ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Monday, January 24, 2011

സാധാരണ പോലെ മതി!

ഞാനും ഒരു വീടു പണിതു!

ഒരുപാടു സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും ആ വീടുപണിയ്ക്കു പുറകില്‍ ഉണ്ടായിരുന്നു. വേറൊരു കൂട്ടരും പ്രാര്‍ഥിച്ചു. ലോണ്‍ തന്ന ബാങ്ക്‌, കൈക്കൂലി നന്നായി വാങ്ങിയ ഉദ്യോഗസ്ഥര്‍, കള്ള മണല്‍ സംഘടിപ്പിച്ചു തന്ന ഏജണ്റ്റുമാര്‍, പണി താമസിപ്പിച്ച്‌ എന്നെ നന്നായി ചുറ്റിക്കുകയും പറ്റിക്കുകയും ചെയ്ത പണിക്കാര്‍, തടി ലേലം കൊള്ളാന്‍ എന്നെ നിര്‍ബന്ധിതനാക്കിയ തടിക്കച്ചവടക്കാര്‍, വളരെ വിലകൂടിയ സാധനങ്ങള്‍ എന്നെക്കൊണ്ട്‌ വാങ്ങിപ്പിച്ച മറ്റു കോണ്‍ ട്രാക്ടര്‍മാര്‍..അങ്ങനെ പലരും. പക്ഷെ എണ്റ്റെ വീട്ടിലെ എനിക്കിഷ്ടമുള്ള ഒന്നിലധികം സ്ഥലങ്ങളില്‍ ഒരു പണിയും ഇല്ലാതെ ചടഞ്ഞു കൂടി കിടക്കുമ്പോള്‍ ഇവരോടൊക്കെ എനിക്ക്‌ വളരെ സ്നേഹം തോന്നുന്നു!

മിക്കവാറും എല്ലാ പണിക്കാരും ഒന്നു പോലെയാണ്‌. എത്ര ശ്രമിച്ചാലും പണി സമയത്തിന്‌ തീര്‍ക്കാന്‍ പറ്റില്ല. പറഞ്ഞ സമയത്തിന്‌ എത്താന്‍ പറ്റില്ല, വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പറ്റില്ല, കൃത്യ സമയത്ത്‌ പറഞ്ഞ സാധനങ്ങള്‍ സൈറ്റില്‍ ഇല്ലെങ്കില്‍ പിണങ്ങാനും സാധ്യതയുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഫോണില്‍ വിളിച്ചാല്‍ കേള്‍ക്കുന്ന റിങ്ങ്ബാക്ക്‌ ടോണ്‍ എന്തായിരിക്കുമെന്നറിയാമോ... "ഒന്നു വിളിച്ചാല്‍ ഓടിയെണ്റ്റെയരികിലെത്തും...ഒന്നു സ്തുതിച്ചാല്‍............ "വിളിച്ച്‌ വിളിച്ച്‌ വട്ടായി ചെവിയില്‍ വെയ്ക്കേണ്ടി വന്ന ചെമ്പരത്തിപ്പൂക്കളുടെ എണ്ണമെടുത്താല്‍ തന്നെ എണ്റ്റെ ജന്‍മം സഫലമായി.

ഇനിയും പല കാര്യങ്ങളും പറയാനുണ്ടെങ്കിലും തല്‍ക്കാലം കല്‍പ്പണി ചെയ്യാന്‍ വന്ന ഒരു മേസ്തിരിയെപ്പറ്റി പറയാം.

ഒരു സൈറ്റില്‍ പണി തീര്‍ക്കണ്ട ദിവസം ആകാറായി. തേപ്പ്‌ തകൃതിയായി പുരോഗമിക്കുകയാണ്‌. ഒരു ദിവസം മേസ്തിരിയുടെ മികച്ച പണിക്കാരില്‍ ഒരാള്‍ എന്തോ കാരണത്തിന്‌ ലീവ്‌ എടുത്തു. പണി മുടക്കാനും സാധ്യമല്ല. മേസ്തിരി കുഴങ്ങി. അവസാനം വേറെ പണിയൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ഒരുത്തനെ സഹായത്തിനായി വിളിച്ചു. ഒരു ദിവസത്തെ കൂലി കൊടുക്കാം എന്നും പറഞ്ഞു. തികച്ചും നിശ്ശബ്ദമായി എനിക്ക്‌ പണിയൊന്നുമറിയില്ലല്ലോ എന്ന ആത്മഗതത്തിന്‌ നീ എന്തെങ്കിലുമൊക്കെ ചെയ്ത്‌ നിന്നാ മതി, ഞങ്ങള്‍ ചെയ്തേക്കാം എന്ന്‌ മേസ്തിരി മറുപടി നല്‍കി. എന്നാ ശരി, പോയേക്കാം എന്ന്‌ അവനും കരുതി.
പണി മുറുകി വന്നപ്പോഴാണ് മുതലാളി വീടുപണി പരിശോധിക്കാനായി വന്നത്.
നമ്മുടെ പണിക്കാരന്‍ തേയ്ക്കാനുപയോഗിക്കുന്ന കൊലശേര്‍ ഉപയോഗിച്ച് സിമന്‍റ് എറിഞ്ഞു പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എറിഞ്ഞു പിടിപ്പിയ്ക്കാന്‍ പോയിട്ട് സിമന്‍റ് കോരിയെടുത്ത് ചുമരില്‍ പിടിപ്പിക്കാന്‍ പോലും കക്ഷിയ്ക്ക് സാധിയ്ക്കുന്നില്ല. മുതലാളിയ്ക്ക് സംശയമായി. അദ്ദേഹം കുറച്ചധികം നേരം പണി നോക്കി നിന്നു.
മേസ്തിരി ഈ ഹൃദയ ഭേദകമായ കാഴ്ച കണ്ടു. തന്നെ കൈയോടെ പിടിയ്ക്കുന്നതും പണി മതിയാക്കി പോകാന്‍ പറയുന്നതുമൊക്കെ അദ്ദേഹം മനസ്സില്‍ കണ്ടു.
ഓടിച്ചെന്നു.
എന്നിട്ട് നമ്മുടെ പണിക്കാരനോടു പറഞ്ഞു.
എടാ... ഡിസൈന്‍ ഒന്നും വേണ്ട കേട്ടോ... സാധാരണ പോലെ മതി!

0 comments:

Post a Comment

 
Copyright © '