
Thursday, December 30, 2010
പ്രീ ഡിഗ്രീ യ്ക്ക് സെക്കണ്ട് ഗ്രൂപ്പ് എടുത്താണ് ഞാന്‍ പഠിച്ചത്. ഫസ്റ്റ് ഗ്രൂപ്പ്അഡിഷനല് എടുത്തു. അന്നത്തെ ഫാഷന്‍ ആയിരുന്നു അത്. അത് കൊണ്ടു തന്നെഎനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഫിസിക്സ് പ ഠിക്കാന്‍ എനിക്ക് ട്യൂഷന് ക്ലാസ്വേണ്ടി വന്നു. നാട്ടിലെ അറിയപ്പെടുന്ന ട്യൂഷന് സാറായിരുന്ന വി എച്ച് നാരായണസ്വാമിയുടെ അടുത്ത് കുട്ടികളുടെ എണ്ണം കൂടുതലായതിനാല്‍ തൊട്ടടുത്ത കേമനായപി എസ് രാമചന്ദ്രന് സാറിന്റെ പ്രൈവറ്റ് ട്യൂഷന് ക്ലാസിലാണ് ഞാന്‍ ചേര്‍ന്നത്.
അന്നൊക്കെ ഞാന്‍ നന്നായേക്കും എന്ന തെറ്റിദ്ധാരണയുടെ പുറത്ത് അച്ഛന് എന്നെ വയലിന് പ ഠിക്കാന്‍ ചേര്‍ത്തിരുന്നു. രാമചന്ദ്രന് സാറിന്റെ ക്ലാസിനുതൊട്ടു മുന്‍പ് ആയിരുന്നു വയലിന് ക്ലാസ്. ഞാന്‍ വയലിന് ക്ലാസ് കഴിഞ്ഞതിനുശേഷം ഫിസിക്സ് ക്ലാസിനു പോകും. സമയത്തിന്റെ പ്രശ്നം കൊണ്ട് വയലിന്ക്ലാസ് കഴിയുമ്പോഴേക്ക് ഫിസിക്സ് ക്ലാസ് കാല് മണിക്കൂര്‍ എനിക്ക് മിസ്ആകുമായിരുന്നു. അതായത് ക്ലാസ് തുടങ്ങുമ്പോഴേക്ക് വയലിനും താങ്ങി ഞാന്ഫിസിക്സ് ക്ലാസിനു ചെല്ലും. സാറിനാനെങ്കില് ഞാന്‍ വയലിനും കൊണ്ട് കേറിവരുമ്പോഴേ കലി വരും. അര മണിക്കൂര്‍ അദ്ദേഹം എന്നെ ഗുണദോഷിക്കും. പക്ഷെ അച്ഛനെ പേടിച്ച് വയലിന് നിര്‍ത്താനൊന്നും ഞാന്‍ മുതിര്‍ന്നില്ല.
പ്രീ ഡിഗ്രീ പ്രതീക്ഷിച്ച പോലെ തന്നെ നന്നായില്ല. പക്ഷെ ദൈവാനുഗ്രഹം! ഫിസിക്സ് ഞാന്‍ മോശമാക്കിയില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഒരു അമ്മാവന്റെ മൈഗ്രേഷന്‍ സര്ട്ടിഫിക്കറ്റ്ശരിയാക്കാനായി ഞാന്‍ കോളേജിലെത്തി. രാമചന്ദ്രന് സാര്‍ അവിടുത്തെപ്രിന്സിപ്പാള് ആയിട്ടുണ്ടായിരുന്നു. എന്തോ പരിപാടി നടക്കുകയായിരുന്നു. പക്ഷെ എന്നെ കണ്ടയുടനെ അദ്ദേഹം എന്നെ അടുത്ത് വിളിച്ചു. അടുത്ത് ചെന്നഎന്നെ തോളില്‍ കൈ ചേര്‍ത്ത് പിടിച്ച് അദ്ദേഹം ഇങ്ങനെ ചോദിച്ചു.
എന്തൊക്കെ ഉണ്ടെടോ വിശേഷം? വയലിനൊക്കെ ഉണ്ടോ ഇപ്പൊ?
വര്‍ഷങ്ങള്‍ക്കു ശേഷവും സാര്‍ എന്നെയും വയലിനെയും ഞാന്‍പ ഠിച്ചിരുന്നതിനെയും കുറിച്ച് സാര്‍ ഓര്‍ക്കുന്നുണ്ടെന്നു ചിന്തിച്ചപ്പോള്‍ എന്റെകണ്ണുകള്‍ ഈറന്‍ അണിഞ്ഞു.
അഭിമാനത്തോടെ ഞാന്‍ മറുപടി പറഞ്ഞു.
ഉണ്ട് സാര്‍.
കൈ ഒരു പ്രത്യേക രീതിയില്‍ വീശിക്കൊണ്ട് സാര്‍ ഇങ്ങനെ പറഞ്ഞു.
അതൊക്കെ നിര്‍ത്തണം!
കോളേജില്‍ നിന്നും ജങ്ക്ഷനിലേക്ക് പോകുന്ന വഴിയുടെ ഏകദേശം നടുക്കായിഒരു കനാല്‍ ഉണ്ട്. അതിന്റെ സൈഡിലായി ഒരു കൊച്ചു റോഡും. കാലടി - മലയാറ്റൂര്‍ റോഡില്‍ നിന്നും ഉള്ള ഒരു ഷോര്‍ട്ട് കട്ട് ആണ് ആ വഴി.
അങ്ങനെ ഒരു ദിവസം.
കോളേജില്‍ നിന്നും സാധാരണ പോലെ തന്നെ ഹൈ സ്പീഡില്‍ ഇറക്കം ഇറങ്ങിഒരു ഓട്ടോറിക്ഷ വരുന്നു.
പെട്ടെന്ന് സൈഡ് റോഡില്‍ നിന്നും ഒരു പഴയ ലാംബ്രട്ട സ്കൂട്ടര്‍ ഓടിച്ചു കൊണ്ടു സുവോളജി പ്രൊഫസര്‍ മോഹന ബാബുവും കെമിസ്ട്രി ലക്ചറര്‍ ആയ അദ്ദേഹത്തിന്റെ ഭാര്യ സീതാലക്ഷ്മി ടീച്ചറും വട്ടം വെച്ചു.
