ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, February 13, 2011

നൌഷാദിന്റെ ബിരിയാണി

ഈ ചക്രശ്വാസം വലിക്കുക ചക്രശ്വാസം വലിക്കുക എന്നു കേട്ടിട്ടുണ്ടോ...വേണ്ട നട്ടം തിരിയുക എന്നു കേട്ടിട്ടുണ്ടോ...അതുമല്ലെങ്കിൽ വാലിനു തീ പിടിച്ച പോലെ എന്ന്........
വളരെ കാലത്തിനു ശേഷം ഒന്നു കറങ്ങാനിറങ്ങിയതായിരുന്നു ഞാനും ഭാര്യയും...അങ്ങനെ കറങ്ങി കറങ്ങി അവസാനം വനിത - ഐസ് കൺസ്യൂമർ ഫെസ്റ്റിവലിൽ എത്തി. കയറുമ്പോഴേ എനിക്കറിയാം ഇത് പണിമുടക്കാണ്‌ ഒരു രണ്ടു രണ്ടര മണിക്കൂറെങ്കിലും കഴിയും പുറത്തിറങ്ങാൻ. ഓരോ സ്റ്റാളുകളിലായി കയറിയിറങ്ങി അവസാനം ഞങ്ങൾ അവസാന രംഗത്തെത്തി. ഒരു നിമിഷം! അത്ര നേരവും പുറത്തിറങ്ങാൻ ധൃതി പിടിച്ചു കൊണ്ടിരുന്ന എന്നെ പിടിച്ചു നിർത്തിക്കൊണ്ട് ഒരു സ്റ്റാൾ...നൌഷാദിന്റെ ബിരിയാണിക്കട!
(നൌഷാദിന്റെ ബിരിയാണി കഴിച്ചിട്ടുണ്ടോ....ഇല്ലെങ്കിൽ ആദ്യ അവസരത്തിൽ തന്നെ കഴിക്കണം കേട്ടോ....)
സലിം കുമാർ ഏതോ ഒരു സിനിമയിൽ പറയുന്ന പോലെ എനിക്ക് വെസ്പ്പിന്റെ അസുകോള്ള ആളാണേ...അതു കൊണ്ട് കട കണ്ട ഉനെ ഞാൻ ഭാര്യയെയും കൂട്ടി അതിനകത്തേക്ക് കേറി.
ആ കടയ്ക്കകത്തെ നെയ്യിന്റെയും മസാലക്കൂട്ടിന്റെയും അരിയുടെയും പിന്നെ ബിരിയാണിയുടെയും മണം എന്നെ കോരിത്തരിപ്പിച്ചു.
ഒട്ടും താമസിച്ചില്ല, നേരിട്ട് നൌഷാദിനു തന്നെ ഞാൻ ഓർഡർ നല്കി. ഒരു ചിക്കൻ ബിരിയാണി ഭാര്യയ്ക്ക്, മട്ടൻ ബിരിയാണി എനിക്ക്!
ബിരിയാണി വന്ന ഉടനെ ആർത്തിയോടെ നൌഷാദിനെ പോലും അതിശയിപ്പിച്ചു കൊണ്ട് നാലഞ്ചു കവിൾ ബിരിയാണി ഞാൻ അകത്താക്കി. കൂടെ രണ്ടു മൂന്നു കഷണവും കച്ചമ്പറും അച്ചാറും പപ്പടവും!
കവിളിൽ കുത്തി നിറച്ച രൂപത്തിൽ എന്നെ കണ്ടതും ഭാര്യ ചിരി തുടങ്ങി. അവളുടെ ചിരിയോടൊപ്പം എന്റെ ആർത്തിയെക്കുറിച്ചോർത്തതും എനിക്കും ചിരി പൊട്ടി. രണ്ടാളും ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ കുത്തി നിറച്ച കഷണങ്ങളിൽ ഒരെണ്ണം എന്റെ തൊണ്ടയിൽ കുടുങ്ങി.
