ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Friday, January 7, 2011

ടി വി യുടെ കഥ

ഹിന്ദി ദൂരദര്‍ശന്‍ മലയാളത്തിലേക്ക്‌ ചുവടു വെയ്ക്കുന്ന സമയം. വല്ലപ്പോഴും മലയാള സിനിമകള്‍ ടി വിയില്‍ വരും. അതു പോലെ എല്ലാ രണ്ടാം ശനിയാഴ്ചയും തമിഴ്‌ സിനിമ ഉണ്ടാകും. പിന്നെ ഞായറാഴ്ച രാവിലെ എട്ടു മണിയ്ക്ക്‌ ചിത്രമാല - അതില്‍ ഒരു മലയാളം പാട്ടു കാണിയ്ക്കും. ഇടയ്ക്ക്‌ ചിത്രഗീതം. പ്രതികരണം, ബാലകൃഷ്ണനും ശ്രീകണ്ഠന്‍ നായരും രാജേശ്വരി മോഹനും ഹേമലതയും നിറഞ്ഞു തുളുമ്പിയ വാര്‍ത്തകള്‍, ജോണ്‍ ഉലഹന്നാന്‍റെ റിപ്പോര്‍ട്ടിംഗ്‌, എല്ലാത്തിനും വെവ്വേറെ പ്രേക്ഷകരൊന്നുമില്ല.സിനിമ കാണുന്നവന്‍ തന്നെ വാര്‍ത്ത കാണും. ചുരുക്കി പറഞ്ഞാല്‍ എല്ലാ പരിപാടികള്‍ക്കും ഓഡിയന്‍സ്‌ ഉണ്ടാകും. അന്ന് ആദ്യമായി ഞങ്ങളുടെ നാട്ടില്‍ എന്‍റെ വീട്ടില്‍ ഒരു ടി വി വാങ്ങി. ബുഷ്‌ എന്നായിരുന്നു കമ്പനിയുടെ പേര്‌ ബുഷിനെ പറ്റി പറഞ്ഞാല്‍ എനിക്ക്‌ ചെറുപ്പത്തിലെ ഒരു സംഭവം ഓര്മ വരും. ഏതോ ലോകകപ്പിന്‌ ബൌണ്ടറി ലൈനില്‍ ബുഷിന്‍റെ പരസ്യം വെച്ചിരുന്നു. ൪ അടിച്ച്‌ അതില്‍ കൊള്ളിച്ചാല്‍ ൪൦൦൦ രൂപ സമ്മാനം, 6 അടിച്ചാല്‍ 6000 രൂപ സമ്മാനം എന്നിങ്ങനെ ഒരു ഓഫറും കളിക്കാര്‍ക്ക്‌ കൊടുത്തു. അന്നത്തെ സിക്സര്‍ വീരന്‍ സിദ്ധു, ഫോറും സിക്സും അടിച്ച്‌ ബുഷ്‌ കമ്പനിയുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കി. ഞായറാഴ്ച രാവിലെ രാമായണം കണ്ട്‌ ടി വി ഉല്‍ഘാടനം ചെയ്തു. നാട്ടിലെ എല്ലാ പ്രമുഖരും ടി വി കാണാന്‍ എത്തിയിരുന്നെങ്കിലും ഉല്‍ഘാടനം അച്ഛന്‍ തന്നെയായിരുന്നു.

രാമായണം, മഹാഭാരതം, ബൈബിള്‍ തുടങ്ങിയ ഭക്തി സീരിയലുകളും വല്ലപ്പോഴും വരുന്ന മലയാളം, തമിഴ്‌ സിനിമകളും ചിത്രഗീതവും ക്രിക്കറ്റ്‌ കളിയും ലോകകപ്പ്‌ ഫൂട്ബാളുമെല്ലാം എന്‍റെ വീട്‌ ജനസമുദ്രമാക്കി മാറ്റി.


സര്‍ക്കസും അന്ന്‌ ഭയങ്കര സംഭവമായിരുന്നു. ഒരു ടിക്കറ്റ്‌ കിട്ടുക എന്നതും പ്രയാസം. രണ്ടോ മൂന്നോ രൂപ വീട്ടില്‍ നിന്നും പിരിയുന്നതും ഓര്‍ക്കാന്‍ പറ്റില്ല. അങ്ങനെയിരിക്കേ നാട്ടില്‍ വന്ന സര്‍ക്കസിന്‌ എനിക്കൊരു ടിക്കറ്റ്‌ കിട്ടി. അപ്രതീക്ഷിതമായി വീണു കിട്ടിയ ഒരു ഭാഗ്യം തന്നെയായിരുന്നു അത്‌. ടി വി വെച്ച മേശയുടെ മുകളില്‍ ടിക്കറ്റ്‌ വെച്ച്‌ ഒന്നു കുളിച്ചിട്ടു വരാം എന്നു വിചാരിച്ച്‌ ഞാന്‍ അകത്തേക്ക്‌ പോയി.