ഓട്ടോ ഡ്രൈവര്‍ തന്റെ എക്സ്പീരിയന്‍സ് മുഴുവന്‍ ഉപയോഗിച്ച് വണ്ടിനിര്‍ത്തി. ചീത്ത പറയാന്‍ തുടങ്ങി സാറാണെന്ന് മനസ്സിലായപ്പോ എവിടെനോക്കിയാ സാറേ വണ്ടി ഓടിക്കുന്നെ എന്ന് മാത്രം ചോദിച്ച് നിര്‍ത്തി.
പിന്നെ ഓട്ടോ ഓട്ടോയുടെ വഴിയ്ക്കും സാര്‍ സാറിന്റെ വഴിയ്ക്കും പോയി.
ഒരു പത്ത് മണിയായിക്കാണും. വലിയ ഒരു ആരവം കേട്ടാണ് ഞങ്ങള്‍ ക്ലാസില്‍നിന്നും പുറത്തേക്ക് നോക്കിയത്. ഓട്ടോക്കാരുടെ ഒരു വലിയ സംഘം കോളെജിലേക്ക് വരുന്നു. അവര്‍ എന്തോ താങ്ങിപ്പിടിച്ചിട്ടുണ്ട്. അടുത്ത്വന്നപ്പോഴാണ് അവരുടെ കൈയിലുള്ള സാധനം കണ്ടത്. ഒരു വയസായമനുഷ്യന്. രണ്ടു കാലും ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. തലയിലും ഒരുകെട്ടുണ്ട്. നേരെ ബാബു സാറിന്റെ ക്ലാസിലെക്കാണ്.
നഷ്ടപരിഹാരം വേണം എന്നതാണ് ആവശ്യം. സാറിനു കാര്യം മനസ്സിലാകുന്നില്ല.
ഓട്ടോക്കാരന് വണ്ടി വട്ടം വെച്ചതിനെ പറ്റി പറയുന്നുണ്ട്. പക്ഷെ ഇടിച്ചില്ലല്ലോഎന്നതാണ് സാറിന്റെ വാദം. തന്നെയുമല്ല ഈ വികലാംഗനെ സാര്അറിയുകയുമില്ല.
അപ്പോഴാണ് ഒരു ദയനീയ ശബ്ദം. വികലാംഗന് സംസാരിക്കുകയാണ്.
സാര്‍... ഓട്ടോ ബ്രേക്ക് ഇട്ടപ്പോ കനാലില്‍ വീണതാണ് സാര്ഞാന്........ആരും അറിഞ്ഞില്ല.
ആരോ പ്രമുഖനായ ഒരു വ്യക്തി പറഞ്ഞു കേട്ട കഥയാണ്.
നേവിയുടെ ഒരു പാരച്യൂട്ട് ട്രെയിനിംഗ് ക്യാമ്പ് നടക്കുന്നു. വലിയ ഉദ്യോഗസ്ഥരും കുട്ടികളും കൂടി ഒരു വിമാനത്തില്‍ കേറി മുകളിലേക്ക് പറക്കുകയാണ്. മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്റെ വക മുട്ടന്‍ പ്രസംഗങ്ങള്‍ നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് നന്നായി ബോറടിക്കുന്നുണ്ട്. എന്നാല്‍ പട്ടാള ക്യാമ്പിന്റെ എല്ലാ ടെന്‍ഷനും എല്ലാവരുടെയും മുഖങ്ങളില്‍ ഉണ്ട്. ആദ്യമായി പാരച്യൂട്ടില്‍ കേറുന്നതിന്റെടെന്ഷന് വേറെയും
സീനിയര്‍ ഉദ്യോഗസ്ഥന് എല്ലാവരോടുമായി പറഞ്ഞു.
"നിങ്ങളുടെ കരിയറിലെ നാഴികക്കല്ലായേക്കാവുന്ന പാരച്യൂട്ട് ട്രെയിനിങ്ങാണ് നടക്കാന്‍ പോകുന്നത്. നമ്മള് ഇപ്പോള്‍ ഏകദേശം 5000 അടി ഉയരത്തില്‍ ആണുള്ളത്. ഓരോരുത്തരായി വിമാനത്തിന്റെ സൈഡിലെ വാതിലിനടുത്തെക്ക് വരണം. സൈഡില്‍ തൂക്കിയിട്ടിട്ടുള്ള ബാഗ് വയറിനു പുറത്ത് ധരിക്കണം. പാരച്യൂട്ടാണ് അതിനുള്ളില്‍. പിന്നെ വാതിലില്‍ നിന്നും താഴേക്ക് ചാടണം.
ഏകദേശം 1000 അടി താഴെ എത്തുമ്പോള്‍ വയറില്‍ ധരിച്ചിട്ടുള്ള ബാഗിന്റെ മധ്യഭാഗത്തുള്ള മഞ്ഞ ബട്ടന് അമര്‍ത്തണം. അപ്പോള്‍ നിങ്ങളുടെ ബാഗിന്റെ സിബ് തുറക്കും.
വീണ്ടും 1000 അടി കൂടി ചെല്ലുമ്പോള്‍ പച്ച ബട്ടന് അമര്‍ത്തണം. അപ്പോള്‍ ബാഗില്‍ നിന്നും പാരച്യൂട്ട് പുറത്ത് വരും.
വീണ്ടും 1000 അടി കൂടി ചെന്നാല്‍ ചുവന്ന ബട്ടന് അമര്‍ത്തണം. അപ്പോള്‍ പാരച്യൂട്ട് നിവരും. പിന്നെ സുരക്ഷിതരായി താഴെ ഗ്രൌണ്ടില് ഇറങ്ങണം.
പിന്നെ അവിടെ പാര്‍ക്ക് ചെയ്തിട്ടുള്ള ജീപ്പില്‍ കയറി ക്യാമ്പില്‍ തിരിച്ചെത്തണം.
