പഴയ ഒരു കഥയാണ്.
എന്സൈക്ലോപീടിയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു കമ്പനി സെയില്‍സ് ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഒരുപാടു പേര് അപേക്ഷിച്ചു. കമ്പനി ഇന്റര്‍വ്യൂ നടത്തി. കുറെ പേരെ സെലക്റ്റ് ചെയ്തു. അക്കൂട്ടത്തില്‍ സെലക്റ്റ് ചെയ്യാതിരുന്ന ഒരു ഉദ്യോഗാര്‍ഥി വീട്ടില്‍ പോകാന്‍ തയ്യാറായില്ല. അദ്ദേഹത്തിനു വിക്ക് ഉള്ളത് കൊണ്ടായിരുന്നു സെലക്റ്റ് ചെയ്യാതിരുന്നത്. പക്ഷെ തന്നെ സെലക്റ്റ് ചെയ്യണമെന്നും സെയില്സില് നല്ല പരിചയമുണ്ട് എന്നും പറഞ്ഞു കക്ഷി കുത്തിയിരുപ്പ് തുടങ്ങി. ഒടുക്കം ശല്യം സഹിക്കാന്‍ വയ്യാതെ കക്ഷിയെ ജോലിയ്ക്ക് നിയമിച്ചു.
ആദ്യ ദിവസം സെയില്‍സിനായി പോയ ടീമില്‍ എല്ലാവരും രണ്ടോ മൂന്നോ പുസ്തകങ്ങള്‍ മാത്രം വിറ്റപ്പോള്‍ നമ്മുടെ വിക്കുള്ള സെയില്സ്മാന് നാല് പുസ്തകം വിറ്റു.
പിറ്റേന്ന് എല്ലാവരും നാലെണ്ണം വിറ്റപ്പോള്‍ ഇദ്ദേഹം അഞ്ചെണ്ണം വിറ്റു.
അടുത്ത ദിവസം എല്ലാവരും അഞ്ചെണ്ണം വിറ്റപ്പോള്‍ കക്ഷി എട്ടെണ്ണം വിറ്റു.
കമ്പനി മാനേജര്‍ എല്ലാവരെയും വിളിച്ചു വരുത്തി. ചോദിച്ചു. ആര്‍ക്കും വ്യക്തമായ ഒരു ഉത്തരം നല്കാന് സാധിച്ചില്ല. വിക്കുള്ള ചങ്ങാതിയോട് ചോദിച്ചപ്പോള്‍ പുള്ളിയ്ക്കും കാരണം അറിയില്ല. സാധാരണ എല്ലാവരും വില്‍ക്കുന്ന പോലെയാണ് ഞാനും വില്‍ക്കുന്നത് എന്നായിരുന്നു മറുപടി.
അടുത്ത ദിവസവും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇദ്ദേഹം തന്നെ വിറ്റു.
മാനേജര്‍ കുപിതനായി. എങ്ങനെയെങ്കിലും ഇതിന്റെ ഗുട്ടന്‍സ് കണ്ടുപിടിക്കാനായി അദ്ദേഹം മറ്റു സെയില്സ്മാന് മാരോട് ആവശ്യപ്പെട്ടു.
പിറ്റേന്ന് വിക്കുള്ള സെയില്സ്മാന് സെയില്‍സിനായി പോയപ്പോള്‍ ഒരാള്‍ കൂടെ പോയി.
ഒരു വീട്ടില്‍ ചെന്നു . കോളിംഗ് ബെല്‍ അടിച്ചു. പുറത്ത് വന്ന വീട്ടുടമസ്ഥനോടു കക്ഷി പറഞ്ഞു. "ഹ..ഹ...ഹലോ...ഗ.ഗുഡ്...ഗുഡ് മോണിംഗ്...സ...സര്..."
"എന്ത് വേണം?..."
"എ....എ...എന്റെ പേര് ര...രവി...ഞാന്‍ എന്‍...എന്‍...എന്‍സൈ...ക...ക...ക്ളോ...പീടിയ വില്ക്കാന് വന്നതാ..."
"ഇവിടെയൊന്നും വേണ്ട......"
"അ...അ...അങ്ങനെ പ...പ...പറയരുത് സാര്‍...വ...വ....വേണമെങ്കില്‍ ഞാന്‍ വ...വ....വായിച്ചു ക....ക...കേള്‍പ്പിക്കാം..."
"അയ്യോ....ഒരെണ്ണം തന്നിട്ട് പൊയ്ക്കോ...."
Sunday, January 30, 2011
Saturday, January 29, 2011
എന്റെ ഒരു കൂട്ടുകാരന് ഉണ്ടായിരുന്നു. നല്ല ഗ്യാരണ്ടി കളറും തല്ലു കൊള്ളും എന്ന ഗ്യാരണ്ടി നാക്കുമുള്ള ഒരുത്തന്! അഹങ്കാരമാണെങ്കില്അല്പവും കുറവില്ല. പക്ഷെ അതിന്റെ ഒരഹങ്കാരവുമില്ല
സാധാരണ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ബസ് സ്റ്റാണ്ടില് ഞങ്ങള്‍ക്ക് പോകാനുള്ള ബസ് കിടപ്പുണ്ടാകും. പക്ഷെ കേറാന്‍ പറ്റില്ല. എസ് ടി പിള്ളേര്‍ക്ക് അവസാനമേ കേറാന്‍ പറ്റൂ. ബസ് ജീവനക്കാരുടെ ഈ കരിനിയമം ഏതാണ്ട് എല്ലാ വിദ്യാര്‍ഥി നേതാക്കളും അംഗീകരിച്ചിരുന്നത്കൊണ്ട് ഞങ്ങള്‍ക്ക് നിസ്സഹായരായി പുറത്ത് നില്‍ക്കേണ്ടി വന്നിരുന്നു.
പക്ഷെ ബസ് വിട്ടിട്ടും ആളുകള്‍ കുറവാണെങ്കില്‍ സീറ്റില്‍ ഇരിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. അത് കൊണ്ട് ബസ് വിടുന്ന സമയത്ത് ബസില്‍ കേറാന്‍ പിള്ളേരുടെ വലിയ തിരക്കായിരുന്നു.
ഒരിക്കല്‍ ഈ കൂട്ടുകാരന് ബസ് വിട്ട സമയത്ത് ബസില്‍ അസാമാന്യ യുദ്ധം നടത്തി കയറി ഒരു സീറ്റ് പിടിച്ചു. നിര്‍ഭാഗ്യ വശാല്‍ അത് ഒരു വികലാംഗ സംവരണ സീറ്റായിരുന്നു. അടുത്ത സ്റ്റോപ്പില്‍ നിന്ന് തന്നെ ഒരു വികലാംഗന് കയറുകയും ചെയ്തു. എഴുനെല്ക്കെന്ടതായി വന്ന ഇദ്ദേഹം കടുത്ത അമര്‍ഷത്തോടെ സൈഡില്‍ നില്‍പ്പായി. സീറ്റ് കിട്ടിയ വികലാംഗനാകട്ടെ വിജയശ്രീലാളിതനായി ഞെളിഞ്ഞിരുന്നു ഇവനെ നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു.
സാധാരണ കൈയോടെ പ്രതികരിക്കാറുള്ള കൂട്ടുകാരന് ഒന്നും മിണ്ടിയില്ല.
കുറച്ചു സ്റ്റോപ്പുകള്‍ കഴിഞ്ഞു. വികലാംഗന്റെ സൈഡില്‍ ഇരുന്ന യാത്രക്കാരന് ഇറങ്ങി. കൂട്ടുകാരന് വികലാംഗന്റെ അടുത്തായി സീറ്റ് കിട്ടി. വിന്‍ഡോ സൈഡില്‍ വികലാംഗന്, അടുത്ത് കൂട്ടുകാരന്.
അടുത്ത സ്റ്റോപ് എത്തി. പെട്ടെന്നു അപ്രതീക്ഷിതമായി കൂട്ടുകാരന് വികലാംഗന്റെ മുന്‍പിലൂടെ കൈ പുറത്തേക്കിട്ടു കൈ വീശി പറഞ്ഞു. "ഹായ്"
വികലാംഗന് ഒന്ന് ഞെട്ടി. പിന്നെ ആരോടാണ് ഇവന് ഹായ് പറയുന്നതെന്നറിയാന്‍ പുറത്തേക്ക് വെട്ടിത്തിരിഞ്ഞ് നോക്കി. ആരെയും കാണുന്നില്ല. ഇളിഭ്യനായി ഇവനെ തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും സംഭവിക്കാത്തതു പോലെ ഇവന് ഇരിപ്പുണ്ട്. മുഖത്ത് ഒരു ചെറിയ ചിരി.
അടുത്ത സ്റ്റോപ് എത്തി. പിന്നെയും ഇവന് വികലാംഗന്റെ മുന്‍പിലൂടെ കൈ പുറത്തേക്കിട്ടു കൈ വീശി പറഞ്ഞു. "ഹായ്"
വീണ്ടും വികലാംഗന് വെട്ടിത്തിരിഞ്ഞ് നോക്കി. ആരെയും കാണുന്നില്ല.
അതാ അടുത്ത സ്റ്റോപ്പില്‍ പിന്നെയും. ഇത്തവണ വികലാംഗന് ബലം പിടിച്ചിരുന്നു. എങ്കിലും ആകാംക്ഷ അടക്കാനാകാതെ തിരിഞ്ഞു നോക്കി. ആരുമില്ല.
വീണ്ടും പല സ്റ്റോപ്പുകളില്‍ ഇത് ആവര്‍ത്തിച്ചു.
അവസാനം വികലാംഗന് ഇറങ്ങേണ്ട സ്റ്റോപ്പ് ആയി.
രണ്ടും കല്പ്പിച്ചു കക്ഷി കൂട്ടുകാരനോടു ചോദിച്ചു.
താനാരെയാ കൈ വീശി കാണിക്കുന്നത്?
ആരെയുമില്ല! എനിക്ക് ഇങ്ങനെ ഒരു സ്വഭാവമുള്ളതാ.. ആട്ടെ, ചേട്ടനെന്തിനാ തിരിഞ്ഞു നോക്കിയത്?
വികലാംഗന് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി!
Friday, January 28, 2011








കുറ്റം പറയുന്നവര്‍ എന്ത് തന്നെ പറഞ്ഞോട്ടെ.. ഞങ്ങള്‍ കുറച്ചു പേര് ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. മലയാറ്റൂരാണോ? മഴ നനഞ്ഞു തന്നെ കേറണം!
ഉരുള്‍ പൊട്ടിയത് പോലെ മഴ പെയ്യുംപോഴാണ് മലയാറ്റൂര്‍ മല കയറണം എന്നാ ആഗ്രഹം ഞങ്ങള്ക്കുന്ടായത്
രണ്ടു ബൈക്കുകളിലായി പുറപ്പെട്ടു.
കളമശ്ശേരിയില്‍ പ്രാതല്‍! ആലുവ, എയര്‍ പോര്‍ട്ട്, കാലടി വഴി മലയാറ്റൂര്‍.
അടിവാരത്തെത്തിയതെ മഴ തുടങ്ങി! കരുതിയിരുന്ന കുടയും ചൂടി ഞങ്ങള്‍ കയറാന്‍ ആരംഭിച്ചു.
നന്നായി നനഞ്ഞു, നനഞ്ഞു കിതച്ചു. കിതച്ചു വിയര്‍ത്തു, വിയര്‍ത്തു കുളിച്ചു. മുകളിലെത്തി.
ആഹാ... വി. തോമാസ്ലിഹാ മഴക്കാലത്താണ് മലയാറ്റൂര്‍ മലയില്‍ കാലു കുത്തിയതെങ്കില്‍ തിരിച്ചു പോകില്ലായിരുന്നു എന്ന് തോന്നിപ്പോയി മുകളില്‍ നിന്നുള്ള മഴ ദൃശ്യങ്ങള്‍
കോടമഞ്ഞും കിഴ്ക്കാം തൂക്കായ ഗര്‍ത്തങ്ങളും. ചിത്രങ്ങള്‍ എടുത്തു.കണ്ടതിനപ്പുറം പകര്‍ത്താന്‍ കഴിയുന്ന ക്യാമറകള്‍ ഇല്ലല്ലോ...
സ്വയംഭൂ ആയ പൊന്‍ കുരിശു കണ്ടു. വന്ദിച്ചു.
വലിയ പള്ളിയില്‍ കയറി കുറച്ചു നേരം ശാന്തമായി ഇരുന്നു പ്രാര്‍ഥിച്ചു.
തിരിച്ചിറങ്ങി.
മഴയുടെ കാഠിന്യം മനസ്സിലാക്കാന്‍ ഒരു വാക്ക് കൂടി.
ഞാന്‍ നന്നായി ഒന്ന് തെന്നി വീണു!
-------------------------
ഓര്മ വെച്ച നാള് മുതല്‍ എല്ലാവര്‍ഷവും മുടക്കാത്ത ഒരു പരിപാടിയാണ് മലയാറ്റൂര്‍ യാത്ര. ഒരിക്കല്‍ ബൈക്കില്‍ പോകാനിരുന്ന ഞങ്ങളെ കൂട്ടത്തില്‍ ഒരുത്തന്റെ അമ്മാവന് ഒരു ട്രാവലറില്‍ കൊണ്ടു പോകാം എന്നേറ്റു. ഒരു ഫ്രീ ചാന്‍സല്ലേ എന്ന് കരുതി ഞങ്ങള്‍ പുറപ്പെട്ടു.
