് പുഷ്പ വന്നപ്പോള്‍ മത്സരമായി. തറ സിമന്റ് ചെയ്തു. കസേരകള്‍ കുഷ്യന്‍ ധരിച്ചു. തറടിക്കറ്റ് ബെഞ്ചുകള്‍ക്ക് വഴിമാറി. ഫാനുകള്‍ കറങ്ങിത്തുടങ്ങി. തീയറ്റര്‍ എ സി (ആസ്ബസ്റ്റോസ് കണ്ടീഷന്‍) ആയിമാറി.
ആദ്യമായി ജ്യോതിയില്‍ റിലീസ് ചെയ്ത സിനിമ ജീവിതനൌകയായിരുന്നു എന്ന് ചില പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
അതുമായി ബന്ധപ്പെട്ട ഒരു രസകരമായ മുദ്രാവാക്യവും കഥയുമുണ്ട്.
"ജീവിതനൌക കാണണമെങ്കില്‍
കൊടടാ കൊടടാ നാലണ"
എന്നതായിരുന്നു മുദ്രാവാക്യം.
മുദ്രാവാക്യം സംസ്ഥാനവ്യാപകമായിരുന്നെങ്കില്‍ കഥ പെരുമ്പാവൂരുകാരുടെ മാത്രമായിരുന്നു.
നായകനായ തിക്കുറിശ്ശിയുമായി പിരിഞ്ഞു കഴിയുന്ന നായിക ബി എസ് സരോജയെ വില്ലന്‍മാര്‍ പിന്തുടരുന്നു. സ്റ്റുഡിയോയിലെ പരിമിതസാഹചര്യങ്ങളില്‍ ഓടുന്ന നായികയ്ക്ക് ഒളിക്കാന്‍ സ്ഥലമൊന്നും കിട്ടുന്നില്ല. നായികയുടെ കരളലിയിക്കുന്ന സാഹചര്യങ്ങളില്‍ മനം നൊന്ത് കരഞ്ഞ് തളര്‍ന്ന് നായികയ്ക്കൊപ്പം ഇനി ജീവിക്കണമെങ്കില്‍ പൊരുതിയേ മതിയാകൂ
എന്ന മാനസികാവസ്ഥയിലിരിക്കുന്ന കാണികളും ഒളിക്കാന്‍ സ്ഥലം തേടുകയാണ്.
അപ്പോഴതാ ഒരു വീതി കൂടിയ മരം. നായിക മരത്തിനു പുറകില്‍ ഒളിച്ചു. ചുറ്റുപാടും പരതുന്ന വില്ലന്‍മാര്‍. ഒരുവന്‍ അതാ നായികയ്ക്കു പിന്നിലെത്തി. ഇനി കാണാന്‍ താമസമില്ല. നായിക ഇതൊന്നും അറിയുന്നില്ല. മുന്‍പില്‍ കൂടിയുള്ള ഒരാക്രമണം മാത്രമേ നായിക പ്രതീക്ഷിയ്ക്കുന്നുള്ളൂ.പക്ഷെ നായികയുടെ കൂടെയുള്ള ആബാലവൃദ്ധം പെരുമ്പാവൂരുകാര്‍ക്കും വില്ലനെ കാണാം.
ഒരു വെല്യമ്മ ചാടി എണീറ്റു. സ്ക്രീനിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
ഓടിക്കോട്യേ...ആ കത്തി കൈയിലൊള്ള ലവന്‍ പൊറകേണ്ട്.... !
ജ്യോതിയെയോ പുഷ്പയെയോ പോലെയൊന്നുമായിരുന്നില്ല ലക്കി തീയറ്റര്‍. ഒരു ചെറിയ ഷെഡ്. നല്ല പുകയും ശബ്ദവും വമിക്കുന്ന പ്രൊജക്ടര്‍. അവിടവിടെ ചോരുന്ന മേല്‍ക്കൂര. മിക്കവാറും പഴയ തമിഴ്, ഇംഗ്ളീഷ് അടിപ്പടങ്ങളോ അക്കാലത്തെ കാനനചിത്രങ്ങളോ ആയിരുന്നു ലക്കിയിലെ റിലീസ്.
ഒരിക്കല്‍ കൂട്ടുകാരിലൊരുത്തന്‍ ഓടിവന്ന് വലിയ സന്തോഷത്തോടെ പറഞ്ഞു.