എങ്കില്‍ ശരി. ഓരോരുത്തരായി ചാടിക്കോളൂ...
ആദ്യത്തെ ഊഴം കിട്ടിയവന് ചങ്കില് പിടപ്പോടെ താഴേക്ക് നോക്കി. പിന്നെ ഗുരു കാരണവന്‍ മാരെയും ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് താഴേക്ക് ചാടി.
1000 അടി ചെന്നപ്പോള്‍ മഞ്ഞ ബട്ടന് അമര്‍ത്തി. ഒന്നും സംഭവിച്ചില്ല.
സാരമില്ല, സിബ് തുറക്കാനല്ലേ.. പച്ച അമര്‍ത്തുമ്പോള്‍ തുറക്കുമായിരിക്കും.
1000 അടി കൂടി ചെന്നപ്പോള്‍ പച്ച ബട്ടന് അമര്‍ത്തി. ഒന്നും സംഭവിച്ചില്ല.
1000 അടി കൂടി ചെന്നപ്പോള്‍ ചുവന്ന ബട്ടനും അമര്‍ത്തി. പ്രതീക്ഷിച്ച പോലെ തന്നെ ഒന്നും സംഭവിച്ചില്ല.
ഇത്രയൊക്കെ യായപ്പോഴേക്കും ശരവേഗത്തില്‍ താഴേക്ക് പോരുന്നതിനിടെ കക്ഷി ചിന്തിച്ചു.
ഇക്കണക്കിനു ഗ്രൌണ്ടില് ചെല്ലുമ്പോള്‍ അവിടെ ജീപ്പും കാണുകേലായിരിക്കും!
ഒരു വലിയ നിധി!
ഏഴാം കടലിനക്കരെ ഏഴു നിലയുള്ള ഗോപുരത്തിന്റെ ഏഴാം നിലയില്‍ നാഗങ്ങള്‍ കാക്കുന്ന നിധി. ജീവന് തന്നെ നഷ്ടപ്പെട്ടേക്കാവുന്ന പരീക്ഷണങ്ങളാണ് ചുറ്റും. രാക്ഷസരും മായക്കാഴ്ചകളും സര്‍പ്പങ്ങളും വന്യമൃഗങ്ങളും പിശാചുക്കളും തടസ്സങ്ങള്‍. പക്ഷെ നിധി കണ്ടെത്തിയേ പറ്റൂ...
നിധി തിരയാന്‍ നാലുപേരാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ആരെയും തന്റെ മാസ്മരിക മായാജാല പ്രകടനങ്ങളാല്‍ കോരിത്തരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന അതുല്യ മാന്ത്രികന് മാന്‍ഡ്രേക്ക്
ശക്തി കൊണ്ടും ബുദ്ധി കൊണ്ടും തിന്മകള്ക്കെതിരെ ആഞ്ഞടിക്കുന്ന നടക്കും ഭൂതം - ഫാന്റം
ബുദ്ധിയുള്ള ഒരു സര്‍ദാര്‍ജി!
പിന്നെ ബുദ്ധിയില്ലാത്ത ഒരു സര്‍ദാര്‍ജി!
ചോദ്യം ഇതാണ്. നിധി ആര്‍ക്കായിരിക്കും കിട്ടുക?
ബുദ്ധിയില്ലാത്ത സര്‍ദാര്‍ജി! സംശയമെന്താ....ബാക്കിയെല്ലാം സാങ്കല്‍പ്പിക കഥാപാത്രങ്ങളല്ലേ.......
Tuesday, December 28, 2010

കഥ നടക്കുന്നത് എന്റെ കോളേജ് വിദ്യാഭ്യാസ കാലത്താണ്. കോളേജ് എന്നു പറയാനാവില്ല. പോളി ടെക്നിക്. സാധാരണ കുട്ടികള്‍ സാമാന്യ വിദ്യാഭ്യാസം മാത്രം നേടുമ്പോള്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതിയാണ് പോളിടെക്നിക്കിലെ വിദ്യാഭ്യാസം. മുഴുവന്‍ സമയം യന്ത്രങ്ങളുമായി മല്ലിടുന്നതിനു പകരം ചില സമയങ്ങളിലെങ്കിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഭ്യാസങ്ങളായ സമരം, ബസിനു കല്ലെറിയല്‍, ക്ലാസ് കട്ട് ചെയ്യല്‍, സിനിമാ, മരം ചുറ്റി പ്രേമം, ഐസ്ക്രീം തുടങ്ങിയവ ഞങ്ങളും പ്രാക്ടീസ് ചെയ്യാറുണ്ട്.
അങ്ങനെയിരിക്കവേയാണ് ഇലക്ട്രോണിക്സ് ലാബിലെ ഇന്‍സ്ട്രക്ടര്‍ മൂര്‍ത്തി സാറിന് ഒരു ട്രാന്‍സ്ഫര്‍ മുട്ടിക്കൂടിയെത്തിയത്. പോളിടെക്നിക്കിന്റെ ഗേറ്റിനു തൊട്ടടുത്ത് ഫാമിലിയായി താമസിച്ചിരുന്ന സാറിന് ഈ വാര്‍ത്ത താങ്ങാനാവുന്നതിലപ്പുറമായിരുന്നു. വിഷമിച്ചിരുന്ന സാറിന്റെ വിഷമം കണ്ട് മനസ്സലിഞ്ഞ ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍ സോമന് സാറിന് ഒരു ഐഡിയ തോന്നി. മൂര്‍ത്തി സാറിന് പോളിയിലെ എന്‍ എസ് എസിന്റെ ചാര്‍ജ് ഉണ്ടെന്നു വരുത്തി തീര്‍ക്കുക! അതെ, അര്ജുനന് സമനാകാന്‍ കര്‍ണനെ അംഗരാജ്യത്തിന്റെ രാജാവായി അവരോധിച്ച ദുര്യോധനന്റെ ടെക്നിക് തന്നെ!