നല്ല തിരക്കായതിനാല്‍ വണ്ടി താഴ്വാരത്ത് ചെറിയ പള്ളിയുടെ അടുത്ത് പാര്‍ക്ക് ചെയ്യേണ്ടി വന്നു. അവിടന്നു നടന്നു അടിവാരത്ത് ചെന്നപ്പോഴേ ടീമിലെ ഇരുപതു പേരും പല വഴിയ്ക്കായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് എല്ലാത്തിനെയും മുകളില്‍ ചെന്ന ഉടനെ തപ്പിയെടുത്തത്. അപ്പൊ തന്നെ വഴി തെറ്റുന്നവര്‍ താഴെ ഒന്നാം പോയന്റില്‍ കാത്തു നില്‍ക്കണം എന്ന് എല്ലാവരോടുമായി പറഞ്ഞു.
ധാരാളം സമയം ക്യൂ നിന്ന് നന്നായി തൊഴുതു. തിരിച്ചിറങ്ങി.
ഒന്നാം പോയന്റില്‍ എത്തിയ ആളുകളുടെ എണ്ണം എടുത്തു. 19!
ഒരാളെ കാണാനില്ല. അതും വണ്ടി റെഡിയാക്കി തന്ന കൂട്ടുകാരന്. അവനാണെങ്കില്‍ വഴിയും അറിയില്ല. വണ്ടി എവിടെ ഇട്ടെന്നും അറിയില്ല.

കുറച്ചു കൂടി കാത്തിരിക്കാം. ആരോ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞു. കക്ഷിയെ കാണുന്നില്ല.
രണ്ടു പേര് വീണ്ടും മുകളില്‍ കയറാന്‍ സന്നദ്ധരായി. വീണ്ടും ഒരു മണിക്കൂര്‍ കഴിഞ്ഞു. കാണാനില്ല.
രണ്ടു പേര് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ വിളിച്ചു പറയിപ്പിക്കാനായി പോയി. ഒരു മണിക്കൂറോളം ക്യൂ നിന്ന് വിളിച്ചു പറഞ്ഞു. രക്ഷയില്ല.
പിന്നെ അവന് കൊച്ചു പയ്യനൊന്നുമല്ലോ.. തിരിച്ചു വരും എന്ന് ആശ്വസിച്ചു ഞങ്ങള്‍ വണ്ടിയിലേക്ക് പോയി.
മൂന്നു മണിക്കൂര്‍ കാത്തിരുന്നു പൊടിയില്‍ കുളിച്ചു ക്ഷീണിച്ചുവണ്ടിയില് എത്തിയ ഞങ്ങള്‍ അവരവരുടെ സീറ്റ് പിടിച്ചു. അപ്പോഴതാ പുറകില്‍ നിന്നൊരു ശബ്ദം!
നിങ്ങള്‍ ഇപ്പോഴാണോ വരുന്നത്? എന്റെ ഒരുറക്കം കഴിഞ്ഞല്ലോ!
Tuesday, January 25, 2011
Monday, January 24, 2011
ഒരുപാടു സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും ആ വീടുപണിയ്ക്കു പുറകില്‍ ഉണ്ടായിരുന്നു. വേറൊരു കൂട്ടരും പ്രാര്‍ഥിച്ചു. ലോണ്‍ തന്ന ബാങ്ക്, കൈക്കൂലി നന്നായി വാങ്ങിയ ഉദ്യോഗസ്ഥര്‍, കള്ള മണല്‍ സംഘടിപ്പിച്ചു തന്ന ഏജണ്റ്റുമാര്‍, പണി താമസിപ്പിച്ച് എന്നെ നന്നായി ചുറ്റിക്കുകയും പറ്റിക്കുകയും ചെയ്ത പണിക്കാര്, തടി ലേലം കൊള്ളാന്‍ എന്നെ നിര്‍ബന്ധിതനാക്കിയ തടിക്കച്ചവടക്കാര്‍, വളരെ വിലകൂടിയ സാധനങ്ങള്‍ എന്നെക്കൊണ്ട് വാങ്ങിപ്പിച്ച മറ്റു കോണ്‍ ട്രാക്ടര്മാര്..അങ്ങനെ പലരും. പക്ഷെ എണ്റ്റെ വീട്ടിലെ എനിക്കിഷ്ടമുള്ള ഒന്നിലധികം സ്ഥലങ്ങളില്‍ ഒരു പണിയും ഇല്ലാതെ ചടഞ്ഞു കൂടി കിടക്കുമ്പോള്‍ ഇവരോടൊക്കെ എനിക്ക് വളരെ സ്നേഹം തോന്നുന്നു!
മിക്കവാറും എല്ലാ പണിക്കാരും ഒന്നു പോലെയാണ്. എത്ര ശ്രമിച്ചാലും പണി സമയത്തിന് തീര്‍ക്കാന്‍ പറ്റില്ല. പറഞ്ഞ സമയത്തിന് എത്താന്‍ പറ്റില്ല, വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പറ്റില്ല, കൃത്യ സമയത്ത് പറഞ്ഞ സാധനങ്ങള്‍ സൈറ്റില്‍ ഇല്ലെങ്കില്‍ പിണങ്ങാനും സാധ്യതയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഫോണില്‍ വിളിച്ചാല്‍ കേള്‍ക്കുന്ന റിങ്ങ്ബാക്ക് ടോണ്‍ എന്തായിരിക്കുമെന്നറിയാമോ... "ഒന്നു വിളിച്ചാല്‍ ഓടിയെണ്റ്റെയരികിലെത്തും...ഒന്നു സ്തുതിച്ചാല്‍............ "വിളിച്ച് വിളിച്ച് വട്ടായി ചെവിയില്‍ വെയ്ക്കേണ്ടി വന്ന ചെമ്പരത്തിപ്പൂക്കളുടെ എണ്ണമെടുത്താല്‍ തന്നെ എണ്റ്റെ ജന്മം സഫലമായി.
ഇനിയും പല കാര്യങ്ങളും പറയാനുണ്ടെങ്കിലും തല്ക്കാലം കല്‍പ്പണി ചെയ്യാന്‍ വന്ന ഒരു മേസ്തിരിയെപ്പറ്റി പറയാം.
ഒരു സൈറ്റില്‍ പണി തീര്‍ക്കണ്ട ദിവസം ആകാറായി. തേപ്പ് തകൃതിയായി പുരോഗമിക്കുകയാണ്. ഒരു ദിവസം മേസ്തിരിയുടെ മികച്ച പണിക്കാരില്‍ ഒരാള്‍ എന്തോ കാരണത്തിന് ലീവ് എടുത്തു. പണി മുടക്കാനും സാധ്യമല്ല. മേസ്തിരി കുഴങ്ങി. അവസാനം വേറെ പണിയൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ഒരുത്തനെ സഹായത്തിനായി വിളിച്ചു. ഒരു ദിവസത്തെ കൂലി കൊടുക്കാം എന്നും പറഞ്ഞു. തികച്ചും നിശ്ശബ്ദമായി എനിക്ക് പണിയൊന്നുമറിയില്ലല്ലോ എന്ന ആത്മഗതത്തിന് നീ എന്തെങ്കിലുമൊക്കെ ചെയ്ത് നിന്നാ മതി, ഞങ്ങള്‍ ചെയ്തേക്കാം എന്ന് മേസ്തിരി മറുപടി നല്കി. എന്നാ ശരി, പോയേക്കാം എന്ന് അവനും കരുതി.
പണി മുറുകി വന്നപ്പോഴാണ് മുതലാളി വീടുപണി പരിശോധിക്കാനായി വന്നത്.
നമ്മുടെ പണിക്കാരന് തേയ്ക്കാനുപയോഗിക്കുന്ന കൊലശേര്‍ ഉപയോഗിച്ച് സിമന്റ് എറിഞ്ഞു പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എറിഞ്ഞു പിടിപ്പിയ്ക്കാന്‍ പോയിട്ട് സിമന്റ് കോരിയെടുത്ത് ചുമരില്‍ പിടിപ്പിക്കാന്‍ പോലും കക്ഷിയ്ക്ക് സാധിയ്ക്കുന്നില്ല. മുതലാളിയ്ക്ക് സംശയമായി. അദ്ദേഹം കുറച്ചധികം നേരം പണി നോക്കി നിന്നു.
മേസ്തിരി ഈ ഹൃദയ ഭേദകമായ കാഴ്ച കണ്ടു. തന്നെ കൈയോടെ പിടിയ്ക്കുന്നതും പണി മതിയാക്കി പോകാന്‍ പറയുന്നതുമൊക്കെ അദ്ദേഹം മനസ്സില്‍ കണ്ടു.
ഓടിച്ചെന്നു.
എന്നിട്ട് നമ്മുടെ പണിക്കാരനോടു പറഞ്ഞു.
എടാ... ഡിസൈന്‍ ഒന്നും വേണ്ട കേട്ടോ... സാധാരണ പോലെ മതി!
Thursday, January 20, 2011
അസിസ്റ്റന്റ്റ്കള്‍ ഒരുപാടുണ്ടെങ്കിലും തിരുമ്മല്‍ മിക്കവാറും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. സാധാരണ മസ്സാജര്‍മാരുടെ കടുത്ത പ്രയോഗങ്ങളൊന്നും ഡോക്ടര്‍ സമ്മതിച്ചിരുന്നില്ല.
കടുത്ത പ്രയോഗം എന്നു പറയുമ്പോള്‍ പണ്ട് ഞാന്‍ തിരുവനന്തപുരത്തായിരുന്നപ്പോഴുള്ള ഒരു സംഭവം ഓര്മ വരുന്നു. കടുത്ത പുറം വേദന. ബൈക്ക് തുടര്‍ച്ചയായി ഉപയോഗിച്ച് കിട്ടിയതാണെന്ന് മറ്റുള്ളവര്‍ പറയുന്നു. ഒരു കൂട്ടുകാരന് പറഞ്ഞു, നെടുമങ്ങാട് പൂഴിക്കുന്ന് എന്ന് പേരു വിളിക്കുന്ന ഒരു മര്‍മ്മ ചികിത്സാ വിദഗ്ധന്‍ വരുന്നുണ്ട്. ചില മര്മങ്ങളില് പുള്ളി ഒന്നു തൊട്ടാല്‍ തന്നെ എല്ലാ അസുഖങ്ങളും മാറും!
ഉടനെ പോയി.
വൈദ്യന്റെ വീട്ടില്‍ നല്ല ജനത്തിരക്ക്. എല്ലാവരും നടുവേദനക്കാരാണെന്നു തോന്നുന്നു. എന്തെങ്കിലുമാകട്ടെ വേദന ഒന്നു മാറിയാല്‍ മതി എന്ന ചിന്തയോടെ ഞാനും ക്യൂവില്‍ നിന്നു. ഒരു പത്തു പതിനാലു പേരുണ്ട്. അകത്തു നടക്കുന്നതൊന്നും ഒരു തുണിയിട്ടിരിക്കുന്നതിനാല്‍ കാണാന്‍ സാധിക്കുന്നില്ല. അടുത്തടുത്തെത്തുമ്പോഴേക്കും ചെറുതായി അകത്തെ കാഴ്ചകള്‍ കണ്ടു തുടങ്ങി. ഏതാണ്ട് ഞാന്‍ അടുത്തതായി കേറണം എന്ന ഘട്ടം വന്നപ്പോഴേക്കും ഒരു അത്യാസന്ന നിലക്കാരന് ആരെയോ വണ്ടി ഇടിച്ച് കാലൊക്കെ പിരിഞ്ഞു വളഞ്ഞു നാലഞ്ചു പേര് ചേര്‍ന്ന് എടുത്ത് അവിടെയെത്തി.
സ്വാഭാവികമായും എന്റെ ചാന്‍സ് നഷ്ടപ്പെട്ടു. അയാളെ അകത്തു കേറ്റി. വൈദ്യന് കക്ഷിയെ നല്ല വണ്ണം ഒന്നു നോക്കി. പിന്നെ കട്ടിലില്‍ കമിഴ്ത്തിക്കിടത്തി. എന്നിട്ട് മുകളില്‍ കെട്ടി ഞാത്തിയിട്ടിരിക്കുന്ന ഒരു കയറില്‍ പിടിച്ച് കട്ടിലില്‍ വണ്ടി ഇടിച്ചവന്റെ രണ്ടു സൈഡിലുമായി എഴുനേറ്റു നിന്നു തന്റെ കാലിന്റെ പെരുവിരലും നടുവിരലും ചേരുന്ന സ്ഥലം ഉപയോഗിച്ച് വണ്ടി ഇടിച്ചവന്റെ കാലില്‍ പിരിഞ്ഞ സ്ഥലത്തിനു മുകളിലായി ചവിട്ടി ഒന്നാഞ്ഞു തിരുമ്മി. അയ്യോ.....എന്ന ആര്‍ത്തനാദം തുടങ്ങിയതേപുറം വേദനയൊക്കെ നെടുമങ്ങാടു തന്നെ ഉപേക്ഷിച്ച് ഞാന്‍ എത്തേണ്ടിടത്തെത്തി.
