ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, January 11, 2011

"ദൈവമേ രച്ചിക്കനേ..... "


കുട്ടികളെ ഒബ്സെര്‍വ്വ്‌ ചെയ്തിട്ടുണ്ടോ.....ചെയ്തിട്ടില്ലെങ്കില്‍ ചെയ്യണം. അവരുടെ ലോകം വ്യത്യസ്ഥമാണ്‌. അവരുടെ പ്രശ്നങ്ങളും വ്യത്യസ്ഥമാണ്‌. അവര്‍ വലുതെന്നു കരുതുന്ന കാര്യങ്ങള്‍ അവരുടെ വലുതു തന്നെയാണ്‌. നമ്മുടെ സംഭാഷണങ്ങളും പെരുമാറ്റങ്ങളും നടപ്പും ചിരിയും എന്നു വേണ്ട എല്ലാം അവര്‍ പരീക്ഷണവിധേയമാക്കും. അനുകരിക്കാന്‍ ശ്രമിക്കും. ഞാന്‍ ഒബ്സെര്‍വ്‌ ചെയ്ത ചില കുട്ടികളെ പറ്റി പറയാം.
എന്‍റെ കുടുംബത്തിലെ എന്‍റെ സമപ്രായക്കാരനായ ഒരു ജ്യേഷ്ഠനുണ്ട്‌.നല്ല ഭക്ഷണപ്രിയനായ കക്ഷിയുടെ ചെറുപ്പത്തിലെ ഒരു കഥയാണ്‌. മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായം. ചോറൂണു കഴിഞ്ഞിട്ടില്ല. അങ്ങനെ നീന്തി നീന്തി നടക്കുന്നതിനിടയില്‍ ഇപ്പോള്‍ നല്ല ഉദ്യോഗത്തില്‍ ഇരിക്കുന്ന മറ്റൊരു ചേട്ടന്‍റെഅടുത്തെത്തി. കക്ഷി പ്രാതലിന്‍റെ ഭാഗമായ ചായയും അപ്പവും പുഴുങ്ങിയ മുട്ടക്കറിയും മറ്റും കഴിക്കുകയാണ്‌.
അനിയനോടുള്ള സ്നേഹമാണോ കഴിക്കാന്‍ പറ്റാഞ്ഞിട്ടാണോ എന്നറിയില്ല, നീന്തി അടുത്തെത്തിയ ചെങ്ങാതിയുടെ വായിലേക്ക്‌ ഈ ചേട്ടന്‍ പുഴുങ്ങിയ മുട്ട അപ്പാടെ വെച്ചു കൊടുത്തു.

ആദ്യമൊക്കെ അല്‍പം ശ്വാസം മുട്ടിയെങ്കിലും പുള്ളി ആ മുട്ട മുഴുവന്‍ വയറ്റിലാക്കി.

ഒരു കൂട്ടുകാരന്‍റെ മകളുടെ കഥയാണ്‌. അവര്‍ സകുടുംബം ട്രെയിനില്‍ യാത്ര പോകുകയാണ്‌. തികച്ചും കുസൃതിയായ അവള്‍ വെറുതെ ഇരിക്കുന്നേയില്ല. വെറുതെ പിരുപിരുക്കുകയാണ്‌.
അല്‍പം ചെന്നപ്പോഴേക്കും കാപ്പി വന്നു.
അച്ഛാ.... കാപ്പി!
കൂട്ടുകാരന്‍ കാപ്പി വാങ്ങിക്കൊടുത്തു. അല്‍പം കുടിച്ച്‌ ബാക്കി കളഞ്ഞു.
അല്‍പം ചെന്നപ്പോള്‍ ഐസ്ക്രീം വന്നു.
അച്ഛാ... ഐസ്ക്രീം!
ഐസ്ക്രീം വാങ്ങിക്കൊടുത്തു. അതു മുഴുവന്‍ തിന്നു. മുഖത്തും ഉടുപ്പിലും എല്ലാം ആക്കി. അമ്മ ആകെ ദേഷ്യപ്പെട്ടു. കൊണ്ടു പോയി കഴുകിച്ചു.
അല്‍പം ചെന്നപ്പോള്‍ പഴം പൊരി വന്നു.
അച്ഛാ... പഴം പൊരി!
പഴം പൊരി വാങ്ങിക്കൊടുത്തു.
കുറച്ച്‌ എവിടെയൊക്കെയോ കടിച്ച ശേഷം അതും കളഞ്ഞു.
അല്‍പം കഴിഞ്ഞപ്പോള്‍ ഫ്രൂട്ടി വന്നു.
അച്ഛാ... ഫ്രൂട്ടി!
കൂട്ടുകാരനു ദേഷ്യം വന്നു. "വല്ലതുമൊക്കെ വലിച്ചു കേറ്റി വയറു കേടാക്കണ്ട!"
നിഷേധിക്കപ്പെട്ടതിന്‍റെ സങ്കടം കുട്ടിയുടെ മുഖത്ത്‌ നിഴലിച്ചു. പക്ഷെ വളരെ പെട്ടെന്ന്‌ ആത്മസംയമനം പാലിച്ച്‌ ഒരു ചെറിയ കടുപ്പത്തോടെ അവള്‍ കൂട്ടുകാരനോട്‌ ഇങ്ങനെ പറഞ്ഞു.