ഏതായാലും സംഗതി ഫലിച്ചു. ട്രാന്‍സ്ഫര്‍ ഒഴിവായി. പക്ഷെ മറ്റൊരു കുരിശു വന്നു. എന്‍ എസ് എസിനു വര്‍ഷത്തില്‍ ഒരു ക്യാമ്പെങ്കിലും നടത്തണം. ക്യാമ്പ് പോയിട്ട് വെറും ഒരു വര്‍ഷം മാത്രമേയായിട്ടുള്ളൂ ജെ ടി എസ് അപ്ഗ്രേഡ് ചെയ്ത് പോളിയായിട്ട്. എന്‍ എസ് എസ് യൂണിറ്റ് പോലുമില്ല. ഉടന്‍ തട്ടിക്കൂട്ടി. സാറിനു പെട്ടെന്നു തോന്നിയവരെയൊക്കെ എന്‍ എസ് എസ് അംഗങ്ങളാക്കി. ക്യാമ്പ് അനൌണ്സ് ചെയ്തു. പക്ഷെ ക്യാമ്പിനു വെറും രണ്ടു ദിവസം മാത്രമുള്ളപ്പോള്‍ എല്ലാവരും കാലുമാറി. ക്രിസ്മസ് വെക്കേഷന്, ക്യാമ്പ് എന്നു പറഞ്ഞു നശിപ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സോമന് സാര്‍ അതിനും വഴി കണ്ടെത്തി. കൂട്ടത്തില്‍ തല്ലിപ്പൊളിയും സഹപാഠികള്‍ക്കിടയില്‍ ഒരു പ്രേമക്കുട്ടപ്പനുമായി വിലസിയിരുന്ന എന്നെ സ്റ്റാഫ് റൂമിലേക്കു വിളിപ്പിച്ചു. പിന്നെ സൌഹൃദസംഭാഷണമെന്ന രീതിയില്‍ ഈ ബ്ളോഗിന്റെ ആദ്യത്തെ പാരഗ്രാഫില്‍ പറയുന്ന കാര്യങ്ങള്‍ സാറിന്റെ കോളേജ് ജീവിതത്തിനിടയില്‍ പങ്കെടുത്ത ഒരു എന്‍ എസ് എസ് ക്യാമ്പില്‍ സംഭവിച്ചതാണെന്ന രീതിയില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് തട്ടി. സംഗതി നുണയാണെന്ന് എനിക്ക് മനസ്സിലായെങ്കിലും ഐഡിയ ഫലിച്ചു. 10 കമിതാക്കളും ഞാനടക്കം 2 പൂവാലന്മാരും ഒരു പൂവാലിയും റെഡി. ഒരു ദിവസം കൊണ്ട് ക്രിസ്തുമസ് വെക്കേഷനു ക്യാമ്പ് അനൌണ്സ് ചെയ്തു.
തിരുമുടിക്കുന്ന് കുഷ്ഠരോഗാശുപത്രിയ്ക്കു സമീപം ലക്ഷം വീടു കോളനിയിലേക്കുള്ള റോഡ് നിര്‍മാണമാണ് ക്യാമ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായി മൂര്‍ത്തി സാര്‍ കണ്ടെത്തിയത്. അതിനും കാരണമുണ്ട്. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള സ്ഥലമാണ്. രാത്രി പോളിയില്‍ വന്ന് കൊതുകുകടി കൊള്ളണ്ട. പതുക്കെ അരു പിടിച്ച് വീട്ടിലേക്കു പോകാം. പിള്ളേരൊക്കെ (ക്യാമ്പംഗങ്ങള്‍) സ്വയം സഹായ സഹകരണ സംഘങ്ങളായി ക്യാമ്പ് വിജയിപ്പിച്ചോളും! മറ്റൊരു കാരണം മൂര്‍ത്തി സാറിന്റെ
വെള്ളമടിയായിരുന്നു. മകുടിയില്ലാതെ തന്നെ സര്‍പ്പനൃത്തം നടത്തുന്നതില്‍ അതീവ വിരുതനായിരുന്നു മൂര്‍ത്തി സാര്‍.
നിറയെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ അതിമനോഹരമായ ഒരു മലമ്പ്രദേശമായിരുന്നു ലക്ഷം വീടു കോളനി. കല്ലും കട്ടയും പെറുക്കി മാറ്റാനുപയോഗിക്കുന്ന കൈവണ്ടി പോലും പോകില്ലാത്ത ഒരു നടവഴിയായിരുന്നു കാറു പോകേണ്ട റോഡ് ആയി മാറേണ്ടിയിരുന്നത്. എങ്കിലും അതിരാവിലെ പോളിയില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ കഴിഞ്ഞ ശേഷം കോളനിയിലെത്തുമ്പോള്‍ തൂമ്പ, കോടാലി, കൊത്തി, വാക്കത്തി എന്നിവ കോളനിക്കാര്‍ തരികയും തരക്കേടില്ലാത്ത "വായ്ക്കത്തി" ഞങ്ങള്‍ പരസ്പരം പങ്കു വയ്ക്കുകയും ചെയ്ത് റോഡ് പണി മുന്നോട്ടു പോയി. ഇടയ്ക്ക് കട്ടന്‍ ചായ, കപ്പ, പോട്ടിക്കറി, കാന്താരി മുളകു ചമ്മന്തി എന്നിവ കോളനിക്കാരുടെ വകയായി യഥേഷ്ടം കിട്ടിയിരുന്നു. ചില ദിവസം സ്പെഷ്യലായി ഇറച്ചിയും കിട്ടും. വൈകുന്നേരം ആറു മണിയോടെ പണി നിര്‍ത്തി കൈകാല്‍ കഴുകി പോളിയില്‍ തിരിച്ചെത്തും. പിന്നെ കുളിയും കഴിഞ്ഞ് വെടി പറച്ചിലിനിരിക്കും. മിക്കവാറും 11 കമിതാക്കളും വെവ്വേറെ സ്ഥലങ്ങളില്‍ മുഖത്തോടു മുഖം നോക്കി മാക്സിമം ഒച്ച താഴ്ത്തി ചുണ്ടനക്കിക്കൊണ്ട് കുശുകുശുക്കുകയായിരിക്കും. ഞങ്ങള്‍ രണ്ടു പൂവാലന്മാരും ഞങ്ങള്‍ക്ക് അവൈലബിളായ പൂവാലിയോടു സംസാരിക്കാന്‍ മത്സരിക്കുകയുമായിരിക്കും. പിന്നെ മരുന്നിന് ലേഡീസിന്റെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ടീച്ചര്‍ വലിയ പ്രായമുള്ളതല്ലാത്തതു കൊണ്ട് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യും!. സോമന് സാറിന് പ്രഷറിന്റെ പ്രോബ്ലം ഉള്ളത് കൊണ്ട് സമയത്തിന് ഭക്ഷണം കഴിക്കണം. കിടക്കണം. ഞങ്ങളും കിടന്നോളണം. അതാണ് നിയമം.
