ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, November 26, 2013

അമ്മായിവല്യമ്മ


അമ്മായിവല്യമ്മ ഞങ്ങളുടെ നാട്ടിലെ ഒരു അദ്ഭുതപ്രതിഭാസമാണ്‌.
മുറപ്രകാരം മുറപ്പെണ്ണിനെ കല്യാണം നടന്ന *(മുറച്ചെറുക്കന്‍ മുറപ്പെണ്ണിനെ കല്യാണം ചെയ്ത) ഒരു കുടുംബത്തിലെ അച്ഛനമ്മമാരുടെ സഹോദരിയായതിനാലാണ്‌ അമ്മായിവല്യമ്മ എന്നു പേരു വന്നത്‌. ഒരു പഞ്ചായത്ത്‌ യോഗമാവട്ടെ, ജനനമാവട്ടെ, കൃഷിഭവന്‍ മീറ്റിങ്ങാവട്ടെ, മരണമാവട്ടെ, വീടുമാറ്റമാവട്ടെ, പുതിയ വാടകക്കാരാവട്ടെ, അപകടമാവട്ടെ.....എന്തു സംഭവമായാലും അമ്മായിവല്യമ്മ വഴിയാണ്‌ ഞങ്ങള്‍ കാര്യമറിയുന്നത്‌. പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉറക്കെയുറക്കെ പറയുന്നതുകാരണം ചീത്ത പറയുകയാണെന്ന സംശയം വല്യമ്മയോടു സംസാരിച്ചാല്‍ എപ്പോഴുമുണ്ടാകും.
അതു പോലെ തന്നെ പാചകം, കൃഷി, യാത്ര, സ്നേഹം ഇതിലൊന്നും അമ്മായിവല്യമ്മയെ തോല്‍പ്പിക്കാന്‍ നാട്ടിലാരും തന്നെയില്ല എന്നും പറയേണ്ടിയിരിക്കുന്നു.
ഇടയ്ക്ക്‌ ഒരല്‍പം ഭക്തിമാര്‍ഗം തലയ്ക്കു പിടിച്ചില്ലേ എന്നും സംശയമുണ്ട്‌. പിന്നെ അവരെപ്പറ്റി ഒരു കാര്യവും ആര്‍ക്കും അറിഞ്ഞു കൂടാ....
അങ്ങനെയിരിക്കേ ഒരു ദിവസം, ഞാന്‍ ടൌണിലേക്കു പോകാന്‍ കാറില്‍ ജംക്ഷനിലെത്തിയിരിക്കുകയാണ്‌.
വളരെ അപൂര്‍വമായ കാര്‍ യാത്ര ഡീസലിനു വില കൂട്ടിയ ശേഷം അപൂര്‍വങ്ങളില്‍ അത്യപൂര്‍വം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു.
അപ്പോഴതാ....വഴിയില്‍ ബസ്‌ കാത്തു നില്‍ക്കുന്നു...... അമ്മായിവല്യമ്മ! ഞാന്‍ പതിയെ ഡോര്‍ തുറന്നു കൊടുത്തു. വല്യമ്മയെ അകത്തു കേറ്റി... യാത്ര തുടര്‍ന്നു.
കാറില്‍ കേറി സി യുടെ കുളിര്‍മ്മയില്‍ മനസ്സും ശരീരവും കുളിര്‍ത്ത അമ്മായി വെയിലിനെയും കാലാവസ്ഥയെയും ഗ്ളോബല്‍ വാമിങ്ങിനെയും പറ്റി ഉറക്കെ പറഞ്ഞു തുടങ്ങി. നല്ല ശ്രോതാവായ ഞാന്‍ കേട്ടും തുടങ്ങി. ഇതിനിടെ റിയര്‍ വ്യൂ മിററിലൂടെ പുറകിലേക്കു നോക്കിയ എന്നെ ഞെട്ടിക്കും വിധം രണ്ടു ബൈക്കുകള്‍ ചീറിപ്പാഞ്ഞു വരികയാണ്‌. ബൈക്കില്‍ ചെയ്യാവുന്ന എല്ലാ പണികളും ചെയ്ത്‌ വിമാനത്തിണ്റ്റെ ശബ്ദമാക്കിയ രണ്ടു ബൈക്കുകള്‍...
