ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, January 20, 2011

ആ മരുന്ന് ഈ ഋതുവിനു പറ്റിയതല്ല!

എന്‍റെ നാട്ടിലെ ഏറ്റവും നല്ല ആയുര്‍വേദ ഡോക്ടര്‍ക്ക്‌ എപ്പോഴും തിരക്കാണ്‌. തന്‍റെ പ്രാക്ടീസിനൊപ്പം തന്നെ പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നുകള്‍ക്കായുള്ള പരീക്ഷണങ്ങളും പുതിയ ചികിത്സാ ക്രമങ്ങളും ഡോക്ടര്‍ കണ്ടുപിടിക്കുമായിരുന്നു. മറ്റു ചികിത്സാ വിഭാഗങ്ങളോട്‌ ഒരു പുച്ഛവും ഡോക്ടര്‍ക്ക്‌ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ക്ളിനിക്കില്‍ എപ്പോഴും രോഗികളും തരക്കേടില്ലാത്ത ഫീസും ഉണ്ടായിരുന്നു.
നടുവേദന സ്പെഷ്യലൈസേഷനാക്കി ധാരാളം പഠനങ്ങള്‍ ഡോക്ടര്‍ നടത്തുമായിരുന്നു.വളരെ പഴയ നടുവേദന പോലും അദ്ദേഹം മാറ്റിക്കൊടുത്തിരുന്നു. പ്രത്യേകിച്ചും വളരെ ബലം പിടിച്ചുള്ള തിരുമ്മോ കഠിനങ്ങളായ പഥ്യങ്ങളോ ഒന്നും തന്നെ ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്‍റെ ചികിത്സ. ഒരുതരം എണ്ണ ചൂടാക്കി കൈ കൊണ്ട്‌ നടുവേദന ഉള്ള സ്ഥലത്ത്‌ തിരുമ്മി, തടവി തടവി പതുക്കെ ആ വേദന അലിയിച്ചു കളയുന്ന പോലെ.