അഞ്ചാറു ദിവസം കടന്നു പോയി. പരസ്പരം വഴക്കിട്ട 2 കമിതാക്കള്‍ അടിച്ചു പിരിഞ്ഞു. എന്‍ എസ് എസ് ക്യാമ്പ് ഉപേക്ഷിച്ചു. പൂവാലന്മാര് ഹാപ്പി. രണ്ടു ദുഖാര്‍ത്തരായ പെങ്ങന്മാരെ കിട്ടിയല്ലൊ... അവരുടെ സങ്കടമകറ്റാന്‍ ഒരവസരവും!
അങ്ങനെ സംഭവബഹുലമായ എന്‍ എസ് എസ് ക്യാമ്പ് കഴിയുന്ന ദിവസം വന്നെത്തി. റോഡ് പണി എങ്ങുമെത്തിയിട്ടില്ല. എങ്ങനെ എത്തും? വീട്ടില്‍ ഉറക്കത്തില്‍ പോലും ഒരു പുല്ലു പറിച്ചിട്ടില്ലാത്തവന്മാരും അവളുമാരും ചേര്‍ന്നല്ലേ റോഡ് വെട്ടിയത്... പക്ഷെ കുറ്റം പറയരുതല്ലോ... ഒന്നുരണ്ടു ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ റോഡ് തരക്കേടില്ലാത്ത ഒരു വാക് വേ ആയി ഉപയോഗിക്കാവുന്ന പരുവമെങ്കിലും എത്തിയേനെ.
ഞങ്ങളെ പണിയില്‍ സഹായിച്ച കോളനിയിലെ ഒന്നുരണ്ടു ചേട്ടന്മാരെയും ചേച്ചിമാരെയും ബാക്കി പണി ഏല്‍പ്പിച്ചു കൊടുത്ത് സമയം പോലെ ബാക്കി റോഡ് തീര്‍ക്കണമെന്നും എപ്പോഴെങ്കിലും ഞങ്ങള്‍ വന്നു നോക്കിക്കൊള്ളാമെന്നും പറഞ്ഞ് ആകെ ആ നാട്ടിലുള്ള ഒരു പലചരക്കു കടയിലെ ഫോണ്‍ നമ്പറും വാങ്ങി ഞങ്ങള്‍ ഗദ്ഗദകണ്ഠരായി അവിടെ നിന്നും പിരിഞ്ഞു. (അന്നു മൊബൈല്‍ ഫോണ്‍, കണ്ടു പിടിച്ചവന്മാരുടെ തലയില്‍ പോലും ഇല്ലായിരുന്നു!).
പോളിയില്‍ എത്തി. എന്‍ എസ് എസ് ക്യാമ്പ് തീരുകയല്ലേ... ക്യാമ്പ് സമാപന ചടങ്ങുകള്‍ക്കായി പ്രിന്‍സിപ്പാള്‍ വികാരനിര്‍ഭരമായ പ്രസംഗം നടത്തി. റോഡ് പണിത് സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച ക്യാമ്പംഗങ്ങളെ പ്രത്യേകം അനുമോദിച്ചു. മൂര്‍ത്തി സാറിന്റെ നേതൃത്വത്തെ മുക്തകണ്ഠം പ്രശംസിച്ചു. എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പ് സമാപിച്ചു.
രണ്ടു ദിവസം കഴിഞ്ഞു.
പൂവാലന്മാരായ ഞങ്ങള്‍ രണ്ടു പേര് മാത്രം പോളിയുടെ കിഴക്കന്‍ കവാടത്തിനരികിലുള്ള കശുമാവിന്റെ നിലം പറ്റിക്കിടക്കുന്ന ഒരു കൊമ്പില്‍ കിടക്കുന്നു. ക്യാമ്പിന്റെ ഹാങ്ങോവര്‍ മാറിയിട്ടില്ല. ക്യാമ്പിനെക്കുറിച്ചും ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ചും അതു വിളമ്പിയ രീതികളെക്കുറിച്ചും കോളനിയെപ്പറ്റിയും പൂവാലിയെക്കുറിച്ചും കമിതാക്കളെക്കുറിച്ചും ക്യാമ്പ് ഉപേക്ഷിച്ചവരെക്കുറിച്ചും കോളനിയെക്കുറിച്ചും റോഡ് നിര്‍മാണത്തില്‍ ഞങ്ങളെ അകമഴിഞ്ഞു സഹായിച്ച കോളനി നിവാസികളെക്കുറിച്ചും മാത്രമേ ഞങ്ങള്‍ക്ക് സംസാരിക്കാനുണ്ടായിരുന്നുള്ളു.
"നമുക്കൊന്നു പോയാലോ?" ഞാന്‍
"ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു." മറ്റവന്.
"എന്നാ എണീക്ക്. " ഞാന്‍
ഉടനെ ഒരു ബൈക്ക് സംഘടിപ്പിച്ചു. രണ്ടാളും കോളനിയിലേക്ക് പുറപ്പെട്ടു. വലിയ ഒരു ജനക്കൂട്ടം കണ്ടാണ് ബൈക്ക് നിര്‍ത്തിയത് . ഞങ്ങളുടെ റോഡ് നിര്‍മാണത്തിനിടയില്‍ എങ്ങും കണ്ടിട്ടില്ലായിരുന്ന ഒട്ടനേകം മുഖങ്ങള്‍ കൂട്ടം കൂടി നില്ക്കുന്നു. ഭയങ്കര പൊടി. ശബ്ദം...