പക്ഷെ നമ്മുടെ ഡോക്ടര്‍ അത്ര ക്രൂരതയൊന്നും കാണിക്കില്ല. നന്നായി നോക്കും, ആവശ്യമെങ്കില്‍ തിരുമ്മും, മരുന്നു കൊടുക്കും, ആവി കൊള്ളിക്കും, വിയര്‍പ്പിക്കും, നസ്യം ചെയ്യും, പക്ഷെ ഉപദ്രവിക്കില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ചെറിയ ഉഡായിപ്പൊക്കെ ഡോക്ടറുടെ കൈയിലുമുണ്ടെന്നു മനസ്സിലായ ഒരു സംഭവം പറയാം.
ഒരിക്കല്‍ ഒരു മാന്യന് നടുവേദന സഹിക്കാനാവാതെ ഡോക്ടറെ സമീപിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ഡോക്ടര്‍ ചികിത്സ നിശ്ചയിച്ചു. മരുന്നു കൊടുത്തു. ഒന്നു തടവി, ആവി കൊള്ളിച്ചു, കടി വസ്തി എന്ന ചികിത്സയും ചെയ്തു. അടുത്തയാഴ്ച വരാനും പറഞ്ഞു.
രോഗി പോയ ശേഷം ഡോക്ടര്‍ തന്റെ പ്രിസ്ക്രിപ്ഷന് ഒന്നു കൂടി നോക്കി. മരുന്ന് മാറിയിരിക്കുന്നു. വിളിക്കാനാണെങ്കില്‍ രോഗിയുടെ നമ്പറും കൈയിലില്ല. ഡോക്ടര്‍ക്ക് ടെന്‍ഷനായി. പക്ഷെ ആയുര്‍വേദ മരുന്നല്ലേ..സൈഡ് എഫക്ടൊന്നുമുണ്ടാവില്ലായിരിക്കും. ഡോക്ടര്‍ ആശ്വസിച്ചു.
അടുത്തയാഴ്ച ഡോക്ടര്‍ പറഞ്ഞ പോലെ രോഗി വന്നു. ഭാഗ്യം! വേദന കുറഞ്ഞിരിക്കുന്നു. ആശ്വാസത്തോടെ ഡോക്ടര്‍ പഴയ കുറിപ്പ് എടുത്തു നോക്കി. മാറിപ്പോയ മരുന്നിനു പകരം ശരിയ്ക്കുള്ള മരുന്ന് എഴുതി.
കുറിപ്പ് കിട്ടിയ ഉടനെ രോഗി നോക്കി. മരുന്ന് മാറ്റി എഴുതിയിരിക്കുന്നു. മറ്റേ മരുന്ന് നല്ല വ്യത്യാസമുണ്ടാക്കിയിരുന്നതു കൊണ്ട് മരുന്ന് മാറ്റാന്‍ കക്ഷിയ്ക്ക് തീരെ താല്പര്യമില്ല. ഡോക്ടറോട് ചോദിച്ചു.
"ആ മരുന്ന് ഈ ഋതുവിനു പറ്റിയതല്ല!"
Wednesday, January 19, 2011
തന്നെയുമല്ല, നന്നായി ഭക്ഷണം കഴിക്കുന്നവന് എന്ന് പറയുമ്പോഴുണ്ടാകുന്ന ഒരു തോന്നലും അവനെപ്പറ്റി വേണ്ട. തീറ്ററപ്പായിയെ പോലെയോ നമ്മുടെ ഫിലിം സ്റ്റാര്‍ എന്‍ എല്‍ ബാലകൃഷ്ണനെ പോലെയോ ഒന്നുമല്ല കക്ഷി. ഒരു അഞ്ചടി പൊക്കം. അതിനൊത്ത ശരീരം. അഴകളവുകള്‍ എല്ലാം കൃത്യം. എല്ലാ എല്ലുകളും യഥാ സ്ഥാനത്ത് തന്നെ കാണാം. ഞെരമ്പുകളും വൃത്തിയായി കാണാം. അങ്ങനെ ആകെ മൊത്തം ഇവനീ കഴിക്കുന്നതൊക്കെ എങ്ങടാണപ്പാ പോണേ എന്ന് തോന്നിപ്പിക്കുന്ന ശരീരം!
അവനെ കമ്പനി ഷാര്‍ജയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
ഒരു വിധത്തില്‍ അന്നത്തെ ജോലി തീര്‍ത്ത് വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി അടുത്തുള്ള ഒരു ഹോട്ടലില്‍ പാഞ്ഞു കേറി പുള്ളിക്കാരന് ഒരു സീറ്റ് പിടിച്ചു. പക്ഷെ അപ്പോഴാണ് അടുത്ത പ്രോബ്ലം. ഭാഷ പ്രശ്നം. സപ്ലയര്‍ ആണെങ്കില്‍ മറുഭാഷ മാത്രമേ പറയുന്നുള്ളൂ.
അതാ മറ്റൊരു വെയിറ്റര്‍ ഒരു പ്ളേറ്റില്‍ ചിക്കന്‍ പൊരിച്ചതു പോലെ എന്തോ ഒരു സാധനം കൈയില്‍ പിടിച്ച് നടന്നു പോകുന്നു. നടന്ന് ഒരു തൂണിന്റെ പുറകില്‍ മറഞ്ഞു.

വേഗം തന്നെ നമ്മുടെ കക്ഷി വെയിറ്ററെ ശ്...ശ്...എന്നൊക്കെ ശബ്ദമുണ്ടാക്കിയും ടേബിളില്‍ കൈ തട്ടി ശബ്ദമുണ്ടാക്കിയും മറ്റും അടുത്തേക്ക് വിളിച്ചു. അടുത്തെത്തിയ വെയിറ്ററോട് ആ മേശ ചൂണ്ടിക്കാണിച്ച് കൈ കൊണ്ട് ഒന്ന് എന്നു കാണിച്ചു. വെയിറ്റര്‍ ഓക്കെ എന്നു പറഞ്ഞ് അകത്തേക്ക് പോയി.
നിമിഷങ്ങള്‍ക്കുള്ളില്‍ അതേ പോലെ ഒരു സാധനം ഫോയില്‍ പേപ്പറില്‍ ഒക്കെ പൊതിഞ്ഞ് സീറ്റിലെത്തി.
കൂടെ കൊണ്ടു വന്ന കത്തിയും ഫോര്‍ക്കും പിന്നെ കൈയും കാലും തലയും ഒക്കെ ഉപയോഗിച്ച് കക്ഷി അത് തിന്നു തീര്‍ത്തു.
നേരത്തെ ഭക്ഷണം കൊണ്ടു പോകുന്നതു കണ്ട തൂണിനു പുറകിലുള്ള വാഷ് ബേസിന്റെ വശത്തേക്ക് കൈ കഴുകാന്‍ എഴുനേറ്റു.
അപ്പോഴതാ മൂന്നു പേര് വളരെ കഷ്ടപ്പെട്ട് അതേ സാധനം തീര്‍ക്കാന്‍ പാടുപെടുന്നു!
Sunday, January 16, 2011
ഒരിക്കല്‍ കമ്പനി വക ഇന്റർകോം ഡയറക്ടറി നോക്കി കൊറിയറിലേക്ക് സുരേഷിനെ അന്വേഷിച്ച് വിളിച്ച ഒരു കക്ഷിയ്ക്ക് നമ്പര്‍ മാറി എം ഡിയുടെ ഫോണ്‍ കിട്ടി.
ക്ളര്‍ക്ക് സുരേഷുമായുള്ള പരിചയം കൊണ്ട് കക്ഷി ഇങ്ങനെ സംസാരിച്ച് തുടങ്ങി.
“ഡാ”
എം ഡി ഒന്നു ഞെട്ടി. ആരാണപ്പാ എന്നെ ഡാ-ന്നൊക്കെ വിളിക്കുന്നത്...
"ഹലോ ഇതാരാ സംസാരിക്കുന്നത്”
ഉടനെ വന്നു കക്ഷിയുടെ മറുപടി.
“വല്യ ജാഡയൊന്നും വേണ്ടടപ്പാ...ഒള്ള കളി മതീട്ടാ....
എം ഡിയുടെ സകല നിയന്ത്രണവും വിട്ടു.
“ഹെയ് മിസ്റ്റര്‍ ഇയാള്‍ ആരോടാണ് സംസാരിക്കുന്നതെന്നറിയാമോ?”
ക്ളര്‍ക്ക് സുരേഷ് ഇങ്ങനെയൊന്നും സംസാരിക്കാന്‍ സാധ്യതയില്ലെന്നറിയാവുന്ന കൂട്ടുകാരന് എം ഡിയോടാണ് താന്‍ സംസാരിക്കുന്നതെന്ന നഗ്ന സത്യം ഇതിനകം മനസ്സിലാക്കി.
എങ്കിലും ധൈര്യം കൈവിടാതെ ഇങ്ങനെ ചോദിച്ചു.
“താന്‍ ആരായാലെന്താ തനിക്ക് ഞാന്‍ ആരാണെന്നു മനസ്സിലായോ?”
“ഇല്ല” എം ഡി മറുപടി നല്കി.
“ഭാഗ്യം!”
കൂട്ടുകാരന് ഫോണ്‍ വെച്ചു.
-----------------------------------------------------------------------------------
രാവിലെ ഏല്പിച്ച ഒരു പണി തീക്കാത്തതു കൊണ്ട് ഫോണില്‍ വിളിച്ച് സബോര്‍ഡിനേറ്റിനെ ബോസ് ഫയര്‍ ചെയ്യുകയാണ്. തലങ്ങും വിലങ്ങും തെറിവിളി കേട്ട് സകല നിയന്ത്രണവും വിട്ട പുള്ളിക്കാരന് ഫോണ്‍ വെയ്ക്കുന്നതിനു മുന്‍പ് ബോസ് കേള്ക്കുന്നെങ്കില് കേട്ടോട്ടെ എന്ന മട്ടില്‍ ഇങ്ങനെ പറഞ്ഞു.
"ദൈവമേ എത്ര ഇടിമിന്നല്‍ വെറുതെ വീണു പോകുന്നു. ഒരെണ്ണം ഈ തല തെറിച്ചവന്റെ തലയില്‍ വീഴുന്നില്ലല്ലോ....”
എന്നിട്ടു ഫോണ്‍ വെച്ചു.
ഫോണ്‍ വെച്ചയുടനെ വീണ്ടും ഫോണ്‍ വന്നു.ക്യാബിനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.
ക്യാബിനില്‍ ചെന്നപ്പോള്‍ ബോസിന് വളരെ സ്നേഹം. രാവിലത്തെ പ്രശ്നങ്ങള്‍ എല്ലാം മറന്നതു പോലെ. കുശല പ്രശ്നങ്ങളും നിരവധി. ഒടുക്കം ഒരു ചോദ്യവും.
“അല്ല, എന്തോ നേരത്തെ എന്നെപ്പറ്റി പറഞ്ഞല്ലോ...എന്താ...അത്?”
ഉടനെ വന്നു സബോര്‍ഡിനേറ്റിന്റെ മറുപടി.
“അയ്യോ... ഞാന്‍ മ്യൂട്ട് ചെയ്തിരുന്നല്ലൊ.....പിന്നെങ്ങനെ സാര്‍ കേട്ടു?”
Friday, January 14, 2011
തിരുവനന്തപുരത്ത് ഞാന്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ കാന്റീന് ഉണ്ടായിരുന്നില്ല. പുറത്ത് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കണമായിരുന്നു. അതു കൊണ്ടു തന്നെ സ്ഥിരം കഴിക്കാവുന്ന ഒരു ഹോട്ടല്‍ കം തട്ടുകട ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. രാവിലെ പുട്ട്, ദോശ, അപ്പം, ഇഡ്ഢലി, ഇഡിയപ്പം തുടങ്ങിയവ കൂടാതെ കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും കിട്ടുന്ന ഒരു ഹോട്ടല്‍. പിന്നെ തിരുവനന്തപുരം സ്പെഷ്യല്‍ രസവട, കപ്പപ്പഴം, ബിരിയാണിച്ചായ, മോദകം, പഴം നിറച്ചത്.....വിഭവങ്ങളുടെ നിര നീളും.
ഞങ്ങളുടെ ഭക്ഷണം ഒരു പ്രശ്നവും ഇല്ലാതെ പോകുന്ന കാലം. പുതിയതായി ഒരു സഹപ്രവര്ത്തകന് ഓഫീസില്‍ എത്തി. അദ്ദേഹത്തിന് ആദ്യ ദിവസം തന്നെ നമ്മുടെ ഹോട്ടലിലെ ഭക്ഷണം പിടിക്കുന്നില്ല. ഞങ്ങളാകട്ടെ, ഈ ഹോട്ടല്‍ ഒഴിവാക്കാന്‍ തീരെ തയാറല്ല. അതുകൊണ്ടു തന്നെ ഈ കക്ഷിയ്ക്ക് ഞങ്ങളുമായി ഒരു സൌഹൃദം സൃഷ്ടിക്കാന്‍ സാധിക്കുന്നുമില്ല.അദ്ദേഹം മാനസികമായി കടുത്ത പിരിമുറുക്കത്തിലായി.