ഒരുത്തന്‍ ഇടത്തു കൂടെയും മറ്റവന്‍ വലത്തു കൂടെയും ഓവര്‍ ടേക്ക്‌ ചെയ്യും എന്ന്‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ നടുഭാഗം കീപ്പ്‌ ചെയ്യാനും ധൈര്യം വരുന്നില്ല...
ഇതിനിടെ എണ്റ്റെ മുഖത്തെ ആശങ്ക തിരിച്ചറിഞ്ഞാണോ ഗ്ളോബല്‍ വാമിംഗ്‌ ചര്‍ച്ച മുറിഞ്ഞതു കൊണ്ടാണോ അതോ പുറകില്‍ നിന്നുള്ള ശബ്ദം കേട്ടാണോ എന്നറിയില്ല, വല്യമ്മ തിരിഞ്ഞു നോക്കി.
ഘോര ശബ്ദത്തോടെയുള്ള രണ്ടു ബൈക്കുകളുടെ വരവുണ്ടാക്കിയ ഭയം ആദ്യം ഒരു ഏമ്പക്കമായും പിന്നെ എണ്റ്റെ കൃഷ്ണാ എന്ന ഒരു ആര്‍ത്തനാദമായും പുറത്തു വന്നു.
കൃഷ്ണന്‍ സഹായിച്ചു. തലങ്ങും വിലങ്ങും വണ്ടി ഒതുക്കി ബൈക്കുകാരെ ഞാന്‍ ഇടിച്ചു തെറിപ്പിക്കാതെ അവിടുന്ന്‌ കാത്തു. രണ്ടു ബൈക്കുകാരും രണ്ടു വശത്തുകൂടെയും ഓവര്‍ടേക്ക്‌ ചെയ്ത്‌ ചീറിപ്പാഞ്ഞു പോയി...
തണ്റ്റെ പ്രാര്‍ഥന ദൈവം കേട്ട സന്തോഷത്തോടെ അമ്മായിവല്യമ്മ തുടര്‍ന്നു.
"ഇനി അധിക കാലം ഇതൊന്നും കാണേണ്ടി വരില്ല. "
പാവം പ്രായമായതിണ്റ്റെ ചിന്ത കയറിത്തുടങ്ങി എന്ന ചിന്തയോടെ ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു.
"പ്രായമായാല്‍ പിന്നെ എല്ലാവര്‍ക്കും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടാല്‍ പേടിയായിരിക്കും. " ഞാന്‍ ഒരു പൊതുകാര്യം പറഞ്ഞു.
"അതല്ലെടാ...കല്‍പത്തിണ്റ്റെ അവസാനമാകാറായി...ലോകം ഉടനെ അവസാനിച്ചോളും... "
കൊള്ളാം...എല്ലാരെയും ഉദ്ദേശിച്ച്‌ കക്ഷി ജനറലായിട്ടു പറഞ്ഞതാ...ഒന്നു ഞെട്ടിയെങ്കിലും ഞാന്‍ പറഞ്ഞു...
"കരിനാക്ക്‌ വളയ്ക്കല്ലെ വല്യമ്മെ... "
'കരിനാക്കല്ലെടാ...ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം....ഇങ്ങനെ എല്ലാ കല്‍പത്തിണ്റ്റെ അവസാനവും ലോകം അവസാനിച്ച്‌ പുതിയത്‌ തൊടങ്ങും.... "
"അപ്പോ പണിയണ മെട്രോ റയിലൊക്കെയോ... വെറുതെയാവില്ലേ?"
"ഇല്ലെഡാ...ആളുകള്‍ക്കു മാത്രമേ അവസാനമുള്ളൂ...അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളൊന്നും നശിക്കില്ല. "
ഭാഗ്യം. കംപ്ളീറ്റ്‌ ഡിസ്ട്രക്ഷന്‍ വല്യമ്മ ഉദ്ദേശിച്ചിട്ടില്ല.
"എന്നാലും വല്യമ്മേ... എന്നതാ കല്‍പം?"