"അച്ഛനെ കണ്ടാല്‍ മിസ്റ്റര്‍ ബീനിനെ പോലെയുണ്ട്‌! അങ്ങനെ തന്നെ വേണം!"

ഒരു ചേച്ചിയുടെ മകന്‍റെ കഥയാണ്‌. ആരെങ്കിലും അവനെ കാണാന്‍ ചെന്നാല്‍ കക്ഷി പറയുമായിരുന്നു.

"മോന്‌ കുറച്ചു പരിചയക്കേടുണ്ട്‌. കുറച്ചു കഴിയുമ്പോള്‍ മാറിക്കൊള്ളും"

ഒരു അനിയത്തിയുടെ പേര്‌ പദ്മജ എന്നായിരുന്നു. പപ്പ എന്നു വിളിക്കും. അവളുടെ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയിരിക്കുകയാണ്‌. ഇണ്റ്റര്‍വ്യൂ നടക്കുകയാണ്‌. അച്ഛനമ്മമാരുടെ ഇണ്റ്റര്‍വ്യൂ കഴിഞ്ഞു. കുട്ടിയുടെ ഇണ്റ്റര്‍വ്യൂ തുടങ്ങി. പ്രിന്‍സിപ്പാള്‍ ചോദിച്ചു.
"മോളെ..ടെല്‍ മി യുവര്‍ മോമ്മി'സ്‌ നെയിം..... "

"പപ്പാ" പെട്ടെന്നായിരുന്നു മറുപടി.
പപ്പയുടെ മോന്‍ ഒരിക്കല്‍ പ്രച്ഛന്നവേഷമത്സരത്തിനു പോയി. വലിയ തുക മുടക്കി മേക്കപ്പ്‌ മാന്‍ മാരെയൊക്കെ വിളിച്ച്‌ വിവിധ രൂപത്തിലും ഭാവത്തിലും കുട്ടികള്‍ മത്സരിക്കുകയാണ്‌. യേശുവും സ്വാമി വിവേകാനന്ദനും ശ്രീ കൃഷ്ണനും മറ്റുമുണ്ട്‌.

അവിടെ ചെന്നപ്പോഴാണ്‌ ഇതൊരു ഹൈടെക്‌ മത്സരമാണെന്ന്‌ പപ്പയ്ക്കും മറ്റും മനസ്സിലായത്‌. എന്നാലും ചെന്നതല്ലേ എന്നു കരുതി പയ്യന്‍ ഇട്ടിരുന്ന ജുബ്ബയുടെ പോക്കറ്റില്‍ ഒരു റോസ്സപ്പൂവും കുത്തിവെച്ച്‌ അവനെ സ്റ്റേജിലേക്ക്‌ വിട്ടു.

മൈക്കിനു മുന്‍പില്‍ ചെല്ലുമ്പോള്‍ "കുട്ടികളെ...ഞാനാണു നിങ്ങളുടെ ചാച്ചാജി!" എന്നു പറയാനും ഏല്‍പിച്ചു. അവന്‍ മോശമാക്കിയില്ല. സ്റ്റേജില്‍ ചെന്ന്‌, മൈക്കിനു മുന്‍പില്‍ "കുട്ടികലേ ഞാനാണ്‌ ചാച്ചാജി" എന്നു പറഞ്ഞൊപ്പിച്ചു.