ഒരു ദിവസം രണ്ടും കല്പിച്ച് കക്ഷി ഞങ്ങളെ ഒരു ട്രീറ്റിനായി വിളിച്ചു. ഞങ്ങളുടെ കടുത്ത നിര്‍ബന്ധത്തെ തൃണവല്‍ഗണിച്ച് അദ്ദേഹം ട്രീറ്റ് നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ അറേഞ്ച് ചെയ്തു. സ്റ്റാര്‍ ഭക്ഷണം അന്നേ വരെ കഴിച്ചിട്ടില്ലാത്ത ഞങ്ങള്‍ നാലു പേര് പുള്ളിയോടൊപ്പം സ്റ്റാര്‍ ഹോട്ടലില്‍ കയറി ഒരു മൂലയില്‍ നല്ലവണ്ണം എ സി യൊക്കെ കിട്ടുന്ന ഒരു സീറ്റിനു ചുറ്റും ഇരിപ്പുറപ്പിച്ചു.
ഞങ്ങളുടെ പരുങ്ങല് കണ്ടപ്പോള്‍ ഞങ്ങള്‍ വെറും കണ്ട്രികളാണെന്നു മനസ്സിലാക്കിയ കൂട്ടുകാരന് മാക്സിമം ജാഡ കാട്ടിത്തുടങ്ങി.
"ബെയറര്‍...." ഉച്ചത്തില്‍ വിളിക്കുകയാണ്. "മെനു... "
പൊട്ടന് ബിസ്ക്കറ്റ് (?) കണ്ട പോലെ മെനു നോക്കി നിന്ന ഞങ്ങള്‍ക്ക് ഒരു ചോയ്സും നല്‍കാതെ കക്ഷി ഓര്‍ഡര്‍ കൊടുത്തു.
"ഒരു മട്ടണ്‍ സൂപ്പ്... "
എന്നിട്ട് ഞങ്ങളോടായി പറഞ്ഞു.
"എന്താണെന്നു വെച്ചാല്‍ വാങ്ങിക്കഴിക്കണം കേട്ടോ...നൊ ഫോര്മാലിറ്റീസ്..."
ഒരിളിയും... എന്നിട്ട് കൈ നന്നായി രണ്ടു സൈഡിലേക്കും വീശി ഇങ്ങനെ...
"ഞാന്‍ ഒന്നു ഫെയ്സ് വോഷ് ചെയ്തു വരാം... "

പുള്ളിക്കാരന് പോയ തക്കത്തിന് സൂപ്പ് വന്നു. നന്നായി വിശന്നിരുന്ന ഞങ്ങള്‍ ചിത്രങ്ങളിലും സിനിമയിലും മറ്റും മാത്രം കണ്ടിരുന്ന ആ സാധനം പകുതിയോളം അകത്താക്കി. പകുതി തീര്‍ന്ന സൂപ്പുപാത്രം കണ്ടപ്പോഴാണ് ഇവന് തിരിച്ചു വരുമ്പോഴുണ്ടാകാവുന്ന പുകില് ഞങ്ങള്‍ ഓര്‍ത്തത്. ഉടനെ കുടിക്കാന്‍ തന്ന വെള്ളം ചേര്‍ത്ത് ബാക്കി ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.
തിരിച്ചു വന്ന കൂട്ടുകാരന് മുന്പിലിരുന്ന ടവല്‍ നിവര്‍ത്തി മടിയില്‍ വിരിച്ചു. സ്പൂണും ഫോര്‍ക്കും എടുത്ത് നേരെ വച്ചു. പിന്നെ മുന്പില് നിന്നും കുരുമുളകു പൊടി, ഉപ്പ് തുടങ്ങിയവ സൂപ്പു പാത്രത്തില്‍ ഇട്ടു. നന്നായി ഇളക്കി. ചില ശബ്ദ കോലാഹലങ്ങളോടെ കുടിച്ചു.
അതിനു ശേഷം ഞങ്ങളെല്ലാവരും കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായ ഒരു പാടു ഭക്ഷണം കഴിച്ചു. ഇറങ്ങാന്‍ നേരം ബെയറര്‍...
"എങ്ങനെയുണ്ടായിരുന്നു സാര്‍ ഭക്ഷണം?"
"ഓ...ഇറ്റ് വാസ് ഗുഡ്. ബട്ട് സൂപ്പ് അത്ര കര്‍ഡി ആയിരുന്നില്ല എന്ന് മാത്രം!"
Thursday, January 13, 2011
കൊലപാതകം, ആത്മഹത്യ അങ്ങനെ പലതും കേട്ടിരുന്നുവെങ്കിലും നമ്മുടെ കഥ അതല്ല.
മരണം ഏതു തരമായാലും പെടു മരണം തന്നെയല്ലേ...എഞ്ചിനീയറും കുടുംബവും, വേറെ പണിയൊന്നുമില്ലാതെ ഫുള്‍ ടൈം കറങ്ങി നടക്കുകയായിരുന്നു എങ്കിലും രാത്രി ശക്തി കൂടും എന്നായിരുന്നു ജനവിശ്വാസം.അതു കൊണ്ടായിരിക്കണം ആരും ഒരു സമയം കഴിഞ്ഞാല്‍ അതു വഴി പോകാറുണ്ടായിരുന്നില്ല. പേടിയൊന്നുമുണ്ടായിട്ടല്ല...ഒരു ഭയം! അത്ര തന്നെ.
അങ്ങനെയിരിക്കേ ഒരു ദിവസം, വെങ്ങോലയിലുള്ള ഒരു കൂട്ടുകാരന്റെ വീട്ടില്‍ എന്തൊക്കെയോ ഗള്‍ഫ് സാധനങ്ങള്‍ എത്തിക്കാന്‍ രാത്രി ഇറങ്ങിത്തിരിച്ച ഒരു ചെറുപ്പക്കാരന് കഷ്ടകാലത്തിന് നമ്മുടെ എഞ്ചിനീയറുടെ വീടിനു മുന്‍പിലെത്തി. ഗള്‍ഫില്‍ ആയിരുന്നതിനാല്‍ നാട്ടില്‍ നടന്ന ഈ വിവരവും മറ്റും ചങ്ങാതി അറിഞ്ഞിരുന്നില്ല. അതു കൊണ്ടു തന്നെ എഞ്ചിനീയറെയും കുടുംബത്തെയും കക്ഷി കണ്ടതുമില്ല. തന്നെയുമല്ല, കൂട്ടുകാരന്റെ വീടു കണ്ടു പിടിക്കാന്ആരോടെങ്കിലും ഒന്നു ചോദിക്കാം എന്നു കരുതിയാല്ആരെയെങ്കിലും കാണണ്ടേ....
ഈ സമയത്താണ് ഒരു ഓട്ടോ കയറ്റം കയറിവരുന്നത് കക്ഷി കണ്ടത്. കണ്ടതേ കൈ കാണിക്കുകയും ചെയ്തു.
ഈ വശപ്പെശകായ സമയത്ത് അതിലും വശപ്പെശകായ സ്ഥലത്തേക്ക് ഓട്ടം വിളിച്ചവനെ മനസാ പ്രാകിക്കൊണ്ട് വണ്ടി ഓടിക്കുകയായിരുന്നു ഓട്ടോ ഡ്രൈവര്‍. എഞ്ചിനീയറ് എങ്ങാനും രാത്രി മുന്പില് പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ഉടനെ വന്നു രക്ഷപ്പെടുത്താന്‍ ദൈവങ്ങള്‍ക്കുള്ള വഴിപാടുകളും നേര്‍ച്ചകളും മന്ത്രങ്ങളും മറ്റും അറിയാവുന്ന രീതിയില്‍ കക്ഷി പിറുപിറുക്കുന്നുണ്ടായിരുന്നു.
ദൂരെ ഫുള്സ്ളീവൊക്കെയിട്ട് ഇന്‍ ചെയ്ത് സ്യൂട്കെസും കൈയില്‍ പിടിച്ച് നില്ക്കുന്ന നമ്മുടെ ഗള്‍ഫിനെ കണ്ടതും ഓട്ടോച്ചേട്ടന്റെ കമ്പ്ലീറ്റ് ഗ്യാസും പോയി. കൈ കാണിച്ചതോടെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്നായി. എഞ്ചിനീയറെ ഓട്ടോ ഓടിച്ച് തോല്പിക്കാനായി പിന്നത്തെ ശ്രമം.
സ്പീഡില്‍ ഓടിക്കുന്നതിനിടെ ഓട്ടോയുടെ പിന് ചക്രങ്ങളില്‍ ഒന്ന് വാട്ടര്‍ അതോറിറ്റിയുടെ ഒരു കുഴിയില്‍ വീണു. ഒരു വിധത്തില്‍ ആക്സിലറെറ്റര് കൊടുത്ത് കക്ഷി കുഴിയില്‍ നിന്നും ഓട്ടോ വലിച്ചൂരിയെടുത്ത് വായുവേഗത്തില്‍ പറപ്പിച്ചു. ഒരു വിധത്തില്‍ ജങ്ക്ഷനിലെത്തിച്ചു.
"എന്നെ ഇവിടെ വിട്ടാ മതി!"
പുറകില്‍ നിന്നുള്ള ശബ്ദത്തോടൊപ്പം ഒരു തണുത്ത കൈ തോളില്‍ വീഴുകയും ചെയ്തതോടെ എന്റമ്മോ എന്ന ഒരു ശബ്ദത്തോടെ ഓട്ടോ അടുത്തുള്ള ഒരു കാനയില്‍ വീണു. ഓട്ടോച്ചേട്ടന്‍ ബോധം കെടുകയും ചെയ്തു.
ഓട്ടോ കുഴിയില്‍ വീണപ്പോള്‍ തന്നെ കയറ്റാന്‍ സ്ളോ ചെയ്തതാണെന്നു കരുതി ഓട്ടോയില്‍ കയറിയ ഗള്‍ഫിനു കാര്യമൊന്നും മനസ്സിലായതുമില്ല.
-----------------------
ഗവ: ഹോസ്പിറ്റലിനു സ്വന്തമായി ഒരു ആംബുലന്‍സ് ഉണ്ട്ട്. ഒരു ചെറിയ ഹോസ്പിറ്റല്‍ ആയതു കൊണ്ടും ആംബുലന്‍സ് നല്ല കണ്ടീഷന്‍ ആയതു കൊണ്ടും അത്യാവശ്യം വന്നാല്‍ വല്ല നല്ല വണ്ടിയും വിളിക്കാറാണ് പതിവ്. മരണം വല്ലതും ഉണ്ടായാല്‍ ഈ വണ്ടിയില്‍ വീട്ടില്‍ ബോഡി എത്തിക്കും അത്ര തന്നെ.
ഹോസ്പിറ്റലിനു വെഹിക്കിള്‍ ഷെഡ് ഇല്ലാത്തത് കൊണ്ട്ട് മിക്കവാറും രാത്രി ആംബുലന്‍സ് ഡ്രൈവറുടെ വീട്ടില്‍ ആണ് ഇടാറുള്ളത്
ഒരു ദിവസം രാത്രി ഒരു മരിച്ച വീട്ടില്‍ ബോഡി എത്തിച്ച ശേഷം ഡ്രൈവര്‍ സ്വന്തം വീട്ടിലേക്ക് വണ്ടി കൊണ്ടു പോകാന്‍ സ്റ്റാര്‍ട്ട് ആക്കി. ഈ അവസരത്തില്‍ ജങ്ക്ഷന് വരെ ഒരു ഫ്രീ ലിഫ്റ്റ് സംഘടിപ്പിച്ചേക്കാം എന്ന ധാരണയില്‍ ഒരു കാര്ന്നോര് വണ്ടിയുടെ ബാക്കില്‍ കയറിപ്പറ്റി. ഡ്രൈവര്‍ ഇതൊട്ട് അറിഞ്ഞതുമില്ല.
ജങ്ക്ഷനില്‍ എത്തിയപ്പോള്‍ ആംബുലന്‍സിന്റെ അകത്തു നിന്നും ഡ്രൈവര്‍ കാബിനിലേക്കുള്ള ചെറിയ തുളയിലൂടെ കൈയിട്ട് കാര്ന്നോര് പറഞ്ഞു ...
"എന്നെ ഒന്നിവിടെ ഇറക്കിയേരെ കേട്ടോ.... "
കുറച്ചു മുന്‍പ് വരെ അകത്ത് ഉണ്ടായിരുന്ന പ്രേതത്തിന്റെ സാമീപ്യം അനുഭവപ്പെട്ട ഡ്രൈവര്‍ വണ്ടി എവിടെയൊക്കെയോ ഇടിച്ചു നിര്‍ത്തി ഓടി രക്ഷപ്പെട്ടു!
Tuesday, January 11, 2011

എന്റെ കുടുംബത്തിലെ എന്റെ സമപ്രായക്കാരനായ ഒരു ജ്യേഷ്ഠനുണ്ട്.നല്ല ഭക്ഷണപ്രിയനായ കക്ഷിയുടെ ചെറുപ്പത്തിലെ ഒരു കഥയാണ്. മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായം. ചോറൂണു കഴിഞ്ഞിട്ടില്ല. അങ്ങനെ നീന്തി നീന്തി നടക്കുന്നതിനിടയില്‍ ഇപ്പോള്‍ നല്ല ഉദ്യോഗത്തില്‍ ഇരിക്കുന്ന മറ്റൊരു ചേട്ടന്റെഅടുത്തെത്തി. കക്ഷി പ്രാതലിന്റെ ഭാഗമായ ചായയും അപ്പവും പുഴുങ്ങിയ മുട്ടക്കറിയും മറ്റും കഴിക്കുകയാണ്.