ആസ്വാദനമെല്ലാം അവസാനിച്ചു. കുടുങ്ങിയ മട്ടൻ കഷണത്തിലെ എല്ല് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടിൽ നില്ക്കുകയാണ്‌. എന്റെ കണ്ണു തുറിച്ചു തുടങ്ങി. വാ തുറന്ന് ശർദിക്കുന്ന രീതിയിൽ രണ്ടുമൂന്നു തവണ ഞാൻ കാണിച്ചു നോക്കി. പിന്നെ കുറേ വെള്ളം കുടിച്ചു. നൊ രക്ഷ.
ബാക്കിയുള്ള ബിരിയാണി മൊത്തം എങ്ങനെയൊക്കെയോ ഞാൻ കഴിച്ചെന്നു വരുത്തി. എഴുനേറ്റു. ബിൽ പേ ചെയ്ത് പുറത്തേക്കിറങ്ങി.
വീട്ടിലെത്തിയിട്ടും എല്ല് പ്രശ്നമുണ്ടാക്കിക്കൊണ്ടേയിരുന്നു. വെള്ളം കുടിക്കാൻ പോലും പറ്റുന്നില്ല. ഞാൻ മിണ്ടാതെ ഒരിടത്ത് ഇരിപ്പായി.
എന്റെ ചിന്തകൾ കാടു കയറി. കഴിഞ്ഞ മാസമാണ്‌ എന്റെ ഓഫീസിലെ ഒരു സഹപ്രവർത്തകന്റെ തൊണ്ടയിൽ കുടുങ്ങിയ ഒരു ചിക്കൻ ബോണ്‍ സർജറി ചെയ്ത് എടുത്തതു. രണ്ടാഴ്ച സംസാരിക്കാൻ പോലും പറ്റാതെ കക്ഷി വീട്ടിലിരിപ്പായിരുന്നു. വേറൊരാൾക്ക് തൊണ്ടയും വയറും കുടലുമൊക്കെ ഭേദിച്ച് മലദ്വാരത്തിനടുത്തു നിന്നാണ്‌ എല്ല് പുറത്തെടുത്തത്. അതും സർജറി! കഷ്ടപ്പാടോർത്തപ്പോ എനിക്കാകെ സങ്കടമായി.
പ്രശ്നം രാത്രിയായപ്പോഴേക്കും സങ്കീണമായി. എല്ല് എന്റെ ശ്വാസോച്ച്വാസത്തെപ്പോലും ബാധിക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങി.
അപ്പോഴാണ്‌ മറ്റൊരു പ്രശ്നം തല പൊക്കിയത്. സംഭവം ശനിയാഴ്ചയാണ്‌. സമയം രാത്രിയായി. ഇനി ഏതു ഡോക്ടറെ കാണാൻ? രാവിലെയും പറ്റില്ല. ഞായറാഴ്ചയല്ലേ...എവിടെയെങ്കിലും ഒരു ഈ എൻ ടി സ്പെഷ്യലിസ്റ്റിനെ കിട്ടുമോ...പെട്ടെന്നു വിളിച്ചു വരുത്തേണ്ടി വരുമോ...വന്നാൽ തന്നെ അവർ സർജറി ചെയ്യാൻ തയ്യാറാകുമോ...ആകെകൂടി കിട്ടുന്ന ഒരു അവധി വേണ്ടെന്നു വെയ്ക്കാൻ അവർ തയ്യാറാകുമോ...ഇങ്ങനെ നൂറു കൂട്ടം ചിന്തകൾ എന്നെ ആക്രമിച്ചു.
എങ്ങനെയോ രാത്രി ഞാൻ തള്ളി നീക്കി. രാവിലെയായപ്പോഴേക്കും വാ തുറക്കാൻ പറ്റുന്നില്ല. ബ്രഷ് ചെയ്യാൻ പോലും പറ്റുന്നില്ല. ആകെ നീരു വെച്ച പോലെ. തൊണ്ടയ്ക്കു ചുറ്റും വലിയ ഒരു മഫ്ളർ ചുറ്റി വെച്ച പോലെ വീത്തിരിക്കുന്നു. മരണം ഉറപ്പായ ഞാൻ ഫിസിഷ്യനെങ്കിൽ ഫിസിഷ്യൻ പോയിക്കണ്ടേക്കാം എന്നു കരുതി തൊട്ടടുത്തുള്ള ഗവണ്മെന്റ് ആസ്പത്രിയിലേക്ക് പാഞ്ഞു.