മലയാളത്തില്‍ വാര്‍ത്തകള്‍ കേള്‍ക്കാനുള്ള ആവേശവുമായി ഒന്നു രണ്ടു പേര്‍ വീട്ടിലെത്തിയ സമയമായിരുന്നു അത്‌. വീട്ടുകാരുടെ അസൌകര്യമൊന്നും കണക്കിലെടുക്കാതെ വന്നവര്‍ ടി വി വെച്ചു. അക്കൂട്ടത്തില്‍ ടി വി തൊട്ടടുത്ത്‌ നിന്നു മാത്രം കണ്ടാലേ ഒരു സുമാറുള്ളൂ എന്നു കരുതിയിരുന്ന എന്‍റെ ഒരു വല്യച്ഛനുമുണ്ടായിരുന്നു. അദ്ദേഹം ടി വി മേശയില്‍ കൈ ഊന്നി നിന്ന്‌ വാര്‍ത്ത കേള്‍ക്കുകയാണ്‌.പെട്ടെന്ന്‌ അദ്ദേഹത്തിന്‍റെ ശ്രദ്ധ എന്‍റെ അമൂല്യമായ സര്‍ക്കസ്‌ ടിക്കറ്റില്‍ പതിച്ചു. എടുത്ത്‌ വായിക്കാന്‍ തുടങ്ങി.

പെട്ടെന്ന്‌ ടി വിയില്‍ എന്തോ "ഇപ്പോള്‍ കിട്ടിയ വാര്‍ത്ത" പറയാന്‍ തുടങ്ങി.

പെട്ടെന്ന്‌ അദ്ദേഹത്തിന്‍റെ ശ്രദ്ധ ടി വിയില്‍ എത്തി. വാര്‍ത്തയുടെ കാഠിന്യം അല്‍പം കുറഞ്ഞ നേരത്ത്‌ വീണ്ടും ടി വിയില്‍ നിന്നും ടിക്കറ്റില്‍ എത്തി. അവിടെ കിടന്ന ഒരു ബ്ളേഡിലും ശ്രദ്ധ ചെന്നെത്തി.

വാര്‍ത്ത തീര്‍ന്നപ്പോഴേക്കും ഞാന്‍ കുളിയൊക്കെ കഴിഞ്ഞു സര്‍ക്കസിനു പോകാന്‍ റെഡിയായി ടിക്കറ്റ്‌ എടുക്കാന്‍ എത്തി. എല്ലാവരും വാറ്‍ത്ത കഴിഞ്ഞു പോയിരിക്കുന്നു. ടിക്കറ്റ്‌ എങ്ങും കാണുന്നില്ല. പകരം ക്യാബേജ്‌, തോരന്‍ പാകത്തിന്‌ അരിഞ്ഞതു പോലെ ടലാസു കഷണങ്ങള്‍ ചിതറിക്കിടക്കുന്നു!

ടി വി യുടെ കഥ പറഞ്ഞാല്‍ തീരില്ല.

ചെള്ള് എന്ന ഒരിനം തെങ്ങിനെ നശിപ്പിക്കുന്ന വലിയ വണ്ടിനെ കണ്ടിട്ടുണ്ടോ? ഇടയ്ക്ക് വീട്ടിലേക്ക് പറന്നുവരും. വലിയ ശരീരം ആണതിന്. കണ്ടാലും പേടിതോന്നും. വലിയ ഒരു മുരള്‍ ച്ചയോടെ പറന്നു വരുന്ന അത് "ടക്" എന്ന ഒരുശബ്ദത്തോടെ ചുമരില്‍ ഇടിച്ച് താഴെ വീഴും. സാധാരണ ഒരു വലിയ മാറാലഅടിക്കുന്ന ചൂല്‍ ഉപയോഗിച്ച് കുറെ ദൂരെ നിന്നും ഒറ്റയടി കൊടുത്താണ്ചെള്ളി ന്‍റെ കഥ കഴിക്കുന്നത്‌. പിന്നെ അതിന്‍റെ വെള്ള നിറത്തിലുള്ള ചോര ക്ലീന്‍ചെയ്യലും മറ്റും വലിയ പണിയാണ്. എടുത്തു കളയുകയും വേണമല്ലോ.

ഒരിക്കല്‍ ബൈബിള്‍ സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്ന സമയം. നാട്ടിലെ എല്ലാ സത്യക്രിസ്ത്യാനികളും എന്‍റെ വീട്ടില്‍ ഉണ്ട്. ഒരു ചെള്ള് പറന്നു വന്നു. "ടക്" എന്ന ഒരു ശബ്ദത്തോടെ ചുമരില്‍ ഇടിച്ച് താഴെ വീണു. വീണ്ടും പറന്നു. വീണ്ടും വീണു. അങ്ങനെ ഇത് ഒരു വലിയ ശല്യമായി.

ഞാന്‍ എന്‍റെ മാറാല ചൂല്‍ എടുക്കാനായി അകത്തേക്ക് പോയി. കോരികളയാനുള്ള എക്സ് റെ ഷീറ്റി ന്‍റെ കഷണവും എടുത്തു. തിരിച്ചു വന്നു.

ചെള്ളിനെ കാണാനില്ല. ഞാന്‍ മുറി മുഴുവനും നോക്കി. ചെള്ളതാ രണ്ടു പീസായികിടക്കുന്നു. അല്പം പോലും ചോര വീണിട്ടില്ല.

ബൈബിളിന്‍റെ രസച്ചരട് ബ്രേക്ക് ചെയ്യാന്‍ വന്ന ചെള്ളിനെ രണ്ടായി ഒടിച്ച് രണ്ടുവശത്തുമായി ഇട്ട് ഒരു വല്യമ്മ ബാക്കി കാണുകയാണ്.

0 comments:

Post a Comment

 
Copyright © '