അനിയനോടുള്ള സ്നേഹമാണോ കഴിക്കാന്‍ പറ്റാഞ്ഞിട്ടാണോ എന്നറിയില്ല, നീന്തി അടുത്തെത്തിയ ചെങ്ങാതിയുടെ വായിലേക്ക് ഈ ചേട്ടന് പുഴുങ്ങിയ മുട്ട അപ്പാടെ വെച്ചു കൊടുത്തു.
ആദ്യമൊക്കെ അല്പം ശ്വാസം മുട്ടിയെങ്കിലും പുള്ളി ആ മുട്ട മുഴുവന്‍ വയറ്റിലാക്കി.
ഒരു കൂട്ടുകാരന്റെ മകളുടെ കഥയാണ്. അവര്‍ സകുടുംബം ട്രെയിനില്‍ യാത്ര പോകുകയാണ്. തികച്ചും കുസൃതിയായ അവള് വെറുതെ ഇരിക്കുന്നേയില്ല. വെറുതെ പിരുപിരുക്കുകയാണ്.
അല്പം ചെന്നപ്പോഴേക്കും കാപ്പി വന്നു.
അച്ഛാ.... കാപ്പി!
കൂട്ടുകാരന് കാപ്പി വാങ്ങിക്കൊടുത്തു. അല്പം കുടിച്ച് ബാക്കി കളഞ്ഞു.
അല്പം ചെന്നപ്പോള്‍ ഐസ്ക്രീം വന്നു.
അച്ഛാ... ഐസ്ക്രീം!
ഐസ്ക്രീം വാങ്ങിക്കൊടുത്തു. അതു മുഴുവന്‍ തിന്നു. മുഖത്തും ഉടുപ്പിലും എല്ലാം ആക്കി. അമ്മ ആകെ ദേഷ്യപ്പെട്ടു. കൊണ്ടു പോയി കഴുകിച്ചു.
അല്പം ചെന്നപ്പോള്‍ പഴം പൊരി വന്നു.
അച്ഛാ... പഴം പൊരി!
പഴം പൊരി വാങ്ങിക്കൊടുത്തു.
കുറച്ച് എവിടെയൊക്കെയോ കടിച്ച ശേഷം അതും കളഞ്ഞു.
അല്പം കഴിഞ്ഞപ്പോള്‍ ഫ്രൂട്ടി വന്നു.
അച്ഛാ... ഫ്രൂട്ടി!
കൂട്ടുകാരനു ദേഷ്യം വന്നു. "വല്ലതുമൊക്കെ വലിച്ചു കേറ്റി വയറു കേടാക്കണ്ട!"
നിഷേധിക്കപ്പെട്ടതിന്റെ സങ്കടം കുട്ടിയുടെ മുഖത്ത് നിഴലിച്ചു. പക്ഷെ വളരെ പെട്ടെന്ന് ആത്മസംയമനം പാലിച്ച് ഒരു ചെറിയ കടുപ്പത്തോടെ അവള് കൂട്ടുകാരനോട് ഇങ്ങനെ പറഞ്ഞു.
"അച്ഛനെ കണ്ടാല്‍ മിസ്റ്റര്‍ ബീനിനെ പോലെയുണ്ട്! അങ്ങനെ തന്നെ വേണം!"
ഒരു ചേച്ചിയുടെ മകന്റെ കഥയാണ്. ആരെങ്കിലും അവനെ കാണാന്‍ ചെന്നാല്‍ കക്ഷി പറയുമായിരുന്നു.
"മോന് കുറച്ചു പരിചയക്കേടുണ്ട്. കുറച്ചു കഴിയുമ്പോള്‍ മാറിക്കൊള്ളും"
ഒരു അനിയത്തിയുടെ പേര് പദ്മജ എന്നായിരുന്നു. പപ്പ എന്നു വിളിക്കും. അവളുടെ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയിരിക്കുകയാണ്. ഇണ്റ്റര്‍വ്യൂ നടക്കുകയാണ്. അച്ഛനമ്മമാരുടെ ഇണ്റ്റര്‍വ്യൂ കഴിഞ്ഞു. കുട്ടിയുടെ ഇണ്റ്റര്‍വ്യൂ തുടങ്ങി. പ്രിന്‍സിപ്പാള്‍ ചോദിച്ചു.
"മോളെ..ടെല്‍ മി യുവര്‍ മോമ്മി'സ് നെയിം..... "
"പപ്പാ" പെട്ടെന്നായിരുന്നു മറുപടി.
മറ്റൊരു കൂട്ടുകാരന്റെ മകളുടെ കഥയാണ്. രാത്രി കഞ്ഞി കുടിക്കാന്‍ ഇരിക്കുന്നു. കഞ്ഞിയും പപ്പടവും. നിലത്തു വട്ടം കൂടി ടി വിയും കണ്ട് ഇരിക്കുകയാണ്. ഇവള് പപ്പടം മാത്രം കടിച്ചു തിന്നും. കഞ്ഞി കുടിക്കില്ല. അതാണ് പ്രശ്നം. ഓരോ പ്രാവശ്ര്യവും പപ്പടം എടുക്കുമ്പോഴും കൂട്ടുകാരന് പറയും. മോളെ..കഞ്ഞി കുടിച്ചിട്ട് പപ്പടം കഴിച്ചാല്‍ മതി.
വീണ്ടും എടുക്കും..വീണ്ടും പറയും.
ടി വി കാണുകയല്ലേ... ഈ കാര്യം കൂട്ടുകാരന് മറന്നു പോയി.
കുറെ കഴിഞ്ഞ് മകളുടെ ചോദ്യം..
"അച്ഛാ...കഞ്ഞി കുടിച്ചു കഴിഞ്ഞു. ഇനി കിടന്നുറങ്ങി രാവിലെ എണീറ്റു പപ്പടം തിന്നാ പോരെ... "
എന്റെ രണ്ടു കസിന് ചേട്ടന്മാര് ഉണ്ട്. മൂത്തയാള്‍ കുറച്ചു ദൂരെയാണ് ജോലി ചെയ്യുന്നത്. അതു കൊണ്ട് അവര്‍ കുടുംബസമേതം തറവാട്ടില്‍ അതായത് രണ്ടാമത്തെയാള്‍ താമസിക്കുന്ന വീട്ടില്‍ താമസിക്കുന്നു.
ഒരു ദിവസം രാത്രി രണ്ടാമത്തെയാള്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ അവരുടെ അമ്മ മൂത്തയാളുടെ അഞ്ചും മൂന്നും വയസ്സു പ്രായമുള്ള കുട്ടികളോട് വെറുതെ ഇങ്ങനെ പറഞ്ഞു...
"കണ്ടോ...നിങ്ങളുടെ കൊച്ചച്ഛന് എന്നും ഇങ്ങനെ മഴയും നനഞ്ഞ് കഷ്ടപ്പെട്ടാ രാത്രി വരുന്നത്."
വളരെ പതുക്കെ...ഒച്ച താഴ്ത്തി ഇളയയാളുടെ മറുപടി...
"ഇനി ഞങ്ങള്‍ കുട വല്ലതും വാങ്ങിക്കൊടുക്കണമെന്നാണോ പറഞ്ഞു കൊണ്ടു വരുന്നത്?"
Sunday, January 9, 2011

മുട്ടനൊരു കാട്ടുപോത്തിന്റെ മുന്പില് ചെന്ന് പെട്ടാല്‍ മസില് പെരുപ്പിച്ചു നില്ക്കാന് എത്ര പേര്‍ക്ക് പറ്റും?
ഞങ്ങള്‍ക്കും പറ്റിയില്ല! ആ കഥ പറഞ്ഞേക്കാം!
ബോട്ടപകടം നടന്നു ദുഖസാന്ദ്രമായ അന്തരീക്ഷത്തിലിരിക്കുന്ന തട്ടേക്കാട്ടെക്ക് ടൂറു പോകാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. ബസില്‍ പോയി വൈകീട്ടത്തെക്ക് തിരിച്ച് ഓഫീസില്‍ കേറണം. ബസ്സില്‍ പോകാം എന്ന് വിചാരിച്ചു. രാത്രിയില്‍ ജോലി കഴിയുന്ന ഒരാളുണ്ടായിരുന്നത് കൊണ്ട് ബൈക്ക് അത്ര സെയ്ഫ് അല്ലായിരുന്നു.
രാവിലെ ആറു മണിയോടെ പുറപ്പെട്ടു. എട്ടു മണിയോടെ തട്ടേക്കാട്ട് എത്തി.
തട്ടേക്കാട്ടെത്തി ബ്രേക്ഫാസ്റ്റ് കഴിച്ചു. പൊറോട്ടയും സാമ്പാറും! വെള്ളം കുടിക്കാന്‍ തന്ന വിധം കലക്കി. ഒരുഷിവാസിന്റെ കുപ്പിയില്‍! പൊറോട്ടയും സാമ്പാറും ഇറങ്ങിപ്പോയതറിഞ്ഞില്ല.
അകത്തു കേറാന്‍ നോക്കിയപ്പോള്‍ പറയുന്നു, കാട്ടില്‍ കേറാന്‍ പറ്റൂല്ലാ..... വന്യ മൃഗങ്ങള്‍ ധാരാളം ഉണ്ട്. പിന്നെ ഗൈഡിനെ വിളിച്ചാല്‍ പോകാം. ഗൈഡിനു 150 രൂപ!
കാടു കാണാന്‍ വന്നവര്‍ ഭക്ഷണം പോലും കഴിക്കാതെ കിടക്കുന്ന അഞ്ചാറു മ്ലാവിനെ കണ്ടിട്ടു പൊയ്ക്കൊള്ളാന്‍! അതും കോടനാട് ആനക്കൂടിന്റെ അടുത്ത് നിന്ന് വന്നവരോട്! രക്തം തിളച്ചു.
ഉടക്കി! ഡി എഫ് ഓ യെ വരെ വിളിച്ചു. പിന്നെ ഒരു ഗാര്‍ഡിനെ കൂട്ടി പൊയ്ക്കൊള്ളാന്‍ അനുമതി കിട്ടി.
ഞങ്ങളുടെ ഒച്ചയും ബഹളവും രീതികളും പിടിക്കാത്തത് കൊണ്ടാവണം ഗാര്‍ഡ് പെട്ടെന്ന് സ്ഥലം വിട്ടു.അപ്പൊ ഞങ്ങള്‍ക്ക് തോന്നി ഈ വഴി ശരിയല്ല! കാടു കാണാന്‍ വന്നവര്‍ കാട്ടില്‍ കുടിയല്ലേ പോകേണ്ടത്?വഴി ഉപേക്ഷിച്ചു. കാട്ടിലിറങ്ങി.കുറച്ചു പോയിക്കാണും. നല്ല രസം. ഫോട്ടോകള്‍ എടുത്തേക്കാം എന്ന് കരുതി വെളിച്ചമുള്ള സ്ഥലത്തേക്ക് മാറി നിന്നു.
ഒരു ശബ്ദം!ഒരു തരം ആദിവാസി സിനിമകളില്‍ കേട്ടത് പോലെ. ചില കാട്ടില്‍ മാത്രം കണ്ടു വരുന്ന വാദ്യോ പകരണങ്ങളില്‍ നിന്നുംവരുന്ന തരം ശബ്ദം. നേരത്തെ തിളച്ച രക്തം തണുത്തുറഞ്ഞു. പിന്നെ ശബ്ദം വലുതായി വന്നു. കുളംബിന്റെ ശബ്ദവും കേട്ട് തുടങ്ങി. ഒന്നല്ല ഒരു വലിയ കൂട്ടത്തിന്റെ ശബ്ദം.
ഓടണം എന്നുണ്ട്. പറ്റുന്നില്ല. വഴിയും അറിയില്ല. പോകുന്ന വഴിയെല്ലാം മരങ്ങളും വള്ളികളും.എന്റെ ഷൂ ലെയ്സ് കെട്ടാത്തത് തെറ്റായിപ്പോയി എന്ന് ഞാന്‍ ആത്മഗതം പറഞ്ഞു എന്ന് പിന്നിടറിയാന്കഴിഞ്ഞു.
ഓടാനാകാതെ നില്ക്കുന്ന ഞങ്ങളുടെ മുന്‍പിലേക്ക് പതുക്കെ അവ കടന്നു വന്നു. ഒന്നല്ല. ഒട്ടനേകം തലകള്‍. നമ്മള് ആനിമല്പ്ലാനട്ടിലും പുസ്തകങ്ങളിലും മാത്രം കണ്ടിട്ടുള്ള തരം പോത്തുകള്‍. തലയില്‍ ജട പിടിച്ച തലമുടിയുള്ള വളഞ്ഞകൊമ്പുകളുള്ള വലിയ പോത്തുകള്‍.
എന്റെ പുറകില്‍ എന്ത് ചെയ്യും എന്ന് അറിയാതെ നില്ക്കുന്ന സുഹൃത്തുക്കള്‍!.
ഞാന്‍ ധൈര്യം കൊണ്ട് മുന്പിലായതല്ല. സാഹചര്യം അങ്ങനെയാക്കിയതാ. ഞങ്ങളുടെ മുന്‍പിലും വശങ്ങളിലുംപുറകിലും പോത്തുകള്‍. ഓടാന്‍ തടസ്സം സൃഷ്ടിച്ചു കൊണ്ട്ട് വള്ളികളും മരങ്ങളും. കാലിലെ ഷൂ ലെയ്സ്. പേടിച്ചു കാഴ്ചയും മങ്ങിത്തുടങ്ങി. എല്ലാം തിര്‍ന്നു എന്നാ തോന്നുന്നത് എന്നും ഞാന്‍ ആത്മഗതം പറഞ്ഞു. ഞാന്‍ മാത്രമല്ല മറ്റവരും പറഞ്ഞു. ആരും കേട്ടില്ല. കാരണം ശബ്ദം പുറത്ത് വന്നില്ല.