അസിസ്റ്റന്റ്റ്കള്‍ ഒരുപാടുണ്ടെങ്കിലും തിരുമ്മല്‍ മിക്കവാറും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. സാധാരണ മസ്സാജര്‍മാരുടെ കടുത്ത പ്രയോഗങ്ങളൊന്നും ഡോക്ടര്‍ സമ്മതിച്ചിരുന്നില്ല.
കടുത്ത പ്രയോഗം എന്നു പറയുമ്പോള്‍ പണ്ട്‌ ഞാന്‍ തിരുവനന്തപുരത്തായിരുന്നപ്പോഴുള്ള ഒരു സംഭവം ഓര്‍മ വരുന്നു. കടുത്ത പുറം വേദന. ബൈക്ക്‌ തുടര്‍ച്ചയായി ഉപയോഗിച്ച്‌ കിട്ടിയതാണെന്ന്‌ മറ്റുള്ളവര്‍ പറയുന്നു. ഒരു കൂട്ടുകാരന്‍ പറഞ്ഞു, നെടുമങ്ങാട്‌ പൂഴിക്കുന്ന്‌ എന്ന്‌ പേരു വിളിക്കുന്ന ഒരു മര്‍മ്മ ചികിത്സാ വിദഗ്ധന്‍ വരുന്നുണ്ട്‌. ചില മര്‍മങ്ങളില്‍ പുള്ളി ഒന്നു തൊട്ടാല്‍ തന്നെ എല്ലാ അസുഖങ്ങളും മാറും!
ഉടനെ പോയി.
വൈദ്യന്‍റെ വീട്ടില്‍ നല്ല ജനത്തിരക്ക്‌. എല്ലാവരും നടുവേദനക്കാരാണെന്നു തോന്നുന്നു. എന്തെങ്കിലുമാകട്ടെ വേദന ഒന്നു മാറിയാല്‍ മതി എന്ന ചിന്തയോടെ ഞാനും ക്യൂവില്‍ നിന്നു. ഒരു പത്തു പതിനാലു പേരുണ്ട്‌. അകത്തു നടക്കുന്നതൊന്നും ഒരു തുണിയിട്ടിരിക്കുന്നതിനാല്‍ കാണാന്‍ സാധിക്കുന്നില്ല. അടുത്തടുത്തെത്തുമ്പോഴേക്കും ചെറുതായി അകത്തെ കാഴ്ചകള്‍ കണ്ടു തുടങ്ങി. ഏതാണ്ട്‌ ഞാന്‍ അടുത്തതായി കേറണം എന്ന ഘട്ടം വന്നപ്പോഴേക്കും ഒരു അത്യാസന്ന നിലക്കാരന്‍ ആരെയോ വണ്ടി ഇടിച്ച്‌ കാലൊക്കെ പിരിഞ്ഞു വളഞ്ഞു നാലഞ്ചു പേര്‍ ചേര്‍ന്ന്‌ എടുത്ത്‌ അവിടെയെത്തി.
സ്വാഭാവികമായും എന്‍റെ ചാന്‍സ്‌ നഷ്ടപ്പെട്ടു. അയാളെ അകത്തു കേറ്റി. വൈദ്യന്‍ കക്ഷിയെ നല്ല വണ്ണം ഒന്നു നോക്കി. പിന്നെ കട്ടിലില്‍ കമിഴ്ത്തിക്കിടത്തി. എന്നിട്ട്‌ മുകളില്‍ കെട്ടി ഞാത്തിയിട്ടിരിക്കുന്ന ഒരു കയറില്‍ പിടിച്ച്‌ കട്ടിലില്‍ വണ്ടി ഇടിച്ചവന്‍റെ രണ്ടു സൈഡിലുമായി എഴുനേറ്റു നിന്നു തന്‍റെ കാലിന്‍റെ പെരുവിരലും നടുവിരലും ചേരുന്ന സ്ഥലം ഉപയോഗിച്ച്‌ വണ്ടി ഇടിച്ചവന്‍റെ കാലില്‍ പിരിഞ്ഞ സ്ഥലത്തിനു മുകളിലായി ചവിട്ടി ഒന്നാഞ്ഞു തിരുമ്മി. അയ്യോ.....എന്ന ആര്‍ത്തനാദം തുടങ്ങിയതേപുറം വേദനയൊക്കെ നെടുമങ്ങാടു തന്നെ ഉപേക്ഷിച്ച്‌ ഞാന്‍ എത്തേണ്ടിടത്തെത്തി.
പക്ഷെ നമ്മുടെ ഡോക്ടര്‍ അത്ര ക്രൂരതയൊന്നും കാണിക്കില്ല. നന്നായി നോക്കും, ആവശ്യമെങ്കില്‍ തിരുമ്മും, മരുന്നു കൊടുക്കും, ആവി കൊള്ളിക്കും, വിയര്‍പ്പിക്കും, നസ്യം ചെയ്യും, പക്ഷെ ഉപദ്രവിക്കില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ചെറിയ ഉഡായിപ്പൊക്കെ ഡോക്ടറുടെ കൈയിലുമുണ്ടെന്നു മനസ്സിലായ ഒരു സംഭവം പറയാം.
ഒരിക്കല്‍ ഒരു മാന്യന്‍ നടുവേദന സഹിക്കാനാവാതെ ഡോക്ടറെ സമീപിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ്‌ ഡോക്ടര്‍ ചികിത്സ നിശ്ചയിച്ചു. മരുന്നു കൊടുത്തു. ഒന്നു തടവി, ആവി കൊള്ളിച്ചു, കടി വസ്തി എന്ന ചികിത്സയും ചെയ്തു. അടുത്തയാഴ്ച വരാനും പറഞ്ഞു.
രോഗി പോയ ശേഷം ഡോക്ടര്‍ തന്‍റെ പ്രിസ്ക്രിപ്ഷന്‍ ഒന്നു കൂടി നോക്കി. മരുന്ന് മാറിയിരിക്കുന്നു. വിളിക്കാനാണെങ്കില്‍ രോഗിയുടെ നമ്പറും കൈയിലില്ല. ഡോക്ടര്‍ക്ക് ടെന്‍ഷനായി. പക്ഷെ ആയുര്‍വേദ മരുന്നല്ലേ..സൈഡ്‌ എഫക്ടൊന്നുമുണ്ടാവില്ലായിരിക്കും. ഡോക്ടര്‍ ആശ്വസിച്ചു.
അടുത്തയാഴ്ച ഡോക്ടര്‍ പറഞ്ഞ പോലെ രോഗി വന്നു. ഭാഗ്യം! വേദന കുറഞ്ഞിരിക്കുന്നു. ആശ്വാസത്തോടെ ഡോക്ടര്‍ പഴയ കുറിപ്പ്‌ എടുത്തു നോക്കി. മാറിപ്പോയ മരുന്നിനു പകരം ശരിയ്ക്കുള്ള മരുന്ന് എഴുതി.
കുറിപ്പ്‌ കിട്ടിയ ഉടനെ രോഗി നോക്കി. മരുന്ന് മാറ്റി എഴുതിയിരിക്കുന്നു. മറ്റേ മരുന്ന് നല്ല വ്യത്യാസമുണ്ടാക്കിയിരുന്നതു കൊണ്ട്‌ മരുന്ന് മാറ്റാന്‍ കക്ഷിയ്ക്ക്‌ തീരെ താല്‍പര്യമില്ല. ഡോക്ടറോട്‌ ചോദിച്ചു.
"എന്തു പറ്റി സറ്‍, മരുന്ന് മാറ്റി എഴുതിയത്‌?"
ഉടനെ വന്നു ഡോക്ടറുടെ മറുപടി

"ആ മരുന്ന് ഈ ഋതുവിനു പറ്റിയതല്ല!"

3 comments:

Gini said...

ha ha ..
Doctarodu kallam parayan paadilla, but he can :)

രാജീവ് പണിക്കര്‍.. said...

നീയൊക്കെ അങ്ങനെ തന്നെ പറയുമെടാ നീയൊക്കെ അതാ സൈസ്!

Binil said...

hi rajeev.... very nice. go ahead with ur writing. regards binil

Post a Comment

 
Copyright © '