ഞങ്ങള്‍ ബൈക്ക് നിര്‍ത്തി അങ്ങോട്ടു ചെന്നു.
ഒരു ജെ സി ബി വളരെ കൂളായി ലോറി പോകാവുന്ന വീതിയില്‍ ഒരു റോഡ് നിര്‍മിക്കുന്നു. പണി തീരാറായി!
Monday, December 27, 2010
കേള്‍ക്കണ്ട സാധനമാ....
ഐ എസ് ഓ കമ്പനികളിലെ ആറുമാസം കൂടുമ്പോള്‍ ഉള്ള ഒരു കലാപരിപാടിയാണ് ഐ എസ് ഓ ഓഡിറ്റ്.
ഞങ്ങളുടെ കമ്പനിയിലും ഓഡിറ്റ് നടക്കാറുണ്ട്.ഒരു സായിപ്പാണ് ഓഡിറ്റ് വരുന്നത്. ആറുമാസം ഒരു മാങ്ങാതൊലിയും ചെയ്യാതെ ഓഡിറ്റ് തലേന്ന് റിപ്പോര്‍ട്ടുകള്‍ തട്ടിക്കൂട്ടും. തട്ടിക്കൂട്ടിയവന് പിറ്റേന്ന് ഡ്യൂട്ടിയില്ഉണ്ടാവില്ല. കഥയോന്നുമറിയാതെ രാവിലെ വരുന്നവന് കുരിശു ചുമക്കണം.
ഇതൊന്നുമല്ല പ്രശ്നം. സായിപ്പ് ഒരു പ്രശ്നക്കാരനാണ്. ഒരുപാടു കുനഷ്ടു ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരംതെറ്റിയാല്‍ റിപ്പോര്‍ട്ടില്‍ എന്‍ സി എഴുതി വെയ്ക്കും. എന്‍ സി വന്നാല്‍ പിന്നെ പാടാണ്. സായിപ്പിന്റെ പുറകെസാറന്മാര് നടക്കണം. സായിപ്പിന് വേണ്ടതും വേണ്ടാത്തതുമൊക്കെ കൊടുത്തു സമാധാനിപ്പിക്കണം. എന്‍ സിനീക്കം ചെയ്യിക്കണം. പിന്നെ എന്‍ സി വരുത്തിയവനെ വിളിച്ച് ചെവിയ്ക്ക് പിടിക്കണം. മെമ്മോ കൊടുക്കണം.ഇന്‍ ക്രിമെന്റ് ഒരെണ്ണം കട്ട് ചെയ്യണം.
അതുകൊണ്ടു റിപ്പോര്‍ട്ട് തെറ്റുക എന്നത് ആലോചിക്കാന്‍ പോലും വയ്യ. പിന്നല്ലേ വല്ലവനും ചെയ്തറിപ്പോര്ട്ടില് ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയല്‍.
സംഭവം ഒരു ഐ എസ് ഓ കാലത്താണ് നടക്കുന്നത്. പതിവ് പോലെ നൈറ്റ് ജോലിക്കാരന് റിപ്പോര്ട്ടുകള്തയ്യാറാക്കി. പകല്‍ സുസ്മേര വദനനായി ഇതൊന്നുമറിയാതെ ഞാന്‍ ഡ്യൂട്ടിയ്ക്ക് വന്നിരിക്കുകയാണ്. വന്ന്ഒരല്പ നേരം കഴിഞ്ഞപ്പോള്‍ തന്നെ എന്നെ കാത്തിരിക്കുന്ന അപകടം എനിക്ക് മനസ്സിലായി. ഞാന്‍ ഭയങ്കരമായിജോലി നോക്കിത്തുടങ്ങി. സായിപ്പ് നോക്കുമ്പോള്‍ ഞാന്‍ തിരക്കിലാണെന്ന് കണ്ടു എന്നോടു കുറച്ചു ചോദ്യംമാത്രം ചോദിച്ച് എന്നെ ഒഴിവാക്കാനുള്ള തന്ത്രം. അല്ലെങ്കില്‍ തിരക്കുകഴിയുമ്പോള്‍ വരാം എന്ന് കരുതിസായിപ്പെങ്ങാന് പോയാല്‍ പിന്നെ വരുന്ന ഡ്യൂ ട്ടിക്കാരന്‍ നോക്കിക്കോളുമല്ലോ..
(ഇത് പറഞ്ഞപ്പോഴാ ഒരു തമാശ ഓര്‍ത്തത്. ഏതോ കടപ്പുറത്ത് ഒരു ശവം അടിഞ്ഞു. ആദ്യം കണ്ടത് കടപ്പുറത്ത്ബീറ്റ്പോലീസുകാരായിരുന്നു. അവര്‍ ഒരു വലിയ കോലെടുത്ത് ശവത്തെ തിരിച്ച് കടലിലേക്ക് കുത്തി വിട്ടു. അത്വേറെ ഏതെങ്കിലും കടപ്പുറത്തടിഞ്ഞാല്‍ പിന്നെ ആ സ്റ്റേഷനിലെ പോലീസ് നോക്കിക്കോളുമല്ലോ....)
തന്ത്രം ഫലിച്ചു. സായിപ്പ് എന്റെ തിരക്ക് മനസ്സിലാക്കി. റിപ്പോര്‍ട്ടുകള്‍ ഓടിച്ചു നോക്കി. പിന്നെ ചോദിച്ചു.
"Tell me the Quality Policy...."
ചീഫ് എഡിറ്ററിന്റെ പേര് വച്ച് പത്രമോഫീസിന്റെ മുക്കിലും മൂലയിലും ഒട്ടിച്ചും അല്ലാതെയും വെച്ചിട്ടുള്ളമികവിന്റെ മാര്ഗരേഖയെപ്പറ്റിയാണ് സായിപ്പ് ചോദിക്കുന്നത്.
ഞാന്‍ ചുറ്റും നോക്കി. സാധാരണ എല്ലായിടത്തും കാണാറുള്ള മികവിന്റെ മാര്‍ഗരേഖ ആരോ എടുത്തു മാറ്റിയപോലെ അപ്രത്യക്ഷമായിരിക്കുന്നു.