പിന്നെ ഞങ്ങളൊരു കാഴ്ച കണ്ടു. പോത്ത് കളുടെ കഴുത്തില്‍ ഒരു സാധനം.മുളംകുറ്റിയുടെ വശങ്ങള് മുറിച്ചു കളഞ്ഞു അകത്തു നിന്നു നാക്ക് പോലെ ഒരു സാധനം കൊളുത്തിയിട്ടിരിക്കുന്ന മണി പോലെയുള്ള ഒരു സാധനം. പോത്തുകള്ഓടുമ്പോള് ഈ നാക്ക് വശങ്ങളില് അടിച്ച് ഉണ്ടാകുന്ന ശബ്ദമാണ് ആദിവാസിസംഗീതമായി ഞങ്ങള്‍ കേട്ട് കൊണ്ടിരിക്കുന്നത്.
തലയില്‍ തൂവല്‍ കൊണ്ടുള്ള തൊപ്പിയും പച്ചില കൊണ്ടുള്ള ഉടുപ്പും കുന്തവും അമ്പും വില്ലുമൊക്കെയായി പ്രത്യക്ഷപ്പെടാന്‍ പോകുന്ന ആദിവാസിയെ പ്രതീക്ഷിച്ച ഞങ്ങളുടെ മുന്‍പിലേക്ക് പെട്ടെന്ന് ഒരാള്‍ കടന്നു വന്നു. ഒരു കൈയില്ലാത്ത ബനിയനും കള്ളി മുണ്ടുമൊക്കെയായി ഒരാള്‍. കൈയില്‍ നേരത്തെ പറഞ്ഞ പോലത്തെ ഒരു മണി.അയാള്‍ നേരെ നട പോത്തെ എന്ന് കുടി പറഞ്ഞതോടെ എല്ലാം പൂര്‍ത്തിയായി.
പോത്തുകള്‍ അയാളുടെ പുറകെ പോയി. ബാഗും ക്യാമറയും തൊപ്പിയും ലെയ്സിടാത്ത ഷൂസുമൊക്കെയായി ബുദ്ധിമുട്ടിക്കാന്‍ കുറെയെണ്ണം വന്നിരിക്കുന്നു എന്ന മട്ടില്‍.
നിങ്ങളെന്നാ വഴിയില്‍ നിന്നും മാറി കാട്ടില്‍ ഇറങ്ങിയേ എന്ന ഞങ്ങളെ അന്വേഷിച്ചു വന്ന ഗാര്‍ഡിന്റെ ചോദ്യത്തിനുവെറുതെ ഒരു രസം എന്ന് മറുപടി പറയുമ്പോള്‍ ആ രസം നേരിട്ടനുഭവിച്ചതിന്റെ ത്രില്‍ ഞങ്ങളില്‍ ഉണ്ടായിരുന്നു! ഞങ്ങളത് പുറത്തിറങ്ങിയപ്പോള്‍ തന്നെ ഒരു കള്ളുഷാപ്പില്‍ കേറി കപ്പയും മീന്‍ കറിയും ബീഫും പന്നിയും ഒക്കെ വലിച്ചുകേറ്റി ആഘോഷിക്കുകയും ചെയ്തു.
ജിവനല്ലേ തിരിച്ചു കിട്ടിയത്!
വാട്ടര്‍ റൈഡ്കളില്‍ വെള്ളമില്ലെങ്കില്‍ എന്ത് ചെയ്യും?
Posted by രാജീവ് പണിക്കര്‍.. at 12:50 AM 1 commentsഅക്കൂട്ടത്തില്‍ സാമാന്യം ഉയരമുള്ള ഒരു റൈഡ് എല്ലാവരും കയറി അര്മാദിക്കുന്നത് കണ്ടു.
ഉയരത്തില്‍ നിന്നും മൂന്നു പാത്തികള്‍ താഴേക്ക് വന്നു ഒരു ചെറിയ കുളത്തില്‍ അവസാനിക്കുന്നു. മുകളില്‍ റബര്‍ കൊണ്ടുള്ള ഒരു ഫ്ലോട്ടില്‍ കേറി അതിന്റെ രണ്ടറ്റത്തും കൈ പിടിച്ച് കമിഴ്ന്നു കിടക്കണം. എന്നിട്ട് കാല് കൊണ്ടു പുറകില്‍ ചവിട്ടാനുള്ള ഒരു പെഡലില്‍ ചവിട്ടി കുതിക്കുമ്പോള്‍ പാത്തിയി ലൂടെ തെന്നി താഴെ കുളത്തില്‍ വീഴുന്ന ആവേശകരമായ ഒരു റൈഡ്.
ഒരുമിച്ചു ഫ്ലോട്ടില്‍ കേറി താഴേയ്ക്ക് സ്പിടില്‍ വരണം എന്നായിരുന്നു ഞങ്ങളുടെ വിചാരം.
കുറ്റം പറയരുതല്ലോ കൈ വിട്ടയുടനെ മൂന്നു പേരും ശരവേഗത്തില്‍ താഴേയ്ക്ക് പോന്നു. രണ്ടാളെ താഴെയെത്തിയുള്ളൂ.
വെള്ളമില്ലാത്തതിനാല്‍ ഞാന്‍ പകുതി വഴിയില്‍ കുടുങ്ങി!
പിന്നെ കൈയും കാലും തലയും ചന്തിയും ഫ്ലോട്ടും മറ്റും ഉപയോഗിച്ച് ഏറെ സമയമെടുത്ത് ഞാന്‍ താഴെയെത്തി!
തീം പാര്‍ക്കിന്റെ കാര്യം പറഞ്ഞപ്പോഴാ ഒരു കാര്യം ഓര്മ വന്നത്.
പണ്ട് പോളിയില്‍ നിന്നും ടൂര്‍ പോയപ്പോ ബ്ലാക്ക് തണ്ടറില്‍ പോയിരുന്നു. അന്ന് തീം പാര്‍ക്കായി അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാ റൈഡ് കളും കേറി കേറി ഞങ്ങള്‍ ഒരു വലിയ കുളത്തിന്റെ അടുത്തെത്തി. അതിനു മുകളിലുള്ള ഒരു കുന്നിന്റെ മുകളില്‍ ഒരു വലിയ പൈപ്പിന്റെ വായ് ഉണ്ടായിരുന്നു. അതിനു കുറുകെ ഒരു കമ്പിയും ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. റൈഡില്‍ കയറുന്ന ആള് അതിനുള്ളില്‍ ഇറങ്ങി കമ്പിയില്‍ കൈ കൊണ്ടു പിടിച്ച് നില്ക്കും. കൈ വിട്ടാല്‍ ശരവേഗത്തില്‍ ഈ പൈപ്പിലൂടെ തെന്നി വളഞ്ഞു പുളഞ്ഞു ദീര്‍ഘദൂരം പോയി പത്തടി താഴ്ചയുള്ള ഈ കുളത്തില്‍ വീഴും.
ഞങ്ങളുടെ കൂടെ വന്ന സാര്‍ കേരള യൂണിവേഴ്സിറ്റിയിലെ നീന്തല്‍ ചാമ്പ്യന്‍ ആയിരുന്നു. ഈ കുളത്തില്‍ വീഴുമ്പോള്‍ ചില അഭ്യാസങ്ങളൊക്കെ കാട്ടണം എന്ന് മനസ്സില്‍ കരുതി കക്ഷി ഈ റൈഡില്‍ കേറി. കമ്പിയില്‍ പിടിച്ച് അകത്തേക്കിറങ്ങി. കൈ വിട്ടു. കുറെ നേരം കഴിഞ്ഞും കക്ഷിയെ കാണാനില്ല.
ഇതേ സമയം ബര്മൂടയുടെയും അടിവസ്ത്രത്തിന്റെയും ഇലാസ്റ്റിക് കുടുങ്ങി ചങ്ങാതി അകത്ത് കുടുങ്ങിയിരിക്കുകയായിരുന്നു. രണ്ടു കൈയും വശങ്ങളില് പിടിച്ചു പിടിച്ച് ഒരു വിധത്തില്‍ സാര്‍ പൈപ്പിന്റെ ഇങ്ങേത്തലക്കല്‍ കുളത്തിനരികിലെത്തി.
ശരവേഗത്തില്‍ കുമിളകള്‍ സൃഷ്ടിച്ച് വെള്ളത്തില്‍ വീണ ശേഷം കൈകാലുകള്‍ അനക്കാതെ കുറച്ചു നേരം വെള്ളത്തില്‍ കിടക്കണം എന്നും നീന്തിത്തുടിച്ച് കാണികളില്‍ അദ്ഭുതം സൃഷ്ടിക്കണം എന്നുമൊക്കെ സാറിനു ആഗ്രഹം ഉണ്ടായിരുന്നു.
പക്ഷെ എന്ത് ചെയ്യാം... ഉച്ചത്തിലുള്ള ഞങ്ങളുടെ കൂവിയാര്ക്കലുകള്ക്കിടയില് തികച്ചും ക്ഷീണിതനായ അദ്ദേഹം കുളത്തിലേക്ക് പയ്യെ വീണു.
പ്ലും!
Friday, January 7, 2011
ഒരുപാടു പേരോടു എന്റെ ക്ലാസില്‍ നടന്നതാണെന്ന് പറഞ്ഞു പറഞ്ഞു ഇപ്പോള്‍ എനിക്ക് തന്നെ ഓര്‍മയില്ല ഇനി ശരിക്കും ഇത് എന്റെ ക്ലാസില്‍ നടന്നതാണോ എന്ന്. സലിം കുമാര്‍ ഏതോ സിനിമയില്‍ പറയുമ്പോലെ ഇനി ശരിക്കും ബിരിയാണി എങ്ങാനും കൊടുക്കുന്നുണ്ടെങ്കിലോ..
സാമൂഹ്യപാഠ ക്ളാസ്സ് നടക്കുകയാണ്. എന്റെ അറിവില്‍ കുത്തബ് മീനാര്‍ പണിതതും കലുങ്കു പണിതതും മതം സ്ഥാപിച്ചതും വഴി വെട്ടിയതും ഒന്നാം പാനിപ്പത്ത് യുദ്ധവും മറ്റും ഇഷ്ടത്തോടെ പഠിക്കുന്ന ആരും ഉണ്ടായിരുന്നില്ല. വല്ല മാര്‍ക്ക് കൂടുതല്‍ കിട്ടാനും മറ്റും പഠിക്കാം എന്നല്ലാതെ എന്തു സാമൂഹ്യപാഠം!
പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്കും വലിയ താല്പര്യമുണ്ടായിരുന്നില്ല എന്നാണെന്റെ വിശ്വാസം. ഞങ്ങളുടെ ടീച്ചറും വ്യത്യസ്ഥയായിരുന്നില്ല.
ഈ ടീച്ചറിന്റെ പേര് സ്കൂളിലെ സൊയമ്പനായിരുന്ന ഒരു സാറിന്റെ പേരു ചേര്‍ത്ത് ക്ലാസ് റൂമുകളില്‍ പച്ചിലക്കറ കൊണ്ട് എഴുതി വയ്ക്കപ്പെട്ടിട്ടുമുണ്ടായിരുന്നു. അത് എഴുതിയയാള്‍ എന്ന ആരോപണം ഉന്നയിച്ച് ഞങ്ങളുടെ ക്ളാസില്‍ ഒന്നു രണ്ടു പേര് ടീച്ചറിന്റെ അപ്രീതിയ്ക്ക് പാത്രമായിരുന്നു . നല്ല തല്ലും പറ്റുമ്പോഴൊക്കെ ഇമ്പോസിഷനുമായിരുന്നു ടീച്ചറിന്റെ ശിക്ഷണമുറകള്‍. മുഹമ്മദു ബിന്‍ തുഗ്ലക്കിന്റെ ഭരണ പരിഷ്കാരങ്ങളും മറ്റും ഒന്നു രണ്ടു പുറം നിറയെ കഥ ഇമ്പോസിഷനായി എഴുതണ്ടി വരുന്നത് വലിയ സങ്കടമുള്ള കാര്യമായിരുന്നു.
അങ്ങനെ പ്രതികാരം കൊണ്ടു വീര്‍പ്പു മുട്ടിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആയിരുന്നു അന്നു എന്റെ ക്ളാസില്‍ ഉണ്ടായിരുന്നത്.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രണ്ടാം സ്വാതന്ത്ര്യ സമരം നടക്കുകയാണ്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം വരെയായി. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് എന്നു പറഞ്ഞു കൊണ്ട് ടീച്ചര്‍ ബോര്‍ഡില്‍ എഴുതി.
"ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന ആഹ്വാനം ബ്രട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുക എന്നതായിരുന്നു. "
ടീച്ചര്‍ ഇതെഴുതാന്‍ കാത്തുനിന്നതു പോലെ ഒരു പ്രതികാരദാഹി....
"ടീച്ചറേ ബ്രാ യ്ക്കു വള്ളിയില്ല!"
ഹ്മ്.....എന്ന ഒരു ശബ്ദത്തോടെ ടീച്ചറ് മുതുകില്‍ തപ്പുമ്പോള്‍ പൊട്ടിച്ചിരി തകര്‍ക്കുകയായിരുന്നു.