ആസ്പത്രിയിലെ കാഷ്വാലിറ്റിയിൽ പതിവില്ലാതെ കണ്ട ക്യൂ വക വെയ്ക്കാതെ ഞാൻ അകത്തേക്ക് ഓടി. ആരെയോ വായ് തുറപ്പിച്ചും നാക്കു നീട്ടിച്ചും സ്റ്റെതസ്കോപ്പ് നെഞ്ചിൽ വെച്ചും ശ്വാസം ഉള്ളിലേക്കും പുറത്തേക്കും വലിപ്പിച്ചും പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറുടെ മുൻപിലേക്ക് ഒരു കസേര വലിച്ചിട്ട് അതിലിരുന്ന് ഒറ്റ ശ്വാസത്തിൽ ഞാൻ കാര്യം പറഞ്ഞു.
എന്നെ കുറച്ചു നേരം നോക്കിയിരുന്ന ഡോക്ടർക്ക് പ്രത്യേകിച്ചൊന്നും കാണാൻ സാധിച്ചില്ല. ഞാൻ അവകാശപ്പെടുന്ന പോലെ ഒരു നീര്‌ കഴുത്തിനുചുറ്റും ഉണ്ടായിരുന്നില്ല. വാ തുറക്കാനും അടയ്ക്കാനും പ്രത്യക്ഷത്തിൽ ഒരു ബുദ്ധിമുട്ടുമില്ല.
പുള്ളി ഒരു ടോർച്ച് എടുത്ത് വായിലേക്ക് അടിച്ചു നോക്കി. ഒന്നുമില്ല. ചുവന്നിട്ടുണ്ട്. ഡീറ്റയിൽസ് എന്നോടു ചോദിച്ചു മനസ്സിലാക്കി. പിന്നെ പറഞ്ഞു.
“അകത്തൊന്നുമില്ല.”
“ഏയ് അങ്ങനെയല്ല, എനിക്ക് അകത്ത് ഫീൽ ചെയ്യുന്നുണ്ട്.”
“അത് എല്ലല്ല. അത് കൊണ്ട് മുറിഞ്ഞത് സ്വെല്ലിങ്ങ് ആയതാണ്‌. പ്രശ്നമില്ല.”
“എന്നാലും ഇ എൻ ടിയെയോ മറ്റോ...”
“ആരെയും കാണെണ്ട ആവശ്യമില്ല. എല്ലെടുക്കാനാണെങ്കിൽ ഇനി ഹോസ്പിറ്റലിലും വരണമെന്നില്ല.”
“അപ്പോ എല്ലില്ല!”
“ഇല്ല.”
“വേദനയോ”
“ഉച്ചയ്ക്കു മുൻപ് മാറും”
അദ്ഭുതം. അപ്പോ തന്നെ വേദന പോയി. നീരും പോയി. വായും തുറക്കാൻ പറ്റി.
“ഡോക്ടർ..ഫീസ്...”
ഞാൻ ഡോക്ടർ എന്തു ചോദിച്ചാലും കൊടുക്കാൻ തയ്യാറായിരുന്നു.
“പോടോ...പോയി കുറച്ച് ഉപ്പുവെള്ളം വായില്കൊള്ള്. എല്ലാം ശരിയായിക്കൊള്ളും...”

ഞാൻ പുറത്തേക്കിറങ്ങി.
നഷ്ടപ്പെടുത്തിയ
നൌഷാദിന്റെ ബിരിയാണിയെക്കുറിച്ചോർത്ത്...
നഷ്ടപ്പെടുത്തിയ
ഒരു രാത്രിയെക്കുറിച്ചോർത്ത്...
അടിച്ച ടെൻഷനോർത്ത്...

സങ്കടപ്പെട്ടിട്ടു കാര്യമില്ലല്ലോ....

2 comments:

Raja said...

Athra aakrantham padilla.

നെല്‍സണ്‍ താന്നിക്കല്‍ said...

ആര്‍ത്തി കാണിച്ചോ പക്ഷെ ...............
അത് മൂത്ത് ഭ്രാന്തായാല്‍ പിന്നെ നമ്മടെ കയില്‍ നില്‍ക്കില്ല എത്രയും പെട്ടെന്ന് ഷോക്ക്‌ കൊടുക്കണം

Post a Comment

 
Copyright © '