നാലഞ്ചു കൊല്ലമായി പത്രമാഫീസില്‍ പണി ചെയ്യുന്ന നിനക്ക് ഇത് പോലും അറിയില്ലെടെ.. എന്ന ഒരുഭാവത്തില്‍ നില്ക്കുന്ന എന്റെ ബോസ്സിനെ ഒരു മിന്നായം പോലെ ഞാന്‍ കണ്ടു. റിപ്പോര്‍ട്ട് വല്ലതുമാണെങ്കില്എന്തെങ്കിലും പറയാമായിരുന്നു. ഇതിപ്പോ...
ഞാന്‍ പറയുന്നതും നോക്കി നില്‍ക്കുകയാണ് സായിപ്പ്. ഇതിലും എളുപ്പമുള്ള ഒരു ചോദ്യവും എനിക്കറിയില്ലഎന്ന മട്ടില്‍.
ഞാന്‍ ഒന്ന് മുരടനക്കി. പിന്നെ പതിയെ പറഞ്ഞു.
"I...... no engleesh....ഞാന്‍ ഒരു ചരമം കൊടുക്കാന്‍ വന്നതാ..............."
Sunday, December 26, 2010
ഞാന്‍, ജോഷി, സിജികുമാര്‍, ബീന പിന്നെ അഭിലാഷ് എന്നിവരായിരുന്നു ടീം.
ചങ്ങമ്പുഴ കവിതകള്‍ പൊന്നൂഞാലാടുന്ന പുണ്യഭൂമിയാണെന്റെ കേരളം... എന്നതായിരുന്നു പാട്ട്
പാലക്കാട് പോളി ടെക്നിക്കില്‍ ചെന്നപ്പോഴേ ഗ്യാസ് പോയി. നല്ല പുട്ട് പുട്ട് പോലെ പാടുന്ന ടീമുകള്‍.
വേറെ ഒരു അബദ്ധവും പറ്റി. ഇന്റെര്‍പോളി മത്സരങ്ങള്‍ക്ക് ഓര്‍ക്കസ്ട്ര പാടില്ല എന്ന നിബന്ധന ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളുടെ റിഹേഴ്സല്‍ എല്ലാം തന്നെ ഓര്‍ക്കസ്ട്ര ഉപയോഗിചുള്ളതായിരുന്നു
പക്ഷെ ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. രണ്ടും കല്പിച്ചു പാടാന്‍ തന്നെ തീരുമാനിച്ചു. പിറകില്‍ സ്റ്റേജിനു പിറകില്‍ നിന്ന് പാട്ട് പ്രാക്ടീസ് തുടങ്ങി. കൊള്ളാം. വലിയ പ്രശ്നമില്ല.
സ്റ്റേജില്‍ നില്‍ക്കണ്ട വിധം തീരുമാനിച്ചു. ആകെയുള്ള ഒരു പെണ്ണ് ബീന നടുക്ക് നില്ക്കും. തൊട്ടു വലതും ഇടതും ആയി അഭിലാഷും സിജികുമാറും. പിന്നെ ഇടത് ജോഷി, വലതു വശത്ത് ഞാനും.
ഓര്‍ക്കസ്ട്ര ഇല്ലല്ലോ.. താളം എങ്ങനെ പിടിക്കും? സ്റ്റാര്‍ട്ടിംഗ് എങ്ങനെ കിട്ടും? ഉടനെ ഐഡിയ വന്നു. ഞാന്‍ താളം പിടിക്കണം. വണ്ണ്, ടൂ, ത്രീ,ഫോര്‍ ....
ചങ്ങമ്പുഴ കവിതകള്‍ പൊന്നൂഞാലാടുന്ന പുണ്യഭൂമിയാണെന്റെ കേരളം...
സ്റ്റേജില്‍ കയറി. എല്ലാവരും അവരവരുടെ പൊസിഷന്‍ പിടിച്ചു. കര്ട്ടന് പൊങ്ങി.
ഞങ്ങള്‍ മുരടനക്കി. തൊണ്ട ശരിയാക്കി.
ഞാന്‍ എന്റെ വലത്തേ തുടയില്‍ താളം പിടിച്ചു തുടങ്ങി. വണ്ണ്, ടൂ, ത്രീ,ഫോര്‍ ....
പിന്നെ ഐശ്വര്യമായി തുടങ്ങി.
ചങ്ങ്.....
ഞാന്‍ മാത്രം!
മറ്റാരും പാടിയില്ല. കാരണം എന്റെ വലത്തേ തുടയില്‍ ഞാന്‍ താളം പിടിച്ചത് ആര്‍ക്കും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
വിറയലും ചമ്മലും കാരണം ആണോ എന്നറിയില്ല, കാണികളുടെ കൂവല്‍ ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
നടുക്ക് നിന്ന ഞങ്ങളുടെ ടീം ക്യാപ്ടന് ബീന എന്നെ രൂക്ഷമായി നോക്കി. പിന്നെ കണ്ണ് കൊണ്ടു കാണിച്ചു. ഞാന്‍ താളം പിടിച്ചോളാം.
ഒന്ന് കൂടി എല്ലാവരും മുരടനക്കി.
ബീന തുടയില്‍ താളം പിടിച്ചു. വണ്ണ്, ടൂ, ത്രീ,ഫോര്‍.....
ചങ്ങ്.....
ബീനയുടെ വലതു വശത്തുള്ള ഞങ്ങള്‍ മാത്രം!
മറ്റാരും ബീനയുടെ വലത്തേ തുടയിലെ താളം കാണുന്നില്ലല്ലോ....
കര്ട്ടന് വീഴുന്നത് കാണാന്‍ നില്‍ക്കാതെ ഞങ്ങള്‍ സ്റ്റേജില്‍ നിന്നും ഇറങ്ങി!