നീയൊക്കെ ഇങ്ങനെ വെറുതെ ചിരിക്കുന്ന വിവരം വീട്ടില്‍ അറിയാമോ...
Posted by രാജീവ് പണിക്കര്‍.. at 11:26 PM 0 commentsഞങ്ങള്‍ക്ക് വേറൊരു ഭാഗ്യം കിട്ടിയത് വന്ന കക്ഷി നന്നായി പഠിപ്പിക്കും എന്നുള്ളതായിരുന്നു. പഠിപ്പിക്കുക മാത്രമല്ല, നന്നായി കവിത ചൊല്ലുകയും ക്ലാസില്‍ ലിഷര്‍ സമയങ്ങള്‍ ധാരാളം അനുവദിക്കുക വഴി ഞങ്ങളുടെ സ്നേഹം പിടിച്ചുപറ്റുകയും ചെയ്തിരുന്നു അദ്ദേഹം. ഇങ്ങനെയൊക്കെയാണെങ്കിലും പഠിപ്പിക്കുമ്പോള്‍ വേറെ ചുറ്റിക്കളികള്‍ ഒന്നും അദ്ദേഹം സമ്മതിച്ചിരുന്നില്ല.
ഒരിക്കല്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ കൊണ്ടു പിടിച്ച് വര്‍ത്തമാനം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന ഒരുത്തനെ പുള്ളി കൈയോടെ പൊക്കി. ചോദിച്ചു.
"എന്താടേ ഒരു ചിരി?"
"ഒന്നുമില്ല സാര്‍ വെറുതെ... " മറുപടി.
"നീയൊക്കെ ഇങ്ങനെ വെറുതെ ചിരിക്കുന്ന വിവരം വീട്ടില്‍ അറിയാമോ..."
ഹിന്ദി ദൂരദര്ശന് മലയാളത്തിലേക്ക് ചുവടു വെയ്ക്കുന്ന സമയം. വല്ലപ്പോഴും മലയാള സിനിമകള്‍ ടി വിയില്‍ വരും. അതു പോലെ എല്ലാ രണ്ടാം ശനിയാഴ്ചയും തമിഴ് സിനിമ ഉണ്ടാകും. പിന്നെ ഞായറാഴ്ച രാവിലെ എട്ടു മണിയ്ക്ക് ചിത്രമാല - അതില്‍ ഒരു മലയാളം പാട്ടു കാണിയ്ക്കും. ഇടയ്ക്ക് ചിത്രഗീതം. പ്രതികരണം, ബാലകൃഷ്ണനും ശ്രീകണ്ഠന് നായരും രാജേശ്വരി മോഹനും ഹേമലതയും നിറഞ്ഞു തുളുമ്പിയ വാര്‍ത്തകള്‍, ജോണ്‍ ഉലഹന്നാന്റെ റിപ്പോര്‍ട്ടിംഗ്, എല്ലാത്തിനും വെവ്വേറെ പ്രേക്ഷകരൊന്നുമില്ല.സിനിമ കാണുന്നവന് തന്നെ വാര്‍ത്ത കാണും. ചുരുക്കി പറഞ്ഞാല്‍ എല്ലാ പരിപാടികള്‍ക്കും ഓഡിയന്‍സ് ഉണ്ടാകും. അന്ന് ആദ്യമായി ഞങ്ങളുടെ നാട്ടില്‍ എന്റെ വീട്ടില്‍ ഒരു ടി വി വാങ്ങി. ബുഷ് എന്നായിരുന്നു കമ്പനിയുടെ പേര് ബുഷിനെ പറ്റി പറഞ്ഞാല്‍ എനിക്ക് ചെറുപ്പത്തിലെ ഒരു സംഭവം ഓര്മ വരും. ഏതോ ലോകകപ്പിന് ബൌണ്ടറി ലൈനില്‍ ബുഷിന്റെ പരസ്യം വെച്ചിരുന്നു. ൪ അടിച്ച് അതില്‍ കൊള്ളിച്ചാല്‍ ൪൦൦൦ രൂപ സമ്മാനം, 6 അടിച്ചാല്‍ 6000 രൂപ സമ്മാനം എന്നിങ്ങനെ ഒരു ഓഫറും കളിക്കാര്‍ക്ക് കൊടുത്തു. അന്നത്തെ സിക്സര്‍ വീരന് സിദ്ധു, ഫോറും സിക്സും അടിച്ച് ബുഷ് കമ്പനിയുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കി. ഞായറാഴ്ച രാവിലെ രാമായണം കണ്ട് ടി വി ഉല്‍ഘാടനം ചെയ്തു. നാട്ടിലെ എല്ലാ പ്രമുഖരും ടി വി കാണാന്‍ എത്തിയിരുന്നെങ്കിലും ഉല്‍ഘാടനം അച്ഛന് തന്നെയായിരുന്നു.
സര്‍ക്കസും അന്ന് ഭയങ്കര സംഭവമായിരുന്നു. ഒരു ടിക്കറ്റ് കിട്ടുക എന്നതും പ്രയാസം. രണ്ടോ മൂന്നോ രൂപ വീട്ടില്‍ നിന്നും പിരിയുന്നതും ഓര്‍ക്കാന്‍ പറ്റില്ല. അങ്ങനെയിരിക്കേ നാട്ടില്‍ വന്ന സര്‍ക്കസിന് എനിക്കൊരു ടിക്കറ്റ് കിട്ടി. അപ്രതീക്ഷിതമായി വീണു കിട്ടിയ ഒരു ഭാഗ്യം തന്നെയായിരുന്നു അത്. ടി വി വെച്ച മേശയുടെ മുകളില്‍ ടിക്കറ്റ് വെച്ച് ഒന്നു കുളിച്ചിട്ടു വരാം എന്നു വിചാരിച്ച് ഞാന്‍ അകത്തേക്ക് പോയി.
മലയാളത്തില്‍ വാര്‍ത്തകള്‍ കേള്‍ക്കാനുള്ള ആവേശവുമായി ഒന്നു രണ്ടു പേര് വീട്ടിലെത്തിയ സമയമായിരുന്നു അത്. വീട്ടുകാരുടെ അസൌകര്യമൊന്നും കണക്കിലെടുക്കാതെ വന്നവര്‍ ടി വി വെച്ചു. അക്കൂട്ടത്തില്‍ ടി വി തൊട്ടടുത്ത് നിന്നു മാത്രം കണ്ടാലേ ഒരു സുമാറുള്ളൂ എന്നു കരുതിയിരുന്ന എന്റെ ഒരു വല്യച്ഛനുമുണ്ടായിരുന്നു. അദ്ദേഹം ടി വി മേശയില്‍ കൈ ഊന്നി നിന്ന് വാര്‍ത്ത കേള്‍ക്കുകയാണ്.പെട്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ എന്റെ അമൂല്യമായ സര്‍ക്കസ് ടിക്കറ്റില്‍ പതിച്ചു. എടുത്ത് വായിക്കാന്‍ തുടങ്ങി.
പെട്ടെന്ന് ടി വിയില്‍ എന്തോ "ഇപ്പോള്‍ കിട്ടിയ വാര്‍ത്ത" പറയാന്‍ തുടങ്ങി.
പെട്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ ടി വിയില്‍ എത്തി. വാര്‍ത്തയുടെ കാഠിന്യം അല്പം കുറഞ്ഞ നേരത്ത് വീണ്ടും ടി വിയില്‍ നിന്നും ടിക്കറ്റില്‍ എത്തി. അവിടെ കിടന്ന ഒരു ബ്ളേഡിലും ശ്രദ്ധ ചെന്നെത്തി.
വാര്‍ത്ത തീര്‍ന്നപ്പോഴേക്കും ഞാന്‍ കുളിയൊക്കെ കഴിഞ്ഞു സര്‍ക്കസിനു പോകാന്‍ റെഡിയായി ടിക്കറ്റ് എടുക്കാന്‍ എത്തി. എല്ലാവരും വാറ്ത്ത കഴിഞ്ഞു പോയിരിക്കുന്നു. ടിക്കറ്റ് എങ്ങും കാണുന്നില്ല. പകരം ക്യാബേജ്, തോരന്‍ പാകത്തിന് അരിഞ്ഞതു പോലെ കടലാസു കഷണങ്ങള്‍ ചിതറിക്കിടക്കുന്നു!
ടി വി യുടെ കഥ പറഞ്ഞാല്‍ തീരില്ല.
ചെള്ള് എന്ന ഒരിനം തെങ്ങിനെ നശിപ്പിക്കുന്ന വലിയ വണ്ടിനെ കണ്ടിട്ടുണ്ടോ? ഇടയ്ക്ക് വീട്ടിലേക്ക് പറന്നുവരും. വലിയ ശരീരം ആണതിന്. കണ്ടാലും പേടിതോന്നും. വലിയ ഒരു മുരള് ച്ചയോടെ പറന്നു വരുന്ന അത് "ടക്" എന്ന ഒരുശബ്ദത്തോടെ ചുമരില്‍ ഇടിച്ച് താഴെ വീഴും. സാധാരണ ഒരു വലിയ മാറാലഅടിക്കുന്ന ചൂല് ഉപയോഗിച്ച് കുറെ ദൂരെ നിന്നും ഒറ്റയടി കൊടുത്താണ്ചെള്ളി ന്റെ കഥ കഴിക്കുന്നത്. പിന്നെ അതിന്റെ വെള്ള നിറത്തിലുള്ള ചോര ക്ലീന്ചെയ്യലും മറ്റും വലിയ പണിയാണ്. എടുത്തു കളയുകയും വേണമല്ലോ.
ഞാന്‍ എന്റെ മാറാല ചൂല് എടുക്കാനായി അകത്തേക്ക് പോയി. കോരികളയാനുള്ള എക്സ് റെ ഷീറ്റി ന്റെ കഷണവും എടുത്തു. തിരിച്ചു വന്നു.
ചെള്ളിനെ കാണാനില്ല. ഞാന്‍ മുറി മുഴുവനും നോക്കി. ചെള്ളതാ രണ്ടു പീസായികിടക്കുന്നു. അല്പം പോലും ചോര വീണിട്ടില്ല.
ബൈബിളിന്റെ രസച്ചരട് ബ്രേക്ക് ചെയ്യാന്‍ വന്ന ചെള്ളിനെ രണ്ടായി ഒടിച്ച് രണ്ടുവശത്തുമായി ഇട്ട് ഒരു വല്യമ്മ ബാക്കി കാണുകയാണ്.
Thursday, January 6, 2011
തിരുവനന്തപുരത്ത് ഒരു പ്രമുഖ പത്രസ്ഥാപനത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലത്തുള്ള ഒരു സംഭവം പറയാം.
സമയം രാത്രി ഒന്നര.
രണ്ടു മണിയ്ക്ക് കഴിയേണ്ട സിറ്റി പേജിലേക്ക് ഒരു പടം കൊച്ചിയില്‍ നിന്നും വരാനുണ്ട്. എഡിറ്റര്‍ എന്നെ പടം കൊടുക്കാത്തതിനു തെറി പറഞ്ഞു കണ്ണ് പൊട്ടിക്കുകയാണ്.
കൊച്ചിയില്‍ വിളിച്ചു പടം അയക്കാന്‍ പറയണം. അന്നൊക്കെ വലിയ ഫയലുകള്‍ അയക്കാനുള്ള സ്പീഡ് നെറ്റ്വര്‍ക്കിനില്ലാത്തത് കൊണ്ട് .zip ഫയലായിട്ടാണ് അയക്കുന്നത്. കോഴി.സിപ് എന്നായിരുന്നു ഫയലിന്റെ പേര്.
തെറി കേട്ട് പ്രാന്തായത് കൊണ്ട് ആകെ ദേഷ്യപ്പെട്ടാണ് ഞാന്‍ കൊച്ചിയിലേക്ക് വിളിക്കുന്നത്. ഫോണെടുത്ത് നമ്പര്‍ കുത്തി ഞാന്‍ കാത്തിരിക്കുകയാണ്. സാധാരണ ഒറ്റ റിന്ഗിനുതന്നെ ഫോണ്‍ എടുക്കുന്നതാണ്. അന്ന് എന്താണെന്നറിയില്ല ആരും ഫോണെടുക്കുന്നില്ല. എന്റെ കലികൂടി.
ഒരു 20 റിങ്ങിന് ശേഷം അപ്പുറത്ത് ഫോണെടുത്തു
"ഹലോ.."
ഉറക്കം തൂങ്ങി മപ്പായ പോലെയൊരു ശബ്ദം!
സകല ദേഷ്യവും മനസ്സില്‍ വെച്ചു ഞാന്‍ അലറി.
"ഫയല്‍ അയക്കാതെ ഉറക്കം തൂങ്ങി ഇരിക്കുന്നോ...വേഗം ആ കോഴി.സിപ് ഫയല്‍ അയക്കെടോ..."
അപ്പുറത്ത് അനക്കമില്ല.
"വേഗം അയക്കെടോ..."
"രാജീവല്ലേ...."
"അതെ.."
"അച്ഛനാ...എനിക്ക് മനസ്സിലായില്ല കേട്ടോ.. ഞാന്‍ കുട്ടന് കൊടുക്കാം. "
ഒരു സെക്കണ്ട് നേരം എനിക്ക് ഒരു റിലെയും കിട്ടിയില്ല. പിന്നെ പതുക്കെ ചിത്രം വ്യക്തമായി.
