ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, March 31, 2011

പായസം കിടയ്ക്കയിലാകരുതല്ലോ!

സാമ്പാര്‍, അവിയല്‍, കാളന്‍, ഓലന്‍, തോരന്‍, പച്ചടി, കൂട്ടുകറി, കിച്ചടി, നെയ്യും പരിപ്പും, രസം, മോര് , പപ്പടം, നാല് കൂട്ടം ഉപ്പേരി, മാങ്ങാക്കറി, നാരങ്ങാക്കറി, ഇഞ്ചിക്കറി, പഴം, നാല് കൂട്ടം പായസം......
ഞാനിങ്ങനെ ഒരു വലിയ സദ്യയ്ക്ക് മുന്പിലിരിക്കുകയാണ്.....
വിശേഷം ഒന്നും അറിയില്ല....
ആവശ്യമുള്ള സാധനങ്ങളെല്ലാം ചോദിക്കുമ്പോഴേക്കും മുന്‍പില്‍ വരുന്നു.
ആദ്യം നെയ്യും പരിപ്പും കൂട്ടി ഒരല്പം ചോറുണ്ടു. മാങ്ങാക്കറി തൊട്ടുനക്കി.
പിന്നെ സാമ്പാര്‍...ഒരല്പം ഓലന്‍ തൊട്ടുകൂട്ടി. അവിയല്‍ എടുത്തു കഴിച്ചു. ഒരുരുള....
തോരന്‍, പച്ചടി, കിച്ചടി, അച്ചാറുകള്‍ എല്ലാം യഥാവിധി വയറിലെത്തി.
രണ്ടാമതും ചോറ് വരുത്തി. പകുതി കാളന്‍ ചേര്‍ത്ത് കുഴച്ചു..ഉരുട്ടി..കഴിച്ചു. ബാക്കി മാറ്റി വച്ചു.
ദാ വരുന്നു ഗോതമ്പ് പായസം. ചോറ് വശത്തേക്ക് മാറ്റി വച്ചു. ഇലയില്‍ വാങ്ങി. കഴിച്ചു. നാരങ്ങാ അച്ചാര്‍ തൊട്ടു നക്കി. അല്പം പരിപ്പ് പായസം കൂടി വാങ്ങി. പപ്പടം ചേര്‍ത്ത് പൊടിച്ചു. നന്നായി ഉരുട്ടി വയറ്റിലാക്കി..
രണ്ടു തരം കായ, ചേന, ശര്‍ക്കര വരട്ടി എല്ലാം ഓരോ പ്രാവശ്യം എടുത്തു കഴിച്ചു. പഴം പ്രഥമന്‍ വന്നത് ഇലയില്‍ വാങ്ങി പതുക്കെ കൈ കൊണ്ട് വടിച്ചു കഴിച്ചു. ഇതിനിടെ വന്ന പാല്‍പ്പായസം ഗ്ലാസില്‍ വാങ്ങിയത് ഒരല്പം കുടിച്ചു. ഇലയില്‍ കുടിക്കുന്ന സുഖം കിട്ടാഞ്ഞത് കൊണ്ട് ബാക്കിയുള്ള പായസം ഇലയില്‍ ഒഴിച്ചു. പഴം എടുത്ത് ചേര്‍ത്ത് കുഴച്ചു. കൈ കൊണ്ട് തന്നെ വടിച്ച് വടിച്ച് അതും അകത്താക്കി.
ബാക്കിയുള്ള ചോറ് ഇലയുടെ നടുക്കേക്ക് നീക്കി ഒരല്പം മോര് കൈയില്‍ വാങ്ങി കുടിച്ചു. കൈയില്‍ നിന്നും ഓവര്ഫ്ലോ ആയ മോര് കൂട്ടി ബാക്കിയുള്ള ചോറും കഴിച്ചു. ഒരല്പം രസം ഇതുപോലെ കൈയില്‍ വാങ്ങി കുടിച്ചു. സൂപ്പര്‍!
എല്ലാ വിഭവവും ഒന്ന് കൂടി ഓര്‍ത്തു. പാല്‍പായസം തന്നെ ഏറ്റവും അടിപൊളി. ആരാണാവോ പാചകം? എന്തായാലും കാറ്ററിംഗ് സംവിധാനങ്ങള്‍ ആണെങ്കില്‍ ഇങ്ങനെ നന്നാവാന്‍ തരമില്ല. പോട്ടെ. ആരായാലെന്താ...
ഒന്ന് കൂടി വാങ്ങി. ഇത്തവണ ഗ്ലാസില്‍ വാങ്ങാന്‍ നിന്നില്ല. ഇലയില്‍ത്തന്നെ വാങ്ങി. കൈ കൊണ്ട് വടിച്ചു തുടങ്ങി.
രുചി കൂടുതല്‍ കൊണ്ടാകാം കഴിക്കുന്തോറും പിന്നേം കഴിക്കാന്‍ തോന്നുന്നു.
പിന്നേം വാങ്ങി.
കൈ കൊണ്ട് കോരി കുടിക്കാന്‍ തുടങ്ങി....
വയര്‍ നിറഞ്ഞു പൊട്ടാറായി.....പായസം ഒട്ടും മടുപ്പിക്കുന്നില്ല....
വായില്‍ നിറഞ്ഞ പായസം രണ്ടു ചാലുകളായി പുറത്തേക്ക് വന്നു തുടങ്ങി....