"എടാ ലക്കി നന്നാവാന്‍ തീരുമാനിച്ചു. പുതിയ ഇംഗ്ളീഷുപടം വന്നു. ജാക്കിചാനും ജെറ്റ് ലിയും അഭിനയിക്കുന്ന പടം. ഉഗ്രന്‍ അടിപ്പടമായിരിക്കും. "
"ആരാടാ പറഞ്ഞെ?"
"ദേ കവലേലെ ചായക്കടേടെ മുന്‍പില്‍ പോസ്റ്ററൊട്ടിച്ചിട്ടുണ്ട്. "
അമ്പരപ്പോടെ ഞങ്ങള്‍ ചെന്നു നോക്കി. ശരിയാണ്. പോസ്റ്ററൊട്ടിച്ചിട്ടുണ്ട്. പോസ്റ്ററിനു മുകളില്‍ എഴുതി വെച്ചിരിക്കുന്നു.
Jackychan and Jet-Li In.. പിന്നെ പടത്തിന്റെ പേരും!
താമസിച്ചില്ല. ഞങ്ങളഞ്ചാറുപേര് ലക്കിയിലേക്കു വെച്ചു പിടിച്ചു. പടം തുടങ്ങി ഏറെ നേരമായിട്ടും ജാക്കി ചാനുമില്ല, ജെറ്റ് ലിയുമില്ല. അവസാന രംഗത്തിലുണ്ടാകും എന്നു കരുതി. അവിടെയുമില്ല.
"നടക്കെടാ ചായക്കടയിലേക്ക്..ഇനി ആര്‍ക്കും അബദ്ധം പറ്റരുത്. ആ പോസ്റ്റര്‍ ഇപ്പോ തന്നെ കീറിക്കളഞ്ഞേക്കാം. "
ഉടന്‍ ഇറങ്ങി ചായക്കടയിലെത്തി. പോസ്റ്റര്‍ കീറാനാരംഭിച്ചു.
"ദേ നോക്കടാ... "
നോക്കി. പോസ്റ്ററില്‍ അതാ എഴുതിയിരിക്കുന്നു.
Faster than................Jackychan and Jet-Li In.....................
Faster than മുകളിലേക്ക് മടക്കിയൊട്ടിച്ചിരിക്കുകയാണ്.
പുഷ്പ തീയറ്ററിലെ തറ, ബെഞ്ച് ടിക്കറ്റുകള്‍ എടുക്കാന്‍ ഒരു വലിയ ഇടനാഴിയിലൂടെ പോകണമായിരുന്നു. അകത്തു കടന്നു പോയാല്‍ ടിക്കറ്റെടുക്കാതെ പുറത്തിറങ്ങാന്‍ സാധിക്കില്ല.
ശ്വാസം കിട്ടാത്ത ആ ഗുഹയ്ക്ക് പുറത്തായി നീളത്തിലായിരുന്നു തീയറ്ററിന്റെ മതില്‍. ഒരു പക്ഷെ പെരുമ്പാവൂരിലെ എല്ലാ കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും ആദ്യമായി വരുന്നവരും അങ്ങനെ എല്ലാ തരത്തിലും തുറയിലും പെട്ട ആളുകള്‍ രഹസ്യമായും പരസ്യമായും മൂത്രമൊഴിച്ചിരുന്ന ഒരു വന്‍ മതിലായിരുന്നു അത്.
മൂത്രത്തിന്റെ മണം ഒരു വലിയ പ്രശ്നമായപ്പോള്‍ അവിടെ ഒരു എഴുത്ത് പ്രത്യക്ഷപ്പെട്ടു.
"ദെയ്‌വ് ശേയ്ത് വിത്തിയില്‍ മിള്ളാതെ...."
വായിക്കാന്‍ പറ്റിയോ ഇല്ലയോ എന്നല്ല. മൂത്രമൊഴിക്കല്‍ ഗണ്യമായി കുറഞ്ഞു.
ടിക്കറ്റ് എടുക്കാന്‍ നീണ്ട ക്യൂ നില്‍ക്കേണ്ടി വന്നിരുന്ന അവസരങ്ങളില്‍ ബോറടി മാറ്റാന്‍ നാട്ടുകാര്‍ പല വഴികളും സ്വീകരിച്ചിരുന്നു. അങ്ങനെ ആരോ സ്വീകരിച്ച ഒരു മാര്‍ഗം ചെരണ്ടല്‍ ആയിരുന്നു. ചുവരില്‍ അവിടവിടെ എഴുതിവെച്ചിരുന്ന ബോര്‍ഡുകളില്‍ ഒന്നില്‍ കണ്ട മുന്നറിയിപ്പ് ഇതായിരുന്നു.