സമ്മാനം കിട്ടിയപ്പോള്‍ ഒന്നാം സമ്മാനം. മറ്റാരും സ്റ്റേജില്‍ പകുതി വരെപ്പോലും കയറിയില്ല.

രസം അവിടെയല്ല,

ചാച്ചാജി സ്റ്റേജിനു പുറകില്‍ ഊഴം തേടി നില്‍ക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ മേക്കപ്പൊക്കെ ധരിച്ച്‌ അവിടെയെത്തി. ഉടനെ ചാച്ചാജി രണ്ടു കൈയും കൂപ്പി തൊഴുത്‌ താണു വണങ്ങി പ്രാര്‍ഥന തുടങ്ങി.

"ദൈവമേ രച്ചിക്കനേ..... "

മറ്റൊരു കൂട്ടുകാരന്‍റെ മകളുടെ കഥയാണ്‌. രാത്രി കഞ്ഞി കുടിക്കാന്‍ ഇരിക്കുന്നു. കഞ്ഞിയും പപ്പടവും. നിലത്തു വട്ടം കൂടി ടി വിയും കണ്ട്‌ ഇരിക്കുകയാണ്‌. ഇവള്‍ പപ്പടം മാത്രം കടിച്ചു തിന്നും. കഞ്ഞി കുടിക്കില്ല. അതാണ്‌ പ്രശ്നം. ഓരോ പ്രാവശ്ര്യവും പപ്പടം എടുക്കുമ്പോഴും കൂട്ടുകാരന്‍ പറയും. മോളെ..കഞ്ഞി കുടിച്ചിട്ട്‌ പപ്പടം കഴിച്ചാല്‍ മതി.
വീണ്ടും എടുക്കും..വീണ്ടും പറയും.
ടി വി കാണുകയല്ലേ... ഈ കാര്യം കൂട്ടുകാരന്‍ മറന്നു പോയി.
കുറെ കഴിഞ്ഞ്‌ മകളുടെ ചോദ്യം..

"അച്ഛാ...കഞ്ഞി കുടിച്ചു കഴിഞ്ഞു. ഇനി കിടന്നുറങ്ങി രാവിലെ എണീറ്റു പപ്പടം തിന്നാ പോരെ... "

ന്‍റെ
രണ്ടു കസിന്‍ ചേട്ടന്‍മാര്‍ ഉണ്ട്‌. മൂത്തയാള്‍ കുറച്ചു ദൂരെയാണ്‌ ജോലി ചെയ്യുന്നത്‌. അതു കൊണ്ട്‌ അവര്‍ കുടുംബസമേതം തറവാട്ടില്‍ അതായത്‌ രണ്ടാമത്തെയാള്‍ താമസിക്കുന്ന വീട്ടില്‍ താമസിക്കുന്നു.
ഒരു ദിവസം രാത്രി രണ്ടാമത്തെയാള്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ അവരുടെ അമ്മ മൂത്തയാളുടെ അഞ്ചും മൂന്നും വയസ്സു പ്രായമുള്ള കുട്ടികളോട്‌ വെറുതെ ഇങ്ങനെ പറഞ്ഞു...
"കണ്ടോ...നിങ്ങളുടെ കൊച്ചച്ഛന്‍ എന്നും ഇങ്ങനെ മഴയും നനഞ്ഞ്‌ കഷ്ടപ്പെട്ടാ രാത്രി വരുന്നത്‌."
വളരെ പതുക്കെ...ഒച്ച താഴ്ത്തി ഇളയയാളുടെ മറുപടി...

"ഇനി ഞങ്ങള്‍ കുട വല്ലതും വാങ്ങിക്കൊടുക്കണമെന്നാണോ പറഞ്ഞു കൊണ്ടു വരുന്നത്‌?"

2 comments:

Unknown said...

aaranu aa mahan...??

Binil said...

photo kandaal ithrayum vrithikettavananennu thonnukaye illa!!!!

Post a Comment

 
Copyright © '