Saturday, December 18, 2010
എല്ലാ വര്‍ഷവും മണ്ഡലം ഒന്നാം തിയതി മുതല്‍ സീസണ് കഴിയുന്ന വരെ പമ്പയില്‍ ഒരു ഓഫിസ് തുറക്കുന്ന പതിവുണ്ട്. ഒരു കമ്പ്യൂട്ടറും വെക്കണം. വാര്‍ത്ത അയക്കാനുള്ള സംവിധാനവും ശരിയാക്കണം. ഇതെല്ലാം കെട്ടിപ്പറക്കി പമ്പയ്ക്കു ബസ്സിലും മറ്റും പോകാന്‍ ഈ ലോകത്ത് ആരും സ്വന്തം ഇഷ്ടത്തോടെ സമ്മതിക്കാറില്ല. അപ്പോഴാണ് ഞാന്‍ ഒരു മടിയും കൂടാതെ പ്രസ്താവിക്കുന്നത്.
"പമ്പയ്ക്ക് ഞാന്‍ പൊക്കോളാം"
അപ്പോഴേ എന്തോ പ്രശ്നം അങ്ങേര് മണത്തു എന്ന് വേണം കരുതാന്‍.
പ്രശ്നം ഉണ്ടായിരുന്നു താനും.
ഒന്നാം തീയതി സിസ്റ്റം റെഡിയാകണമെങ്കില്‍ തലേന്നു തന്നെ പമ്പയില്‍ എത്തണം. രാവിലെ തന്നെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടണം. അങ്ങനെയാണെങ്കില്‍ വൈകീട്ടുതന്നെ സിസ്റ്റം റെഡിയാക്കി മല കേറാം. പിറ്റേന്ന് നട തുറക്കുമ്പോള്‍ തൊഴുകയും ചെയ്യാം. മാത്രമല്ല ഒന്നാം തിയതി ഹരിവരാസനം കൂടി തൊഴുതു മല ഇറങ്ങുകയും ചെയ്യാം. തിരികെ വരുമ്പോള്‍ ഓഫിസില്‍ കേറി വാര്‍ത്ത അയക്കാന്‍ എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ അതും ശരിയാക്കി തിരുവനന്തപുരത്ത് തിരിച്ചെത്താം.
മൂന്നു വര്‍ഷം വിജയകരമായി ഇങ്ങനെ പോയി.
ഇവിടെയാണ് മൂത്താശാരിയുടെ ഉളി വീണത്.
"രാജി വെച്ചവന് ഇനി ശബരിമലയ്ക്ക് പോകണ്ടാ..."
ഒന്നാം തീയതി തൊഴലും ഹരിവരാസനവും എല്ലാം കട്ടപ്പുക!
ദേഷ്യവും സങ്കടവും വൈരാഗ്യവും ഒക്കെ വന്നു. പകരം വീട്ടാന്‍ മനസ്സ് തുടിച്ചു. ലീവെടുത്ത് പോകാന്‍ തിരുമാനിച്ചു. അപ്പോള്‍ അടുത്ത വെടി. എന്റെ കൂടെയുള്ളവന് പോകും. അതായത് എനിക്ക് ലീവും ഇല്ല. ഞാന്‍ ഡ്യൂട്ടി ആയിരിക്കും.
പിന്നെന്തു ചെയ്യും?
ഹരിവരാസനം ഡൌന്‍ ലോഡ് ചെയ്തു.
മൊബൈലില്‍ മണിയ്ക്ക് അലാറം സെറ്റ് ചെയ്തു. അലാറം അടിച്ചാലുടനെ ഹരിവരാസനം സ്റ്റാര്‍ട്ട് ചെയ്യും.
സമയം രാത്രി പത്തെ മുക്കാലായി. എഡിറ്റോറിയലില്‍ നിന്നും ഒരു വിളി. കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നില്ല.
പോകാതെ പറ്റുമോ...
പോയി.
പക്ഷെ മൊബൈല്‍ കയ്യില്‍ എടുത്തില്ല.
പതിനൊന്നു മണിയായി.
അലാറം അടിച്ചു.
സ്കാനിംഗ് ഓപ്പറെട്ടര്‍ സുനിലിനു കാര്യങ്ങളൊക്കെ അറിയാം. ഞാന്‍ അലാറം വെച്ചതും അറിയാം. അലാറം എന്തിനാണെന്നും അറിയാം. പക്ഷെ അലാറം അടിക്കുന്നത് ഞാന്‍ കേള്‍ക്കുന്നില്ലല്ലോ...
മൊബൈലുമായി സുനില്‍ ഓഫിസ് മുഴുവന്‍ നടന്നു. അപ്പോള്‍ ഞാന്‍ ഓഫീസിനു പുറത്തു കമ്പ്യൂട്ടര്‍ തുറന്നു പൊടി ഒക്കെ കളഞ്ഞു കൊണ്ടിരിക്കുകയാണ്.
എന്ത് ചെയ്യും?
മൊബൈലില്‍ വിളിക്കുക തന്നെ.
സുനില്‍ വേഗം ഫോണെടുത്തു.
എന്റെ മൊബൈലില്‍ വിളിച്ചു.
സുനിലിന്റെ ഫോണില്‍ മൊബൈലില്‍ കോള്‍ വരുന്നതിന്റെ കിരുകിരുപ്പ്.
സുനിലിന്റെ കൈയില്‍ ഇരിക്കുന്ന എന്റെ മൊബൈല്‍ അടിച്ചു തുടങ്ങി.
സുനില്‍ ഫോണില്‍ പറഞ്ഞു.
"ഒരു മിനിറ്റ്"
പിന്നെ എന്റെ മൊബൈല്‍ എടുത്തു.
ഉറക്കെ.
"ഹലോ..."
Thursday, May 20, 2010
ഒരിക്കല്‍ ഒരു വല്യമ്മ കമ്പ്രിയുടെ കടയില്‍ ചെന്നു വളരെ ആധികാരികമായി ചോദിച്ചു .
"കമ്പ്രി, ഒരു കിലോ പഴം ഇങ്ങെടുത്തെ.... "
കമ്പ്രി ഇരച്ചു പൊങ്ങിയ ദേഷ്യം കടിച്ചമര്തി ഇങ്ങനെ പറഞ്ഞു.
"എന്റെ പേര് കമ്പ്രി എന്നല്ല. പൌലോസ് എന്നാണ് !"