എന്റെ അമ്മായി അച്ഛനാണ് കഥാപാത്രം.നട്ടപ്പാതിരയ്ക്ക് ഉറക്കത്തില്‍ നിന്നും പാവം എണീറ്റിരിക്കുകയാണ്. ശബ്ദം കേട്ടയുടനെ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ഞാന്‍ വയലന്റ് ആയത് എന്തിനാണെന്ന് കക്ഷിയ്ക്ക് മനസ്സിലായില്ല. കാര്യം മനസ്സിലാക്കാനായി അളിയനെക്കൂടി വിളിചെണീപ്പിക്കുകയാണ്.
കല്യാണം കഴിഞ്ഞു അധിക കാലമായിരുന്നില്ല. തിരക്ക് കുറവായിരുന്ന സമയത്തെല്ലാം പച്ചവെള്ളം പോലെ ഓര്‍ത്തു വിളിച്ചു കൊണ്ടിരുന്ന നമ്പറിലേക്ക് അറിയാതെ കോള്‍പോയ രംഗമാണ് കണ്ടത്.
ചിരിക്കുകയോ കരയുകയോ ക്ഷമ പറയുകയോ ഒന്നും ചെയ്യാനുള്ള സമയമില്ല. പത്രത്തിലേക്കുള്ള പടം എത്തിക്കണം. പിന്നെ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു.
വീണ്ടും കൊച്ചിയിലേക്ക് വിളിച്ചു. പക്ഷെ ഇത്തവണ നമ്പര്‍ തെറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
"ഹലോ.. ആ കോഴി.സിപ് ഫയല്‍ ഒന്ന് അയച്ചു തരാമോ...പ്ലീസ്..."
Wednesday, January 5, 2011
ഇതൊന്നുമല്ല സബ്ജക്ട്. കക്ഷി നല്ല ഗ്യാരണ്ടി കളറായിരുന്നു. തൊട്ടു കണ്ണെഴുതാം. അത്ര കറുപ്പു നിറം. അദ്ദേഹത്തിന്റെ അച്ഛനമ്മമാരും ജ്യേഷ്ഠന്മാരുമൊന്നും കറുത്തതായിരുന്നില്ല. പക്ഷെ കറുത്തു പോയതില്‍ തെല്ലും നിരാശയില്ലാത്ത ഒരാളായിരുന്നു സാംബന്.
കോളേജില്‍ പഠിക്കുന്ന കാലത്ത് സാംബന്റെ കറുപ്പുനിറത്തിന്റെ പിന്നിലുള്ള രസതന്ത്രം കൂട്ടുകാര്‍ കണ്ടെത്തി.
സാംബന്റെ ജ്യേഷ്ഠന്മാരാരും കറുത്തതായിരുന്നില്ല എന്നു പറഞ്ഞല്ലോ... ഗവ. സര്‍വീസില്‍ നല്ല ജോലിയിലിരുന്ന വെളുത്ത അച്ഛനമ്മമാരുടെ മൂന്നാമത്തെ കുഞ്ഞായി സാംബന് പിറന്ന സമയം. കുഞ്ഞിനെയും കൊണ്ട് അച്ഛനമ്മമാര്‍ ഡോക്ടറെ കാണാന്‍ ചെന്നു. ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്കു പോകുകയല്ലേ..അത്യാവശ്യ കാര്യങ്ങള്‍ ചോദിച്ചറിയുക എന്ന ചടങ്ങുണ്ടല്ലോ...ഡോക്ടറോട് ഇങ്ങനെ ചോദിച്ചു.
"അപ്പിയ്ക്ക് എന്തരൂട്ടാണ് കൊട്ക്കണ്ടത്? "
നല്ല തിരക്കുണ്ടായിരുന്ന ഡോക്ടര്‍ വാത്സല്യത്തോടെ കുഞ്ഞിനെ നോക്കി. അഭിമാന വിജൃംഭിതരായി നില്ക്കുന്ന അച്ഛനമ്മമാരെ നോക്കി. എന്നിട്ടു മറുപടിയായി ഇങ്ങനെ ചോദിച്ചു.
"മോന് എത്രാമത്തെ കുഞ്ഞാണ്?"
"മൂന്നാമത്തെ." അച്ഛന്.
ഡോക്ടറുടെ വാത്സല്യം പമ്പ കടന്നു.
മൂന്നാമത്തെ കുഞ്ഞായിട്ടും ഇതു വരെ കുഞ്ഞുങ്ങള്‍ക്ക് എന്താണ് കൊടുക്കണ്ടത് എന്നറിയാത്ത ആ അച്ഛനമ്മമാരോട് കടുത്ത ഈര്‍ഷ്യയോടെ ഡോക്ടര്‍ ഇങ്ങനെ പ്രതികരിച്ചു.
"വല്ല പാലോ കീലോ കലക്കിക്കൊടുക്ക്!"
ആദ്യത്തെ രണ്ടു കുഞ്ഞുങ്ങള്‍ക്കും പാലു കൊടുത്ത ആ അച്ഛനമ്മമാര്‍ മൂന്നാമത്തെ കുഞ്ഞിനു കീലു കൊടുത്താല്‍ മതി എന്നു തീരുമാനിച്ചു!
കറുകറുത്ത മറ്റൊരു കൂട്ടുകാരനും കൂടിയുണ്ടായിരുന്നു എനിക്ക്. അവന് ശബരിമലയില്‍ പോകാന്‍ യാത്രയായി.
പതിവ് പോലെ കൂട്ടുകാരുടെ ഊതല്‍ സെഷന് ആരംഭിച്ചു. നീ പോകണ്ടെടാ.. അയ്യപ്പന് ഓടിപ്പോകും.. പുലി വരും! ശബരിമല നശിപ്പിക്കല്ലെടാ..പമ്പ മലിനമാക്കല്ലെടാ തുടങ്ങിയ പതിവ് വിറ്റുകളൊക്കെ ഇറങ്ങി. അക്കൂട്ടത്തില്‍ ഒരു കഥയും ഇറങ്ങി.
കക്ഷി സൂപ്പര്‍ തല്ലിപ്പൊളി ആയതു കൊണ്ട് മലയ്ക്ക് വരുന്നുണ്ട് എന്നറിഞ്ഞു അയ്യപ്പന് കൂട്ടത്തില്‍ ഒരു നല്ല പുലിയെ റെഡിയാക്കി നിര്‍ത്തി. വഴിയില്‍ അല്പം ഇരുട്ടുള്ള ഒരു മൂലയില്‍ പുലി വെയിറ്റ് ചെയ്തു. അല്പം പോലും മിസ്റ്റേക്ക് പറ്റാതിരിക്കാന്‍ സഹായത്തിനും പുലികളെ നിര്‍ത്തി.
സമയം സന്ധ്യയായി. കക്ഷിയെ കാണാതെ പുലികള്‍ സഹികെട്ടു. പല തല്ലിപ്പൊളികളും കടന്നു പോയി. കൊതിയടക്കി പുലികള്‍ കാത്തു നിന്നു. രാത്രിയായി. നല്ല ഉറക്കം വന്നിട്ടും പുലികള്‍ ഉറങ്ങിയില്ല. നടയടച്ചു. എന്നിട്ടും രാത്രിയായില്ലേ ഇനി അവന് വരില്ല എന്ന് വിചാരിക്കാതെ പുലികള്‍ വെയിറ്റ് ചെയ്തു.
രാവിലെ നട തുറന്നു. ഭക്ത ജന പ്രവാഹം. നോ രക്ഷ.
പിറ്റേന്നും ഇങ്ങനെ തന്നെ. പുലികള്‍ വശം കെട്ടു. സ്വാമിയെ തന്നെ ശരണം പ്രാപിച്ചു. ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിത്തരാന്‍ ആവശ്യപ്പെട്ടു.
സ്വാമിയ്ക്ക് കാര്യം പിടി കിട്ടിയില്ല. മന്ത്ര ശക്തിയാല്‍ അന്വേഷിച്ചു.
അപ്പോഴതാ കക്ഷി മല കയറുന്നു. തൊഴുന്നു. ഇറങ്ങുന്നു.
കറുകറുപ്പല്ലേ...... കേറിയതും ഇറങ്ങിയതും ആരും കണ്ടില്ല. എന്തിന്, മുന്പില് നിന്ന് തൊഴുതത് സ്വാമി പോലും കണ്ടില്ല!
Tuesday, January 4, 2011
ഒരു ദിവസം രാത്രി ജോലി തീരണ്ട സമയമായപ്പോഴേക്കും ഒരു ഗസ്റ്റ് വന്നു. സൂപ്പ് ആവശ്യപ്പെട്ടു. മിക്ക ഫൈവ് സ്റ്റാര്‍ഹോട്ടലുകളിലും സാധാ ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ല. കുറെ പച്ചക്കറി അരിഞ്ഞു സൂപ്പ് പൌഡര്‍ ചേര്‍ത്ത് തിളപ്പിച്ച് കണ്ടാല്‍ പേടിയാകുന്ന ഒരു തുകയുമിട്ടു ഗസ്റ്റിന് കൊടുക്കും. ഇവിടെയും അങ്ങനെ തന്നെ.
അങ്ങനെ സൂപ്പ് തിളപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പെട്ടെന്ന് ഇന്‍സ്ട്രക്ടര്‍ കടന്നു വന്നു. ഒരുത്തനോടു തിളയ്ക്കുന്ന സൂപ്പ് വാങ്ങി വെയ്ക്കാന്‍ പറഞ്ഞു.
അവന് ചുറ്റും നോക്കി. എങ്ങും ഒരു കൈക്കില തുണി കാണുന്നില്ല. മേശയ്ക്കടിയില്‍ നോക്കി. കാണുന്നില്ല. തൊട്ടടുത്ത കൂട്ടുകാരനോടു ചോദിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ ഇന്‍സ്ട്രക്ടറുടെ അലര്‍ച്ച....
"എടുത്തു മാറ്റടാ......അങ്ങോട്ട്. "
പ്സ്.................... ഹാവൂ..
ഒരിക്കല്‍ വിപിനും ഷിജുവും ഒരുമിച്ച് ചാലക്കുടിയില്‍ എന്തിനോ പോയി. വെരകി നടക്കുന്നതിനിടയില്‍ ഒരു ചുവന്ന ഷര്‍ട്ട് വിപിന്റെ ശ്രദ്ധയില്‍ പെട്ടു. ആഗ്രഹം സഹിക്കാന്‍ പറ്റുന്നില്ല. വില ചോദിച്ചു. 300 രൂപ. കൈയിലാണെങ്കില്‍ കാശില്ല. ഷിജുവിനോടു ചോദിച്ചു. ഫീസടയ്ക്കാനോ മറ്റോ വീട്ടില്‍ നിന്നും കൊടുത്ത കാശ് ഷിജു വിപിന്‍ ഷര്‍ട്ട് വാങ്ങാനായി നല്കി.
പിറ്റേന്ന് പുതിയ ചുവന്ന ഷര്‍ട്ട് ഇട്ടുകൊണ്ടാണ് വിപിന്‍ ക്ലാസില്‍ വന്നത്. നല്ല അഭിപ്രായം കിട്ടി.
ഒരു മാസം കഴിഞ്ഞു. ഷിജു കാശ് തിരിച്ചു ചോദിച്ചു.
അയ്....എന്തുട്ടടപ്പാ...... ഞാന്‍ ഒടിപ്പോവോന്നുമില്ല... വിപിന്‍.
രണ്ടു മാസം, മൂന്നു മാസം.. കാശ് തിരികെ കൊടുക്കുന്ന മട്ടു കാണാനില്ല.
പിന്നെയൊരു ദിവസം എല്ലാവരും കൂടിയിരിക്കുമ്പോള്‍ ഷിജു വിപിനോടു കാശിന്റെ കാര്യം എടുത്തിട്ടു.
അയ്...അതല്ലേ ഞാന്‍ തന്നത്... ഞാന്‍ ആ കാശ് തരുമ്പോ...(പിന്നെ വിപിന്‍ ചുറ്റും നോക്കി. ഞാന്‍ അതാ വെള്ളലുവ പോലെ ഇരിക്കുന്നു.കൊള്ളാം ഇവന് തന്നെ പറ്റിയ പാര്‍ട്ടി.) രാജീവ് ല്ലേ അടുത്ത്ണ്ടായേ....
ഒരു സെക്കന്റ്നേരം എല്ലാവരും സ്ഥബ്ദ്ധരായി. ഞാന്‍ ഈ ഇടപാടിന്റെ ഒരു ഘട്ടത്തിലും ഇവരുടെ കൂടെ ഉണ്ടായില്ല എന്ന് എനിക്കുറപ്പാണ്. അല്ല. എല്ലാവര്ക്കും ഉറപ്പാണ്. പക്ഷെ ഇവന്റെ ഇത്ര കൊണ്ഫിടന്‍സ് കണ്ടപ്പോ എല്ലാവര്ക്കും സംശയമായി.
ചുരുക്കി പറഞ്ഞാല്‍ ആ കാശ് പോയി.
എന്തായാലും വിപിന്റെ സാക്ഷിയെ കണ്ടെത്തിയ രീതി ഹിറ്റായി.
"അയ്....നിനക്ക് ഞാന്‍ കാശ് തരുമ്പോ....ആകാശത്ത് ഒട്ടകത്തിന്റെ ആകൃതിയുള്ള ഒരു മേഘണ്ടായിരുന്നു..."