"...കല്‍പംന്നു വെച്ചാല്‍ അയ്യായിരം വര്‍ഷം...ബ്രഹ്മാവിണ്റ്റെ ഒരു പകല്‍ന്നു വെച്ചാല്‍ 2500 വര്‍ഷം. അത്ര തന്നെ രാത്രിയും...അങ്ങനെ 5000 വര്‍ഷം. 5000 വര്‍ഷം കഴിഞ്ഞ്‌ ബ്രഹ്മാവ്‌ ഉറക്കമെഴുനേറ്റു കഴിയുമ്പോള്‍ ഇപ്പോഴുള്ള ആരെയും കാണരുത്‌. എല്ലാം ക്ളീന്‍ ആയിരിക്കണം. അപ്പോ വീണ്ടും സൃഷ്ടി തുടങ്ങാം. "
"എങ്ങനെ അവസാനിപ്പിക്കാനാ കല്‍പത്തിണ്റ്റെ പരിപാടി?"
"അതു നമുക്കു പറയാന്‍ പറ്റില്ല. ചിലപ്പോ അഗ്നി പ്രളയം, ചിലപ്പോ ജല പ്രളയം, ചിലപ്പോ വായു പ്രളയം...ചിലപ്പോ പരസ്പരം ഏറ്റു മുട്ടല്‍... "
ഇത്രയുമൊക്കെ ആയപ്പോഴേയ്ക്കും എനിക്ക്‌ അത്യാവശ്യം പേടി തോന്നിത്തുടങ്ങി. ലോജിക്കലി അങ്ങനെ വല്ലതുമാണെങ്കിലോ സത്യം? പുള്ളിക്കാരിയ്ക്ക്‌ വല്ല കരിനാക്കോ മറ്റോ ഉണ്ടെങ്കിലോ? നാട്ടിലാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടലും മറ്റും നടക്കുന്നുമുണ്ട്‌. പെരുമ്പാവൂറ്‍ ഭാഗത്ത്‌ ഒന്നു രണ്ടു കടകള്‍ ഈയിടെ കത്തി നശിക്കുകയും ചെയ്തു. കാറിലിടിയ്ക്കാന്‍ പാകത്തിന്‌ രണ്ടു ബൈക്കുകള്‍ വരികയും ചെയ്തു...
"പക്ഷെ എല്ലാ ലോകാവസാനത്തിനു മുന്‍പും ഒരു അവതാരം പിറവിയെടുക്കും." വല്യമ്മ തുടരുകയാണ്‌.
"അതെങ്ങനെ അറിയും?"
"അറിയാനൊന്നും പറ്റില്ല. സാഹചര്യങ്ങള്‍ കാണിച്ചു തരും. "
"ഇപ്പൊ അങ്ങനെ വല്ല സാഹചര്യവും??"
"ഇത്തവണ ഒരു വ്യത്യാസമുണ്ട്‌. "
"അതെന്താ?" "ഇത്തവണ ഗര്‍ഭത്തിലൂടെ പിറന്നുള്ള അവതാരമല്ല വരാനിരിക്കുന്നത്‌. "
"പിന്നെ?"
'ഇത്തവണ ഒരു മദ്ധ്യവയസ്കണ്റ്റെ ശരീരത്തിലായിരിക്കും അവതാരം. '
അപ്പോ ലാറ്ററല്‍ എന്‍ട്രിയാണ്‌ അവതാരത്തിണ്റ്റെ പരിപാടി.
"എവിടെയായിരിക്കും അവതാരം"
"അതൊന്നും എല്ലാവര്‍ക്കും പറയാന്‍ പറ്റില്ല. പക്ഷെ ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഭഗവാനേ....... "
"ആരാ?"
"നീയായിട്ടാരോടും പറയണ്ട"
"ഇല്ല. "
"മോഡി!"
"ഹ്‌... ഹാര്‌???????"
"നരേന്ദ്രമോഡി
 ഇത്തവണ ജയിച്ചാ മതിയായിരുന്നു!"
മോട്ടോര്‍ വാഹന വകുപ്പിനെയും ഋഷിരാജ്‌ സിങ്ങിനെയും ഹൈക്കോടതി നിയമത്തെയും മറ്റും കാറ്റില്‍ പറത്തി ഞാന്‍ നൂറു കിലോമീറ്ററിനു മുകളില്‍ സ്പീഡോടെ വല്യമ്മയെ പെരുമ്പാവൂരെത്തിച്ച്‌ ഇറക്കിവിട്ടു.
എന്നിട്ടൊരു ദീര്‍ഘനിശ്വാസവും വിട്ടു.


1 comments:

Anonymous said...

vlare nannayittundu.

Post a Comment

 
Copyright © '