കൈയില്‍ കോരിയ പായസം കൈപ്പത്തിയുടെ വശങ്ങളിലൂടെ ഒലിച്ചു തുടങ്ങി....
പറ്റാവുന്നത്ര നക്കിയെടുക്കാന്‍ ശ്രമിച്ചു. വയര്‍ നിറഞ്ഞത്‌ കാരണം നക്കാന്‍ തോന്നുന്നേയില്ല....
കൈയിലൂടെ ഒലിച്ച പായസം കൈമുട്ട് വരെ എത്താറായി....
ഷര്‍ട്ടിന്റെ കൈയില്‍ പായസം ആയാല്‍ അത് ബുദ്ധിമുട്ടാകും....ഒരു തരം ഒട്ടലാണ് പായസത്തിന്..തന്നെയുമല്ല, ഉറുമ്പ്‌ വരാനും സാധ്യതയുണ്ട്...
കഴുകാന്‍ പോകാം എന്ന് വച്ചാല്‍ സദ്യ കഴിയാതെ ഇനി എങ്ങനെ എഴുനേല്‍ക്കും....മാത്രമല്ല സദ്യ ആര് നടത്തിയതാണന്നോ എവിടെയാണ് കൈ കഴുകാന്‍ വെള്ളം വെച്ചിരിക്കുന്നതെന്നോ അറിയില്ല. ചോദിക്കാം എന്ന് വെച്ചാല്‍ പരിചയമുള്ള ആരെയും കാണാനുമില്ല.....വയറാണെങ്കില്‍ പൊട്ടാറായി...എണീക്കാന്‍ പരസഹായം വേണ്ടി വരുമെന്ന് തോന്നുന്നു....
വരുന്നത് വരട്ടെ...ഒരു വശത്ത് കിടക്കാം....അല്ല, ഒരു കട്ടില്‍ തന്നെ വെച്ചിട്ടുണ്ടല്ലോ...കൊള്ളാം...ഉണ്ട് വയ്യാതാവുന്നവര്‍ക്ക് കിടക്കാന്‍ കട്ടില്‍....
പതുക്കെ എണീറ്റ്‌ കട്ടിലില്‍ കിടന്നു. വയര്‍ നിറഞ്ഞിരിക്കുകയല്ലേ...മലര്‍ന്നു തന്നെ കിടന്നു. രണ്ടു കൈയും വിരിച്ചു തന്നെ കിടന്നു......
അല്ല, കൈയിലല്ലേ പായസം ഒലിച്ചിരിക്കുന്നത്? കിടയ്ക്ക വിരിയിലൊക്കെ പായസം ആവില്ലേ...മാത്രമല്ല, കൈ ച്ചിലായിരിക്കുകയല്ലേ....
വളരെ കഷ്ടപ്പെട്ട് എഴുന്നേറ്റ് കട്ടില്‍ ചുവരില്‍ നിന്ന്‍ ഒരല്പം വലിച്ചു നീക്കി. കൈ കട്ടിലിന്റെ പുറത്തേക്ക് തൂക്കിയിട്ടു കമിഴ്‌ന്നു കിടന്നു...
ഉറക്കെയുറക്കെയുള്ള ചിരിയും അട്ടഹാസങ്ങളും കേട്ടാണ് പിന്നെ ഞാനെണീറ്റത്.....
ഹാളില്‍ വെച്ച ടി വിയില്‍ ഏതോ സിനിമ നടക്കുന്നു. നിറച്ചും കാണികള്‍...അച്ചനും അമ്മയും അനിയനും അച്ഛമ്മയും അയല്‍ പക്കക്കാരും എല്ലാവരും ഉണ്ട്. അവരുടെ നടുക്കേയ്ക്ക് നിലത്തിരുന്ന ഞാന്‍ ഉറക്കം തൂങ്ങി എഴുന്നേറ്റു കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കിക്കൊണ്ട് ചുമരിനോടു ചേര്‍ത്തിട്ടിരുന്ന ബെഞ്ച് വലിച്ചിട്ട് കമിഴ്‌ന്നു കിടക്കുകയാണ്. ഒരു കൈ തൂക്കിയിട്ടിട്ടുമുണ്ട് ....
പായസം കിടയ്ക്കയിലാകരുതല്ലോ.......

5 comments:

Orion said...

ഓടുന്നുണ്ടളിയാ നമ്മുടെ ഹെഡ്ഡറ്‍ ! ഓടട്ടങ്ങനെ... ഓടട്ടെ !

അരുണ്‍ കരിമുട്ടം said...

അത് നന്നായി :)

രാജീവ് പണിക്കര്‍.. said...

അരുണ്‍ ജി......

ആദ്യത്തെ അഭിപ്രായത്തിനു നന്ദി. ഞാനേറെ വിലമതിക്കുന്ന ഒന്നാണ് ഈ അഭിപ്രായം....

രാജീവ് പണിക്കര്‍.

Gini said...

നന്നായി :)

Gini said...

ha ha... athu kollaam :)

Post a Comment

 
Copyright © '